അരുന്ധതി റോയ്

ദേശവിരുദ്ധമാക്കപ്പെട്ട ശബ്ദം

അമേരിക്കയായാലും ഇന്ത്യയായാലും ‘ദേശവിരുദ്ധ’യായി മുദ്ര കുത്തുന്ന എഴുത്തുകാരിയാണ് അരുന്ധതി. അത് എന്തുകൊണ്ടാണ്?

ഗോളതലത്തിൽ നിർണായക സ്വാധീനമുറപ്പിച്ചു കഴിഞ്ഞ നിയോ ലിബറൽ വ്യവസ്ഥയെ അതിനിശിതമായി വിമർശിക്കുകയും സമകാലിക ലോകത്തിൻ്റെ രാഷ്ട്രീയ സമസ്യകളെ സൂക്ഷ്മമായും ഗവേഷണ ബുദ്ധിയോടെയും പിന്തുടരുകയും നിരീക്ഷിക്കുകയും അവയിലെ മനുഷ്യ വിരുദ്ധതകളെ സ്വന്തം പ്രസംഗങ്ങളിലൂടെയും എഴുത്തിലൂടെയും തുറന്നു കാട്ടുകയും ചെയ്യുന്ന ആക്റ്റിവിസ്റ്റായ എഴുത്തുകാരിയാണ് അരുന്ധതി റോയ്. ഏറ്റവുമധികം രാഷ്ട്രീയ പ്രാധാന്യമുള്ളവയാണ് അവരുടെ രചനകളെല്ലാം. ആഗോള കോർപ്പറേറ്റ് അധികാരത്തേയും അമേരിക്കയുടെയും മറ്റും സാമ്രാജ്യ മോഹങ്ങളെയും ഭരണാധിപന്മാരുടെ യുദ്ധക്കൊതിയെയും വംശീയതയെയും വർഗ്ഗീയതയേയും എന്നു വേണ്ട, ജനാധിപത്യത്തിന്റെ നെടുംതൂണുകളാവേണ്ട മാദ്ധ്യമങ്ങൾക്ക് സംഭവിച്ച അപചയത്തേയും നാമിന്ന് നേരിടുന്ന രാഷ്ട്രീയ- സാമ്പത്തിക- പരിസ്ഥിതിക വെല്ലുവിളികളെയും അവർ നിരന്തരം ചൂണ്ടിക്കാട്ടുന്നു. ഇവയൊക്കെ തമ്മിൽ സ്ഥൂലതലത്തിലും സൂക്ഷ്മതലത്തിലും നിലനില്ക്കുന്ന സങ്കീർണ ബന്ധങ്ങളെ അപഗ്രഥിച്ച് മൗലികവും സ്വതന്ത്രവുമായ രീതിയിൽ തുറന്നു കാട്ടുന്നതു കൊണ്ടുതന്നെ അവരെ ഭരണാധികാരികൾക്ക് വെറുപ്പാണ്. അമേരിക്കയായാലും ഇന്ത്യയായാലും ‘ദേശവിരുദ്ധ’യായി മുദ്ര കുത്തുന്ന എഴുത്തുകാരിയാണ് അരുന്ധതി. ജനാധിപത്യത്തിലും മതേതരത്വത്തിലും സത്യം, സമത്വം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളിലും അടിയുറച്ച രാഷ്ട്രീയബോധവും അവയ്ക്കുവേണ്ടി പൊരുതാനുള്ള നിശ്ചയദാർഢ്യവുമാണ് എഴുത്തുകാരുടെ ഇടയിൽ അവരെ ഏറെ വ്യത്യസ്തയാക്കുന്ന സവിശേഷതകൾ.

‘അധികാരവും അധികാരമില്ലായ്മയും തമ്മിലുള്ളത് ചാക്രികബന്ധമാണ്; അവ തമ്മിലുള്ള അനന്തമായ ചാക്രിക സംഘർഷമാണ് ഞാൻ എഴുതുന്നതിലെ പ്രമേയം- അത് കല്പിതകഥയായാലും യാഥാർത്ഥ്യമായാലും’ എന്നും ‘എന്റെ എഴുത്ത് രാഷ്ട്രങ്ങളെയും ചരിത്രങ്ങളെയും കുറിച്ചല്ല മറിച്ച്, അധികാരത്തെക്കുറിച്ചാണ്’ എന്നും കം സപ്തംബർ എന്ന ലേഖനത്തിൽ 2002- ൽ തന്നെ അവർ പറയുന്നുണ്ട്. അധികാരത്തിന്റെ നിർദ്ദയവും ക്രൂരവുമായ വിന്യാസങ്ങളിലാണ് മനുഷ്യ ദുരിതത്തിന്റെ വേര് കിടക്കുന്നത് എന്ന് അവർ എപ്പോഴും വിശ്വസിച്ചുപോന്നു. ഒരു ദേശത്തിലോ രാജ്യത്തിലോ കോർപ്പറേഷനിലോ സ്ഥാപനത്തിലോ, അതല്ലെങ്കിൽ ഒരു വ്യക്തിയിലോ കൂട്ടാളിയിലോ സുഹൃത്തിലോ അനിയന്ത്രിതമായ അധികാരം കേന്ദ്രീകരിക്കുമ്പോൾ, അതിന്റെ പിന്നിലെ പ്രത്യയശാസ്ത്രം എന്തു തന്നെയായാലും വേണ്ടില്ല, അത് അത്യാചാരങ്ങളിലേക്ക് നയിക്കുന്നു എന്നവർ വാദിക്കുന്നു.

സർക്കാരിനെ വിമർശിക്കുന്നവരെല്ലാം ദേശവിരുദ്ധരാണ് എന്നാരോപിക്കുന്നത് ജനാധിപത്യത്തിൽ തികഞ്ഞ അസംബന്ധമാണ്. എങ്കിലും, വിമർശകർ രാജ്യദ്രോഹികളാണെന്ന വാദം ഇന്ത്യയും അമേരിക്കയുമെല്ലാം ഇടക്കിടെ ഉപയോഗപ്പെടുത്താറുണ്ട്.

20-ാം നൂറ്റാണ്ടിലെ വംശഹത്യകൾക്ക് കാരണം ഏതെങ്കിലും തരത്തിലുള്ള ദേശീയതകളാണ് എന്നവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യസ്നേഹം ഒരു ഭ്രാന്ത് പോലെ മനുഷ്യരെ ആവേശിക്കുന്നതും തീവ്രവാദത്തിലേക്കും കൂട്ടക്കൊലകളിലേക്കും നയിക്കുന്നതും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ‘ആദ്യം ജനങ്ങളുടെ മനസ്സിനെയും പിന്നീട് മൃതദേഹത്തേയും മൂടാൻ സർക്കാർ ഉപയോഗപ്പെടുത്തുന്ന വർണത്തുണി മാത്രമാണ് പതാക’ എന്ന് അവർ നിരീക്ഷിച്ചിട്ടുണ്ട്‌. ‘ഒരു ഭാഷ, ഒരു മതം, ഒരു രാഷ്ട്രം - ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ’ എന്ന ഹിന്ദുത്വ ദേശീയത ഉയർത്തുന്ന പുതിയ മുദ്രാവാക്യം, ഇന്ത്യ എന്ന രാജ്യത്തിന്റെ വൈവിധ്യത്തെയും നാനാത്വത്തിലൂന്നിയ പൈതൃകത്തെയും സങ്കീർണതയെയുമെല്ലാം അവഗണിച്ചുകൊണ്ടുള്ളതാണെന്ന് മാത്രമല്ല; അത് ഭണഘടന വിഭാവനം ചെയ്യുന്ന വ്യവസ്ഥയെത്തന്നെ ഹിംസാത്മകമായി നേരിടുന്ന ഒന്നുകൂടിയാണ്. പലസ്തീനിലെ ഇസ്രായേലിന്റെ കടന്നാക്രമണത്തെ അപലപിക്കാൻ പോലും ഒരു കാലത്ത് പലസ്തീനിന്റെ സുഹൃത്തായിരുന്ന ഇന്ത്യയ്ക്ക് ഇന്ന് സാധിക്കാതെ വന്നിരിക്കുന്നു. ഗാസയിൽ  നഗ്നമായ വംശഹത്യ നടക്കുമ്പോൾ എഴുത്തുകാരും ബുദ്ധിജീവികളും പോലും നമ്മുടെ നാട്ടിൽ മൗനം പാലിക്കുന്നു. ഇത് ഏതോ പലസ്തീനിൽ നടക്കുന്നതാണെന്ന് ആശ്വാസം കൊള്ളുന്നവർ നമുക്കുതന്നെ സംഭവിക്കാവുന്ന ആപത്തുകളാണിതെന്ന് തിരിച്ചറിയുന്നില്ല എന്നാണ് ഇതിന്റെ അർത്ഥം.

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന അരുന്ധതി റോയ്

ജനാധിപത്യത്തിന്റെ ഘടനകൾ ഓരോന്നോരോന്നായി തകർക്കപ്പെടുമ്പോൾ, രാജ്യത്തിന്റെ വൈവിദ്ധ്യമാകെ ഒറ്റ ദേശീയതയുടെ, ഭൂരിപക്ഷ മതത്തിന്റെ, സങ്കുചിത ബോധത്തിൽ ഞെരുക്കിയൊതുക്കാനുള്ള ശ്രമം നടക്കുമ്പോൾ ഒന്നും മിണ്ടാതിരിക്കുന്നത് നമ്മളതിനെയൊക്കെ പിന്തുണയ്ക്കുന്നതിന് സമമാണ്.

സർക്കാരിനെ വിമർശിക്കുന്നവരെല്ലാം ദേശവിരുദ്ധരാണ് എന്നാരോപിക്കുന്നത് ജനാധിപത്യത്തിൽ തികഞ്ഞ അസംബന്ധമാണ്. എങ്കിലും, വിമർശകർ രാജ്യദ്രോഹികളാണെന്ന വാദം ഇന്ത്യയും അമേരിക്കയുമെല്ലാം ഇടക്കിടെ ഉപയോഗപ്പെടുത്താറുണ്ട്. നടത്താൻ പോവുന്ന ജനാധിപത്യ - മനുഷ്യാവകാശ നിഷേധത്തിനു വേണ്ടി സർക്കാർ എടുക്കുന്ന മുൻകൂർ ജാമ്യമാണ് ഈ വാദം എന്ന് അരുന്ധതി പറയുന്നു.

ദേശരാഷ്ട്രത്തെ മതനിർവിശേഷമായി കൈക്കൊള്ളുന്നതിലൂടെയാണ് ഇന്നത്തെ ജനാധിപത്യങ്ങൾ പലതും നിലനില്ക്കുന്നത്. എന്നാൽ മൂലധനമോ മുതലാളിത്തമോ ഇതിൽ അധിഷ്ഠിതമല്ല.

ജനാധിപത്യം പ്രതിസന്ധിയിലാണ്. ആഴമുള്ളതാണ് ഈ പ്രതിസന്ധി. ജനാധിപത്യത്തിന്റെ പേരിൽ നടത്തപ്പെടുന്ന കടന്നാക്രമണങ്ങൾക്ക് കണക്കില്ല. അർത്ഥങ്ങൾ ചോർന്ന് വെറും പുറന്തോടായി മാറിയ വാക്കായിട്ടുണ്ട് അത്. നിയോ ലിബറൽ വ്യവസ്ഥ ജനാധിപത്യത്തിന്റെ ഉള്ളടക്കം തന്നെ മാറ്റിമറിച്ചു കഴിഞ്ഞു. സ്വതന്ത്രമായ ജുഡീഷ്യറി, സ്വതന്ത്രമായ മാദ്ധ്യമങ്ങൾ, പാർലമെൻ്റ്, സ്വതന്ത്രമായ തിരഞ്ഞെടുപ്പ് ഇവയ്ക്കെല്ലാം പകരമായി കോർപ്പറേറ്റ് ആഗോളവത്കൃത ഇച്ഛകൾ നിറവേറ്റാനുള്ള ക്രമീകരണങൾ ഏർപ്പെടുത്തി. സ്വതന്ത്ര കമ്പോളം പ്രസ്തുത സ്ഥാപനങ്ങളെയെല്ലാം ഏറ്റവും കൂടുതൽ വില നൽകുന്ന ആൾക്ക് എളുപ്പം വാങ്ങാവുന്ന വെറും ചരക്കുകളാക്കി അധഃപതിപ്പിച്ചു. ജനാധിപത്യം എന്നത് നിയോലിബറൽ മുതലാളിത്തത്തിനെ വെള്ളപൂശാനുള്ള ഒരു ചുരുക്കപ്പേരായിട്ടുണ്ട്. സർക്കാരിന്റെ പ്രവർത്തികൾക്ക് അതിനെ തിരഞ്ഞെടുത്ത ജനങ്ങൾ വാസ്തവത്തിൽ ഉത്തരവാദികളല്ല. കോർപ്പറേറ്റ് ആഗോളവത്കരണത്തിന് ആവശ്യമായ പരിഷ്കരണങ്ങൾ ഏർപ്പെടുത്തുന്നതിന്നും എതിർപ്പുകൾ അടിച്ചമർത്തുന്നതിന്നും വിശ്വസ്തരും അഴിമതിക്കാരും മിക്കപ്പോഴും സ്വേഛാധിപതികളുമായ ഭരണാധികാരികളെ ദരിദ്ര രാജ്യങ്ങളുടെ തലപ്പത്ത് ആഗോള മുതലാളിത്തത്തിന് ആവശ്യമാണ്. അത് ഏർപ്പാടു ചെയ്യപ്പെടും. ‘മൂലധന നിക്ഷേപത്തിന് അനുയോജ്യമായ നല്ല കാലാവസ്ഥ സൃഷ്ടിക്കൽ’ എന്നാണിതിന്റെ ഓമനപ്പേര് (How Deep shall We Dig). ഭരണകൂടം അതിന്റെ ഉത്തരവാദിത്വങ്ങൾ ഓരോന്നായി കൈയൊഴിയും. ആരോഗ്യം, വിദ്യാഭ്യാസം, പൊതുസേവനങ്ങൾ ഇവയ്ക്കുള്ള ഫണ്ടുകൾ പിൻവലിക്കും. സംഘപരിവാറിന്റെയും മറ്റും സന്നദ്ധസേവന സംഘങ്ങൾ സർക്കാരിതര സംഘടനാ (NG0) പ്രവർത്തനവുമായി കടന്നുവന്ന് ഈ മേഖലകളിൽ ആധിപത്യം സ്ഥാപിക്കുകയും പ്രത്യയശാസ്ത്രപരമായ മേൽക്കൈ നേടാൻ ശ്രമിക്കുകയും ചെയ്യും. ഫലത്തിൽ എല്ലാം കച്ചവടമായി മാറും. സാമ്പത്തിക ലാഭത്തിൽ മാത്രം കണ്ണുവച്ചുള്ള കച്ചവടമായി സേവന മേഖല പരിവർത്തിക്കപ്പെടും.

ഇന്ത്യയിലെ വരേണ്യവർഗം മറ്റെവിടെയുമുള്ള വരേണ്യവർഗത്തെപ്പോലെ തന്നെ ഭരണകൂടത്തിൽ നിന്ന് സ്വയം വേർപെടുത്താൻ കഴിയാത്ത ഒന്നാണ്. ഭരണകൂടത്തെപ്പോലെ കാണുകയും ഭരണകൂടത്തെപ്പോലെ ചിന്തിക്കുകയും ഭരണകൂടത്തെപ്പോലെ സംസാരിക്കുകയും ചെയ്യുന്ന ഒന്നാണത്. സ്വന്തം അക്രമത്തിന് ന്യായീകരണം ചമയ്ക്കാൻ കൃത്രിമമായി ഭീതി സൃഷ്ടിച്ചെടുക്കുകയാണ് ഭരണകൂടം ആദ്യം ചെയ്യുക. വരേണ്യവിഭാഗം ഇതിന്റെ സ്തുതി പാഠകരും നടത്തിപ്പുകാരുമായിരിക്കും.

ദേശരാഷ്ട്രത്തെ മതനിർവിശേഷമായി കൈക്കൊള്ളുന്നതിലൂടെയാണ് ഇന്നത്തെ ജനാധിപത്യങ്ങൾ പലതും നിലനില്ക്കുന്നത്. എന്നാൽ മൂലധനമോ മുതലാളിത്തമോ ഇതിൽ അധിഷ്ഠിതമല്ല. സൂത്രപ്പണികൾ കൊണ്ട് നേട്ടമുണ്ടാക്കുന്ന വിദ്യയായി പ്രാതിനിധ്യ ജനാധിപത്യപ്രക്രിയ മാറിയിട്ടുണ്ട്. അത് നമുക്ക് അനുവദിച്ചു തരുന്ന പങ്കാളിത്തം പരിമിതമാണ്. അതു കൊണ്ട് തന്നെ, ഇതാണ് യഥാർത്ഥതിരഞ്ഞെടുപ്പ് എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.

‘ജനപ്രീതിയാർജിച്ച ഒരു നേതാവിന്റെ വശ്യമായ നേതൃത്വമോ പോരാട്ട പൈതൃകമോ ഒന്നും കോർപ്പറേറ്റ് താല്പര്യങ്ങളുടെ മുനയൊടിക്കാൻ പര്യാപ്തമല്ലെന്ന് മനസ്സിലാക്കാത്തവർക്ക് മുതലാളിത്തം പ്രവർത്തിക്കുന്നതെങ്ങനെയെന്നറിയില്ല. അധികാരം പ്രവർത്തിക്കുന്നതെങ്ങിനെയെന്നുമറിയില്ല’ (Public Power in the Age of Empire 2004.). കേന്ദ്രം ഭരിക്കുന്നത്‌ സര്‍ക്കാരല്ല, ഒരു ഇവന്റ് മാനേജുമെന്റ് കമ്പനിയാണെന്ന് റായ് കല്‍ക്കത്താ ഫിലിം സൊസൈറ്റിയില്‍ നടത്തിയ പ്രസംഗത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് അവർ പറഞ്ഞു.

കൊൽക്കത്ത പീപ്പിൾസ് ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കുന്ന അരുന്ധതി റോയ്

ഇന്ന് നീതി മാത്രമല്ല, നീതി എന്ന ആശയം തന്നെ ആക്രമിക്കപ്പെടുകയാണ്. ദുർബല വിഭാഗങ്ങൾക്ക് നേരെയുള്ള ഹിംസ ക്രൂരവും സമഗ്രവും സമർത്ഥവുമാണ്. തിരഞ്ഞെടുക്കപ്പെട്ട ദുർബലർ കൃത്യമായി ഇരയാക്കപ്പെടുന്നു. മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നു. അനീതി നിറഞ്ഞ ഒരു രാഷ്ട്രീയ സാമ്പത്തിക ഘടന നടപ്പിലാക്കാൻ ഇത് ആവശ്യമാണ് എന്നതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

മോദിയുടെ ആരോഹണത്തെക്കുറിച്ചുള്ള ആശങ്കകളും ഉത്കണ്ഠകളും നേരത്തേ പങ്കിട്ടിരുന്ന റായ് അദ്ദേഹം രണ്ടാം വട്ടവും പ്രധാനമന്ത്രിയായ ശേഷം, 2020-ൽ എഴുതി: ‘ബി.ജെ.പി രണ്ടാം തവണ അധികാരത്തിലേറിയിട്ട് ഇപ്പോൾ ഒരു വർഷമാവുന്നു. ഇന്ത്യ തിരിച്ചറിയാനാവാത്ത വിധത്തിൽ മാറിക്കഴിഞ്ഞു’.
‘ഒരു മതേതര റിപ്പബ്ലിക്ക് എന്ന, ഭരണഘടന വിഭാവനം ചെയ്ത സ്വപ്നം, നമ്മൾ ഉപേക്ഷിച്ചിട്ടില്ല. ആ സ്വപ്നത്തിന്റെ കടയ്ക്കലാണ് ഇപ്പോൾ കത്തി വീണിരിക്കുന്നത്. ഫാഷിസത്തെ വേണ്ടവിധത്തിൽ അപലപിക്കാൻ നാം തയ്യാറായിട്ടില്ല’. (ആസാദി എന്ന പുസ്തകത്തിന്റെ അവതാരിക).

‘ഹിന്ദു രാഷ്ട്രത്തിന്റെ ഉദയവും ഉയർച്ചയും’ ആസാദിയിൽ ചർച്ച ചെയ്യുന്നുണ്ട്. ഒടുവിൽ ഇങ്ങനെ പറയുന്നു: ‘ആരെങ്കിലും എന്തെങ്കിലും ചെയ്തില്ലെങ്കിൽ നമ്മുടെ അന്ത്യമാണ് സംഭവിക്കുക എന്ന് വിചാരിക്കുന്നവർ ഇന്ത്യയിലെ തെരുവുകളിലേക്ക് എന്നെങ്കിലും ഇറങ്ങിവരുമെന്ന് പ്രത്യാശിക്കട്ടെ. അങ്ങനെ സംഭവിച്ചില്ലെങ്കിൽ അന്ത്യമടുത്തു എന്നു തന്നെ മനസ്സിലാക്കിക്കൊള്ളുക’. (‘ഒടുക്കത്തിന്റെ സൂചനകൾ’ ആസാദി, പേജ് 139; പരിഭാഷ ജോസഫ് കെ. ജോബ്).

കോവിഡാനന്തരമുള്ള പുതിയ ഒരു ലോകത്തെപ്പറ്റിയുള്ള വിഭാവനം ഇങ്ങനെയാണ്: ‘ധാർമ്മികമായ മുൻവിധികളുടെയും വിദ്വേഷത്തിന്റെയും അത്യാർത്തിയുടെയും ഡേറ്റ ബാങ്കുകളുടെയും ചത്ത നദികളുടെയും പുക പിടിച്ച ആകാശങ്ങളുടെയും മൃതശരീരത്തെ ദൂരെ വലിച്ചെറിഞ്ഞ് നമുക്ക് ആ പുതിയ ലോകത്തേക്കൊന്ന് ഇറങ്ങിനടക്കാം, അല്ലെങ്കിൽ ചെറിയൊരു ലഗേജുമായി അനായാസമായി നടന്ന് പുതിയൊരു ലോകം സ്വപ്നം കാണാം. അതിനു വേണ്ടി പോരാടാൻ തയ്യാറാകാം’. (അതേ പുസ്തകം, പേജ് 196).

‘ആളുകൾ വോട്ട് ചെയ്യുന്നത് സ്വന്തം അധികാരം നഷ്ടപ്പെടുത്താനാണ് എന്നതാണ് അമ്പരപ്പിക്കുന്ന ഒരു സംഗതി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് ചെയ്യുന്നത്. പക്ഷെ ഈ വിവരങ്ങളാണ് വിഷക്കോപ്പകൾ’

ആസന്നമായ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, കഴിഞ്ഞ ഡിസംബർ അവസാനം തിരുവനന്തപുരത്ത് ഗോവിന്ദപ്പിള്ള പുരസ്കാര സ്വീകരണ സന്ദർഭത്തിലെ പ്രസംഗത്തിൽ അരുന്ധതി സംസാരിച്ച ഏതാനും കാര്യങ്ങൾ കൂടി സൂചിപ്പിച്ച് ഉപസംഹരിക്കാം: ‘ഇപ്പോഴുള്ള കേന്ദ്ര ഭരണം ആവർത്തിക്കുകയാണെങ്കിൽ നിയോജക മണ്ഡലങ്ങൾ പുനർനിർണയിക്കും’. തെക്കേ ഇന്ത്യയിൽ നിന്നുള്ള എം.പിമാരുടെ എണ്ണം കുറയ്ക്കും. ഇത് ഒരു ഭീഷണിയാണ്. ഫെഡറലിസം മൊത്തത്തിൽ ഭീഷണി നേരിടുന്നുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഫണ്ടുകൾക്കായി കേന്ദ്രത്തിനു മുന്നിൽ അക്ഷരാർത്ഥത്തിൽ യാചിച്ചു നില്ക്കേണ്ടി വരുന്നു. നാട്ടിന്റെ ഫെഡറൽ ഘടന തകർക്കപ്പെടുന്നതിൽ ആശങ്കയുണ്ട്. പിന്നെ അരുന്ധതി റോയ് ചൂണ്ടിക്കാട്ടുന്നത് സമകാലിക ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ദുസ്ഥിതിയെക്കുറിച്ചാണ്:
‘നമ്മുടെ രാഷ്ട്രത്തിന് അതിന്റെ ധാർമ്മിക ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നു. ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങൾ, വംശഹത്യകളും വംശീയ ശുദ്ധീകരണവും നടത്താനുള്ള ആഹ്വാനങ്ങൾ എന്നിവ കൈയടിച്ച് പ്രോത്സാഹിപ്പിക്കപ്പെടുകയും അവയ്ക്ക് രാഷ്ട്രീയമായി സമ്മാനം നൽകപ്പെടുകയും ചെയ്യുന്നു. അതേസമയം സമ്പത്തിന്റെ കേന്ദ്രീകരണം ഏതാനും പേരിലേക്ക് ചുരുങ്ങിച്ചുരുങ്ങി വരുന്ന സ്ഥിതിയുണ്ട്;  പാവങ്ങൾക്ക് അപ്പക്കഷണങ്ങൾ എറിഞ്ഞുകൊടുത്തുകൊണ്ടാണ് അവരെ കൂടുതൽ ദരിദ്രരാക്കി മാറ്റുന്ന അതേ ശക്തികൾ തന്നെ അവരുടെ പിന്തുണ തേടുന്നത്’.

‘ആളുകൾ വോട്ട് ചെയ്യുന്നത് സ്വന്തം അധികാരം നഷ്ടപ്പെടുത്താനാണ് എന്നതാണ് അമ്പരപ്പിക്കുന്ന ഒരു സംഗതി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് ചെയ്യുന്നത്. പക്ഷെ ഈ വിവരങ്ങളാണ് വിഷക്കോപ്പകൾ. ടെക്നോളജി നിയന്ത്രിക്കുന്നവർ ലോകത്തെ നിയന്ത്രിക്കും. പുതിയ തലമുറ പ്രതിഷേധമുയർത്തും’. വിപ്ലവങ്ങളുണ്ടാവും എന്ന് അരുന്ധതി കരുതുന്നു.

‘ജനാധിപത്യത്തെ തിരിച്ചുപിടിക്കാമെന്ന് സ്വപ്നം കാണാൻ നമുക്ക് ധൈര്യമുണ്ടാവണം. ജനാധിപത്യം തിരിച്ചുപിടിക്കാനുള്ള ശ്രമവും ജനാധിപത്യപരമായിരിക്കാൻ ശ്രദ്ധിക്കണം’ എന്ന 2004- ലെ പ്രസ്താവത്തിന്റെ പ്രസക്തി ഒന്നുകൂടി ഉറപ്പിച്ചുപറയാം.


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments