മണിപ്പുരി​ലെ കലാപക്കളത്തിലേക്ക്​ പന്തമെറിയുന്ന സംഘപരിവാർ സ്വകാര്യ സേനകൾ

‘സമൂഹത്തില്‍ വംശീയ വിദ്വേഷം പടര്‍ത്താന്‍ പല തരത്തിലുള്ള സ്വകാര്യ സേനകളും രഹസ്യ വാട്​സ്​ആപ്പ്​ ഗ്രൂപ്പുകളും സംഘപരിവാറിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സഹായത്തോടെ അതിക്രമങ്ങളുടെ പരമ്പര തന്നെ അഴിച്ചുവിടുന്നതില്‍ ആരംബായ് തെന്‍ഗ്ഗോല്‍ എന്ന ആർ.എസ്​.എസ്​ സ്‌പോണ്‍സേര്‍ഡ് സംഘടന ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്’- കെ. സഹദേവൻ എഴുതുന്നു.

ണിപ്പുര്‍ കലാപത്തിനുപിന്നില്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി സംഘപരിവാര്‍ സംഘടനകളുണ്ട്. മെയ്തി ലീപുന്‍ (Meity Youth), ആരംബായ് തെന്‍ഗ്ഗോല്‍ എന്നിവ ഇതില്‍ പ്രധാനമാണ്. കുകി- സോമി ഗോത്രവര്‍ഗ്ഗക്കാര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതില്‍ പ്രധാന റോള്‍ വഹിക്കുന്നത് ആരംബായ് തെന്‍ഗ്ഗോല്‍ എന്ന സായുധസംഘമാണ്.

ആരംബായ് എന്നതിനര്‍ത്ഥം ‘വിഷം പുരട്ടിയ മൂര്‍ച്ചയേറിയ അസ്ത്രം’ എന്നാണ്. പഴയ രാജഭരണകാലത്ത് മെയ്തി വിഭാഗത്തില്‍പ്പെട്ട സൈനികര്‍ ഉപയോഗിച്ചിരുന്ന ആയുധമാണിത്. ആരംബായ് തെന്‍ഗ്ഗോല്‍ എന്നാല്‍ അസ്ത്രസേന (dart bearing cavalry). മെയ്തി വിഭാഗങ്ങള്‍ക്കിടയില്‍ ആർ.എസ്​.എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ സൃഷ്ടിച്ചെടുത്ത സ്വകാര്യ സേനയാണ് ആരംബായ് തെന്‍ഗ്ഗോല്‍. കറുപ്പുവസ്ത്രമണിഞ്ഞ, ആയുധധാരികളായ യുവാക്കളുടെ സേനയാണിത്. ബി ജെ പി സര്‍ക്കാരിനുവേണ്ട എല്ലാ പ്രചാരണ പ്രവര്‍ത്തനങ്ങളും ഇവര്‍ ഏറ്റെടുത്തുനടത്തുന്നു.

മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് അടക്കമുള്ളവര്‍നേരിട്ട് ബന്ധപ്പെടുന്ന ഈ സംഘടനയ്ക്ക് മണിപ്പുര്‍ കലാപത്തില്‍ വലിയ പങ്കുള്ളതായി ആരോപിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ജൂലൈ 17ന് ആരംബായ് തെന്‍ഗ്ഗോല്‍ പിരിച്ചുവിട്ടതായി ആ സംഘടനയുമായി ബന്ധപ്പെട്ടവര്‍ പത്രക്കുറിപ്പ് ഇറക്കിയെങ്കിലും പോലീസിന്റെയും സര്‍ക്കാരിന്റെയും സഹായത്തോടെ ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായി അവര്‍ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്ന് കുകി-സോമി ഗോത്രവര്‍ഗ്ഗ നേതാക്കള്‍ ആരോപിക്കുന്നു.

ആരംബായ് തെൻഗ്ഗോൽ പ്രവർത്തകർ യൂണിഫോമിൽ

സമൂഹത്തില്‍ വംശീയ വിദ്വേഷം പടര്‍ത്താന്‍ പല തരത്തിലുള്ള സ്വകാര്യ സേനകളും രഹസ്യ വാട്​സ്​ആപ്പ്​ ഗ്രൂപ്പുകളും സംഘപരിവാറിന്റെ നേതൃത്വത്തില്‍രൂപീകരിക്കപ്പെട്ടിട്ടുണ്ട്. രാമസേനയെന്നും ഹനുമാന്‍ സേനയെന്നും ദുര്‍ഗ്ഗാവാഹിനിയെന്നും ഒക്കെ പേരിട്ട് പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ സമൂഹിക സ്പര്‍ദ്ധ മൂര്‍ച്ഛിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. മണിപ്പുര്‍ കലാപത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ അതിക്രമങ്ങളുടെ പരമ്പര തന്നെ അഴിച്ചുവിടുന്നതില്‍ ആരംബായ് തെന്‍ഗ്ഗോല്‍ എന്ന ആർ.എസ്​.എസ്​ സ്‌പോണ്‍സേര്‍ഡ് സംഘടന ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കലാപക്കളത്തിലേക്ക്
പന്തമെറിയുന്ന
'മെയ്രാ പെയ്ബീസ്'

മണിപ്പുരില്‍ നടക്കുന്ന വംശീയ കലാപത്തിന്റെ സാമൂഹിക / രാഷ്ട്രീയ സമവാക്യങ്ങള്‍ തിരിച്ചറിയാതെ ചിലര്‍ പഴയകാല ഓര്‍മ്മകളില്‍ നിന്ന് ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പങ്കുവെക്കുന്നതുകണ്ടു. ഒരു കാലത്ത് ഇന്ത്യന്‍ സ്ത്രീമുന്നേറ്റങ്ങളിലെ ജ്വലിക്കുന്ന അധ്യായമായി മാറിയിരുന്ന മണിപ്പുരിലെ മെയ്രാ പെയ്ബിസിനെ (Meira Paibis- പന്തമേന്തിയ പെണ്ണുങ്ങള്‍) കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.

മണിപ്പുര്‍ സ്ത്രീകള്‍ക്കുനേരെ ഇന്ത്യന്‍ പട്ടാളം നടത്തിയ ക്രൂരതകള്‍ക്കെതിരെ, തങ്ജാം മനോരമയെന്ന യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ, 'Indian Army Rape Us' എന്ന് തെരുവിൽ നഗ്നരായി നിന്ന് വിളിച്ചു പറഞ്ഞ, AFSPA നിയമത്തിനെതിരെ അത്യുജ്വല പോരാട്ടം നടത്തിയ മെയ്രാ പെയ്ബി എന്ന സംഘടന വര്‍ത്തമാന മണിപ്പുര്‍ കലാപത്തില്‍ വഹിക്കുന്ന പങ്ക് അങ്ങേയറ്റം ലജ്ജാകരവും നാളിതുവരെ അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ ആശയങ്ങളെയും മൂല്യങ്ങളെയും റദ്ദുചെയ്യുന്നതുമാണ്.

മണിപ്പൂരില്‍ കുക്കി, നാഗാ അടക്കമുള്ള ഗോത്രവര്‍ഗ്ഗങ്ങള്‍ക്കെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് ഇന്ന് മെയ്രാ പെയ്ബി പ്രവര്‍ത്തകര്‍ സജീവമായിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ ദില്ലിയിലെത്തിയ നൂറോളം മെയ് രാ പെയ്ബി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ആവശ്യം 'അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണം' എന്നതായിരുന്നു. സംഘപരിവാരവും ഗവൺമെൻ്റും വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിലെ മലയോര ഭൂമിയിൽ കണ്ണും നട്ടിരിക്കുന്ന കോർപ്പറേറ്റ് കമ്പനികളും പടച്ചുവിടുന്ന കള്ളപ്രചാരണങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിലേക്ക് തരംതാണിരിക്കുകയാണ് പഴയകാല വനിതാ പോരാളികള്‍. അതിനുമപ്പുറം, കലാപപ്രദേശങ്ങളില്‍ സ്ത്രീകള്‍ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങളിലടക്കം നേരിട്ട് പങ്കുവഹിക്കുകയും, ഗോത്രവര്‍ഗ്ഗക്കാര്‍ക്കെതിരായ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ലജ്ജാകരമായ അവസ്ഥയിലേക്ക് അവര്‍ എത്തിക്കഴിഞ്ഞിരിക്കുന്നുവെന്ന് ഐ ഐ ടി ദില്ലിയിലെ ഗവേഷണ ബിരുദദാരിയായ ചിംഗൽനിയാങ്​, ഹൈദരാബാദ് യൂണിവേഴ്​സിറ്റിയിലെ ഗവേഷണ ബിരുദധാരിയായ താവ്​ന വാൾ​ട്ടേ എന്നിവര്‍ കുറ്റപ്പെടുത്തുന്നു.

മെയ്തി സമുദായത്തിലെ സ്ത്രീകള്‍ക്ക് പ്രാമുഖ്യമുള്ള മെയ് രാ പെയ്ബിസ് സമുദായ താല്‍പ്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനയായി അധഃപ്പതിച്ചിരിക്കുന്നുവെന്നാണ് വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര വര്‍ഗ്ഗ വനിതാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments