ഗാന്ധിനഗറിൽ അമിത് ഷാ തുടരും

Election Desk

ഒപ്പീനിയൻ പോൾ - എക്‌സിറ്റ്‌പോൾ ഫലങ്ങൾക്കൊന്നും സ്‌പേസ് ഇല്ലാത്ത, ഇലക്ഷന് മുന്നേ ബി.ജെ.പിക്ക് ഫലം പറയാവുന്ന ഗുജറാത്തിലെ ഗാന്ധിനഗറിൽ കാറ്റിന്റെ ഗതിക്ക് ഇക്കുറിയും മാറ്റമില്ല. 1989 മുതൽ ബി.ജെ.പിയുടെ ശക്തികേന്ദ്രമായി തുടരുന്ന ഗാന്ധിനഗറിൽ നിന്ന് ഇത്തവണയും ഡൽഹിയിലെത്തുന്നത് അമിത്ഷാ തന്നെ. 744716 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് അമിത്ഷായുടെ വിജയം.

ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച സോണൽ പട്ടേലിന് നേടാനായത് 266256 വോട്ടുകൾ മാത്രം. ബി.ജെ.പിക്കെതിരേ, അമിത് ഷായുടെ ഉറച്ച മണ്ഡലത്തിൽ കോൺഗ്രസ് രംഗത്തിറക്കിയത് ദുർബലയായ സ്ഥാനാർത്ഥിയെയാണെന്ന് കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ പരാതികൾ ഉയർന്നത് തോൽവിയുടെ ആക്കം കൂട്ടി. ബി.ജെ.പിക്കെതിരേ ശക്തമായ പ്രതിരോധം തീർക്കാനെങ്കിലും കെൽപ്പുള്ള സ്ഥാനാർത്ഥിയെ മത്സരത്തിനിറക്കാമായിരുന്നു എന്നാണ് പാർട്ടിക്കകത്ത് നിന്ന് തന്നെ ഉയർന്നിരുന്ന മുറുമുറുപ്പുകൾ. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി മാത്രമാണ് സോണൽ പട്ടേലിന് ആകെയുള്ള രാഷ്ട്രീയ പരിചയം.

ഗാന്ധിനഗറിൽ കഴിഞ്ഞ തവണ നേടിയ അഞ്ചുലക്ഷം എന്ന ഭൂരിപക്ഷം പത്തുലക്ഷത്തിലേക്ക് ഉയർത്തുന്നതിലായിരുന്നു ഇത്തവണ ബി.ജെ.പിയുടെ ശ്രദ്ധയത്രയും. പലപ്പോഴും പ്രചാരണ പരിപാടികൾക്ക് അമിത് ഷാ നേരിട്ട് എത്താതിരുന്നത് പ്രവർത്തകരെ കുറച്ചൊക്കെ നിരാശരാക്കിയിരുന്നെങ്കിലും യതാർത്ഥത്തിൽ ഇത് കൂടുതൽ ഗുണം ചെയ്യുകയാണുണ്ടായത്. പ്രചാരണത്തിന് അമിത് ഷാ വന്നില്ലെങ്കിൽ പോലും ഗാന്ധിനഗർ എന്നും ബി.ജെ.പിക്കുള്ളതാണെന്ന പ്രതീതി സൃഷ്ടിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു.

രാജ്യമാകെ തിരഞ്ഞെടുപ്പ് ചുമതലകൾ ഉണ്ടായിരുന്ന ഷാ കഴിഞ്ഞ തവണയും സ്വന്തം മണ്ഡലമായ ഗാന്ധിനഗറിൽ പ്രചാരണത്തിനെത്തിയത് വിരളമായിരുന്നു. എന്നിട്ടും നരേന്ദ്രമോദിയെക്കാൾ ഭൂരിപക്ഷത്തോടെയാണ് അദ്ധേഹം ലോകസഭയിലെത്തിയത്. ആകെ 8,94,000 വോട്ടുകളും നേടി, 69.67 ശതമാനം. ഭൂരിപക്ഷത്തിൽ 1.55 ശതമാത്തിന്റെ വർദ്ധനവും. രണ്ടാമതെത്തിയ കോൺഗ്രസ് സ്ഥാനാർഥി ചതുർസിങ് ചാവ്ദയ്ക്ക് ലഭിച്ചത് 3,37,610 വോട്ടുകൾ മാത്രം. ബി.എസ.പി സ്ഥാനാർഥി ജയേന്ദ്ര റാത്തോഡ് 6,400 വോട്ടുകളുമായി നോട്ടയ്ക്കും പിന്നിലായി. ഇത്തവണയും ഷാ യുടെ രാജ്യം മുഴുവനുള്ള തിരഞ്ഞെടുപ്പ് ചുമതലകൾ കണക്കിലെടുത്ത് ഇത്തവണ ഭാര്യ സോണാൽബെൻ, മകൻ ജയ്, മരുമകൾ റിഷിത എന്നിവരുൾപ്പെടെ പ്രചാരണത്തിനിറങ്ങിയതും ബി.ജെ.പിക്ക് ഗുണം ചെയ്തു.

ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് കരുതിയിരുന്ന രജപുത്ര ക്ഷത്രിയ രോഷവും വോട്ട് മറിച്ചില്ല. 65 ശതമാനം ക്ഷത്രിയ സമുദായവും 66 ശതമാനം പട്ടീദാർമാരും 2019-ൽ ബി.ജെ.പിയുടെ ഉറച്ച വോട്ടുഷെയറായിരുന്നു. ഇതിൽ, ക്ഷത്രിയ വോട്ടുകൾ ബി.ജെ.പിക്കെതിരായാൽ, പത്തു മണ്ഡലങ്ങളിൽ ബി.ജെ.പി പ്രതിസന്ധിയിലാകുമെന്നും മൊത്തം പെർഫോമൻസിനെയും ബാധിക്കുമെന്നും നിരീക്ഷണങ്ങളുണ്ടായെങ്കിലും ഒന്നും സംഭവിച്ചില്ല. കേന്ദ്രമന്ത്രി പുരുഷോത്തം രുപാല നടത്തിയ വിവാദ പരാമർശം, പാർട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കായ ക്ഷത്രിയ സമുദായത്തെ ശത്രുക്കളാക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ കണക്കുകൾ നോക്കിയാലും ഗാന്ധിനഗർ മുഴുവനായും ബി.ജെ.പിയുടെ കൂടെയാണ്. ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലത്തിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. ഏഴിടത്തെയും പ്രതിനിധീകരിക്കുന്നത് ബി.ജെ.പി തന്നെ. ഗാന്ധിനഗർ നോർത്ത്, കലോൽ, സാണൻഡ്, ഘട്ലോഡിയ, വെജൽപൂർ, നരൺപുര, സബർമതി എന്നീ നിയമസഭ നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ഗാന്ധിനഗർ.

ഗാന്ധിനഗറിനെ പ്രതിനീധീകരിച്ച് ലോക്‌സഭയിലെത്തിയവരെല്ലാം അതാത് ഘട്ടങ്ങളിൽ രാജ്യത്തെ നയിച്ച വ്യക്തിത്വങ്ങളുമായിരുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ്, മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി, നിലവിലെ ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുൾപ്പെട പ്രമുഖ നേതാക്കളാണ് മുമ്പ് ഗാന്ധിനഗറിനെ ലോക്‌സഭയിൽ പ്രതിനിധീകരിച്ചത്. അമിത്ഷായുടെ വിജയത്തിലൂടെ ഗാന്ധിനഗറിന്റെ ഈ ബി.ജെ.പി ചരിത്രം ഇത്തവണയും മാറ്റമില്ലാതെ തുടരും.

Comments