‘‘ദൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഒരു ജുഗൽബന്ദിക്ക് സാക്ഷ്യം വഹിക്കുകയാണ്. ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള ഈ ദീർഘകാല ജുഗൽബന്ദിയെ, ദൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തുറന്നുകാട്ടുകയാണ്''- ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റേതാണ് പ്രസ്താവന.
‘ഇന്ത്യ' മുന്നണിയുടെ സഖ്യകക്ഷിയായ അതേ പാർട്ടിയുടെ അതേ നേതാവിന്റെ പ്രസ്താവന തന്നെ.
ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിനോടുബന്ധിച്ചുള്ള ആന്റി ക്ലൈമാക്‌സ് നേരത്തെ തുടങ്ങിയെന്നർഥം. ഒരേ മുന്നണിയിലുള്ള രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളും തമ്മിൽ നേരിട്ടുള്ള യുദ്ധമെന്ന പ്രത്യേകതയുമുണ്ട്. ഇതിനിടയിലൂടെ, കാര്യമായ പണിയെടുക്കാതെ സുഖമായി ജയിച്ചുകയറാമെന്ന ശുഭപ്രതീക്ഷയിലാണ് ബി.ജെ.പി.
രാഹുൽ- കെജ്രിവാൾ യുദ്ധം
പ്രകോപനമൊന്നുമില്ലാതെ രാഹുൽ ഗാന്ധിയാണ് കെജ്‌രിവാളിനെതിരെ അപ്രതീക്ഷിത വെടിയുതിർത്തത്: ‘‘വ്യാജ വാഗ്ദാനങ്ങൾ നൽകുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കെജ്‌രിവാളും ഒരേ പോലെയാണ്. തലസ്ഥാനത്തെ പാരീസ് പോലെയാക്കുമെന്നു പറഞ്ഞ് ക്ലീൻ ഡൽഹി കാമ്പയിൻ നടത്തിയ ആളാണ് കെജ്‌രിവാൾ. എന്നിട്ട്, മലിനീകരണം ഏറ്റവും രൂക്ഷമായ സ്ഥലമല്ലേ ദൽഹി? അഴിമതിയും വിലക്കയറ്റവും ആകാശം മുട്ടെ വളർന്നിരിക്കുന്നു. ദരിദ്രർ കൂടുതൽ ദരിദ്രരാകുന്നു. അദാനിയെക്കുറിച്ച് ഒരക്ഷരം കെജ്‌രിവാൾ മിണ്ടിയിട്ടുണ്ടോ?. പിന്നാക്കക്കാരുടെ സംവരണത്തെക്കുറിച്ചും ജാതി സെൻസസിനെക്കുറിച്ചും നിങ്ങൾ കെജ്‌രിവാൾജിയോട് ചോദിച്ചുനോക്കൂ. ഇതേക്കുറിച്ച് ഒരക്ഷരം പോലും മോദിയിൽനിന്നും കെജ്‌രിവാളിൽനിന്നും എനിക്ക് കേൾക്കാനായിട്ടില്ല''.

ഈ രൂക്ഷമായ ആക്രമണത്തിന് അതേ ഭാഷയിലല്ലെങ്കിലും മിതമായി മറുപടി പറഞ്ഞു, കെജ്‌രിവാൾ: ‘‘രാഹുൽ ഗാന്ധി ദൽഹിയിൽ വന്ന് എന്നെ ഏറെ ആക്ഷേപിച്ചു. ഞാൻ അദ്ദേഹത്തിന്റെ പരാമർശങ്ങൾക്ക് മറുപടി പറയുന്നില്ല. അദ്ദേഹത്തിന് സ്വന്തം പാർട്ടിയെ രക്ഷിച്ചെടുക്കുക എന്ന ഏക അജണ്ടയാണുള്ളത്, എന്നാൽ എനിക്ക് രാജ്യത്തെ രക്ഷിക്കുകയാണ് ലക്ഷ്യം''.
ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ആം ആദ്മി പാർട്ടി അടക്കമുള്ള സഖ്യകക്ഷികളും പലയിടത്തും ഒറ്റയ്ക്ക് മത്സരിച്ചിട്ടുണ്ടെങ്കിലും ശത്രുപക്ഷത്തുനിന്ന് പോരാടുന്നത് ആദ്യമായാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദൽഹിയിൽരാഹുലും കെജ്‌രിവാളും തമ്മിലുണ്ടായിരുന്ന തൊലിപ്പുറ സഖ്യം, ഇരു പാർട്ടികളുടെയും അണികളിലേക്ക് വ്യാപിച്ചിരുന്നില്ലെന്നു മാത്രമല്ല, കോൺഗ്രസ് ദൽഹി ഘടകം ആം ആദ്മിയുമായുള്ള സഖ്യത്തിന് എതിരുമായിരുന്നു. ദീർഘകാലം ദൽഹി ഒറ്റക്കു ഭരിച്ച പാർട്ടിയെന്ന ‘ആത്മാഭിമാന'ത്തിൽനിന്ന് മുക്തമാകാനോ ആം ആദ്മി പാർട്ടിയെപ്പോലൊരു ‘പ്രാദേശിക’ പാർട്ടിയെ വകവെച്ചുകൊടുക്കാനോ ദൽഹി കോൺഗ്രസ് ഘടകത്തിന് ഇതുവരെയായിട്ടില്ല. എങ്കിലും രാഹുലും കെജ്‌രിവാളും തോളിൽ കൈയിട്ടുനിന്ന് ഈ എതിർപ്പിനെ മറികടന്നുപോന്നു.
ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് തുറന്ന പിന്തുണയുമായി തൃണമൂൽ കോൺഗ്രസും ഉദ്ധവ് താക്കറേയുടെ ശിവസേനയും സമാജ്‌വാദി പാർട്ടിയും ശരത് പവാറിന്റെ എൻ.സി.പിയും രംഗത്തുവന്നത് കോൺഗ്രസിന് വൻ തിരിച്ചടിയാണ്.
എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് സമയമായപ്പോൾ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയാത്ത പാർട്ടിയായിട്ടും കോൺഗ്രസിൽ പഴയ ആത്മാഭിമാനം ഉണർന്നെണീറ്റു. കെജ്‌രിവാൾ സർക്കാറിന്റെ ക്ഷേമപദ്ധതികളും വാഗ്ദാനങ്ങളും വ്യാജമാണെന്ന ബി.ജെ.പിയുടെ അതേ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി.
‘ഇന്ത്യ' മുന്നണിയിൽനിന്ന് കോൺഗ്രസിനെ പുറത്താക്കുന്നതിനെക്കുറിച്ച് മറ്റു സഖ്യ കക്ഷികളുമായി ആലോചിക്കുമെന്നുപറഞ്ഞാണ് ആം ആദ്മി പാർട്ടി തിരിച്ചടിച്ചത്. ഇതോടെ, നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് തുറന്ന പിന്തുണയുമായി തൃണമൂൽ കോൺഗ്രസും ഉദ്ധവ് താക്കറേയുടെ ശിവസേനയും സമാജ്‌വാദി പാർട്ടിയും ശരത് പവാറിന്റെ എൻ.സി.പിയും രംഗത്തുവന്നു. ഇത് കോൺഗ്രസിന് വൻ തിരിച്ചടിയായി. അതായത്, കോൺഗ്രസില്ലാത്ത ഒരു ‘ഇന്ത്യ’ മുന്നണിയാണ് ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടുന്നത്. സ്വന്തം മുന്നണിയിലെ ഈ അന്തർനാടകങ്ങളായിരിക്കണം രാഹുലിനെ പ്രകോപിപ്പിച്ചത്.

ദൽഹി കേന്ദ്രമാക്കി ബി.ജെ.പിക്കെതിരായ ‘ഇന്ത്യ' മുന്നണിയുടെ പോർനിലം ഒരുക്കിയവരിൽ പ്രധാനികളാണ് രാഹുലും കെജ്‌രിവാളും. അതുകൊണ്ടുതന്നെ മോദി സർക്കാറിന്റെ പ്രധാന ടാർഗറ്റും ഈ നേതാക്കളായിരുന്നു. രാഹുലിനെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയപ്പോൾ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത് കെജ്‌രിവാളായിരുന്നു. അതുപോലെ, കെജ്‌രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ പിന്തുണയുമായി എത്തി. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും മുന്നണിയുടെ ഭാഗമായാണ് മത്സരിച്ചതെങ്കിലും രാഹുലും കെജ്‌രിവാളും ഒന്നിച്ച് ഒരു കാമ്പയിനിൽ പോലും പങ്കെടുത്തില്ല. എങ്കിലും, താൻ ആദ്യമായി ന്യൂദൽഹിയിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിക്ക് വോട്ടു ചെയ്യാൻ പോകുന്നു എന്ന രാഹുലിന്റെയും താൻ ആദ്യമായി ചാന്ദ്‌നി ചൗക്കിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ടു ചെയ്യാൻ പോകുന്നുവെന്ന കെജ്‌രിവാളിന്റെയും പ്രഖ്യാപനങ്ങൾ ഐക്യത്തിന്റെ ശക്തമായ സൂചനയായി നിലനിന്നു.
സംസ്ഥാന പദവിയെന്ന നിലയ്ക്ക് ദൽഹിക്കുള്ള പരിമിതമായ അധികാരത്തെയും അവകാശങ്ങളെയും നിയന്ത്രിക്കാനുള്ള ഒന്നായി ദേശീയ തലസ്ഥാനമെന്ന പദവിയെ ദുരുപയോഗപ്പെടുത്തുകയാണ് മോദി സർക്കാർ ചെയ്തത്.
പൂത്തുലയുന്ന
ബി.ജെ.പി സ്വപ്നങ്ങൾ
ഫലത്തിൽ രാഹുൽ- കെജ്രിവാൾ യുദ്ധം ബി.ജെ.പിക്ക് നൽകുന്ന പ്രത്യാശ ചെറുതല്ല. കോൺഗ്രസ് ഒരു പാർട്ടിയെന്ന നിലയ്ക്ക് ദൽഹിയിൽ നാമമാത്ര സാന്നിധ്യം പോലുമല്ലെങ്കിലും രാഹുലിന്റെ പ്രതിപക്ഷനേതാവ് എന്ന നിലയ്ക്കുള്ള പ്രാധാന്യവും ‘ഇന്ത്യ' മുന്നണിയെ നയിക്കുന്ന പാർട്ടിയെന്ന നിലയ്ക്കുള്ള കോൺഗ്രസിന്റെ സാന്നിധ്യവും ബി.ജെ.പിയാണ് മുതലെടുക്കുക. അത്, ഒരു തെരഞ്ഞെടുപ്പുജയസാധ്യത വരെ ബി.ജെ.പിക്ക് നേടിക്കൊടുക്കുന്നുമുണ്ട്. യഥാർഥത്തിൽ, ദൽഹിയെ ഭരണപരമായും വികസനത്തിന്റെ കാര്യത്തിലും വരിഞ്ഞുമുറുക്കുകയാണ് മോദി സർക്കാർ ചെയ്തത്. സംസ്ഥാന പദവിയെന്ന നിലയ്ക്ക് ദൽഹിക്കുള്ള പരിമിതമായ അധികാരത്തെയും അവകാശങ്ങളെയും നിയന്ത്രിക്കാനുള്ള ഒന്നായി ദേശീയ തലസ്ഥാനമെന്ന പദവിയെ ദുരുപയോഗപ്പെടുത്തുകയാണ് മോദി സർക്കാർ ചെയ്തത്.
ദൽഹിയുടെ ഭരണാധികാരം തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറിനാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് 2023-ൽ വിധിച്ചിട്ടുണ്ട്. ഭരണഘടനയുശട 239 എ.എ അനുച്‌ഛേദപ്രകാരം ആർക്കാണ് ഡൽഹിയിലെ ഭരണപരമായ അവകാശം എന്ന വിഷയമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പരിശോധിച്ചത്. ഭൂമി, പൊലീസ്, പൊതുക്രമം എന്നിവ ഒഴികെയുള്ള എല്ലാ വിഷയത്തിലും സംസ്ഥാന സർക്കാറിന് നിയമനിർമാണത്തിന് അധികാരമുണ്ട്.

മാത്രമല്ല, ലഫ്റ്റനന്റ് ഗവർണർ സർക്കാറിന്റെ ഉപദേശം പാലിക്കാൻ ബാധ്യസ്ഥനാണെന്ന് 2018-ൽ മറ്റൊരു ഭരണഘടനാ ബെഞ്ചിന്റെ വിധിയുമുണ്ട്. എന്നാൽ, ഈ വിധികളെ നോക്കുകുത്തിയാക്കിയാണ്, ലഫ്. ഗവർണറിലൂടെ കേന്ദ്രം ദൈനംദിന ഭരണകാര്യങ്ങളിൽ പോലും അധികാരം സ്ഥാപിച്ചെടുത്തത്. ആദ്യ കെജ്രിവാൾ സർക്കാറിന് കേന്ദ്രത്തിന്റെ ഈ ആക്രമണത്തെ ജനങ്ങൾക്കുമുന്നിൽ വിശദീകരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ സർക്കാർ, അതിന്റെ തന്നെ ചതിക്കുഴികളിൽ വീണ്, പ്രതിരോധ സാധ്യതകൾ ഇല്ലാതാക്കി. അതുകൊണ്ടുതന്നെ മോദി സർക്കാറിനും ബി.ജെ.പിക്കും എതിരായി ആപ്പിന്റെ ആവനാഴിയിൽ വിശ്വസനീയമായ ആയുധങ്ങളില്ലാതായിക്കഴിഞ്ഞിട്ടുണ്ട്, ഇപ്പോൾ.
ചാഞ്ചാട്ട വോട്ടുകളുടെ
സൂചനകൾ
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ സ്റ്റാറ്റിസ്റ്റിക്‌സ് ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില നിർണായക സൂചനകൾ നൽകുന്നുണ്ട്.
2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 52 നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പിയായിരുന്നു മുന്നിൽ. ആപ്പ് പത്തിടത്തും കോൺഗ്രസ് എട്ടിടത്തുമാണ് ലീഡ് നേടിയത്.
ആം ആദ്മി പാർട്ടി വൻ വിജയം നേടിയ 2015, 2020 തെരഞ്ഞെടുപ്പുകളുടെ സാഹചര്യമല്ല ഇത്തവണ. മത്സരരംഗം കൂടുതൽ കടുപ്പമേറിയതായി. 2020-ൽ 70-ൽ 62 സീറ്റ് നേടിയാണ് ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. ഇതിൽ, 13 സീറ്റുകളിൽ അഞ്ച് ശതമാനത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. അതായത്, കടുത്ത മത്സരം നടക്കുന്ന സീറ്റുകളുടെ എണ്ണം കൂടിവരികയാണ്.
വിവിധ വിഭാഗം വോട്ടുകളിൽ ചാഞ്ചാട്ട വോട്ടുകൾ (Swing Vote) നിർണായകമാണ്. അപ്പർ കാസ്റ്റ് വോട്ടുകളിൽ 30 ശതമാനമാണ് ചാഞ്ചാട്ട വോട്ടുകൾ. 2020-ൽ ബി.ജെ.പിക്ക് ഈ വിഭാഗത്തിന്റെ 54 ശതമാനം വോട്ട് നേടാനായി, ആപ്പിന് 41 ശതമാനവും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആപ്പിന് 29 ശതമാനം അപ്പർ കാസ്റ്റ് വോട്ടാണ് കിട്ടിയത്, ബി.ജെ.പിക്ക് 18 ശതമാനവും.
ഒ.ബി.സി വോട്ടുകളിൽ 25- 30 ശതമാനമാണ് ചാഞ്ചാട്ട വോട്ടുകൾ. 2020-ൽ 49 ശതമാനം ഒ.ബി.സി വോട്ടാണ് ആപ്പിന് ലഭിച്ചത്. ബി.ജെ.പിക്കാകട്ടെ, 50 ശതമാനവും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആപ്പിന് ലഭിച്ച ഒ.ബി.സി വോട്ടുകളിൽ 29 ശതമാനവും ബി.ജെ.പിയിലേക്കു പോയി.
ദലിത് വോട്ടുകളിൽ 45-50 ശതമാനം ചാഞ്ചാട്ട വോട്ടാണ്. 2020-ൽ ബി.ജെ.പിക്ക് ഇതിൽ 25 ശതമാനം വോട്ടാണ് ലഭിച്ചത്. ആപ്പിന് 69 ശതമാനവും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആപ്പിന്റെ കൈവശമുണ്ടായിരുന്ന ദലിത് വോട്ടുകളുടെ 41 ശതമാനവും ബി.ജെ.പി സ്വന്തമാക്കി.
ആപ്പിന് ഇപ്പോഴും സ്വാധീനമുള്ള അസംഘടിതമേഖലയിലുള്ളവർ താമസിക്കുന്ന 674 ചേരികളിലും 1700- ഓളം കോളനികളിലും, പാർട്ടി പ്രഖ്യാപിച്ച ആരോഗ്യ- വിദ്യാഭ്യാസ- ദാരിദ്ര്യനിർമാർജന പരിപാടികൾ ഫലപ്രാപ്തിയിലെത്തിക്കാനായിട്ടില്ല എന്നത് തിരിച്ചടിയാണ്.
മുസ്‌ലിം വോട്ടുകളിൽ 55- 60 ശതമാനമാണ് ചാഞ്ചാട്ട വോട്ടുകൾ. 2020-ൽ ബി.ജെ.പിക്ക് ഇതിൽ മൂന്നു ശതമാനം മാത്രമാണ് കിട്ടിയത്, ആപ്പിന് 83 ശതമാനവും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആപ്പിന്റെ 34 ശതമാനം മുസ്‌ലിം വോട്ടും ബി.ജെ.പി പിടിച്ചെടുത്തു.
1993-നുശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടുന്ന ഏറ്റവും കൂടിയ വോട്ട് ശതമാനമായിരുന്നു, 2020-ലേത്; 38.5 ശതമാനം. എന്നാൽ, ഇത് 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയ 56 ശതമാനത്തേക്കാൾ ഏറെ താഴെയുമായിരുന്നു. അതായത്, ലോകസ്ഭാ തെരഞ്ഞെടുപ്പിലെ സ്റ്റാറ്റിസ്റ്റിക്‌സ് പൂർണമായും തോറ്റുപോകുന്ന ഇടമാണ് ദൽഹി.
2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയാണ് ആകെയുള്ള ഏഴ് സീറ്റുകളിലും ജയിച്ചുവരുന്നത്. 2009-ൽ കോൺഗ്രസിനായിരുന്നു എഴിടത്തും ജയം. നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുന്ന ആം ആദ്മി പാർട്ടിക്ക്, ഇതുവരെ ഒരൊറ്റ ലോക്‌സഭാ സീറ്റിലും ജയം നേടാനായിട്ടില്ലെന്ന വൈചിത്ര്യം കൂടിയുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേൺ നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കില്ലെങ്കിലും, വിവിധ വിഭാഗങ്ങളുടെ വോട്ടിങിൽ വരുന്ന നേരിയ വ്യതിയാനം പോലും ഇത്തവണ ഫലത്തിൽ നിർണായക അട്ടിമറികളുണ്ടാക്കിയേക്കാമെന്നാണ് തെരഞ്ഞെടുപ്പു നിരീക്ഷകരുടെ പക്ഷം.
ചേരികളിലെ വോട്ടുകൾ
ആർക്ക്?
ആപ്പിന് ഇപ്പോഴും സ്വാധീനമുള്ള അസംഘടിതമേഖലയിലുള്ളവർ താമസിക്കുന്ന 674 ചേരികളിലും 1700- ഓളം കോളനികളിലും, പാർട്ടി പ്രഖ്യാപിച്ച ആരോഗ്യ- വിദ്യാഭ്യാസ- ദാരിദ്ര്യനിർമാർജന പരിപാടികൾ ഫലപ്രാപ്തിയിലെത്തിക്കാനായിട്ടില്ല എന്നതും തിരിച്ചടിയാണ്. ദൽഹിയിലെ വോട്ടർമാരുടെ 10 ശതമാനമാണ്, 15 ലക്ഷം പേർ, ഈ മേഖലയിൽ ജീവിക്കുന്നത്. ഈ മനുഷ്യരെ മുൻനിർത്തിയാണ് കെജ്രിവാളും രാഹുലും ബി.ജെ.പിയും കൊമ്പു കോർക്കുന്നത്. നിയമവിരുദ്ധ നിർമാണങ്ങളുടെ പേരിൽ ഇവർക്കെതിരെയുള്ള കേസുകൾ ആദ്യം പിൻവലിക്കൂ എന്നാണ് കെജ്‌രിവാൾ കേന്ദ്രമന്ത്രി അമിത് ഷായോട് ആവശ്യപ്പെടുന്നത്. കുടിയിറക്കപ്പെടുന്നവർക്ക് 24 മണിക്കൂറിനകം പുനരധിവാസം എന്ന അമിത് ഷായുടെ മോഹന വാഗ്ദാനത്തിനുള്ള മറുപടിയായിരുന്നു കെജ്‌രിവാളിന്റേത്.
രാഹുലാകട്ടെ, മാലിന്യം നിറഞ്ഞ വടക്കുപടിഞ്ഞാറൻ ദൽഹി സന്ദർശിച്ച് പടവുമെടുത്ത്, ‘ഇതാണ് കെജ്‌രിവാളിന്റെ തിളങ്ങുന്ന, പാരീസിന് സമാനമായ ദൽഹി' എന്ന് പരിഹസിച്ച് ട്വീറ്റും ചെയ്തു. മുസ്‌ലിം ഭൂരിപക്ഷ മേഖലയായ വടക്കുകിഴക്കൻ ദൽഹിയിലെ സീലാംപുരിൽനിന്ന് തന്റെ ആദ്യ റാലിക്ക് തുടക്കമിട്ടതുതന്നെ രാഹുലിന്റെ തന്ത്രപ്രധാന നീക്കമായിരുന്നു. ഡോ. ബി.ആർ. അംബേദ്കറെയും ഭരണഘടനയെയും ഉയർത്തിപ്പിടിച്ച്, കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കിലേക്കുള്ള തിരിച്ചുപോക്ക്. ആം ആദ്മിക്കാണ് ഇപ്പോൾ ഇവിടെ മുൻതൂക്കം.
ആം ആദ്മി പാർട്ടിയുടെ ക്ഷേമപദ്ധതികൾ താൽക്കാലിക ആശ്വാസമല്ലാതെ, ജനകീയ പ്രശ്‌നങ്ങളുടെ സ്ഥായിയായ പരിഹാരങ്ങളിലേക്കു നയിച്ചിട്ടില്ല എന്ന് കഴിഞ്ഞ പത്തു വർഷത്തെ ഭരണം തെളിയിച്ചു.
ശൂന്യമാണ് ആപ്പിന്റെ
അഴിമതിവിരുദ്ധ ആവനാഴി
അഴിമതി ആരോപണങ്ങളാണ് ആപ്പും കെജ്‌രിവാളും നേരിടുന്ന മറ്റൊരു പ്രതിസന്ധി. 2015-ൽ ആം ആദ്മി സർക്കാർ കൊണ്ടുവന്ന ക്ഷേമപരിപാടികളും കോൺഗ്രസിനും ബി.ജെ.പിക്കും അഴിമതിമുക്തമായ ബദൽ എന്ന പ്രതീതിയുമാണ് 2020-ൽ കെജ്‌രിവാളിന് 53.6 ശതമാനം വോട്ടു നേടാൻ സഹായിച്ചത്.
കഴിഞ്ഞ ലോക്‌സഭാ ഇലക്ഷൻ സമയത്ത് പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായി മോദി സർക്കാർ കെജ്‌രിവാളിനെതിരെ കടുത്ത നടപടികളെടുത്തുവെങ്കിലും അതിനെതിരെ ഉയർന്നുവന്ന പ്രതിഷേധത്തിന് ജനകീയ അടിത്തറയുണ്ടായിരുന്നില്ല. അത് 'ഇന്ത്യ' മുന്നണിയിലെ ചില പാർട്ടികളുടെ രാഷ്ട്രീയ കാമ്പയിനിൽ ഒതുങ്ങിനിന്നു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കമുള്ളവർ ജയിലിലടക്കപ്പെട്ടിട്ടും വലിയൊരു ജനകീയ രോഷമാക്കി അതിനെ മാറ്റാൻ ആപ്പിനായില്ല. മന്ത്രിമാരായ കൈലാഷ് ഗഹ്‌ലോട്ട്, രാജ് കുമാർ ആനന്ദ്, രാജേന്ദ്ര പാൽ ഗൗതം തുടങ്ങിയവർ പുറത്തുപോയത് അഴിമതി ആരോപണങ്ങളെതുടർന്നാണ്. മദ്യനയവുമായി ബന്ധപ്പെട്ട കേസിലെ ആരോപണങ്ങൾ പാർട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇത്തവണ, സംസ്ഥാനത്തെ സാഹചര്യം ആം ആദ്മിക്ക് അത്ര അനുകൂലമല്ല. കാരണം, രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളിൽ ചില വസ്തുതകളുമുണ്ട്. മലിനീകരണം, വിലക്കയറ്റം, ദാരിദ്ര്യവൽക്കരണം എന്നിവയുടെ കാര്യത്തിൽ ദൽഹിയിലെ ജനജീവിതം കൂടുതൽ പ്രതിസന്ധിയിലാണ്. ആം ആദ്മി പാർട്ടിയുടെ ക്ഷേമപദ്ധതികൾ താൽക്കാലിക ആശ്വാസമല്ലാതെ, ജനകീയ പ്രശ്‌നങ്ങളുടെ സ്ഥായിയായ പരിഹാരങ്ങളിലേക്കു നയിച്ചിട്ടില്ല എന്ന് കഴിഞ്ഞ പത്തു വർഷത്തെ ഭരണം തെളിയിച്ചു.
കാര്യമായ പണിയെടുക്കാതെ ബി.ജെ.പിക്ക് മുന്നേറാനുള്ള സാഹചര്യമൊരുക്കുകയാണോ ആപ്പും കോൺഗ്രസും? ദൽഹിയുടെ ഇതുവരെയുള്ള കാമ്പയിനിൽനിന്നുയരുന്ന ചോദ്യം ഇതാണ്.
2015 മുതൽ ദൽഹിയിൽ അധികാരത്തിലുള്ളത് ആം ആദ്മി പാർട്ടിയാണ്. ഇത്തവണ കൂടി ജയിച്ചാൽ ഹാട്രിക്. 27 വർഷമായി ബി.ജെ.പിക്ക് ഭരണം ലഭിച്ചിട്ട്. 1998 മുതൽ 2013 വരെ അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസിനാകട്ടെ, ഒരുതരത്തിലും തിരിച്ചുവരവിനുള്ള സാധ്യതയില്ല.
ഫെബ്രുവരി അഞ്ചിനാണ് 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ എട്ടിന്.