എല്ലാ വർഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുകയാണ്. ‘യുവജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും ഇന്നും ഭാവിയിലും സാക്ഷാത്കരിക്കുക' എന്നതാണ് 2026-ലെ മുഖ്യ പ്രമേയം. ജനസംഖ്യാഘടനയിലെ മാറ്റങ്ങളെ അനുകൂലമാക്കാനും, സുസ്ഥിരമായതും എല്ലാ വിഭാഗം ജനങ്ങളെ ഉൾക്കൊള്ളുന്ന തരത്തിലും, യുവാക്കളുടെ വിദ്യാഭ്യാസം, ആരോഗ്യം, കഴിവുകൾ, അവകാശങ്ങൾ എന്നിവയിൽ നിക്ഷേപം വർധിപ്പിക്കേണ്ടതിന്റെ ആവശ്യവും ഈ വർഷത്തെ ലോക ജനസംഖ്യാദിനം മുന്നോട്ടുവയ്ക്കുന്നു.
ജനസംഖ്യാവർദ്ധനവ് സൃഷ്‌ടിക്കുന്ന പ്രശ്നങ്ങൾക്കുപുറമെ ജനസംഖ്യയും മാനവികവികസനവും തമ്മിലുള്ള അഭേദ്യമായ ബന്ധം പരിശോധിക്കുന്നതിനുള്ള ആഗോള വേദിയായി കൂടി ഈ ദിനം മാറിയിരിക്കുന്നു.
1987 ജൂലൈ 11-ന് ലോക ജനസംഖ്യ 500 കോടിയിലെത്തിയ സന്ദർഭത്തിലാണ്, ഐക്യരാഷ്ട്ര സംഘടന ദിനാചരണത്തിന് തുടക്കമിട്ടത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയതും, ജനനനിരക്ക് കുറഞ്ഞ് റീപ്ലേസ്‌മെന്റ് നിരക്കിനും താഴെ എത്തിയതും (സ്ത്രീകൾക്കുണ്ടാകുന്ന കുട്ടികളുടെ ശരാശരി എണ്ണം 2.1) ഇന്ത്യയുടെ ജനസംഖ്യാചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളാണ്. കൂടാതെ, ഒന്നര ദശാബ്ദത്തിനുശേഷം സെൻസസ് പ്രവർത്തനം ആരംഭിച്ചതിന്റെ സാഹചര്യത്തിൽ ജനസംഖ്യാദിനാചരണത്തിന്റെ പ്രാധാന്യവും വിശകലനം ചെയ്യുന്നു.
ലോക ജനസംഖ്യാദിനത്തിന്റെ പ്രാധാന്യം
ജനസംഖ്യാവിഷയങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലോക ജനസംഖ്യാദിനത്തിന്റെ പ്രാഥമിക ലക്ഷ്യം. കുടുംബാസൂത്രണം, മാതൃ- ശിശു ആരോഗ്യം, ലിംഗസമത്വം തുടങ്ങിയ ജനസംഖ്യാസംബന്ധിയായ വിഷയങ്ങൾ ഈ ദിനത്തിന്റെ കേന്ദ്ര പ്രമേയങ്ങളായി അവതരിപ്പിക്കപ്പെടുന്നു.
2015-ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ജനസംഖ്യാവിഷയങ്ങൾ (ആരോഗ്യം, ലിംഗസമത്വം, സുസ്ഥിര നഗരവൽക്കരണം) അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സമകാലിക ലോകത്ത് രാജ്യങ്ങൾ വൈവിധ്യങ്ങളായ ജനസംഖ്യാ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. ഒരു വശത്ത് ജനസംഖ്യാവളർച്ചാനിരക്ക് കുറയ്ക്കാൻ ശ്രമിക്കുമ്പോൾ മറുവശത്ത് കുടിയേറ്റത്തിലൂടെയും ജനസംഖ്യാ പ്രോത്സാഹന പദ്ധതികളിലൂടെയും ജനസംഖ്യാവളർച്ച ലക്ഷ്യമിടുന്നു.

പ്രത്യുല്പാദനനിരക്ക് താഴ്ന്ന നിലയിലുള്ള പല രാജ്യങ്ങൾക്കും ഇത് വർദ്ധിപ്പിക്കാനുള്ള ഉദ്യമങ്ങൾ ഫലപ്രാപ്തിലെത്തിക്കാനായിട്ടില്ല. കൂടാതെ, പ്രത്യുല്പാദനനിരക്കിലുണ്ടായ അഭൂതപൂർവ്വമായ കുറവ് ആഗോളതലത്തിൽ ജനസംഖ്യാ വിസ്ഫോടന സാധ്യതകൾ ഒരു പരിധിവരെ ലഘൂകരിച്ചിട്ടുണ്ട്. അതേസമയം ആയുർദൈർഘ്യത്തിലുണ്ടായ വർദ്ധനവ്, ജനസംഖ്യയുടെ പ്രായാധിക്യം, കാലാവസ്ഥാ വ്യതിയാനം, നഗരവൽക്കരണം, കുടിയേറ്റം, തൊഴിൽഘടനയിലെ മാറ്റങ്ങൾ, നിർമ്മിത ബുദ്ധിയുടെ തൊഴിൽമേഖലയിലെ സ്വാധീനം എന്നിവ ഉയർത്തുന്ന വെല്ലുവിളികളെ നിസ്സാരമായി കാണാനാകില്ല.
ഈ പശ്ചാത്തലത്തിൽ, നയരൂപീകരണ പ്രവർത്തനങ്ങൾക്ക് പ്രമുഖ്യം നൽകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആഗോള ജനസംഖ്യ ഏകദേശം 800 കോടി പിന്നിട്ടെന്ന് കരുതുന്ന സാഹചര്യത്തിൽ മുൻകാലങ്ങളിൽനിന്ന് വിഭിന്നമായി ജനസംഖ്യയെ ബാധ്യതയായി കാണുന്നതിനുപകരം, സർക്കാരുകൾക്കും സമൂഹത്തിനും ആവശ്യമായ മനുഷ്യമൂലധനം (human capital) വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതിലും, സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും ഉതകുന്ന തരത്തിൽ ആളുകളുടെ സംഭാവനയെ ഉപയോഗപ്പെടുത്തുന്നതിലും ഈ ദിനാചരണം ശ്രദ്ധയൂന്നേണ്ടിയിരിക്കുന്നു.
ഇന്ത്യ ജനസംഖ്യാപരിവർത്തനത്തിന്റെ ഉച്ചസ്ഥായിലേക്ക്
1951-ൽ 36.1 കോടിയായിരുന്ന ഇന്ത്യയുടെ ജനസംഖ്യ, ഉയർന്ന ജനനനിരക്കും ക്രമേണ കുറഞ്ഞുവന്ന മരണനിരക്കും കാരണം അതിവേഗം വർദ്ധിച്ചു. കഴിഞ്ഞ ദശാബ്ദത്തിലെ സെൻസസ് കണക്കുകൾ ലഭ്യമല്ലെങ്കിൽ കൂടി പ്രത്യുല്പാദനനിരനിരക്ക് റീപ്ലേസ്‌മെന്റ് നിരക്കിനും താഴെയെത്തിയത് (2024-ൽ 1.9 കുട്ടികൾ) ഒരുകാലത്ത് നാം ഭയപ്പെട്ടിരുന്ന ജനസംഖ്യാ വിസ്ഫോടന സാധ്യതകളെ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കിയിരിക്കുന്നു. ഇത് രാജ്യം ജനസംഖ്യാ പരിവർത്തനത്തിന്റെ അന്തിമ ഘട്ടത്തിന്റെ പ്രവേശന കവാടത്തിലെത്തിയെന്ന സൂചനയാണ് നല്കുന്നത്.
രാജ്യത്ത് ജനസംഖ്യാ വളർച്ചാനിരക്ക് കുറയുമ്പോഴും, സംസ്ഥാനങ്ങളിലെ ജനസംഖ്യയിൽ പ്രകടമായ അന്തരം ദൃശ്യമാണ്. കേരളം, തമിഴ്‌നാട് പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യാ പരിവർത്തനത്തിന്റെ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ബിഹാർ, ഉത്തർപ്രദേശ് പോലുള്ള ഉത്തരരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രത്യുല്പാദന നിരക്കുകൾ ഇപ്പോഴും ഉയർന്നുനില്ക്കുന്നതായി ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവ്വേയും അടിവരയിടുന്നു. ഇത്തരം ജനസംഖ്യാ വൈരുദ്ധ്യങ്ങൾ ദേശീയ പ്രധാന്യമുള്ള പല നയങ്ങളുടെയും നിർവ്വഹണം അതീവ സങ്കീർണ്ണമാക്കുന്നു.
UN നല്കുന്ന കണക്കുകൾ പ്രകാരം ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 68 ശതമാനവും തൊഴിൽ സേനയുടെ (15-64) ഭാഗമാണെന്നുള്ളത് ശുഭസൂചകമാണ്. കൂടാതെ നമ്മുടെ ജനസംഖ്യയുടെ പകുതിക്ക് 28.2 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ചൈനയിലെ സമാന വിഭാഗത്തിലുള്ളവരുടെ പ്രായം 39 വയസ്സാണ്. ഈ കണക്കുകൾ ഡെമോഗ്രാഫിക് ഡിവിഡന്റിന്റെ കാലഘട്ടം ഇന്ത്യയിൽ ഇപ്പോഴും അസ്തമിച്ചിട്ടില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയായി തൊഴിൽ സേനയുടെ സാന്നിധ്യം (ഡെമോഗ്രാഫിക് ഡിവിഡെന്റ്) പൂർണ്ണമായും ഉപയോഗിക്കാനായിട്ടില്ല എന്നുവേണം സാമ്പത്തിക വളർച്ചാകണക്കുകളിൽ നിന്ന് വായിച്ചെടുക്കാൻ. ഇത് പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിന് ഗുണനിലവാരമുള്ള വിദ്യാഭ്യാസം, നൈപുണ്യ വികസനം, ആരോഗ്യ സംരക്ഷണം എന്നിവയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതായുണ്ട്.
സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, സ്ത്രീ തൊഴിൽ പങ്കാളിത്തം ഉയർത്തുക, ഡിജിറ്റൽ- വ്യാവസായിക സംരംഭങ്ങൾ ആരംഭിക്കുക എന്നിവയും അഭികാമ്യമാണ്. എന്നിരുന്നാലും, തൊഴിലവസരങ്ങളുടെ കുറവും, നൈപുണ്യ പരിശീലനത്തിന്റെ അഭാവവും, സാമൂഹിക-സാമ്പത്തിക അസമത്വങ്ങളും, നിർമ്മിത ബുദ്ധിയുടെ നുഴഞ്ഞുകയറ്റവും നിലവിലെ ഡെമോഗ്രാഫിക് ഡിവിഡന്റിനെ ‘ഡെമോഗ്രാഫിക് ബാധ്യതയായി’ മാറ്റാനാണ് ഏറിയ സാധ്യതയും. ത്വരിതഗതിയിലുള്ള നഗരവൽക്കരണവും, ഉയരുന്ന വയോജന അനുപാതം ഉയർത്തുന്ന വെല്ലുവിളികൾ ഉയർത്തുന്ന പശ്ചാത്തലത്തിലാണ് 2027-ലെ ജനസംഖ്യാ സെൻസസിനെ നോക്കി കാണേണ്ടത്.
2027-ലെ സെൻസസ്:
പൊളിച്ചെഴുത്തുകളുടെ
തുടക്കമോ?
കോവിഡിന്റെ സാഹചര്യത്തിലും പല ലോകരാജ്യങ്ങളും 2021-ൽ സെൻസസ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയെങ്കിലും നമ്മുടെ സർക്കാർ ഇത് നീട്ടിവെക്കുകയായിരുന്നു. തത്ഫലമായി, രാജ്യത്തിന്റെ വികസന പദ്ധതികളിൽ പലതും ഒന്നര ദശാബ്ദക്കാലം പഴക്കമുള്ള ജനസംഖ്യാ വിവരങ്ങളെ ആശ്രയിച്ചാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വരുംവർഷങ്ങളിലെ പൊതുഭരണം, വികസന ആസൂത്രണം, കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധങ്ങൾ, ക്ഷേമ പദ്ധതികൾ, ജനപ്രാതിനിധ്യം എന്നിവ ഭാവിയിൽ രൂപപ്പെടുത്തുന്നതിന്റെ ആധാരശിലയായിരിക്കും ഇപ്പോൾ നടക്കുന്ന വിവരശേഖരണം. ജനസംഖ്യാ വൈവിധ്യത്തെ വികസനശക്തിയാക്കി മാറ്റാൻ കൃത്യമായ ജനസംഖ്യാകണക്കുകളും അവയെ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണവും ‘വികസിത ഭാരത് 2047’ എന്ന ലക്ഷ്യത്തിലേക്കെത്താൻ ഊർജ്ജം പകരും. പുതിയ സെൻസസ് ഫലങ്ങൾ ലഭ്യമാകുന്നതോടെ പല മേഖലയിലും പുതിയ ഡേറ്റാലഭ്യത ഉറപ്പാക്കാം, നിലവിലെ ഡേറ്റാവരൾച്ചയ്ക്ക് ആശ്വാസമാകുകയും ചെയ്യും.
2027-ലെ സെൻസസ് ഫലങ്ങൾ പുറത്തുവരുന്നതോടെ ജനപ്രാതിനിധ്യ നിയമങ്ങളിലും തെരഞ്ഞെടുപ്പ് രംഗത്തും സമൂല മാറ്റങ്ങൾക്ക് കളമൊരുക്കും. 2026-നു ശേഷം വരുന്ന സെൻസസ് ഫലങ്ങളായതിനാൽ നിലവിലെ 84ാം ഭരണഘടനാഭേദഗതി സ്വാഭാവികമായി അസ്ഥിരപ്പെടും. ഇത് ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും അരനൂറ്റാണ്ടായി നിലനിൽക്കുന്ന പ്രാതിനിധ്യമരവിപ്പ് ഇല്ലാതാക്കുകയും, ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പാക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.

1931-ലെ സെൻസസിനുശേഷം ജാതി അടിസ്ഥാനമാക്കിയ ജനസംഖ്യാകണക്ക് ലഭ്യമായിട്ടില്ല. പുതിയ സെൻസസിലൂടെ ഈ വിവരങ്ങൾ ലഭ്യമാകുന്നത് പിന്നാക്ക വിഭാഗങ്ങൾക്കായി നൂതന പദ്ധതികൾ രൂപകൽപ്പന ചെയ്യുന്നതിലേക്ക് നയിക്കും. ഇത് തൊഴിലിലും വിദ്യാഭ്യാസപ്രവേശനത്തിലും മറ്റും ദശാബ്ദങ്ങളായി പിന്തുടരുന്ന സംവരണ അട്ടിമറികൾക്ക് ഒരു തിരുത്തായി മാറിയേക്കാം. നിയമനിർമ്മാണസഭകളിൽ വനിതാസംവരണം പ്രാവർത്തികമാകുന്നതോടൊപ്പം, ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപിത അജണ്ടയ്ക്ക് സെൻസസ് ഫലങ്ങളുടെ അടിസ്ഥാനത്തിൽ തുടക്കം കുറിക്കാനും സാധ്യതയുണ്ട്.
