Photo: AAP via twitter

കെജ്രിവാൾ സ്റ്റാർ കാമ്പയിനറാകുമ്പോൾ
എന്തു സംഭവിക്കും?

മെയ് 13ന് നടക്കുന്ന നാലാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം തീരുന്ന ഇന്ന് നടക്കുന്ന കെജ്രിവാളിന്റെ ആദ്യ റോഡ് ഷോ, 'ഇന്ത്യ' മുന്നണിയുടെ കൊട്ടിക്കലാശം കൂടിയാകും.

Election Desk

ൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ റോഡ് ഷോ ഇന്ന്. മെയ് 13ന് നടക്കുന്ന നാലാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം തീരുന്ന ഇന്ന് നടക്കുന്ന കെജ്രിവാളിന്റെ ആദ്യ റോഡ് ഷോ, 'ഇന്ത്യ' മുന്നണിയുടെ കൊട്ടിക്കലാശം കൂടിയാകും. അതുകൊണ്ട്, റോഡ് ഷോ തന്നെ അതിഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് ആംആദ്മി പാർട്ടി.

സൗത്ത് ഡൽഹിയിൽ വൈകീട്ട് നടക്കുന്ന റോഡ് ഷോയിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അടക്കമുള്ള ആപ്പ് നേതാക്കളും 'ഇന്ത്യ' മുന്നണി നേതാക്കളും പങ്കെടുക്കും. ജൂൺ ഒന്നിന് അവസാനിക്കുന്ന അടുത്ത നാലു ഘട്ടങ്ങളിലെയും കാമ്പയിനിൽ സജീവമാകാൻ കെജ്‌രിവാളിനാകും. 'ഇന്ത്യ' മുന്നണിക്കായി രാജ്യം മുഴുവൻ സഞ്ചരിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി.

നാലാം ഘട്ടത്തിൽ പത്ത് സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്-25, തെലങ്കാന-17, യു.പി-13, മഹാരാഷ്ട്ര-11, മധ്യപ്രദേശ്-8, പശ്ചിമ ബംഗാൾ-8, ബിഹാർ-5, ജാർക്കണ്ഡ്-5, ഒഡിഷ-4, ജമ്മു കാശ്മീർ-1 വീതം സീറ്റുകളിലാണ് നാലാം ഘട്ട വോട്ടെടുപ്പ്. യു.പിയിൽ അഖിലേഷ് യാദവ്, ബംഗാളിൽ മഹുവ മൊയ്ത്ര, അമൃത റോയ്, യൂസഫ് പത്താൻ, അധിർ രഞ്ജൻ ചൗധരി, നിർമൽ കുമാർ, ശത്രുഘ്‌നൻ സിൻഹ, ബിഹാറിൽ ഗിരിരാജ് സിങ്, ആന്ധ്രപ്രദേശിൽ വൈ.എസ്. ശർമിള, ജാർക്കണ്ഡിൽ അർജുൻ മുണ്ഡെ, തെലങ്കാനയിൽ മാധവി ലത, അസദുദ്ദീൻ ഒവൈസി, ബാൻഡി സഞ്ജയ് കുമാർ എന്നിവരാണ് നാലാം ഘട്ടത്തിലെ പ്രമുഖ സ്ഥാനാർഥികൾ.

ഇന്ത്യ മുന്നണിയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയും ബിഹാറും യു.പിയും. 'ഇന്ത്യ' സഖ്യം ഇല്ലെങ്കിലും ബി.ജെ.പിക്കെതിരായ മത്സരത്തിൽ പശ്ചിമബംഗാളും നിർണായകമാണ്. അതുകൊണ്ടുതന്നെ കെജ്‌രിവാളിനെ മുൻനിർത്തിയുള്ള കാമ്പയിൻ ഇന്ത്യ സഖ്യത്തിന് പുതിയ ഊർജം പകരുമെന്നാണ് പ്രതീക്ഷ.

ജയിലില്‍ നിന്നിറങ്ങിയ കെജ്രിവാള്‍ അമ്മയെ കാണുന്നു

മെയ് 13-ലെ നാലാം ഘട്ടം കഴിഞ്ഞാൽ മൂന്നു ഘട്ടങ്ങളാണ് ബാക്കിയുള്ളത്. മെയ് 20നു നടക്കുന്ന അഞ്ചാം ഘട്ടത്തിലും 25ന് നടക്കുന്ന ആറാം ഘട്ടത്തിലും ജൂൺ ഒന്നിന് നടക്കുന്ന ഏഴാം ഘട്ടത്തിലും കാമ്പയിനിൽ കെജ്‌രിവാളിന് സജീവമായി പങ്കെടുക്കാം. ജാമ്യം കഴിഞ്ഞ് ജൂൺ രണ്ടിനാണ് അദ്ദേഹത്തിന് ജയിലിലേക്ക് മടങ്ങേണ്ടത്. ഈ ഘട്ടങ്ങളിൽ ആപ് മത്സരിക്കുന്ന 22-ൽ 18 സീറ്റിലെയും കാമ്പയിന് അദ്ദേഹം നേതൃത്വം നൽകും.

ആദ്യ ഘട്ട വോട്ടെടുപ്പിൽ ആസാമിൽ രണ്ടിടത്ത് ആപ് മത്സരിച്ചിരുന്നു. മൂന്നാം ഘട്ടത്തിൽ ഗുജറാത്തിൽ രണ്ടിടത്തും. ഇവിടെയൊന്നും കെജ്‌രിവാളിന് എത്താനായില്ല. എന്നാൽ, ശക്തികേന്ദ്രമായ ഡൽഹിയിൽ ആപ് മത്സരിക്കുന്ന നാലിടത്തും സഖ്യകക്ഷിയായി കോൺഗ്രസ് മത്സരിക്കുന്ന മൂന്നിടത്തും ഇളക്കിമറിക്കാൻ കെജ്‌രിവാളിനാകും.

ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിൽ മെയ് 25-നാണ് വോട്ടെടുപ്പ്. കെജ്‌രിവാൾ അഴികൾക്കുള്ളിൽ നിൽക്കുന്ന പടവുമായാണ് ഇതുവരെ ആപ് ഡൽഹിയിൽകാമ്പയിൻ നടത്തിയിരുന്നത്.

2014-ലും 2019-ലും ഏഴ് സീറ്റും നേടിയ ബി.ജെ.പിക്ക് ഡൽഹിയിൽ ഇത്തവണ വലിയ വെല്ലുവിളിയുണ്ട്, പ്രത്യേകിച്ച് ആപ് മത്സരിക്കുന്ന ന്യൂഡൽഹി, ഈസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി എന്നിവിടങ്ങളിൽ.

ബി.ജെ.പിയെ നേരിടാൻ അതേ തന്ത്രങ്ങളും ആപ്പ് പയറ്റുന്നുണ്ട്. കോണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രദർശനം നടത്തിയാണ് കെജ്‌രിവാൾ റോഡ് ഷോ തുടങ്ങുക. ഏപ്രിൽ 17ന് രാമനവമി ദിനത്തിലാണ് പാർട്ടി പ്രകടനപത്രിക പുറത്തിറക്കിയത്. 'ആപ് കാ രാമരാജ്യം' എന്ന വാഗ്ദാനമാണ് പാർട്ടി മുന്നോട്ടുവക്കുന്നത്. ഗോഡ്‌സേയുടെ രാമനിൽനിന്ന് മഹാത്മാഗാന്ധിയുടെ രാമനെ വേറിട്ടുനിർത്തിയാണ് കാമ്പയിൻ.

കെജ്‌രിവാളിന്റെ അറസ്റ്റുശേഷം പങ്കാളിയായ സുനിതയുടെ നേതൃത്വത്തിൽ നടന്ന വൈകാരികമായ കാമ്പയിൻ ജനങ്ങൾക്കിടയിൽ വലിയ പ്രതികരണമുണ്ടാക്കിയിട്ടുണ്ട്. 'ജയിലിനെതിരെ വോട്ടു കൊണ്ട് യുദ്ധം ചെയ്യും' എന്ന മുദ്രാവാക്യം ദിവസങ്ങൾക്കകം ജനപ്രീതി നേടി. പാർട്ടിയുടെ കാമ്പയിൻ ഗാനത്തിനുനേരെയുണ്ടായ ബി.ജെ.പി പ്രതികരണം, ഈ ജനപ്രീതിയുണ്ടാക്കിയ ആശങ്കയാണ് പ്രകടമാക്കിയത്. ആപ്പ് സർക്കാറിന്റെ വെൽഫെയർ പദ്ധതികളും സംസ്ഥാനത്തിനെതിരായ കേന്ദ്ര സർക്കാറിന്റെ കടന്നാക്രമണങ്ങളും സംസ്ഥാന ഭരണകൂടത്തിന്റെ അധികാരം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുമെല്ലാം ആപ് കാമ്പയിനിൽ ഉയർത്തുന്നുണ്ട്.

നോർത്ത് വെസ്റ്റ് ഡൽഹി, നോർത്ത് ഈസ്റ്റ് ഡൽഹി, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലവ് ലി രാജിവച്ച് ബി.ജെ.പിയിൽ ചേർന്നത് പാർട്ടിക്ക് തിരിച്ചടിയായെങ്കിലും കെജ്‌രിവാളിനെ മുൻനിർത്തി ഈ നഷ്ടം നികത്താനുള്ള തയാറെടുപ്പിലാണ് കോൺഗ്രസ്. ആപ്പും കോൺഗ്രസും സംയുക്തറാലികൾ നടത്തിയാണ് കാമ്പയിനുമായി മുന്നോട്ടുപോകുന്നത്.

കോൺഗ്രസുമായുള്ള സഖ്യം ആപ്പ് മത്സരിക്കുന്നിടങ്ങളിൽ ആപ്പിന് ഗുണകരമാകുമെങ്കിലും, കോൺഗ്രസിന് ഇത് എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യം ഇപ്പോഴും ഉറപ്പില്ല. പലയിടത്തും കോൺഗ്രസ് സ്ഥാനാർഥികൾ പ്രദേശികതലങ്ങളിൽ എതിർപ്പ് നേരിടുന്നുണ്ട്. അരവിന്ദർ സിങ് ലവ് ലിയുടെ രാജിക്ക് ഇതും ഒരു കാരണമാണ്. കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ കാമ്പയിൻ അത്ര ശക്തവുമല്ല. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ കനയ്യ കുമാറിന്റെ സ്ഥാനാർഥിത്വത്തെ എതിർത്തായിരുന്നു ലവ്‌ലിയുടെ രാജി. ബി.ജെ.പിയുടെ സിറ്റിങ് എം.പി മനോജ് തിവാരിക്കെതിരെയാണ് കനയ്യ കുമാർ മത്സരിക്കുന്നത്. 2019-ൽ ബിഹാറിലെ ബഗുസറായിയിൽനിന്ന് തോറ്റയാളാണ് കനയ്യ. 2019-ൽ മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെയാണ് മനോജ് തിവാരി തോൽപ്പിച്ചത്.

ആപ്പിന്റെ മറ്റൊരു ശക്തികേന്ദ്രമായ പഞ്ചാബിൽ കെജ്‌രിവാളിന്റെ അസാന്നിധ്യത്തിൽ ആപ് കാമ്പയിൻ മെല്ലെപ്പോക്കിലാണ്. പാർട്ടി 13 സീറ്റിലാണ് മത്സരിക്കുന്നത്. ഇവിടെ കോൺഗ്രസാണ് മുഖ്യ എതിരാളി. പഞ്ചാബിലേക്കുകൂടി കെജ്‌രിവാൾ എത്തുന്നതോടെ സംസ്ഥാനത്തും ആപ്് കാമ്പയിൻ ശക്തി പ്രാപിക്കും. ജൂൺ ഒന്നിനാണ് പഞ്ചാബിൽ വോട്ടെടുപ്പ്.

കെജ്‌രിവാളിന്റെ അഭാവത്തിൽ പങ്കാളി സുനിതയാണ് ഡൽഹി, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ആപ് കാമ്പയിന് നേതൃത്വം നൽകിയത്.

Comments