രാഹുലും യാത്രികരും സംസാരിച്ചുതുടങ്ങ​ട്ടെ, അവർ കണ്ട ഇന്ത്യയെക്കുറിച്ച്​

കന്യാകുമാരി മുതൽ കശ്മീർ വരെ 123 ദിവസങ്ങൾ, 3500 ലേറെ കിലോമീറ്ററുകൾ നടന്നുനീങ്ങിയ ഭാരത്​ ജോഡോ യാത്രയിലെ ഓരോ യാത്രികരും അവർ കണ്ടറിഞ്ഞ ഇന്ത്യയെ വിവരിച്ചാൽ ആ ആഖ്യാനം ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ ഭാവന വെളിവാക്കും. അടഞ്ഞ വാതിലുകൾ തുറക്കാൻ കഴിയുമോ ഇല്ലയോ എന്ന ചോദ്യത്തിന് ഉത്തരം നൽകാനും അവരുടെ ആഖ്യാനങ്ങൾക്ക് കഴിഞ്ഞെന്നുവരും.

ഭാരത് ജോഡോ യാത്ര കഴിഞ്ഞതിനുശേഷം ഇന്ദിരാഭവനിൽ നൽകിയ സ്വീകരണത്തിൽ കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നടത്തിയ മറുപടി പ്രസംഗത്തിൽനിന്ന് വ്യക്തമായ ഒരു കാര്യം, ഈ യാത്ര ഇന്ത്യയിൽ സാധ്യമാകുന്ന ജനാധിപത്യത്തിനുവേണ്ടിയുള്ള അന്തിമമായ നിലവിളിയാണ് എന്നതാണ്. ഇങ്ങനെ ഒരു യാത്ര ഇനി ഇന്ത്യയിൽ സാധ്യമാകുമോ എന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. നിരന്തരം വർഗീയവൽക്കരിക്കപ്പെടുന്ന സമൂഹത്തിൽ, സമ്പത്തിന്റെ കേന്ദ്രീകരണം ഇന്ത്യൻ ജാതിമുതലാളിത്തത്തിന്റെ കൈകളിലമർന്ന് വിളയാടുമ്പോൾ അത്തരം ആശങ്കക്ക് സാംഗത്യമുണ്ട്. അതിദേശീയതയും ബ്രാഹ്മണിക് ഹിംസയും ഒത്തുചേരുമ്പോൾ ജനാധിപത്യത്തിന്റെ എല്ലാ വാതിലുകളും അടയ്ക്കപ്പെടും. അങ്ങനെ അടയ്ക്കപ്പെടുന്ന വാതിലുകളിൽ ഒന്നെങ്കിലും കുത്തിത്തുറന്ന് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിന്റെ ഒരടയാളമായിട്ടാണ് ഭാരത് ജോഡോ യാത്രയെ മനസ്സിലാക്കേണ്ടത്.

യാത്ര വോട്ടാകുമോ?

ഈ യാത്ര കോൺഗ്രസിനെ തെരഞ്ഞെടുപ്പുകളിൽ സഹായിക്കുമെന്ന് പറയാൻ കഴിയില്ല. കാരണം, ഗ്രാമ- നഗര കേന്ദ്രങ്ങളിൽ ജനാധിപത്യ ശക്തികളുടെ കേന്ദ്രീകരണത്തിനും അതിനെ വോട്ടാക്കി മാറ്റാനുമുള്ള സംഘടനാശക്തി കോൺഗ്രസും മറ്റ് ജനാധിപത്യ- മതേതര വിഭാഗങ്ങളും കൈവരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്​ നിരാശാജനകമായ മറുപടിയാണ്​ ലഭിക്കുക. അതുകൊണ്ടുകൂടിയാണ് ഈ യാത്ര ‘a cry in the wildness’ എന്നു പറയേണ്ടിവരുന്നത്.

കന്യകുമാരിയിൽനിന്ന് തുടങ്ങിയ യാത്ര കശ്മീരം വരെ നടന്നുനീങ്ങിയെങ്കിലും അതിന് ഇന്ത്യൻ മനസ്സുകളെ ജനാധിപത്യപരമായി മാറ്റിത്തീർക്കുംവിധം സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ടോ എന്നത് വിലയിരുത്തപ്പെടേണ്ടതായിട്ടുണ്ട്. ചില സംസ്ഥാനങ്ങളിലെ ജനപങ്കാളിത്തം കാരണം ചിലപ്പോഴെങ്കിലും മുഖ്യധാരാ മാധ്യമങ്ങൾക്ക് അവരുടെ ഇച്ഛക്ക് വിരുദ്ധമായി ഈ ജാഥ റിപ്പോർട്ടുചെയ്യേണ്ടിവന്നിട്ടുണ്ട്. അതൊഴിച്ചാൽ ഇന്ത്യൻ രാഷ്ട്രീയ മനഃസാക്ഷിയെ ഈ യാത്ര തൊട്ടുണർത്തിയിട്ടുണ്ടോ എന്നതിന് നിരാശാജനകമായ ഉത്തരമാണ് നൽകാൻ കഴിയുക. എന്നാൽ, കോൺഗ്രസ് ഇന്ത്യയിൽ തീർന്നിരിക്കുന്നുവെന്ന സംഘപരിവാർ ആഖ്യാനത്തെ നേരിടാൻ ഈ യാത്രക്ക് കഴിഞ്ഞിട്ടുമുണ്ട്.

Photo: Rahul Gandhi FB Page

യാത്ര തുടങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോൾ രാഹുൽ ഗാന്ധിക്ക് അതിയായ കാൽവേദന അനുഭവപ്പെടുകയും മറ്റൊരു മുതിർന്ന നേതാവിന്റെ നേതൃത്വത്തിൽ ജാഥ തുടരാനാകുമോ എന്നും ആലോചനയുണ്ടായിരുന്നു. നാലുദിവസത്തെ വിശ്രമവും പരിചരണവും രാഹുൽ ഗാന്ധിയെ യാത്ര തുടരാൻ ആരോഗ്യമുള്ളവനാക്കി മാറ്റി. ഇത്ര സാഹസികമായ ഒരു യാത്ര ഒരാൾ മാത്രം ഏറ്റെടുക്കേണ്ടിവരുന്നതും കോൺഗ്രസിന്റെ ദൗർബല്യത്തെ കൂടിയാണ് സൂചിപ്പിക്കുന്നത്.

കേരളം കണ്ട യാത്ര

യാത്ര തിരുവനന്തപുരത്തെത്തിയപ്പോൾ ആവേശം കൂടി. കേരളത്തിന്റെ പൊതു മനഃസാക്ഷി ആ യാത്രയെ തോളിലേറ്റി. അതിന് മതിയായ കാരണവുമുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയാണ് അതിൽ പ്രധാനം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സാന്നിധ്യമാണ് അതിലൊന്ന്. സംഘപരിവാർ ഉയർത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയം സംഘർഷഭരതിമാക്കുന്ന ന്യൂനപക്ഷ മനസ്സുകൾ രാഹുൽ ഗാന്ധിയെ പ്രത്യാശാവാഹകനായിട്ടാണ് മനസ്സിലാക്കുന്നത്. ഇതാണ് അവസാനത്തെ വാതിൽ എന്നും ഇതിലൂടെ കടന്നുപോകുക എന്നത് വെറും തെരഞ്ഞെടുപ്പുരാഷ്ട്രീയമല്ല എന്നും അവർ തിരിച്ചറിയുന്നു. പുതിയ രാഷ്ട്രീയ ഭാവന നിർമിക്കാൻ കോൺഗ്രസിനെ സഹായിക്കലുമല്ല അവരുടെ ലക്ഷ്യം. കേരളത്തിലെ മുസ്​ലിം- ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ, സംഘ്പരിവാറിന് വിരുദ്ധമായി, ഇന്ത്യക്ക് ഒരു ദേശീയ നേതാവിനെ ആവശ്യപ്പെടുന്നുണ്ട്. താരതമ്യേന സാമ്പത്തികശേഷിയുള്ള ഈ വിഭാഗം മെയ് മറന്ന് ഈ യാത്രയോടൊപ്പം കൂടുകയും ചെയ്തു.

കേരളത്തിലെ കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ, വല്ലപ്പോഴും ഇടത്തോട്ടുനോക്കി വലത്തോട്ട് പോകുന്ന രീതിയും മൂലധനശക്തികളെ സഹായിക്കുംവിധമുള്ള സമീപനങ്ങളും നല്ല ശതമാനം ലിബറൽ ഇടതുപക്ഷക്കാരെ കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു ദേശീയനേതൃത്വത്തിലേക്ക് അടുപ്പിക്കുന്നുമുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും പൊതുചർച്ചകളിലൂടെയും ഈ യാത്രക്ക് അനുകൂലമായ ആഖ്യാനങ്ങളെ അവർ മുന്നോട്ടുകൊണ്ടുവന്നു. കേരളത്തിലെ യാത്ര കഴിഞ്ഞപ്പോൾ രാഹുൽ പറഞ്ഞത്, ഒരുപാട് നേതാക്കൾ കേരളത്തിലെ ജാഥയിലൂടെ കടന്നുപോയി എന്നാണ്. കോൺഗ്രസിലെ എല്ലാ നേതാക്കളും മതനേതാക്കളും അറിയപ്പെടാത്ത അനേകം മനുഷ്യരും സംഘംസംഘമായി രാഹുൽ ഗാന്ധിയെ കാണാനെത്തി. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് യാത്ര എത്തിയപ്പോൾ മൂന്ന് കിലോമീറ്ററോളം നടന്നും പാഞ്ഞും വന്ന, എഴുപതിൽപരം പ്രായമുള്ള ഒരു ഉമ്മച്ചിയുമായി കെട്ടിപ്പിടിച്ചുള്ള രാഹുൽ ഗാന്ധിയുടെ ഫോട്ടോ പത്രങ്ങളുടെ ജില്ലാ പേജുകളിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്തായിരിക്കാം ആ ഉമ്മച്ചിയെ സ്വന്തം പ്രായവും ശാരീരിക ബുദ്ധിമുട്ടും സഹിച്ച് ഈ യാത്രയിൽ പങ്കുചേരാൻ പ്രേരിപ്പിച്ചിരിക്കുക?. അവരെ തിരസ്‌കരിക്കുന്ന സാമൂഹിക മനസ്സ്, അവർ അനുഭവിക്കുന്ന വർത്തമാന രാഷ്ട്രീയ കാലാവസ്ഥ രൂപപ്പെടുത്തിയെന്നത് നിർണായകമാണ്. അതോടൊപ്പം, രാഹുൽ ഗാന്ധി ഒരു പ്രതീക്ഷയും സ്നേഹത്തിന്റെ അടയാളവുമായി മാറുകയും ചെയ്തു.

രാഹുൽ ഗാന്ധിയെ കണ്ടേ മടങ്ങൂ എന്ന ആഗ്രഹവുമായി ഭാരത്‌ ജോഡോ യാത്രയിൽ അണിനിരക്കാൻ എത്തിയ സാനിയമ്മ / Photo: Rahul Gandhi FB Page

ഗാന്ധിജിയാണ് കാൽനടയെ ഒരു രാഷ്ട്രീയ പ്രയോഗമായി ഇന്ത്യയിൽ അവതരിപ്പിച്ച നേതാവ്. അഹിംസാ തത്വത്തിലൂന്നിയ യാത്രയായിരുന്നു അദ്ദേഹത്തിന്റേത്. ഗാന്ധിയുടെ യാത്രകൾ കഴിയുന്നതും സാവധാനത്തിലുള്ളതായിരുന്നു. നാട്ടിൻപുറത്തും ഗ്രാമത്തിലുമുള്ള മനുഷ്യർക്ക് അറിയാനും അണിനിരക്കാനുമുള്ള സൗകര്യത്തിനാണ് യാത്ര മന്ദം മന്ദം നീങ്ങിയത്. അത് അങ്ങനെ ഒരു ദേശീയ ഉണർവായി മാറി. ദേശീയമായ ഒരു ജനതയെ ഗാന്ധി വിഭാവനം ചെയ്തു. ദേശീയ പ്രസ്ഥാനത്തിന്റെ അണിയറയിലേക്ക് ദേശീയമായി വികസിച്ച ഒരു ഇന്ത്യൻ ജനതയെ ചേർത്തുനിർത്താൻ ഗാന്ധിക്ക് കഴിഞ്ഞുവെങ്കിലും പരിവാർവൽക്കരിക്കപ്പെട്ട സവർണ സമൂഹത്തെ ഭാരത് ജോഡോ യാത്രയിൽ അണിനിരത്താൻ രാഹുൽ ഗാന്ധിക്കോ കോൺഗ്രസിനോ കഴിഞ്ഞിട്ടുണ്ടോ എന്നതായിരിക്കും ഈ യാത്രയുടെ പരിണിത ഫലം. എ.കെ. ആന്റണി പറഞ്ഞതുപോലെ, നെറ്റിയിൽ പൊട്ടും കൈയിൽ ചരടും ധരിച്ച സമൂഹങ്ങളെ ഈ യാത്ര സ്വാധീനിച്ചിട്ടുണ്ടോ? കോൺഗ്രസുകാർക്കപ്പുറത്തേക്ക് അതിന് കഴിഞ്ഞിട്ടുണ്ട് എന്ന് ഞാൻ കരുതുന്നില്ല. ഒന്നുകിൽ അവരെ പഠിപ്പിക്കാൻ കഴിയുംവിധമുള്ള രാഷ്ട്രീയ സംവാദം ഇന്ത്യയിൽ രൂപപ്പെടണം. അല്ലെങ്കിൽ അംബേദ്കറെപ്പോലെ, സാമൂഹ്യജനാധിപത്യത്തെക്കുറിച്ചുള്ള പാഠങ്ങൾ പഠിപ്പിക്കാൻ കഴിയുന്ന നേതൃത്വം ഉണ്ടായിവരികയും അതിന് അച്ചടക്കമുള്ള ഒരു രാഷ്ട്രീയ പാർട്ടി സംഘടനാ ചട്ടക്കൂട് കെട്ടിപ്പടുക്കുകയും വേണം. എങ്കിലേ, നിരന്തരം വർഗീയവൽക്കരിക്കപ്പെടുന്ന ഇന്ത്യൻ സമൂഹത്തെ സാഹോദര്യത്തിന്റെയും സാമൂഹിക നീതിയുടെയും വഴികളിലേക്ക് തുറന്നുവിടാൻ കഴിയൂ.

കർണാടക- ആന്ധ്ര പ്രതികരണങ്ങൾ

കേരളത്തിൽനിന്ന് വിഭിന്നമായി കർണാടകത്തിൽ ലിംഗായത്ത്- വൊക്ക ലിംഗായത്ത് സമൂഹങ്ങൾ കോൺഗ്രസിനൊപ്പമായതുകൊണ്ട് പിന്നാക്ക ഹിന്ദു വിഭാഗങ്ങൾ വലിയ തോതിൽ യാത്രയിൽ അണിനിരന്നു. ന്യൂനപക്ഷങ്ങൾക്ക് യാത്രയോടുള്ള സമീപനം കർണാടകയിലും വിഭിന്നമായിരുന്നില്ല. മൈസൂരിൽ യാത്ര എത്തിയപ്പോൾ കാലാവസ്ഥയുടെ തനതുതാളം തെറ്റിച്ച് കനത്ത മഴയുണ്ടായി. ജനക്കൂട്ടം ചിതറിയോടി, യാത്ര സ്തംഭിച്ചുനിന്നുപോയിടത്ത് മഴ ഗൗനിക്കാതെ രാഹുൽ പ്രസംഗവേദിയിൽ കയറി. ഒരു നിർദേശവുമില്ലാതെ ആയിരക്കണക്കിനാളുകൾ മഴയത്ത് രാഹുൽ ഗാന്ധിയെ കേൾക്കാൻ തടിച്ചുകൂടി. കോൺഗ്രസിന് കൈമുതലായ ഒരു പ്രത്യേകതയാണിത്. സംഘടനാശക്തിയില്ലാത്തിടത്തും അനിവാര്യമായ സാമൂഹിക- രാഷ്ട്രീയ കാലാവസ്ഥ മുൻനിർത്തി ജനക്കൂട്ടം തടിച്ചുകൂടും. എന്നാൽ, ഈ ജനക്കൂട്ടത്തെ മാത്രം മുൻനിർത്തി ഈ പാർട്ടിക്ക് മുന്നോട്ടുപോകാൻ കഴിയില്ല. കാരണം, ദേശീയ വൈകാരികതയുടെ മൊത്ത കച്ചവടക്കാരായി സംഘപരിവാറും ഭാരതീയ ജനതാപാർട്ടിയും സംഘടനാപരമായി കളം നിറഞ്ഞിരിക്കുന്നു. ഒരു ആൾക്കൂട്ട പാർട്ടിക്ക് ഒരു കാഡർ പാർട്ടിയെ മറികടക്കാൻ കഴിയുന്ന സാഹചര്യമല്ല ഇന്ത്യയിലുള്ളത്.

മൈസൂരിൽ യാത്ര എത്തിയപ്പോൾ മഴ ഗൗനിക്കാതെ രാഹുൽ പ്രസംഗവേദിയിൽ

തെലുങ്കാനയിൽ യാത്ര ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവുകൊണ്ടും മികവ് പുലർത്തിയപ്പോൾ ദലിതരുടെയും മുസ്​ലിം ജനവിഭാഗത്തിന്റെയും പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. എന്നാൽ, ആന്ധ്രപ്രദേശിൽ യാത്രക്ക് വലിയ ചലനമുണ്ടാക്കാനായില്ല. ജഗൻ മോഹൻ റെഡ്ഢിയും ചന്ദ്രബാബു നായിഡുവും ആന്ധ്രയിൽ ശക്തമായ സംഘപരിവാർ വിരുദ്ധചേരി ഉണ്ടാക്കിയെടുത്തിട്ടുണ്ടെങ്കിലും സാമൂഹികമായ ഹിന്ദു ഘടനാ സ്വഭാവം ഗ്രാമത്തിലും നഗരത്തിലും വലിയ വിള്ളലുകളില്ലാതെ തുടരുന്നുണ്ട്. അംബേദ്കർ ഉഴുതുമറിച്ച നിലത്ത് വ്യത്യസ്ത അംബേദ്കർ പരിപ്രേഷ്യത്തിലൂന്നിയ സാമുദായിക അടിത്തറയുള്ള ചില ദലിത്പക്ഷങ്ങൾ ജഗൻമോഹന്റെയും നായിഡുവിന്റെയും പാർട്ടികളിൽ സജീവമാണ്. ആന്ധ്രപ്രദേശിൽ കോൺഗ്രസിന് തിരിച്ചടിയായത് ജഗൻമോഹൻ റെഡ്ഢിയോട് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് കാണിച്ച വിരുദ്ധ നിലപാടാണ്. രാജശേഖർ റെഡ്ഢിയുടെ മരണശേഷം ഗ്രാമങ്ങളിലെ കോൺഗ്രസ് അടിത്തറ നിലനിർത്താൻ ചില രാഷ്ട്രീയനീക്കങ്ങൾ ജഗൻമോഹന് അനുകൂലമായി ഉണ്ടാവേണ്ടിയിരുന്നു. മറിച്ച്, ജഗൻമോഹൻ കാത്തിരുന്ന്, സോണിയാഗാന്ധി വിരുദ്ധ കോൺഗ്രസിനെ നിർമിച്ചെടുത്തു.

സംഘ്പരിവാറിന്​ ആന്ധ്രയുടെ രാഷ്ട്രീയ സ്ഥിതിവിവരത്തിൽ കാര്യമായ പങ്കില്ലെങ്കിലും കേന്ദ്രഭരണം ഭാരതീയ ജനതാപാർട്ടി നിരന്തരം കൈയാളിയാൽ മുസ്​ലിം- ദലിത് വിരുദ്ധ മുന്നണിയായി ബി.ജെ.പി വളർന്നുകൂടെന്നില്ല. ആന്ധ്രയിലെ രാഷ്ട്രീയ ദലിത് സാന്നിധ്യത്തിന്റെ ഉത്തമ ഉദാഹരണം, അവിടുത്തെ ആഭ്യന്തര മന്ത്രി സുചരിത, ദലിത് വനിതയാണ് എന്നതാണ്. രാഷ്ട്രീയമാറ്റത്തിന്റെ ചുവരെഴുത്ത് വായിക്കാൻ കഴിയാതെ പോയതാണ് ആന്ധ്രപ്രദേശ് കോൺഗ്രസ്​മുക്തമാകാൻ കാരണം.

ആന്ധ്രപ്രദേശ് ആഭ്യന്തര മന്ത്രി സുചരിത / Photo: Mekathoti Sucharita Instagram Page

വിയോജിച്ചും മഹാരാഷ്​ട്ര സ്വീകരിച്ചു

കേരളവും കർണാടകയും കഴിഞ്ഞാൽ ജോഡോ യാത്രക്ക് ആളുണ്ടാകില്ല എന്നുകരുതിയ രാഷ്ട്രീയനോട്ടങ്ങളെ തിരുത്തിക്കൊണ്ടായിരുന്നു മഹാരാഷ്ട്രയിലെ സഞ്ചാരം. കോൺഗ്രസിന്റെ അതികായനായ നേതാവായിരുന്ന ശരത് പവാർ പാർട്ടി വിട്ടുപോകാൻ കാരണമാക്കിയ രാഷ്ട്രീയ സാഹചര്യങ്ങൾ തിരുത്തി മുന്നോട്ടുപോകേണ്ടതായിരുന്നു. കാർഷിക സമൂഹത്തിൽ ആഴത്തിൽ വേരോട്ടമുള്ള ശരത്പവാർ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി ഉണ്ടാക്കിയതിലൂടെ കോൺഗ്രസിന് തെരഞ്ഞെടുപ്പ് തിരിച്ചടി മാത്രമല്ല ഉണ്ടായത്. സോണിയാഗാന്ധി നയിക്കുന്ന കോൺഗ്രസ് ദേശീയതയുടെ ഭാവനയിൽനിന്ന് തെന്നിമാറുകയാണെന്ന ആഖ്യാനം ശക്തിപ്പെടുത്താൻ അന്നത്തെ ബി.ജെ.പിക്കും ശിവസേനക്കും കഴിഞ്ഞു. ചിത്പാവൻ ബ്രാഹ്മണരുടെ സാമൂഹിക -രാഷ്ട്രീയ അധികാരഘടനയിൽ നിന്ന് മറാത്ത മനസ്സിനെ മോചിപ്പിക്കുന്നതിൽ ജ്യോതിലാൽ ഫൂലെക്കും പിന്നീട് അംബേദ്കർ നിർമിച്ചെടുത്ത രാഷ്ട്രീയ ഭാവനക്കും കഴിഞ്ഞതുകൊണ്ടാണ് നാഗ്പുരിൽ സംഘപരിവാർ ആസ്ഥാനം നിലനിൽക്കുമ്പോഴും ഹിന്ദുത്വ ശക്തികൾക്ക് അവിടുത്തെ സാമൂഹിക - സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലത്തിൽ ആഴ്ന്നിറങ്ങാൻ കഴിയാത്തത്. മഹദ് സത്യഗ്രഹവും ഭീമ കൊറേഗാവ് വീരപ്രതീകങ്ങളും സജീവമായി നിലനിർത്തപ്പോരുന്ന സാംസ്‌കാരിക രാഷ്ട്രീയം മഹാരാഷ്ട്രയെ കീഴാള സാന്നിധ്യത്തിൽനിന്ന് മാറ്റിനിർത്താനാകാത്ത രാഷ്ട്രീയഭൂമികയാക്കി നിലനിർത്തുന്നു. കോൺഗ്രസിന്റെ ചരിത്ര നിലപാടുകളോട് വിയോജിച്ചുകൊണ്ടുതന്നെ സവർണ- ബ്രാഹ്മണ മൂല്യങ്ങളാൽ പരുവപ്പെടുന്ന രാഷ്ട്രീയത്തിനെതിരെ നിൽക്കാൻ ആ ദേശത്തുകാർക്ക് കഴിയുന്നതുകൊണ്ടുകൂടിയാണ് ജോഡോ യാത്രയുടെ സന്ദേശം മഹാരാഷ്ട്ര സ്വീകരിച്ചത്. പക്ഷെ, തെരഞ്ഞെടുപ്പ് ഭാവനയെ പറിച്ചുനടാൻ കെൽപ്പുള്ള സംഘടനാ അടിത്തറ കോൺഗ്രസ് ഇനിയും ഉണ്ടാക്കിയില്ലെങ്കിൽ സഖ്യകക്ഷികൾ അവരുടെ രാഷ്ട്രീയ സമീപനം നിലനിർത്തിക്കൊണ്ടുതന്നെ സംഘ്പരിവാരങ്ങളുടെ രാഷ്ട്രീയ ശക്തിക്ക് അടിയറ വെക്കേണ്ടിവരും.

രാഹുൽ ഗാന്ധി മഹാരാഷ്ട്രയിൽ / Photo: Rahul Gandhi FB Page

മധ്യ​പ്രദേശി​ലെ ‘ഘർവാപ്പസി’

യാത്ര മധ്യപ്രദേശിലെ ഭോപ്പാലിൽ കടന്നതോടെ ചില സുരക്ഷാപ്രശ്നങ്ങൾ നേരിട്ടു. അതാതു സർക്കാറുകളായിരുന്നു രാഹുൽ ഗാന്ധിക്കുചുറ്റും സുരക്ഷാവലയം തീർത്തത്. എന്നാൽ, അതിൽ അയവുവരുന്നതുപോലെ തോന്നിയതുകൊണ്ടാകാം ശക്തമായ പൊതുജനപങ്കാളിത്തം അവിടങ്ങളിൽ കണ്ടില്ല. നാഥുറാം വിനായക് ഗോഡ്സേക്കുവരെ അമ്പലം പണിയുന്ന നാടായി മധ്യപ്രദേശ് മാറിയിട്ടുണ്ടെന്ന യാഥാർഥ്യം നാം മനസ്സിലാക്കണം. പിന്നാക്ക ജാതികളിലും ആദിവാസി മേഖലകളിലും സംഘപരിവാർ ശക്തിയാർജിച്ചിട്ടുണ്ട്. മതപരിവർത്തനത്തിലേർപ്പെട്ടിരുന്ന ക്രിസ്ത്യൻ പാതിരിമാരുടെ സാന്നിധ്യം ശക്തമായി എതിർത്ത് ആദിവാസി ജനവിഭാഗങ്ങളെ ഘർവാപ്പസിയിൽ കൊണ്ടുവരുന്നതിലൂടെ അവരെ സാമൂഹ്യശക്തികളാക്കി മാറ്റിത്തീർക്കാൻ സംഘ്പരിവാറിന് കഴിഞ്ഞിട്ടുണ്ട്. ഇന്നുവരെ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയാത്തവിധം തങ്ങളുടെ പ്രസിഡൻറ്​ സ്ഥാനാർഥി ഒരു ആദിവാസി വനിതയാണെന്ന് പ്രഖ്യാപിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞത് വെറും പ്രീണനനയം കൊണ്ടല്ല. ആ ജനവിഭാഗത്തിനിടയ്ക്ക് കളമുണ്ടാക്കാൻ സംഘപരിവാരങ്ങൾക്ക് കഴിഞ്ഞതുകൊണ്ടുകൂടിയാണ് എന്ന് ഓർക്കണം. നെഹ്റു- ഇന്ദിര- രാജീവ് കാലത്ത് ആദിവാസി- പട്ടികജാതി ജനവിഭാഗങ്ങൾ കോൺഗ്രസിനെ ഒന്നും പ്രതീക്ഷിക്കാതെ പിന്തുണച്ചിരുന്നു. അതൊരു രാഷ്ട്രീയ തിരിച്ചറിവുകൊണ്ടാണെന്ന് കരുതാനാവില്ല. കാരണം. മുകളിൽനിന്ന് പ്രവഹിക്കുന്ന അധികാരശക്തി അന്നൊക്കെ വ്യത്യസ്ത ജനവിഭാഗങ്ങളെ അരാഷ്ട്രീയമായെങ്കിലും കോൺഗ്രസിനൊപ്പം നിർത്തിയിരുന്നു. ആ ശക്തികേന്ദ്രം മാറിയിരിക്കുന്നു. സവർണ ബ്രാഹ്മണിക് ശക്തിരൂപങ്ങൾ അന്ന് കോൺഗ്രസിൽ രൂഢമൂലമായിരുന്നു. അംബേദ്കർ നിരന്തരം എതിർത്തിരുന്നത് ഒട്ടും മാറ്റത്തിന് വിധേയമാകാത്ത ഈ സവർണ മേൽക്കോയ്മയെയായിരുന്നു. ആ വിഭാഗം അതിന്റെ അനിവാര്യമായ രാഷ്ട്രീയ ഒഴുക്കിൽ ബി.ജെ.പിയിൽ എത്തിയിരിക്കുന്നു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഒരുപക്ഷെ, ഇന്നത്തെ കോൺഗ്രസിന് ചെയ്യാനാകുന്നത് പിന്നാക്ക- പട്ടികജാതി വിഭാഗങ്ങളെ നേതൃത്വത്തിൽ കൊണ്ടുവന്ന് അംബേദ്കർ രാഷ്ട്രീയം ഒരു ദർശനമായി കണ്ട് മുന്നോട്ടുപോകുക എന്നതാണ്. ഭൂരിപക്ഷ- സവർണ ബ്രാഹ്മണിക് അധീശത്വത്തെ എതിർക്കാൻ കഴിയുന്ന ഏക പ്രത്യയശാസ്ത്രം അംബേദ്കറുടെ രാഷ്ട്രീയ ദർശനമാണ്. ജാതിയെ പ്രശ്നവൽക്കരിച്ച് സാമൂഹിക രൂപീകരണം നടത്തുകയാണ് മാർഗം.

Photo: Rahul Gandhi FB Page

രാജസ്ഥാനിലെ കോട്ടയിലും യാത്രയിൽ ആളുകൾ തടിച്ചുകൂടി. കനത്ത തണുപ്പുള്ള സമയത്തും രാവിലെ അഞ്ചിനുവരെ ജാഥയിൽ അണിചേരാൻ കോൺഗ്രസ് പ്രവർത്തകർ തയാറായിരുന്നു. കോൺഗ്രസ് ഭരണമുണ്ടായിട്ടും രാജസ്ഥാനിൽ യാത്രക്ക് വലിയ ശ്രദ്ധ ലഭിച്ചില്ല.

ദൽഹി റെഡ് ഫോർട്ടിൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നുവെങ്കിലും ദേശീയ മാധ്യമങ്ങൾ ജോഡോ യാത്രയുടെ ദർശനം മുന്നോട്ടുവക്കാൻ തയാറായില്ല. മാധ്യമങ്ങളെ സംഘ്പരിവാർ നിയന്ത്രിക്കുന്നതുകൊണ്ടുമാത്രമല്ല ഇത് സംഭവിച്ചത്, ഇന്ത്യയിലെ ദേശീയ മാധ്യമങ്ങൾ സവർണ- ബ്രാഹ്മണിക് മൂല്യങ്ങളാൽ പണ്ടേ നിയന്ത്രപ്പെടുന്നവയാണ് എന്നതുകൊണ്ടുകൂടിയാണ്. മാധ്യമങ്ങളുടെ ഭാഷയും അവർ കൊടുക്കുന്ന ചിഹ്നങ്ങളുമെല്ലാം സവർണീകരിക്കപ്പെട്ട മനസ്സിനെ വെളിപ്പെടുത്തുന്നു. ഈ നാട്ടിൽ ബി.ജെ.പിയാകാൻ വളരെ എളുപ്പമാണ്. അത് മനസ്സിന്റെ സ്വഭാവികമായ എത്തിച്ചേരലാണ്. ഇന്നത്തെ ഇന്ത്യയിൽ കോൺഗ്രസാകാൻ പോലും രാഷ്ട്രീയ ദർശനം ആവശ്യമാണ്. അതുകൊണ്ടാണ് ജനാധിപത്യ വിശ്വാസികൾക്ക് മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്നിടങ്ങളിൽ കോൺഗ്രസും ബി.ജെ.പിയുടെ കേന്ദ്രങ്ങളിൽ മാർക്സിസ്റ്റും ആവേണ്ടിവരുന്നത്. വിയോജിപ്പിന്റെ ഇടമായി ജനാധിപത്യത്തെ കാണാനാഗ്രഹിക്കുന്ന ജനം എന്നും നിരന്തര പ്രതിപക്ഷമായി തുടരും. പക്ഷെ, ഇനിയുള്ള നാളുകളിൽ സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തത്തിനുപോലും വഴിയില്ലാതെ ഇന്ത്യൻ രാഷ്ട്രീയം മാറുമ്പോൾ ജോഡോ യാത്രകൾ അനിവാര്യമായി വരും.

രാഹുൽ ഗാന്ധി കശ്മീരിൽ / Photo: Rahul Gandhi FB Page

യാത്രക്കൊരു തുടർച്ച...?

ഭാരത് ജോഡോ യാത്ര പഞ്ചാബ് വഴി കശ്മീരിലെ പുൽവാമയിലെത്തുമ്പോൾ അതിഭീതിദമായ സാഹചര്യമായിരുന്നു. പ്രശ്നപ്രദേശത്തിലൂടെ കടന്നുപോകുമ്പോൾ രാഹുൽ ഗാന്ധിക്കുചുറ്റും ഉണ്ടായിരുന്ന സംരക്ഷിത വലയം പെട്ടെന്നില്ലാതായി. ഏതാണ്ട് രണ്ടു മണിക്കൂർ സമയം ആർക്കും രാഹുൽ ഗാന്ധിയുടെ അടുത്തേക്ക് കടന്നുവരാൻ കഴിയുംവിധം കാര്യങ്ങൾ മാറിമറിഞ്ഞു. കോൺഗ്രസുകാരാണോ അതോ മറ്റേതെങ്കിലും വിഘടന ശക്തികളാണോ ജാഥയിൽ വരുന്നതെന്ന് മനസ്സിലാക്കാൻ കഴിയാത്തവിധം സാഹചര്യം മാറിയതിനെ തുടർന്ന് ജാഥ തൽക്കാലം നിർത്തിവച്ചു. പിന്നീട് തുടർന്നു. കശ്മീരിൽ ഒരു കോൺഗ്രസ് നേതാവിന് സ്വസ്ഥമായി സഞ്ചരിക്കാൻ കഴിയുന്നത് തങ്ങളുടെ കശ്മീരിൻമേലുള്ള നയങ്ങൾ കാരണമാണെന്ന് ബി.ജെ.പി അവകാശപ്പെട്ടു. ആർട്ടിക്കിൾ 370 പിൻവലിച്ചതുകൊണ്ടാണ് സൈന്യത്തിന് കശ്മീരിനെ നിയന്ത്രിക്കാൻ കഴിയുന്നതെന്ന് അവർ സമർഥിച്ചു.
എന്തായാലും കാവ്യാത്മകമായ കാഴ്ചകൾ സമ്മാനിച്ച് മഞ്ഞുവീഴുന്ന താഴ്വരയിൽ രാഹുൽ ഗാന്ധി വികാരനിർഭരമായി സംവദിച്ചു. ഒരുപക്ഷെ, ഈ യാത്രയിൽ എത്രയും വൈകാരികമായ നിമിഷം അതായിരുന്നു. തനിക്ക് അച്ഛനെയും മുത്തശ്ശിയെയും നഷ്ടപ്പെട്ട നിമിഷങ്ങൾ വിവരിച്ചുകൊണ്ടായിരുന്നു അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. സാമൂഹികനീതിക്കും മനുഷ്യനീതിക്കും വേണ്ടിയും തീവ്രവാദത്തിനും ഹിന്ദുത്വ ഹിംസക്കും എതിരായും രാാജ്യത്തെ അണിനിരത്താൻ രാഹുൽ ആഹ്വാനം ചെയ്തു.

കെ.സി. വേണുഗോപാൽ

ഈ യാത്രക്ക് തുടർച്ചയുണ്ടാകുമെന്നാണ് കെ.സി. വേണുഗോപാൽ അറിയിച്ചത്. എന്തായാലും രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തയും കുറിച്ചുള്ള ആലോചനകൾക്കും പ്രയോഗങ്ങൾക്കും പുതിയ ഭാവങ്ങൾ കൊടുക്കാൻ ഈ യാത്രക്ക് കഴിഞ്ഞു. ഇനി ഇന്ത്യയിലെ ജനങ്ങളുടെ അകക്കാമ്പു കണ്ട് മുന്നോട്ടുപോകാൻ കഴിയേണ്ടതുണ്ട്. എങ്കിലേ ജനാധിപത്യ ഇന്ത്യക്ക് മുന്നേറാനാകൂ. കന്യാകുമാരി മുതൽ കശ്മീർ വരെ 123 ദിവസങ്ങൾ, 3500 ലേറെ കിലോമീറ്ററുകൾ നടന്നുനീങ്ങിയ ഓരോ യാത്രികരും അവർ കണ്ടറിഞ്ഞ ഇന്ത്യയെ വിവരിച്ചാൽ ആ ആഖ്യാനം ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ ഭാവന വെളിവാക്കും. അടഞ്ഞ വാതിലുകൾ തുറക്കാൻ കഴിയുമോ ഇല്ലയോ എന്ന ചോദ്യത്തിന് ഉത്തരം നൽകാനും അവരുടെ ആഖ്യാനങ്ങൾക്ക് കഴിഞ്ഞെന്നുവരും.

ഒരു കാര്യം കൂട്ടിച്ചേർക്കട്ടെ. വെറും ബി.ജെ.പി വിരുദ്ധത കൊണ്ടുമാത്രം കോൺഗ്രസിന് മുന്നോട്ടുപോകാൻ കഴിയില്ല. സമകാലിക ഇന്ത്യക്ക് ആവശ്യമായ രാഷ്ട്രീയ ഭാവന ഉണ്ടാക്കിയെടുക്കുകയും ഓരോ ദേശത്തും പുതിയ രാഷ്ട്രീയ വ്യാകരണം ഉണ്ടാക്കിത്തീർക്കുകയും ചെയ്താൽ മാത്രമേ ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാൻ കഴിയൂ. വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ പെട്ടിക്കട തുടങ്ങാനാണ് താൻ ഈ യാത്ര നടത്തിയത് എന്ന് രാഹുൽ ഗാന്ധി പറയുമ്പോഴും അത്ര വേഗത്തിൽ സ്‌നേഹത്തിന്റെ പ്രസരണശേഷി പ്രവഹിക്കാത്ത വെറുപ്പിന്റെ ഹിംസ ഘടനാപരമായി ഇന്ത്യൻ സമൂഹശരീരത്തിൽ അന്തർലീനമാണ്. ആ ശരീരത്തിലും മനസിലും ഈ ജനാധിപത്യ- സാഹോദര്യ മൂല്യങ്ങൾ പകരേണ്ട അനേകം സന്ദർഭങ്ങൾ ഉണ്ടായേ മതിയാവൂ.

Comments