ഒടുക്കത്തിന്റെ സൂചനകൾ

ആർ.എസ്.എസ് ഇനിമേൽ വെറുമൊരു നിഴൽ ഭരണകൂടമോ സമാന്തരഭരണകൂടമോ ആയിരിക്കില്ല. അസ്സൽ ഭരണകൂടം തന്നെയാണത്. മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്കുപുറമേ വർദ്ധിച്ചുവരുന്ന വർഗ-ജാതി സംഘർഷങ്ങൾക്കുമിടയിലാണ് നമുക്കിന്ന് ജീവിക്കേണ്ടിവരുന്നത്. അതിനാവശ്യമുള്ള വിഭവങ്ങൾ ബി.ജെ.പി യുടെ പാചകപ്പുരകളിൽ തയ്യാറാക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയലാഭത്തിനുവേണ്ടി ദൂരവ്യാപകമായി നിലനിൽക്കുന്ന കലാപങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ പടച്ചുവിടാനാണ് അവരുടെശ്രമം

ഥാർത്ഥത്തിൽ ഇന്ത്യയൊരു രാജ്യമല്ല; അതൊരു ഭൂഖണ്ഡമാണ്. യൂറോപ്പിനേക്കാൾ സങ്കീർണ്ണതയും വൈവിധ്യവുമുള്ള ഒരു ഭൂപ്രദേശം. യൂറോപ്പിലുള്ളതിനേക്കാൾ ഭാഷകൾ, ദേശീയതകൾ, ഉപദേശീയതകൾ, തദ്ദേശീയഗോത്രങ്ങൾ, മതങ്ങൾ എല്ലാം ഇവിടെയുണ്ട്. വൈവിധ്യപൂർണ്ണവും ലോലവുമായ ഈ സാമൂഹിക ആവാസവ്യവസ്ഥയെ ഒരു പെരുങ്കടലായിത്തന്നെ സങ്കൽപ്പിച്ചു നോക്കണം. അതിനെതിരെയാണ് ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു മതം, ഒരു ഭരണഘടന എന്ന തത്വത്തിൽ ഉറച്ച് വിശ്വസിക്കുന്ന ഒരു ഹിന്ദുമേധാവിത്വസംഘടന പുതിയ തീട്ടൂരങ്ങളുമായി കടന്നുവരുന്നത്.

ദൽഹി കലാപത്തിലെ ഒരു ദൃശ്യം. ./ Photo: DNA
ദൽഹി കലാപത്തിലെ ഒരു ദൃശ്യം. ./ Photo: DNA

1925-ൽ സ്ഥാപിതമായ രാഷ്ട്രീയ സ്വയം സേവക് സംഘമെന്ന ആർ. എസ്. എസിനെക്കുറിച്ചാണ് ഞാനിവിടെ സൂചിപ്പിക്കുന്നത്. ഭരണകക്ഷിയായ ബി.ജെ.പിയുടെ മാതൃത്വം അവകാശപ്പെടാവുന്ന സംഘടന. ജർമ്മനിയിലെയും ഇറ്റലിയിലെയും ഫാസിസത്താൽ സ്വാധീനിക്കപ്പെട്ടവരാണ് ആ സംഘടനയുടെ സ്ഥാപകപിതാക്കന്മാർ. ഇന്ത്യയിലെ മുസ്‌ലിംകളെ ജർമനിയിലെ ജൂതർക്ക് തുല്യരായി അവർ കണ്ടു. ‘ഹൈന്ദവഭാരത'ത്തിൽ മുസ്‌ലിംകൾക്ക് സ്ഥാനമില്ലെന്ന് അവർ ഉറച്ചു വിശ്വസിച്ചു. ഓന്തിനെപ്പോലെ നിറംമാറുന്ന സ്വഭാവമുള്ള ആർ. എസ്. എസ്, ഇന്നിപ്പോൾ അത്തരമൊരു ആശയം പ്രത്യക്ഷമായി പറയില്ലായിരിക്കാം. പക്ഷേ, ആ പ്രസ്ഥാനത്തിന്റെ അടിസ്ഥാനപ്രമാണം മുസ്‌ലിംവിരുദ്ധത തന്നെയാണ്. മുസ്‌ലിംകൾ എന്നും അപരരാണ് അവർക്ക്. അന്തർലീനമായ ഈ പ്രത്യയശാസ്ത്രം ബി.ജെ.പി നേതാക്കളുടെ വാക്കുകളിലും കലിതുള്ളുന്ന ജനക്കൂട്ടത്തിന്റെ മുദ്രാവാക്യങ്ങളിലും എപ്പോഴും ഉയർന്നു കേൾക്കാം: മുസൽമാൻ കാ ഏക് ഹി സ്താൻ. കബറിസ്താൻ യാ പാക്കിസ്താൻ. 2019 ഒക്ടോബറിലാണ് ആർ.എസ്.എസിന്റെ പരമോന്നത നേതാവ് മോഹൻ ഭാഗവതിന്റെ പ്രഖ്യാപനം വന്നത്: ‘ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണ്, അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല.' ഇന്ത്യയെക്കുറിച്ച് മനോഹരമായ സങ്കൽപങ്ങളെല്ലാം അതോടെ നിർവീര്യമായിപ്പോയി.

രാജ്യത്തിൽനിന്ന് പ്രവിശ്യയിലേക്ക്

ഇക്കാലഘട്ടത്തിന് അവശ്യംവേണ്ട മഹത്തായ ഒരു വിപ്ലവമാണ് ഇപ്പോഴവിടെ അരങ്ങേറുന്നതെന്നാണ് ആർ. എസ്. എസ് അവകാശപ്പെടുന്നത്. നൂറ്റാണ്ടുകളോളം തുടർന്നുവന്ന മുസ്‌ലിം ഭരണത്തിന്റെ ആധിപത്യത്തെയും അടിച്ചമർത്തലിനെയും പൂർണമായി തുടച്ചുനീക്കുന്ന യജ്ഞത്തിലാണ് ഹിന്ദുക്കൾ ഏർപ്പെട്ടിരിക്കുന്നതെന്നാണ് ആർ. എസ്. എസ് ഭാഷ്യം. അവരുടെ വ്യാജചരിത്രനിർമ്മിതിയുടെ ഭാഗം തന്നെയാണത്. യഥാർത്ഥത്തിൽ, ഹിന്ദുമതത്തിലെ നിഷ്ഠൂരമായ ജാതിസമ്പ്രദായത്തിൽ നിന്ന് രക്ഷപ്പെട്ട് ഇസ്‌ലാംമതം സ്വീകരിച്ചവരുടെ പിൻമുറക്കാരാണ് ലക്ഷക്കണക്കിന് വരുന്ന ഇന്ത്യയിലെ മുസ്‌ലിംകൾ.
യൂറോപ്യൻ ഭൂഖണ്ഡമാകെ തങ്ങളുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് നാസി ജർമനി ഒരുകാലത്ത് ഒരുമ്പെട്ടിറങ്ങിയത്. ആർ.എസ്.എസ് ഭരിക്കുന്ന ഇന്ത്യയിലെ കാര്യപരിപാടികൾ നേർവിപരീതദിശയിലാണ്. വൻകരയോളം പോന്ന രാജ്യത്തെ ഒരു ചെറുരാജ്യത്തിലേക്ക് ചുരുക്കിയെടുക്കാനാണ് ആർ. എസ്. എസിന്റെ ശ്രമം. ഒരു രാജ്യമായിട്ടുപോലുമല്ല, ചുരുങ്ങി ചുരുങ്ങിവന്ന് ഒരു പ്രവിശ്യയോളം ചെറുതാകുകയാണ് അതിപ്പോൾ. ഒരു പ്രാകൃത-വംശീയ-മതാധിഷ്ഠിത പ്രവിശ്യയുടെ രൂപമാണ് അത് ആർജിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെയൊക്കെ ചിന്തകൾക്ക് അതീതമായമട്ടിൽ സകലതിനെയും ദുഷിപ്പിച്ചുകൊണ്ട് അക്രമാസക്തമായി അത് രൂപാന്തരം പ്രാപിച്ചുകഴിഞ്ഞു. ആത്മനാശത്തിലേക്ക് കൂപ്പുകുത്തുന്ന ഈ പ്രക്രിയക്കിടെ ആരൊക്കെ, എന്തൊക്കെ, എത്രത്തോളം നാശത്തിലേക്കു വീഴുമെന്നു മാത്രമേ കണക്കുകൂട്ടാനുള്ളു.

ഇന്നിപ്പോൾ ആർ. എസ്. എസിന്റെ നിയന്ത്രണത്തിലുള്ള അത്ര ആളും അർത്ഥവും ഉണ്ടാക്കിയെടുക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് ഉയർന്നുവരുന്ന വെള്ള വംശീയവാദികൾക്കോ നവനാസികൾക്കോ പോലും കഴിയുന്നില്ല. രാജ്യത്തുടനീളം 57,000 ശാഖകൾ, അതിൽ അറുപതുലക്ഷം സായുധസമർപ്പിത ‘സന്നദ്ധഭട'ന്മാർ. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുള്ള സ്‌കൂളുകൾ... ഒക്കെയും അവരുടെ നിയന്ത്രണത്തിനുകീഴിലുണ്ട്. സ്വന്തമായി ആരോഗ്യപരിപാലനകേന്ദ്രങ്ങൾ, തൊഴിലാളിസംഘടനകൾ, കർഷകസംഘടനകൾ, മാധ്യമങ്ങൾ, പലതുമുണ്ടവർക്ക്. ഇന്ത്യൻ ആർമിയിൽ ചേരാനാഗ്രഹിക്കുന്നവർക്കായി ഒരു പരിശീലനസ്‌കൂളും അടുത്തയിടെ ആരംഭിച്ചിരിക്കുന്നതായി അറിയാൻ കഴിഞ്ഞു. കാവിക്കൊടിക്കൂറയ്ക്കുകീഴിൽ സംഘപരിവാർ തഴച്ചുവളരുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിയ അക്രമപരമ്പരകളിലൂടെ ആയിരക്കണക്കിനുപേരാണ് ഇന്ത്യയിൽ കൊലചെയ്യപ്പെട്ടിട്ടുള്ളത്. അതിനെല്ലാം ഉത്തരവാദികൾ ആർ.എസ്.എസ് എന്ന സംഘടനതന്നെയാണ്. അക്രമങ്ങൾ, വർഗ്ഗീയകലാപങ്ങൾ എല്ലാം അവരുടെ മുഖമുദ്രകളാണ്.

മോദി, ആർ.എസ്.എസിന്റെ സുവർണ അധ്യായം

പ്രധാനമന്ത്രി നരേന്ദ്രമോദി ജീവിതത്തിൽ എക്കാലത്തും ആർ.എസ്.എസുകാരനായിരുന്നു. ആർ.എസ്.എസിന്റെ സൃഷ്ടി. ആർ.എസ്. എസിലുള്ള മറ്റേത് നേതാവിനെയുംകാൾ സംഘടനയുടെ ചരിത്രഗതി തിരിച്ചുവിട്ടത് ബ്രാഹ്മണനല്ലാത്ത ഈ നരേന്ദ്രമോദിയാണ്. ആർ.എസ്.എസിന്റെ ചരിത്രത്തിലെ സുവർണ്ണ അധ്യായങ്ങൾ കുറിക്കാൻ ഭാഗ്യമുണ്ടായത് അദ്ദേഹത്തിനുതന്നെ. ഞാനിവിടെ പറയാൻ പോകുന്ന, നരേന്ദ്രമോദിയുടെ രാഷ്ട്രീയപ്രവേശനത്തിന്റെ കഥ ആവർത്തിച്ചുകേൾക്കുന്നതുകൊണ്ട് ഈർഷ്യ തോന്നുന്നവരുണ്ടാകാം. മറവിരോഗം ഔദ്യോഗികമായി ആഘോഷിക്കപ്പെടുന്ന ഒരു കാലത്ത് ഇത്തരം ഓർമപ്പെടുത്തലുകൾ, ആവർത്തനങ്ങൾ അനിവാര്യം തന്നെ.

അമേരിക്കയിലെ സെപ്തംബർ 11 ആക്രമണത്തിനു തൊട്ടുപിന്നാലെ, 2001 ഒക്ടോബറിൽ മോദിയുടെ രാഷ്ട്രീയരംഗപ്രവേശം സംഭവിച്ചു. അന്ന് ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിനെ ബി.ജെ.പി തൽസ്ഥാനത്തുനിന്ന് നീക്കി. അന്ന് എം.എൽ.എ പോലുമല്ലാതിരുന്ന നരേന്ദ്രമോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി അവരോധിച്ചു. മോദി മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ട് മൂന്നുമാസത്തിനുള്ളിൽ തികച്ചും ദുരൂഹമായ സാഹചര്യത്തിൽ ഗുജറാത്തിലെ ഗോധ്രയിൽ ദാരുണമായ ഒരു ട്രെയിൻ തീപിടുത്തമുണ്ടാകുന്നു. അതിൽ 59 ഓളം ഹിന്ദു തീർത്ഥാടകർ ദാരുണമാംവിധം ചുട്ടുകൊല്ലപ്പെട്ടു.

‘പ്രതികാരനടപടി'യെന്നോണം അക്രമാസക്തരായ ഹിന്ദുജനക്കൂട്ടം ആസൂത്രിതമായ കലാപം അഴിച്ചുവിട്ടു. ഏതാണ്ട് രണ്ടായിരത്തി അഞ്ഞൂറുപേർ പട്ടാപ്പകൽ കൊലചെയ്യപ്പെടുകയുംചെയ്തു. നഗരത്തെരുവുകളിൽ സ്ത്രീകൾ ബലാൽസംഗത്തിനിരകളായി. പതിനായിരക്കണക്കിനുപേർ ഭവനരഹിതരായി. വംശഹത്യയ്ക്കു ശേഷം മോദി ഗുജറാത്തിൽ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. കൂട്ടക്കുരുതിയൊക്കെ നടന്നിട്ടും മോദി ജയിച്ചു എന്നല്ല അതുകൊണ്ടൊക്കെ അദ്ദേഹം ജയിച്ചു എന്നാണ് പറയേണ്ടത്. ഹിന്ദുമനസ്സിനെ കീഴടക്കിയ ചക്രവർത്തിയായി അദ്ദേഹം. മൂന്നുവട്ടം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി. ഉത്തർപ്രദേശിലെ മുസാഫിർ നഗറിൽ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത പശ്ചാത്തലത്തിലാണ് 2014ൽ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന നിലയിൽ പ്രചാരണം ആരംഭിക്കുന്നത്. 2002ലെ ഗുജറാത്തിലെ വംശഹത്യയിൽ ഖേദിക്കുന്നുണ്ടോ എന്ന റോയിട്ടേഴ്സ് ലേഖകന്റെ ചോദ്യത്തിന് അബദ്ധത്തിലെങ്ങാനും കാർചക്രത്തിൽപെട്ട് ചത്തുപോകുന്ന ഒരു നായയെ ഓർത്തുപോലും താൻ ഖേദിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പരിശീലനം സിദ്ധിച്ച, കറതീർന്ന ഒരു ആർ. എസ്.എസുകാരന്റെ വാക്കുകൾ തന്നെയായിരുന്നു അത്.

ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി മോദി അവരോധിക്കപ്പെടുമ്പോൾ ആഹ്ലാദിച്ചത് ഹിന്ദുദേശീയവാദികൾ മാത്രമായിരുന്നില്ല. ഇന്ത്യയിലെ വൻവ്യവസായികളും ബിസിനസുകാരും ലിബറൽ ചിന്തകരും അന്താരാഷ്ട്രമാധ്യമങ്ങളും മോദിക്ക് സ്തുതി പാടി. പ്രതീക്ഷയുടെയും പുരോഗതിയുടെയും പ്രതീകമായി എല്ലാവരും മോദിയെ വാഴ്ത്തിപ്പാടി. കുങ്കുമ വർണ്ണാഞ്ചിത സ്യൂട്ടിലെത്തിയ രക്ഷകൻ! പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സംഗമം! ഹിന്ദു ദേശീയതയുടെയും സ്വതന്ത്രകമ്പോളത്തിന്റെയും സംഗമം! സങ്കീർത്തകർ പാടി.

സ്വേച്ഛാധിപത്യത്തിനു മുന്നിൽ നാം മുട്ടുകുത്തിനിന്നു

ഹിന്ദുദേശീയവാദത്തിന്റെ കാര്യത്തിൽ മോദി വിജയിച്ചെങ്കിലും സ്വതന്ത്രകമ്പോളത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ കാലിടറി. നിരവധി മണ്ടത്തരങ്ങളിലൂടെ അദ്ദേഹം സമ്പദ്വ്യവസ്ഥയെ മുട്ടുകുത്തിച്ചു. 2016-ൽ നോട്ടുനിരോധനത്തിലൂടെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളെല്ലാം അദ്ദേഹം അസാധുവാക്കി. പ്രചാരത്തിലുള്ള കറൻസിയുടെ എൺപതുശതമാനത്തോളമാണ് ഒറ്റരാത്രികൊണ്ട് അദ്ദേഹം അസാധുവാക്കിക്കളഞ്ഞത്. ഒരു രാജ്യത്തിന്റെയും ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണിത്. ധനകാര്യവകുപ്പുമന്ത്രിയുടെയോ ധനകാര്യ ഉപദേഷ്ടാവിന്റെയോ അഭിപ്രായം ഇക്കാര്യത്തിൽ ആരാഞ്ഞതായും അറിവില്ല. അഴിമതിക്കും ഭീകരവാദ ധനസഹായത്തിനുമെതിരെയുള്ള സർജിക്കൽ സൈട്രക്കാണിത് എന്നായിരുന്നുഅദ്ദേഹത്തിന്റെ അവകാശവാദം. ഒരുതരം സാമ്പത്തിക പിത്തലാട്ടമായിരുന്നു അത്. നൂറുകോടിയിലധികം ജനങ്ങളുള്ള ഒരുരാജ്യത്തിനുമേൽ നടത്തപ്പെട്ട ഒരു ഒടിവിദ്യ. സകലരീതിയിലും അത് വിനാശം വിതച്ചു. പക്ഷേ അതിനെതിരെ നാട്ടിലൊരിടത്തും കലാപമുണ്ടായില്ല, പ്രതിഷേധങ്ങളുയർന്നില്ല. പഴയ കറൻസിനോട്ടുകൾ നിക്ഷേപിച്ച് പുതിയവ വാങ്ങാൻ ജനങ്ങൾ പൊരിവെയിലത്ത് അനുസരണയോടെ ക്യൂ നിന്നു. അതുമാത്രമേ അവർക്കും ശരണമുണ്ടായിരുന്നുള്ളു. ചിലിയോ കാറ്റലോനിയയോ ലെബനനോ ഹോങ്കോങ്ങോ ഒന്നും ഇവിടെ സംഭവിച്ചില്ല. ഒറ്റരാത്രികൊണ്ട് പലരും തൊഴിൽരഹിതരായി. നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു. ചെറുകിട വ്യവസായങ്ങൾ അടച്ചുപൂട്ടി. സ്വപ്നത്തിൽ പോലും ആലോചിക്കാനാവാത്ത ഈ പ്രവൃത്തി മോദിയുടെ പതനം കുറിക്കുമെന്ന് ഞങ്ങളിൽ പലരും ധരിച്ചുവശായി. ഞങ്ങൾക്കുതെറ്റി. ഇന്നാട്ടിലെ ജനങ്ങൾ അതിൽആനന്ദം കൊള്ളുകയായിരുന്നു. വേദനകളെ ആനന്ദകരമാക്കി മാറ്റുന്ന അനുഭവം. മഹത്തായ, സമ്പന്നമായ, ഒരു ഹിന്ദുരാഷ്ട്രനിർമ്മാണത്തിന്റെ ഈറ്റുനോവ് അനുഭവിക്കുന്ന ഭാവത്തിലാണ് അവർ ആ കഷ്ടപ്പാടുകൾ സഹിച്ചത്.

ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നാടുകളിലേക്ക് തിരികെ പോവുന്ന കുടിയേറ്റ തൊഴിലാളികൾ.
ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നാടുകളിലേക്ക് തിരികെ പോവുന്ന കുടിയേറ്റ തൊഴിലാളികൾ.

‘ഒരു രാഷ്ട്രം, ഒരു നികുതി' വാഗ്ദാനത്തിനു തൊട്ടുപിന്നാലെ മോദി നടപ്പാക്കിയ ചരക്കു സേവന നികുതി (GST) യും നോട്ടുനിരോധനവും സ്പീഡിലോടുന്ന കാറിന്റെ ടയറുകൾ വെടിവെച്ചു തകർക്കുന്നതു പോലെയായിരുന്നുവെന്ന് മിക്ക സാമ്പത്തികവിദഗ്ധരും ഇപ്പോൾ സമ്മതിക്കും. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ച് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ പച്ചക്കള്ളമാണെങ്കിലും അത് സത്യസന്ധമാണെന്നു വിചാരിക്കുന്ന നിരവധിപേർ ഇപ്പോഴും ഇവിടെയുണ്ട്. സാമ്പത്തികമാന്ദ്യം നേരിടുന്ന ഇന്ത്യക്ക് നോട്ടുനിരോധനം ഉത്തേജകമായിത്തീരുമെന്നാണ് ഇക്കൂട്ടർ വാദിച്ചത്. തൊഴിലില്ലായ്മ 45 വർഷത്തെ ഉയർന്നനിലയിലാണെന്ന് സർക്കാർപോലും തുറന്നുസമ്മതിക്കുന്ന സാഹചര്യത്തിലാണ് ഇതെന്നുകൂടി ഓർക്കണം. 2019-ലെ ആഗോള പട്ടിണി സൂചികയിൽ 117 രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് 102-ാം സ്ഥാനമാണുള്ളത്. നേപ്പാൾ 73-ാം സ്ഥാനത്തും ബംഗ്ലാദേശ് 88-ാം സ്ഥാനത്തും വരുമ്പോഴാണിത്.
നോട്ടുനിരോധനം വെറുമൊരു സാമ്പത്തികകാര്യമായിരുന്നില്ല. അതൊരു വിധേയത്വ പരീക്ഷണമായിരുന്നു. മഹാനായ നേതാവ് നടത്തിയ ഒരു സ്നേഹപരീക്ഷ! നാം അദ്ദേഹത്തെ അനുഗമിക്കുമോ, എന്തൊക്കെ വന്നാലും അദ്ദേഹത്തെ നാം സ്നേഹിക്കുമോ എന്നതിന്റെയൊക്കെ പരീക്ഷണം. വർണ്ണച്ചിറകുവിരിച്ച് നാം നമ്മുടെ സ്നേഹാതിരേകം പ്രകടിപ്പിച്ചു. നോട്ടുനിരോധനത്തെ കൈനീട്ടി സ്വീകരിച്ച് സ്വേച്ഛാധിപത്യത്തിനു മുന്നിൽ അരുമകിടാങ്ങളായി നാം മുട്ടുകുത്തിനിന്നു.

രാജ്യത്തിന് ദോഷകരമായത് ബി.ജെ.പിക്ക് ഗുണകരമായി. 2016നും 2017 നുമിടയിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥ താറുമാറായപ്പോൾ ബി.ജെ.പി ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയപാർട്ടിയായി രൂപാന്തരം പ്രാപിച്ചു. വരുമാനം 81% വർദ്ധിപ്പിച്ച് തൊട്ടടുത്ത എതിരാളികളായ കോൺഗ്രസിനേക്കാൾ അഞ്ചിരട്ടി സമ്പന്നമായിത്തീർന്നു ആ പാർട്ടി. ഇതിനിടയിൽ കോൺഗ്രസിന്റെ വരുമാനം 14 ശതമാനമായി കുറയുകയും ചെയ്തു. ചെറുപാർട്ടികൾ പ്രത്യക്ഷത്തിൽത്തന്നെ ദരിദ്രമായി. ഉത്തർപ്രദേശ് നിയമസഭയിലേക്ക് ആയിടയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഇങ്ങനെയുണ്ടാക്കിയ വരുമാനവർദ്ധന ബി.ജെ.പിയെ ഏറെ സഹായിച്ചു. 2019-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനെ ഒരു ഫെറാറി കാറും പഴയൊരു സൈക്കിളും തമ്മിലുള്ള മത്സരം പോലെയാക്കാനും അതിനു കഴിഞ്ഞു. തിരഞ്ഞെടുപ്പുകൾ പണക്കൊഴുപ്പിന്റെ വിഷയമാകുന്നതോടെ അധികാരവും പണവും തമ്മിലുള്ള ബാന്ധവം കൂടുതൽ ദൃഢമായിത്തീരുന്നു. സ്വതന്ത്രവും നീതിപൂർവ്വകവുമായ ഒരു തിരഞ്ഞെടുപ്പ് ഒരു വിദൂരസാധ്യതായി മാറുകയും ചെയ്യുന്നു. ഇക്കാരണങ്ങൾ കൊണ്ട്‌നോട്ടുനിരോധനം ഒരു മണ്ടത്തരമായിരുന്നുവെന്ന് ആർക്കും പറയാനാവില്ല.

മോദിയുടെ രണ്ടാമൂഴത്തിൽ ആർ.എസ്.എസ് പൂർവാധികം ശക്തമായി കളിച്ചുതുടങ്ങി. അവർ ഇനിമേൽ വെറുമൊരു നിഴൽ ഭരണകൂടമോ സമാന്തരഭരണകൂടമോ ആയിരിക്കില്ല. അസ്സൽ ഭരണകൂടം തന്നെയാണത്. മാധ്യമങ്ങളുടെയും പൊലീസിന്റെയും രഹസ്യാന്വേഷണ ഏജൻസികളുടെയും മേൽ ആർ.എസ്.എസ് പിടിമുറുക്കുന്നതിന്റെ ഉദാഹരണങ്ങൾ എത്രയോ ഉണ്ട്. സായുധസേനയിലും അത് കാര്യമായ സ്വാധീനം ചെലുത്തിത്തുടങ്ങി. വിദേശ നയതന്ത്ര ഉദ്യോഗസ്ഥന്മാരും അംബാസഡർമാരും നാഗ്പൂരിൽ ആർ.എസ്.എസ് ആസ്ഥാനത്തെത്തി ഉപചാരമർപ്പിക്കുന്നു.

വിഭവങ്ങൾ ബി.ജെ.പിയുടെ പാചകപ്പുരകളിൽ തയ്യാറാണ്

വാസ്തവത്തിൽ, നേരിട്ടുള്ള നിയന്ത്രണം തന്നെ ആവശ്യമില്ലാത്ത ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നുകഴിഞ്ഞു. നാനൂറിലധികം ടെലിവിഷൻ വാർത്താചാനലുകളും കോടിക്കണക്കിന് വാട്സാപ്പ് ഗ്രൂപ്പുകളും ടിക്ടോക് വീഡിയാകളും ജനങ്ങളെ വർഗ്ഗീയതയിൽ നട്ടുനനച്ചു വളർത്തി വരികയാണ്.
ബി.ജെ.പിയുടെയും വിശ്വഹിന്ദുപരിഷത്തിന്റെയും നേതൃത്വത്തിൽ ഒത്തൂകൂടിയ ആൾക്കൂട്ടമാണ് 1992 ഡിസംബർ ആറിന് അയോദ്ധ്യയിലെ 450 വർഷം പഴക്കമുള്ള ബാബ്റിമസ്ജിദ് തകർത്ത് തരിപ്പണമാക്കിയത്. ലോകത്തിലെ സുപ്രധാനമായകേസുകളിലൊന്നായി കേസിൽ വിധി പറഞ്ഞ സുപ്രീംകോടതി ഇതിനെ വിശേഷിപ്പിരുന്നു. ശ്രീരാമന്റെ ജന്മസ്ഥലത്ത് നേരത്തെയുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിർമിച്ചിരുന്നതെന്നും അതാണ് തകർത്തതെന്നും ബി.ജെ.പിയും വിശ്വഹിന്ദു പരിഷത്തും വാദിച്ചു. ബാബ്റിമസ്ജിദ് തകർക്കപ്പെട്ടതിനു പിന്നാലെ രണ്ടായിരത്തിലധികം പേർ സംഘർഷങ്ങളിൽ കൊലചെയ്യപ്പെട്ടു. മുസ്‌ലിംകളായിരുന്നു അതിലധികവും. തർക്കഭൂമിയിലുള്ള പൂർണമായ അവകാശം തെളിയിക്കാൻ മുസ്‌ലിംകൾക്കു കഴിയുന്നില്ലെന്ന് കോടതി വിലയിരുത്തി. ഭൂമി ഒരു ട്രസ്റ്റിനു കൈമാറി ക്ഷേത്രം നിർമ്മിക്കാൻ ചുമതലപ്പെടുത്തി. ബി.ജെ.പി സർക്കാരിനാണ് ട്രസ്റ്റ് രൂപീകരിക്കാനുള്ള അവകാശം നൽകപ്പെട്ടത്. വിധിയെ എതിർത്ത ആളുകളെ കൂട്ടത്തോടെ അറസ്റ്റുചെയ്തു. മറ്റ് പള്ളികളിലേക്ക് ശ്രദ്ധ തിരിക്കുമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ മുൻപ്രസ്താവന നിലവിലുണ്ട്. അവരത് പിൻവലിക്കാനിടയില്ല. എല്ലാവരും എവിടെയോ നിന്ന് വന്നു ചേർന്നവരാകുന്നതുകൊണ്ട്, എല്ലാം എന്തിന്റെയൊക്കെയോ മുകളിൽ നിർമ്മിക്കപ്പെട്ടതായതുകൊണ്ട്, അവർക്കിത് അനന്തമായ കർമപദ്ധതിയായി നിലനിർത്താൻ കഴിഞ്ഞേക്കും.

കുമിഞ്ഞുകൂടിയ പണത്തിന്റെ ബലത്തിൽ ബി.ജെ.പിക്ക് അതിന്റെ രാഷ്ട്രീയ എതിരാളികളെ ഒപ്പം നിർത്താനോ വിലയ്ക്കുവാങ്ങാനോ (തകർത്തു കളയാനോ പോലും) കഴിഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലെയും ബീഹാറിലെയും ദളിത്- പിന്നാക്കജാതികളിൽ അടിത്തറയുള്ള രാഷ്ട്രീയപാർട്ടികൾക്കാണ് കനത്ത പ്രഹരമേറ്റത്. അവരുടെ പരമ്പരാഗത വോട്ടർമാരിൽ ഒരു പ്രധാനവിഭാഗം ബഹുജൻ സമാജ് പാർട്ടി, രാഷ്ട്രീയ ജനതാദൾ, സമാജ്വാദി പാർട്ടി എന്നിവ ഉപേക്ഷിച്ച് ബി.ജെ.പിയിലേക്ക് ചേക്കേറി. ദളിത്-പിന്നോക്കജാതികളിൽ നിലനിൽക്കുന്ന ജാതിശ്രേണികളെ സമർത്ഥമായി ചൂഷണം ചെയ്യാനും അതിനെ തുറന്നുകാട്ടി അതിൽ നിന്ന് ഫലം കൊയ്യാനും ബി.ജെ.പി കഠിനമായി പരിശ്രമിച്ചിരുന്നു. പണക്കൊഴുപ്പും ജാതിഘടനയിൽ വരുത്താൻ കഴിഞ്ഞ വിള്ളലുമൊക്കെ ചേർന്നപ്പോൾ പരമ്പരാഗത തിരഞ്ഞെടുപ്പ് സമവാക്യങ്ങൾ താളംതെറ്റി. ദളിത്- പിന്നോക്കജാതി വോട്ടുകൾ പെട്ടിയിലായിക്കഴിഞ്ഞപ്പോൾ ബി.ജെ.പി ചുവടുമാറ്റം നടത്തി. വിദ്യാഭ്യാസവും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കുന്നതിലൂടെ, സംവരണാനുകൂല്യങ്ങൾ നേടിയിരുന്ന ദളിത്- പിന്നോക്ക ജാതിക്കാരുടെ അവകാശങ്ങളെ തകർത്ത് അവരെ ജോലികളിൽ നിന്നും വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നും പുറത്താക്കുന്ന നയം ബി.ജെ.പി സ്വീകരിച്ചു. ദളിതർക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതായി നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ആൾക്കൂട്ടക്കൊലകളും മർദ്ദനങ്ങളും അതിൽപ്പെടും. വെളിയിട മലമൂത്ര വിസർജ്ജനരഹിതരാജ്യമാക്കി ഇന്ത്യയെ മാറ്റിയതിന് നരേന്ദ്രമോദി ഗേറ്റ്സ് ഫൗണ്ടേഷന്റെ ആദരവ് ഏറ്റുവാങ്ങിയ അതേ സെപ്തംബറിലാണ് തുറസ്സായ സ്ഥലത്ത് വിസർജ്ജനം നടത്തിയതിന്റെ പേരിൽ രണ്ട് ദളിത് കുട്ടികളെ ഇതേനാട്ടിൽ അടിച്ചുകൊന്നത്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ചെറ്റപ്പുരയുടെ മുന്നിലിരുന്നാണ് ആ രാജ്യദ്രോഹക്കുറ്റം അവർ ചെയ്തുകളഞ്ഞത്! മനുഷ്യവിസർജ്യങ്ങൾ തലയിലേറ്റുന്ന ജോലി ഇപ്പോഴും ചെയ്യേണ്ടി വരുന്ന പതിനായിരക്കണക്കിന് ദലിതരുള്ള നാട്ടിലെ പ്രധാനമന്ത്രിയാണ് ശുചീകരണത്തിന്റെ പേരിൽ രാജ്യാന്തരബഹുമതി നേടുന്നത്!
മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്കുപുറമേ വർദ്ധിച്ചുവരുന്ന വർഗ-ജാതി സംഘർഷങ്ങൾക്കുമിടയിലാണ് നമുക്കിന്ന് ജീവിക്കേണ്ടിവരുന്നത്. അതിനാവശ്യമുള്ള വിഭവങ്ങൾ ബി.ജെ.പി യുടെ പാചകപ്പുരകളിൽ തയ്യാറാക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയലാഭത്തിനുവേണ്ടി ദൂരവ്യാപകമായി നിലനിൽക്കുന്ന കലാപങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ പടച്ചുവിടാനാണ് അവരുടെശ്രമം.

(2019 നവംബർ 19ന് ന്യൂയോർക്കിലെ കൂപ്പർ യൂണിയൻ ഗ്രേറ്റ് ഹാളിൽ 'ഭൂമിയുടെ ഭാഗധേയം' എന്ന വിഷയത്തിൽ, ജൊനാഥൻ ഷെൽ സ്മാരക പ്രഭാഷണ പരമ്പരയിൽ നടത്തിയ പ്രഭാഷണം. ഡി.സി ബുക്‌സ് സെപ്റ്റംബറിൽ പ്രസിദ്ധീകരിക്കുന്ന അരുന്ധതി റോയിയയുടെ ‘ആസാദി' എന്ന പുസ്തകത്തിൽനിന്ന്. വിവർത്തനം: ജോസഫ് കെ. ജോബ്)


Summary: ആർ.എസ്.എസ് ഇനിമേൽ വെറുമൊരു നിഴൽ ഭരണകൂടമോ സമാന്തരഭരണകൂടമോ ആയിരിക്കില്ല. അസ്സൽ ഭരണകൂടം തന്നെയാണത്. മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്കുപുറമേ വർദ്ധിച്ചുവരുന്ന വർഗ-ജാതി സംഘർഷങ്ങൾക്കുമിടയിലാണ് നമുക്കിന്ന് ജീവിക്കേണ്ടിവരുന്നത്. അതിനാവശ്യമുള്ള വിഭവങ്ങൾ ബി.ജെ.പി യുടെ പാചകപ്പുരകളിൽ തയ്യാറാക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയലാഭത്തിനുവേണ്ടി ദൂരവ്യാപകമായി നിലനിൽക്കുന്ന കലാപങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ പടച്ചുവിടാനാണ് അവരുടെശ്രമം


Comments