ഇന്ത്യയിലെ അരികുവൽക്കരിക്കപ്പെടുന്ന സമൂഹങ്ങളുടെ അവകാശങ്ങൾക്കും അംഗീകാരങ്ങൾക്കും നീതിക്കും വേണ്ടി ഏറെക്കാലമായി തുടരുന്ന സംഘർഷങ്ങളുടെ ഭാഗമാണ് രാജ്യത്ത് നടക്കുന്ന മാവോയിസ്റ്റ് പ്രവർത്തനങ്ങൾ. രാജ്യസുരക്ഷ മുൻനിർത്തിയെന്ന വ്യാജേന, ഇത്തരം പ്രസ്ഥാനങ്ങളെ അടിച്ചമർത്താൻ സർക്കാർ നടത്തുന്ന ഇടപെടലുകൾ ഗോത്രസ്വയംഭരണത്തെയും ഭരണഘടനാ സുരക്ഷയെയും അട്ടിമറിച്ച് കൊണ്ടാണ് നടപ്പാക്കുന്നതെന്ന് ഇവിടുത്തെ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും മനുഷ്യാവകാശ പ്രവർത്തകരും നിരന്തരമായി വാദിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ മൂന്ന് ദിവസം നടന്ന ഓപ്പറേഷനിടയിൽ നിരോധിത സിപിഐ (മാവോയിസ്റ്റ്) സംഘടനയുമായി ബന്ധപ്പെട്ട ഏഴ് പേരെയാണ് സുരക്ഷാസേന കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിൽ രണ്ട് ഉന്നത മാവോയിസ്റ്റ് നേതാക്കളും ഉൾപ്പെടുന്നു. ഇന്ദ്രാവതി ദേശീയോദ്യാനത്തിൽ നടന്ന ഈ സുരക്ഷാദൗത്യത്തെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങൾക്കെതിരായ തങ്ങളുടെ നീക്കങ്ങളിലെ ഒരു നിർണായക ചുവടുവെപ്പായാണ് സുരക്ഷാസേന കരുതുന്നത്. സിപിഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗമായ സുധാകർ എന്നറിയപ്പെടുന്ന നരസിംഹ ഛാലം, തെലങ്കാന യൂണിറ്റിന്റെ സ്പെഷ്യൽ സോണൽ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഭാസ്കർ എന്നറിയപ്പെടുന്ന മൈലാരപു അഡെല്ലു എന്നിവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സുധാകറിനെയും ഭാസ്ക്കറിനെയും പിടിക്കാൻ സഹായിക്കുന്നവർക്ക് യഥാക്രമം 45 ലക്ഷവും, 40 ലക്ഷം രൂപയുമാണ് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മാവോയിസ്റ്റ് നേതാക്കളെ കൊലപ്പെടുത്തിയതിനെതിരെ മനുഷ്യാവകാശ പ്രവർത്തകരുടെ ഭാഗത്ത് നിന്നും പ്രതിഷേധമുയർന്നിരുന്നു. അഭിഭാഷകനായ ബല്ല രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഫോർ റിലീസിംഗ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്‌സ് (സിആർപിപി) ഈ കൊലപാതകങ്ങൾ ആസൂത്രിതമാണെന്ന് ആരോപിക്കുന്നു. മൃതദേഹങ്ങൾ സൂക്ഷിച്ച് രണ്ടാമതൊരിക്കൽ കൂടി പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് പീപ്പിൾസ് ലോയേഴ്‌സ് (ഐഎപിഎൽ) അംഗം പിച്ചുക്ക സുധാകർ ഛത്തീസ്ഗഢ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുമുണ്ട്.

2025 മെയ്-21ന് നാരായണപുരിൽ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിൽ സിപിഐ (മാവോയിസ്റ്റ്) ജനറൽ സെക്രട്ടറിയും ചീഫ് സ്ട്രാറ്റജിസ്റ്റുമായ ബസവരാജു എന്നറിയപ്പെടുന്ന നമ്പാല കേശവറാവു കൊല്ലപ്പെട്ടു. ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റിൻെറ ഭാഗമായി നടന്ന ഓപ്പറേഷനിൽ മറ്റ് 27 മാവോയിസ്റ്റ് പ്രവർത്തകരും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിൽ മാവോയിസ്റ്റ് പ്രസ്ഥാനത്തിന് നേരിടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണിത്. ഇത്തരം ഓപ്പറേഷനുകൾ ഈ പ്രദേശങ്ങളിലെ സാധാരണ പൗരർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പൗരസ്വാതന്ത്ര്യ സംഘടനകൾ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. സിവിൽ ലിബർട്ടീസ് കമ്മിറ്റി (സിഎൽസി) ജനറൽ സെക്രട്ടറി ലക്ഷ്മൺ റാവു പറയുന്നതനുസരിച്ച്, 2024 ജനുവരി 1 മുതൽ നടക്കുന്ന ഓപ്പറേഷൻ കാഗറിൻെറ ഭാഗമായി ഏകദേശം 550 മാവോയിസ്റ്റുകൾ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 400-ഓളം പേരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആദിവാസികളാണ്. മാവോവാദികളെ ലക്ഷ്യം വെയ്ക്കുന്നതിനു പുറമേ, കോർപ്പറേറ്റ് ഭൂമി ചൂഷണത്തിനെതിരായ ഗോത്രവർഗമേഖലകളിൽ നിന്നുള്ള എതിർപ്പിനെ ദുർബലപ്പെടുത്തുക എന്നതും ഈ ശ്രമങ്ങളുടെ ലക്ഷ്യമാണെന്ന് സിഎൽസി വാദിക്കുന്നു.
ഗവൺമെൻറ് അധികൃതരും സുരക്ഷാസേനയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. മാവോവാദികൾക്കെതിരായ പ്രവർത്തനങ്ങളിൽ നാഴികക്കല്ലാണ് ഇതെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ വിശേഷിപ്പിച്ചത്. ഓപ്പറേഷന് ശേഷം 54 പേർ പിടിയിലാവുകയും 84 പേർ കീഴടങ്ങുകയും ചെയ്തതിന് ശേഷമായിരുന്നു അമിത് ഷായുടെ പ്രതികരണം. 2026 മാർച്ചോടെ ഇന്ത്യയിലെ മാവോയിസ്റ്റ് സാന്നിധ്യം പൂർണമായി ഇല്ലാതാക്കുമെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. സൈനിക ഇടപെടൽ, വികസന പ്രവർത്തനങ്ങൾ, ഗോത്ര സമൂഹങ്ങളുമായുള്ള ഇടപെടൽ മെച്ചപ്പെടുത്തൽ എന്നിവയെല്ലാം സംയോജിപ്പിച്ചായിരിക്കും നീക്കങ്ങളെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.
മാവോയിസം, നക്സലിസം, ഇടതുപക്ഷ തീവ്രവാദം (LWE) എന്നീ പദങ്ങൾ പലപ്പോഴും പരസ്പരം മാറിമാറി ഉപയോഗിക്കാറുണ്ടെങ്കിലും, ഇന്ത്യയുടെ ആഭ്യന്തര സംഘർഷത്തിന്റെ വ്യത്യസ്ത വശങ്ങളെയാണ് ഇവ സൂചിപ്പിക്കുന്നത്. മാവോ സേതൂങ്ങിന്റെ പ്രത്യയശാസ്ത്രത്തിൽ വേരൂന്നിയാണ് മാവോയിസം പ്രവർത്തിക്കുന്നത്. കർഷകരെ മാറ്റത്തിന്റെ പ്രധാന ചാലകശക്തികളായി മുൻനിർത്തിക്കൊണ്ട് ഗറില്ലാ തന്ത്രങ്ങളും മറ്റും ഉപയോഗപ്പെടുത്തി വർഗ സംഘർഷങ്ങളിലൂടെയും ഗ്രാമീണ വിപ്ലവത്തിലൂടെയുമാണ് മാവോയിസം നടപ്പാക്കുന്നത്. 1967-ൽ പശ്ചിമ ബംഗാളിൽ നടന്ന നക്സൽബാരി കലാപത്തോടെയാണ് ഇന്ത്യയിൽ മാവോയിസ്റ്റ് ആശയങ്ങൾ വേരൂന്നിയത്. ഇതിന് ശേഷമാണ് രാജ്യത്ത് നക്സൽ പ്രസ്ഥാനങ്ങൾ പ്രവർത്തനം ആരംഭിക്കുന്നത്. കർഷകരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടേയും ആദിവാസികളുടെയും ഭൂമിക്കുള്ള അവകാശം സായുധവിപ്ലവത്തിലൂടെ നേടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

നക്സൽ പ്രസ്ഥാനം വളർന്നതോടെ അത് ചെറുഗ്രൂപ്പുകളായി പിരിയുകയും ചെയ്തു. 2004-ൽ, പീപ്പിൾസ് വാർ ഗ്രൂപ്പ് (പിഡബ്ല്യുജി), മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ (എംസിസി) എന്നീ രണ്ട് പ്രധാന വിഭാഗങ്ങൾ ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അഥവാ സിപിഐ (മാവോയിസ്റ്റ്) രൂപീകരിച്ചു. സായുധ കലാപത്തിന് നേതൃത്വം നൽകിയ പ്രധാന ഗ്രൂപ്പായിരുന്നു ഇത്. ഇന്ത്യയിലെ ഭരണകൂടങ്ങൾ പൊതുവേ ഇവയെയെല്ലാം ഇടതുപക്ഷ തീവ്രവാദം എന്ന ഒറ്റക്കുടക്കീഴിലാണ് നിർത്തിയത്. മധ്യ, കിഴക്കൻ ഇന്ത്യയിലെ വനപ്രദേശങ്ങളിലും ഗോത്രവർഗക്കാർ കൂടുതലുള്ള പ്രദേശങ്ങളിലുമാണ് ഇവർ പ്രവർത്തനമേഖല വ്യാപിപ്പിച്ചത്.
ഇതിനിടയിലാണ് അർബൻ നക്സൽ എന്ന വിവാദപരമായ ഒരു പദം ഇപ്പോൾ പൊതുചർച്ചകളിൽ കാര്യമായി ഉപയോഗിച്ച് തുടങ്ങിയത്. സർക്കാർ നടപടികളെ എതിർക്കുന്ന ഗവേഷകർ, വിദ്യാർത്ഥികൾ, നിയമ ഉപദേശകർ, ആക്ടിവിസ്റ്റുകൾ എന്നിവരെയെല്ലാം വിശേഷിപ്പിക്കാൻ, അക്കാദമികമായി ഒരു സാധുതയുമില്ലാത്ത ഈ പദം ഇപ്പോൾ നിരന്തരമായി ഉപയോഗിക്കപ്പെടാറുണ്ട്. പൗരസ്വാതന്ത്ര്യത്തിനും സാമൂഹ്യനീതിക്കും ആദിവാസി ഉന്നമനത്തിനും വേണ്ടി ശബ്ദിക്കുന്നവരെ അടിച്ചമർത്തുന്നതിനും അവരെ ഭയപ്പെടുത്തുന്നതിനും വേണ്ടിയാണ് ഭരണകൂടം അർബൻ നക്സലെന്ന പദം ഉപയോഗിക്കുന്നതെന്ന് വിമർശനമുയരുന്നുണ്ട്.
ആദിവാസി അവകാശങ്ങൾക്കുവേണ്ടി പോരാടുന്നുവെന്ന് മാവോയിസ്റ്റുകൾ അവകാശപ്പെടുന്നുണ്ടെങ്കിലും, അധികാരികളുമായി സഹകരിച്ചുവെന്ന് സംശയിക്കപ്പെടുന്ന നിരവധി ഗ്രാമീണരെ തട്ടിക്കൊണ്ടുപോകുകയോ വധിക്കുകയോ ചെയ്തത് മാവോയിസ്റ്റ് നിയന്ത്രിത മേഖലകളിൽ ഭയത്തിന്റെ അന്തരീക്ഷത്തിന് കാരണമായിട്ടുണ്ട്.
ചരിത്രപരമായ പാതകളും വഴിത്തിരിവും
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) അല്ലെങ്കിൽ സിപിഐ (എംഎൽ) രൂപീകരണത്തോടെയാണ് ഇന്ത്യയിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 1960-കളുടെ അവസാനത്തിൽ ചാരു മജുംദാറും കനു സന്യാലും ചേർന്നാണ് ഇത് സ്ഥാപിച്ചത്. മാവോ സേതൂങ്ങിന്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യൻ ഭരണകൂടത്തിനെതിരെ ഒരു സായുധ വിപ്ലവം ആരംഭിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. 1970 മുതൽ 1990 വരെയുള്ള കാലഘട്ടത്തിൽ, ആന്തരിക ഭിന്നതകൾ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തെ നിരവധി ചെറിയ വിഭാഗങ്ങളായി പിളർത്തി. ഈ ഗ്രൂപ്പുകൾ പ്രധാനമായും ഒളിവിൽ പ്രവർത്തിക്കുകയും ആന്ധ്രാപ്രദേശ്, ബീഹാർ, ഒഡീഷ, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണ, ആദിവാസി മേഖലകളിൽ തങ്ങളുടെ കേന്ദ്രങ്ങൾ സ്ഥാപിക്കുകയുമാണ് ചെയ്തത്. പ്രവർത്തകരെ സംഘടിപ്പിച്ച് കൊണ്ട് ഈ മേഖലകളിലെ ഭൂമി പ്രശ്നങ്ങളിലും ആദിവാസി വിഭാഗങ്ങളുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും അവകാശപോരാട്ടങ്ങളിലാണ് ഇവർ ഏർപ്പെട്ടത്.
2004-ൽ, പീപ്പിൾസ് വാർ ഗ്രൂപ്പും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) രൂപീകരിച്ചപ്പോൾ സുപ്രധാന വഴിത്തിരിവുണ്ടായി. ഈ ഏകീകരണത്തെത്തുടർന്ന്, പുതുതായി രൂപീകരിച്ച പാർട്ടി, ‘റെഡ് കോറിഡോർ’ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ഇന്ത്യയുടെ മധ്യ ഗോത്ര മേഖലകളിലുടനീളം അവരുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) എന്ന സായുധ വിഭാഗത്തിന് രൂപം നൽകി. 2004-നും 2025 മാർച്ചിനുമിടയിൽ, ഇടതുപക്ഷ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 8,900 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ ബഹുഭൂരിപക്ഷം പേരും ആദിവാസികളാണ്. ആദിവാസി അവകാശങ്ങൾക്കുവേണ്ടി പോരാടുന്നുവെന്ന് മാവോയിസ്റ്റുകൾ അവകാശപ്പെടുന്നുണ്ടെങ്കിലും, അധികാരികളുമായി സഹകരിച്ചുവെന്ന് സംശയിക്കപ്പെടുന്ന നിരവധി ഗ്രാമീണരെ തട്ടിക്കൊണ്ടുപോകുകയോ വധിക്കുകയോ ചെയ്തത് മാവോയിസ്റ്റ് നിയന്ത്രിത മേഖലകളിൽ ഭയത്തിന്റെ അന്തരീക്ഷത്തിന് കാരണമായിട്ടുണ്ട്.

പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉയർത്തുന്നതിനുപകരം, ബലപ്രയോഗത്തിലൂടെയും അക്രമത്തിലൂടെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന അടിച്ചമർത്തൽ തന്ത്രങ്ങളുടെ പ്രതിഫലനമായാണ് മാവോയിസ്റ്റ് മേഖലകളിൽ വലിയ സംഘർഷങ്ങൾ നടന്നത്. കാലക്രമേണ, സംഘർഷത്തിന് പ്രാദേശിക സമൂഹങ്ങളും സുരക്ഷാസേനയും കനത്ത വിലനൽകേണ്ടി വന്നു. 2000-ത്തിന് മുമ്പ്, മാവോയിസ്റ്റ് വിഷയത്തോടുള്ള ഇന്ത്യൻ സർക്കാരിന്റെ പ്രതികരണം അത്ര സ്ഥിരമായിരുന്നില്ല. ചില സംസ്ഥാനങ്ങൾ പോലീസ് സേനയയെയും കർശനമായ നിയമങ്ങളും ഉപയോഗിച്ച് അടിച്ചമർത്തൽ നടത്തിയപ്പോൾ, മറ്റു ചിലയിടങ്ങളിൽ ചെറിയ നടപടികൾ മാത്രമാണ് ഉണ്ടായത്. ദേശീയതലത്തിൽ കൃത്യമായ പദ്ധതികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. 2000-ൻെറ തുടക്കത്തിൽ ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ മാവോയിസ്റ്റ് നേതാക്കളുമായി നേരിട്ട് ചർച്ചകൾ പോലും നടത്തിയിരുന്നു. എന്നാൽ പോലീസ് ഏറ്റുമുട്ടലുകൾ പുനരാരംഭിച്ചതിനെത്തുടർന്ന് ഈ ചർച്ചകൾ പരാജയപ്പെട്ടു. ഇരുകൂട്ടരും തമ്മിൽ ഉണ്ടായിരുന്ന വിശ്വാസം തീരെ ഇല്ലാതാവുകയും ചെയ്തു. ചില കേസുകളിൽ, സംസ്ഥാന ഭരണകൂടങ്ങൾ ജാഗ്രതാ ഗ്രൂപ്പുകളെ നിയോഗിച്ചു, ഇതോടെ നിയമപാലനവും മനുഷ്യാവകാശവും തമ്മിലുള്ള സംഘർഷം വർധിച്ചു. ഇതിനിടെ ഓരോ സംസ്ഥാനത്തിനും സ്വന്തം നിലയിൽ പ്രശ്നം കൈകാര്യം ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. എന്നാൽ ഇതിന് ദേശീയതലത്തിൽ ഒരു ഏകീകൃത പദ്ധതിയുണ്ടായില്ല. 2004-ന് ശേഷം മാവോയിസ്റ്റ് പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകവും അക്രമാസക്തവുമായി മാറിയതോടെ ഇതിലും മാറ്റം വന്നു. കേന്ദ്ര സർക്കാർ മാവോയിസ്റ്റ് വേട്ടയ്ക്കായി ഒരു ഏകീകൃത പദ്ധതി തയ്യാറാക്കി. സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കി, അർദ്ധസൈനിക വിഭാഗങ്ങളെ ഉപയോഗപ്പെടുത്തി, ഗോത്രമേഖലകളിൽ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിനുള്ള സ്വാധീനം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള വികസന പരിപാടികളും നടപ്പാക്കി.
വിജയകരമായ സർക്കാർതന്ത്രങ്ങൾ
2000-ത്തിന് മുമ്പുള്ള കാലത്ത് മാവോയിസ്റ്റ് തീവ്രവാദത്തെ നേരിടുന്നതിന് ഇന്ത്യൻ സർക്കാരിന് സ്ഥിരതയുള്ളതും ഏകീകൃതവുമായ ഒരു പദ്ധതിയോ നയമോ ഉണ്ടായിരുന്നില്ല. ചില സംസ്ഥാന സർക്കാരുകൾ കടുത്ത നടപടികൾ എടുത്തപ്പോൾ ചിലർ അത്ര ശക്തമായ നടപടി എടുത്തുമില്ല. 2004-ൽ രൂപീകൃതമായതുമുതൽ, മധ്യ, കിഴക്കൻ ഇന്ത്യയിലെ വിഭവസമൃദ്ധമായ വനമേഖലകളിൽ സിപിഐ (മാവോയിസ്റ്റ്) നേതൃത്വത്തിൽ നിരന്തരമായ സംഘർഷങ്ങളുണ്ടായിട്ടുണ്ട്. 2010-ൽ സംഘർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തിയ ഘട്ടത്തിൽ 1,005 മരണങ്ങളും ഏകദേശം 2,000 അക്രമ സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ആയപ്പോഴേക്കും മരണസംഖ്യ 150-ഉും അക്രമസംഭവങ്ങൾ 374-ഉും ആയികുറഞ്ഞു.
മരണസംഖ്യയുടെ കാര്യത്തിൽ 85 ശതമാനവും അക്രമസംഭവങ്ങളുടെ കാര്യത്തിൽ 81 ശതമാനവുമാണ് കുറവുണ്ടായത്. 2013-ൽ ഇടതുപക്ഷ തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ 90 ശതമാനത്തിലധികവും നടന്നത് 76 ജില്ലകളിലായിരുന്നുവെങ്കിൽ 2025 ആയപ്പോഴേക്ക് ഇത് 25 ജില്ലകളായി കുറഞ്ഞു. 2009-2010 കാലഘട്ടങ്ങളിൽ സുരക്ഷാസേനയുമായി രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകളാണ് നടന്നത്. 18000 ചതുരശ്ര കിലോമീറ്റർ മേഖലകളിൽ വ്യാപിച്ച് കിടന്നിരുന്ന മാവോയിസ്റ്റ് പ്രവർത്തനങ്ങൾ 4,200 ചതുരശ്ര കിലോമീറ്ററിലേക്ക് കുറഞ്ഞു. സുരക്ഷാസേനയുടെ നിരന്തരമായ ഇടപെടലുകൾ കൊണ്ടും ഊർജ്ജിതമായ രഹസ്വാന്വേഷണ പ്രവർത്തനങ്ങൾ കൊണ്ടും നിലവിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ കൊണ്ടുമൊക്കെയാണ് ഈ കുറവുണ്ടായത്.
മാവോയിസ്റ്റ് തീവ്രവാദത്തെ ചെറുക്കുന്നതിനായി ഓപ്പറേഷൻ ഗ്രീൻ ഹണ്ട് നടപ്പാക്കിയത് 2004 മുതൽ 2014 വരെയുള്ള യുപിഎ സർക്കാരിന്റെ ഭരണകാലത്താണ്. മേഖലയിലെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി പിന്നാക്ക മേഖല ഗ്രാന്റ് ഫണ്ട്, സംയോജിത പ്രവർത്തന പദ്ധതി തുടങ്ങിയ ക്ഷേമ പദ്ധതികളും സർക്കാർ ആരംഭിച്ചു. എന്നാൽ, ആസൂത്രണത്തിലും നിർവ്വഹണത്തിലും ആദിവാസി ജനതയെ ഫലപ്രദമായി ഉൾപ്പെടുത്തുന്നതിൽ ഈ പരിപാടികൾ പരാജയപ്പെട്ടുവെന്ന് വിമർശകർ വാദിക്കുന്നുണ്ട്. ഒരു ഏകീകൃതദേശീയനയത്തിൻെറ ഭാഗമായി 2014 മുതൽ എൻഡിഎ സർക്കാർ ഇരട്ടപദ്ധതി തയ്യാറാക്കിയാണ് മുന്നോട്ടുപോയത്. സംഘർഷ മേഖലകളിലെ സാമൂഹിക-സാമ്പത്തിക പരാതികൾ പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഭരണനിർവ്വഹണവും വികസനവും ഒപ്പം സുരക്ഷാസേനയുടെ മാവോയിസ്റ്റുകൾക്കെതിരായ ശക്തമായ നടപടികളും കൂടിച്ചേരുന്നതായിരുന്നു ഈ പദ്ധതി. 2017–18 വർഷങ്ങളിലും 2025-ന്റെ തുടക്കത്തിലുമായി സുരക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി സെക്യൂരിറ്റി റിലേറ്റഡ് എക്സ്പെൻഡിച്ചർ (എസ്ആർഇ) പദ്ധതിയിൽ 3,260.37 കോടി രൂപയാണ് കേന്ദ്രസർക്കാർ ചെലവഴിച്ചത്. പ്രവർത്തനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഗണ്യമായി വർധിപ്പിച്ചു. പോലീസ് സ്റ്റേഷനുകൾ 66-ൽ നിന്ന് 612 ആയി വർധിപ്പിക്കുകയും 280 സെക്യൂരിറ്റി ക്യാമ്പുകൾ നിർമ്മിക്കുകയും 68 ഹെലിപാഡുകളും 15 ജോയിറ്റ് ടാസ്ക് ഫോഴ്സുകളും സജ്ജീകരിക്കുകയും ചെയ്തു. സി.ആർ.പി.എഫ് സേനയുടെ സാന്നിധ്യവും വർധിപ്പിച്ചിരുന്നു.

മാവോവാദികളുടെ സാമ്പത്തികശ്രോതസ്സുകളെ തകർക്കുന്ന പ്രവർത്തനങ്ങളും അധികൃതർ നടപ്പിലാക്കി. ദേശീയ അന്വേഷണ ഏജൻസിയുടെയും (എൻഐഎ), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻെറയും (ഇഡി) സംയോജിത ശ്രമങ്ങൾ കൊണ്ട് മാവോയിസ്റ്റുകൾ ഫണ്ട് വരുന്ന ശ്രോതസ്സുകൾ തടയുകയും കർശനമായ നിയമനടിപകൾ എടുക്കുകയുമുണ്ടായി. ഇന്റലിജൻസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി, സർക്കാർ മൾട്ടി ഏജൻസി സെന്ററുകളും (MAC) സംസ്ഥാനതല ഏജൻസികളെയും കാര്യക്ഷമമാക്കി. കൂടാതെ ഏകോപനം കാര്യക്ഷമമാക്കുന്നതിനായി ജഗദൽപൂരിലും ഗയയിലും പുതിയ സംയുക്ത കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകളും സ്ഥാപിച്ചു. സുരക്ഷാസേന 2024-ൽ നടത്തിയ ഓപ്പറേഷനുകളിൽ 290 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്, 1,090 അറസ്റ്റുകളും 881 കീഴടങ്ങലുകളും ഉണ്ടായി. ഛത്തീസ്ഗഡിൽ, 2024 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള കാലത്തിനിടയിൽ സുരക്ഷാ സേന 237 മാവോയിസ്റ്റുകളെെയാണ് കൊലപ്പെടുത്തിയത്, 812 പേരെ അറസ്റ്റ് ചെയ്തു, 723 പേർ ആയുധം വെച്ച് കീഴടങ്ങി. ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് മാവോവാദികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാവുന്നുണ്ടെന്നും പുതിയ അംഗങ്ങൾ വരുന്നില്ലെന്നുമാണ്.
വികസന രംഗത്ത് യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമായി സർക്കാർ 9,500 കിലോമീറ്ററിലധികം റോഡുകൾ നിർമ്മിക്കുകയും 7,777 മൊബൈൽ ടവറുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേക കേന്ദ്ര സഹായ പദ്ധതി പ്രകാരം, ആദിവാസി, പിന്നാക്ക മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്കായി 3,724.95 കോടി രൂപയാണ് അനുവദിച്ചത്. സാമൂഹ്യബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പരിപാടികൾക്കും ധനസഹായം ഉപയോഗപ്പെടുത്തി. സിവിക് ആക്ഷൻ പ്രോഗ്രാമിന് 196.23 കോടി രൂപയും മാധ്യമ ഇടപെടലിനും ബോധവൽക്കരണ ക്യാമ്പെയിനുകൾക്കുമായി 52.52 കോടി രൂപയുമാണ് അനുവദിച്ചത്. മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തോട് യുവതലമുറയ്ക്ക് ആഭിമുഖ്യം ഇല്ലാതിരിക്കാൻ സർക്കാർ നിരവധി വിദ്യാഭ്യാസ പരിശീലനപദ്ധതികളും ബോധവൽക്കരണ പദ്ധതികളുമെല്ലാം നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ആദിവാസി മേഖലകളിൽ 48 ഐടിഐകൾ, 61 നൈപുണ്യ വികസന കേന്ദ്രങ്ങൾ, 178 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ എന്നിവ സ്ഥാപിച്ചത് ഈ ലക്ഷ്യം പൂർത്തീകരിക്കാൻ വേണ്ടിയാണ്.
സാമ്പത്തിക ക്രയവിക്രയം കാര്യക്ഷമമാക്കുന്നതിന് 1,007 പുതിയ ബാങ്ക് ശാഖകൾ, 937 എടിഎമ്മുകൾ, 5,731 പോസ്റ്റ് ഓഫീസുകൾ എന്നിവയും തുറന്നു. 15,000 ആദിവാസി ഗ്രാമങ്ങളിലെ 1.5 കോടി ആളുകൾക്ക് ഗുണകരമാവണമെന്ന ലക്ഷ്യത്തോടെ 2024-ൽ ധർത്തി ആബ ജഞ്ജതിയ ഗ്രാം ഉത്കർഷ് അഭിയാൻ (Dharti Aaba Janjatiya Gram Utkarsh Abhiyan) പദ്ധതി നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, മൊബൈൽ നെറ്റ്‌വർക്ക് ആക്‌സസ്, സാമ്പത്തിക സേവനങ്ങൾ എന്നീ മൂന്ന് മേഖലകൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ പദ്ധതി. ഏകോപനം, ഫണ്ടിങ് എന്നിവയിലൂടെ കൃത്യമായി ഫലം ഉണ്ടാക്കാൻ എൻഡിഎ മുന്നോട്ടുവെച്ച മാതൃകയ്ക്ക് സാധിച്ചിട്ടുണ്ട്. മാവോയിസത്തെ ഒരു ക്രമസമാധാന പ്രശ്നം എന്ന നിലയിൽ മാത്രമല്ലാതെ, ആദിവാസിമേഖലകളിൽ വികസനപ്രവർത്തികളിലൂടെയും സുരക്ഷാസേവനങ്ങളിലൂടെയും പദ്ധതി നടപ്പാക്കലുകളിലൂടെയും സർക്കാരിൻെറ സാന്നിധ്യം ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്.
ആദിവാസി അവകാശങ്ങളും മനുഷ്യർ നേരിടുന്ന പ്രശ്നങ്ങളും
ആദിവാസി ജനതയിൽ നിന്നും മാവോയിസ്റ്റുകൾക്ക് ലഭക്കുന്ന പിന്തുണ പ്രത്യയശാസ്ത്രപരമല്ല, പതിറ്റാണ്ടുകളായി നിലനിൽക്കുന്ന വ്യവസ്ഥാപിത അവഗണനയുമായും അനീതിയുമായും അത് ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. കുടിയിറക്കലുകൾ, തങ്ങളുടെ ഭൂമി കയ്യേറലുകൾ, വിദ്യാഭ്യാസം - ആരോഗ്യ സംരക്ഷണത്തിൻെറ കാര്യത്തിലുള്ള ശ്രദ്ധക്കുറവ് തുടങ്ങിയ അവശ്യ സേവനങ്ങൾ പോലും ദീർഘകാലമായി വേണ്ടവിധത്തിൽ ലഭിക്കാതെ പോയത് ഗോത്ര സമൂഹങ്ങൾക്കിടയിൽ ഭരണകൂടങ്ങളോട് നീരസം ഉണ്ടാക്കുകയും അരികുവൽക്കരിക്കപ്പെട്ടവരാണെന്ന തോന്നൽ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഈ വെല്ലുവിളി അതിജീവിക്കുന്നതിനായാണ് സ്പെഷ്യൽ സെൻട്രൽ അസിസ്റ്റൻസ് (എസ്‌സിഎ), സിവിക് ആക്ഷൻ പ്രോഗ്രാം (സിഎപി), ധർത്തി ആബ ജാൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ എന്നിവയുൾപ്പെടെ നിരവധി ക്ഷേമ പദ്ധതികൾ സർക്കാർ ആരംഭിച്ചത്. എന്നാൽ ഈ പദ്ധതികളെല്ലാം മുകളിൽ നിന്ന് നടപ്പിലാക്കുന്നത് പ്രാദേശിക വികസനമെന്നത് ലക്ഷ്യമിട്ടല്ലെന്നും പകരം സുരക്ഷാ വിഷയങ്ങളാണെന്നും അൻഷുമാൻ ബെഹറ വാദിക്കുന്നു. ആദിവാസി സമൂഹങ്ങളെ ശാക്തീകരിക്കുന്നില്ല എന്ന് മാത്രമല്ല, Panchayats (Extension to Scheduled Areas) Act (PESA) Forest Rights Act (FRA) തുടങ്ങീ സാമൂഹ്യ നിയന്ത്രണം, ഭൂമി, വനം സംരക്ഷണം എന്നിവയ്ക്കായുള്ള നിയമങ്ങൾ ദുർബലമാവുകയുമാണ് ചെയ്യുന്നത്.
മുതിർന്ന മാവോയിസ്റ്റ് നേതാക്കളടക്കം കീഴടങ്ങുന്നതും നിയന്ത്രണത്തിലാവുന്നതും അവരുടെ കയ്യിലുള്ള പ്രദേശം കുറഞ്ഞ് വരുന്നതുമെല്ലാം വിരൽ ചൂണ്ടുന്നത് ഒരു ജനാധിപത്യ സംവിധാനത്തിനകത്ത് സായുധകലാപങ്ങൾ എത്രത്തോളം പരാജയമാവുമെന്നതാണ്.
ഈ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അടിത്തട്ടിലേക്ക് പോയാൽ സ്ഥിതി വളരെ ദയനീയമാണെന്ന് നമുക്ക് ബോധ്യപ്പെടും. റോഡുകളും മറ്റും നന്നായി നിർമ്മിച്ചിട്ടുണ്ടെങ്കിലും പല സ്കൂളുകളിലും ആവശ്യത്തിന് അധ്യാപകരോ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ വേണ്ടത്ര ജീവനക്കാരോ ഇല്ല. ഭൂരിപക്ഷം കേസുകളിലും, വികസനം എന്ന വാക്യം സെക്യൂരിറ്റി ക്യാമ്പുകളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവിടുത്ത അടിസ്ഥാനപരമായ അവകാശങ്ങൾക്കും സേവനങ്ങൾക്കുമല്ല പ്രാധാന്യമുള്ളത്. വ്യാവസായിക ആവശ്യങ്ങൾക്കോ ഖനന ആവശ്യങ്ങൾക്കോ ഭൂമി ഏറ്റെടുക്കുമ്പോൾ, ആദിവാസി സ്വയംഭരണം ശാക്തീകരിക്കുന്നതിനായി ഇടപെടാൻ അധികാരമുള്ള ഗ്രാമസഭകൾക്കും മറ്റും റോളില്ലാതെ പോവുന്നത് ആദിവാസി ജനതയ്ക്കും ഭരണകൂടത്തിനും ഇടയിലുള്ള അന്തരം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. പല ഗോത്രമേഖലകളിലെയും ഭരണകൂട ഇടപെടൽ എന്നത് അവരെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനമായാണ് മാറുന്നത്. പ്രാദേശികതലത്തിൽ തീരുമാനങ്ങളെടുക്കുന്ന രീതികുറയുന്നു. വില്ലേജ് കൗൺസിലിൽ നിന്നുപോലും ആവശ്യമായ നിർദ്ദേശങ്ങൾ എടുക്കാതെയാണ് ബ്യൂറോക്രസിയും ഉദ്യോഗസ്ഥ സംവിധാനവും സ്വാധീനമുള്ള പ്രാദേശിക നേതാക്കളുമെല്ലാം ചേർന്ന് തീരുമാനങ്ങൾ നടപ്പാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഭരണകൂടത്തിൻെറയും മാവോവാദികളുടെയും ഇടയിൽ അവരുടെ സമ്മർദ്ദങ്ങൾക്ക് ഇരയാകേണ്ടിവരികയാണ് ആദിവാസിസമൂഹം. ആദിവാസികൾക്ക് അവരുടെ ഭാവി രൂപപെടുത്തിയെടുക്കുന്നതിന് വേണ്ടി തങ്ങളുടെ ശബ്ദം പുറപ്പെടുവിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്.

സുരക്ഷയും രാഷ്ട്രീയപ്രതിസന്ധിയും
നാരായൺപൂരിലെയും ബിജാപൂരിലെയും സമീപകാലമുണ്ടായ ഏകോപിത ദൗത്യങ്ങൾ വ്യക്തമാക്കുന്നത് കേന്ദ്ര, സംസ്ഥാന സുരക്ഷാ ഏജൻസികൾ തമ്മിലുള്ള സഹകരണം കൂടുതൽ കാര്യക്ഷമമായിരിക്കുന്നു എന്നാണ്. ജഗദൽപൂരിലെയും ഗയയിലെയും മൾട്ടി-ഏജൻസി സെന്ററുകൾ (എംഎസി), സംസ്ഥാന എംഎസി, സംയുക്ത കമാൻഡ് ഹബ്ബുകൾ എന്നിവ വഴി ഇന്റലിജൻസ് വിവരങ്ങൾ വേഗതയിൽ കൈമാറാൻ സാധിച്ചത് ഇവിടെ എടുത്തുപറയേണ്ട കാര്യമാണ്. കീഴടങ്ങിയ മാവോയിസ്റ്റുകളിൽ നിന്നും പ്രാദേശിക സോഴ്സുകളിൽ നിന്നും ലഭിച്ച വിലപ്പെട്ട സംഘം ഉപയോഗപ്പെടുത്തി.
സിപിഐ മാവോയിസ്റ്റ് ഗ്രൂപ്പിൻെറ മുഖ്യസൂത്രധാരകനായ ബാസവരാജു കൊല്ലപ്പെട്ടത് അവരുടെ കമാൻഡ് ഘടനയ്ക്ക് ഗുരുതരമായ പ്രഹരമേൽപ്പിക്കുന്നുണ്ടെന്ന് ഉറപ്പാണ്. ഒത്തുതീർപ്പ് ചർച്ചകൾക്കൊന്നും തന്നെ കേന്ദ്രസർക്കാർ മുൻകയ്യെടുത്തിട്ടില്ലെങ്കിലും പൊതുസമൂഹത്തിൽ നിന്നും പ്രാദേശിക ഭരണകൂടങ്ങളിൽ നിന്നും സംഭാഷണങ്ങൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി വരുന്നുണ്ട്. ഉദാഹരണത്തിന്, തെലങ്കാന വെടിനിർത്തലിനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ നിന്ന് മുമ്പ് 2004-ലും 2010-ൽ സ്വാമി അഗ്നിവേശിന്റെ നേതൃത്വത്തിലും മാവോയിസ്റ്റുകളുമായി സമാധാനചർച്ചകൾ നടന്നിരുന്നുവെങ്കിലും രണ്ട് പൂർണാർത്ഥത്തിൽ പരാജയമാവുകയാണ് ചെയ്തത്. സമാധാനം പുനസ്ഥാപിക്കപ്പെട്ടുവെന്ന് നമുക്ക് പറയാൻ സാധിക്കുക, കേവലം സൈനികവിജയത്തിൻെറ അടിസ്ഥാനത്തിലല്ല, അത് അർത്ഥവത്തായ രാഷ്ട്രീയ പ്രമേയങ്ങൾ ഉണ്ടാവുകയും ബാധിക്കപ്പെട്ട സമൂഹങ്ങൾക്ക് നീതി ലഭിക്കുകയും ചെയ്യുമ്പോഴാണ്.
അക്രമംകൊണ്ട് നീതിലഭിക്കില്ല
മാവോയിസ്റ്റുകൾക്കെതിരായ ഇന്ത്യയിലെ കാലങ്ങൾ നീണ്ട പോരാട്ടത്തിൽ നിന്ന് വ്യക്തമാവുന്ന ഒരുകാര്യം അക്രമം കൊണ്ട് നീതി നടപ്പാക്കാൻ ഒരിക്കലും സാധിച്ചിട്ടില്ലെന്നതാണ്. ഈ പ്രശ്നത്തിൻെറ അടിവേരുകൾ ചെന്നുനിൽക്കുന്നത് ഭൂമി കയ്യേറ്റത്തിലും ആദിവാസി ചൂഷണത്തിലും ഏറെക്കാലമായുള്ള ഭരണകൂട അവഗണനയിലുമൊക്കെയാണ്. ഇവിടെ സായുധകലാപം കൊണ്ട് ശാക്തീകരണത്തേക്കാൾ വലിയ നഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. 2004 മുതൽ ഇതുവരെയുള്ള കണക്കുകൾ നോക്കിയാൽ മാവോവാദി സംഘർഷങ്ങളും സുരക്ഷാഏറ്റുമുട്ടലുമെല്ലാം കാരണം ഏകദേശം 9000ത്തിലധികം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ ബഹുഭൂരിപക്ഷവും ആദിവാസി മേഖലകളിൽ നിന്നുള്ളവരാണ്.
മുതിർന്ന മാവോയിസ്റ്റ് നേതാക്കളടക്കം കീഴടങ്ങുന്നതും നിയന്ത്രണത്തിലാവുന്നതും അവരുടെ കയ്യിലുള്ള പ്രദേശം കുറഞ്ഞ് വരുന്നതുമെല്ലാം വിരൽ ചൂണ്ടുന്നത് ഒരു ജനാധിപത്യ സംവിധാനത്തിനകത്ത് സായുധകലാപങ്ങൾ എത്രത്തോളം പരാജയമാവുമെന്നതാണ്. അതേസമയം സൈനികവിജയം നേടിയത് കൊണ്ട് വിശാലമായ സത്യത്തെ മറച്ചുവെക്കാനും സാധിക്കില്ല. അക്രമത്തിലൂടെ നീതി നടപ്പിലാക്കാനുള്ള ശ്രമം നടക്കുമ്പോൾ അതിൻെറ വിശ്വാസ്യത നഷ്ടപ്പെടും. സായുധ പ്രതിരോധങ്ങളെ അസ്ഥിരപ്പെടുത്താൻ സാധിക്കുമെങ്കിലും, അതിന് നിലനിൽക്കുന്ന വ്യവസ്ഥയെ മാറ്റാനുള്ള കെൽപ്പുണ്ടെന്ന വിശ്വാസം അവിടെത്തന്നെ നിലനിൽക്കും. ഇന്ത്യയിലെ മാവോയിസ്റ്റ് സംഘർഷത്തിൽ നിന്നുള്ള പ്രധാന പാഠം വ്യക്തമാണ് - ജനാധിപത്യപരമായ ഇടപെടലിന് മാത്രമേ, അത് എത്ര അപൂർണ്ണമാണെങ്കിലും, ആഴത്തിൽ വേരൂന്നിയ സാമൂഹിക വിഭജനങ്ങളെ ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ. ആദിവാസി സമൂഹങ്ങൾക്ക് യഥാർത്ഥത്തിൽ വേണ്ടത് അവരെ കൂടുതൽ നിരീക്ഷിക്കുന്ന അധിക പോലീസിംഗല്ല, മറിച്ച് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഭൂമിയുടെ അവകാശം എന്നിവയും ഒപ്പം ഗ്രാമസഭകളിലൂടെ ശാക്തീകരിക്കപ്പെട്ട തദ്ദേശഭരണവുമാണ്. വനാവകാശ നിയമം (FRA), PESA തുടങ്ങിയവ നീതി ഉറപ്പാക്കുന്ന നിയമങ്ങളാണ്. എന്നാൽ, അവ എത്രത്തോളം സൂക്ഷ്മതയോടെയും കൃത്യതയോടെയുമാണ് നടപ്പാവുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും അത് എത്രത്തോളം ഗുണകരമാവുമെന്ന് തീരുമാനിക്കപ്പെടുന്നത്.
2026 ആകുമ്പോഴേക്കും മാവോയിസ്റ്റ് തീവ്രവാദത്തെ ഇല്ലാതാക്കുക എന്ന സർക്കാരിന്റെ ലക്ഷ്യം കൈവരിക്കാവുന്നതായി തോന്നുമെങ്കിലും, യഥാർത്ഥത്തിൽ നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹം കൈവരിക്കുന്നതിന് കലാപകാരികളെ ഇല്ലാതാക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ആവശ്യമാണ്. നീതിയുക്തമായ സാമൂഹ്യക്രമം പുനസ്ഥാപിക്കുക എന്നതാണ് പ്രധാനം. എല്ലാ പൗരരും, പ്രത്യേകിച്ച് സമൂഹത്തിലെ ഏറ്റവും അരികുവൽക്കരിക്കപ്പെട്ടവർ അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ഭരണകൂടത്തിൻെറ സുരക്ഷിതത്വം അവർക്ക് ഉറപ്പാവുകയും ചെയ്യണം. അക്രമം കൂടുതൽ ആശങ്കകൾക്ക് തിരികൊളുത്തുന്നുവെന്നാണ് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുള്ളത്. എക്കാലത്തും നിലനിൽക്കുന്ന നീതിക്ക് വേണ്ടി ജനാധിപത്യപരമായ പ്രവർത്തനങ്ങളാണ് നടക്കേണ്ടത്.
(കടപ്പാട്: Eurasiareview.com)