തൊഴിലില്ലായ്മ സ്‌ഫോടനാത്മകം,
മോദിയുടെ കണക്ക് കള്ളം;
കാമ്പയിനാക്കാൻ കോൺഗ്രസ്

കഴിഞ്ഞ ആറു വർഷങ്ങളിൽ രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെടുന്നത്. ഇത് അടിസ്ഥാനരഹിതമാണെന്ന് ഐ.എൽ.ഒയുടെ റിപ്പോർട്ടിലെ ഡാറ്റ തെളിയിക്കുന്നു.

Think

ലോക്‌സഭാ തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുന്ന പ്രധാന വിഷയമായി തൊഴിലില്ലായ്മ മാറുമോ? രാജ്യത്തെ തൊഴിലില്ലായ്മയുടെ ഞെട്ടിപ്പിക്കുന്ന വർധനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷന്റെ റിപ്പോർട്ടാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചയാകുന്നത്.

തൊഴിലില്ലായ്മാനിരക്ക് കുറഞ്ഞുവെന്ന് വ്യാജ കണക്കുകൾ നിരത്തി കേന്ദ്ര സർക്കാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തുന്ന പ്രചാരണം പൊളിച്ചുകാട്ടുന്നതാണ്, കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ തന്നെ പുറത്തുവിട്ട 'ഇന്ത്യൻ എംപ്ലോയ്‌മെന്റ് റിപ്പോർട്ട് - 2024'. കഴിഞ്ഞ ആറു വർഷങ്ങളിൽ രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെടുന്നത്. ഇത് അടിസ്ഥാനരഹിതമാണെന്ന് ഐ.എൽ.ഒയുടെ റിപ്പോർട്ടിലെ ഡാറ്റ തെളിയിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാൻ എത്ര ശ്രമിച്ചാലും 'പൊട്ടാനിരിക്കുന്ന ബോംബി'നു സമാനമായ വിഷയമായി തൊഴിലില്ലായ്മ ഇലക്ഷൻ കാമ്പയിനാക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. പത്തു വർഷം കൊണ്ട് 20 കോടി തൊഴിലവസരമുണ്ടാക്കുമെന്ന മോദിയുടെ നടപ്പിലാകാത്ത വാഗ്ദാനം ജനങ്ങളെ ഓർമിപ്പിച്ചായിരിക്കും കോൺഗ്രസ് കാമ്പയിൻ. പ്രതിവർഷം ഒവരു കോടി തൊഴിൽ നൽകുമെന്ന് 2014-ലും രണ്ടു കോടി തൊഴിൽ നൽകുമെന്ന് 2019-ലും ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു.

കേന്ദ്ര സർക്കാർ പോസ്റ്റുകളിൽ ഒഴിഞ്ഞുകിടക്കുന്ന 30 ലക്ഷം വേക്കൻസികൾ നികത്തും, ഡിഗ്രി- ഡിപ്ലോമക്കാർക്ക് വർഷം ഒരു ലക്ഷം രൂപ സ്‌റ്റൈപ്പന്റായി ലഭിക്കുന്ന അപ്രന്റീസ്ഷിപ്പ് നിയമം മൂലം അവകാശമാക്കി മാറ്റും, ഗിഗി ഇക്കോണമി വർക്കർമാർക്ക് സാമൂഹിക സുരക്ഷാ പദ്ധതികൾ തുടങ്ങിയ ഉറപ്പുകളാണ് കോൺഗ്രസ് മുന്നോട്ടുവക്കുന്നത്.

2012-2019 കാലത്ത് ഓരോ വർഷവും 70-80 ലക്ഷം യുവാക്കളാണ് തൊഴിൽ സേനയിലെത്തുന്നതെന്ന് ഐ.എൽ.ഒ റിപ്പോർട്ട് ചൂണ്ടിക്കാട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. എന്നാൽ, തൊഴിലിന്റെ കാര്യത്തിൽ പൂജ്യം വളർച്ചാനിരക്കാണ്- 0.01 ശതമാനം. 2022-ൽ നഗരമേഖലയിലെ യുവാക്കളിൽ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിലയിലായിരുന്നു; 17.2 ശതമാനം. ഗ്രാമീണ യുവാക്കളിലും കഴിഞ്ഞ വർഷം ഉയർന്ന തൊഴിലില്ലായ്മ രേഖപ്പെടുത്തി; 10.6 ശതമാനം. നഗരങ്ങളിലെ സ്ത്രീകളിൽ തൊഴിലില്ലായ്മ ആശങ്കയുണർത്തുംവിധം ഉയർന്നതാണ്, 21.6 ശതമാനം.
ബിരുദധാരികളിൽ, മൂന്നുപേരിൽ ഒരാൾ വീതം (29.1 ശതമാനം) തൊഴിൽ രഹിതരാണ്. നാഷനൽ അപ്രന്റീസ്ഷിപ്പ് പ്രമാഷൻ സ്‌കീമിൽ രജിസ്റ്റർ ചെയ്ത 1,25,000 സ്ഥാപനങ്ങളിൽ 20 ശതമാനം മാത്രമാണ് അപ്രന്റീസ്ഷിപ്പ് നൽകുന്നുള്ളൂ എന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി.

ജയറാം രമേശ്
ജയറാം രമേശ്

തൊഴിൽരഹിതരായ ഇന്ത്യക്കാരിൽ 83 ശതമാനവും യുവാക്കളാണ് എന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ ഡവലപ്‌മെന്റുമായി ചേർന്ന് ഐ.എൽ.ഒ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. നഗരപ്രദേശങ്ങളിലെ യുവാക്കളിൽ തൊഴിലില്ലായ്മ അതി രൂക്ഷമാണെന്ന് റിപ്പോർട്ട് പറയുന്നു. രണ്ടു ദശകത്തിനിടെ തൊഴിലില്ലായ്മ ഇരട്ടിയാകുകയാണ് ചെയ്തത്.
സെക്കന്ററി വിദ്യാഭ്യാസമുള്ള തൊഴിൽ രഹിതരായ യുവാക്കളുടെ അനുപാതം 2000-ലെ 35.2 ശതമാനത്തിൽനിന്ന് 2022-ൽ 65.7 ശതമാനമായി കുതിച്ചു. ഇവരിൽ 76.7 ശതമാനം സ്ത്രീകളും 62.2 ശതമാനം പുരുഷന്മാരുമാണ്. തൊഴിൽ രഹിതരായ യുവാക്കളിൽ പത്താം ക്ലാസിനുമുകളിൽ വിദ്യാഭ്യാസമുള്ളവർ മാത്രം 65.7 ശതമാനമുണ്ട്. പത്താം ക്ലാസ് പൂർത്തിയാക്കിയവരിലെ തൊഴിലില്ലായ്മ, 2018-നുശേഷം ഇരട്ടിയായി വർധിച്ചു. 2000- 2019 കാലത്ത് തൊഴിലവസരം കൂടിയെങ്കിലും തൊഴിലില്ലായ്മയും വർധിച്ചു.

രാജ്യത്തെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് നിരവധി ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളും റിപ്പോർട്ടിലുണ്ട്.
തൊഴിൽ ശക്തിയുടെ 90 ശതമാനവും അസംഘടിത മേഖലയിലാണ് പണിയെടുക്കുന്നത്. സംഘടിത തൊഴിൽ മേഖലയിലെ അവസരങ്ങൾ 2000-നുശേഷം കൂടിയെങ്കിലും 2018-നുശേഷം കുറഞ്ഞു. 2000-ൽ ആകെ ജോലി ചെയ്യുന്ന യുവാക്കളിൽ പകുതി പേരും സ്വയം തൊഴിൽ ചെയ്യുന്നവരായിരുന്നു. 13 ശതമാനത്തിനാണ് സ്ഥിരം ജോലിയുണ്ടായിരുന്നത്. 2022-ൽ സ്ഥിരം തൊഴിൽ ചെയ്യുന്നവർ 47 ശതമാനമാണ്. ഇതിൽ 28 ശതമാനത്തിന് സ്ഥിരം ജോലിയും 25 ശതമാനത്തിന് സ്ഥിരമല്ലാത്ത ജോലിയുമാണുള്ളത്. 2019-നുശഷം വേതനത്തിൽ വർധനയുണ്ടായില്ല. അവിദഗ്ധ തൊഴിലാളികളിൽ ഭൂരിഭാഗത്തിനും 2022-ൽ മിനിമം വേതനം ലഭിച്ചില്ല.
അഭ്യസ്തവിദ്യരായ സ്ത്രീകൾക്കും പട്ടികജാതി- പട്ടിക വർഗക്കാർക്കും നല്ല ജോലി കിട്ടുന്നില്ലെന്ന് റിപ്പോർട്ട് പുറത്തുവിട്ട വി. അനന്ത നാഗേശ്വരൻ പറഞ്ഞു.

തൊഴിൽ മേഖലയിലെ സ്ത്രീകളുടെ വർധിച്ച അഭാവമാണ് മറ്റൊരു ഘടകം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള യുവതികൾക്ക് തൊഴിൽ മേഖലയിൽനിന്ന് പിൻതള്ളപ്പെടുന്നതായി റിപ്പോർട്ട് പറയുന്നു. പട്ടികജാതി- പട്ടികവർഗക്കാർക്കും സാമൂഹികമായ വിവേചനങ്ങളാൽ തൊഴിൽ മേഖലയിൽനിന്ന് മാറ്റിനിർത്തപ്പെടുന്നുണ്ട്. ദരിദ്രരായ വിദ്യാർഥികൾ സ്‌കൂളുകളിൽനിന്നും കോളേജുകളിൽനിന്നും കൊഴിഞ്ഞുപോകുന്നതിന്റെ നിരക്ക് വർധിക്കുന്നു.

വി. അനന്ത നാഗേശ്വരൻ
വി. അനന്ത നാഗേശ്വരൻ

അടുത്ത പത്തു വർഷത്തിനുള്ളിൽ 70-80 വരെ യുവാക്കൾ തൊഴിൽ മേഖലയിലെത്തുമെന്ന് റിപ്പോർട്ട് പറയുന്നു. അതുകൊണ്ടുതന്നെ തൊഴിലില്ലായ്മ എന്ന പ്രശ്‌നം അതിരൂക്ഷമാകാനും ഇടയുണ്ട്. തൊഴിലില്ലായ്മക്കുപുറമേ വലിയൊരു വിഭാഗത്തിനും തൊഴിൽ വൈദഗ്ധ്യമില്ലെന്നും റിപ്പോർട്ടിലുണ്ട്. അടിസ്ഥാന ഡിജിറ്റൽ ലിറ്ററസി പോലുമില്ലാത്തവരാണ് തൊഴിൽ സേനയിലെ ഭൂരിപക്ഷം യുവാക്കളും. 90 ശതമാനം യുവാക്കൾക്കും ഒരു മാത്തമാറ്റിക്കൽ ഫോർമുലയെ സ്‌പ്രെഡ് ഷീറ്റിലേക്ക് പകർത്താനുള്ള കഴിവില്ല. 60 ശതമാനത്തിനും ഫയലുകൾ കോപ്പി പേസ്റ്റ് ചെയ്യാനറിയില്ല. 75 ശതമാനം യുവാക്കൾക്കും ഇ- മെയിൽ അയക്കാനറിയില്ല.

യു.പി., ബിഹാർ, ഒഡീഷ, മധ്യപ്രദേശ്, ജാർക്കണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊഴിലില്ലായ്മയുടെ കാര്യത്തിൽ ഏറ്റവും മോശം അവസ്ഥയിലുള്ളത്.

ഐ.എൽ.ഒയുടെ 'ഇന്ത്യൻ എംപ്ലോയ്‌മെന്റ് റിപ്പോർട്ട്- 2024' ലെ കണ്ടെത്തലുകളിൽനിന്ന് രക്ഷ നേടാൻ കേന്ദ്ര സർക്കാർ ചില ന്യായീകരണങ്ങളും നിരത്തുന്നുണ്ട്. തൊഴിൽ അടക്കമുള്ള സാമൂഹിക- സാമ്പത്തിക പ്രശ്‌നങ്ങൾക്ക് സർക്കാർ തന്നെ പരിഹാരം കാണണമെന്നത് അപ്രായോഗിമാണെന്നും കൂടുതൽ പേരെ ജോലിക്കെടുക്കുന്നതിനപ്പുറത്തേക്ക് സർക്കാറിന് തൊഴിൽ മേഖലയിൽ എന്താണ് ചെയ്യാനാകുക എന്നുമാണ് വി. അനന്ത നാഗേശ്വരൻ ചോദിക്കുന്നത്.

കഴിഞ്ഞ ജനുവരിയിൽ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്കനുസരിച്ച് ഡിസംബറിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ 8.30 ശതമാനമായിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഐ.എൽ.ഒ പ്രസിദ്ധീകരിച്ച 'ഇന്ത്യൻ എംപ്ലോയ്‌മെന്റ് റിപ്പോർട്ട്- 2024' ന്റെ പൂർണരൂപം വായിക്കാം

Comments