‘ആർ.എസ്.എസിന് ഈ ചോദ്യങ്ങൾക്ക് മറുപടിയുണ്ടോ?’ തുറന്നപോരിന് കേജ്രിവാൾ

ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അരവിന്ദ് കേജ്രിവാൾ ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ തുറന്ന പോരിന് തയ്യാറെടുക്കുകയാണ്.

News Desk

മദ്യനയ ആരോപണക്കേസിൽ ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങി ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അരവിന്ദ് കേജ്രിവാൾ ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ പോർമുഖം തുറക്കുകയാണ്. കേസിൽ അറസ്റ്റിലായി തീഹാർ ജയിലിൽ കഴിയുമ്പോഴും കേജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നില്ല. പുറത്തിറങ്ങിയ ശേഷമാണ് സ്ഥാനം രാജിവെക്കുകയും അതിഷി മർലേനാ സിങ്ങിനെ തൻെറ പിൻഗാമിയായി പ്രഖ്യാപിക്കുകയും ചെയ്തത്. ആം ആദ്മി പാർട്ടിയുടെ അപ്രതീക്ഷിത നീക്കം ഡൽഹി രാഷ്ട്രീയത്തിൽ ചർച്ചയാകുമ്പോൾ രാഷ്ട്രീയ ചോദ്യങ്ങളുയർത്തി ആർ.എസ്.എസിനെയും ബി.ജെ.പിയേയും പ്രതിരോധത്തിലാക്കുകയാണ് കേജ്രിവാൾ.

ആർ.എസ്.എസ് ഉത്തരം പറയേണ്ട 5 ചോദ്യങ്ങളാണ് മോഹൻ ഭഗവതിനോട് ചോദിച്ചിരിക്കുന്നത്. നരേന്ദ്ര മോദിയും അമിത് ഷായുമാണ് കേജ്രിവാളിൻെറ ഉന്നം. ബി.ജെ.പിയിലെ പ്രായപരിധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആർ.എസ്.എസിന്റെ നിലപാട് എന്താണെന്ന് ചോദിച്ച കേജ്രിവാൾ 75 വയസ് എന്ന വിരമിക്കൽ മാനദണ്ഡത്തിൽ നിന്ന് മോദിയെ ഒഴിവാക്കിയോ എന്നാണ് ചോദിക്കുന്നത്. “75 വയസ്സ് തികയുന്നവർ രാഷ്ട്രീയത്തിൽ വിരമിക്കണമെന്നാണല്ലോ ബി.ജെ.പിയുടെ നയം. എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ബി.സി. ഖണ്ഡൂരി, കൽരാജ് മിശ്ര, ശാന്ത കുമാർ എന്നിവർ പ്രായപരിധി കഴിഞ്ഞപ്പോൾ വിരമിച്ചു. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ നിയമം ബാധകമല്ലെന്നാണ് അമിത് ഷാ പറയുന്നത്. അദ്വാനിക്ക് ബാധകമാക്കിയ നിയമം നരേന്ദ്ര മോദിക്ക് ബാധകമല്ലെന്ന് മോഹൻ ഭഗവത് സമ്മതിക്കുന്നുണ്ടോ?” - കേജ്രിവാൾ ചോദിച്ചു.

രാഷ്ട്രീയ ചോദ്യങ്ങളുയർത്തി ആർ.എസ്.എസിനെയും ബി.ജെ.പിയേയും പ്രതിരോധത്തിലാക്കുകയാണ് കേജ്രിവാൾ
രാഷ്ട്രീയ ചോദ്യങ്ങളുയർത്തി ആർ.എസ്.എസിനെയും ബി.ജെ.പിയേയും പ്രതിരോധത്തിലാക്കുകയാണ് കേജ്രിവാൾ

രാജ്യത്തെ ഏത് അഴിമതിക്കാരെയും പാർട്ടിയിൽ ഉൾപ്പെടുത്തുന്ന നയമാണ് ബി.ജെ.പി സ്വീകരിക്കുന്നത്. ഇതിനോട് ആർ.എസ്.എസിന് യോജിപ്പുണ്ടോയെന്നും കേജ്രിവാൾ ചോദിച്ചു. 1950 സെപ്തംബർ 17-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനിച്ചത്. 2025 സെപ്തംബറിൽ അദ്ദേഹത്തിന് 75 വയസ്സ് പൂർത്തിയാകും. 2024-ലെ പാർലമെന്റ് തെരഞ്ഞടുപ്പിന്റെ പ്രചാരണ ഘട്ടത്തിലും മോദിയുടെ വിരമിക്കലിനെക്കുറിച്ച് കേജ്രിവാൾ ചോദിച്ചിരുന്നു. ബി.ജെ.പിയിലെ അധികാരകേന്ദ്രം നരേന്ദ്രമോദിയിലും അമിത് ഷായിലും ചുറ്റിക്കറങ്ങുകയാണ്. മോദിക്ക് 75 വയസാകുമ്പോൾ അമിത് ഷായെ പ്രധാനമന്ത്രിയാക്കുമോ എന്നായിരുന്നു അന്നും കേജ്രിവാളിൻെറ ചോദ്യം.

ആം ആദ്മി പാർട്ടിയെ ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെയും മനീഷ് സിസോദിയയെും അഴിമതിക്കാരാണെന്ന് ചിത്രീകരിക്കുകയാണ്. തങ്ങൾക്കെതിരായത് വ്യാജക്കേസാണെന്ന് കോടതിക്ക് പോലും ബോധ്യമായിട്ടുണ്ട്. അതിനാലാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നതെന്നും കേജ്രിവാൾ പറഞ്ഞു.

Comments