കെജ്രിവാള്‍ കി ഗ്യാരന്റി: പ്രകടന പത്രികയില്‍ വന്‍ ജനപ്രിയവാഗ്ദാനങ്ങള്‍

ബി.ജെ.പി.യുടെ പ്രകടന പത്രികയോട് മത്സരിക്കുകയോ എതിരിടുകയോ ചെയ്യുന്ന തരത്തിലുള്ള ആംആദ്മിയുടെ പ്രകടനപത്രികയാണ് ഇന്ന് കെജ്രിവാള്‍ അവതരിപ്പിച്ചത്

Election Desk

ഡല്‍ഹി മദ്യ അഴിമതിക്കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് ജയിലില്‍ നിന്നിറിങ്ങിയതിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സജീവവും ശക്തവുമായി തുടരുകയാണ്. ബി.ജെ.പി.യുടെ പ്രകടന പത്രികയോട് മത്സരിക്കുകയോ എതിരിടുകയോ ചെയ്യുന്ന തരത്തിലുള്ള ആംആദ്മിയുടെ പ്രകടനപത്രികയാണ് ഇന്ന് കെജ്രിവാള്‍ അവതരിപ്പിച്ചത്. ഡല്‍ഹിക്ക് സംസ്ഥാന പദവി നല്‍കുക, 24*7 വൈദ്യുതി വിതരണം ഉറപ്പാക്കുക, മെച്ചപ്പെട്ട വിദ്യാഭ്യാസം നടപ്പിലാക്കുക തുടങ്ങിയ നിരവധി വാഗദാനങ്ങളാണ് പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മോദിയുടെ ഗ്യാരന്റികള്‍ക്ക് പകരമായി ‘കെജ്രിവാള്‍ കി ഗ്യാരന്റീസ് ‘ എന്ന പേരിലാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.

1) രാജ്യത്തുടനീളം 24*7 വൈദ്യുതി ലഭ്യമാക്കും

ഡല്‍ഹിയിലും പഞ്ചാബിലും പ്രാവര്‍ത്തികമാക്കിയതു പോലെ രാജ്യത്തുടനീളം 24*7 വൈദ്യുതി ലഭ്യമാക്കുമെന്നാണ് കെജ്രിവാളിന്റെ ആദ്യത്തെ ഗ്യാരന്റി. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കും. ആവശ്യകതയെ മുന്‍ നിര്‍ത്തി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് കെജ്രിവാള്‍ പറഞ്ഞു

2) ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കും

രാജ്യത്തെ മുഴുവന്‍ സ്‌ക്കൂളുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുമെന്നുമാണ് കെജ്രിവാളിന്റെ രണ്ടാമത്തെ ഗ്യാരന്റി. മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിച്ചാല്‍ മാത്രമേ രാജ്യം പുരോഗതി കൈവരിക്കുകയുള്ളുവെന്നും നിലവില്‍ സ്കൂളുകളുടെ അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി അഞ്ച് ലക്ഷം കോടി രൂപ ആവശ്യമായി വരുമെന്നും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പകുതി വീതം തുക ചെലവഴിക്കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു

3) രാജ്യത്തെ ആരോഗ്യമേഖലയിലെ പുരോഗതി ഉറപ്പാക്കും

രാജ്യത്തെ ജനങ്ങള്‍ ആരോഗ്യവാന്മാരാണെങ്കില്‍ അത് രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ സഹായിക്കും. രാജ്യത്തെ എല്ലായിടങ്ങളിലും മൊഹല്ല ക്ലിനിക്കുകള്‍ സ്ഥാപിക്കും. ഇന്‍ഷുറന്‍സിന്റെ പേരില്‍ വലിയ തട്ടിപ്പാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ ആശുപത്രികളെ സ്വകാര്യ ആശുപത്രികളുടെ നിലവാരത്തിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

4) ചൈനീസ് നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ ഭൂമി തിരിച്ചുപിടിക്കും

ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ പലതും ചൈന കൈയ്യേറിയിട്ടുണ്ടെന്നും സാറ്റലൈറ്റ് ചിത്രങ്ങള്‍ അതിന് തെളിവാണെന്നും ഈ കൈയ്യേറ്റങ്ങളില്‍ നിന്ന് ഇന്ത്യയിലെ അതിര്‍ത്തി പ്രദേശങ്ങളെ സംരക്ഷിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

5) അഗ്നിവീര്‍ പദ്ധതി അവസാനിപ്പിക്കും

നാല് വര്‍ഷത്തേക്ക് യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കി പിരിച്ചുവിടുന്ന അഗ്നിവീര്‍പദ്ധതി നിര്‍ത്തലാക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. നിലവില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാവരെയും സേനയില്‍ സ്ഥിരപ്പെടുത്തുമെന്നും തുടര്‍ന്ന് ഈ കരാര്‍ സമ്പ്രദായം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

6) സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കും

കര്‍ഷകരുടെ വിളകള്‍ക്ക് ന്യായമായ വില നല്‍കിയാല്‍ അവരുടെ ജീവിതം മെച്ചപ്പെടും. സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള എം.എസ്.പി കര്‍ഷകര്‍ക്ക് നല്‍കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

7) ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കും

ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്നും കെജ്രിവാള്‍ പറഞ്ഞു

8) 2 കോടി യുവാക്കള്‍ക്ക് ജോലി

ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ യുവാക്കള്‍ക്ക് 2 കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

9) അഴിമതി തുടച്ചുനീക്കും

രാജ്യത്തെ അഴിമതിക്ക് പിന്നിലെ ഏറ്റവും വലിയ കാരണം ബി.ജെ.പിയാണെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. സത്യസന്ധരെ ജയിലിലേക്ക് അയക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന സംവിധാനം അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

10) രാജ്യത്ത് വ്യവസായം നടത്താനുള്ള അനുകൂല അന്തരീക്ഷം ഉറപ്പാക്കും

കഴിഞ്ഞ എട്ട്-പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി ബിസിനസ് സംരംഭങ്ങള്‍ അടച്ചുപൂട്ടുകയും വ്യാപാരികള്‍ രാജ്യം വിടുകയും ചെയ്തിട്ടുണ്ട്. പി.എം.എല്‍.എയുടെ പരിധിയില്‍ നിന്ന് ജിഎസ്ടി ഒഴിവാക്കും. അത് ലളിതമാക്കുകയും ഭരണപരവും നിയമപരവുമായ എല്ലാ വ്യവസ്ഥകളും കാര്യക്ഷമമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഇന്ത്യ സഖ്യകക്ഷിയിലെ മറ്റുനേതാക്കളുമായി വാഗ്ദാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ലെന്നും പ്രസംഗത്തിനിടെ കെജ്രിവാള്‍ വെളിപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പകുതിയോളം കഴിഞ്ഞിട്ടുണ്ടന്നും മറ്റ് പ്രദേശങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് അധികം സമയമില്ലാത്തതിനാണ് പെട്ടെന്ന് പ്രഖ്യാപിക്കുന്നതെന്നും ഇത് ചര്‍ച്ച ചെയ്യാത്തതിന് ഇന്ത്യാ സഖ്യ കക്ഷിയിലെ നേതാക്കളോട് ക്ഷമ ചോദിക്കുന്നതായും കെജ്രിവാള്‍ പറഞ്ഞു. രാജ്യ പുരോഗതിയും ജനക്ഷേമവും ലക്ഷ്യം വെച്ചുള്ള വാഗ്ദാനങ്ങളെ അവര്‍ എതിര്‍ക്കില്ലെന്ന് ഉറപ്പുണ്ടെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ടമായ മെയ് 25 ന് ഡല്‍ഹിയില്‍നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികളക്കുറിച്ചാലോചിക്കാന്‍ മുതിര്‍ന്ന നേതാക്കളെയും സംഘടനാ നേതാക്കളെയും ഉള്‍പ്പെടുത്തി നടത്തിയ യോഗത്തിന് പിന്നാലെയാണ് പ്രകടന പത്രിക പുറത്തിറക്കുന്നത്. ആംആദ്മിയുടെ ഉറപ്പുകള്‍ പണപ്പെരുപ്പം കുറയ്ക്കുമെന്നും തൊഴിലില്ലായ്മ പരിഹരിക്കുമെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു.

ആംആദ്മിയും കോണ്‍ഗ്രസും ഇന്ത്യ ബാനറില്‍ മത്സരിക്കുന്ന ഡല്‍ഹിയില്‍ ആംആദ്മി നാല്‌സീറ്റുകളിലും കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലുമാണ് മത്സരിക്കുന്നത്.

Comments