370-ാം വകുപ്പ് താൽക്കാലികം, ജമ്മു കാശ്മീരിന് സംസ്ഥാന പദവി തിരിച്ചുനൽകണം

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഭിന്നമായ ആന്തരികമായ പരമാധികാരം (internal sovereignity) ജമ്മു കശ്മീരിനില്ല എന്ന് സുപ്രീംകോടതി

National Desk

മ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടി സുപ്രീംകോടതി ശരിവച്ചു. ഭരണഘടനയുടെ 370-ാം വകുപ്പ് താൽക്കാലിക വ്യവസ്ഥയാണെന്നും കാശ്മീരിന് പ്രത്യേക പദവി അവകാശപ്പെടാനാകില്ലെന്നും സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വ്യക്തമാക്കി.

ജമ്മു കാശ്മീരിൽ 2024 സപ്തംർ 30നകം തെരഞ്ഞെടുപ്പ് നടത്താനും എത്രയും വേഗം സംസ്ഥാന പദവി പുനഃസ്ഥാപിക്കാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ലഡാക്ക് കേന്ദ്രഭരണപ്രദേശമാക്കിയത് കോടതി ശരിവച്ചു. സംസ്ഥാനത്തിന്റെ ഒരു ഭാഗം കേന്ദ്രഭരണപ്രദേശമാക്കാൻ ആർട്ടിക്കിൾ 3 അനുവാദം നൽകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിധിയിലെ പ്രധാന നിരീക്ഷണങ്ങൾ:

- ഭരണഘടനാ അസംബ്ലിയുടെ ശുപാർശയില്ലാതെയും രാഷ്ട്രപതിക്ക് 370-ാം വകുപ്പ് മാറ്റാം. 370(3) പ്രകാരം ഇതിന് രാഷ്ട്രപതിക്ക് അധികാരമുണ്ട്. ഇതിനെതിരെ തീരുമാനമെടുക്കാൻ സുപ്രീംകോടതിക്കാകില്ല. 370(3) കൊണ്ടുവന്നത് ശിഥിലീകരണത്തിനല്ല, ഏകീകരണത്തിനാണ്.

- 370-ാം വകുപ്പ് താൽക്കാലികമായിരുന്നു, അത് ഏർപ്പെടുത്തിയത് യുദ്ധസാഹചര്യത്തിലായിരുന്നു.

- ജമ്മു കാശ്മീർ നിയമസഭ പിരിച്ചുവിട്ടതിൽ കോടതി ഇടപെടുന്നില്ല.

- രാഷ്ട്രപതിഭരണത്തിലെ എല്ലാ കേന്ദ്ര സർക്കാർ തീരുമാനങ്ങളും ചോദ്യം ചെയ്യാനാകില്ല.

- മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഭിന്നമായ ആന്തരികമായ പരമാധികാരം (internal sovereignity) ജമ്മു കശ്മീരിനില്ല

- ഭരണഘടനയുടെ ആർട്ടിക്കിൾ 1, 370 എന്നിവയനുസരിച്ച് ജമ്മു കശ്മീർ സംസ്ഥാനം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നത് വ്യക്തമാണ്.

1980 മുതലുള്ള മനുഷ്യാവകാശലംഘനപരാതികൾ അന്വേഷിക്കാൻ നിഷ്പക്ഷമായ വസ്തുതാന്വേഷണ സംഘത്തെ നിയോഗിക്കാൻ ജസ്റ്റിസ് എസ്.കെ. കൗളിന്റെ വിധിയിൽ നിർദേശിച്ചു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസുമാരായ സഞ്ചയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവർ അംഗങ്ങളുമായ ഭരണഘടനാബഞ്ചിന്റേതാണ് വിധി.
370-ാം വകുപ്പ് സ്ഥിരമോ താൽക്കാലികമോ, അത് റദ്ദാക്കിയ രാഷ്ട്രപതിയുടെ തീരുമാനം ഭരണഘടനാപരമോ, നിയമസഭ പിരിച്ചുവിട്ടത് നിയമപരമോ, ജമ്മു കാശ്മീരിനെ രണ്ടായി വിഭജിച്ചത് ശരിയോ തുടങ്ങിയവയായിരുന്നു കോടതിയുടെ പരിശോധനാ വിഷയങ്ങൾ.

2019 ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സർക്കാർ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഒക്‌ടോബർ 31ന് ജമ്മു കാശ്മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്ര ഭരണപ്രദേശങ്ങൾ നിലവിൽ വന്നു. ജമ്മു കാശ്മീരിൽ അധികാരപദവി ഗവർണറിൽനിന്ന് ലഫ്. ഗവർണറിലേക്കു മാറി. ലഡാക്ക് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലുമായി.

കേന്ദ്രത്തിനുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ഹരീഷ് സാൽവേ, രാകേഷ് ദ്വിവേദി, വി. ഗിരി എന്നിവരാണ് ഹാജരായത്.

ഹർജിക്കാർക്കായി കപിൽ സിബൽ, ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ, സഫർ മുഹമ്മദ് ഷാ, ദുഷ്യന്ത് ദാവെ എന്നിവർ ഹാജരായി. നാഷനൽ കോൺഫറൻസ്, ജമ്മു കാശ്മീർ ബാർ അസോസിയേഷൻ തുടങ്ങിയവരായിരുന്നു ഹർജിക്കാർ.

കേന്ദ്ര സർക്കാറിന് ആശ്വാസമേകുന്ന വിധിയെ ബി.ജെ.പി സ്വാഗതം ചെയ്തു.
സുപ്രീംകോടതി വിധി ചരിത്ര വിധിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 'ഇത് കേവലം ഒരു നിയമനടപടി മാത്രമല്ല, പ്രതീക്ഷയുടെയും മികച്ച ഭാവിയുടെയും ഒരു ദീപസ്തംഭം കൂടിയാണെന്ന് മോദി ട്വീറ്റ് ചെയ്തു.

370-ാം വകുപ്പ് റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സുപ്രീംകോടതി വിധിയോടെ തീർത്തും ഭരണഘടനാനുസൃതമാണെന്ന് തെളിഞ്ഞതായി കേന്ദ്ര മന്ത്രി അമിത് ഷാ പറഞ്ഞു. കേന്ദ്ര സർക്കാർ തീരുമാനം ജമ്മു കാശ്മീരിൽ സമാധാനവും പുരോഗതിയും തിരിച്ചുകൊണ്ടുവന്നു.

എന്നാൽ, ജമ്മു കാശ്മീരിലെ ഒരു വിഭാഗം ജനങ്ങൾ ഈ വിധിയിൽ നിരാശരാണെന്നും എങ്കിലും സുപ്രീകോടതി വിധിയാണ് എന്നതുകൊണ്ട് അംഗീകരിക്കുന്നുവെന്നും കരൺസിങ് പറഞ്ഞു.

നിരാശാജനകമെന്നും പോരാട്ടം തുടരുമെന്നും നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പറഞ്ഞു.

നിരാശാജനകവും നിർഭാഗ്യകരവുമായ വിധി എന്ന് ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് ആസാദ് പാർട്ടി ചെയർമാൻ ഗുലാം നബി ആസാദ് പറഞ്ഞു.

വിധി വരുന്നതിനുമുമ്പ് 'ചില പോരാട്ടങ്ങൾ പരാജയപ്പെടാനുള്ളതാണ്' എന്ന കപിൽ സിബലിന്റെ ട്വീറ്റ് ചർച്ചയായിരുന്നു: ''ചില പോരാട്ടങ്ങൾ പരാജയപ്പെടാനുള്ളതാണ്. കാരണം, തലമുറകൾക്ക് അറിയാൻ സുഖകരമല്ലാത്ത വസ്തുതകൾ ചരിത്രം രേഖപ്പെടുത്തണം. സ്ഥാപനപരമായ പ്രവർത്തനങ്ങളുടെ ശരിതെറ്റുകൾ ഭാവി ചർച്ച ചെയ്യും. ചരിത്രം മാത്രമാണ് അന്തിമ വിധികർത്താവ്''എന്നായിരുന്നു സിബലിന്റെ ട്വീറ്റ്.

Comments