അധികാരമില്ലാത്ത കെജ്രിവാൾ,
ചില സാധ്യതകൾ

രാജ്യത്താകെ ഒരു ഘട്ടത്തിൽ അലയടിച്ചിരുന്ന ബദൽരാഷ്ട്രീയ സാധ്യതകളെ ഏകോപിപ്പിക്കാൻ, അധികാരമില്ലാത്ത കെജ്രിവാൾ മുന്നിട്ടിറങ്ങുമോ എന്നതാണ് ഇനി കാണാനുള്ളത്. അല്ലെങ്കിൽ സ്വന്തം അസ്തിത്വ പ്രതിസന്ധികളുടെ തടവറയിൽ കെജ്രിവാളും ആം ആദ്മിയും അകപ്പെട്ടു പോകുമോ എന്നും- തുഫൈൽ പി.ടി എഴുതുന്നു.

രവിന്ദ് കെജ്രിവാളിന്റെയും ആം ആദ്മി പാർട്ടിയുടെയും ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം പലരും ആ പാർട്ടിയുടെയും നേതാവിന്റെയും ചരമഗീതമായിട്ടാണ് വിലയിരുത്തുന്നത്. പാർട്ടിയുടെ ജന്മഭൂമിയിലെ പരാജയം അതിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന വലിയ വെല്ലുവിളി ഉയർത്തുന്നുവെങ്കിലും അത് യഥാർത്ഥത്തിൽ ആപ്പിനും കെജ്രിവാളിനും മുന്നിൽ വലിയ സാദ്ധ്യതകളും അവസരങ്ങളും കൂടി തുറന്നിടുന്നുണ്ട്.

India Against Corruption (IAC) എന്ന അഴിമതിവിരുദ്ധ മുന്നേറ്റത്തിലൂടെ ഉദയം കൊണ്ട ആം ആദ്മി പാർട്ടി ഒരിക്കലും ഡൽഹിയിലെ ഭരണവുമായി ഒതുങ്ങിക്കൂടേണ്ട ഒന്നായിരുന്നില്ല. എങ്കിലും, ഡൽഹിയിൽ തുടർച്ചയായി മൂന്നുതവണ ജനങ്ങൾ ഭരണത്തിലേറ്റിയതോടെ രാജ്യതലസ്ഥാനത്തു തന്നെ അതിന്റെ പ്രഖ്യാപിത ലക്ഷ്യമായ അഴിമതി വിരുദ്ധ- ജനപക്ഷ ഭരണമാതൃക സൃഷ്ടിക്കുക എന്നത് പാർട്ടി ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു.

അഴിമതി വിരുദ്ധ മുന്നേറ്റത്തിലൂടെ ഉരുത്തിരിഞ്ഞ ബദൽ രാഷ്ട്രീയത്തിന്റെ അലയൊലികൾ ഡൽഹിക്കുപുറത്ത് കേരളം വരെയുള്ള സംസ്ഥാനങ്ങളിൽ അലയടിച്ചെങ്കിലും അതിനെ ഏകോപിപ്പിക്കാൻ ആപ്പിനായില്ല.

രാഷ്ട്രീയത്തിലെ തുടക്കക്കാരും പുറമേക്കാരും എന്ന പ്രതിച്ഛായയോടു കൂടി വന്നിട്ടും മറ്റനവധി പ്രതിസന്ധികൾ നേരിട്ടിട്ടും ഭരണത്തിൽ പുതിയ ഡൽഹി മാതൃക രൂപപ്പെടുത്താനും അതിന് വ്യാപക പ്രചാരം തീർക്കാനും ആപ്പിനും കെജ്രിവാളിനും സാധിച്ചിട്ടുണ്ട്. സൗജന്യങ്ങൾ എന്ന് മറ്റ് പാർട്ടികൾ ആക്ഷേപിച്ചുവെങ്കിലും ആം ആദ്മി സർക്കാർ കൊണ്ടുവന്ന പല പദ്ധതികളും പിന്നീട് മറ്റ് മുഖ്യധാരാ പാർട്ടികൾക്കുകൂടി പ്രകടനപത്രികയിൽ- ഡൽഹിയിൽ മാത്രമല്ലാതെ മറ്റ് സംസ്ഥാനങ്ങളിൽ കൂടി- കൂട്ടിച്ചേർക്കേണ്ടിവന്നു.

പ്രകടനപത്രികയുടെ ഭാഷയിൽ തന്നെ വാഗ്ദാനം എന്നത് മാറ്റി ഗ്യാരണ്ടി അല്ലെങ്കിൽ ഉറപ്പ് എന്ന തിരുത്തൽ കൊണ്ടുവന്നതും കെജ്രിവാളാണ്. ‘കാം കി രാജ്നീതി’ അല്ലെങ്കിൽ ‘പണിയെടുക്കുന്ന രാഷ്ട്രീയം’ എന്ന സങ്കൽപമാണ് കെജ്രിവാൾ മുന്നോട്ടു വെച്ചത്. തെരഞ്ഞെടുപ്പുകളിലെ ഐഡിയോളജികളുടെ മാറ്റുരക്കലുകൾക്കിടയിൽ ജനങ്ങൾക്ക് ഭരണത്തിൽനിന്ന് എന്ത് ലഭിക്കുന്നു, അതിനായി സർക്കാർ എന്തുചെയ്യുന്നു എന്ന ലളിതവും കൃത്യവുമായ ചോദ്യത്തിലേക്ക് ഭരണത്തെയും രാഷ്ട്രീയത്തെയും കേന്ദ്രീകരിപ്പിച്ചു നിർത്താനും കെജ്രിവാളിന് സാധിച്ചു.

പോസ്റ്റ് ഐഡിയോളജി യുഗത്തിൽ വളർന്നുവന്ന ഒരു പാർട്ടിയായിട്ടുകൂടി, ഐഡിയോളജിയില്ലാത്ത പാർട്ടിയെന്ന് പഴി കേൾക്കേണ്ടിവന്നിട്ടും ആപ്പ് അതിന്റെതായ ഒരു ഐഡിയോളജി ഈ കാലം കൊണ്ട് വരച്ചുചേർത്തു.
പോസ്റ്റ് ഐഡിയോളജി യുഗത്തിൽ വളർന്നുവന്ന ഒരു പാർട്ടിയായിട്ടുകൂടി, ഐഡിയോളജിയില്ലാത്ത പാർട്ടിയെന്ന് പഴി കേൾക്കേണ്ടിവന്നിട്ടും ആപ്പ് അതിന്റെതായ ഒരു ഐഡിയോളജി ഈ കാലം കൊണ്ട് വരച്ചുചേർത്തു.

പോസ്റ്റ് ഐഡിയോളജി യുഗത്തിൽ വളർന്നുവന്ന ഒരു പാർട്ടിയായിട്ടുകൂടി, ഐഡിയോളജിയില്ലാത്ത പാർട്ടിയെന്ന് പഴി കേൾക്കേണ്ടിവന്നിട്ടും ആപ്പ് അതിന്റെതായ ഒരു ഐഡിയോളജി ഈ കാലം കൊണ്ട് വരച്ചുചേർത്തു. ഐഡിയോളജികളുടെ സംഘട്ടനത്തിലേക്ക് വലിച്ചിഴക്കപ്പെടാൻ നോക്കപ്പെട്ട സമയങ്ങളിൽ നിന്നെല്ലാം അതിൽ നിന്നെല്ലാം വിജയകരമായി ഒഴിഞ്ഞുമാറി. അതുകൊണ്ടുതന്നെ ഐഡിയോളജിക്കൽ യുദ്ധങ്ങളിൽ ഇരുപക്ഷത്തും നിലയുറപ്പിച്ചവരിൽനിന്ന് ഒരുപോലെ ആക്രമണം നേരിട്ടു. എങ്കിലും രാഷ്ട്രീയബന്ധങ്ങൾ സ്ഥാപിക്കുന്നതിലും മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കാനും ഉള്ള കഴിവും പ്രകടമാക്കി.

സ്വന്തം അസ്തിത്വ പ്രതിസന്ധികളുടെ തടവറയിൽ കെജ്രിവാളും ആം ആദ്മിയും അകപ്പെട്ടുപോകുമോ?

ഇന്ത്യയിലെ ഏറ്റവും അതിവേഗ വളർച്ചയുള്ള പാർട്ടിയായി അറിയപ്പെട്ട ആം ആദ്മി, പക്ഷെ ഒരു രാഷ്ട്രീയപാർട്ടിയുടെ വളർച്ചയുടെ മൂന്നു ഘട്ടങ്ങളിൽ ഒരു ഘട്ടത്തെ കടന്നു കൊണ്ടാണ് മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. അഴിമതി വിരുദ്ധ മുന്നേറ്റത്തിലൂടെ ഉദയം കൊണ്ട് രാഷ്ട്രീയപാർട്ടിയായി മാറിയ ആപ് നേരെ ഡൽഹി ഭരണത്തിലേക്കാണ് കാലെടുത്തുവെച്ചത്. ഒരു പാർട്ടിയെന്ന നിലയിൽ സംഘടനാപരമായ സംവിധാനങ്ങളും ചട്ടക്കൂടുകളും വളർത്തിയെടുക്കാനോ ഐഡിയോളജിക്കൽ നയരൂപീകരണങ്ങൾ നടത്തിയെടുക്കാനോ ഉള്ള സാവകാശം പാർട്ടിക്ക് ലഭിച്ചില്ല. ഒരു ഭരണകക്ഷിയായിരിക്കുമ്പോൾ ഈ പ്രക്രിയകൾക്ക് സ്വാഭാവികമായ ചില പരിമിതികൾ ഉണ്ടായിരുന്നു.

അഴിമതി വിരുദ്ധ മുന്നേറ്റത്തിലൂടെ ഉരുത്തിരിഞ്ഞ ബദൽ രാഷ്ട്രീയത്തിന്റെ അലയൊലികൾ ഡൽഹിക്കുപുറത്ത് കേരളം വരെയുള്ള സംസ്ഥാനങ്ങളിൽ അലയടിച്ചെങ്കിലും അതിനെ ഏകോപിപ്പിക്കാനോ ഡൽഹിയിലെയും പഞ്ചാബിലെയും പോലെ രാഷ്ട്രീയ പരിവർത്തനം നടത്തിയെടുക്കാനോ പോലും പാർട്ടിക്ക് സാധിച്ചില്ല. ഒരർത്ഥത്തിൽ 2011-12 കാലയളവിൽ ഉദയം കൊണ്ട ബദൽ രാഷ്ട്രീയ സാദ്ധ്യതകൾ, ഡൽഹി ഭരണത്തിൽ ആദ്യം ഒരു ഭരണമാതൃക തീർക്കണം എന്ന വ്യവസ്ഥയുടെ തടവറയിൽ പെട്ടുപോവുകയായിരുന്നു. അതുകൊണ്ടുതന്നെ അധികാരമില്ലാത്ത കെജ്രിവാൾ രാജ്യത്താകെ ഒരു ഘട്ടത്തിൽ അലയടിച്ചിരുന്ന ബദൽ രാഷ്ട്രീയ സാധ്യതകളെ ഏകോപിപ്പിക്കാൻ മുന്നിട്ടിറങ്ങുമോ എന്നതാണ് ഇനി കാണാനുള്ളത്. അല്ലെങ്കിൽ സ്വന്തം അസ്തിത്വ പ്രതിസന്ധികളുടെ തടവറയിൽ കെജ്രിവാളും ആം ആദ്മിയും അകപ്പെട്ടുപോകുമോ എന്നും.

Comments