നാഷനൽ ഹെറാൾഡ് കേസ്; ബി.ജെ.പിയുടെ കോൺഗ്രസ് പേടി

സുബ്രഹ്മണ്യൻ സ്വാമി 2013 ൽ കൊടുത്ത ഈ കേസ് കേന്ദ്ര സർക്കാർ അതീവതാൽപര്യത്തോടെയാണ് എടുത്തിട്ടുള്ളത്. കാരണം അതിലാരോപിക്കപ്പെടുന്ന പൊതുപണ അഴിമതി ആരോപണത്തേക്കാൾ (പി.എം.എൽ) ബി.ജെ.പിയും ആർ.എസ്.എസും ഭയപ്പെടുന്ന ഏക പാർട്ടി ഇന്നും കോൺഗ്രസ് ആണെന്നും അത് എന്തൊക്കെ പറഞ്ഞാലും ഇപ്പോഴും ഇന്ത്യയാകെ ഒറ്റക്കെട്ടായി നിൽക്കുന്നത് നെഹ്രു കുടുംബത്തിന്റെ നേതൃസ്ഥാനം കൊണ്ടാണെന്നതുമാണ്.

നാഷനൽ ഹെറാൾഡ് കേസിന് ഇന്ന് സാമ്പത്തിക അഴിമതി കേസ് എന്നതിനപ്പുറം രാഷ്ട്രീയമായ മാനം കൈവന്നിരിക്കയാണ്. സാമ്പത്തിക ദുരുപയോഗം അന്വേഷിക്കാൻ നിയുക്തമായ ഇ.ഡിയുടെ ചോദ്യം ചെയ്യലും അതിനെതിരെയുള്ള കോൺഗ്രസ്സ് പ്രതിഷേധവും അലയടിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ കൈമുതലാക്കേണ്ട നൈതികതയും പൊതു പണമിടപാടുകളിൽ അവർ പുലർത്തേണ്ട ജാഗ്രതയും ഒരു ഭാഗത്തും സങ്കുചിതമായ രാഷ്ട്രീയ ഉന്മൂലനമാർഗ്ഗങ്ങളുടെ പുതിയ രീതികളും ശൈലികളും മറുഭാഗത്തുമായ രീതിയിൽ ഏറെ വിശകലനം ചെയ്യേണ്ടതുണ്ട്.

നാഷനൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ചോദ്യം ചെയ്യൽ ഇനിയും തുടരും എന്നാണ് അറിയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാവാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് വേറെ സമൻസ് അയച്ചിട്ടുണ്ട്. ഒരു സ്വകാര്യ അന്യായത്തിലൂടെ ഗാന്ധി കുടുംബത്തിനെതിരെ സുബ്രഹ്മണ്യൻ സ്വാമി 2013 ൽ കൊടുത്ത ഈ കേസ് കേന്ദ്ര സർക്കാർ അതീവതാൽപര്യത്തോടെയാണ് എടുത്തിട്ടുള്ളത്. കാരണം അതിലാരോപിക്കപ്പെടുന്ന പൊതുപണ അഴിമതി ആരോപണത്തേക്കാൾ (പി.എം.എൽ) ബി.ജെ.പിയും ആർ.എസ്.എസും ഭയപ്പെടുന്ന ഏക പാർട്ടി ഇന്നും കോൺഗ്രസ് ആണെന്നും അത് എന്തൊക്കെ പറഞ്ഞാലും ഇപ്പോഴും ഇന്ത്യയാകെ ഒറ്റക്കെട്ടായി നിൽക്കുന്നത് നെഹ്രു കുടുംബത്തിന്റെ നേതൃസ്ഥാനം കൊണ്ടാണെന്നതുമാണ്.

രാഹുൽ ഗാന്ധി, സോണിയ ഗാന്ധി

നൂറ്റി അറുപത് കോടി (5000 കോടി നിലവിൽ മതിപ്പ് മൂല്യം) ആസ്തി കണക്കാക്കുന്ന അസ്സോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് കമ്പനിയെ (നാഷനൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥർ) കോൺഗ്രസ് പാർട്ടി പലിശ രഹിത വായ്പയായി 90 കോടി കൊടുത്തു എന്നും പിന്നീട് സോണിയയും രാഹുലും ഡറക്ടർമാരായ യങ്ങ് ഇന്ത്യൻ കമ്പനി അൻപത് ലക്ഷം രൂപ കൊടുത്ത് കൈക്കലാക്കിയെന്നും എന്നും സ്വാതന്ത്ര്യ സമര കാലത്ത് തുടങ്ങിയ നാഷനൽ ഹെറാൾഡ് അക്കാലത്ത് സ്വാതന്ത്യസമര സേനാനികൾ പോലും പൈസ കൊടുത്ത് ഓഹരി വാങ്ങി രൂപീകരിച്ചതാണെന്നും ഈ ഏറ്റെടുക്കൽ വലിയ സാമ്പത്തിക ദുരുപയോഗം നടത്തി എന്നതുമാണ് കേസിനാധാരം. എന്നാൽ 2015 ൽ തെളിവുകളുടെ അഭാവത്തിൽ തള്ളിയ കേസ് ഇപ്പോൾ വീണ്ടും പൊടി തട്ടിയെടുക്കുമ്പോൾ അതിനു പിന്നിലെ പ്രധാന കാരണം കോൺഗ്രസ്സിനെ അസ്ഥിരപ്പെടുത്തുക തന്നെയാണ്.

പബ്ലിക് മണി ലോണ്ടറിംഗ് (PMLA) കേസ് എന്ന നിലയിൽ എഫ്.ഐ.ആർ പോലും റജിസ്റ്റർ ചെയ്യാതെ ചോദ്യം ചെയ്യാൻ സമൻസ് അയക്കുന്ന വിചിത്രമായ രീതിയാണ് ഇഡി ഇപ്പോൾ ചെയ്യുന്നത് എന്നാണ് കോൺഗ്രസ് ആരോപണം. ഇൻകം ടാക്സ് കേസ് സുപ്രീം കോടതിയിൽ നടന്നുകൊണ്ടിരിക്കെ ഈ ചോദ്യം ചെയ്യൽ എന്തിന് എന്ന ചോദ്യമാണ് പ്രബലം. പി.എം.എൽ.എ കേസുകൾക്ക് ഷെഡ്യൂൾഡ് ഒഫൻസ് റജിസ്റ്റർ ചെയ്യണമെന്നും എഫ്.ഐ.ആർ വേണമെന്നുമുള്ള നിയമം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇൻകം ടാക്സ് വയലൻസ് ഷെഡ്യൂൾഡ് ഒഫൻസുമല്ല. അതുകൊണ്ടു തന്നെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പൊതു സമൂഹത്തിനിടയിൽ ഇന്ത്യയിലെ പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശമിക്കുന്നു എന്നാണ് ഈ കേസിനെതിരെയുള്ള പ്രാധാന ആരോപണം.

നാഷനൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

പ്രതിപക്ഷ ശബ്ദങ്ങളെ നിശ്ശബ്ദരാക്കാർ കേന്ദ്ര ഏജൻസികളിലൂടെ മോദി സർക്കാർ ശ്രമം തുടങ്ങിയിട്ട് കുറെ കാലമായി. കോൺഗ്രസ് പാർട്ടിയുടെ ഏറെക്കാലത്തെ ശബ്ദവും മുഖവുമായ ഒരു പത്ര സ്ഥാപനം തകർച്ചയിൽ നിന്ന് രക്ഷിക്കാൻ കോൺഗ്രസ് പ്രസ്ഥാനം വായ്പ കൊടുത്താൽ എന്താണ് എന്നതാണ് പാർട്ടിയും രാഹുൽ ഗാന്ധിയും ചോദിക്കുന്ന ചോദ്യം. എന്നാൽ രാഷ്ട്രീയ പാർട്ടികൾ സംഭാവനകൾ വാങ്ങി സ്വരൂപീകരിക്കുന്ന പണം ഒരു പൊതു കമ്പനിക്ക് നൽകുന്നത് (അസോസിയേറ്റഡ് ജേണൽ ലിമിറ്റഡ്) പൊതുപണം ദുരുപയോഗപ്പെടുത്തുന്നതാണെന്ന നിഗമനത്തിലാണ് ആരോപണം. എന്നാൽ കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഈ കമ്പനിയും പത്രവും എന്താണ് ഇത്ര പ്രാധാന്യം അർഹിക്കുന്നത് എന്നറിയുമ്പോഴാണ് ഈ ആരോപണത്തിന്റെ നൈതിക പശ്ചാത്തലം തെളിയുന്നത്.

1938 ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡണ്ടുമായ ആയ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു തുടങ്ങിയ ആദ്യ ഇംഗ്ലീഷ് പത്രം ആണ് ആണ് അസോസിയേറ്റ് ജേർണൽസ് കീഴിലുള്ള നാഷണൽ ഹെറാൾഡ് എന്ന പത്രം. ചുരുങ്ങിയ കാലം കൊണ്ടു തന്നെ പാർട്ടിയുടെ മുഖമുദ്രയായി ഈ പത്രം മാറുകയായിരുന്നു. ആദ്യ ഇംഗ്ലീഷ് പത്രം എന്ന പ്രശസ്തിയും ഈ പത്രത്തിന് ലഭിച്ചു. അസോസിയേറ്റ് ലിമിറ്റഡിന്റെ കീഴിൽ നാഷണൽ ഹെറാൾഡ് പത്രത്തിന് പുറമേ രണ്ട് ഭാഷയിൽ കൂടി പത്രം ഇറക്കിയിരുന്നു. നവജീവൻ, ക്വാമിആവാസ് എന്ന രണ്ടു പത്രങ്ങളും കോൺഗ്രസ് പാർട്ടിയുടെ മുഖ പത്രങ്ങൾ ആയിരുന്നു. അക്കാലത്ത് കോൺഗ്രസ്സിന്റെ ശബ്ദമായിരുന്നു ഇവ. എന്നാൽ പിന്നീട് 2008 ആവുമ്പോഴേക്കും ഭരണ പ്രതിസന്ധികൾ കൊണ്ട് അസോസിയേറ്റഡ് ജേണൽ കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയും നഷ്ടം വന്ന് പ്രസിദ്ധീകരണം മുടങ്ങുകയും ചെയ്തു. അതിൻറെ അടിസ്ഥാനത്തിൽ 2008 അവസാനം പ്രസിദ്ധീകരണം അവസാനിക്കുകയും കമ്പനി പൂട്ടുകയും ചെയ്തു. ആ സമയത്ത് കമ്പനിയുടെ കണക്കുകൾ പ്രകാരം 5000 ഓഹരി ഉടമകൾ ആയിരുന്നു കമ്പനിക്ക് ഉണ്ടായിരുന്നത്. (നെഹ്റുവും മറ്റു സ്വാതന്ത്ര്യ സമര സേനാനികൾ ഉൾപ്പടെ) എന്നാൽ 2010 ൽ ഓഹരി ഉടമകൾ 1000 ആയി ചുരുങ്ങി.

പ്രസിദ്ധീകരണം അവസാനിച്ച് എട്ടുവർഷത്തിനുശേഷം 2016 ൽ നാഷനൽ ഹെറാൾഡ് പത്രം വീണ്ടും പ്രസിദ്ധീകരിക്കണമെന്ന ആവശ്യം കോൺഗ്രസ് പാർട്ടിയിൽ ഉയർന്നുവന്നു. ആവശ്യം ശക്തമായപ്പോൾ പാർട്ടി നേതൃത്വം ഇടപെടുകയും അസോസിയറ്റഡ് ജേണൽ കമ്പനിയുടെ പ്രശ്നങ്ങൾ പഠിക്കുകയും പ്രശ്ന പരിഹാരത്തിനായി 90 കോടി രൂപ പലിശ രഹിത വായ്പയായി കടമെന്ന രീതിയിൽ നൽകുകയും ചെയ്തു. ശമ്പളം, തൊഴിൽത്തർക്കം എന്നിവ പരിഹരിക്കുവാനാണ് തുക വായ്പയായി നൽകിയത്. എന്നാൽ നഷ്ടത്തിലായ കമ്പനിയെ വീണ്ടും പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.

ജവഹർലാൽ നെഹ്റു

പിന്നീട് 2010 ൽ യങ്ങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്തു. സാംസ്കാരിക-സാഹിത്യ സ്പോർട്സ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് വേണ്ടി രൂപീകരിച്ചതും ലാഭം വീതിക്കാതെ കമ്പനി തന്നെ ഉപയോഗിക്കണമെന്ന നിയമപ്രകാരവുമാണ് ഈ ലാഭരഹിത ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചത്. ആ കമ്പനി അസോസിയേറ്റഡ് ജേണലിനെ കൂട്ടിച്ചേർത്ത് പുതിയ കമ്പനിയുടെ ഭാഗമാക്കുകയും ചെയ്തു. യങ്ങ് ഇന്ത്യ ലിമിറ്റഡ് ട്രസ്റ്റിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും 76 ശതമാനം ഓഹരിയും 24 ശതമാനം ഓഹരികൾ മോത്തിലാൽ വോറ, ഒസ്കാർ ഫെർണാണ്ടസ്, സാംപിട്രോഡ തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കുമാണ് ഉണ്ടായിരുന്നത്. യങ്ങ് ഇന്ത്യ ലിമിറ്റഡ് കമ്പനി 50 ലക്ഷം രൂപ ആസ്തി മൂല്യം കാണിച്ച് അസോസിയേറ്റഡ് ജേണൽ ലിമിറ്റഡ് എന്ന സ്ഥാപനത്തെ വാങ്ങി. അതോടുകൂടി നാഷനൽ ഹെറാൾഡ് പ്രസിദ്ധീകരിക്കുന്ന അസോസിയേറ്റഡ് ജേണൽ ലിമിറ്റഡിന്റെ 2000 കോടി മൂല്ല്യം വരുന്ന ഭൂമിയും മറ്റു ആസ്തികളും യങ്ങ് ഇന്ത്യ ലിമിറ്റഡിന്റെ കൈയിലായി.

രാഷ്ട്രീയ പാർട്ടികൾ പൊതുജനങ്ങളിൽ നിന്ന് പിരിക്കുന്ന സംഭാവന വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതോ വിനിയോഗിക്കുന്നതോ തെറ്റാണെന്നും അത് നിയമ വിരുദ്ധമാണെന്നും പൊതു പണ ദുരുപയോഗമാണെന്നുമാണ് ആരോപണം. 2000 കോടി ആസ്തിയുള്ള ഒരു കമ്പനിയെ കേവലം 50 ലക്ഷം രൂപ കൊടുത്തു കൈക്കലാക്കി എന്നും ഇത് പൊതുപണം ദുരുപയോഗപ്പെടുത്തുന്നതിനു തുല്യമാണെന്നും ഉള്ളതാണ് മറ്റൊരു കണ്ടെത്തൽ. എന്നാൽ അധികാരമോ വ്യക്തി ലാഭമോ പ്രതീക്ഷിക്കാത്തത് കൊണ്ടും ആരോപണം ഓഹരി ഉടമകൾ ആരും ഉന്നയിക്കാത്ത കൊണ്ടും അഴിമതിയോ തട്ടിപ്പോ ഒന്നും നടന്നിട്ടില്ലെന്നും എല്ലാ ഇടപാടുകളും സുതാര്യമായിരുന്നു എന്നും ഇത്തരം ആരോപണങ്ങൾ എവിടെയും ഉന്നയിക്കാം എന്നും അടിസ്ഥാനമില്ലാത്ത കേസ് എന്നുമാണ് കോൺഗ്രസ് ഉന്നയിക്കുന്ന പ്രധാന വാദങ്ങൾ. വൈകാരികമായ തലത്തിൽ ഏറെക്കുറെ ഇത് ശരിയുമാണ്. കാരണം തകർന്നുപോയ പാർട്ടിയുടെ മുഖപത്രത്തെ തിരിച്ചു കൊണ്ടു വരുവാൻ വേണ്ടി പാർട്ടി വായ്പ കൊടുക്കുകയും പാർട്ടി സഹായത്തോടെ തന്നെ പത്രം വീണ്ടും പ്രസിദ്ധീകരിക്കുവാൻ ഒരു കമ്പനിയെ രാഷ്ട്രീയ പാർട്ടി നേരിട്ടു വാങ്ങുകയും ചെയ്യുക എന്നത് നിയമ വിരുദ്ധമെന്ന നിലക്ക് കോൺഗ്രസ് പാർട്ടിയിലെ പ്രധാന നേതാക്കൾ തന്നെ ഒരു കമ്പനി രൂപികരിച്ച് (അതിന്റെ നിയമാവലിയിൽ ലാഭമോ മറ്റോ വീതം വയ്ക്കാൻ കഴിയില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് ) ആ കമ്പനിയിലൂടെ കോൺഗ്രസിൻറെ മുഖ പത്രത്തെ തിരിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നത് എങ്ങനെ പൊതു പണം ദുരുപയോഗപ്പെടുത്തിയതായി കണക്കാക്കും എന്നതാണ് ചോദ്യം. 2013 ൽ പ്രഥമദൃഷ്ട്യാ ഡൽഹി കോടതി പ്രഥമദൃഷ്ട്യ കേസ് എടുത്ത് അന്വേഷണത്തിന് ഉത്തരവിടുകയും 2015 ൽ പൊതു പണം ദുരുപയോഗം ചെയ്തതായാ മറ്റോ തെളിയിക്കാനുള്ള കാര്യങ്ങൾ കൃത്യമായി ഇല്ലാത്തതുകൊണ്ട് കൊണ്ട് കേസ് അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ വീണ്ടും ഹൈക്കോടതി ഒരു കമ്പനി എന്ന നിലയിൽ സോണിയാ ഗാന്ധി ഡയറക്ടർ എന്ന സ്ഥാനം കാണിച്ചില്ലെന്നുo ഇൻകംടാക്സ് നൽകിയില്ല എന്നതും അടിസ്ഥാനമാക്കി കേസ് എടുത്തു. ആ കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്.
പാർട്ടി സഹായിച്ച പലിശ രഹിത വായ്പ ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ ഉപയോഗിച്ചാൽ അതിലെന്താണ് അഴിമതി എന്നതാണ് കോൺഗ്രസ് വക്താക്കൾ ചോദിക്കുന്നത്. പി.എം.എൽ.എ ആക്ട് അനുസരിച്ച് ഇതിൽ ചോദ്യം ചെയ്യാനുള്ള ഇഡിയുടെ അധികാരവും ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. ഓഹരി ഉടമകളാരും ആരോപണം ഉന്നയിക്കാത്ത ആർക്കും ഒരു പണവും എടുക്കാനോ തിരിമറി നടത്താനോ കഴിയാത്ത ഒരു എഫ്.ഐ.ആർ പോലും ഇല്ലാത്ത ഈ കേസ് ഇഡി എടുത്ത് ചോദ്യം ചെയ്യുമ്പോൾ അത് രാഷ്ട്രീയ വൈരാഗ്യമല്ലാതെന്ത് എന്നതാണ് ചോദ്യം. മാത്രമല്ല പ്രതിപക്ഷ നിരയിലെ പ്രമുഖ പാർട്ടി നേതാക്കളെ പൊതുജനങ്ങളുടെ മുന്നിൽ അഴിമതിക്കാരായി നിർത്തുകയും നിരന്തരമായി ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയും അതേ സമയം പൊതു പണം ദുരുപയോഗം ചെയ്തു എന്ന നേരിട്ടുള്ള തെളിവുകൾ ഉണ്ടായിട്ടും ബി.ജെ.പി യിലേയോ കൂറുമാറി വന്ന നേതാക്കളുടെയോ പേരിലുള്ള അന്വേഷണങ്ങൾ ഒന്നും മുന്നോട്ടു നീക്കാതെ യിരിക്കുകയും പലതും അവസാനിപ്പിക്കുകക്കുകയും ചെയ്യുമ്പോൾ ഇതിന്റെ പിന്നിൽ നെഹ്റു കുടുംബത്തെ കരിതേച്ചു കാണിച്ച് കോൺഗ്രസ്സിനെ ഇല്ലാതാക്കാനുള്ള നീക്കം നടത്തുകയാണെന്നുമാണ് കോൺഗ്രസ്. ഈ ആരോപണങ്ങൾക്ക് മറുപടി പറയാൻ ഭരണകക്ഷി ക്ക് കഴിയുന്നുമില്ല. ആറായിരം കോടി എന്നും അതല്ല രണ്ടായിരം കോടി യെന്നും ഉള്ള നാഷനൽ ഹെറാൾഡ് പത്ര സ്ഥാപനമായ അസോസിയേറ്റഡ് ജേണലിന്റെ ആസ്തികളെക്കുറിച്ച് പറയുമ്പോൾ 2 G അഴിമതിയിലെ മതിപ്പ് മൂല്യം കോടിക്കണക്കിന് ആയിരുന്നു എന്നും ഭരണം കിട്ടിയപ്പോൾ അത്തരം അഴിമതികളും ഹവാല ഇടപാടുകളും അപ്രത്യക്ഷമായി മാറുകയും ചെയ്യുന്നതാണ് കണ്ടു കൊണ്ടിരിക്കുന്നത് എന്നുമാണ് മറ്റൊരു വിലയിരുത്തൽ.

ഏതായാലും കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം അവരുടെ മുഖപത്രമാക്കി നാഷനൽ ഹെറാൾഡിനെ മാറ്റാൻ ശ്രമിച്ചപ്പോൾ പണമിടപാടുകളിലെ കൃത്യമായ ജാഗ്രത പാലിക്കാൻ അവരുടെ നേതൃത്വത്തിന്റ് കഴിഞ്ഞിട്ടില്ല എന്നത് വാസ്തവമാണ്.. എന്നാൽ അത് യാതൊരുവിധ അഴിമതിയും നടത്താതെ പാർട്ടി നേതാക്കൾ അംഗങ്ങളായ ലാഭം പോലും വിതരണം ചെയ്യരുത് എന്ന നിലയിൽ രൂപീകൃതമായ ചാരിറ്റബ്ൾ ട്രസ്റ്റ് വാങ്ങിയതിന്റെ ഉദ്ദേശശുദ്ധിയെ രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരിൽ വേട്ടയാടുന്നതും ശരിയല്ല. ഇങ്ങനെ വ്യത്യസ്ഥ മാനങ്ങളുള്ള പ്രശ്നമായി നാഷനൽ ഹെറാൾഡ് കേസ് മാറിക്കൊണ്ടിരിക്കുന്നു

Comments