ആനന്ദ് പട് വർദ്ധൻ

ആനന്ദ് പട്‍വർദ്ധൻ എന്ന
പ്രതിപക്ഷ സിനിമ

‘‘ബാബറി മസ്ജിദ് പൊളിക്കാനുള്ള ആർ.എസ്.എസ് കർസേവകരുടെ സംഘാംഗങ്ങളിൽ ഒരാൾ പിൽക്കാലത്ത് ആനന്ദ് പട് വർധന്റെ സിനിമകൾ കണ്ടശേഷം പറഞ്ഞത്, ‘രാജ്യതാൽപര്യത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചതിൽ വീണുപോയി, പള്ളിപൊളിക്കാൻ മുന്നിട്ടിറങ്ങിയ ഞാൻ ചെയ്തത് ഇത്ര വലിയ അപകടമാണെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞത്’ എന്നാണ്’’- നന്ദലാൽ ആർ എഴുതുന്നു.

2018-ലിറങ്ങിയ വിവേക് (Reason) എന്ന ഡോക്യുമെന്ററിയിൽ ഒരു ദൃശ്യമുണ്ട്. ‘സനാതൻ സൻസ്ഥ’ എന്ന ഹിന്ദു തീവ്രവാദസംഘടനയുടെ പ്രവർത്തകനും ഗോവിന്ദ് പൻസാരെ കൊലപാതകക്കേസിൽ പ്രധാന പ്രതിയായി പേര് ചേർക്കപ്പെട്ടയാളുമായ രുദ്ര പാട്ടീലിന്റെ വക്കീൽ സഞ്ജീവ് പുനലേകർ, ‘സനാതൻ സൻസ്ഥ’യുടെ നേതൃത്വത്തിൽ നടത്തിയ വാർത്താസമ്മേളനത്തിന്റെ ദൃശ്യം.
രുദ്ര പാട്ടീലിനെ പരസ്യമായി പിന്തുണയ്ക്കുന്നതിനും അയാളെ പോലീസിൽ കീഴടങ്ങാനനുവദിക്കുന്നത് ശരിയാകില്ല എന്ന് പ്രഖ്യാപിക്കാനുമായാണ് വക്കീൽ ആ വാർത്താസമ്മളനം നടത്തിയത്. കൽബുർഗിയെ വെടിവെച്ചുകൊന്നപ്പോൾ നടന്ന പ്രതിഷേധസമരത്തിൽ പങ്കെടുത്ത കപിൽ പാട്ടീൽ, ആനന്ദ് പട് വർദ്ധൻ തുടങ്ങിയവരെ അടച്ചാക്ഷേപിച്ചും അവരെയൊന്നും പോലീസ് കൃത്യമായി കൈകാര്യം ചെയ്തില്ല എന്നതിലെ രോഷം പങ്കുവെച്ചുകൊണ്ടുമായിരുന്നു ആ വാർത്താസമ്മേളനം മുന്നോട്ടുപോയത്. പോലീസുകാർ എന്തുകൊണ്ടാണ് അന്ന് ആനന്ദ് പട് വർദ്ധന്റെ എല്ലുകൾ അടിച്ചൊടിക്കാതെ വിട്ടത് എന്ന് ആക്രോശിക്കുന്നുണ്ട് ആ വക്കീൽ. അപ്പോൾ അവിടെ നിരന്നിരിക്കുന്ന മീഡിയ ക്യാമറകൾക്കൊന്നിനു പിറകിൽ നിന്ന് കറുത്ത കുപ്പായം ധരിച്ച ഒരു മനുഷ്യൻ കയ്യുയർത്തുന്നു, എന്നിട്ട് പറയുന്നു: “(താങ്കൾ ഇപ്പോൾ പറഞ്ഞ ആ ആനന്ദ് പട് വർദ്ധൻ) ഇവിടെയുണ്ട്. എന്താണെന്നു വച്ചാൽ ഇപ്പോൾത്തന്നെ ചെയ്തോളൂ.”
ഇതാണ് ആനന്ദ് പട് വർദ്ധൻ. ഇത്രയേറെ ഭീഷണികൾക്കും കുഴപ്പങ്ങൾക്കും നടുവിലൂടെ മനുഷ്യപക്ഷത്തുനിന്നുകൊണ്ട് യഥാർത്ഥ പ്രതിപക്ഷമായി നിരന്തരം പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നയാൾ.

മാധ്യമ പ്രവർത്തകരും സിനിമാക്കാരും കായികതാരങ്ങളും എല്ലാമുൾപ്പെടുന്ന സാമൂഹിക-സാംസ്കാരിക- കായിക മേഖലയിലെ പല ഉന്നതരും ഭീഷണികൾക്കും അവർക്കായി വച്ചുനീട്ടുന്ന അപ്പക്കഷണങ്ങൾക്കും കീഴടങ്ങി കാവിക്കൊടിക്കു പിറകിൽ നാണംകെട്ടുനിന്നപ്പോൾ, തലയുയർത്തിനിന്ന് ഈ അധീശ ശക്തികൾക്കെതിരെ പുതിയൊരു സ്വാതന്ത്ര്യസമരത്തിന് ഇന്ത്യയെ സജ്ജമാക്കുന്ന പ്രവർത്തനങ്ങളിൽ തനിക്ക് കഴിയുന്നതിന്റെ പരമാവധി ശ്രമങ്ങൾ അന്നും ഇന്നും തുടർന്നുകൊണ്ടേയിരിക്കുകയാണ് പട് വർദ്ധൻ ചെയ്യുന്നത്.

ആനന്ദ് പട് വർധ​ന്റെ സിനിമകളിൽ, സിനിമാ സൗന്ദര്യാത്മകതയുടെ അളവുകോലുകൾ വച്ച് നോക്കുമ്പോൾ, വളരെ സുന്ദരം എന്ന് വിശേഷിപ്പിക്കാവുന്ന ഒറ്റ ഷോട്ട് പോലും കണ്ടെത്താൻ സാധിച്ചുവെന്നു വരില്ല.

അദ്ദേഹത്തിന്റെ സിനിമകളോ ഹ്രസ്വചിത്രങ്ങളോ മ്യൂസിക് വീഡിയോകളോ ഒന്നും ചലച്ചിത്രപഠനമുറികളിലെ അറുത്തുമുറിച്ച സൗന്ദര്യാത്മക ചർച്ചകളുടെയോ പുതു നിരൂപകവൃന്ദത്തിന്റെ രാഷ്ട്രീയ ശരി / അശരി നോട്ടങ്ങളുടെയോ കറുപ്പിലോ വെളുപ്പിലോ ഉള്ള പെട്ടികൾക്കകത്തേക്ക് ഒതുക്കാവുന്നവയല്ല. അദ്ദേഹത്തിന്റെ സിനിമകളിൽ, സിനിമാ സൗന്ദര്യാത്മകതയുടെ അളവുകോലുകൾ വച്ച് നോക്കുമ്പോൾ, വളരെ സുന്ദരം എന്ന് വിശേഷിപ്പിക്കാവുന്ന ഒറ്റ ഷോട്ട് പോലും കണ്ടെത്താൻ ഒരാൾക്ക് സാധിച്ചുവെന്നുവരില്ല. അദ്ദേഹത്തിന്റെ ക്യാമറ നിരന്തരം കാണുന്നത് സുന്ദരം എന്ന് വ്യാഖ്യാനിക്കാനാവാത്ത ദൃശ്യങ്ങളാണ്. ആ സിനിമകളെല്ലാം സമഗ്രാധിപത്യവ്യവസ്ഥയ്ക്ക് കീഴ്പ്പെട്ട് ജീവിക്കുന്ന മനുഷ്യരെയാണ് കാണുന്നത്; അവരുടെ ആശങ്കകളാണ് ചർച്ച ചെയ്യുന്നത്; അവരുടെ വിമോചനപ്പോരാട്ടങ്ങളെയാണ് മുന്നോട്ടുവെക്കുന്നത്.

സിനിമ പ്രദർശിപ്പിക്കുകയും അതിനെക്കുറിച്ച് സംസാരിക്കുകയും പ്രേക്ഷകരെ ചർച്ചകളിൽ ഉൾപ്പെടുത്തുകയും ചെയ്തുകൊണ്ട് ജനാധിപത്യ സംവാദസ്ഥലികൾ ഇന്ത്യയിലുടനീളം സൃഷ്ടിക്കുക കൂടിയാണ് സ്വന്തം സിനിമകളിലൂടെ അദ്ദേഹം ചെയ്യുന്നത്.

‘എന്റെ സിനിമാനിർമാണം ഉടലെടുത്തത് സിനിമയോടുള്ള സ്നേഹത്തിൽ നിന്നൊന്നുമല്ല’, ‘ഒരു തൊഴിൽ എന്ന നിലയിൽ സിനിമയിലേക്ക് കടക്കുന്നത് അത്ര ഗുണകരമായ കാര്യമൊന്നുമല്ല’ എന്നുമൊക്കെയാണ് സിനിമയെക്കുറിച്ച് പട് വർദ്ധൻ തന്നെ സൂചിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സിനിമ എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്കെത്തുന്ന ആഖ്യാനരൂപദൃശ്യങ്ങളിലൊന്നിൽ പോലും അദ്ദേഹത്തിലെ കലാകാരന്റെ സ്പർശമുള്ള ദൃശ്യങ്ങളുണ്ടാകണമെന്നില്ല. അദ്ദേഹമുണ്ടാക്കുന്ന സിനിമകൾ പൊളിറ്റിക്കൽ ടൂൾ എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിൽ അത് വർഗീയതയെയും - കൃത്യമായി പറഞ്ഞാൽ ഭൂരിപക്ഷ വർഗീയതയെ - ഭരണകൂടങ്ങളുടെ മറ്റ് തരത്തിലുള്ള മനുഷ്യവിരുദ്ധതകളെയും ചെറുക്കുന്നതിനുള്ള സവിശേഷമായ ടൂളാണ്. ആ ടൂൾ പുറത്തിറക്കുന്നതോടുകൂടി തീരുന്ന പ്രവർത്തനമല്ല ആനന്ദിന്റേത്. മറിച്ച്, താൻ ഇറക്കിയ സിനിമയും കൊണ്ട് ഇന്ത്യയിലുടനീളം സഞ്ചരിക്കുന്ന ഒരു ആനന്ദിനെയാണ് നമ്മൾ സിനിമാനന്തരം കാണുന്നത്. പല സ്ഥലങ്ങളിലും ഈ സിനിമ പ്രദർശിപ്പിക്കുകയും അതിനെക്കുറിച്ച് സംസാരിക്കുകയും പ്രേക്ഷകരെ ചർച്ചകളിൽ ഉൾപ്പെടുത്തുകയും ചെയ്തുകൊണ്ട് ജനാധിപത്യ സംവാദസ്ഥലികൾ ഇന്ത്യയിലുടനീളം സൃഷ്ടിക്കുക കൂടിയാണ് സ്വന്തം സിനിമകളിലൂടെ അദ്ദേഹം ചെയ്യുന്നത്. ഒരു സിനിമ നിർമിച്ച് അടുത്ത സിനിമയിലേക്ക് കടക്കുന്നതിനുമുമ്പ് രാജ്യത്തെ കുറേയേറെപ്പേർ ആനന്ദിൽനിന്ന് നേരിട്ട് ആ സിനിമയെക്കുറിച്ച് കേൾക്കുകയും രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന പ്രതിസന്ധിയുടെ ആഴങ്ങൾ എത്ര അഗാധമാണെന്നത് സ്വയം തിരിച്ചറിയുകയും ചെയ്യുന്നു.

എം. എം. കൽബുർഗിയുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന ആനന്ദ് പട് വർദ്ധൻ

ബാബറി മസ്ജിദ് പൊളിക്കാനുള്ള ആർ.എസ്.എസ്. കർസേവകരുടെ സംഘാംഗങ്ങളിൽ ഒരാൾ പിൽക്കാലത്ത് ആനന്ദിന്റെ സിനിമകൾ കണ്ടതിനുശേഷം പറഞ്ഞത്, ‘രാജ്യതാൽപര്യത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചതിൽ വീണുപോയി, പള്ളിപൊളിക്കാൻ മുന്നിട്ടിറങ്ങിയ ഞാൻ ചെയ്തത് ഇത്ര വലിയ അപകടമാണെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞത്’ എന്നാണ്. ആനന്ദിനെ സംബന്ധിച്ച് ഇതുപോലെയുള്ള നൂറുകണക്കിന് അനുഭവങ്ങൾ പറയാനുണ്ട്. ഇത്തരം സിനിമകൾ കാണുന്നത് ഫിലിം ഫെസ്റ്റിവെലുകളിലും മറ്റും എത്തിച്ചേരുന്ന സ്ഥിരം പ്രേക്ഷകരാണ്, അവരെല്ലാവരും കാര്യങ്ങൾ അറിയാവുന്ന ചെറുവിഭാഗത്തിന്റെ പ്രതിനിധികളാണ്, അവരെത്തന്നെ വീണ്ടും വീണ്ടും ഉദ്ബോധിപ്പിക്കുന്ന ചിത്രങ്ങളാണ് ആനന്ദ് എടുക്കുന്നത് എന്നൊക്കെയുള്ള പതിവ് വിമർശനങ്ങളുടെ മുനയൊടിക്കാൻ ഇതിലും നല്ല ഉദാഹരണം ആവശ്യമില്ല.

ഇന്ത്യയുടെയും പാകിസ്ഥാന്റെയും ആണവമത്സരങ്ങളെയും യുദ്ധത്തിനുള്ള കോപ്പുകൂട്ടലിനെയും ഒക്കെ നിശിതമായി വിമർശിക്കുന്ന വാർ ആന്റ് പീസ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെയും പാകിസ്ഥാനിലെയും പ്രദർശനാനുഭവങ്ങളും അവയുണ്ടാക്കിയ ഫലവും വളരെ മികച്ചതായിരുന്നു എന്നദ്ദേഹം തന്നെ പറയുന്നുണ്ട്. സാധാരണ മനുഷ്യരിൽ അപരവിദ്വേഷം കുത്തിനിറച്ച്, രാജ്യങ്ങൾ തമ്മിലുള്ള മത്സരങ്ങളിലേക്ക് ഒരാവശ്യവുമില്ലാതെ അവരെ വലിച്ചിഴക്കുന്നതിന്റെ നേർസാക്ഷ്യമായ ഈ ചിത്രത്തിന് കറാച്ചിയിലും ബോംബെയിലും നടന്ന ഡോക്യുമെന്ററി ചലച്ചിത്രമേകളിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു എന്നതും എടുത്തുപറയണ്ട കാര്യമാണ്.

ജനാധിപത്യവ്യവസ്ഥയുടെ ഭാഗമായ തിരഞ്ഞെടുപ്പ് എന്ന പ്രക്രിയയിലൂടെ ഒരു സ്വേച്ഛാധിപത്യവ്യവസ്ഥിതി അധികാരത്തിലേറുമ്പോൾ അതിനോടൊപ്പം നാമമാത്രമായി ചുരുക്കം സീറ്റുകളിലേക്ക് ഒതുക്കപ്പെടുന്ന ഒരു സ്വാഭാവിക പ്രതിപക്ഷവും ഇന്ത്യൻ പാർലമെന്റിലുണ്ട്. ഇവർ, പലപ്പോഴും ഭൂരിപക്ഷത്തിന്റെ ഗ്വാഗ്വാ വിളികൾക്കിടയിൽ ശബ്ദം നഷ്ടപ്പെട്ടോ സ്വയം ചെറുതായിപ്പോയതിന്റെ അപകർഷതയിലോ പെട്ടുഴലുമ്പോൾ സമൂഹം ഒന്നടങ്കം പ്രതിപക്ഷമായി മാറേണ്ടതുണ്ട്. എന്നാൽ ആ മാറ്റം അക്കാദമിക്-സാമൂഹ്യ- രാഷ്ട്രീയ- സാംസ്കാരിക മേഖലകളിൽ നിരന്തരം ഇടപെടുന്ന സവിശേഷമായ മേൽത്തട്ടിൽ മാത്രമേ പലപ്പോഴും സംഭവിക്കുന്നുള്ളൂ. അതേസമയം, സാധാരണമനുഷ്യരിലേക്ക് ഇത്തരം മാറ്റത്തിനുതകുന്ന പ്രവർത്തനങ്ങൾ എത്തിക്കുക എന്നത് വെറും അക്കാദമിക പ്രസംഗലേഖന വ്യായാമങ്ങൾ കൊണ്ട് മാത്രം സാധിക്കുന്ന ഒന്നല്ല. അവിടെയാണ് സിനിമ എന്ന ഏറെ ജനപ്രിയമായ കലാരൂപത്തിന്റെ വിമോചനാത്മകമായ സാധ്യതകളെ ഒരു മനുഷ്യൻ കണ്ടെത്തുന്നതും അതിന്റെ പൊതുജനസമ്മിതിയെ സമൂഹത്തിൽ ഇടപെടൽ ശക്തി എന്ന നിലയിൽ പ്രയോഗിക്കുന്നതും. ആനന്ദ് പട് വർദ്ധന്റെ ഓരോരോ സിനിമകളും സ്വേച്ഛാധിപത്യവ്യവസ്ഥക്കുകീഴിൽ സാമൂഹികമോ സാംസ്കാരികമോ ഒക്കെയായ പലവിധ പ്രശ്നങ്ങളാൽ അങ്ങേയറ്റത്തെ കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടിവരുന്ന ഒരു ജനതയുടെ അതിജീവനത്തിന്റെ പ്രാധാന്യത്തെയുമാണ് നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്; അതും വളരെ കൃത്യമായിട്ടുള്ള രാഷ്ട്രീയബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ.

ഒരു സിനിമ നിർമിച്ച് അടുത്ത സിനിമയിലേക്ക് കടക്കുന്നതിനുമുമ്പ് രാജ്യത്തെ കുറേയേറെപ്പേർ ആനന്ദിൽനിന്ന് നേരിട്ട് ആ സിനിമയെക്കുറിച്ച് കേൾക്കുകയും രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന പ്രതിസന്ധിയുടെ ആഴങ്ങൾ എത്ര അഗാധമാണെന്നത് സ്വയം തിരിച്ചറിയുകയും ചെയ്യുന്നു.

“ആകപ്പാടെ നോക്കുമ്പോൾ ഇവിടത്തെ അവസ്ഥ ഏറെ നിരാശാജനകമാണെങ്കിലും വളരെ ശ്രദ്ധേയമായ രീതിയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ഒട്ടേറെപ്പേരുണ്ടെന്നും അവരുടെയൊന്നും പ്രവൃത്തികൾ നിരർത്ഥകമല്ലെന്നം മനസ്സിലാക്കുന്നതിനുള്ള നിരവധി സാധ്യതകൾ ഇവിടെയുണ്ട്. ഇതൊക്കെ വളരെ വലിയ പ്രശ്നങ്ങളാണ്; അതിനാൽ തന്നെ മാറ്റം തീർത്തും ദുസ്സാധ്യമാണ് എന്നൊക്കെപ്പറഞ്ഞ് ഇതിൽ നിന്നെല്ലാം ഒഴിഞ്ഞുനിൽക്കുക എന്നത് മാത്രമാണ് പിന്നെ നമ്മുടെ മുന്നിലുള്ള ഒരേയൊരു വഴി. ഇവിടെ എല്ലാ കാര്യങ്ങളും ഒരു ചാക്രികവ്യവസ്ഥയിലാണ് നടക്കുന്നത് എന്നതിനാൽ (ആ ചാക്രികവ്യവസ്ഥയിലെ) വളരെ മോശം സാഹചര്യത്തിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത് എന്നേയുള്ളൂ എന്ന് കരുതുവാനാഗ്രഹിക്കുന്ന ശുഭാപ്തിവിശ്വാസിയാണ് ഞാൻ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒട്ടേറെ ജനാധിപത്യ പാരമ്പര്യങ്ങളുള്ള ഒരിടത്താണ് നമ്മളുള്ളത് എന്നതുകൊണ്ടുതന്നെ ഇന്ത്യയിലെ ഫാഷിസം അങ്ങനെ പരിപൂർണമായ വളർച്ചയൊന്നും പ്രാപിക്കില്ലെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടുതന്നെ ഒടുക്കം (ഈ ജനാധിപത്യമൂല്യങ്ങൾ) വിജയിക്കുക തന്നെ ചെയ്യും.”

ആനന്ദ് പട് വർദ്ധന്റെ സിനിമ സ്വേച്ഛാധിപത്യവ്യവസ്ഥക്കു കീഴിൽ സാമൂഹികമോ സാംസ്കാരികമോ ഒക്കെയായ പലവിധ പ്രശ്നങ്ങൾ അനുഭവിക്കേണ്ടിവരുന്ന ഒരു ജനതയുടെ അതിജീവനത്തിന്റെ പ്രാധാന്യമാണ് ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്;

ഈ ശുഭാപ്തിവിശ്വാസം തന്നെയാണ് ആനന്ദ് പട് വർദ്ധനെ മുന്നോട്ടുനയിക്കുന്നത്. അതിന്റെ പിൻബലത്തിലാണ് സമഗ്രാധിപത്യവ്യവസ്ഥയിലെ ഫലപ്രദമായ പ്രതിപക്ഷമായി അദ്ദേഹം നിലകൊള്ളുന്നത്. അത്തരം സ്രോതസ്സുകളിൽ നിന്ന് വരുന്ന വെളിച്ചമാണ് ഫാഷിസ്റ്റ് വിരുദ്ധ ഇന്ത്യയിലേക്കുള്ള പാതകളെ നിരന്തരം തെളിയിച്ച് നിർത്തേണ്ടതും.

Comments