മുഖ്യധാരാ മാധ്യമങ്ങൾ ഇലക്ടറൽ ബോണ്ട് എങ്ങനെ റിപ്പോർട്ടു ചെയ്തു?

‘‘ആറ് വർഷത്തിനുള്ളിൽ സ്വീകരിക്കപ്പെട്ട ഇലക്ടറൽ ബോണ്ട് വിവരങ്ങൾ കോടതി ഇടപെടലിലൂടെ ഇന്ന് പൊതുമധ്യത്തിലുണ്ട്. ലഭ്യമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി എക്‌സ് അക്കൗണ്ടുകളിലൂടെ പോലും വസ്‌തുതകൾ നിരത്തി ചോദ്യങ്ങളുണ്ടാകുമ്പോൾ, പ്രൊഫഷണലായി ഡാറ്റ കൈകാര്യം ചെയ്യാൻ വേണ്ട റിസോഴ്സ് സ്വന്തമായുള്ള മുഖ്യധാരാ മാധ്യമങ്ങൾ എങ്ങനെ ഈ വിഷയം കൈകാര്യം ചെയ്തുവെന്നത് പരിശോധിക്കേണ്ടതുണ്ട്’’- അശ്വിൻ വി. എഴുതുന്നു.

ലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടതിന്റെ തൊട്ടടുത്ത ദിവസം, ദേശാഭിമാനി പത്രം ഒന്നാം പേജിൽ, ആ വാർത്തയുടെ ബാനർ ഹെഡ്‌ലൈനിനൊപ്പം ‘ബി.ജെ.പി യുടെ ബോഫോഴ്‌സ്’ എന്ന് കൂടി ഡെക്ക് ലൈൻ ആയി ചേർത്തിരുന്നു. തങ്ങൾക്കുചിതമായ നിയമനിർമ്മാണത്തിലൂടെ സർക്കാർ നടത്തിയ ഒരു അഴിമതിയുടെ വ്യാപ്തി വായനക്കാർക്ക് വെളിവാക്കാൻ എഡിറ്റോറിയൽ സംഘം തിരഞ്ഞെടുത്ത ശക്തമായ ഒരു അലിഗൊറി ആയിരുന്നിരിക്കണം അത്.

ചിത്ര സുബ്രഹ്മണ്യൻ

എന്നാൽ ബോഫോഴ്സ് റഫറൻസിന് വർത്തമാന ഇന്ത്യയിൽ വേറെയും ചില മാനങ്ങളുണ്ട്. സ്വീഡിഷ് ആയുധ നിർമ്മാണ കമ്പനിയായ ബോഫോഴ്‌സുമായുള്ള ഇന്ത്യൻ ഗവണ്മെന്റിന്റെ ഇടപാടുകളിലെ സാമ്പത്തിക ക്രമക്കേടുകൾ 1987-ൽ സ്വീഡിഷ് റേഡിയോയിലൂടെയാണ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അക്കാലത്ത് ‘ദ ഹിന്ദു’ വിൽ മാധ്യമപ്രവർത്തകയായ ചിത്ര സുബ്രഹ്മണ്യൻ ഈ ലീഡ് പിന്തുടരുകയും, സമഗ്ര അന്വേഷണത്തിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരികയുമാണുണ്ടായത്.

414 ലോക്സഭാ സീറ്റുകളുടെ പിൻബലത്തിൽ ഭരണത്തിലിരുന്ന രാജീവ് ഗാന്ധി സർക്കാറിനെ പ്രതിരോധത്തിലാക്കി, 1989- ലെ തിരഞ്ഞെടുപ്പിൽ പരാജയത്തിലേക്ക് കൊണ്ടെത്തിച്ചതിൽ ബോഫോഴ്സ് അഴിമതിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് സുപ്രധാന പങ്കുണ്ട്. 30 വർഷങ്ങൾക്കിപ്പുറം രാഷ്ട്രീയ ഇന്ത്യയിലും, അന്വേഷണാത്മതക പത്രപ്രവർത്തനത്തിലും, ബോഫോഴ്സ് ‘കാലഘട്ടം’ വിശേഷപ്പെട്ട ചരിത്രമാണ്. മാധ്യമങ്ങളുടെ പ്രതിപക്ഷ ധർമത്തിന്റെയും സർക്കാരുകൾക്കുണ്ടാവേണ്ട സോഷ്യൽ അക്കൗണ്ടബിലിറ്റിയും ഓർമപ്പെടുത്തുന്ന ചരിത്രം. അതേസമയം, പ്രധാനമന്ത്രിയുടെ ‘പബ്ലിക് റിലേഷൻസ്’ ഏറ്റെടുത്ത് നടത്തുന്ന വർത്തമാന ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾക്ക് അവകാശപ്പെടാൻ ഒട്ടുമേ അർഹതയില്ലാത്ത ചരിത്രം കൂടിയാവുന്നുണ്ടത്.

സോണിയ ഗാന്ധി, രാജീവ് ഗാന്ധി

ബി.ജെ.പി അനുകൂല നറേറ്റീവ് സൃഷ്ടിക്കുന്നതിൽ മുഖ്യധാരാ മാധ്യമങ്ങൾ പ്രകടിപ്പിക്കുന്ന വൈദഗ്ധ്യത്തിന് നിരവധി മുൻകാല മാതൃകകൾ കണ്ടെത്താനാകും. നീതി-ന്യായ വ്യവസ്ഥയിൽ സമൂല മാറ്റം എന്ന അവകാശവാദത്തോടെ, വിശേഷാൽ, നീതിന്യായസംഹിതയെ ഡി-കോളനൈസ് ചെയ്യുകയെന്ന നിലയിൽ ബ്രാൻഡിംഗ് ചെയ്തുകൊണ്ടാണ് 2023 ഡിസംബർ 20ന് ഭാരതീയ ന്യായ സംഹിത ഉൾപ്പെടുന്ന മൂന്ന് പ്രധാന ബില്ലുകൾ ലോകസഭയിൽ ഭരണപക്ഷം പാസ്സാക്കിയെടുക്കുന്നത്. ശബ്ദവോട്ടിങ്ങിലൂടെ ആ ബില്ലുകൾ അംഗീകാരം നേടുമ്പോൾ, സസ്‌പെൻഷനെ തുടർന്ന് 97 പ്രതിപക്ഷ എം.പിമാർ ലോക്സഭയിലുണ്ടായിരുന്നില്ല. പതിനഞ്ചിൽ നിന്ന് 90 ദിവസം വരെ പോലീസ് കസ്റ്റഡിയുടെ കാലയളവ് വർധിപ്പിക്കുന്നത് ഉൾപ്പടെയുള്ള വ്യവസ്ഥകൾ പോലീസ് രാജിന് വഴിവെക്കും എന്ന വിമർശനങ്ങൾ നിയമനിർമ്മാണ സഭയിലോ പിന്നീട് പൊതുമണ്ഡലങ്ങളിലോ കാര്യമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തില്ല. പൗരസമൂഹത്തെ ഇത്രമേൽ ബാധിക്കുന്ന ഭേദഗതി നിയമനിർമ്മാണ സഭയിൽ അംഗീകാരം നേടിയ ഇതേ ദിവസം രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളുടെ പ്രൈം ടൈം ഡിബേറ്റുകൾ വളരെ കൗതുകമുയർത്തുന്നതായിരുന്നു. പ്രതിപക്ഷ എം.പി മാരുടെ പ്രതിഷേധത്തിനിടെ തൃണമൂൽ കോ​ൺഗ്രസ് പ്രതിനിധി കല്യാൺ ബാനർജി, വൈസ് പ്രസിഡന്റ് ജഗദീപ് ധൻകരിനെ അനുകരിച്ചു നടത്തിയ 'പ്രകടനം' അവഹേളനമായെന്നും പാർലിമെന്റിന്റെ അന്തസ്സിന് നിരക്കാത്തതായിപ്പോയെന്നുമാണ് റിപ്പബ്ലിക് ടി.വി, ന്യൂസ് 18, ടൈംസ് നൗ ഉൾപ്പടെയുള്ള മുഖ്യധാരാ മാധ്യമങ്ങൾ പ്രധാന ചർച്ചയായി അന്ന് ഉയർത്തിക്കാട്ടിയത്.

ഇലക്ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമെന്ന് വിലയിരുത്തി, നിയമസാധുതയെ റദ്ദ് ചെയ്തതിലൂടെ രാഷ്ട്രീയ പാർട്ടികളുടെ ധനസമാഹാരണവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കേണ്ട സുതാര്യതയും, അതേ സംബന്ധിച്ച പൗരസമൂഹത്തിന്റെ വിവരാവകാശവും അടിവരയിടുകയാണ് സുപ്രീം കോടതി ചെയ്തത്. പൊതുജനങ്ങൾക്കുമുന്നിൽ ഐഡന്റിറ്റി വെളിപ്പെടുത്താതെ, നിക്ഷിപ്ത താല്പര്യങ്ങളോടെ വ്യക്തികളോ കോർപ്പറേറ്റ് സ്ഥാപനങ്ങളോ നൽകുന്ന സംഭവനകൾ ഇലക്ടറൽ ബോണ്ടായി സ്വീകരിക്കുന്നതിലൂടെ, അഴിമതിയെ നിയമാനുസൃതമാക്കുകയാണ് എന്ന് ബോധ്യപ്പെടുക എളുപ്പമാണ്.

2018 ൽ പ്രാബല്യത്തിൽ വന്ന പദ്ധതിയിലൂടെ ആറ് വർഷത്തിനുള്ളിൽ സ്വീകരിക്കപ്പെട്ട ഇലക്ടറൽ ബോണ്ട് വിവരങ്ങൾ കോടതി ഇടപെടലിലൂടെ ഇന്ന് പൊതുമധ്യത്തിലുണ്ട്. ലഭ്യമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി എക്‌സ് (ട്വിറ്റർ) അക്കൗണ്ടുകളിലൂടെ പോലും വസ്‌തുതകൾ നിരത്തി ചോദ്യങ്ങളുണ്ടാകുമ്പോൾ, പ്രൊഫഷണലായി ഡാറ്റയെ കൈകാര്യം ചെയ്യാൻ വേണ്ട റിസോഴ്സുകൾ സ്വന്തമായുള്ള മുഖ്യധാരാ മാധ്യമങ്ങൾ ഏതുവിധേന ഈ വിഷയം കൈകാര്യം ചെയ്തുവെന്നത് പരിശോധിക്കേണ്ടതുണ്ട്. മതവിദ്വേഷവും, വെറുപ്പും പ്രചരിപ്പിച്ച് പക്ഷാപാതപരമായി നിലപാടെടുക്കുന്നു എന്ന വിലയിരുത്തലിൽ, ഇന്ത്യ മുന്നണി മുൻപ് ബഹിഷ്‌കരിച്ച അതേ മാധ്യമപ്രവർത്തകർ തന്നെയാണ് ഇന്നും ബ്രോഡ്കാസ്റ്റ് മീഡിയയുടെ പ്രൈം ടൈം കയ്യാളുന്നത്. ടി.ആർ.പി റേറ്റിങ്ങിൽ മുന്നിട്ടു നിൽക്കുന്ന മുഖ്യധാരാ മാധ്യമങ്ങളത്രയും ഹിന്ദി ഹൃദയഭൂമിയിൽ നരേന്ദ്ര മോദി എന്ന ‘ഡെമഗോഗി’നെ കൂടുതൽ ഉയരത്തിൽ പ്രതിഷ്ഠിക്കാനുള്ള മത്സരത്തിലാണ്.

ഭരണകൂട- കോർപ്പറേറ്റ് വിധേയത്വത്തിൽ അകപ്പെടാതെ, ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ എക്‌സ്‌പോസ് ചെയ്ത് സമഗ്രമായ കവറേജ് നൽകുന്നതിലൂടെ, ഇൻഡിപെൻഡന്റ് മീഡിയ പലപ്പോഴെന്നപോലെ ഈ ഘട്ടത്തിലും പ്രതീക്ഷയാകുന്നുണ്ട്. ഇലക്ടറൽ ബോണ്ട് പദ്ധതിയെ സംബന്ധിച്ച ആശങ്കകൾ 2018-ൽ, അത് നടപ്പിൽ വരുത്തിയ കാലം മുതലേ പല കോണുകളിൽ നിന്ന് ഉയർന്നിരുന്നു. ഒട്ടും സുതാര്യതയോ പബ്ലിക് അകൗണ്ടബിലിറ്റിയോ അവകാശപ്പെടാനില്ലാത്ത ഒരു സ്കീമുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു കൊണ്ടുവരാൻ 80 ലേറെ RTI അപേക്ഷകളാണ് കൊമോഡോർ ലോകേഷ് ബത്ര എന്ന ട്രാൻസ്പരൻസി ആക്ടിവിസ്റ്റ് ഫയൽ ചെയ്തത്. ഭരണഘടനാ ലംഘനം ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയിൽ ഫയൽ ചെയ്യപ്പെട്ട കേസിൽ ഇവ നിർണായക സ്വാധീനമായി. ലോകേഷ് ബത്രക്ക് ലഭിച്ച RTI മറുപടികൾ അടിസ്ഥാനമാക്കി മാധ്യമപ്രവർത്തകനായ നിതീഷ് സേഥി നടത്തിയ തുടരന്വേഷണങ്ങളിലൂടെയാണ് ഇലക്ടറൽ ബോണ്ടിനെ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ പുറത്താവുന്നത്. Huffpost ൽ പ്രസിദ്ധീകരിച്ച #PAISAPOLITICS എന്ന അന്വേഷണ പരമ്പരയിലൂടെ റിസർവ് ബാങ്കിന്റെയും ഇലക്ഷൻ കമീഷന്റെയും മുന്നറിയിപ്പ് മറികടന്ന് ഇലക്ടറൽ ബോണ്ട് സ്‌കീം നടപ്പിൽ വരുത്താൻ സർക്കാർ നടത്തിയ ഇടപെടലുകൾ പുറത്തു കൊണ്ടുവന്നു. ഏഷ്യൻ സ്‌കൂൾ ഓഫ് ജേണലിസത്തിന്റെ 2019-ലെ ഇൻവെസ്റ്റിഗേറ്റിവ് ജേണലിസം അവാർഡിന് നിതീഷ് സേഥിയെ അർഹനാക്കിയതും ഇതേ റിപ്പോർട്ടാണ്.

പൊളിറ്റിക്കൽ ഫണ്ടിങ്ങിൽ നിന്ന് കള്ളപ്പണം പുറത്താക്കുക, സംഭാവന നൽകുന്നവരുടെ ഐഡന്റിറ്റി പുറത്ത് വിടാതെ, വിക്റ്റിമൈസേഷനിൽ നിന്ന് സംരക്ഷിക്കുക തുടങ്ങി ‘ഉദ്ദേശ്യശുദ്ധികളോടെ’യാണ് ഇലക്ടറൽ ബോണ്ട് അവതരിപ്പിക്കപ്പെട്ടത്. പദ്ധതി കൃത്യമായി ഏതു രീതിയിൽ പ്രവർത്തിക്കുന്നു എന്ന് വെളിപ്പെടുന്നത് ദ ക്വിന്റിന് (The Quint) വേണ്ടി പൂനം അഗർവാൾ നടത്തിയ അന്വേഷണത്തിലൂടെയാണ്. 2018 ഏപ്രിലിൽ മാസം 1000 രൂപയുടെ രണ്ട് ഇലക്ടറൽ ബോണ്ടുകൾ പൂനം തന്റെ പേരിൽ പർച്ചേസ് ചെയ്തു. ലഭിച്ച ഇലക്ടറൽ ബോണ്ടുകൾ ദി ക്വിന്റിന്റെ സഹായത്തോടെ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കി. ഡോണറുടെ ഐഡന്റിറ്റി അജ്ഞാതമായിരിക്കും എന്ന സ്കീമിന്റെ പ്രധാന അവകാശവാദം പൊളിച്ച് അവയിലെ രഹസ്യ ആൽഫാ-ന്യൂമറിക് സീരിയൽ നമ്പറുകൾ ഇതിലൂടെ കണ്ടെത്തുകയുണ്ടായി. നിലവിൽ പുറത്തുവന്ന ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട ഡാറ്റയെ അടിസ്ഥാനമാക്കി, സംഭാവന നൽകിയ കമ്പനികളെ കൃത്യമായി രാഷ്ട്രീയ പാർട്ടികളുമായി ലിങ്ക് ചെയ്യുന്നതിൽ പരിമിതികളുണ്ട്. ഇത് സാധ്യമാക്കാൻ മേൽ പറഞ്ഞ സീരിയൽ നമ്പറുകൾ കൂടി പുറത്തുവിടാനാണ് നിലവിൽ സുപ്രീം കോടതി എസ്.ബി.ഐ ക്ക് നൽകിയ നിർദ്ദേശം.

ഫെബ്രുവരി 15 ന് സുപ്രീം കോടതി പ്രഖ്യാപിച്ച അന്തിമവിധിയിലൂടെയാണ് ഇലക്ടറൽ ബോണ്ട് സംവിധാനം റദ്ദ് ചെയ്യപ്പെടുന്നത്. കോടതി നിർദ്ദേശത്തെ തുടർന്ന് ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇലക്ഷൻ കമ്മീഷന് കൈമാറാനും നിർദ്ദേശമുണ്ടായി. മാർച്ച് 12ന് കൈമാറിയ വിവരങ്ങൾ ഇലക്ഷൻ കമീഷന്റെ വെബ്‌സൈറ്റിലൂടെ മാർച്ച് 14ന് പുറത്തുവിടുകയും ചെയ്തു. ഔദ്യോഗികമായി ഈ വിവരങ്ങൾ പുറത്തു വരുന്നതിന് മുൻപ്, ഫെബ്രുവരിയിൽ തന്നെ, ന്യൂസ് ലോണ്ടറി (Newslaundry), ദ ന്യൂസ് മിനുറ്റ് (The NewsMinute) എന്നീ സ്വതന്ത്ര മാധ്യമങ്ങൾ ചേർന്ന് തയ്യാറാക്കിയ അന്വേഷണ പരമ്പരയിലൂടെ, കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി ബി.ജെ.പി ‘നിയമാനുസൃതം’ നടപ്പിൽ വരുത്തിയ അഴിമതിയുടെ സാധ്യതകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2018-നും 2023-നും ഇടയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിട്ടതിൽ, ചുരുങ്ങിയത് 30 കമ്പനികൾ ചേർന്ന് 335 കോടിയുടെ ഇലക്ടറൽ ബോണ്ട് ബി.ജെ.പി ക്ക് വേണ്ടി പർച്ചേസ് ചെയ്തുവെന്ന് തെളിവുനിരത്തി അവരുന്നയിച്ചു. ലഭ്യമായ ഡാറ്റ അടിസ്ഥാനമാക്കി രണ്ട് ഭാഗങ്ങളായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, പരാമർശിക്കപ്പെട്ട കാര്യങ്ങൾ ശരിവെക്കാനും പുതുതായി പുറത്തുവിട്ട വിവരങ്ങൾ അടിസ്ഥാനമാക്കി കൂടുതൽ വ്യക്തതയോടെ അവയെ സാധൂകരിക്കാനും അവർക്ക് സാധിച്ചു.

ഇലക്ടറൽ ബോണ്ട് സ്‌കീം നടപ്പിൽ വരുത്താൻ സർക്കാർ നടത്തിയ ഇടപെടലുകൾ പുറത്തു കൊണ്ടുവന്ന നിതീഷ് സേഥി, പദ്ധതി കൃത്യമായി ഏതു രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ദ ക്വിന്റിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്ത പൂനം അഗർവാള്‍.

അടിയന്തരാവസ്ഥക്കുശേഷമാണ് മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനും അതുവഴി ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ഇന്ത്യൻ സാഹചര്യത്തിൽ കൂടുതൽ ചർച്ചകളുണ്ടാകുന്നത്. പൊതുഅവകാശങ്ങൾക്ക് വേണ്ടിയുള്ള സഹകരണങ്ങളിൽ കവിഞ്ഞ് വ്യത്യസ്ത മീഡിയാ ഹൗസുകൾ ഒരുമിച്ച് ചേർന്ന് നടത്തുന്ന കോളാബറെറ്റീവ് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസത്തിന്റെ നിരവധി മുൻ മാതൃകകളും മുഖ്യധാരാ മാധ്യമങ്ങളിൽ തന്നെ നമുക്ക് കണ്ടെത്താനാകും. കൂടുതൽ റിസോഴ്സുകൾ ഉപയോഗപ്പെടുത്തി വിവരങ്ങൾ വിശകലനം ചെയ്യാനും, കണ്ടെത്തലുകൾ കൂടുതൽ വ്യക്തതയോടെ സാധൂകരിക്കാനും ഇതിലൂടെ സാധിക്കും. ഇലക്ടറൽ ബോണ്ട് വിവരങ്ങളെ സംബന്ധിച്ച ഡാറ്റ വിശകലനം ചെയ്ത് റിപ്പോർട്ട് ചെയ്യാൻ Scroll.in, Newslaundry, The NewsMinute എന്നീ സ്വാതന്ത്ര്യ മാധ്യമങ്ങൾ ഒരുമിച്ചു ചേർന്ന് രൂപം നൽകിയ ‘പ്രോജക്റ്റ് ഇലക്ടറൽ ബോണ്ട്’ ദിനംപ്രതി കൂടുതൽ വിശദാംശങ്ങൾ പുറത്തുകൊണ്ടുവരുന്നുണ്ട്. നിർണ്ണായകമായ ഈ വിവരങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുവാനും മുഖ്യധാരാ മാധ്യമങ്ങളെ സ്വാധീനിക്കും വിധം ചർച്ചകൾ സജീവമാക്കാനും ഈ കൊളാബറേഷനിലൂടെ അവർക്ക് സാധിക്കുന്നുണ്ട്.

സമാനമാണ് ‘ദ റിപ്പോർട്ടർ കളക്ടീവ്’ മുന്നോട്ടു വെച്ചിരിക്കുന്ന 'Electoral Bonds Tracker’ എന്ന റിപ്പോർട്ടിങ് പ്രോജക്ടും. ഇഷ്യൂ ചെയ്യപ്പെട്ട ബോണ്ടുകൾ 15 ദിവസങ്ങൾക്കകം രാഷ്ട്രീയ പാർട്ടികൾ പണമാക്കി കൈപറ്റണമെന്നാണ് നിയമം. 2019-ൽ ഈ കാലാവധി ലംഘിച്ച് ഒരു രാഷ്ട്രീയ പാർട്ടി പണം കൈപ്പറ്റി എന്ന വാർത്ത ദ റിപ്പോർട്ടർ കളക്ടീവ് ലഭ്യമായ വിവരങ്ങൾ നിരത്തി അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ച് വർഷങ്ങൾക്കിപ്പുറം ഇലക്ടറൽ ബോണ്ട് ഡാറ്റ പുറത്തുവന്ന ഘട്ടത്തിലാണ് ബി.ജെ.പി ക്കുവേണ്ടി സർക്കാർ നടത്തിയ നിയമലംഘനമാണ് അതെന്ന് ഉറപ്പിക്കാനായത്. ഈ വിധം സൂക്ഷ്മവും സജീവവുമായി വിഷയത്തെ പിന്തുടരാനുള്ള ഉത്തരവാദിത്തം അവർ നിലനിർത്തിപോരുന്നത് കാണാം. വ്യത്യസ്ത ഭാഷയിലും മീഡിയത്തിലും പ്രവർത്തിക്കുന്ന മീഡിയാ സ്ഥാപനങ്ങളുമായി സഹകരിക്കുന്നതാണ് റിപ്പോർട്ടർ കളക്ടീവിന്റെ പൊതുവിലെ വർക്കിങ് മോഡൽ. ഭരണനിർവ്വഹണത്തെയും, രാഷ്ട്രീയ-സമ്പദ് വ്യവസ്ഥയെയും സംബന്ധിച്ച സ്റ്റോറികളുടെ സമഗ്രമായ റിപ്പോർട്ടിങ്ങിന് ഒരു പ്ലാറ്റ്ഫോമായി അവർ പ്രവർത്തിച്ചുവരുന്നു.

ഇലക്ടറൽ ബോണ്ട് വിവരങ്ങളെ സംബന്ധിച്ച ഡാറ്റ വിശകലനം ചെയ്ത് റിപ്പോർട്ട് ചെയ്യാൻ Scroll.in, Newslaundry, The NewsMinute എന്നീ സ്വാതന്ത്ര്യ മാധ്യമങ്ങൾ ഒരുമിച്ചു ചേർന്ന് രൂപം നൽകിയ ‘പ്രോജക്റ്റ് ഇലക്ടറൽ ബോണ്ട്’ ദിനംപ്രതി കൂടുതൽ വിശദാംശങ്ങൾ പുറത്തുകൊണ്ടുവരുന്നുണ്ട്

ഇലക്ടറൽ ബോണ്ടിന്റെ നാൾവഴികളിൽ മുഖ്യധാരാ മാധ്യമങ്ങൾക്ക് എത്രകണ്ട് സ്വാധീനം ചെലുത്താനായി എന്നത് തന്നെയാണ് വർത്തമാന കാലത്തെ അവരുടെ പ്രവർത്തന ക്ഷമതയുടെ സൂചകം. ജനാധിപത്യത്തെ സംരക്ഷിക്കാൻ, ന്യൂസ് ചാനലുകൾ ബഹിഷ്‌കരിച്ചുകൊണ്ടുള്ള ‘സത്യാഗ്രഹ’ത്തിന് ഇന്ത്യൻ ജനത തയ്യാറാകണമെന്ന് ഏറെക്കാലം മുൻപേ മുതിർന്ന മാധ്യമപ്രവർത്തകനായ രവീഷ് കുമാർ ആഹ്വാനം ചെയ്തിരുന്നു. എൻ.ഡി.ടി.വിയുടെ ഷെയറുകൾ അദാനി ഏറ്റെടുത്തതോടെ രാജി വെച്ച് ബ്രോഡ്കാസ്റ്റ് മീഡിയയുടെ മുഖ്യധാരയിൽ നിന്ന് പിൻവാങ്ങിയ അദ്ദേഹം പിന്നീട് യൂറ്റ്യൂബ് ജേണലിസത്തിലേക്ക് വഴിമാറുകയാണ് ചെയ്തത്. 8.94 M സബ്സ്ക്രൈബേഴ്‌സുമായി ഇന്ന് ‘ഇന്ത്യ ടുഡേ’ യേക്കാൾ കൂടുതൽ ഡിജിറ്റൽ കാഴ്ച്ചക്കാരുണ്ട് Ravish Kumar Official എന്ന യൂറ്റ്യൂബ് ചാനലിന്.

വളരെ സ്വഭാവികമായി നമ്മെ ഇങ്ങോട്ട് തേടിയെത്തുന്ന വാർത്തകളത്രയും പ്രൊപ്പഗാണ്ടയുടെ ഭാഗമാകുന്ന കാലത്ത്, സ്വതന്ത്ര മാധ്യമ പ്ലാറ്റ്ഫോമുകളെ തേടി പിന്തുടരാൻ തയ്യാറാകുന്ന ജനതയുണ്ടാകുന്നതും പ്രതീക്ഷയാണ്.

Comments