രണ്ട് ഗൂഢാലോചനകളും ഒരു ശവദാഹവും

നമ്മൾ ദശലക്ഷം പേജുകളുടെ തെളിവ് ശേഖരണത്തിനും 2000 പേജ് കോടതിവിധിയോടും നന്ദിയുള്ളവരായിരിക്കണമെന്ന് ഞാൻ കരുതുന്നു. കാരണം അത് ജനാധിപത്യത്തിന്റെ ശവം ഇപ്പോഴും ചുറ്റുവട്ടത്തായി വലിച്ചിഴയ്ക്കപ്പെടുന്നതിന്റെ തെളിവാണ്. ''അതിപ്പോഴും ഉത്തർപ്രദേശിലെ ഹാഥ്റസിലെ കൊല്ലപ്പെട്ട പെൺകുട്ടിയെ പോലെ ദഹിക്കപ്പെട്ടിട്ടില്ല. ഒരു മൃതദേഹം എന്ന നിലയിൽ അതിന്റേതായ ഭാരം ഇപ്പോഴുമുണ്ട്, അതു കാര്യങ്ങളെ അല്പം പതിയെയാക്കുന്നു. അതു പൂർണമായും തിരസ്‌കരിക്കപ്പെടുകയും കാര്യങ്ങൾ വേഗത്തിലാകുകയും ചെയ്യുന്ന ദിനം അധികം ദൂരത്തല്ല. നമ്മെ ഭരിക്കുന്നവർക്കിടയിലെ മുഴങ്ങാത്ത മുദ്രാവാക്യം ഇതാവും: "ഏക് ധക്കാ ഓർ ദോ, ഡെമോക്രസി ഗാഡ് ദോ.' അതിനെ കുഴിച്ചുമൂടുക. ആ ദിവസം വന്നാൽ,വർഷത്തിൽ 1700 കസ്റ്റഡി മരണങ്ങൾ എന്നത്, നമ്മുടെ സമീപകാല, മഹത്തായ പാരമ്പര്യത്തിന്റെ വർണാഭമായ ഓർമപ്പെടുത്തലാകും.''

ദീപാവലി അടുക്കുമ്പോൾ ഹിന്ദുക്കൾ തന്റെ രാജ്യത്തേക്കുള്ള രാമഭഗവാന്റെ വിജയശ്രീലാളിതമായ മടക്കം ആഘോഷിക്കാനായി ഒരുങ്ങും (ഇപ്പോൾ അതിവേഗം അയോധ്യയിൽ രാമനായി ഒരു ക്ഷേത്രം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്). ബാക്കിയുള്ള നമ്മൾ, ഇന്ത്യൻ ജനാധിപത്യത്തിന്റെ തുടർ വിജയങ്ങൾ ആഘോഷിക്കാൻ സന്തോഷത്തോടെതന്നെ ഇരിക്കണം. അസ്വസ്ഥപ്പെടുത്തുന്ന ഒരു ശവദാഹത്തിന്റെ ബ്രേക്കിങ് വാർത്തയ്ക്കും വലിയ ഗൂഢാലോചനയ്ക്കും മറ്റൊരു ഗൂഢാലോചനയുടെ ഉദ്ഘാടനത്തിനുമിടയിൽ നിലകൊള്ളുമ്പോൾ നമുക്ക് എങ്ങനെ നമ്മളെപ്പറ്റിയും നമ്മുടെ പുരാതനവും ആധുനികവുമായ സാംസ്‌കാരിക, നാഗരിക മൂല്യങ്ങളിലും അഭിമാനം കൊള്ളാതിരിക്കാനാവും?

സെപ്റ്റംബർ മധ്യത്തിൽ 19 വയസ്സുള്ള ദലിത് പെൺകുട്ടിയെ ഉത്തർപ്രദേശിലെ ഹാഥ്റസിലെ അവളുടെ ഗ്രാമത്തിൽ ആധിപത്യജാതിയിലെ പുരുഷന്മാർ കൂട്ടമായി റേപ്പ് ചെയ്യുകയും അംഗഭംഗംവരുത്തുകയും മൃതപ്രായയാക്കുകയും ചെയ്തതിന്റെ വാർത്ത വന്നു. അവളുടെ കുടുംബം അവിടെയുള്ള 15 ദലിത് കുടുംബങ്ങളിൽ ഒന്നാണ്. ഗ്രാമത്തിൽ 600 വീടുകളിൽ ഭൂരിപക്ഷവും ബ്രാഹ്മണരും താക്കൂറുമാണ്. ഈ താക്കൂർ ജാതിയിലാണ് സ്വയം യോഗി ആദിത്യനാഥ് എന്നു വിളിക്കുന്ന കാവിയണിഞ്ഞ ഉത്തർപ്രദേശ് മുഖ്യമന്ത്രി അജയ് സിങ് ബിഷ്ടുവും പെടുന്നത് (എല്ലാ വിവരണങ്ങൾ പ്രകാരവും സമീപഭാവിയിൽ പ്രധാനമന്തി പദത്തിൽ നരേന്ദ്ര മോദിക്ക് ഇയാൾ പകരക്കാരനാകുമെന്നാണു പറയപ്പെടുന്നത്).

പെൺകുട്ടിയെ കുറച്ചായി അവളുടെ അക്രമികൾ ഭീഷണിപ്പെടുത്തുകയും ഭയവിഹ്വലയാക്കുകയും ചെയ്തിരുന്നു. അവളെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. സംരക്ഷണത്തിന് ആരുമെത്തിയില്ല. അതിനാൽ, അവൾ വീട്ടിൽതന്നെ തങ്ങുകയും വല്ലപ്പോഴും മാത്രം പുറത്തിറങ്ങുകയും ചെയ്തു. അവൾക്കും കുടുംബത്തിനും തങ്ങൾക്കുവേണ്ടി എന്താണ് ഒരുക്കിയിരിക്കുന്നത് എന്നതിനെപ്പറ്റി ധാരണയുണ്ടായിരുന്നു. ആ ധാരണയും അവരെ സഹായിച്ചില്ല. ഒരു അവബോധവും രക്ഷിച്ചില്ല. പശുക്കളെ മേയ്ക്കാൻ കൊണ്ടുപോയ വയലിൽ ചോരവാർന്നു കിടക്കുന്ന മകളെ അവളുടെ അമ്മ കണ്ടെത്തി. അവളുടെ നാവ് ഏതാണ്ട് മുറിച്ചുമാറ്റപ്പെട്ടിരുന്നു. നട്ടെല്ല് തകർത്തിരുന്നു. അനങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പെൺകുട്ടി.

ആ പെൺകുട്ടി രണ്ടാഴ്ച ജീവൻ നിലനിർത്തി. ആദ്യം അലിഗഢിലെ ഒരു ആശുപത്രിയിൽ. പിന്നെ ഡൽഹിയിലെ ഒരു ആശുപത്രിയിൽ. അവിടെ അവളുടെ അവസ്ഥ തീർത്തും മോശമായി. സെപ്റ്റംബർ 29 ന് രാത്രി അവൾ മരിച്ചു.

ഹാഥ്രസിൽ ​കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ മൃതദേഹം ​പൊലീസ്​ കത്തിച്ചപ്പോൾ

രാജ്യത്താകെ കഴിഞ്ഞ വർഷം നടന്ന 1700 കസ്റ്റഡി കൊലപാതകങ്ങളിൽ നാലിൽ ഒന്ന് വരുന്ന 400 എണ്ണത്തിന്റെയും ഉത്തരവാദികളായ ഉത്തർപ്രദേശ് പൊലീസ് പെൺകുട്ടിയുടെ ശരീരം രാത്രി തട്ടിയെടുക്കുകയും
അവളുടെ ഗ്രാമത്തിന്റെ പ്രാന്തത്തിലേക്ക് അതുകൊണ്ട് പായുകയും ചെയ്തു. അവർ മാനസികദുഃഖത്തിൽ അമർന്ന കുടുംബത്തെ ലോക്കപ്പിലടച്ചു. അങ്ങനെ തന്റെ മകളുടെ മുഖം അവസാനവട്ടം ഒന്നു കാണാനുള്ള അവകാശം അമ്മയ്ക്ക് നിഷേധിച്ചു. ലോകംവിട്ടുപോയ തങ്ങളുടെ പ്രിയപ്പെട്ടവൾക്ക് അവസാന ചടങ്ങുകൾ നടത്താനുള്ള അന്തസ്സ് അവളുടെ സമൂഹത്തിന് നിഷേധിച്ചു. എന്തു സംഭവിച്ചുവെന്നതിന്റെ കൃത്യമായ വിവരംപോലും നൽകുന്നതു നിഷേധിച്ച് ആ ശരീരം പൊലീസുകാർ ദഹിപ്പിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ തകർക്കപ്പെട്ട ശരീരം തിടുക്കത്തിൽ ഒന്നിച്ചുകൂട്ടിയ ചിതയിൽ കിടത്തി. കാക്കി പോലീസ് യൂണിഫോമുകളുടെ മതിലിനു പിന്നിൽ, രാത്രി ആകാശത്തേക്കു പുക ഉയർന്നു.

പെൺകുട്ടിയുടെ കുടുംബം ഒരുമിച്ച് എങ്ങനെയോ എത്തി. അവർ മാധ്യമശ്രദ്ധയുടെ ചൂടിൽ വ്യക്തമായും ഭയവിഹ്വലരായി. വെളിച്ചം അണയുമ്പോൾ ഈ ശ്രദ്ധനേടലിനുപോലും തങ്ങൾ ശിക്ഷിക്കപ്പെടുമെന്ന് വളരെ നന്നായി അറിയാവുന്നതണ് അവർ ഭയചകിതരാകാൻ കാരണം.
എങ്ങനെയെങ്കിലും അതിജീവിക്കാനായാൽ, അവർ തങ്ങൾ വളർന്ന ജീവിതത്തിലേക്കു മടങ്ങിപ്പോകും. അതായത്, മധ്യകാല ക്രൂരതകൾക്കും അപമാനത്തിനും തങ്ങളെ ഇരകളാക്കിയ, മധ്യകാല ജാതിഭരിത ഗ്രാമങ്ങളിലേക്ക്. തങ്ങളെ തൊട്ടുകൂടാത്തവരും മനുഷ്യത്വഗുണം കുറഞ്ഞവരുമായി പരിഗണിക്കുന്ന ജാതിനിറഞ്ഞ അതേ ഗ്രാമത്തിലേക്കുതന്നെ.

ശവദാഹത്തിന്റെ അടുത്ത ദിവസം, മൃതദേഹം സുരക്ഷിതമായി ഒഴിവാക്കിയെന്ന ഉറച്ച ബോധ്യത്തിൽ, പൊലീസ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രഖ്യാപിച്ചു. അവൾ കൊല്ലപ്പെടുകയേ ഉണ്ടായിട്ടുള്ളൂ. അതുമാത്രം. ജാതി അതിക്രമങ്ങളിൽനിന്ന് ജാതി വശത്തെ വേഗത്തിൽ ഒഴിവാക്കുന്ന നടപ്പ് നടപടിക്രമത്തിന്റെ ആരംഭം ഇത് അടയാളപ്പെടുത്തുന്നു. വിദ്വേഷജനകമായ ജാതി അതിക്രമത്തെ ക്രമേണ മറ്റൊരു നിർഭാഗ്യകരവും എന്നാൽ സാധാരണവുമായ കുറ്റകൃത്യമാക്കി മാറ്റുന്ന ഈ പ്രക്രിയയിൽ കോടതികളും ആശുപത്രിരേഖകളും മുഖ്യധാരാമാധ്യമങ്ങളും സഹകരിക്കുമെന്നു പ്രതീക്ഷിക്കാം. മറ്റൊരു വാക്കിൽ പറഞ്ഞാൽ, നമ്മുടെ സംസ്‌കാരത്തെയും സാമൂഹിക നടപ്പുരീതികളെയും കൊളുത്തിൽ നിന്ന് ഒഴിവാക്കി നമ്മുടെ സമൂഹത്തെ ശരിവയ്ക്കുക.

നമ്മളിത് വീണ്ടുംവീണ്ടും കണ്ടുകൊണ്ടിരിക്കുന്നു. ഏറ്റവും സുവ്യക്തമായി നമ്മളിതു കണ്ടത്, 2006-ൽ സുരേഖ ബോധ്മാംഗെയുടെയും അവരുടെ രണ്ടു കുട്ടികളുടെയും കൂട്ടക്കൊലയിലും അതിന്റെ നിഷ്ഠുരതയിലുമാണ്. ഭാരതീയ ജനതാ പാർട്ടി വാഗ്ദാനം ചെയ്യുന്നപോലെ, നമ്മുടെ രാജ്യത്തെ അവളുടെ മഹത്തായ ഭൂതകാലത്തിലേക്കു മടക്കിക്കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായി, അടുത്ത തിരഞ്ഞെടുപ്പിൽ, കഴിയുമെങ്കിൽ അജയ് സിങ് ബിഷ്ടിന് വോട്ടുചെയ്യാൻ ദയവായി മറക്കരുതേ. അദ്ദേഹത്തിന് അല്ലെങ്കിൽ അദ്ദേഹത്തിന്റെ തൊട്ടടുത്തുനിൽക്കുന്ന മുസ്ലിം വിദ്വേഷിയായ, ദലിത് വിദ്വേഷിയായ, അവനോ അവളോ ആരുമാകട്ടെ, ആർക്കെങ്കിലും വോട്ട് ചെയ്യണേ. അപ് ലോഡ് ചെയ്യുന്ന അടുത്ത ആൾക്കൂട്ട ആക്രമണത്തിന്റെ വീഡിയോ "ലൈക്' ചെയ്യാൻ മറക്കരുതേ, നിങ്ങളുടെ പ്രിയപ്പെട്ട വിഷംചീറ്റുന്ന ടിവി അവതാരകനെ കാണുന്നത് തുടരുകയും വേണം. കാരണം അവൻ അല്ലെങ്കിൽ അവളാണ് നമ്മുടെ കൂട്ടായ മനസ്സാക്ഷിയുടെ പാലകർ.
കൂടാതെ, നമുക്കിപ്പോഴും വോട്ടുചെയ്യാൻ കഴിയുന്നതിൽ നമ്മൾ നന്ദിയുള്ളവരായിരിക്കാൻ മറക്കരുത്, അതായത് നമ്മൾ അയൽവക്കത്തെ "പരാജിത രാഷ്ട്രങ്ങൾ' എന്നു വിളിക്കപ്പെട്ടവയെപ്പോലെയല്ല, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലാണു നമ്മൾ ജീവിക്കുന്നത്. നമ്മൾ നിയമപാലനം ഉറപ്പാക്കുന്ന നിഷ്പക്ഷ കോടതികൾ ഉള്ള ഇന്ത്യയിലാണു കഴിയുന്നത്!

ഹാഥ്റസ് ഗ്രാമത്തിന്റെ പുറത്തെ, ഈ നാണംകെട്ട, ഭയപ്പെടുത്തുന്ന ശവദാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ, സെപ്റ്റംബർ 30-ന് രാവിലെ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പ്രത്യേക കോടതി അത്തരം നിഷ്പക്ഷതയുടെയും സാധ്യതയുടെയും ശക്തമായ പ്രകടനം നമുക്ക് കാണിച്ചുതന്നു. 28 വർഷത്തെ ശ്രദ്ധാപൂർവമായ പര്യാലോചനകൾക്കുശേഷം, ആധുനിക ഇന്ത്യയുടെ ചരിത്രത്തിന്റെ ഗതി തിരിച്ചുവിട്ട ബാബറി മസ്ജിദ് തകർക്കലിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ട 32 പേരെയും ആ കോടതി വെറുതേവിട്ടു. ഈ വെറുതേവിട്ടവരിൽ മുൻ ആഭ്യന്തരമന്ത്രി, മുൻ കാബിനറ്റ് മന്ത്രി, ഒരു മുൻ മുഖ്യമന്ത്രി എന്നിവർ ഉൾപ്പെടുന്നു. ഫലത്തിൽ, ആരും ബാബറി മസ്ജിദ് തകർത്തില്ല എന്നുവരുന്നു. ഏറ്റവും കുറഞ്ഞപക്ഷം നിയമപരമായി നോക്കുമ്പോഴെങ്കിലും അത് അങ്ങനെയാണ്. ചിലപ്പോൾ പള്ളി സ്വയം തകർന്നതാവാം. ചിലപ്പോൾ വർഷങ്ങൾക്കുമുമ്പ്, ബാബാസാഹിബ് അംബേദ്കറുടെ ചരമവാർഷിക ദിനത്തിൽ, സ്വയം പൊടിയായി നുറുങ്ങി വീഴാൻ, അന്ന് അവിടെ തടിച്ചു കൂടിയ, സ്വയം "ഭക്തർ' എന്നു വിളിച്ച കാവിയണിഞ്ഞ തെമ്മാടികളുടെ കൂട്ടായ ഇച്ഛാശക്തിക്കു കീഴിൽ പൊടിഞ്ഞുവീഴാൻ ബാബറി പള്ളി ഡിസംബർ ആറ് എന്ന ദിവസം സ്വയം തെരഞ്ഞെടുത്തതാകാം. പഴയ പള്ളിയുടെ മിനാരങ്ങൾ അടിച്ചു തകർക്കുന്നതിന്റെ നമ്മളെല്ലാം കണ്ട ദൃശ്യങ്ങൾ, നമ്മൾ വായിക്കുകയും കേൾക്കുകയും ചെയ്ത ദൃക്സാക്ഷികളുടെ മൊഴികൾ, അതിനുശേഷമുള്ള മാസങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞ വാർത്തകൾ എല്ലാം നമ്മുടെ ഭാവനയിലെ കെട്ടുകഥകളാണ്.

രഥയാത്രയ്ക്കിടെ എൽ.കെ അദ്വാനിയും നരേന്ദ്രേേമാദിയും

എൽ.കെ. അദ്വാനിയുടെ രഥയാത്രയും ഇന്ത്യയിലെമ്പാടും തുറന്ന ട്രക്കിൽ അദ്ദേഹം യാത്ര നടത്തിയതും വലിയ ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്തതും നഗരപാതകൾ അടച്ചിട്ടതും അയോധ്യയിൽ യഥാർത്ഥ ഹിന്ദുക്കൾ ഒന്നിച്ച്, പള്ളി നിന്ന അതേ സ്ഥലത്തുതന്നെ രാമക്ഷേത്രം പണിയുന്നതിൽ പങ്കാളിയാകണം എന്ന് ആവശ്യപ്പെട്ടതും എല്ലാം ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ രഥയാത്ര സൃഷ്ടിച്ച മരണവും നശീകരണവും നടന്നതല്ല. ആരും "ഏക് ധക്കാ ഓർ ദോ, ബാബറി മസ്ജിദ് തോഡ് ദോ' എന്ന മുദ്രാവാക്യം മുഴക്കിയിട്ടില്ല.

നമ്മൾ ഒരു കൂട്ടായ, ദേശവ്യാപകമായ മോഹനിദ്ര അനുഭവിക്കുകയാണ്. നമ്മളെല്ലാം എന്താണ് പുകയ്ക്കുന്നത്? നമ്മളെയെല്ലാം എന്താണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വിളിപ്പിക്കാത്തത്? എന്തുകൊണ്ട് ബോളിവുഡ് ആൾക്കാർ മാത്രം വിളിക്കപ്പെടുന്നു? എന്താ, നമ്മൾ നിയമത്തിന്റെ കണ്ണിൽ സമന്മാരല്ലേ?
പ്രത്യേക കോടതി ജഡ്ജി വിശദമായി, പള്ളി തകർക്കാൻ അവർക്ക് എങ്ങനെ പദ്ധതിയില്ലായിരുന്നുവെന്നതിനെപ്പറ്റി 2300 പേജ് വിധിന്യായം എഴുതി. ഒരു പദ്ധതിയുടെ അഭാവത്തെപ്പറ്റി 2300 താളുകളിൽ സമ്മതിക്കുന്നത് ഒരു ആഢംബരമാണ്. "ഒരു മുറിയിൽ' ഇരുന്ന് പള്ളി തകർക്കൽ പദ്ധതിയിടാൻ കൂടിച്ചേർന്നതിന് ആരോപിതർക്കെതിരേ എങ്ങനെ ഒരു തെളിവുമില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ചിലപ്പോൾ ഗൂഢാലോചന സംഭവിച്ചത്, മുറിക്കു പുറത്ത്, നമ്മുടെ തെരുവുകളിൽ, പൊതുയോഗങ്ങളിൽ, നമ്മൾ എല്ലാവരും കാണുകയും പങ്കെടുക്കുകയും ചെയ്ത ടിവിസ്‌ക്രീൻ കാഴ്ചകളിൽ ആയതുകൊണ്ടാണോ?

എന്തായാലും, ബാബറി മസ്ജിദ് ഗൂഢാലോചന ഇപ്പോൾ പുറത്താണ്. പക്ഷേ, മറ്റൊരു ഗൂഢാലോചന ഇപ്പോൾ "അകത്തും', "പ്രവണത'യുമായി മാറിയിട്ടുണ്ട്-2020 ലെ ഡൽഹി കൂട്ടക്കൊല ഗൂഢാലോചന. 53 പേർ കൊല്ലപ്പെടുകയും (അതിൽ 40 പേർ മുസ്ലിംകളാണ്), 581 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആ ഗൂഢാലോചന വടക്കുകിഴക്കൻ ഡൽഹിയുടെ തൊഴിലാളിവർഗമേഖലകളിലാണു നടന്നത്. പള്ളികൾ, കബറിസ്ഥാനുകൾ, മദ്രസ്സകൾ എന്നിവ പ്രത്യേകം ലക്ഷ്യമാക്കപ്പെട്ടു. വീടുകൾ, കടകൾ, മുസ്ലിങ്ങളിൽ നല്ല പങ്കിന്റെയും ബിസിനസ് എന്നിവയ്ക്ക് നേരേ തീബോംബുകൾ എറിയുകയും ചുട്ടുകരിക്കുകയും ചെയ്തു.

ഈ ഗൂഢാലോചനാ കേസിൽ ഡൽഹി പൊലീസ് തയ്യാറാക്കിയ കുറ്റപത്രം ആയിരക്കണക്കിനു പേജുകൾ ഉള്ളതാണ്. അതിൽ കുറച്ചാളുകൾ മേശയ്ക്കു ചുറ്റും ഇരിക്കുന്ന ചിത്രമുണ്ട്. അതെ! ഒരു മുറിക്കുള്ളിൽ, ഒരു ഓഫീസ് അടിത്തറയിലെ ആസൂത്രണം. അവരുടെ ഭാവപ്രകടനങ്ങളിൽനിന്ന് അവർ ഗൂഢാലോചന ഒരുക്കുന്നുണ്ടെന്ന് നിങ്ങൾക്കു വ്യക്തമായി പറയാം. അതിനേക്കാൾ ആരോപണശരങ്ങൾ അവർക്ക് നേരെ നീളുന്നു, അവരെ തിരിച്ചറിയുന്നു, അവരുടെ പേരുകൾ നമ്മളോട് പറയുന്നു. അത് നാശകരമാണ്.

ബാബറി മസ്ജിദിന്റെ താഴികക്കുടങ്ങൾക്കുമേൽ കൂടവുമായി കയറിയ മനുഷ്യരേക്കാൾ ഭയപ്പെടുത്തുന്നവരാണവർ. ആ മേശയ്ക്ക് ചുറ്റുമിരിക്കുന്നവരിൽ ചിലർ ഇപ്പോൾതന്നെ ജയിലിലാണ്. മറ്റുള്ളവർ വൈകാതെ ജയിലിലാകും. അറസ്റ്റുകൾക്ക് കുറച്ചു മാസങ്ങളേ എടുത്തുള്ളൂ. വെറുതേ വിടുന്നതിന് വർഷങ്ങൾ എടുക്കും. ബാബറി മസ്ജിദിനെപ്പോലെയാണെങ്കിൽ അതിന് 28 വർഷമെടുക്കും. ആർക്കറിയാം. അവർ ചുമത്തിയ യു.എ.പി.എ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) യ്ക്ക് കീഴിൽ രാജ്യവിരുദ്ധമായി ചിന്തിക്കുന്നതുൾപ്പടെ എതാണ്ട് എല്ലാം കുറ്റകൃത്യമാണ്. നിങ്ങളുടെ നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത നിങ്ങൾക്കാണ്. അതിനെപ്പറ്റിയും അതിനു ചുറ്റും പൊലീസ് സ്വീകരിക്കുന്ന നപടിക്രമങ്ങളും കൂടുതൽ വായിക്കുമ്പോൾ എനിക്കു തോന്നിയിട്ടുള്ളത് ഭ്രാന്തന്മാരുടെ സമിതിക്കു മുമ്പിൽ തന്റെ ബുദ്ധിസ്ഥിരത സ്ഥാപിക്കാൻ ഭ്രാന്തില്ലാത്ത ഒരാളോട് ആവശ്യപ്പെടുന്നതുപോലെയാണ്.

തകർക്കപ്പെ്ട്ട ബാബറി മസ്ജിദിന് മുന്നിൽ നിന്ന് കർസേവകർ ആഹ്ലാദം പങ്കിടുന്നു

നമ്മളെല്ലാം വിശ്വസിക്കുന്നത് ഡൽഹി ഗൂഢാലോചന മുസ്ലീം വിദ്യാർഥികൾ, ആക്റ്റിവിസ്റ്റുകൾ, ഗാന്ധിയന്മാർ, "അർബൻ നക്സലുകൾ', "ഇടതുപക്ഷക്കാർ' ഒക്കെ ചേർന്ന് ഒരുക്കിയെന്നാണ്. അവർ ദേശീയ ജനസംഖ്യാ രജിസ്റ്റർ, ദേശീയ പൗരത്വരജിസ്ട്രേഷൻ, പൗരത്വ നിയമദേഭഗതി എന്നിവ നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. ഈ മൂന്നും ഒരുമിച്ച് നടപ്പാകുമ്പോൾ "പാരമ്പര്യ പത്രങ്ങൾ' ഇല്ലാത്ത മുസ്ലീം സമുദായത്തിന്റെയും ഇന്ത്യയിലെ പാവപ്പെട്ടവരുടെയും കാലിനടിയിലെ മണ്ണ് ഇല്ലാതാകും. ഞാനുമത് വിശ്വസിക്കുന്നു. സർക്കാർ ആ പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചാൽ പ്രതിഷേധം വീണ്ടും തുടങ്ങുമെന്ന് ഞാൻ കരുതുന്നു. അത് അങ്ങനെതന്നെയാവുകയും വേണം.

പൊലീസിന്റെ ഭാഷ്യപ്രകാരം ഡൽഹി ഗൂഢാലോചന ഫെബ്രുവരിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുമ്പോൾ അക്രമവും രക്തപങ്കിലവുമായ വർഗീയ ഏറ്റുമുട്ടൽ സൃഷ്ടിച്ച് ഇന്ത്യൻ സർക്കാരിനെ വിഷമിപ്പിക്കാൻ വേണ്ടി ഒരുക്കിയതായിരുന്നു. കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെട്ട മുസ്ലിം ഇതരർക്കുമേലുള്ള കുറ്റം, പ്രതിഷേധത്തിന് "മതേതര നിറം' നൽകാൻ ഗൂഢാലോചന നടത്തിയെന്നാണ്. കുത്തിയിരിപ്പും പ്രതിഷേധവും നയിച്ച ആയിരക്കണക്കിനു മുസ്ലിം സ്ത്രീകളെ "കൊണ്ടുവന്നത്' പ്രതിഷേധത്തിന് "ലിംഗ പരിരക്ഷ' കിട്ടാനാണ്. കൊടി വീശിയും ഭരണഘടനയുടെ ആമുഖം വായിച്ചും കവിതയും സംഗീതവും സ്നേഹവും ചൊരിഞ്ഞുമുള്ള ഈ പ്രതിഷേധങ്ങൾ ദുഷ്ടലാക്കോടെ ഒരുക്കിയ ആത്മാർത്ഥാരഹിതമായ വ്യാജ പ്രകടനങ്ങളായി അപലപിക്കപ്പെട്ടു. മറ്റൊരു വാക്കിൽപറഞ്ഞാൽ പ്രതിഷേധത്തിന്റെ കാമ്പ് ജിഹാദി (പുരുഷൻ)യാണ്. ബാക്കിയെല്ലാം വെറും അലങ്കാരങ്ങളും പൊലിമകളും മാത്രം.

എനിക്കു നന്നായി അറിയുന്ന യുവഗവേഷകൻ, ഡോ. ഉമർഖാലിദിനെ വർഷങ്ങളായി, ഭരണകൂടം തുടർച്ചയായി ദ്രോഹിക്കുകയും വേട്ടയാടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങൾ അദ്ദേഹത്തിനെതിരേ വ്യാജവാർത്തകൾ സൃഷ്ടിക്കുകയും ചെയ്തു. പൊലീസ് ഭാഷ്യപ്രകാരം അദ്ദേഹമാണ് മുഖ്യഗൂഢാലോചകരിൽ ഒരാൾ. ഉമർ ഖാലിദിനെതിരേ സമാഹരിച്ച തെളിവുകൾ ദശലക്ഷം പേജുകൾ വരുമെന്നാണു പൊലീസ് പറയുന്നത് (ഇതേ സർക്കാരാണ് മാർച്ചിൽ മോദി ലോകത്തിലെ ഏറ്റവും ക്രൂരമായ കോവിഡ്-19 ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം തങ്ങളുടെ ഗ്രാമങ്ങളിലേക്കു നൂറുകണക്കിന് കിലോമീറ്ററുകൾ നടന്ന 10 ലക്ഷം തൊഴിലാളികളെപ്പറ്റി ഒരു വിവരവുമില്ലെന്നു പറഞ്ഞത്. അവരിൽ എത്രപേർ മരിച്ചു, എത്രപേർ പട്ടിണിമൂലം മരിച്ചു, എത്രപേർ രോഗികളായി? സർക്കാരിന് അറിയില്ലത്രേ).

ഉമർ ഖാലിദിനെതിരേയുള്ള പത്ത് ലക്ഷം താളുകൾ വരുന്ന തെളിവുകളിൽ ജഫർബാദ് മെട്രോ സ്റ്റേഷനിലെ ഒരു സിസിടിവി ദൃശ്യം ഉൾപ്പെടുത്തിയിട്ടില്ല. അവിടെയാണ് അദ്ദേഹത്തിന്റെ അത്യന്തമായ ഗൂഢാലോചനയും പ്രകോപനവും ഉണ്ടായത്. അവിടെ ആക്റ്റിവിസ്റ്റുകൾ ഡൽഹി ഹൈക്കോടതിയോട് വിഷയത്തിൽ ഇടപെടാൻ അഭ്യർത്ഥിച്ചു. ഇത് അക്രമം തുടങ്ങുന്നതിനും വളരെ മുമ്പ്, ഫെബ്രുവരി 25-നാണ്. ആ ദൃശ്യങ്ങൾ ബോധപൂർവംതന്നെ മായ്ക്കപ്പെട്ടിരിക്കുന്നു.

ഉമർ ഖാലിദ്

യു.എ.പി.എയ്ക്ക് കീഴിൽ കുറ്റം ചുമത്തപ്പെട്ട് അടുത്തിടെ അറസ്റ്റിലായ, കൊലപാതകം, വധശ്രമം, കലാപത്തിൽ പങ്കാളിത്തം എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട നൂറുകണക്കിന് മറ്റ് മുസ്ലിങ്ങൾക്കൊപ്പം, ഉമർ ഖാലിദ് ഇപ്പോൾ ജയിലിലാണ്. "തെളിവുകളുടെ' ദശലക്ഷം പേജുകളിലൂടെ കടന്നുപോകാൻ കോടതികളും അഭിഭാഷകരും എത്ര ജീവിതകാലമെടുക്കും? ബാബറി മസ്ജിദ് സ്വയം തകരാൻ നിശ്ചയിച്ചുറപ്പിച്ചുവെന്നതിന് സമാനമായ മട്ടിൽ, 2020 ഡൽഹി കൂട്ടക്കൊലയുടെ പൊലീസ് ഭാഷ്യത്തിൽ ഇന്ത്യയിൽ തങ്ങൾക്കു ഭീകരമായ അവസ്ഥയാണുള്ളത് എന്ന് ഡോണൾഡ് ട്രംപിനെ കാണിക്കാൻവേണ്ടി മുസ്ലിംകൾ സ്വയം കൊല്ലാൻ, തങ്ങളുടെ പള്ളികൾ കത്തിക്കാൻ, തങ്ങളുടെ വീടുകൾ തകർക്കാൻ, തങ്ങളുടെ കുട്ടികളെ അനാഥമാക്കാൻ സ്വയം ഗൂഢാലോചന നടത്തി എന്നാണുള്ളത്.

കേസ് ശക്തിപ്പെടുത്തുന്നതിന്, പൊലീസ് അവരുടെ കുറ്റപത്രത്തിൽ, വാട്ട്സാപ്പ് സംഭാഷണങ്ങളുടെ നൂറുകണക്കിനു പേജുകൾ കൂട്ടിച്ചേർത്തു. ആ സംഭാഷണങ്ങൾ വിദ്യാർഥികൾ, ആക്റ്റിവിസ്റ്റുകൾ, ആക്റ്റിവിസ്റ്റുകളെ പിന്തുണയ്ക്കുന്ന സംഘങ്ങൾ എന്നിവർ ഡൽഹിയിൽ മുളപൊട്ടിയ നിരവധി പ്രതിഷേധവേദികളെയും സമാധാനപരമായ കുത്തിയിരിപ്പുകളെയും പിന്തുണയ്ക്കാനും കൂട്ടിയോജിപ്പിക്കാനും വേണ്ടി നടത്തിയതാണ്. ഈ സംഭാഷണങ്ങൾ സ്വയം "കട്ടർ ഹിന്ദു ഏകത' (ഹാർഡ്ലൈൻ ഹിന്ദു യൂണിറ്റി) എന്നു വിളിക്കുന്ന സംഘത്തിന്റെ വാട്സാപ്പ് സന്ദേശങ്ങളിൽനിന്ന് വ്യത്യസ്തമാണ്. അതിൽ അവർ മുസ്ലിങ്ങളെ കൊല്ലുന്നതിനെപ്പറ്റി വമ്പു പറയുകയും തുറന്ന രീതിയിൽ ഭാരതീയ ജനതാ പാർട്ടി നേതാക്കളെ വാഴ്ത്തുകയും ചെയ്തു. പ്രത്യേക കുറ്റപത്രത്തിന്റെ ഭാഗമായാണ് വാട്ട്ആപ്പ് സന്ദേശങ്ങൾ വരുന്നത്. വിദ്യാർഥി പ്രവർത്തകരുടെ സംഭാഷണങ്ങളിൽ നല്ല പങ്കും ചെറുപ്പക്കാർ എന്ന നിലയിൽ അവരുടെ ചേതനയും വീര്യവും നിറഞ്ഞതാണ്.

നീതിനിഷ്ഠമായ കോപബോധത്താൽ പ്രചോദിതരായ അവർ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് സംസാരിക്കുന്നു. ആ സംഭാഷണങ്ങൾ വായിക്കുന്നത് നമ്മളെ ഊർജസ്വലമാക്കുകയും കോവിഡിനു മുമ്പുള്ള ദിനങ്ങളിലേക്കു തിരികെ കൊണ്ടുപോകുകയും ചെയ്യും. പുതിയ തലമുറ തങ്ങളുടേതായ രീതിയിൽ മുന്നോട്ടുവരുന്നത് കാണുന്നത് ആവേശം പകരും. സമാധാനപരവും ശാന്തവുമായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജാഗ്രത പുലർത്താൻ കൂടുതൽ പരിചയസമ്പന്നരായ പ്രവർത്തകർ ആ സംഭാഷണങ്ങളിൽ വീണ്ടും വീണ്ടും ഇടപെടുന്നു. ജനാധിപത്യപ്രവർത്തനത്തിന്റെ ഭാഗമായിരിക്കേണ്ടതുപോലെ ആക്റ്റിവിസ്റ്റുകൾ എന്ന നിലയിൽ അവർ ആ സംഭാഷണങ്ങളിൽ നിസ്സാരമായ രീതിയിൽ വാദിക്കുകയും കലഹിക്കുകയും ചെയ്യുന്നു.

അതിശയം ഒട്ടുമിമല്ലെന്നു പറയാം, ഈ സംഭാഷണങ്ങളിലെ തർക്കത്തിന്റെ പ്രധാന വിഷയം ശഹീൻബാഗിലെ ആയിരക്കണക്കിന് സ്ത്രീകളുടെ പ്രതിഷേധത്തിന്റെ അതിശയകരമായ വിജയം ആവർത്തിക്കണോ വേണ്ടയോ എന്നതാണ്. ശഹീൻബാഗിൽ സ്ത്രീകൾ ആഴ്ചകളായി, കുത്തിനോവിക്കുന്ന ശൈത്യകാല തണുപ്പിനെ പരാജയപ്പെടുത്തി, പ്രധാന പാതയിൽ കുത്തിയിരുന്ന്,
ഗതാഗതം തടഞ്ഞ്, കുഴപ്പങ്ങൾ സൃഷ്ടിച്ചു. ആ സ്ത്രീകൾ വലിയ അവളിൽ തങ്ങളിലേക്കും തങ്ങളുടെ ആവശ്യങ്ങളിലേക്കും ശ്രദ്ധ നേടിയെടുത്തു.
ശഹീൻബാഗിലെ ദാദി ബിൽകിസ് ബാനുവിനെ ടൈം മാഗസിന്റെ 2020-ലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി തെരഞ്ഞെടുത്തു

ബിൽകിസ്

(ഈ ബിൽക്കിസ് ബാനു നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 2002 ഗുജറാത്തിൽ നടന്ന മുസ്ലിംവിരുദ്ധ വംശഹത്യയിൽ രക്ഷപ്പെട്ട 19 വയസ്സുകാരിയായ ബിൽക്കിസ് ബാനുവല്ല. ആ ബിൽക്കിസ് ബാനു ഹിന്ദുതീവ്രവാദികളുടെ ആൾക്കൂട്ടം മൂന്നുവയസ്സുകാരി അടക്കം 14 അംഗ കുടുംബത്തെ ഇല്ലാതാക്കിയ ബെസ്റ്റ്ബേക്കറി കൂട്ടക്കൊലയ്ക്ക് ദൃക്സാക്ഷിയാണ്. അവർ ഗർഭിണിയായിരുന്നു. കൂട്ടബലാത്സംഗത്തിനിരയായി. അത്രമാത്രം).

ഡൽഹി ആക്റ്റിവിസ്റ്റുകളുടെ വാട്സാപ്പ് ചാറ്റിൽ വടക്ക് കിഴക്കൻ ഡൽഹിയിൽ "ചക്കാ ജാം' എന്ന റോഡ് ഉപരോധം നടത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ അവർ അഭിപ്രായഭിന്നത തർക്കങ്ങളിൽ ഏർപ്പെട്ടു. "ചക്കാ ജാം' ആസൂത്രണം ചെയ്യുന്നതിൽ പുതിയതായി ഒന്നുമില്ല. കർഷകർ ഇതു പലവട്ടം ചെയ്തിട്ടുണ്ട്. അവർ അത് ഇപ്പോൾ പഞ്ചാബിലും ഹരിയാനയിലും ചെയ്യുന്നുണ്ട്. ചെറു കർഷകരുടെ നിലനില്പുതന്നെ ഭീഷണിയിലാഴ്ത്തുന്ന, ഇന്ത്യയിലെ കാർഷികരംഗത്തെ കോർപ്പറേറ്റ് വൽക്കരിക്കുന്ന, അടുത്തിടെ പാർലമെന്റിൽ പാസാക്കിയ ബില്ലുകൾക്കെതിരേയാണ് ആ റോഡ് ഉപരോധം. ഡൽഹി പ്രതിഷേധത്തിന്റെ കാര്യത്തിൽ ചാറ്റ് ഗ്രൂപ്പുകളിൽ ചില പ്രവർത്തകർ റോഡുകൾ തടയുന്നത് വിപരീതഫലമുളവാക്കുമെന്ന് വാദിച്ചു. മേഖലയിലെ ബി.ജെ.പി നേതാക്കളുടെ പരസ്യമായ ഭീഷണികളുടെയും, കുറച്ച് ആഴ്ചകൾക്കു മുമ്പ് നടന്ന ഡൽഹി തിരഞ്ഞെടുപ്പിലെ അപമാനം വർധിപ്പിച്ച അവരുടെ രോഷത്തിന്റെയും അന്തരീക്ഷത്തിലാണിത്. ചില പ്രാദേശിക ആക്റ്റിവിസ്റ്റുകൾ റോഡ് ഉപരോധിക്കുന്നത് അവരിൽ കൂടുതൽ രോഷം ഉയർത്തുകയും തങ്ങളുടെ സമുദായങ്ങൾക്കു നേരേ ആക്രമണമായി നീളുമെന്നും ഭയപ്പെട്ടു. അവർക്ക് അറിയാമായിരുന്നു കൃഷിക്കാരോ, ഗുജ്ജാറുകളോ, അല്ലെങ്കിൽ ദലിതുകളോ റോഡ് ഉപരോധിക്കുന്നത് വേറൊരു കാര്യമാണെന്ന്. മുസ്ലിങ്ങൾ അത് ചെയ്യുന്നത് തീർത്തും മറ്റൊരു കാര്യമാണ്. അതാണ് ഇന്ത്യയിലെ ഇന്നത്തെ യാഥാർത്ഥ്യം.

റോഡുകൾ തടഞ്ഞ്, നഗരത്തിന് ശ്രദ്ധ പിടിച്ചുപറ്റിയില്ലെകിൽ പ്രതിഷേധക്കാർ അരികുവൽക്കരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുമെന്ന് ചിലർ വാദിച്ചു. അവസാനം ചില പ്രതിഷേധസ്ഥലങ്ങളിൽ റോഡുകൾ തടഞ്ഞു. പ്രവചിക്കപ്പെട്ടപോലെ തന്നെ ഇത് ഹിന്ദുതീവ്രവാദ ആൾക്കൂട്ടത്തിന് ആയുധമേന്താനും കൊലപാതക ആഹ്വാനം നൽകുന്ന മുദ്രാവാക്യം മുഴക്കാനും അവർ തേടിയ അവസരം നൽകി. അടുത്ത കുറച്ച് ദിവസങ്ങളിൽ, നമ്മുടെ ശ്വാസം നിലപ്പിക്കുന്ന തരം ക്രൂരത അവർ അഴിച്ചുവിട്ടു. അവർ അക്രമം നടത്തുമ്പോൾ പൊലീസ് പരസ്യമായി പിന്തുണയ്ക്കുകയും അതിൽ പങ്കാളിയാകുന്നതിന്റെയും കാഴ്ചകൾ വീഡിയോകൾ കാണിച്ചുതന്നു. മുസ്ലിങ്ങൾ തിരിച്ചുംപോരാടി. രണ്ടുവശത്തും ജീവനും സ്വത്തിനും നാശങ്ങൾ സംഭവിച്ചു. പക്ഷേ, പൂർണമായും അതുല്യമായ തലത്തിൽ. ഒരു തുലനവും സാധ്യമല്ലാത്ത തരത്തിൽ. അക്രമം മൂർച്ഛിക്കാനും പടരാനും അനുവദിക്കപ്പെട്ടു. ദാരുണമായി പരിക്കേറ്റ മുസ്ലിം ചെറുപ്പക്കാർ റോഡിൽ കിടക്കുന്നതും അവർക്കു ചുറ്റും വളഞ്ഞിരിക്കുന്ന പൊലീസുകാർ ദേശീയഗാനം ആലപിക്കാൻ നിർബന്ധിക്കുന്നതുമായ കാഴ്ച നമ്മൾ അവിശ്വാസത്തോടെ കണ്ടു. ആക്രമിക്കപ്പെട്ടവരിൽ ഒരാളായ ഫൈസാൻ വൈകാതെ മരിച്ചു.
നൂറുകണക്കിന് അപായഭീതിനിറഞ്ഞ ഫോൺവിളികൾ പൊലീസ് അവഗണിച്ചു. കൊള്ളയും കൊലപാതകങ്ങളും മയപ്പെട്ടപ്പോൾ, അവസാനം നൂറുകണക്കിന് പരാതികൾ സ്വീകരിക്കപ്പെട്ടു. പക്ഷേ, അക്രമികളുടെ പേരും അസ്തിത്വവും തോക്കും വാളുമേന്തിയ ആൾക്കൂട്ടം വിളിച്ച വർഗീയ മുദ്രാവാക്യങ്ങളും പരാതിയിൽ ഒഴിവാക്കാൻ നിർബന്ധിച്ചതായി ഇരകൾ അവകാശപ്പെട്ടു. നിശ്ചിതമായ പരാതികൾ കുറ്റക്കാരെ രക്ഷിക്കാനായി ആരെയും ഉൾപ്പെടുത്താത്ത പൊതുകേസുകളായി (വെറുപ്പ് കുറ്റകൃത്യങ്ങളിൽ നിന്ന് വെറുപ്പിനെ ഒഴിവാക്കി) മാറി.

കലാപത്തെരുവിലൂടെ പൊലീസ് മാർച്ച് ചെയ്യുന്നു

ഒരു വാട്സാപ്പ് ചാറ്റിൽ വടക്കു കിഴക്കൻ ഡൽഹിയിൽ താമസിക്കുന്ന ഒരു മുസ്ലിം ആക്റ്റിവിസ്റ്റ് ആവർത്തിച്ച് തന്നെ "ചക്കാ ജാം' സൃഷ്ടിക്കാവുന്ന അപായത്തെപ്പറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ദേഹം അവസാനമായി വേദന നിറഞ്ഞ, പ്രത്യാരോപണം നിറഞ്ഞ സന്ദേശം അയച്ച് ഗ്രൂപ്പിൽനിന്ന് എക്സിറ്റായി. ഈ സന്ദേശമാണ് പൊലീസും മാധ്യമങ്ങളും തങ്ങളുടെ മോശം വലനെയ്യാനായി പിടിച്ചെടുത്തത്. അവർ അത് ഇന്ത്യയിലെ ഏറ്റവും ആദരണീയരായ ആക്റ്റിവിസ്റ്റുകൾ, അധ്യാപകർ, സംവിധായകർ എന്നിവരടങ്ങുന്ന മൊത്തം സംഘത്തെ, കൊലപാതക ഉദ്ദേശ്യം നിറഞ്ഞ അക്രമാത്മക സ്വഭാവക്കാരായ ഗൂഢാലോചനക്കാരായി താറടിക്കാൻ ഉപയോഗിച്ചു. ഇതിനേക്കാൾ അസംബന്ധമായ മറ്റെന്തെങ്കിലുമുണ്ടോ?
പക്ഷേ, നിരപരാധിത്വം സ്ഥാപിക്കാൻ വർഷങ്ങൾ എടുക്കും. അതുവരെ അവർ ജയിലിലടയ്ക്കപ്പെടാം, അവരുടെ ജീവിതം പൂർണമായി തകർക്കപ്പെടാം. അതേ സമയം യഥാർത്ഥ കൊലപാതകികളും പ്രകോപനക്കാരും സ്വതന്ത്രമായി നടക്കുകയും തെരഞ്ഞെടുകൾ ജയിക്കുകയും ചെയ്യും. ഈ പ്രക്രിയതന്നെയാണ് ശിക്ഷ.

വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന അക്രമത്തിൽ ഡൽഹി പൊലീസിന്റെ പങ്ക് നിരവധി സ്വതന്ത്ര മാധ്യമ റിപ്പോർട്ടുകളും പൗരന്മാരുടെ വസ്തുത്വന്വേഷണ റിപ്പോർട്ടുകളും മനുഷ്യാവകാശ സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. നമ്മളെല്ലാം കണ്ട അക്രമത്തിന്റെ വീഡിയോകൾ വീക്ഷിക്കുകയും ഫോറൻസിക് പരിശോധനയും നടത്തിയതിനുശേഷം, 2020 ആഗസ്റ്റിലെ റിപ്പോർട്ടിൽ ആംനെസ്റ്റി ഇന്റർനാഷണൽ ഡൽഹി പോലീസ് ആൾക്കൂട്ടമായി അഭിനയിച്ച് പ്രക്ഷോഭകരെ തല്ലുകയും പീഡിപ്പിക്കുകയും ചെയ്തതിനു കുറ്റക്കാരാണെന്ന് പറഞ്ഞു. അതിനുശേഷം ഭരണകൂടം ആംനെസ്റ്റി ഇന്റർനാഷണലിനെതിരേ സാമ്പത്തിക ക്രമക്കേടുകൾ ആരോപിക്കുകയും അവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കയും ചെയ്തു. അതിനാൽ അവർ ഇന്ത്യയിലെ ഓഫീസുകൾ അടച്ചു. ഇന്ത്യയിലെ മൊത്തം 150 ജീവനക്കാരോട് പിരിഞ്ഞു
പോകാനും ആംനെസ്റ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കാര്യങ്ങൾ ആപത്കരമായി മാറുമ്പോൾ, ആദ്യം സ്ഥലം വിട്ടത് അല്ലെങ്കിൽ സ്ഥലം വിടാൻ നിർബന്ധിതരായത് അന്താരാഷ്ട്ര നിരീക്ഷകരാണ്. ഈ രീതിക്രമം ഏതൊക്കെ രാജ്യങ്ങളിലാണ് മുമ്പ് കണ്ടിട്ടുള്ളത്? ആലോചിച്ചുനോക്കൂ. ഇല്ലെങ്കിൽ ഗൂഗിൾ ചെയ്യൂ.

ലോകകാര്യങ്ങളിലെ അവസാനവാക്കായ, ഐക്യരാഷ്ട്രസംഘടനയുടെ സുരക്ഷാ കൗൺസിൽ ഇന്ത്യ സ്ഥിരമായ സ്ഥാനം ആഗ്രഹിക്കുന്നു. പക്ഷേ, പീഡനത്തിനെതിരേയുള്ള അന്താരാഷ്ട്ര ധാരണ അംഗീകരിക്കാൻ കൂട്ടാക്കാത്ത അഞ്ചു രാജ്യങ്ങളിലൊന്നായി ഇന്ത്യയ്ക്ക് തുടരുകയും വേണം. ഇന്ത്യയ്ക്ക് ഒന്നിനും ഉത്തരം പറയാൻ ബാധ്യതയില്ലാത്ത ഏകകക്ഷി ജനാധിപത്യം (ഒരു ഓക്സിമോറോൺ-വിരുദ്ധോക്തികളുടെ സങ്കരം) മാണു വേണ്ടത്. പൊലീസ് നിർമിച്ചെടുത്ത അസംബന്ധമായ 2020 ഡൽഹിഗൂഢാലോചനക്കേസിന്റെയും സമാനമായ രീതിയിൽ അസംബന്ധമായ 2018 ഭീമ കൊറേഗാവ് ഗൂഢാലോചനയുടെ (ഭീഷണിയുടെയും അപമാനിക്കലിന്റെയും ഭാഗമാണ് അസംബന്ധത) ശരിയായ ഉദ്ദേശ്യം ആക്റ്റിവിസ്റ്റുകൾ, വിദ്യാർഥികൾ, അഭിഭാഷകർ, എഴുത്തുകാർ, കവികൾ, പ്രൊഫസർമാർ, തൊഴിലാളി യൂണിയൻ പ്രവർത്തകർ, അനുസരണയില്ലാത്ത എൻ.ജി.ഒകൾ എന്നിവരെ തടവിലടയ്ക്കുകയും കേസിൽ കുടുക്കുകയുമാണ്. അതുവഴി ഭൂതകാലത്തെയും വർത്തമാനകാലത്തെയും ഭീകരതകളെയും മായിച്ചുകളയുകമാത്രമല്ല, വരാൻ പോകുന്ന കാര്യങ്ങൾക്കായി തട്ടുകൾ ഒരുക്കിയിടുകയും കൂടിയാണ്.

നമ്മൾ ദശലക്ഷം പേജുകളുടെ തെളിവ് ശേഖരണത്തിനും 2000 പേജ് കോടതിവിധിയോടും നന്ദിയുള്ളവരായിരിക്കണമെന്ന് ഞാൻ കരുതുന്നു. കാരണം അത് ജനാധിപത്യത്തിന്റെ ശവം ഇപ്പോഴും ചുറ്റുവട്ടത്തായി വലിച്ചിഴയ്ക്കപ്പെടുന്നതിന്റെ തെളിവാണ്. അതിപ്പോഴും ഉത്തർപ്രദേശിലെ ഹാഥ്റസിലെ കൊല്ലപ്പെട്ട പെൺകുട്ടിയെ പോലെ ദഹിക്കപ്പെട്ടിട്ടില്ല. ഒരു മൃതദേഹം എന്ന നിലയിൽ അതിന്റേതായ ഭാരം ഇപ്പോഴുമുണ്ട്, അതു കാര്യങ്ങളെ അല്പം പതിയെയാക്കുന്നു. അതു പൂർണമായും തിരസ്‌കരിക്കപ്പെടുകയും കാര്യങ്ങൾ വേഗത്തിലാകുകയും ചെയ്യുന്ന ദിനം അധികം ദൂരത്തല്ല. നമ്മെ ഭരിക്കുന്നവർക്കിടയിലെ മുഴങ്ങാത്ത മുദ്രാവാക്യം ഇതാവും: "ഏക് ധക്കാ ഓർ ദോ, ഡെമോക്രസി ഗാഡ് ദോ.' അതിനെ കുഴിച്ചുമൂടുക. ആ ദിവസം വന്നാൽ,വർഷത്തിൽ 1700 കസ്റ്റഡി മരണങ്ങൾ എന്നത്, നമ്മുടെ സമീപകാല, മഹത്തായ പാരമ്പര്യത്തിന്റെ വർണാഭമായ ഓർമപ്പെടുത്തലാകും.

ഒരു ചെറിയ വസ്തുതതയും നമ്മളെ പിന്തിരിപ്പിക്കരുത്. നമ്മളെ മഹാദാരിദ്ര്യത്തിലേക്കും യുദ്ധത്തിലേക്കും നയിക്കുന്ന, നമ്മളെ അംഗോപാംഗം ഛേദിച്ചെറിയുന്ന ആളുകൾക്കു വോട്ടുചെയ്യുന്നത് നമുക്കു തുടരാം.
കുറഞ്ഞപക്ഷം, അവർ നമുക്കായി ഒരു വലിയ അമ്പലം പണിയുന്നുണ്ട്. അത് ഒന്നുമല്ല എന്നു കരുതരുത്.

വിവർത്തനം: ആർ. കെ. ബിജുരാജ്
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അരുന്ധതി റോയിയുടെ ആസാദി എന്ന പുസ്തകത്തിൽനിന്ന്

Comments