ദൽഹി കലാപം: മനുഷ്യാവകാശ പ്രതിരോധകരെ വേട്ടയാടുകതന്നെയാണ്

ദൽഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റുകൊണ്ടും കേസുകൾ കെട്ടിച്ചമച്ചും മനുഷ്യാവകാശപ്രവർത്തകരുടെ കൂട്ടായ ഇടപെടലുകളെ തകർക്കാനുള്ള നീക്കം തുടരുകയാണ് ഭരണകൂടം. ഗുജറാത്ത് വംശഹത്യയിലും സിഖ് വിരുദ്ധ കലാപത്തിലും ആക്രമിക്കപ്പെട്ടവരുടെ നീതിക്കായി പ്രവർത്തിച്ച ഇത്തരം ഇടപെടലുകൾ അതുകൊണ്ടുതന്നെ, ദൽഹി കലാപത്തിന്റെ കാര്യത്തിൽ നിർവീര്യമാക്കപ്പെടുന്നതായി ലേഖകൻ. ദൽഹി കലാപക്കേസിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, യോഗേന്ദ്ര യാദവ് തുടങ്ങിയവരെ പ്രതിപ്പട്ടികയിലുൾപ്പെടുത്തി വേട്ടയാടുന്ന ഡൽഹി പൊലീസ് നീക്കത്തിന്റെ പാശ്ചാത്തലത്തിൽ പ്രസക്തമായ ഒരു വിശകലനം

ലപ്പോഴും വ്യവസ്ഥിതിയ്ക്ക് പുറത്തും അകത്തും നിൽക്കുന്ന വ്യക്തികളെ നീതിയെന്ന ലക്ഷ്യം ഒരുമിപ്പിക്കാറുണ്ട്. പൊതുവായ ഒരുകൂട്ടം തത്വങ്ങളും, പങ്കു വെയ്ക്കപ്പെടുന്ന മൂല്യങ്ങളും, നന്മയിലുള്ള ഉറച്ചുവിശ്വാസവും അങ്ങേയറ്റം വ്യത്യസ്തരായ വ്യക്തികളെ, നീതിതേടിപ്പോകുന്നവരുടെ അനൗപചാരിക കൂട്ടായ്മയെന്നപോലെ ഒരുമിച്ചുനിർത്താറുണ്ട്.

മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും എൻ.ജി.ഒകളും മാധ്യമപ്രവർത്തകരും പൊലീസും ജുഡീഷ്യൽ ഉദ്യോഗസ്ഥരും അടങ്ങിയ ഇത്തരം കൂട്ടായ്മകളാണ് ഗുജറാത്ത് വംശഹത്യയിലും 1984 സിഖ്​ വിരുദ്ധ കലാപങ്ങളിലും ഇരകളായവരുടെ നീതിയ്ക്കുവേണ്ടി പ്രവർത്തിച്ചത്.

ഡൽഹി കലാപം എങ്ങനെ വ്യത്യസ്​തമായി?

വ്യവസ്ഥിതിയുടെ അലംഭാവത്തിനും നിഷ്‌ക്രിയത്വത്തിനും ഭരണകൂടത്തിന്റെ പങ്കാളിത്തത്തിനുമെതിരെ അവർ നിർബന്ധബുദ്ധിയോടെ അക്ഷീണമായി മുന്നോട്ടുനീങ്ങി. ഇവരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഗുജറാത്ത് വംശഹത്യയുമായും 1984ലെ കലാപവുമായും ബന്ധപ്പെട്ട ചില കേസുകളികളിൽ, ഭാഗികമായെങ്കിലും നീതി ലഭിച്ചത്. അത്തരം കൂട്ടായ്മകളൊന്നും രൂപപ്പെടാത്തതുകൊണ്ടും, അത്തരം ലക്ഷ്യങ്ങൾക്കുവേണ്ടിയുള്ള ഐക്യങ്ങൾ അനുവദിക്കപ്പെടാത്തതുകൊണ്ടും, അടുത്തിടെ നടന്ന ദൽഹി കലാപത്തിന്റെ കാര്യം മേൽപ്പറഞ്ഞ സംഭവങ്ങളിൽ നിന്നും വ്യത്യസ്തമാണ്.

ഹർഷ് മന്ദെർ
ഹർഷ് മന്ദെർ

ദൽഹി കലാപവുമായ ബന്ധപ്പെട്ട് അടുത്തിടെ, ഹിന്ദു, മുസ്‌ലിം വിഭാഗങ്ങളിൽപ്പെട്ട ചിലർക്കെതിരെ കുറ്റപത്രങ്ങൾ സമർപ്പിക്കപ്പെട്ടിരുന്നു. എന്നാൽ കലാപത്തിന് പ്രേരിപ്പിക്കുംവിധം സ്പർദ്ധവളർത്തുന്ന പ്രസംഗങ്ങൾ നടത്തിയ രാഷ്ട്രീയക്കാർക്കെതിരെ ഒരു കേസും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.

ഇവർക്കെതിരെ നടപടയെടുക്കണമെന്നാവശ്യപ്പെട്ട് നീതിന്യായ വ്യവസ്ഥയിൽ നിന്നോ പൊതുസമൂഹത്തിൽ നിന്നോ യാതൊരു സമ്മർദ്ദവുമുണ്ടായിട്ടില്ല. പൊലീസ് അന്വേഷണങ്ങൾക്ക് കോടതി മേൽനോട്ടം വഹിക്കുന്ന തരത്തിലുള്ള ഇടപെടലോ അന്വേഷണ റിപ്പോർട്ടുകളുടെ രൂപത്തിലുള്ള ജേണലിസ്റ്റിക് ഇടപെടലോ ഉണ്ടായിട്ടില്ല.

മുൻ സംഭവങ്ങളിൽ നടപടികളുണ്ടാവാൻ സമ്മർദ്ദശക്തിയായി പ്രവർത്തിച്ച മനുഷ്യാവകാശ പ്രവർത്തകരെല്ലാം നിശബ്ദരാക്കപ്പെട്ടു. പ്രകടമായും പക്ഷപാതപരമായി പ്രവർത്തിക്കുന്ന ഭരണകൂടം, ചിലരെ പ്രതിക്കൂട്ടിൽ നിർത്തി. ജീവിതം മുഴുവൻ പൊതുനന്മയ്ക്കായി സമർപ്പിച്ച, സാമൂഹ്യ ഐക്യത്തിനുവേണ്ടി എക്കാലത്തും നിലകൊണ്ടയാളായ ഹർഷ് മന്ദെറിനെതിരെ ദൽഹി പൊലീസ് ഉന്നയിച്ച ആരോപണം വിദ്വേഷ പ്രസംഗം നടത്തിയെന്നതാണ്. ഈ ആരോപണം ഉന്നയിച്ച് അദ്ദേഹത്തിനെതിരെ ദൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. മന്ദെറിനെതിരെ ഇതുവരെ അത്തരം ആരോപണങ്ങളൊന്നും ഉയർന്നില്ല എന്നിരിക്കെയാണ് അദ്ദേഹത്തെ- ഭരണകക്ഷിയിലെ ചില അംഗങ്ങളെയല്ല- ‘വിദ്വേഷ പ്രാസംഗികനാക്കി' യത്. സത്യത്തിനും നീതിയ്ക്കും മേലുള്ള ആക്രമണം ഇപ്പോൾ പൂർത്തിയായി എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.

വർഗീയ സംഘർഷങ്ങളുടെ നീണ്ട, നാണംകെട്ട ചരിത്രമുണ്ട് ഇന്ത്യയ്ക്ക്. പടരുന്ന വിദ്വേഷത്തിനും ഇല്ലാതായിപ്പോകുന്ന നീതിബോധത്തിനും എതിരെയുള്ള ധാർമ്മിക വെല്ലുവിളികൾ അടിച്ചമർത്തപ്പെട്ടുവെന്നതാണ് ദൽഹി കലാപത്തിനുശേഷം കാണാൻ കഴിഞ്ഞത്.

അന്ന്​ സംഭവിച്ചത്​

ഒരു അണ്ടർകവർ റിപ്പോർട്ടറെന്ന നിലയിൽ 2002 ലെ ഗുജറാത്ത് കലാപങ്ങളുടെ ഗുഢാലോചനക്കാരുടെയും കലാപകാരികളുടെയും കൂട്ടത്തിൽ ആറുമാസക്കാലം ചിലവഴിച്ച് അവർ സ്വന്തം കുറ്റകൃത്യങ്ങളെക്കുറിച്ച് അഭിമാനംകൊളളുന്നത് ഞാൻ രഹസ്യമായി രേഖപ്പെടുത്തിയിരുന്നു. പിന്നീട് നാല് കേസുകളുടെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ സാക്ഷിയായി മൊഴിനൽകുകയും ചെയ്തിരുന്നു. ആരോപണവിധേയവരിൽ പലരേയും കുറ്റക്കാരായി വിധിക്കുന്നതിൽ എന്റെ സാക്ഷ്യം കാരണമായിട്ടുണ്ട്.

ഈ നടപടിക്രമങ്ങൾക്കിടെ, പ്രതീക്ഷിച്ചതും അല്ലാത്തതുമായ കോണുകളിൽ നിന്ന് എനിക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. മനുഷ്യാവകാശ പ്രവർത്തകർ സ്വാഭാവികമായും കൂടെയുണ്ടായിരുന്നു. കൂടാതെ കുറ്റകൃത്യത്തിൽ

പങ്കാളിത്തമുള്ള പൊലീസ് സംവിധാനത്തിനുള്ളിൽ നിന്നുതന്നെ ചില പൊലീസ് ഓഫീസർമാരുടെ രൂപത്തിലും നിർണായക സഹായം ലഭിച്ചിട്ടുണ്ട്. ഒപ്പം പ്രതിഭാഗം അഭിഭാഷകരുടെ സമ്മർദ്ദത്തിൽ നിന്നും എന്നെ സംരക്ഷിച്ച വിചാരണക്കോടതി ജഡ്ജി, അന്വേഷണ റിപ്പോർട്ടിൽ എന്റെ ജേണലിസ്റ്റിക് പ്രവർത്തനത്തെ അംഗീകരിച്ച സുപ്രീം കോടതി രജിസ്ട്രാർ, സത്യത്തിന്റെ ശക്തിയിൽ വിശ്വസിക്കുന്ന മാധ്യമപ്രവർത്തകരായ നിരവധി സഹപ്രവർത്തകർ..

2002ലെ ഗുജറാത്ത് വംശഹത്യ ഇരകൾക്കുവേണ്ടി സ്വാഭാവികമായി ഐക്യപ്പെട്ട ‘നീതി തേടുന്നവരുടെ' കൂട്ടായ്മയുടെ ഭാഗമായിരുന്നു ഞാൻ. മിഹിർ ദേശായി, ടീസ്റ്റ സെതൽവാദ്, ഷബ്‌നം ഹശ്മി, അപർണ സെൻ, സുഹൈൽ തിർമിസി, മുകുൾ സിൻഹ, സോംനാഥ് വാട്‌സ, രജനീഷ് റായ്, സതീഷ് വർമ്മ, കുൽദിപ് ശർമ്മ, കാമിനി ജെയ്‌സ്‌വാൾ എന്നിവർ ദീർഘകാലം പോരാടിയവരിൽ ചിലരാണ്.

ഡൽഹി കലാപത്തിനിടെ
ഡൽഹി കലാപത്തിനിടെ

ഒരുതരത്തിലും അത് സുഗമമായ അല്ലെങ്കിൽ ഐഡിയൽ എന്നു പറയാവുന്ന സഖ്യമായിരുന്നില്ല. അതിൽ നിന്ന്​ ഒരുപാട് അകലെയായിരുന്നു താനും. അഭിപ്രായ വ്യത്യാസങ്ങൾ, കോഡിനേഷന്റെ അഭാവം, വ്യക്തിത്വങ്ങൾ തമ്മിലുള്ള കലഹം ഈഗോ, അംഗീകാരവും പ്രശസ്തിയും നേടിയെടുക്കാൻ അല്ലെങ്കിൽ ഹ്രസ്വകാല നേട്ടങ്ങൾക്കുവേണ്ടിയുള്ള മത്സരം എന്നിവകൊണ്ട് പിളർക്കപ്പെട്ട ഒന്നായിരുന്നു. എന്നിരിക്കിലും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു.

ഗുജറാത്ത്​ വാർത്തകൾക്കുശേഷം നടന്നത്​

മാധ്യമങ്ങളുടെ ഒന്നാം പേജിൽ നിന്ന്​ ഗുജറാത്ത് കലാപങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ പിൻവാങ്ങാൻ തുടങ്ങിയതിനുശേഷമുള്ള മാസങ്ങളിൽ സംഭവിച്ചത് ഇതാണ്: മൊഴികൾ മാറ്റണമെന്നാവശ്യപ്പെട്ട് ആരോപണ വിധേയർ ഇരകളെ ഭീഷണിപ്പെടുത്താൻ തുടങ്ങി. കൂറുമാറാനും ഒത്തുതീർപ്പിലെത്താനും ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ ഇരകൾക്കുമേൽ സമ്മർദ്ദം ചെലുത്താൻ തുടങ്ങി. ചിലർക്ക് പണം വാഗ്ദാനം ചെയ്തു, വീടു നിർമ്മിച്ചു നൽകാം അല്ലെങ്കിൽ പുതിയ ബിസിനസ് തുടങ്ങാം എന്നൊക്കെ പറഞ്ഞ് പ്രലോഭിപ്പിച്ചു, അടിച്ചോടിക്കപ്പെട്ട ഇടങ്ങളിലേക്ക് തിരിച്ചെത്തിച്ച് ആ അവിടെ ജീവിക്കാൻ നിങ്ങളെ അനുവദിക്കാമെന്നും ചില ഘട്ടത്തിൽ വാഗ്ദാനം നൽകിയിരുന്നു.

പൊലീസ് ഒന്നിനുപിറകേ ഒന്നായി കേസുകളിൽ തെളിവുകൾ ദുർബലമാക്കാൻ തുടങ്ങി. ഒന്നുകിൽ കേസ് അവസാനിപ്പിച്ചതായി റിപ്പോർട്ടു നൽകിക്കൊണ്ട് അല്ലെങ്കിൽ സാക്ഷിമൊഴി രേഖപ്പെടുത്താതെ, അല്ലെങ്കിൽ കുറ്റകൃത്യം രേഖപ്പെടുത്താതെ. പൊലീസ് അന്വേഷണം അയഞ്ഞതോടെ കോടതി നടപടികളും വൈകി. ആരോപണ വിധേയരിൽ പലർക്കും ജാമ്യം ലഭിച്ചു.

എന്നാൽ കുറച്ച് ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും അഭിഭാഷകരും ചേർന്ന്, നിർണായകമായ തെളിവുകൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും സാക്ഷിമൊഴികൾ സത്യവാങ്മൂലങ്ങളിൽ ചേർക്കപ്പെട്ടെന്നും വസ്തുതകൾ രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്തി.

2002 ലെ ഗുജറാത്ത് കലാപത്തിനിടെ
2002 ലെ ഗുജറാത്ത് കലാപത്തിനിടെ

കലാപത്തെ അതിജീവിച്ചവർക്ക് നിയമപരമായുള്ള സഹായവും മറ്റ് സഹായങ്ങളും അവർ നൽകി. അവർക്കുവേണ്ടി കോടതിയിൽ ഹരജികൾ സമർപ്പിച്ചു, അന്വേഷണം ശരിയായ വഴിയിലല്ല നീങ്ങുന്നതെന്ന് തോന്നിയപ്പോഴെല്ലാം മേൽക്കോടതികളെ സമീപിച്ചു, ദൃക്‌സാക്ഷികൾക്ക് ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്തി, ഭീഷണികളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും അവരെ സംരക്ഷിച്ചു, ഇരകൾക്കുവേണ്ടി ഹാജരായ അഭിഭാഷകരുടെ പ്രതിഫലം നൽകി, ആരോപണ വിധേയരെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ ഭരണകൂടം കാണിക്കുന്ന താൽപര്യമില്ലായ്മയും അശ്രദ്ധയും ഉയർത്തിക്കാട്ടി മാധ്യമങ്ങളിലൂടെ തുടർച്ചയായി ഇടപെടലുകൾ നടത്തി.

എല്ലാ വെളിച്ചവും അണഞ്ഞതുപോലെ

പൊതുസമൂഹത്തിന്റെ പ്രേരണയാൽ ചില അവസരങ്ങളിൽ മേൽക്കോടതികൾ ഇടപെട്ടു, അന്വേഷണം അവസാനിപ്പിച്ച കേസുകൾ വീണ്ടും ആരംഭിച്ചു, കേസുകൾ ഗുജറാത്തിനു പുറത്തേക്ക് മാറ്റി, പ്രത്യേക അന്വേഷണ സംഘം രൂപീകൃതമായി, അന്വേഷണ പുരോഗതി കൃത്യമായി വിലയിരുത്തി, ഇരകൾക്ക് ദുരിതാശ്വാസം നൽകുന്നതിൽ വീഴ്ച കാണിച്ച ഭരണകൂടത്തെ കുറ്റപ്പെടുത്തി, ഭരണനേതൃത്വത്തിലിരിക്കുന്നവരുടെ ഇടപെടലിനെക്കുറിച്ച് വിമർശനാത്മകമായ പരാമർശങ്ങൾ നടത്തി.

ടെലിവിഷൻ പ്രവർത്തകരെല്ലാം പാക്ക് ചെയ്ത് തിരിച്ച്പോയിട്ടും, വായിൽതോന്നിയതെല്ലാം പ്രസംഗിച്ച് രാഷ്ട്രീയ പ്രവർത്തകർ സ്ഥലം വിട്ടിട്ടും അവിടെ പത്തുവർഷത്തോളം തുടർന്നത് ഈ എൻ.ജി.ഒകളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും അഭിഭാഷകരുടെയും കൂട്ടായ്മയാണ്. അവരുടെ നിരന്തരമായ ശ്രമങ്ങൾ ഇല്ലായിരുന്നെങ്കിൽ ആരോപണ വിധേയരെല്ലാം തന്നെ പുഷ്പംപോലെ പുറത്തിറങ്ങിയേനെ.

പക്ഷേ അതിന് വലിയ വിലകൊടുക്കേണ്ടി വന്നു. സ്ഥാപിത താൽപര്യക്കാരുടെ അപവാദപ്രചരണങ്ങൾക്കും സമ്മർദ്ദത്തിനും പുറമേ പല മനുഷ്യാവകാശ പ്രവർത്തകർക്കെതിരെയും കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. അവർക്കെതിരെ അഴിമതിക്കേസുകൾ ചുമത്തി, വിദേശ ഏജൻസികളുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾക്കൊപ്പം അവരുടെ ഫണ്ടിങ്ങിന്റെ ഉറവിടവും ചോദ്യം ചെയ്യപ്പെട്ടു. ഇതുകൊണ്ടൊന്നും നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ തളർത്താനായില്ല.

പക്ഷെ ഇന്ന്, എല്ലാ വെളിച്ചവും അണഞ്ഞതുപോലെയാണ് തോന്നുന്നത്. സത്യത്തിന്റെയും നീതിയുടെയും ആശാകിരണം കെടുത്തിക്കളഞ്ഞിരിക്കുന്നു.

പരിഭാഷ: ജിൻസി ബാലകൃഷ്​ണൻ

ആഷിഷ്​ ഖേതൻ: കോർപറേറ്റ്​ അഭിഭാഷകൻ, അഡിമിനിസ്​ട്രേറ്റർ, പബ്ലിക്​ പോളിസി എക്​സ്​പെർട്ട്​. ഗുജറാത്ത് വംശഹത്യയ്ക്കു പിന്നിൽ പ്രവർത്തിച്ചവരെ തെഹൽകയ്ക്കുവേണ്ടി അണ്ടർകവർ റിപ്പോർട്ടിങ്ങിലൂടെ പുറത്തുകൊണ്ടുവന്നു.

ദൽഹി സർക്കാറിന്റെ ഡയലോഗ്​ ആൻറ്​ ഡവലപ്​മെൻറ്​ കമീഷൻ ചെയർപേഴ്​സണായിരുന്നു.

Comments