കെജ്‌രിവാളിന്റെ അറസ്റ്റും മോദിയുടെ പേടിയും

ഇന്ത്യൻ ജനാധിപത്യം അതിൻ്റെ ജീവനെ തിരിച്ചുപിടിക്കാനുള്ള പരിശ്രമത്തിനായി തെരുവിലിറങ്ങേണ്ട സമയയമാണിതെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ഇന്ത്യയിലെ ജനങ്ങളോട് കഠിനമായി മുന്നറിയിപ്പു നൽകുകയും ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

തികച്ചും അന്യായമായ, പ്രതികാരരാഷ്ട്രീയമാണ് നരേന്ദ്രമോദി സർക്കാർ യാതൊരു വിധ ജനാധിപത്യമര്യാദകളുമില്ലാതെ പ്രതിപക്ഷ പാർട്ടികളോടും കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളോടും സകല പ്രതിപക്ഷ വിമർശനങ്ങളോടും പയറ്റുന്നത്.

മദ്യനയ അഴിമതിയെന്നാരോപിക്കപ്പെടുന്ന കേസിലാണ് അരവിന്ദ് കെജ്രിവാളിനെ ഇപ്പോൾ അറസ്റ്റ് ചെയ്ത് മാർച്ച് 28 വരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ആറ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് വളരെക്കുറച്ച് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ രണ്ടും കൽപ്പിച്ച്, നെറിയില്ലാത്ത ഗോദയിൽ കളിനിയമങ്ങൾക്കും മര്യാദകൾക്കും ഒരു വിലയും നൽകാതെ, പ്രതിപക്ഷ ടീമിന് കളിക്കാനുള്ള അവസരം പോലും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വോക്ക് ഓവർ വിജയം ആഗ്രഹിച്ചാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കളിക്കാനിറങ്ങിയിരിക്കുന്നത്.

ഇലക്ട്രൽ ബോണ്ട് എന്ന, നിയമപരമാക്കിയെടുത്ത, ഇന്ത്യ കണ്ട ഏറ്റവും ഭീമാകാരമായ അഴിമതിയിലെ ഏറ്റവും വലിയ പങ്കുകാരായ ബി. ജെ. പിയാണ് മദ്യനയക്കേസിലെ അഴിമതിയെന്ന ആരോപണമുയർത്തി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഈ കേസും ബിജെപിയുടെ ഇലക്ട്രൽ ബോണ്ട് എന്ന നിയമാനുസൃത അഴിമതിയിലേക്കു തന്നെയാണ് ചെന്നെത്തുന്നത്. മദ്യനയക്കേസിൽ 2022 നവംബറിൽ 10 ന് അറസ്റ്ററ്റ് ചെയ്യപ്പെട്ട ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അരബിന്ദോ ഫാർമയുടെ ഉടമയായ ശരത് ചന്ദ്ര റെഢി ഇപ്പോൾ ഇതേ കേസിലെ മാപ്പുസാക്ഷിയാണ്. അന്ന് അറസ്റ്റ് ചെയ്യപ്പെട്ട റെഡി അഞ്ച് ദിവസം കഴിഞ്ഞപ്പോൾ അഞ്ച് കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയിരുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖയിലുണ്ട്. അത് ബി.ജെ.പിക്കു വേണ്ടിയുള്ള പണമായിരുന്നു. അവിടം കൊണ്ട് തീർന്നില്ല .ആകെ 34.15 കോടി രൂപയുടെ ബോണ്ട്, ബിജെപിയ്ക്കു വേണ്ടി ശരത് റെഢി വാങ്ങി. അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ അരവിന്ദ് കെജ്‌രിവാളിനെ കണ്ടിട്ടേയില്ലെന്ന് മൊഴിനൽകിയ റെഢി, കുറച്ച് മാസത്തെ ജയിൽ വാസത്തിനും മാപ്പുസാക്ഷിയായുള്ള രൂപാന്തര പ്രാപ്തിയ്ക്കും ശേഷം പറഞ്ഞു, അരവിന്ദ് കെജരിവാളിനെ കണ്ടിരുന്നു എന്ന്. ഈ ഒരൊറ്റ മൊഴിയിലാണ് ഒരു മുഖ്യമന്ത്രിയെ, ഇന്ത്യാ പ്രതിപക്ഷ സഖ്യത്തിൻ്റ ശക്തനായ നേതാവും കണക്ടിംഗ് ഹബുമായ അരവിന്ദ് കെജരിവാളിനെ ഹിന്ദുത്വ ഫാസിസ്റ്റ് സർക്കാർ അറസ്റ്റ് ചെയ്തിരിക്കുന്നത്. കെജ്റിവാളിലേക്ക് എത്തുന്നതിനു മുൻപ് ആപ്പ് നേതാക്കളായ മനീഷ് സിസോദിയയെയും സഞ്ജയ്സിങ്ങിനേയും വിജയ് നായരേയും ബി.ആർ. എസ് നേതാവ് കവിതയെയും അറസ്റ്റു ചെയ്തിരുന്നു.

ഇന്ത്യാ സഖ്യത്തെ നരേന്ദ്രമോദി സർക്കാർ, സംഘപരിവാർ, തെരഞ്ഞെടുപ്പടുക്കുന്ന വേളയിൽ ഭയപ്പെടുന്നു എന്ന് തന്നെയാണ് അതിനർത്ഥം. ബി.ജെ.പി. സർക്കാരിൻ്റെ പലതരം സ്ട്രാറ്റജികളിൽ ഒന്നാണ് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയോ റെയ്ഡു നടത്തുകയോ ചെയ്തു കൊണ്ട് പൊട്ടെൻഷ്യൽ ത്രെട്ടുകളായ പാർട്ടികളെയും നേതാക്കളെയും പൂട്ടുകയോ ബി.ജെ.പിയിലേക്ക് വരുത്തുകയോ ചെയ്യുക എന്നത്. അങ്ങനെ വരുത്തപ്പെട്ട ദേശീയവും പ്രാദേശീയവുമായ നേതാക്കളുടെ എണ്ണവും വലിപ്പവും ഞെട്ടിപ്പിക്കുന്നതാണ്. മോദി അധികാരത്തിൽ വന്ന 2014 മുതൽ 2022 വരെയുള്ള കാലത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചുമത്തിയ 95 ശതമാനം കേസുകളും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കെതിരെയാണ്. അതായത് പ്രധാന നേതാക്കൾക്കെതിരായ 121 കേസിൽ 115 ഉം ഇത്തരത്തിലുള്ളതാണ്.

രാഷ്ട്രീയ പാർട്ടികളെ ഈ രീതിയിൽ പൂട്ടുമ്പോൾ ഇലക്ട്രൽ ബോണ്ടുകൾ വഴി ബി.ജെ.പി ഉണ്ടാക്കിയ 2471 കോടി രൂപയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് റെയ്ഡ് നടത്തി ഭീഷണിപ്പെടുത്തി 41 കമ്പനികളിൽ നിന്ന് നിയമാനുസൃതമാക്കിയെടുത്ത അഴിമതിയിലൂടെയാണ് ബി.ജെ.പി സമാഹരിച്ചത്. ഇലക്ട്രൽ ബോണ്ട് കേസിലെ ഹർജിക്കാരിൽ ഒരാളായ കോമൺ കോഡിൻ്റെ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിൻ്റേയും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ട്രസ്റ്റി ജഗദീപ് ചൊക്കാറുടേയും കണ്ടെത്തലുകൾ ബി.ജെ.പി എന്ന രാഷ്ട്രീയ പാർട്ടിയുടെ നിലനിൽപിനുള്ള മൂലധനം എത്ര മാത്രം വിധ്വംസകമായും ആസൂത്രിതമായും രാജ്യത്തിൻ്റെ നിയമസംവിധാനത്തെത്തന്നെ തകർക്കുന്ന രീതിയിൽ മാനിപ്പുലേറ്റു ചെയ്തുമാണ് ഉണ്ടാക്കിയിട്ടുള്ളത് എന്ന് വെളിപ്പെടുത്തുന്നുണ്ട്. 2471 കോടി രൂപയിൽ 1698 കോടിയും കമ്പനികൾ ഇക്ട്രൽ ബോണ്ട് വഴി ബി.ജെ.പിയ്ക്ക് നൽകിയത് റെയ്ഡുകൾക്ക് പിന്നാലെയാണ്. 1751 കോടി നൽകിയത് 33 ബിസിനസ്സ് ഗ്രൂപ്പുകളാണ്. ഇവർക്ക് തിരിച്ച് 3.7 ലക്ഷം കോടി രൂപയുടെ കരാറുകൾ ലഭിച്ചു എന്നും കണ്ടെത്തലിലുണ്ട്. സകല മേഖലയിലും സംഘപരിവാർ കഴിഞ്ഞ ദശാബ്ദത്തിൽ നടത്തിയ ഹിന്ദുത്വയുടെ സാംസ്കാരിക അധിനിവേശത്തേക്കാൾ മുകളിലാണ് സമ്പത്തിനു മേൽ ഈ സംഘം നടത്തിയ അധിനിവേശം. അതും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കാക്കാനുള്ള അധികാരം ഇന്ത്യൻ പാർലമെൻ്റിനെ കൊണ്ടുതന്നെ, നിയമവ്യവസ്ഥയെ ഉപയോഗിച്ചു കൊണ്ട് തന്നെ തന്ത്രപരമായി. ഇലക്ട്രൽ ബോണ്ട് പദ്ധതി ഫെബ്രുവരി 15 ന് സുപ്രീം കോടതി റദാക്കുന്നതുവരെ നിയമാനുസൃത കൊള്ള ഒരു സർക്കാർ അതിൻ്റെ രാഷ്ട്രീയ പാർട്ടിയ്ക്കു വേണ്ടി നടത്തിയെടുത്തു എന്നത് ഇന്ത്യൻ ചരിത്രത്തിൽത്തന്നെ ഒരു സർക്കാർ സംവിധാനം അതിൻ്റെ ജനതയെ കൊള്ളയടിച്ചതിൻ്റെ ഏറ്റവും വലിയ ഉദാഹരണമായി നിലനിൽക്കും.

കെജരിവാളിൻ്റെ അറസ്റ്റിനെതിരെ രൂപപ്പെടുന്ന പ്രതിപക്ഷ ഐക്യസ്വരം ഒരു മുന്നേറ്റമായി, ഹിന്ദുത്വ ഫാസിസ്റ്റ് സർക്കാരിൻ്റെ തകർച്ചയ്ക്ക് കാരണമായി മാറുമെങ്കിൽ എന്ന് ഇന്ത്യൻ ജനാധിപത്യം പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ തെരഞെടുപ്പു കാലത്തും ഹിന്ദുത്വ പ്രത്യയശാസ്ത്ര സർക്കാർ വർഗ്ഗീയതയും തീവ്രദേശീയതയും ഉപയോഗിച്ച് രാഷ്ട്രീയാന്തരീക്ഷത്തെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റിയെടുക്കാറുണ്ട്. ഇത്തവണ പക്ഷേ വർഗ്ഗീയതയുടേയും തീവ്രദേശീയതയുടേയും ചാണക്യതന്ത്രങ്ങൾ മതിയാവില്ല എന്ന ആത്മവിശ്വാസക്കുറവ് എൻ. ഡി എ സഖ്യത്തിനുണ്ട് എന്നാണ് രാഷ്ട്രീയ വിശകലനങ്ങൾ. വിലയ്ക്കെടുത്തതും ഭീഷണിപ്പെടുത്തിയതുമായ മാധ്യമങ്ങൾ വഴി നിരന്തരം പുറത്തുവിടുന്ന യോജനാ പരസ്യങ്ങളും പി.ആർ വർക്കും, സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളെ പല തരത്തിൽ മാനിപ്പുലേറ്റ് ചെയ്ത് ആ സ്പേസിൽ ഉണ്ടാക്കിയെടുക്കുന്ന മേൽക്കൈയും ഉണ്ടായിട്ടും ശക്തമായ പ്രതിഷേധസ്വരമായിരുന്ന മനുഷ്യാവകാശ പ്രവർത്തകരെ മുഴുവൻ ജയിലിലടച്ചും മുന്നറിയിപ്പു നൽകിയും നിശ്ശബ്ദമാക്കിയിട്ടും മണിപ്പൂർ, സി.എ.എ എൻ. ആർ. സി. , ഏകീകൃത സിവിൽ കോഡ് എന്നിവ കൊണ്ട് കളിച്ചിട്ടും അടുത്തൊന്നും നടപ്പാക്കേണ്ടാത്ത സ്ത്രീ സംവരണ ബിൽ പാസാക്കിയിട്ടും അയോധ്യയിൽ പ്രാണ പ്രതിഷ്ഠ നടത്തിയിട്ടും മോദിസർക്കാരിന് ആത്മവിശ്വാസമില്ലെന്ന് വരികിൽ അത് ഒരേ സമയം ഭയവും പ്രതീക്ഷയും ഉണ്ടാക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിനു മുൻപ് ഏത് ഭീകരകളിയും കളിക്കാൻ ആ സംവിധാനം തയ്യാറാവുന്നതാണാ ഭയം. 400 സീറ്റ് നേടുമെന്ന അവകാശ പ്രഖ്യാപനത്തിൻ്റെ വരികൾക്കിടയിൽ മറഞ്ഞിരിക്കുന്ന പരാജയത്തിൻ്റെയോ തിളക്കം കുറഞ്ഞ വിജയത്തിൻ്റെയോ സാധ്യതകളാണ് പ്രതീക്ഷ.. അത് പാർലമെൻ്റിൽ ഉണ്ടാവും എന്ന് ജനാധിപത്യവിശ്വാസികൾ പ്രതീക്ഷിക്കുന്ന ഭരണ മുന്നണിയുടേയോ ശക്തമായ പ്രതിപക്ഷത്തിൻ്റെയോ സാധ്യതകളാണ്.. അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റ് ആ ഐക്യനിരയുടെ ശക്തിയ്ക്ക് പ്രേരകമാവുകതന്നെ വേണം. പ്രതിപക്ഷമാണ് ജനാധിപത്യത്തെ അടിസ്ഥാനപരമായി നിലനിർത്തുക എന്ന ജനാധിപത്യ രാഷ്ട്രീയത്തെ പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ മുഖ്യ ആവശ്യമായി ജനങ്ങൾക്കു മുന്നിൽ പറയാൻ പ്രതിപക്ഷകക്ഷികൾക്ക് ഒരു തർക്കവുമില്ലാതെ പറയാൻ കഴിയിയേണ്ടിയിരിക്കുന്നു. ആ ജനാധിപത്യ രാജ്യത്തിനു വേണ്ടി, സമരമായി രൂപപ്പെട്ട മനുഷ്യർ തെരുവിലേക്കിറങ്ങിയിരുന്ന ഭൂതകാലം ഓർമയിൽ നിന്ന് വർത്തമാനവും ഭാവിയുമായി മാറേണ്ടിയിരിക്കുന്നു.

Comments