കേരളീയ സവർണതയെ കൂടുതൽ
ദൃഢപ്പെടുത്തിയ മോദി ദശകം

‘‘സനാതന ധർമത്തെ മുൻനിർത്തി ഞാനുയർത്തിയ വിമർശപാഠങ്ങൾ നിമിത്തം ഹിന്ദുത്വ ശക്തികളിൽ നിന്ന് ജീവനുതന്നെ ഭീഷണി ഉയരുന്ന സാഹചര്യമുണ്ടായി. ഇത്തരമൊരു നിലപാട് സാംസ്കാരിക ശത്രു വൃന്ദത്തെ തന്നെ സൃഷ്ടിച്ചു’’- ഡോ. ടി.എസ്. ശ്യാംകുമാർ എഴുതുന്നു.

നരേന്ദ്രമോദി സർക്കാരിൻ്റെ പത്തുവർഷത്തെ എങ്ങനെയാണ് വിലയിരുത്തുക?

ഡോ. ടി.എസ്. ശ്യാംകുമാർ: തൊഴിലില്ലായ്മ രൂക്ഷമായി, തന്‍നിമിത്തം യുവാക്കൾ അരക്ഷിതാവസ്ഥയിലാണ്. സ്റ്റാർട്ട് അപ്പ് ഇന്ത്യ, സ്റ്റാന്റ് അപ് ഇന്ത്യ എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇതിന്റെ ഫലപ്രാപ്തി അന്വേഷിച്ചാൽ യാഥാർത്ഥ്യം തീർത്തും പ്രതീക്ഷാരഹിതമാണ്. ആഗോള സൂചികയിൽ ജനാധിപത്യത്തിൽ ഇന്ത്യയുടെ സ്ഥാനം ഏറ്റവും പിന്നിലാണ്. ആദിവാസികളുടെയും ദലിതരുടെയും നേർക്കുള്ള വിവേചനങ്ങളും അക്രമങ്ങളും കഴിഞ്ഞ 10 വർഷം കൊണ്ട് ഇരട്ടിയായി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ അടിമുടി ബ്രാഹ്മണ്യവൽക്കരിച്ചു. അസമത്വം വർദ്ധിപ്പിക്കാനാണ് കഴിഞ്ഞ ഒരു ദശകത്തിലെ ഭരണം ഇടവരുത്തിയിട്ടുള്ളത്. രാജ്യത്തിന്റെ സമ്പത്തിന്റെ സിംഹഭാഗവും പതിമൂന്ന് ശതമാനം വരുന്ന സവർണ വിഭാഗത്തിന്റെ കൈകളിലൊതുങ്ങി. ആഗോള പട്ടിണി സൂചികയിലെ ഇന്ത്യയുടെ സ്ഥാനം ദാരിദ്ര്യനിവാരണം ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല എന്നതിന്റെ ദൃഷ്ടാന്തമാണ്. അക്കാദമികരംഗത്തെ സ്വാതന്ത്ര്യം ഹിന്ദുത്വ ഭരണകൂടം സമ്പൂർണമായി ഊറ്റിപ്പിഴിഞ്ഞിരിക്കുന്നു.

അസമത്വം വർദ്ധിപ്പിക്കാനാണ് കഴിഞ്ഞ ഒരു ദശകത്തിലെ ഭരണം ഇടവരുത്തിയിട്ടുള്ളത്.
അസമത്വം വർദ്ധിപ്പിക്കാനാണ് കഴിഞ്ഞ ഒരു ദശകത്തിലെ ഭരണം ഇടവരുത്തിയിട്ടുള്ളത്.

ബഹുസ്വരമായ വിശ്വാസവ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രത്തെ ബ്രാഹ്മണവിശ്വാസങ്ങളിലേക്ക് സങ്കുചിതപ്പെടുത്തി സവർണ ബ്രാഹ്മണമതത്തെ ഹിന്ദുമതമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. മുസ്‍ലിം, ക്രിസ്ത്യൻ ജനതക്കെതിരെ ക്രൂരമായ ആക്രമണങ്ങൾ അരങ്ങേറിയ ദശകമാണിത്. മതത്തിന്റെ പേരിൽ മനുഷ്യരെ ഭരണകൂടം തന്നെ വിവേചിക്കുന്നു. പശുവിന്റെ പേരിൽ കൊല്ലപ്പെടുന്ന ദലിതരുടെയും മുസ്‍ലിംകളുടെയും എണ്ണം വർദ്ധിക്കുന്നു. മനുഷ്യർ എന്ത് കഴിക്കണമെന്ന് ഭരണകൂടം തീരുമാനിക്കുന്നു. ഹിന്ദുത്വം മനുഷ്യരുടെ അടുക്കളയിലും തീൻമേശയിലും കടന്നുചെന്ന് മനുഷ്യരുടെ ഭക്ഷണ അഭിരുചിയിലും അതിലുള്ള സ്വാതന്ത്ര്യത്തിലും ആധിപത്യം പുലർത്തുന്നു. ഇങ്ങനെ രാഷ്ട്രത്തിന്റെ നാഡീഞരമ്പുകളുടെ ബലം ക്ഷയിപ്പിച്ച ക്രൂരമായ ഭരണത്തിന്റെ ഒരു ദശകമാണ് കടന്നുപോകുന്നത്. ചുരുക്കത്തിൽ ഇന്ത്യൻ ജനാധിപത്യത്തെ കടന്നാക്രമിച്ച് ഭരണഘടനയുടെ ആത്മസത്തയായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളെ പൂർണമായി ഇല്ലായ്മ ചെയ്യാനാണ് ഹിന്ദുത്വ ഭരണം യത്നിച്ചത്.

2015ൽ ഗോമാംസം കൈയ്യില്‍ വെച്ചതിന് സംഘ്പരിവാർ പ്രവര്‍ത്തകര്‍ തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖ്‌
2015ൽ ഗോമാംസം കൈയ്യില്‍ വെച്ചതിന് സംഘ്പരിവാർ പ്രവര്‍ത്തകര്‍ തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖ്‌

2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പ്രാധാന്യം എന്താണ് എന്നാണ് കരുതുന്നത്? മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തും എന്ന് കരുതുന്നുണ്ടോ? ഇന്ത്യ സഖ്യത്തിൻ്റെ സാധ്യത എത്രത്തോളമുണ്ട്?

ഇന്ത്യയിൽ ജനാധിപത്യം പൂർണാർത്ഥത്തിൽ തുടരണമോ വേണ്ടയോ എന്ന് നിർണയിക്കുന്ന തെരെഞ്ഞെടുപ്പാണിത്. അതുതന്നെയാണ് അതിന്റെ രാഷ്ട്രീയ പ്രാധാന്യവും.

ഹിന്ദുവിന്റെ പേരിൽ രാജ്യം ഭരിക്കുന്നത് ചെറിയ സവർണ വിഭാഗമാണ്. ഈ സവർണ ബ്രാഹ്മണമതത്തെയാണ് ഹിന്ദുമതമായി പ്രചരിപ്പിക്കുന്നത്.
ഹിന്ദുവിന്റെ പേരിൽ രാജ്യം ഭരിക്കുന്നത് ചെറിയ സവർണ വിഭാഗമാണ്. ഈ സവർണ ബ്രാഹ്മണമതത്തെയാണ് ഹിന്ദുമതമായി പ്രചരിപ്പിക്കുന്നത്.

രാജ്യത്ത് വിശ്വാസികളായ ജനങ്ങൾ ഉണ്ടെന്നുകരുതി അത് ഹിന്ദുത്വത്തിനുള്ള വോട്ടായി മാറണമെന്നില്ല. എന്നാൽ, ബ്രാഹ്മണ്യവിശ്വാസം രാഷ്ട്രീയ വോട്ടായാൽ അത് ഹിന്ദുത്വത്തിന് ഭരണകൂട ശക്തിയാവാൻ അവസരം പ്രദാനം ചെയ്യും. ഹിന്ദുവിന്റെ പേരിൽ അധികാരം കൈയേൽക്കാൻ ശ്രമിക്കുന്ന ത്രൈവർണിക ന്യൂനപക്ഷം ബഹുസ്വര വിശ്വാസപാരമ്പര്യങ്ങളെ അടിച്ചമർത്തുകയാണ് ചെയ്യുന്നത്. ബ്രാഹ്മണ പൗരോഹിത്യത്തിന് കൈവന്ന മേൽക്കൈ ഇതിന്റെ സൂചനയാണ്. അതായത് ഹിന്ദുവിന്റെ പേരിൽ രാജ്യം ഭരിക്കുന്നത് ചെറിയ സവർണ വിഭാഗമാണ്. ഈ സവർണ ബ്രാഹ്മണമതത്തെയാണ് ഹിന്ദുമതമായി പ്രചരിപ്പിക്കുന്നത്. ഇതിനർത്ഥം രാഷ്ട്രീയ ഹിന്ദുത്വ പ്രസ്ഥാനത്തിന് ബഹുജനങ്ങളുടെ പിന്തുണയുണ്ട് എന്നല്ല. രാജ്യത്ത് നിലനിൽക്കുന്ന പ്രശ്നങ്ങളെ ശരിയായി അഭിസംബോധന ചെയ്താൽ മാത്രമേ ‘ഇന്ത്യ’ സഖ്യത്തിന് ഒരു തെരെഞ്ഞെടുപ്പ് ഭാവിയുള്ളൂ.

ഫാഷിസത്തിൻ്റെ ലക്ഷണങ്ങൾ എല്ലാ മേഖലയിലും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന യൂണിയൻ സർക്കാരാണ് ഇന്ത്യയുടേത്. വലതുപക്ഷത്തേയ്ക്ക് ചായുന്ന സാഹചര്യം തന്നെയാണ് ആഗോള തലത്തിൽ എന്നും കാണാം. ജനാധിപത്യരാഷ്ട്രീയത്തിൻ്റെ, ജനാധിപത്യമെന്ന ആശയത്തിൻ്റെ ഭാവി എന്തായിരിക്കും?

അന്തസ്സും ആത്മാഭിമാനവുമുള്ള ജീവിതം പൗരർക്ക് വാഗ്ദാനം ചെയ്യുന്നത് ജനാധിപത്യമാണ്. പ്രാണപ്രതിഷ്ഠകൾ മനുഷ്യരെ തങ്ങളുടെ ആവശ്യങ്ങൾക്കായി ഇരക്കുന്ന മനുഷ്യരെയാണ് സൃഷ്ടിക്കുന്നത്. ദൈവത്തെ രാഷ്ട്രീയ ആയുധമാക്കാൻ ഹിന്ദുത്വത്തെ സഹായിക്കുന്നത് ഇവിടെ നിലനിൽക്കുന്ന ഭീകരമായ അസമത്വവും ബ്രാഹ്മണ്യബോധവുമാണ്. ഇന്ത്യയെ ജനാധിപത്യ രാജ്യമായി നിലനിർത്താൻ ആത്മാഭിമാനമുള്ള പൗരജീവിതം സാധ്യമാവാൻ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ, മതവും ജാതിയും നോക്കാതെ പ്രണയിക്കാനും ഒന്നിച്ചു ജീവിക്കാനും അന്തസ്സോടെ മരിക്കാനും തൊട്ടടുത്ത നിമിഷത്തെ ജനാധിപത്യവൽക്കരിക്കാനും നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്നതാണ് ചോദ്യം. അതിന്റെ ഉത്തരം എന്തു തന്നെയായാലും, "ആഴണം വാഴണം സുഖം" എന്ന നാരായണഗുരുവിന്റെ വാക്യങ്ങൾ സാക്ഷാൽക്കരിക്കാൻ ജനാധിപത്യത്തിന് മാത്രമേ കഴിയൂ. ഇനി ഒട്ടും തന്നെ അതിന് വൈകിക്കൂടാ.

രാഷ്ട്രത്തിന്റെ നാഡീഞരമ്പുകളുടെ ബലം ക്ഷയിപ്പിച്ച ക്രൂരമായ ഭരണത്തിന്റെ ഒരു ദശകമാണ് കടന്നുപോകുന്നത്.
രാഷ്ട്രത്തിന്റെ നാഡീഞരമ്പുകളുടെ ബലം ക്ഷയിപ്പിച്ച ക്രൂരമായ ഭരണത്തിന്റെ ഒരു ദശകമാണ് കടന്നുപോകുന്നത്.

സാംസ്കാരിക രംഗത്ത്, നരേന്ദ്രമോദി സർക്കാർ ഉണ്ടാക്കിയ ഹിന്ദുത്വാധിനിവേശം വളരെ വലുതാണ്. വായനയുടെയും എഴുത്തിന്റെയും സാംസ്കാരിക ഇടപെടലുകളുടെയും ലോകത്ത് സജീവമായ ഒരാൾ എന്ന നിലയിൽ, താങ്കളുടെ വായന- എഴുത്ത് ജീവിതത്തെ, ചിന്തകളെ, രാഷ്ട്രീയത്തെ, ഔട്ട്പുട്ടിനെ സമകാലീന രാഷ്ട്രീയാവസ്ഥ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?

ഹിന്ദുത്വാഭിനിവേശം രാജ്യത്തെയാകെ പിടിച്ചു മുറുക്കാൻ അതിയത്നം ചെയ്യുന്നു എന്നത് യാഥാർത്ഥ്യമാണ്. പുരോഗമനചിന്ത പേറുന്ന കേരളവും അതിൽനിന്ന് മുക്തമല്ല. മന്ത്രിയായ രാധാകൃഷ്ണന്റെ കൈയിൽ വിളക്ക് കൊടുക്കാതെ അയിത്തം പാലിക്കാൻ ബ്രാഹ്മണ പൗരോഹിത്യത്തിന് കഴിയുന്നു. മൺമറഞ്ഞുപോയ തിരുവിതാംകൂർ ഭരണത്തെയും അവിടുത്ത പിൻതലമുറക്കാരായ, പൗരർ മാത്രമായ തിരുവിതാംകൂർ കുടുംബത്തിലെ ചിലരെ ഫ്യൂഡൽ രാജാധിപത്യത്തെ അനുസ്മരിപ്പിക്കും വിധം കെട്ടിയെഴുന്നള്ളിക്കുന്നു. പരക്കെ അവർക്ക് സ്വീകാര്യത മാധ്യമങ്ങൾ തന്നെ നിർമിക്കുന്നു. വർദ്ധിച്ചുവരുന്ന യാഗങ്ങളും സപ്താഹ യജ്ഞങ്ങളുമെല്ലാം ഇതിന്റെ ദൃഷ്ടാന്തമാണ്. ഏറ്റവും അവസാനം (അവസാനിക്കുന്നില്ല!) ഡോ. ആർ. എൽ.വി. രാമകൃഷ്ണനെ അപമാനിച്ച സംഭവമുൾപ്പെടെ രാജ്യത്ത് വീശിയടിക്കുന്ന ഹിന്ദുത്വക്കാറ്റിന്റെ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ. സത്യഭാമ എന്ന ഒരു നർത്തകിക്ക് മടിയില്ലാതെ ആർ. എൽ.വി. രാധാകൃഷ്ണനെ അപമാനിക്കാൻ ശക്തി നൽകുന്നത് രാജ്യത്ത് പടർന്നു പകരുന്ന ഹിന്ദുത്വ പ്രത്യയബോധമാണ്. എത്ര പുരോഗമനം പറയുമ്പോഴും കേരളീയതയെ സദാ നിർണയിച്ചത് സവർണബോധമായിരുന്നു (ഇപ്പോഴും). മോദി ദശകം ഈ കേരളീയ സവർണതയെ കൂടുതൽ ദൃഢപ്പെടുത്തി എന്നതാണ് യാഥാർത്ഥ്യം. അതിനെ പ്രതിരോധിക്കുന്നതിൽ പുരോഗമനശക്തികളും പരാജയപ്പെട്ടു. ഹിന്ദുത്വ രാമനെ മറ്റൊരു രാമനെ വച്ച് നേരിടേണ്ടിവരുന്നത് പുരോഗമന പ്രസ്ഥാനങ്ങൾ എത്തി്പ്പെട്ട വൈരുദ്ധ്യത്തിന്റെ ആഴമാണ് വെളിവാക്കുന്നത്. നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങൾ പ്രാതിനിധ്യപരമല്ല എന്ന് അവിടങ്ങൾ ഭരിക്കുന്ന സവർണരുടെ ആധിപത്യം തന്നെ തെളിയിക്കുന്നു. ഇത്തരമൊരു സവർണാധിപത്യ സാംസ്കാരിക സമൂഹത്തിന് ഹിന്ദുത്വത്തെ വളർത്താനേ കഴിയൂ, പ്രതിരോധിക്കാൻ കഴിയില്ല.

ഡോ. ആർ.എൽ.വി രാമകൃഷ്ണൻ
ഡോ. ആർ.എൽ.വി രാമകൃഷ്ണൻ

വ്യക്തിപരമായി പറഞ്ഞാൽ ഇതിഹാസ പുരാണങ്ങളെയും ഉപനിഷത്തുക്കളെയും ‘ഭാരതീയ’ വിജ്ഞാന പാരമ്പര്യത്തെയും, സംസ്കൃത സാഹിത്യത്തെയും മുൻനിർത്തി ഗവേഷണ മനനങ്ങളിലൂടെ ഞാനെത്തിച്ചേർന്ന നിഗമനങ്ങളും നിലപാടുകളും പൂർണമായി ശരിയായിരുന്നു എന്ന് തെളിയിക്കുന്ന സമകാലിക സാംസ്കാരിക സാഹചര്യമാണ് ഇന്ത്യയിലുള്ളത്. സനാതന ധർമത്തെ മുൻനിർത്തി ഞാനുയർത്തിയ വിമർശ പാഠങ്ങൾ നിമിത്തം ഹിന്ദുത്വ ശക്തികളിൽ നിന്ന് ജീവനുതന്നെ ഭീഷണി ഉയരുന്ന സാഹചര്യമുണ്ടായി. ഇത്തരമൊരു നിലപാട് സാംസ്കാരിക ശത്രു വൃന്ദത്തെ തന്നെ സൃഷ്ടിച്ചു. എന്നാൽ ധീരമായ സാംസ്കാരികരാഷ്ട്രീയ ജീവിതം നയിച്ച ഡോ. ബി.ആർ. അംബേദ്കറും നാരായണ ഗുരു സ്വാമികളും ഹിന്ദുത്വ പ്രതിരോധത്തിന് എനിക്ക് ധൈഷണികമായ കരുത്ത് പകർന്നുകൊണ്ടേയിരിക്കുന്നു. മറ്റ് വാക്കുകളിൽ പറഞ്ഞാൽ, ഇന്നത്തെ ഇന്ത്യ ആവശ്യപ്പെടുന്ന സാംസ്കാരിക രാഷ്ട്രീയ പ്രതിരോധത്തിന്റെ സാമൂഹ്യഭൂമിക ഡോ. അംബേദ്കറും നാരായണ ഗുരുവുമാണ്. മഹാത്മാ ഫൂലെയും പെരിയാറും അടങ്ങുന്ന ബ്രാഹ്മണ്യവിരുദ്ധ പ്രസ്ഥാനത്തിനു മാത്രമേ ഇന്ത്യയിൽ ഹിന്ദുത്വത്തെ പ്രതിരോധിക്കാൻ കഴിയൂ.

ഇന്ത്യ എന്ന രാജ്യം, ആശയം തന്നെ ബഹുസ്വരതയിൽ ഉണ്ടാക്കിയെടുത്ത ഒന്നാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ബഹുസ്വരതയെ പ്രകീർത്തിക്കുന്നതായിരുന്നു. ഭരണഘടനയുടെ ആധാരശില തന്നെ അതാണ്. നമ്മുടെ എല്ലാത്തരം ദേശീയ പ്രതിനിധാനങ്ങളും ബഹുസ്വരതയെ ഉൾച്ചേർത്തതാണ്. എന്നാൽ നരേന്ദ്രമോദിയുടെ ഭരണകാലം ഹിന്ദുത്വ vs ബാക്കിയെല്ലാം എന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റിത്തീർക്കുന്നു. ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ ഭാഷ, ഒറ്റ വിശ്വാസം എന്ന രാഷ്ട്രീയ പദ്ധതിയുടെ നടപ്പാക്കലിലേക്കാണ് കാര്യങ്ങൾ പോവുന്നത്. എങ്ങനെ പ്രതിരോധിക്കും?

ഒറ്റ ഭാഷ, ഒറ്റ വിശ്വാസം (ഒറ്റ വിശ്വാസമെന്നാൽ ബ്രാഹ്മണ്യ വിശ്വാസങ്ങൾ), ഒരൊറ്റ തെരെഞ്ഞെടുപ്പ്- ഇതെല്ലാം ലക്ഷ്യം വയ്ക്കുന്നത് സവർണരാജിനെയാണ്. ബ്രാഹ്മണമതത്തെ രാഷ്ട്രീയ മതമാക്കി ഇന്ത്യയെ നിയന്ത്രിക്കുക എന്ന ലക്ഷ്യമാണിതിനുള്ളത്. ചാതുർവർണ്യം സിദ്ധാന്തിക്കുന്ന മനുസ്മൃതിയും ഗീതയും എഴുതപ്പെട്ടിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും ഇന്ത്യയെ നിയന്ത്രിക്കുന്നത് സവർണ ഒളിഗാർക്കിയാണ്. അതായത് ത്രൈവർണികർ തന്നെ ഇന്ത്യ ഭരിക്കുന്നു. ലെജിസ്ലേച്ചറിലും ജുഡീഷ്യറിയിലും എക്സിക്യൂട്ടീവിലും ഈ സവർണാധിപത്യം തുടരുന്നു. പ്രാതിനിധ്യ ജനാധിപത്യത്തിന് മാത്രമേ സവർണാധിപത്യത്തെ തകർക്കാൻ കഴിയൂ. ഫെഡറൽ തത്വങ്ങൾ ഉൾക്കൊള്ളുന്ന, സംസ്ഥാനങ്ങളെ അടിച്ചൊതുക്കാത്ത ഭരണകൂടം സൃഷ്ടിക്കപ്പെടണമെങ്കിൽ പ്രാതിനിധ്യ ജനായത്തം നിർമിക്കപ്പെടണം. ചുരുക്കത്തിൽ പറഞ്ഞാൽ പ്രാതിനിധ്യമാണ് പ്രതിരോധ മാർഗം.

രാജ്യത്ത് നിലനിൽക്കുന്ന പ്രശ്നങ്ങളെ ശരിയായി അഭിസംബോധന ചെയ്താൽ മാത്രമേ ‘ഇന്ത്യ’ സഖ്യത്തിന് തെരെഞ്ഞെടുപ്പ് ഭാവിയുള്ളൂ.
രാജ്യത്ത് നിലനിൽക്കുന്ന പ്രശ്നങ്ങളെ ശരിയായി അഭിസംബോധന ചെയ്താൽ മാത്രമേ ‘ഇന്ത്യ’ സഖ്യത്തിന് തെരെഞ്ഞെടുപ്പ് ഭാവിയുള്ളൂ.

കേരളത്തിൽ എൽ.ഡി.എഫ് വന്നാലും യു.ഡി.എഫ് വന്നാലും ഇന്ത്യാ സംഖ്യത്തിലെ ശക്തമായ സാന്നിധ്യമായിരിക്കും. ബി.ജെ.പിയ്ക്ക് ഇത് വരെ തൊടാൻ പറ്റാത്ത സംസ്ഥാനമാണ് കേരളം. പക്ഷേ അതിനായി ബി.ജെ.പി പണവും മാധ്യമ പിന്തുണയും വർഗ്ഗീയതയുമുൾപ്പെടെ പല തരത്തിലുള്ള തന്ത്രങ്ങൾ പയറ്റുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് യു.ഡി.എഫിനെയാണോ എൽ.ഡി.എഫിനെയാണോ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തിപ്പെടുത്തേണ്ടത്?

കേരളത്തിൽ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. എന്താണ് ഇടതുപക്ഷം എന്നതാണ് ചോദ്യം. പ്രാതിനിധ്യ ജനാധിപത്യത്തെ ആത്മാവായി ചേർക്കുന്ന ഒന്ന് മാത്രമേ ഇടതുപക്ഷമാവൂ. രാഷ്ട്രം പുരോഗമിക്കണമെങ്കിൽ, എല്ലാവർക്കും ആത്മാഭിമാനമുള്ള ജീവിതം കരഗതമാവണമെങ്കിൽ പ്രാതിനിധ്യ ജനാധിപത്യ ഭരണകൂടം വരണം. പ്രാതിനിധ്യ ജനാധിപത്യത്തെ ഞാൻ ഇടതുപക്ഷമെന്ന് വിളിക്കുന്നു.


Summary: Dr. TS Shyamkumar on impact of 10 years under Modi's governance on Indian democracy, freedom of speech, and cultural expression.


ഡോ. ടി. എസ്. ശ്യാംകുമാർ

എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്​കാരിക വിമർശകൻ. തന്ത്രപ്രായശ്ചിത്തം: കേരള സമൂഹവും ചരിത്രവും, ശബരിമല: ഹിന്ദുത്വ തന്ത്രങ്ങളും യാഥാർഥ്യവും, ആരുടെ രാമൻ? എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments