2026 മാർച്ച് മാസത്തോടെ രാജ്യത്തെ മാവോയിസ്റ്റ് മുക്തമാക്കും എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. കേന്ദ്ര സേനകളെ ഉപയോഗിച്ച് സായുധമായി സ്റ്റേറ്റിന് ഇന്ത്യയിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് സംഘങ്ങളെ മാസ്സ് എൻകൌണ്ടറിലൂടെ വേണമെങ്കിൽ കൊലപ്പെടുത്താം. അതോടൊപ്പം ‘അർബൻ നക്സലൈറ്റ്’ എന്ന് സ്റ്റേറ്റ് വിശേഷിപ്പിക്കുന്നവരെ UAPA എന്ന കിരാത കരിനിയമം ഉപയോഗിച്ച് വിചാരണ തടവുകളിലിടാം, എതിർപ്പുകളെ നിരീക്ഷണത്തിലാക്കി വ്യക്തിസ്വാതന്ത്ര്യം ഹനിക്കാം. പക്ഷെ എത്ര എൻകൗണ്ടറുകൾ നടത്തിയാലും വിചാരണാ ജയിലുകളിൽ അടയ്ക്കപ്പെട്ടാലും മാവോയിസം എന്ന ആശയധാരയുടെ രാഷ്ട്രീയ പ്രാധാന്യവും അവർ ഉന്നയിക്കുന്ന വിഷയങ്ങളുടെ മെരിറ്റും മറവിയിലേക്ക് എറിയപ്പെടില്ല. അത് പ്രസക്തമായി നിലനിൽക്കും.
മാവോയിസത്തിന്റെ ആശയ കാഴ്ചപ്പാടുകളും പ്രവർത്തനശൈലിയും ജനാധിപത്യ കാഴ്ചപ്പാടുകളിൽ നിന്ന് വ്യത്യസ്തമാണ്. നിരായുധമായൊരു പ്രത്യയശാസ്ത്രമല്ല അവർ കൈകാര്യം ചെയ്യുന്നത് എന്നതുകൊണ്ടുതന്നെ ജനാധിപത്യ സമൂഹത്തിൽ അത് സ്വീകാര്യവുമല്ല. സായുധ മാർഗ്ഗത്തിലൂടെ ജനാധിപത്യ വ്യവസ്ഥയെയും ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും അട്ടിമറിക്കുക എന്നത് പരിഷ്കൃത ജനാധിപത്യ സമൂഹത്തെ സംബന്ധിച്ച് ആരോഗ്യകരമല്ല. അതിന് സാമൂഹിക പിന്തുണയും ആഗോളതല അംഗീകാരവും ലഭിക്കില്ല.

പക്ഷെ ന്യായം വിധിക്കാൻ ഈ ഭരണകൂടങ്ങൾക്ക് എന്താണധികാരം എന്നൊരു ചോദ്യം നിലനിൽക്കുന്നുണ്ട്. സ്റ്റേറ്റും അവരുടെ മർദ്ദനോപാധികളും ചേർന്ന് നിയമവ്യവസ്ഥയ്ക്ക് പുറത്തുനിന്ന് മനുഷ്യത്വവിരുദ്ധമായി അധികാര ദുർവിനിയോഗം നടത്തി ഉന്മൂലനം നടത്തുന്നതാണ് ജനാധിപത്യത്തെ സംബന്ധിച്ച് ഏറ്റവും അപകടകരം. ‘കരുത്തുറ്റ ഭരണകൂടം’ എന്ന വ്യാജ പ്രതിച്ഛായാനിർമിതിയിലൂടെ നടപ്പാക്കപ്പെടുന്ന ജനാധിപത്യ വിരുദ്ധതയാണ് മാവോയിസ്റ്റ് വേട്ട. പൗരാവകാശങ്ങൾക്കു മേലുള്ള സ്റ്റേറ്റിന്റെ കടന്നു കയറ്റമാണത്. ഒരു ജനാധിപത്യ രാജ്യത്ത് നടക്കുന്ന സേച്ഛാധിപത്യ സമീപനരീതിയായി അത് മാറുന്നു. മത ഭീകരവാദികളുമായി മാവോയിസ്റ്റ് ആശയത്തിൽ പ്രവർത്തിക്കുന്നവരെ താരതമ്യം ചെയ്യുന്നത് യുക്തിസഹമല്ല. കാരണം, മാവോയിസ്റ്റ് ആശയം രൂപപ്പെടുന്നത് രാഷ്ട്രീയ വിയോജിപ്പിന്റെ അടിസ്ഥാനത്തിലാണ്. സ്വന്തം ജനതയെ ശത്രുവായി പ്രഖ്യാപിക്കുന്ന സ്റ്റേറ്റിനെതിരെയുള്ള പ്രതിരോധം കൂടിയാണത്. മാവോയിസ്റ്റ് ആശയത്തിൽ ഉറച്ചുനിന്നു പ്രവർത്തിക്കുന്നവരെ മാസ്സ് എൻകൌണ്ടർ നടത്തി കൊല്ലുന്നത് നിയമവിരുദ്ധമായ ശിക്ഷാനടപടിയാണ്. അത് ഭരണഘടനാ വിരുദ്ധമാണ്. പ്രത്യക്ഷമായ മനുഷ്യത്വ വിരുദ്ധതയാണ് അതിലാകെ നിറഞ്ഞുനിൽക്കുന്നത്.
സങ്കുചിത താല്പര്യങ്ങളുടെ പേരിൽ മനുഷ്യർ വംശഹത്യ ചെയ്യപ്പെടുന്ന, അതിനായി ഭരണകൂട സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുന്ന ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. അവർക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഏറ്റവും അപകടകരം. ഭരണകൂട അടിച്ചമർത്തലിന് ഇരകളാക്കപ്പെടുന്നവരുടേത് സ്വകാര്യ ദുരന്തം മാത്രമായി അവശേഷിക്കുന്നു. അത് നിർബാധം തുടരുന്നു. ആ നീതിനിഷേധം മുഖ്യധാരയിൽ ചർച്ചയാകുന്നില്ല. മാവോയിസവുമായി ബന്ധപ്പെട്ട് ഇത്തരം വിഷയങ്ങൾ കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്. അവർ ഏറ്റെടുക്കുന്ന വിഷയങ്ങൾ സാമൂഹ്യ- സാമ്പത്തിക മാനങ്ങളുള്ളവയാണ്. ഇന്ത്യൻ സാഹചര്യത്തിൽ സങ്കീർണമായി നിലകൊള്ളുന്നവയാണ് അവ. അത് ക്രമസമാധാനപരിധിയിൽ വരുന്നതുമല്ല.
ഇന്ത്യയിൽ നൂറിലധികം ജില്ലകളിൽ സാന്നിധ്യമുണ്ടായിരുന്ന മാവോയിസ്റ്റ് സംഘങ്ങൾ ഇന്ന് 47-നു താഴെ മാത്രം ജില്ലകളിൽ ഒതുങ്ങിനിൽക്കുന്നു എന്നതിന്റെ അർത്ഥം, അവിടുത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവൽവിഷയങ്ങൾ പരിഹരിക്കപ്പെട്ടു എന്നല്ല. മറിച്ച്, അവരുടെ പ്രതിരോധങ്ങൾ അടിച്ചമർത്തപ്പെടുകയും ചൂഷണങ്ങൾ അതേ നിലയിൽ തുടരുകയും ചെയ്യുന്നു എന്നതാണ്.

മുഖ്യധാരയിൽ നിന്ന് മാറ്റപ്പെടുന്ന ദലിത്- ആദിവാസി വിഭാഗങ്ങൾക്കുവേണ്ടിയാണ് പ്രധാനമായും മാവോയിസ്റ്റ് പ്രതിരോധങ്ങൾ നിലകൊള്ളുന്നത്. പാർശ്വവൽക്കരിക്കപ്പെട്ട, ദരിദ്രരാക്കപ്പെടുന്ന ആ മനുഷ്യരുടെ സാമൂഹികസ്ഥിതിയും അതിലൂടെ രൂപപ്പെടുന്ന അടിസ്ഥാന പ്രശ്നങ്ങളും അഭിസംബോധന ചെയ്യുന്നതിൽ ഭരണകൂടം സമ്പൂർണ്ണ പരാജയമാണെന്ന ബോധ്യം അവരുടെ ആശയത്തിന്റെയും പ്രവർത്തനത്തിന്റെയും അടിസ്ഥാനമാണ്. ആദിവാസി- ദലിത് ചൂഷണം, പട്ടിണി, ജീവിത നിലവാരമില്ലായ്മ, സാമ്രാജ്യത്വ- കോർപ്പറേറ്റ് താൽപര്യങ്ങൾ മുൻനിർത്തിയുള്ള ഭൂമി കയ്യേറൽ തുടങ്ങിയ നിരവധി വിഷയങ്ങൾ ഇതിലൂടെ ഉന്നയിക്കപ്പെടുന്നുണ്ട്. ഛത്തീസ്‌ഗഢ് ഗ്രാമങ്ങളിലെ ആശുപത്രികളിൽ ആരോഗ്യ- വികസന ഇടപെടലുകൾ നടത്തിവന്നിരുന്ന ബിനായക് സെന്നിനെ, നിരോധിത മാവോയിസ്റ്റ് ഗ്രൂപ്പുകളെ സഹായിച്ചു എന്ന കുറ്റം ചുമത്തി ഛത്തീസ്ഗഢ് സ്പെഷ്യൽ പബ്ലിക്ക് സെക്യൂരിറ്റി നിയമം ഉപയോഗിച്ച് 2007- ൽ പോലീസ് അറസ്റ്റ് ചെയ്തു.
ഡൽഹി സർവകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ നന്ദിനി സുന്ദറിനെതിരെ 2016- ലാണ് ഛത്തീസ്ഗഢിലെ ഒരു ആദിവാസി യുവാവിന്റെ കൊലപാതകത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തപ്പെടുന്നത്. നന്ദിനി സുന്ദർ സർക്കാരിനെ എതിർക്കാനും മാവോയിസ്റ്റുകളെ പിന്തുണയ്ക്കാനും ഗോത്ര സമൂഹത്തെ പ്രേരിപ്പിക്കുന്നു എന്നുവരെ പോലീസ് ആരോപിച്ചു. ഈ പ്രതികാര നടപടിയെക്കുറിച്ച് കൂടുതൽ വ്യക്തമാകണമെങ്കിൽ നന്ദിനി സുന്ദർ ഛത്തീസ്ഗഡ് ഗവൺമെന്റിനെതിരെ നൽകിയ പൊതു താൽപര്യ ഹർജിയെ കുറിച്ച് മനസ്സിലാക്കണം.

മാവോയിസ്റ്റുകളെ നേരിടാൻ സർക്കാർ നിയോഗിച്ച സാൽവാ ജുദും എന്ന സായുധ സംഘം നടത്തിയ തീവെപ്പ്, ബലാത്സംഗം, കൊലപാതകങ്ങൾ തുടങ്ങിയ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നന്ദിനി സുന്ദർ പൊതു താല്പര്യ ഹർജി ഫയൽ ചെയ്തത്. ഇത്തരം ആവശ്യങ്ങൾക്കായി എസ് പി ഒമാരെ ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച കോടതി സാൽവ ജുദും മറ്റ് സായുധ ഗ്രൂപ്പുകളും പിരിച്ചുവിടാനും നിരായുധീകരിക്കാനും ഇരകളാക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.
ഒഡിഷയിലെ നിയംഗിരി മലനിരകളിലെ ബോക്സൈറ്റ് ഖനനത്തിനെതിരെ ആദിവാസികളുടെ പങ്കാളിത്തത്തിൽ നടന്ന സമരത്തെ ഭരണകൂട ഒത്താശയിൽ വേദാന്ത ഗ്രൂപ്പ് ഭീകരമായി അടിച്ചമർത്താൻ ശ്രമിച്ചത് നമ്മുടെ ഓർമയിലുണ്ട്. സമരത്തിന്റെ ഭാഗമായി രൂപം കൊണ്ട നിയംഗിരി സുരക്ഷാ സമിതിയെ ആഭ്യന്തര മന്ത്രാലയം മാവോയിസ്റ്റ് സംഘടനകളുടെ പട്ടികയിൽ പെടുത്തി. വേദാന്തയ്‌ക്കെതിരെ സമരം ചെയ്ത ഇരുപതുകാരിയായ ആദിവാസി യുവതി കുനി സികാകയെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സമരത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട ഗോത്ര മനുഷ്യർ ജയിലിൽ കടുത്ത പീഡനമുറകൾക്കിരയാക്കപ്പെട്ടു. വേദാന്തയുടെ ഖനനത്തെ എതിർക്കുന്ന ഗ്രാമീണരെ തട്ടിക്കൊണ്ടുപോകുന്നത് നിത്യസംഭവമായിരുന്നു. പലരും ദുരൂഹസാഹചര്യത്തിൽ കൊല ചെയ്യപ്പെട്ടു. പരിസ്ഥിതിപ്രവർത്തകനായ പ്രഫുല്ല സമന്താരയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു.

മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ സൂരജ്ഗഡ് കുന്നുകൾക്കുചുറ്റുമുള്ള എഴുപത്തിലധികം ആദിവാസി ഗ്രാമങ്ങളിൽ നിന്നുള്ള മനുഷ്യർ ജിൻഡാൽ സ്റ്റീൽ, ലോയ്ഡ് സ്റ്റീൽ തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള ആറ് നിർദ്ദിഷ്ട ഇരുമ്പ് ഖനികളെ എതിർത്ത് സമരത്തിലായിരുന്നു. 250 ദിവസമായി സമാധാനപരമായി തുടർന്ന ഖനന വിരുദ്ധ പ്രക്ഷോഭത്തെ ഭരണകൂടം സായുധസേനയെ ഉപയോഗിച്ച് ഭീകരമായി അടിച്ചമർത്തി. മിലിറ്റന്റ് ഓപ്പറേഷന് സമാനമായി രണ്ടുദിവസം മുമ്പ് ഡ്രോൺ ക്യാമറകൾ വഴി ഗ്രാമത്തിലെ പ്രവർത്തനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പോലീസ് പകർത്തിയിരുന്നു. പ്രതിഷേധിച്ച ഗ്രാമീണരുടെ കുടിലുകൾ പോലീസ് തീയിട്ടു. പ്രതിഷേധക്കാരെ ക്രൂരമായി മർദ്ദിച്ചു. മുഖ്യധാരാ മാധ്യമങ്ങൾ ഈ വാർത്തകൾ തമസ്കരിച്ചു. ഭരണകൂട- കോർപ്പറേറ്റ് കൂട്ടുകെട്ടിന്റെ നേർസാക്ഷ്യമായിരുന്നു ഈ അടിച്ചമർത്തൽ.
2005-ൽ, ഗാഡ്ചിരോളി ജില്ലയിൽ 25- ഓളം ഖനന പദ്ധതികളാണ് നിർദ്ദേശിക്കപ്പെട്ടിരുന്നത്. ഇത്തരം ഖനികൾ സ്ഥാപിതമായശേഷം അവിടെ നിന്നുള്ള ഇരുമ്പ് ഓക്സൈഡ് ഡിസ്ചാർജ്, രാസ മാലിന്യങ്ങൾ, വലിയ അളവിലുള്ള അവശിഷ്ടങ്ങൾ എന്നിവ കാരണം പ്രദേശത്തെ മനുഷ്യരുടെ ആരോഗ്യം ക്ഷയിച്ചു. കാർഷികമേഖല തകർന്നു. സ്വന്തം ഭൗതികാവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റിരുന്ന ഒരു ആവാസവ്യവസ്ഥ അവർക്ക് അന്യമായി. ശുദ്ധജലം പോലും മലിനമായി. അടിസ്ഥാനപരമായ ആരോഗ്യപരിപാലന സംവിധാനം പോലുമില്ലാത്ത ഒരു ജനവിഭാഗത്തിനു നേരെയാണ് ഇത്തരത്തിലുള്ള മനുഷ്യത്വവിരുദ്ധത നടന്നത്. ഇതോടൊപ്പം, മാവോയിസ്റ്റ് അനുഭാവം ആരോപിച്ച് മഹാരാഷ്ട്രയുടെ പ്രത്യേക മാവോയിസ്റ്റ് വിരുദ്ധ സേനയായ C 60- ന്റെ നിരീക്ഷണത്തിലായിരുന്നു വർഷങ്ങളോളം ആ ഗ്രാമങ്ങൾ. അന്യായമായി തടവിലാക്കൽ, മർദ്ദനങ്ങൾ, കൊലപാതകങ്ങൾ തുടങ്ങിയവയാണ് നിയമത്തെ ദുരുപയോഗപ്പെടുത്തി ആ മനുഷ്യർക്കുമേൽ നടപ്പാക്കിയത്.

ഇന്ത്യയിലെ നിരവധി ഗോത്ര- ദലിത് മേഖലകളും ഗ്രാമങ്ങളും ഇത്തരം അനധികൃത ഖനനങ്ങൾക്കെതിരെ ഇപ്പോഴും സമരത്തിലാണ്. സാമ്രാജ്യത്വ സാമ്പത്തിക താല്പര്യങ്ങളും ആഗോളവൽക്കരണ ചൂഷണനയങ്ങളും ഈ ചെറുത്തുനിൽപ്പുകളെ കുഴിച്ചുമൂടുകയാണ്. മുഖ്യധാരാ മാധ്യമങ്ങൾ ഇത്തരം വാർത്തകളെ ബോധപൂർവ്വം മറച്ചുപിടിക്കുന്നു. അതിനാൽ, ഇവ ജനാധിപത്യരീതിയിലുള്ള പരിഹാരങ്ങളിലേക്ക് എത്തുന്നില്ലെന്നുമാത്രമല്ല, അവയെ അടിച്ചമർത്താൻ ഭരണകൂടത്തിന് എളുപ്പം കഴിയുകയും ചെയ്യുന്നു.
ഇത്തരം അടിച്ചമർത്തലുകൾ ഭയാനകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ബോധപൂർവമായ ഭയനിർമ്മിതി രൂപപ്പെടും. അതുകൊണ്ടുതന്നെ അത്തരം ചൂഷണങ്ങളും അടിച്ചമർത്തലുകളും നടത്തുമ്പോൾ എതിർപ്പുകളും പ്രതിരോധങ്ങളും ചെറുത്തു നിൽപ്പുകളായി മാറും. ദുരിതമനുഭവിക്കുന്ന മനുഷ്യർക്ക് മാവോയിസ്റ്റ് ആശയങ്ങൾ സ്വീകാര്യമാകുന്നത് അതിനാലാണ്. അതുകൊണ്ടാണ് മധ്യേന്ത്യയിൽ അവർക്ക് ജനകീയമായ അടിത്തറയുണ്ടാക്കാനായതും അതിലൂടെ സ്വാധീനമുറപ്പിച്ച് സായുധപ്രതിരോധം സംഘടിപ്പിക്കാനുമായത്. സ്വതന്ത്രാനന്തരം ഇത്രയും വർഷങ്ങൾ പിന്നിടുമ്പോഴും ഏറ്റവും അടിസ്ഥാന ജനവിഭാഗങ്ങൾ നിലനിൽപ്പിന്റെ ആധാരമായ ജലം, ഭൂമി, വനം, വിശ്വാസം എന്നിവയ്ക്കുവേണ്ടി പോരാടി മരിക്കുകയാണ്.
കേരളവും മാവോയിസ്റ്റ് വേട്ടയിൽനിന്ന് മുക്തമല്ല. കഴിഞ്ഞ വർഷങ്ങളിൽ നിരവധി വ്യാജ ഏറ്റുമുട്ടലുകളാണ് കേരളത്തിൽ നടന്നത്. 2016 നവംബർ 24 നാണ് മലപ്പുറത്ത് കരുളായി വനത്തിൽ നടന്ന ‘ഏറ്റുമുട്ടലിൽ’ തമിഴ്നാട് സ്വദേശികളായ സി.പി.ഐ. മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പു ദേവരാജും അജിതയും കൊല്ലപ്പെടുന്നത്. 20 -60 മീറ്റർ ദൂരത്തുനിന്നാണ് വെടിയുതിർത്തത് എന്നായിരുന്നു ഫോറൻസിക് പരിശോധനയിലെ കണ്ടെത്തൽ. അതിനാലാണ് അവരുടെ ആന്തരികാവയവങ്ങൾ വരെ തകർന്നത്.

നിലമ്പൂരിൽ മാവോയിസ്റ്റുകളെ വധിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറം പൊലീസ് ജില്ലാ മേധാവി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ തള്ളിയിരുന്നു.
2019 മാർച്ച് ഏഴിനാണ് ലക്കിടിയിലെ സ്വകാര്യ റിസോർട്ടിൽ തണ്ടർബോൾട്ടിന്റെ വെടിവയ്പ്പിൽ സി.പി. ജലീൽ കൊല്ലപ്പെട്ടത്. പുറകിൽനിന്ന് വെടിയേറ്റ് ബുള്ളറ്റ് കണ്ണിനുസമീപം തുളച്ച് കയറിയ നിലയിലായിരുന്നു മൃതദേഹം കിടന്നത്. തണ്ടർബോൾട്ടിനെ കണ്ടപ്പോൾ മാവോയിസ്റ്റുകളാണ് ആദ്യം വെടിയുതിർക്കുകയായിരുന്നെന്നും തുടർന്ന് തണ്ടർബോൾട്ട് നടത്തിയ വെടിവെപ്പിലാണ് ജലീൽ കൊല്ലപ്പെട്ടതെന്നുമാണ് പോലീസ് ഭാഷ്യം.
ജനാധിപത്യത്തിന് സാധ്യമായ രാഷ്ട്രീയ സംവാദത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സാധ്യത ഉപയോഗപ്പെടുത്തി, മാവോയിസത്തിന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്. ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്ത്, അർഥപൂർണമായ ചർച്ചകൾക്ക് തുടക്കമിട്ടാൽ അത് പൂർണ പരാജയമാകില്ല എന്നുറപ്പിക്കാം. അത്തരത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെ ഗൗരവത്തോടെ അഭിസംബോധന ചെയ്യുമ്പോഴാണ് ജനാധിപത്യത്തിന്റെ സാധ്യതകൾ കൂടുതൽ തുറക്കപ്പെടുക.
എന്നാൽ, മാവോയിസ്റ്റുകളെ നേരിടാൻ തോക്കുമായി ഉന്നംപിടിച്ചുനിൽക്കുന്ന ഇന്ത്യൻ ഭരണകൂടം ഇത്തരമൊരു ജനാധിപത്യ പ്രക്രിയയ്ക്ക് തുടക്കമിടുമെന്ന് പ്രതീക്ഷിക്കാനാകുമോ?. ജനാധിപത്യത്തിന്റെ മുഖംമൂടിയടഞ്ഞ് ഹിംസാത്മകമായാണ് ഇന്ന് ഈ ഭരണകൂട സംവിധാനങ്ങളെല്ലാം പ്രവർത്തിക്കുന്നത്. ജനങ്ങളാണ് രാഷ്ട്രത്തെ നിർണയിക്കേണ്ടത് എന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനത്വത്തെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്ന ഭരണകൂടം. കണ്ണു മൂടപ്പെട്ട ജനതയെ കൂടുതൽ ഇരുട്ടിലേക്ക് തള്ളിവിടാൻ സ്റ്റേറ്റിന് സാധിക്കുന്നതുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാക്കുകൾക്ക് കൈയ്യടി കിട്ടുന്നത്. മാവോയിസത്തെ ഉന്മൂലനം ചെയ്യാനൊരുങ്ങുന്ന ഭരണകൂടം മനുഷ്യവിരുദ്ധമാണ് എന്ന വസ്തുത തിരിച്ചറിയാൻ പൊതുസമൂഹത്തിന് കഴിയുന്നില്ല. തങ്ങളുടെ തലയ്ക്കുമീതെയും ഒരു വാൾ തൂങ്ങിക്കിടപ്പുണ്ട് എന്ന കരുതൽ, ജനാധിപത്യം നൽകുന്ന പ്രിവിലേജുകളിൽ പൊതുസമൂഹം മറന്നുപോകുന്നു.

സ്വാതന്ത്ര്യ സമരം മുതൽ നക്സൽബാരിയുടെ കാലം വരെയുള്ള സായുധപോരാട്ടങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടവയാണ്. അതേസമയം, ആധുനിക ജനാധിപത്യ സമൂഹത്തിൽ സായുധമായ രാണോത്സുകതയ്ക്ക് പ്രസക്തിയില്ലെന്ന് മാവോയിസ്റ്റുകളും തിരിച്ചറിയേണ്ടതായിട്ടുണ്ട്. കോർപറേറ്റുകൾക്കൊപ്പം ചേർന്ന് ഭരണകൂടം നടത്തുന്ന കൊടും ചൂഷണങ്ങളെയും അടിച്ചമർത്തലുകളെയും ഒറ്റപ്പെട്ട സായുധ ചെറുത്തുനിൽപ്പുകളിലൂടെ നേരിടാം എന്നത് വൃഥാ ധാരണയാണ്. അതേസമയം, മനുഷ്യപക്ഷത്തുനിന്നുള്ള പ്രതിരോധങ്ങൾക്ക് പ്രസക്തിയുള്ളതുകൊണ്ട്, സമൂഹത്തിന് ഈ രാഷ്ട്രീയ പ്രവർത്തകരെ ആവശ്യവുമുണ്ട്. അതു തന്നെയാണ് അവരെ മുഖ്യധാരയിലേക്കെത്തിക്കേണ്ടതിന്റെ പ്രാധാന്യവും.
സച്ചിദാനന്ദന്റെ വരികളോർക്കാം,
'Thorns are my language.
I announce my existence
with a bleeding touch.
Once these thorns were flowers’.
ചോരകളിറ്റിക്കുന്ന സ്പർശത്തിന്റെ അനുഭവം
ഓരോ മനുഷ്യരെയും ആരൊക്കെയോ ഇവിടുണ്ടായിരുന്നെന്ന് ഓർമിപ്പിക്കും,
അനുഭവങ്ങൾ പിന്തുടരും, വേട്ടയാടും…
