‘ഓരോ വാക്കിനും പ്രത്യാഘാതങ്ങളുണ്ട്,
ഓരോ നിശ്ശബ്ദതക്കും’

പത്തു വർഷം കൊണ്ട് ഇന്ത്യയിൽ എങ്ങനെയാണ് വിദ്വേഷത്തിന്റെ ഭരണകൂടം സ്ഥാപിച്ചെടുത്തത് എന്നും അത് എങ്ങനെയാണ് നമ്മുടെയൊക്കെ ജീവിതങ്ങളെ ആക്രമിക്കുന്നത് എന്നും അതിനെതിരായ പ്രതിരോധം എങ്ങനെ സാധ്യമാകും എന്നും എഴുതുന്നു വിജൂ കൃഷ്ണൻ.

‘ഓരോ വാക്കിനും പ്രത്യാഘാതങ്ങളുണ്ട്, ഓരോ നിശ്ശബ്ദതക്കും’
- ജീൻ പോൾ സാർത്ര്.

ആർ.എസ്.എസിനെപ്പോലൊരു ഫാഷിസ്റ്റ് മതതീവ്രവാദ സംഘടനയെ സംബന്ധിച്ച് വിദ്വേഷ രാഷ്ട്രീയം അത്ര പുതിയ കാര്യമല്ല. ഈ സംഘടനയുടെ നൂറു വർഷത്തെ നിലനിൽപ്പിനിടയിൽ 'അപരർ'ക്കെതിരെ വിദ്വേഷം വിതച്ച ഇടപെടലുകളുടെ നിരവധി തെളിവുകളുണ്ട്, നിരപരാധികളായ മനുഷ്യരുടെ മൃതദേഹങ്ങളുടെ മേൽ രാഷ്ട്രീയലാഭം കൊയ്തതിന് തെളിവുകളുണ്ട്, ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും ഇന്നത്തെ ഭരണാധികാരികളുടെയും ഒത്താശയോടെ നടത്തിയ വംശഹത്യകളി​ലെ വിധ്വംസകതകൾക്ക് തെളിവുകളുണ്ട്.

മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം, 1948 ഫെബ്രുവരി നാലിന് ഇന്ത്യ സർക്കാർ ഒരു സന്ദേശം പുറത്തിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി സർദാർ വല്ലഭഭായ് പട്ടേൽ, ആ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞ ഒരു കാര്യം, ആർ.എസ്.എസിനെ നിരോധിക്കുന്നത്, ''നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം അപകടത്തിലാക്കിയും രാജ്യത്തിന്റെ കീർത്തിയെ മങ്ങലേൽപ്പിച്ചും രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും ശക്തികളെ വേരോടെ പിഴുതെറിയാനാണ്'' എന്നാണ്. സർദാർ പട്ടേൽ പരാമർശിച്ച വിദ്വേഷത്തിന്റെ ശക്തികൾ ഇപ്പോൾ ഭയാനകമായ രീതിയിൽ വേരും ചില്ലകളും പടർത്തി വളർന്നിരിക്കുന്നു.

സർദാർ വല്ലഭഭായ് പട്ടേൽ

ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് തൊട്ടുപുറകേ, ഒരു വ്യക്തിയെന്ന നിലക്കുള്ള എന്റെ ആദ്യത്തെ രാഷ്ട്രീയ പ്രവർത്തനം, സാമുദായിക സഹവർത്തിത്വത്തിനുവേണ്ടിയുള്ള മാർച്ചിൽ പങ്കെടുത്തതാണ്. ബാബറി മസ്ജിദ് തകർക്കുന്നതിനുവേണ്ടിയുള്ള സംഘ്പരിവാറിന്റെ ആ ഓട്ടത്തിൽ, സഹ പൗരരെക്കുറിച്ച്, ഇസ്‌ലാം വിശ്വാസികളെക്കുറിച്ച് എന്തുതരം ആഖ്യാനങ്ങളാണ് സൃഷ്ടിക്കപ്പെട്ടത് എന്നതിന് ഞാൻ സാക്ഷിയായി. നമുക്കൊപ്പമുള്ള മനുഷ്യരെ അപരരാക്കി മാറ്റുന്ന, മനുഷ്യരേക്കാൾ താഴ്ന്ന നിലയിലുള്ള രണ്ടാംകിട പൗരരായി കാണുന്ന, വിദ്വേഷം മാത്രം അർഹിക്കുന്ന വസ്തുക്കളാക്കുന്ന ബോധപൂർവമായ പ്രക്രിയയാണ് സൃഷ്ടിച്ചെടുത്തത്.
ഗുജറാത്ത് കൂട്ടക്കൊലയുടെ സമയത്ത്, വിദ്വേഷ രാഷ്ട്രീയത്തിന് എന്തു ചെയ്യാൻ കഴിയും എന്നതിന് ഞാൻ സാക്ഷിയായിരുന്നു, അത് അഴിച്ചുവിട്ട പ്രാകൃതത്വത്തിന് സാക്ഷിയായിരുന്നു. ഒരു വ്യത്യാസമുണ്ടായിരുന്നത്, അക്രമാസക്തമായ ആ പകവീട്ടലിൽ സ്‌റ്റേറ്റിന്റെ വ്യക്തമായ ഒത്താശയുണ്ടായിരുന്നുവെന്നതാണ്. മനസ്സിൽ പതിഞ്ഞ ഒരു ദൃശ്യമുണ്ട്, അക്രമികൾ കത്തിച്ച ഒരു മോസ്‌കിൽ കണ്ട എഴുത്ത്: ''Yeh Andar Ki Baat Hai Police Hamare Saath Hai. Narendra Modi Zindabad' ('അണിയറക്കഥ ഇതാണ്, പൊലീസ് ഞങ്ങൾക്കൊപ്പമുണ്ട്, നരേന്ദ്രമോദി നീണാൾ വാഴട്ടെ').
ഇന്ത്യൻ രാഷ്ട്രീയം അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നവരും, കൊടും ശുഭാപ്തിവിശ്വാസക്കാർ പോലും നരേന്ദ്രമോദിയുടെ Sab Ka Saath Sab Ka Vikas ('എല്ലാവരും ഒരുമിച്ച്, എല്ലാവർക്കും വികസനം') എന്ന മുദ്രാവാക്യത്തിന് അത്ര വിശ്വാസ്യത നൽകില്ല. നിർഭാഗ്യവശാൽ, കഴിഞ്ഞ പത്തു വർഷങ്ങളാണ് ഇത് ശരിയാണ് എന്ന് തെളിയിക്കാനുണ്ടായിരുന്നത്. എന്നാൽ, നരേന്ദ്രമോദിക്ക് ശരിയാണ് എന്ന് തെളിയിക്കാനായത്, ടൈം മാഗസിന്റെ ഹെഡ്‌ലൈൻ മാത്രം: ‘India's Divider in Chief'.

കഴിഞ്ഞ, പത്തു വർഷത്തിനിടയിൽ നടപ്പാക്കിയ തന്ത്രം നാസി ജർമനിയിൽ നടപ്പാക്കിയതിനെ ഓർമിപ്പിക്കുന്നു. വിദ്വേഷത്തെ നോർമലൈസ് ചെയ്യുന്നതിനുള്ള പ്രൊപ്പഗാൻഡയും അതിനുവേണ്ടിയുള്ള കമ്യൂണിക്കേഷനുകളുടെ വിനിയോഗവും. സ്വതന്ത്രചിന്ത നഷ്ടമായ, വിമർശനരഹിതമായി കാര്യങ്ങളെ സമീപിക്കുന്ന, അവയെ അനിഷേധ്യ സത്യങ്ങളെന്ന നിലയ്ക്ക് ഊതിപ്പെരുപ്പിക്കുന്ന ഒരു പിന്തുണക്കൂട്ടത്തെ വ്യവസ്ഥാപിതമായി സൃഷ്ടിച്ചെടുക്കുകയാണ് ഇതുവഴി സാധ്യമായത്. ഉള്ളടക്കം മാറ്റിയെഴുതിയും മാധ്യമങ്ങളെയും സാഹിത്യത്തെയും സാംസ്‌കാരത്തെയും ഉപയോഗിച്ചും യുക്തിക്കുമേൽ നടത്തിയ ആക്രമണം, അതിവൈകാരികതയിലൂന്നിയുള്ള ഒരു ഹിംസാത്മക കാമ്പയിന് കാരണമായി.

മഹാത്മാഗാന്ധിയുൂടെ വധത്തിനുശേഷം ആർ.എസ്.എസിനെ നിരോധിച്ച വാർത്ത പ്രസിദ്ധീകരിച്ച ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൻ്റെ ആദ്യ പേജ്.

ഒരു വശത്ത്, യുക്തിവാദികളും എഴുത്തുകാരും ജേണലിസ്റ്റുകളുമായ ഗോവിന്ദ് പൻസാരേ, ധാബോൽക്കർ, എം.എം. കർബുർഗി, ഗൗരി ലങ്കേഷ് എന്നിവരെ ഹിന്ദുത്വ മതഭീകരസംഘങ്ങൾ ആസൂത്രിത ഗൂഢാലോചന നടത്തി വധിച്ചു. മറുവശത്ത്, 'ഗോ- രക്ഷക'ർ നടത്തിയ കൊലപാതകങ്ങൾ. ഈ കൊലപാതകങ്ങളോട് വിയോജിപ്പിന്റെ നേരിയ ശബ്ദം പോലും പ്രധാനമന്ത്രിയിൽനിന്നുണ്ടായില്ല. ഒരു കൂട്ടം മാധ്യമങ്ങൾ ഭരണകൂടത്തിന്റെ നുണകൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. അവ മനുഷ്യരുടെ വീട്ടുമുറ്റങ്ങളിലേക്കുമാത്രമല്ല, റെയിൽവേ സ്‌റ്റേഷനുകളിലേക്കും വിമാനത്താവളങ്ങളിലേക്കും വരെ പടർന്നു, എല്ലാതരം യാത്രക്കാരും തങ്ങളുടെ തെരഞ്ഞെടുപ്പുകൾക്കതീതമായി, നിർബന്ധിത ബന്ദികളാക്കപ്പെട്ടു.

വിദ്വേഷം ന്യൂനക്ഷത്തിനു നേർക്കുമാത്രമായിരുന്നില്ല. അത് എല്ലാ വിമതർക്കും എതിരെയായിരുന്നു- ബുദ്ധിജീവികൾ, വിദ്യാർഥികൾ, യുവാക്കൾ, ഡോക്ടർമാർ, അഭിനേതാക്കൾ, എഴുത്തുകാർ, സർവകലാശാലകൾ, പൗരസമൂഹം, എന്തിന് സംസ്ഥാനങ്ങൾക്കെതിരെ പോലും.

വിദ്വേഷം ന്യൂനക്ഷത്തിനു നേർക്കുമാത്രമായിരുന്നില്ല. അത് എല്ലാ വിമതർക്കും എതിരെയായിരുന്നു- ബുദ്ധിജീവികൾ, വിദ്യാർഥികൾ, യുവാക്കൾ, ഡോക്ടർമാർ, അഭിനേതാക്കൾ, എഴുത്തുകാർ, സർവകലാശാലകൾ, പൗരസമൂഹം, എന്തിന് സംസ്ഥാനങ്ങൾക്കെതിരെ പോലും. കശ്മീരിലെയും കേരളത്തിലെയും ജനങ്ങൾക്കെതിരെയും ജവഹർലാൽ യൂണിവേഴ്‌സിറ്റിക്കെതിരെയും വിദ്വേഷം ചീറ്റാൻ സിനിമാ നിർമാതാക്കൾ വൻതോതിൽ പണം ചെലവാക്കി. അതിലൂടെ ചരിത്രം വളച്ചൊടിച്ചു, സമൂഹത്തിലെ ചില പ്രത്യേക വിഭാഗങ്ങളെ വഞ്ചകരായി ചിത്രീകരിച്ചു. 'Divider in Chief' ഇതിനെല്ലാം മാപ്പു നൽകുക മാത്രമല്ല, അവയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. അങ്ങനെ റേപിസ്റ്റുകളും, അഴിമതികളും, കലാപങ്ങളും സ്‌ഫോടനങ്ങളും നിർമിച്ചെടുക്കുന്നതായി ആരോപണമുയർന്ന ഹിന്ദുത്വ ശക്തികളും സുരക്ഷിതരായി, എല്ലാ വിദ്വേഷങ്ങളിൽനിന്നും അവർ മുക്തരാക്കപ്പെട്ടു, മാത്രമല്ല അവർ ആദരിക്കപ്പെടുകയും ചെയ്തു- ബിൽകിസ് ബാനുവിനെ റേപ്പ് ചെയ്തവർ, മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രഗ്യ സിങ് താക്കൂർ, ബ്രിജ്ഭൂഷൺ ശരൻ, പ്രജ്വൽ രേവണ്ണ, അജയ് മിശ്ര തേനി എന്നിവർ ഇവരിൽ ചിലർ മാത്രം.

യുക്തിവാദികളും എഴുത്തുകാരും ജേണലിസ്റ്റുകളുമായ ഗോവിന്ദ് പൻസാരേ, ധാബോൽക്കർ, എം.എം. കർബുർഗി, ഗൗരി ലങ്കേഷ് എന്നിവരെ ഹിന്ദുത്വ മതഭീകരസംഘങ്ങൾ ആസൂത്രിത ഗൂഢാലോചന നടത്തി വധിച്ചു.

ജമ്മു കാശ്മീരിലെ നാടോടി മുസ്‌ലിം കുടുംബത്തിലെ എട്ടു വയസ്സുകാരിയെ ആറ് ഹിന്ദുത്വ ആക്റ്റിവിസ്റ്റുകൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയും ആറു ദിവസം തടവിലിടുകയും അതിനശേഷം അതിക്രൂരമായി കൊന്ന് കാട്ടിലുപേക്ഷിക്കുകയും ചെയ്തു. ഈ സംഭവത്തിൽ കോടതികൾ ചില ഗൂഢാലോചനക്കാരെ കുറ്റക്കാരാണെന്ന് വിധിച്ചിട്ടും, മധു കിശ്വർ എഴുതിയ 'The Girl from Kathua' എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി: ഈ കുട്ടി റേപ്പ് ചെയ്യപ്പെട്ടിട്ടില്ല, ‘ഗസ്‌വ ഇ ഹിന്ദി’ന്റെ ബലികഴിക്കപ്പെട്ട ഇരയാണ് ഈ കുട്ടി, ലശ്കറെ ത്വയിബയെപ്പോലുള്ള ഇന്ത്യൻ വിരുദ്ധ ശക്തികളാണ് ഇതിനു പുറകിൽ.

ഈ എഴുത്തുകാരും ചലച്ചിത്രപ്രവർത്തകരും ടി.വി ആങ്കർമാരും ഗോദി മീഡിയയും വിദ്വേഷത്തെ നോർമലൈസ് ചെയ്യുന്ന ആഖ്യാനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മാനവികതക്കെതിരായ കുറ്റകൃത്യങ്ങൾ പോലും, ഹിന്ദുത്വ കാലാൾപ്പടയാണ് അതിലെ പ്രതികളെങ്കിൽ, ഇവർ അതങ്ങ് ക്ഷമിച്ചുകളയും. ഗൂഗിൾ, എഫ് ബി, ട്വിറ്റർ, വാട്സ് ആപ്പ് തുടങ്ങിയ ഡിജിറ്റൽ കുത്തകകൾ ഫാഷിസ്റ്റുകളുടെ വിദ്വേഷ കാമ്പയിനെ സഹായിക്കുന്ന നിലപാടാണ് എടുക്കുന്നത്. ഇത് കുത്തക മൂലധത്തിൻ്റെ ലാഭക്കൊതി കാണിക്കുന്നു.

ചരിത്രപ്രാധാന്യം നേടിയ കർഷക പ്രക്ഷോഭത്തിന്റെ മൂർധന്യത്തിൽ പ്രധാനമന്ത്രി പ്രക്ഷോഭകരെ 'ആന്തോളൻ ജീവികൾ' എന്നും പരാദങ്ങൾ എന്നും വിശേഷിപ്പിച്ചു.

ചരിത്രപ്രാധാന്യം നേടിയ കർഷക പ്രക്ഷോഭത്തിന്റെ മൂർധന്യത്തിൽ പ്രധാനമന്ത്രി പ്രക്ഷോഭകരെ 'ആന്തോളൻ ജീവികൾ' എന്നും പരാദങ്ങൾ (parasite) എന്നും വിശേഷിപ്പിച്ചു. കോർപറേറ്റ് മാധ്യമങ്ങൾ കർഷകരെ ‘ഖാലിസ്ഥാനികൾ’, ‘പാകിസ്ഥാൻ ഏജന്റുമാർ’, ‘ചൈന ഏജന്റുമാർ’, ‘അർബൻ നക്‌സലുകൾ’ എന്നൊക്കെയാണ് വിശേഷിപ്പിച്ചത്. ബുദ്ധിജീവികളും ആക്റ്റിവിസ്റ്റുകളും 'ടുക്‌ടേ ടുക്‌ടേ ഗാംങ്' എന്ന് ആക്ഷേപിക്കപ്പെട്ടു. മന്ത്രിമാരടക്കമുള്ളവർ വിമതശബ്ദമുയർത്തുന്നവരോട് പാക്കിസ്ഥാനിലേക്ക് പോയിക്കൊള്ളാൻ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. കർഷകരെ ഏതെങ്കിലും വിധത്തിൽ പിന്തുണയ്ക്കുന്ന ഏതു ശബ്ദത്തെയും വഞ്ചകർ എന്നും ദേശദ്രോഹികൾ എന്നും മുദ്രകുത്തി. സമീപകാലത്ത് മാധ്യമപ്രവര്‍ത്തകരായ പ്രബിര്‍ പുര്‍കായസ്തയെപ്പോലെ, സി.എ.എ വിരുദ്ധ പ്രക്ഷോഭവും കർഷക പ്രക്ഷോഭവും റിപ്പോർട്ടു ചെയ്ത മാധ്യമപ്രവർത്തകർ ചൈനീസ് ഏജന്റുമാരായി വിശേഷിപ്പിക്കപ്പെട്ടു, ഭീകരനിയമമായ യു.എ.പി.എ പ്രകാരം അവർ അറസ്റ്റു ചെയ്യപ്പെട്ടു.

ഉത്തരാഖണ്ഡിലും മറ്റു പലയിടങ്ങളിലും നടക്കുന്ന ധരം സൻസദുകൾ ഹിന്ദു യുവാക്കളുടെ സൈനികവൽക്കരണത്തിനും മുസ്‌ലിംകളെ കൊന്നൊടുക്കാനും ആഹ്വാനം ചെയ്യുന്നു.

ന്യൂനപക്ഷങ്ങൾക്കെതിരായി മാത്രമായിരുന്നില്ല ഈ വിദ്വേഷപ്രകടനം, ഏറ്റവും രൂക്ഷമായും ഏറെയും നടന്നത് മുസ്‌ലിം സമുദായത്തിനുനേരെയാണെന്നുമാത്രം.

ഉത്തരാഖണ്ഡിലും മറ്റു പലയിടങ്ങളിലും നടക്കുന്ന ധരം സൻസദുകൾ ഹിന്ദു യുവാക്കളുടെ സൈനികവൽക്കരണത്തിനും മുസ്‌ലിംകളെ കൊന്നൊടുക്കാനും ആഹ്വാനം ചെയ്യുന്നു. ക്രിസ്ത്യാനികൾക്കെതിരായ വിദ്വേഷ കാമ്പയിനും വർധിച്ചിട്ടുണ്ട്. അവരുടെ ചർച്ചുകളും പുരോഹിതന്മാരും ആക്രമിക്കപ്പെടുന്നു. ഒരു വർഷത്തിലേറെയാണ് മണിപ്പുർ കത്തിക്കൊണ്ടിരുന്നത്. 200-ലേറെ പേർ കൊല്ലപ്പെട്ടു, ആയിരങ്ങൾ പലായനം ചെയ്തു. സ്വയം പ്രഖ്യാപിത ആൾദൈവം പോലും ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം ചീറ്റുന്നു. ഇത്തരം ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രി 'കമാ' എന്ന് മിണ്ടുന്നില്ല. അദ്ദേഹത്തിന്റെ നിശ്ശബ്ദത ഇത്തരം അക്രമങ്ങൾക്ക് ഒരുതരം രക്ഷാകർതൃത്വം നൽകുന്നു. പ്രധാനമന്ത്രിയുടെ വാക്കുകൾ, അദ്ദേഹത്തിന്റെ നിശ്ശബ്ദത പോലും, ഇന്ത്യയുടെ മതനിരപേക്ഷ- ജനാധിപത്യ സ്വഭാവങ്ങൾക്കുമേലുള്ള ആക്രമണങ്ങളാണ്. മാത്രമല്ല, ഇത്തരം ആക്രമണങ്ങൾ ബി.ജെ.പിയുടെ മറ്റു നേതാക്കളും സംഘ്പരിവാറും ആളിക്കത്തിക്കുകയും ചെയ്യുന്നു.

മധു കിശ്വർ Photo : Wikipedia

ലവ് ജിഹാദ് എന്ന വ്യാജ ആഖ്യാനം വോട്ടർമാരെ ധ്രുവീകരിക്കുകയെന്ന ലക്ഷ്യത്തോടെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. 'ലാൻഡ് ജിഹാദ്', 'വോട്ട് ജിഹാദ്' തുടങ്ങിയ അസംബന്ധ വിശേഷണങ്ങൾ ബി.ജെ.പി നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നു. ഒരു പടികൂടി കടന്ന് ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമ, മുസ്‌ലിം കർഷകർ 'ഫെർട്ടിലൈസർ ജിഹാദി'ന് തുടക്കമിട്ടതായി കുറ്റപ്പെടുത്തുന്നു.

കോവിഡിന്റെ സമയത്ത്, തീർത്തും പരാജയപ്പെട്ട ഭരണസംവിധാനത്തിനെതിരെ ജനങ്ങളുടെ അതൃപ്തി കത്തിനിൽക്കുമ്പോൾ, ഒരു പുതിയ വിശേഷണം പ്രത്യക്ഷമായി, 'കൊറോണ ജിഹാദ്'. ഇസ്‌ലാമോഫോബിയയുടെ ഒടുവിലത്തെ പ്രകടനമായിരുന്നു അത്.

ഈ പ്രവണത വിദ്വേഷ പ്രസംഗങ്ങളിൽ മാത്രം അവസാനിക്കുന്നില്ല, അത് ഗോ രക്ഷയുടെയും സാങ്കൽപ്പിക ജിഹാദുകളുടെയും പേരിൽ മുസ്‌ലിംകളെ കൊന്നെടുക്കുന്നതിലേക്കാണ് നയിക്കുക. അത് സ്‌കൂൾ ക്ലാസ് മുറികളിലേക്കുപോലും നുഴഞ്ഞുകയറിക്കൊണ്ടിരിക്കുന്നു.

പ്രധാനമന്ത്രിയുടെ നിശ്ശബ്ദത മാത്രമല്ല, കോടതികൾപോലും സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്തുന്ന, സമാധാനത്തിന് വിഘാതമായ ഇത്തരം നടപടികൾക്കെതിരെ സ്വമേധയാ കേസെടുക്കുന്നില്ല. ഇലക്ഷൻ കമീഷൻ പോലും ഇതൊന്നു കണ്ട ഭാവം നടിക്കുന്നില്ല. ചില ഒറ്റപ്പെട്ട സംഘങ്ങളും ഗ്രൂപ്പുകളുമായ ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത് എന്നായിരുന്നു ഇതുവരെ കരുതപ്പെട്ടിരുന്നത്. എന്നാൽ, നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ ആ ഒറ്റപ്പെട്ട ശബ്ദങ്ങൾ ഇപ്പോൾ, മുഖ്യധാരയായി മാറിയിരിക്കുന്നു.

ജുഡീഷ്യൽ നിയമത്തെ നോക്കുകുത്തിയാക്കിക്കൊണ്ടുള്ള കൊലപാതകങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ, ബുൾഡോസറുകൾ തകർക്കുന്ന വീടുകൾ - എല്ലാത്തിനുമപ്പുറം ഇതിനെയെല്ലാം ന്യായീകരിച്ച് വീമ്പു പറയുന്ന ഒരു മുഖ്യമന്ത്രി.

നരേന്ദ്രമോദി, അമിത് ഷാ, യോഗി ആദിത്യനാഥ്, ഹിമന്ദ ബിശ്വശർമ തുടങ്ങിയവർ മുസ്‌ലിംകളെ 'നുഴഞ്ഞുകയറ്റക്കാർ' എന്നും കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവർ എന്നും ആക്ഷേപിച്ച് ആഘോഷിക്കുന്നു. കോടിക്കണക്കിന് നിയമവിരുദ്ധ കുടിയേറ്റക്കാർ, അട്ടകളെപ്പോലെ, ഇവിടുത്തെ പാവപ്പെട്ടവർക്ക് അർഹമായ ഭക്ഷണവും ജോലിയും തട്ടിയെടുക്കുന്നതായി അമിത് ഷാ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്തിനേറെ, രാം നവമി പോലുള്ള ആഘോഷങ്ങളെപോലും ഇത്തരം വിദ്വേഷങ്ങൾ കുത്തിനിറയ്ക്കാനും ആളിക്കത്തിക്കാനുമുള്ള സന്ദർഭങ്ങളായി ഇവർ മാറ്റി. സമൂഹത്തിൽ വിഷവും വിദ്വേഷവും നുണകളും ഇസ്‌ലാമോഫോബിയയും കുത്തിവക്കുന്ന തരത്തിലുള്ള ട്രോൾ ആർമികളുടെ വ്യാപനം 'ഹിന്ദുക്കൾ അപകടത്തിലാണ്' എന്നൊരു വ്യാജ ഭീതിയുണ്ടാക്കി. അതുവഴി ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ നീതീകരിക്കപ്പെട്ടു.

വിദ്വേഷത്തിന്റെ ഫലഭൂയിഷ്ഠമായ ഈ മണ്ണിലാണ് വർഗീയതകൊണ്ട് വംശഹത്യകൾ കെട്ടിപ്പടുത്തത്. മുസാഫർനഗർ കലാപം, ഡൽഹി കലാപം, നുഹിലെ ആക്രമണങ്ങൾ, മണിപ്പുരിലെ കൂട്ടക്കൊല എന്നിവ അവയിൽ ചിലത് മാത്രം. ജുഡീഷ്യൽ നിയമത്തെ നോക്കുകുത്തിയാക്കിക്കൊണ്ടുള്ള കൊലപാതകങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ, ബുൾഡോസറുകൾ തകർക്കുന്ന വീടുകൾ - എല്ലാത്തിനുമപ്പുറം ഇതിനെയെല്ലാം ന്യായീകരിച്ച് വീമ്പു പറയുന്ന ഒരു മുഖ്യമന്ത്രി. ഇതെല്ലാം, ഒരു ഹിന്ദു രാഷ്ട്ര ഭരണകൂടം കെട്ടിപ്പടുക്കുന്നതിനായുള്ള, സംഘപരിവാർ അജണ്ടകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഉത്തമ മാതൃകയാവുകയാണ്.

വിദ്വേഷത്തിന്റെ ഫലഭൂയിഷ്ഠമായ ഈ മണ്ണിലാണ് വർഗീയതകൊണ്ട് വംശഹത്യകൾ കെട്ടിപ്പടുത്തത്. മുസാഫർനഗർ കലാപം, ഡൽഹി കലാപം, നുഹിലെ ആക്രമണങ്ങൾ, മണിപ്പുരിലെ കൂട്ടക്കൊല എന്നിവ അവയിൽ ചിലത് മാത്രം.

മദ്രസകൾ തകർത്തതും മുസ്‍ലിം കുടിയേറ്റ കേന്ദ്രങ്ങൾ നിർബന്ധിതമായി കുടിയൊഴിപ്പിച്ചതും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയും മധ്യപ്രദേശിലെയും ഉത്തരാഖണ്ഡിലെയും ബി.ജെ.പി മുഖ്യമന്ത്രിമാരും വലിയ നേട്ടങ്ങളായി കൊട്ടിഘോഷിക്കുന്നു. ഇവരുടെ ഈ സമീപനമാണ് ഹൽദ്വാനിയിൽ ആറ് പേരുടെയും ദരാംഗിൽ രണ്ട് പേരുടെയും ജീവനെടുത്തത്. അസമിൽ പോലീസ് വെടിവെപ്പിൽ ജീവൻ നഷ്ടമായ ഒരാളുടെ മൃതദേഹത്തിനുമേൽ ഒരു ഫോട്ടോ ജേണലിസ്റ്റ് അയാളുടെ അരിശം തീർത്തതും. ദരാംഗ്, ഹൽദ്വാനി, മുസാഫർനഗർ തുടങ്ങി വർഗീയ ആക്രമണങ്ങൾ നടന്ന ഈ സ്ഥലങ്ങൾ സന്ദർശിച്ചപ്പോൾ ഗുജറാത്തിൽ രണ്ടു പതിറ്റാണ്ടുകൾക്കുമുമ്പ് ഞാൻ കണ്ട അതേ ഭീതിയുടെ അന്തരീക്ഷം എനിക്കനുഭവപ്പെട്ടു.

മുസ്ലിംകൾക്കെതിരായ, വർദ്ധിച്ചുവരുന്ന ഈ ആക്രമണങ്ങളെ തെരഞ്ഞെടുപ്പ് തന്ത്രം മാത്രമായി കാണുന്നത് വലിയ മണ്ടത്തരമാകും.

നിര്‍ഭാഗ്യവശാല്‍, ഈ പ്രദേശങ്ങളില്‍, അതാതു സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍, ഭൂരിപക്ഷ വോട്ട് നഷ്ടമാകുമെന്ന ഭയത്തില്‍, ഇതിനെ എതിര്‍ക്കാതിരിക്കുന്നു. ഇപ്പോള്‍ വിദ്വേഷ രാഷ്ട്രീയം മുന്നോട്ടുവക്കുന്ന ആസാമിലെയും മണിപ്പുരിലെയും മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസില്‍നിന്നുള്ളവരാണ്, അവര്‍ സംഘ്പരിവാറില്‍നിന്ന് ഔദ്യോഗികമായി പരിശീലനം ലഭിച്ചവരല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അവര്‍ക്ക് എളുപ്പം കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തെ പുണരാനായി, അതിലൂടെ അവര്‍ക്ക് തങ്ങളുടെ വിഭജനരാഷ്ട്രീയത്തെ എത്രത്തോളം നോര്‍മലൈസ് ചെയ്യാനാകുന്നുവെന്നതിന്റെ സൂചന കൂടിയാണിത്.

അപര വിദ്വേഷം പടർത്തുക എന്ന ലക്ഷ്യത്തോടെ നേതാക്കൻമാരുടെ വിദ്വേഷ പ്രസംഗങ്ങൾ തുടരുന്നു. എന്നാൽ വിദ്വേഷം തുപ്പുന്നവരൊന്നും ഒരിക്കൽ പോലും ശിക്ഷിക്കപ്പെടുന്നുമില്ല. ഈ ആരോപണങ്ങളെല്ലാം ഏറ്റുവാങ്ങേണ്ടി വരുന്നത് പലപ്പോഴും മുസ്‍ലിംകൾക്ക് മാത്രവുമാണ്. തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും ബലാത്സംഗികളെന്നും, പലപ്പോഴും തീവ്രവാദികളെന്നുപോലും അവർ മുദ്രകുത്തപ്പെടുന്നു. സമീപകാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെല്ലാം ഇത്തരം വിദ്വേഷപ്രചാരണങ്ങൾ വർധിച്ചിട്ടേയുള്ളൂ. പ്രചാരണത്തിലെ ഇത്തരം പ്രവണതകൾ തടയാൻ ചെറുവിരലനക്കാത്ത പ്രധാനമന്ത്രി യഥാർത്ഥത്തിൽ ഈ വിദ്വേഷ പ്രചാരണങ്ങൾക്കെല്ലാം നേതൃത്വം നൽകുകയാണ്. സോഷ്യൽ മീഡിയയിൽ വിദ്വേഷം പടർത്തുന്ന മനുഷ്യരെ - ഇവരിൽ പലരും ഇന്ന് പാർട്ടി വക്താക്കളും നേതാക്കളുമായി - പ്രധാനമന്ത്രിയും പിന്തുടരുകയാണ്.

കോൺഗ്രസിന്റെ പ്രകടനപത്രികയെ ദുർവ്യാഖ്യാനം ചെയ്ത്, കോൺഗ്രസ് ഹിന്ദു സ്ത്രീകളുടെ സ്വർണ്ണവും മംഗല്യസൂത്രവും പിടിച്ചെടുത്ത് നുഴഞ്ഞുകയറ്റക്കാരായ മുസ്‍ലിംകൾക്ക് വിതരണം ചെയ്യുമെന്നും അവർ നിങ്ങളുടെ എരുമകളെ തട്ടിയെടുക്കുമെന്നും പച്ചയ്ക്കുപറഞ്ഞ് മോദി അടുത്തിടെ രാജസ്ഥാനിൽ നടത്തിയ പ്രസംഗം ബി.ജെ.പിയുടെ മുസ്‍ലിം വിദ്വേഷം, ഏറ്റവും തീവ്രതയോടെ വമിപ്പിക്കുന്നതായിരുന്നു. ധ്രുവീകരണമുണ്ടാക്കാനും അതിലൂടെ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുമുള്ള ബി.ജെ.പിയുടെ തീവ്രശ്രമങ്ങളുടെ മൂർദ്ധന്യാവസ്ഥയാണിത്. പക്ഷേ, മുസ്ലിംകൾക്കെതിരായ, വർദ്ധിച്ചുവരുന്ന ഈ ആക്രമണങ്ങളെ തെരഞ്ഞെടുപ്പ് തന്ത്രം മാത്രമായി കാണുന്നത് വലിയ മണ്ടത്തരമാകും.

നരേന്ദ്ര മോദി അടുത്തിടെ രാജസ്ഥാനിൽ നടത്തിയ പ്രസംഗം ബി.ജെ.പിയുടെ മുസ്‍ലിം വിദ്വേഷം, ഏറ്റവും തീവ്രതയോടെ വമിപ്പിക്കുന്നതായിരുന്നു.

കേന്ദ്രം ഇപ്പോൾ അമൃത് മഹോത്സവം എന്ന പേരിൽആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ടല്ലോ. അക്ഷരാർത്ഥത്തിൽ അതും നൈതികതയുടെ രൂപമിട്ട ഹിന്ദുത്വ ഭ്രാന്തിന്റെ, വിദ്വേഷത്തിന്റെ മറ്റൊരുതരം പ്രചാരണമാണ് മുന്നോട്ടു വെക്കുന്നത്. അതിന്റെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവ് ഗോൾവാൾക്കർ ദശാബ്ദങ്ങൾക്കുമുമ്പ് സ്ഥാപിച്ചെടുത്ത കാര്യങ്ങൾ മാത്രമാണ് അത് മുന്നോട്ട് വെക്കുന്നത്. നാസി ജർമ്മനിക്ക് ജൂതന്മാരോടുണ്ടായിരുന്നത് പോലെ, വർണ്ണവിവേചനകാലത്തെ ദക്ഷിണാഫ്രിക്കയ്ക്ക് കറുത്തവരോട് ഉണ്ടായിരുന്നതുപോലെ, ഇസ്രായേലിന് പാലസ്തീനികളോടുള്ളതുപോലെ, മുസ്‍ലിംകളോടും ന്യൂനപക്ഷങ്ങളോടും കമ്യൂണിസ്റ്റുകളോടും ഉള്ള വിദ്വേഷമാണ് ഇവിടുത്തെ ഫാഷിസ്റ്റ് വളർച്ചയുടെയും അതിന്റെ ഡിസൈനിങ്ങിന്റെയും കേന്ദ്രം.

ജനങ്ങളെ സംഘടിപ്പിച്ച് സാമുദായിക ധ്രുവീകരണത്തിനെതിരെ പ്രതിരോധിക്കുന്നതില്‍ ഇടതുപക്ഷത്തിനും സി.പി.എമ്മിനും വലിയ പാരമ്പര്യമുണ്ട്. തലശ്ശേരി കലാപകാലത്ത് മുസ്‌ലിംകള്‍ക്കെതിരെ ആര്‍.എസ്.എസിന്റെ വിദ്വേഷ കാമ്പയിനുണ്ടായപ്പോള്‍ ബീഡി തൊഴിലാളികളെ സംഘടിപ്പിച്ച് അതിനെ നേരിട്ടത് ഒരു ഉദാഹരണം. ഇതുപോലെ പശ്ചിമ ബംഗാളിലും ഡല്‍ഹിയിലും ആസാമിലും കര്‍ണാടകയിലും ഗുജറാത്തിലും സാമുദായിക സഹവര്‍ത്തിത്വം ഉറപ്പാക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. വിദ്വേഷ രാഷ്ട്രീയത്തെ ചെറുക്കാന്‍ കേരളത്തിലും മറ്റും സൈബര്‍ സ്‌പെയ്‌സില്‍ അടക്കം വളരെ പ്രധാന റോളാണ് ഇടതുപക്ഷം നിര്‍വഹിക്കുന്നത്.

ഇന്ത്യയിലെ ജനങ്ങൾ- അടിച്ചമർത്തപ്പെട്ടവരും കർഷകരും തൊഴിലാളികളും സ്ത്രീകളും യുവാക്കളും വിദ്യാർഥികളും ന്യൂനപക്ഷങ്ങളും കഴിഞ്ഞ പത്തു വർഷം കൊണ്ട് കെട്ടിപ്പടുത്ത പ്രക്ഷോഭങ്ങൾ ശക്തമായ ഒരു പ്രതിരോധം തീർത്തിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങളുടെ ആധിക്യം ഒന്നു മാത്രം സൂചിപ്പിക്കുന്നു, ജനങ്ങളുടെ ശത്രുക്കൾ തോൽക്കാൻ പോകുന്ന ഒരു യുദ്ധത്തിലാണ്. അവരുണ്ടാക്കിയ ആഘാതം ആഴമേറിയതാണ്, അത് എളുപ്പം നികത്താനുമാകില്ല. വിജയത്തിനുശേഷം, വിദ്വേഷ രാഷ്ട്രീയത്തിനെതിരായ ഈയൊരു പ്രതിരോധ രാഷ്ട്രീയം നമുക്കു നൽകിയ അനുഭവങ്ങളിൽനിന്ന് ഒരു വിഷമിറക്കൽ പ്രക്രിയക്ക് തുടക്കമിടേണ്ടതുണ്ട്. രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിനുമാത്രമേ ഇത്തരമൊരു ദൗത്യം ഏറ്റെടുക്കാനാകൂ, നമ്മുടെ രാജ്യത്തെ തിരിച്ചുകൊണ്ടുവരാനാകൂ, സമാധാനപരമായ സഹവർത്തിത്വവും പൊരുത്തവും ഉറപ്പുവരുത്താനാകൂ. സർദാർ പട്ടേൽ സൂചിപ്പിച്ച, നമ്മുടെ രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികളെ നമുക്ക് വേരൊടെ പിഴുതെറിയണം. വിജയം നമ്മുടേതായിരിക്കും, അതിന് ചരിത്രം സാക്ഷിയാണ്.

Comments