ജനങ്ങളെ പ്രതിനിധീകരിക്കുന്നുണ്ടോ
പാർട്ടികൾ?

‘‘പാർട്ടിരക്ഷാകർത്തൃത്വം ജനായത്തത്തിൽ ഇത്ര വ്യാപകമായി പ്രത്യക്ഷപ്പെടുന്നതിന്റെ കാരണം രാഷ്ട്രീയ ധാർമ്മികതയുടെ അഭാവത്തിൽ മാത്രം അന്വേഷിച്ചാൽ മതിയാകില്ല. അതിന്റെ ആഴമേറിയ കാരണങ്ങൾ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ ഘടനയിൽ തന്നെ അന്വേഷിക്കേണ്ടതുണ്ട്’’- അശോകകുമാർ വി. എഴുതുന്ന ലേഖനപരമ്പരയുടെ രണ്ടാം ഭാഗം.

ഭരണപ്പാർട്ടിയുടെ
ഭരണകൂട അധിനിവേശങ്ങൾ:
ഭാഗം 2

പാർട്ടിരക്ഷാകർത്തൃത്വത്തിലൂടെ ഭരണകക്ഷികൾ ഭരണകൂട സ്ഥാപനങ്ങളിൽ സ്വാധീനം സ്ഥാപിക്കുന്ന പ്രവണതയെ നിയന്ത്രിക്കാൻ ദീർഘകാല ജനാധിപത്യ പാരമ്പര്യമുള്ള ചില പാശ്ചാത്യരാജ്യങ്ങൾ ഭരണഘടനാപരവും സ്ഥാപനപരവുമായ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. സ്വതന്ത്ര നിയമന കമ്മീഷനുകൾ, നിഷ്പക്ഷ സിവിൽ സർവീസ്, പാർലമെന്ററി മേൽനോട്ടം, എല്ലാ തസ്തികകളിലേക്കും തുറന്ന മത്സരാധിഷ്ഠിത നിയമനങ്ങൾ, മേൽനോട്ട സ്ഥാപനങ്ങൾ തുടങ്ങിയ സംവിധാനങ്ങൾ ഉദാഹരണങ്ങളാണ്.

ഇവ ഭരണകക്ഷിയുടെ രാഷ്ട്രീയ ഇടപെടൽ ഗണ്യമായി കുറയ്ക്കുന്നുണ്ടെങ്കിലും പാർട്ടികൾ ഭരണകൂടത്തിലേക്ക് വ്യാപിക്കാനുള്ള പ്രവണതയെ പൂർണമായി ഇല്ലാതാക്കുന്നില്ല. ആധുനിക ജനായത്ത അനുഭവങ്ങളുടെ ദീർഘകാലമായ പാരമ്പര്യമുള്ളതിനാലും സാമ്പത്തിക സുരക്ഷയും സ്വാതന്ത്ര്യവും കൂടുതലായും അനുഭവിക്കാൻ ചരിത്രപരമായ ആനുകൂല്യങ്ങൾ വന്നുചേർന്നതിനാലും ജനായത്ത പ്രക്രിയയെ സംരക്ഷിക്കാനുള്ള കരുതൽ നടപടികൾ പാശ്ചാത്യ ജനായത്തത്തിന് കുറച്ചൊക്കെ സാധിക്കുന്നുവെന്നു പറയാം. അതിനാൽ പിന്നീട് പാശ്ചാത്യേതര രാജ്യങ്ങളിൽ വളർന്നുവന്ന ജനായത്ത വ്യവസ്ഥയേക്കാൾ അവ കാര്യക്ഷമമാണെന്നു മാത്രം.

"നിലവിൽ അമേരിക്കൻ ഭരണകൂടം സ്ഥാപനവൽക്കരിക്കപ്പെട്ട നിയന്ത്രണ- സന്തുലന സംവിധാനങ്ങളെ ദുർബ്ബലപ്പെടുത്തുകയും, സിവിൽ സർവീസിനെയും മേൽനോട്ട സ്ഥാപനങ്ങളെയും രാഷ്ട്രീയവൽക്കരിക്കുകയും, നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇതോടൊപ്പം മാധ്യമങ്ങൾ, അക്കാദമിക മേഖല, പൗരസ്വാതന്ത്ര്യം, വിയോജിപ്പിന്റെ ശബ്ദങ്ങൾ എന്നിവയ്‌ക്കെതിരെയും ആക്രമണങ്ങൾ നടത്തുന്നു" എന്ന് 2026- ലെ ഡെമോക്രസി റിപ്പോർട്ടിനെ (V-Dem Institute at the University of Gothenburg) അധികരിച്ച് പ്രൊഫ. സ്റ്റഫൻ ലിൻഡ്ബർഗ് (Staffan I. Lindberg) പറയുന്നു. ഇന്ന് ഏകാധിപത്യത്തിലേക്കു നീങ്ങുന്ന പത്തു രാജ്യങ്ങളിൽ ആറെണ്ണവും യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേതാണ്.

അതിനാൽ പാർട്ടിരക്ഷാകർത്തൃത്വം ജനായത്തത്തിൽ ഇത്ര വ്യാപകമായി പ്രത്യക്ഷപ്പെടുന്നതിന്റെ കാരണം രാഷ്ട്രീയ ധാർമ്മികതയുടെ അഭാവത്തിൽ മാത്രം അന്വേഷിച്ചാൽ മതിയാകില്ല. അതിന്റെ ആഴമേറിയ കാരണങ്ങൾ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ ഘടനയിൽ തന്നെ അന്വേഷിക്കേണ്ടതുണ്ട്. എത്ര നിയമപരമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നാലും ഭരണകൂടത്തിലേക്കുള്ള പാർട്ടി അധിനിവേശം ആവർത്തിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ, പ്രശ്നം വ്യക്തികളിലോ പാർട്ടികളിലോ മാത്രമല്ല; ജനായത്തത്തിന്റെ പ്രാതിനിധ്യഘടന സൃഷ്ടിക്കുന്ന സ്ഥാപനപരമായ വിടവുകളിലും അതിന്റെ വേരുകൾ അന്വേഷിക്കേണ്ടിവരും.

പ്രാതിനിധ്യത്തിൻ്റെ ചരിത്രപരിണാമങ്ങൾ

‘ജനായത്തത്തിന്റെ മാതാവ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രിട്ടന്റെ രാഷ്ട്രീയചരിത്രം പരിശോധിക്കുമ്പോൾ പ്രാതിനിധ്യ ഭരണത്തിന്റെ ചരിത്രപരമായ പരിണാമം വ്യക്തമായി കാണാം. മധ്യകാലഘട്ടത്തിലെ ഇംഗ്ലണ്ടിൽ രാജാവിനെ ഉപദേശിക്കുകയും നികുതിയും ഭരണകാര്യങ്ങളും സംബന്ധിച്ച തീരുമാനങ്ങളിൽ പങ്കാളികളാവുകയും ചെയ്തിരുന്നത് പ്രഭുക്കന്മാരും പുരോഹിതരുമടങ്ങിയ രാജസഭ (King's Council) ആയിരുന്നു. ഈ പ്രാതിനിധ്യം ജനകീയമല്ലായിരുന്നു; ഭൂവുടമസ്ഥതയും പാരമ്പര്യപദവിയും അടിസ്ഥാനമാക്കിയുള്ള ഉപരിവർഗ്ഗ പ്രാതിനിധ്യമായിരുന്നു കൗൺസിലിൻ്റേത്.

മധ്യകാലഘട്ടത്തിലെ ഇംഗ്ലണ്ടിൽ രാജാവിനെ ഉപദേശിക്കുകയും നികുതിയും ഭരണകാര്യങ്ങളും സംബന്ധിച്ച തീരുമാനങ്ങളിൽ പങ്കാളികളാവുകയും ചെയ്തിരുന്നത് പ്രഭുക്കന്മാരും പുരോഹിതരുമടങ്ങിയ രാജസഭ ആയിരുന്നു.
മധ്യകാലഘട്ടത്തിലെ ഇംഗ്ലണ്ടിൽ രാജാവിനെ ഉപദേശിക്കുകയും നികുതിയും ഭരണകാര്യങ്ങളും സംബന്ധിച്ച തീരുമാനങ്ങളിൽ പങ്കാളികളാവുകയും ചെയ്തിരുന്നത് പ്രഭുക്കന്മാരും പുരോഹിതരുമടങ്ങിയ രാജസഭ ആയിരുന്നു.

1215-ലെ മാഗ്നാ കാർട്ട രാജാവിന്റെ അധികാരത്തിന് നിയമപരമായ നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും അത് ജനപ്രാതിനിധ്യം സ്ഥാപിച്ചില്ല. മറിച്ച് രാജാവിനും പ്രഭുക്കന്മാർക്കും ഇടയിലെ അധികാരബന്ധത്തെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്ന നിർണായക ഘട്ടമായിരുന്നു അത്. എന്നാൽ അതോടൊപ്പം രാജാവിന്റെ ഭരണത്തിന് പ്രഭുസമൂഹത്തിൻ്റെ സമ്മതം (consent) വേണം എന്ന ആശയത്തിന് ഭരണഘടനാപരമായ പ്രാധാന്യം ലഭിക്കുകയും ചെയ്തു.

ബ്രിട്ടനിൽ ആധുനിക പ്രാതിനിധ്യത്തിന്റെ ചരിത്രം യഥാർത്ഥത്തിൽ ആരംഭിക്കുന്നത് 13-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്. രാജാവിൻ്റെയും കൂടെയുള്ള പ്രഭുക്കന്മാരുടെയും ആധിപത്യം നിയന്ത്രിക്കുന്നതിനും തങ്ങളുടെ രാഷ്ട്രീയ പിന്തുണ വികസിപ്പിക്കുന്നതിനുമായി ചില പ്രഭുക്കന്മാർ പട്ടണപ്രവിശ്യകളിൽ (boroughs) നിന്നും ജില്ലാസമാനമായ കൗണ്ടികളിൽ (counties) നിന്നും സമ്പന്നരെ പ്രതിനിധികളായി കൗൺസിലിലേക്കു കൂട്ടിച്ചേർക്കാൻ തുടങ്ങി. 1265-ൽ സൈമൺ ഡി മോണ്ട്ഫോർട്ട് (Simon de Montfort ) വിളിച്ചുചേർത്ത പാർലമെന്റും 1295-ലെ എഡ്വേർഡ് ഒന്നാമന്റെ മോഡൽ പാർലമെന്റും ഈ പരിണാമത്തിലെ നിർണായക നാഴികക്കല്ലുകളായിരുന്നു. ഇതോടെയാണ് ഭരണത്തിലെ പ്രാതിനിധ്യം എന്ന കുലീനവർഗ്ഗത്തിൻ്റെ പാരമ്പര്യാവകാശത്തിലേക്ക് പുതുസമ്പന്നരുടെ നഗര- ഗ്രാമ പ്രതിനിധികളും തെരഞ്ഞെടുക്കപ്പെടുന്നത്.

എന്നാൽ ഈ മാറ്റത്തെ ആധുനിക ജനായത്തത്തിന്റെ തുടക്കമായി കാണുന്നത് ചരിത്രപരമായി ശരിയല്ല. മധ്യകാല ഇംഗ്ലീഷ് ചരിത്രകാരൻ ജെ. എസ്. ഹാമിൽട്ടൺ പറയുന്നത്, മോണ്ട്ഫോർട്ടിൻ്റെ പാർലമെൻ്റിനെ ജനായത്ത സഭയുടെ പൂർവ്വമാതൃകയായി കണക്കാക്കരുതെന്നും അതിനെ ഒരു "പാർട്ടിസാൻ അസംബ്ലി"യായി കണ്ടാൽ മതിയെന്നുമാണ്. കാരണം, നഗരങ്ങളിലെയും കൗണ്ടികളിലെയും സമ്പന്ന പ്രതിനിധികളെ ഉൾപ്പെടുത്തിയത് ജനകീയ പരമാധികാരം സ്ഥാപിക്കാനല്ല, മറിച്ച് രാജാവും പ്രഭുക്കന്മാരും തമ്മിലുള്ള അധികാരസന്തുലനം പുനഃക്രമീകരിക്കാനും പുതിയ സാമ്പത്തിക ശക്തികളുടെ പിന്തുണ നേടിയെടുക്കാനുമായിരുന്നു. അതിനാൽ ബ്രിട്ടീഷ് പ്രാതിനിധ്യത്തിന്റെ ചരിത്രം ജനങ്ങളുടെ ഭരണത്തിന്റെ ചരിത്രമെന്നതിനേക്കാൾ, കേന്ദ്രാധികാരത്തിന്മേൽ വിവിധ ഉപരിവർഗ്ഗ ശക്തികൾ കൂടുതൽ പങ്കാളിത്തം നേടിയെടുക്കുകയും, അധികാരത്തെ സ്ഥാപനവൽക്കരിക്കുകയും ചെയ്തതിൻ്റെ ചരിത്രമായിട്ടാണ് ആദ്യം മനസ്സിലാക്കേണ്ടത്.

ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അകലം ഇല്ലാതാക്കുകയും, പ്രൊഫഷണൽ രാഷ്ട്രീയ വർഗ്ഗത്തിന് അന്ത്യം കുറിച്ച് ജനകീയ നിയന്ത്രണം കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യുന്ന ജനായത്ത ഘടനകളെക്കുറിച്ചുള്ള ആലോചന ഇന്ന് അനിവാര്യമാണ്.

പരമ്പരാഗത കുലീനവർഗ്ഗത്തിനുപുറത്ത് രാജാവിൻ്റെ ഉപദേശകസമിതിയിലേക്ക് നവ ധനികവർഗ്ഗത്തിലെ പ്രാദേശിക പ്രതിനിധികളെ കൂടി തെരഞ്ഞെടുക്കുന്ന പരിഷ്കാരം കൊണ്ടുവന്നെങ്കിലും, അതിന് കൃത്യമായ വ്യവസ്ഥ പിന്നീടു വരുന്നുണ്ട്. അതോടെ കുറഞ്ഞത് 40 ഷിലിംഗ് വാർഷികാദായമുള്ള ഭൂവുടമകൾക്കു മാത്രമേ സമ്മതിദാനാവകാശം കൊടുത്തിരുന്നുള്ളൂ (The Forty-Shilling Freeholder Act of 1430). പാരമ്പര്യേതര വിഭാഗങ്ങളിലേക്ക് രാഷ്ട്രീയം വിപുലമാക്കിയപ്പോഴും പ്രാതിനിധ്യത്തിൻ്റെ യോഗ്യതയിൽ ധനശേഷി കൂടി പ്രധാന നിബന്ധനയായി ഉൾപ്പെടുത്തപ്പെട്ടുവെന്നു സാരം. ഇവിടെ ശ്രദ്ധിക്കേണ്ടതെന്തെന്നാൽ, സമൂഹത്തിലെ ഉന്നത വിഭാഗങ്ങളിൽ നിന്നുള്ളവരെ രാഷ്ട്രീയ പ്രാതിനിധ്യത്തിലേക്ക് എത്തിക്കുന്നതിനുള്ള സ്ഥാപനപരമായ ഒരു സംവിധാനമായി ഇലക്ഷൻ നിലവിൽ വന്നു എന്നതാണ് (ഇലക്ഷനെ പറ്റി പിന്നീടുള്ള അധ്യായത്തിൽ വിശദീകരിക്കാം).

പ്രാതിനിധ്യത്തിൻ്റെ ഇംഗ്ലീഷ് രാഷ്ട്രീയചരിത്രത്തിൽ തുടർന്നു നാം കാണുന്നത് രാജാനുകൂലികളായ പരമ്പരാഗത കുലീനവർഗ്ഗത്തെ മറികടന്ന് നവ ധനികവർഗ്ഗത്തിൻ്റെ സ്വാധീനശക്തി വർദ്ധിക്കുന്നതാണ്. 16-ാം നൂറ്റാണ്ടിൽ കോളനിവാഴ്ചയോടെ- അറ്റ്ലാന്റിക് വ്യാപാരത്തിന്റെയും അമേരിക്കൻ കോളനികളിൽ നിന്നുള്ള സമ്പത്തിന്റെയും വ്യാപനത്തോടെ, യൂറോപ്യൻ വിപണിയിലുണ്ടായ കുതിച്ചുകയറ്റമാണ് ഇംഗ്ലീഷ് നവ ധനികവർഗ്ഗം അവഗണിക്കാനാവാത്ത രാഷ്ട്രീയ പ്രബലശക്തിയാകാൻ പ്രധാന കാരണം. രാജ്യത്തെ സാമ്പത്തിക ശക്തികളായി ഉയർന്ന കച്ചവടക്കാരും പണമിടപാടുകാരും വക്കീലന്മാരും വ്യാപാരപ്രമുഖരും രാജാവ് ഉൾപ്പെടുന്ന പരമ്പരാഗത അധികാര കേന്ദ്രങ്ങളോട് രാഷ്ട്രീയത്തിൽ തങ്ങളുടെ പങ്ക് കണക്കുപറഞ്ഞ് മേടിക്കുന്നതിൻ്റെ തെളിവാണ് ഇംഗ്ലീഷ് ആഭ്യന്തര യുദ്ധം (1642–1649).

സമൂഹത്തിലെ ഉന്നത വിഭാഗങ്ങളിൽ നിന്നുള്ളവരെ രാഷ്ട്രീയ പ്രാതിനിധ്യത്തിലേക്ക് എത്തിക്കുന്നതിനുള്ള സ്ഥാപനപരമായ ഒരു സംവിധാനമായാണ് ഇലക്ഷൻ നിലവിൽ വന്നത്.
സമൂഹത്തിലെ ഉന്നത വിഭാഗങ്ങളിൽ നിന്നുള്ളവരെ രാഷ്ട്രീയ പ്രാതിനിധ്യത്തിലേക്ക് എത്തിക്കുന്നതിനുള്ള സ്ഥാപനപരമായ ഒരു സംവിധാനമായാണ് ഇലക്ഷൻ നിലവിൽ വന്നത്.

അറ്റ്ലാന്റിക് വാണിജ്യവും കോളനിവിപുലീകരണവും അടിമക്കച്ചവടവും സൃഷ്ടിച്ച പുതിയ സമ്പത്ത് പരമ്പരാഗത അധികാരഘടനകളെ വെല്ലുവിളിച്ചു. ഇംഗ്ലീഷ് ആഭ്യന്തര സാമ്പത്തികോന്നതിയുടെ ഈ പുതിയ സ്രോതസ്സുകളെ വിപുലപ്പെടുത്താൻ രാഷ്ട്രീയ പുനഃക്രമീകരണം അനിവാര്യമായി. കാരണം അറ്റ്ലാന്റിക് സാമ്രാജ്യത്തിന്റെ വ്യാപനത്തോടെ നികുതി, പൊതുകടം, നാവികസേന, ചാർട്ടേഡ് കമ്പനികൾ, വിദേശവ്യാപാരം എന്നിവയുടെ നിയന്ത്രണം സങ്കീർണ്ണമായി. ഈ പുതിയ സാമ്പത്തിക യാഥാർഥ്യങ്ങളെ കൈകാര്യം ചെയ്യാൻ രാജാവിന്റെ വ്യക്തിപരമായ ഭരണരീതിക്കപ്പുറം പാർലമെന്റിന്റെ സമ്മതവും സഹകരണവും മാത്രമല്ല, അതിൻ്റെ മുൻകൈയും കൂടാതെ പറ്റില്ലെന്നായി. അങ്ങനെ ഈസ്റ്റ് ഇന്ത്യ കമ്പനി പോലുള്ള ചാർട്ടേഡ് കമ്പനികളും ആഫ്രിക്കൻ അടിമവ്യാപാരവും അമേരിക്കൻ പ്ലാൻ്റേഷൻ കോളനികളും കൈമുതലാക്കിയ ധനികവർഗ്ഗത്തിൻ്റെ ശക്തി നിലവിലുള്ള ഭരണഘടനാക്രമത്തെ പുനഃസംഘടിപ്പിക്കുന്ന രാഷ്ട്രീയ സമ്മർദ്ദമായി മാറി. പുതിയ സാമ്പത്തിക ശക്തികളുടെ താൽപര്യങ്ങൾ നിലവിലുള്ള ഭരണഘടനാക്രമത്തിൽ കൂടുതൽ രാഷ്ട്രീയ പങ്കാളിത്തം ആവശ്യപ്പെടാൻ തുടങ്ങി. ഇതിന്റെ ഫലമായി ഭരണഘടനാസ്ഥാപനങ്ങൾ ക്രമേണ പുനഃസംഘടിപ്പിക്കപ്പെട്ടു.

ഈ ചരിത്രപ്രക്രിയയിലാണ് ഇംഗ്ലീഷ് പാർലമെന്റ് ക്രമേണ രാജാവിൻ്റെ ഉപദേശകസമിതി എന്നതിൽ നിന്ന് സ്വയം രാഷ്ട്രീയാധികാരകേന്ദ്രമായി വളരുന്നത്. അങ്ങനെ പാർലമെൻ്റ് എന്നത് പ്രാദേശിക താൽപര്യങ്ങളെ വ്യക്തിപരമായി പ്രതിനിധീകരിക്കുന്ന ഉപരിവർഗ്ഗസമ്മേളനം എന്നതിനപ്പുറം, വളർന്നുവരുന്ന പുത്തൻ സാമ്പത്തിക വർഗ്ഗം പ്രതിനിധാനം ചെയ്യുന്ന പൊതുതാൽപര്യങ്ങളുടെ അധികാര പ്രതീകമായി മാറി. ഇവരുടെ താൽപര്യങ്ങൾ രാജ്യത്തിൻ്റെ ദേശീയ താല്പര്യങ്ങളായി താദാത്മ്യപ്പെടുന്നിടത്താണ് പാർലമെൻ്റ് സ്വയം അധികാരകേന്ദ്രമായി വികസിക്കുന്നത്.

1707- ൽ ഇംഗ്ലണ്ടിൻ്റെയും സ്കോട്ട്ലാൻ്റിൻ്റെയും പാർലമെൻ്റുകൾ ഒന്നാക്കി (The Acts of Union) ബ്രിട്ടീഷ് പാർലമെൻ്റായി വികസിപ്പിച്ചതിൻ്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്, സമാന യൂറോപ്യൻശക്തികളോട് കോളനിവൽക്കരണത്തിലും വാണിജ്യവ്യാപാരങ്ങളിലും മത്സരിക്കുന്ന ആഭ്യന്തര രാഷ്ട്രീയഘടന ബലപ്പെടുത്തുകയായിരുന്നു. മാത്രമല്ല, ജോർജ്ജ് ഒന്നാമൻ്റെ ഭരണത്തിൽ (1714-1727), ഇംഗ്ലീഷ് രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടാൻ ഭാഷാപരമായ പരിമിതികളുണ്ടായിരുന്ന രാജാവിനെ ഒഴിവാക്കി റോബർട്ട് വാൾപോളിൻ്റെ (Robert Walpole) നേതൃത്വത്തിൽ മന്ത്രിസഭ സ്വതന്ത്രമായി കൂടി തീരുമാനങ്ങളെടുക്കുന്ന രീതിക്ക് തുടക്കമിട്ടു. ഇത് രാജാവിൽ കേന്ദ്രീകരിച്ചിരുന്ന ഭരണനിർവഹണാധികാരത്തെ പ്രധാനമന്ത്രിയാൽ നയിക്കപ്പെടുന്ന ക്യാബിനറ്റ് എന്ന മന്ത്രിതല സമിതിയിലേക്കു മാറ്റി പ്രതിഷ്ഠിക്കുകയും ചെയ്തു.

ഇന്ത്യയിൽ 2024- ലെ ലോക്സഭയിൽ ആകെ 543 പേരിൽ 504 പേരും, മില്യനയേഴ്സിൽ (8.5 കോടി രൂപയിലേറെ ആസ്തിയുള്ളവർ) നിന്നും വന്നവരാണ്. അതായത് ഇന്ത്യൻ ജനസംഖ്യയുടെ 0.31 ശതമാനം മാത്രം വരുന്ന മില്യനയേഴ്‌സ് കുടുംബങ്ങളിൽ നിന്നാണ് 93 ശതമാനം എം.പിമാരും വരുന്നത്.

രാജാവിന്റെ വ്യക്തിപരമായ ഭരണാധികാരത്തെ നിർവീര്യമാക്കിയതോടെ അധികാരം പാർലമെന്റിലേക്കു കേന്ദ്രീകരിച്ചു എന്നു കരുതുന്നത് അബദ്ധമായിരിക്കും. കാരണം, പിന്നീടുള്ള ദശകങ്ങളിൽ നാം കാണുന്നത് ഭരണനിർവ്വഹണം മാത്രമല്ല, നിയമനിർമ്മാണത്തിൻ്റെ മുഖ്യാധികാരവും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റിൻ്റെ അണിയറയിൽ പുനഃകേന്ദ്രീകരിക്കപ്പെടുന്നതായിട്ടാണ്. ഏതു നിയമം എപ്പോൾ കൊണ്ടുവരണം എന്നു മാത്രമല്ല, സഭയിൽ അവതരിപ്പിക്കുന്ന നിയമങ്ങൾ പാസ്സാക്കുന്നതിനുള്ള ഭൂരിപക്ഷനിർമ്മിതിയുടെ സംഘാടകശക്തി കൂടിയായി ക്യാബിനറ്റ് വളർന്നു. ക്യാബിനറ്റ് തീരുമാനത്തിന് സഭയിൽ ഭൂരിപക്ഷം തന്നില്ലെങ്കിൽ, വീണ്ടുമൊരു ഇലക്ഷൻ നേരിടേണ്ടിവരുമെന്ന ഭീഷണി സ്വാഭാവികമായും അംഗങ്ങൾക്കുമുന്നിൽ ഉയർന്നുവന്നു. അപ്പോൾ തൻ്റെ സ്ഥാനസംരക്ഷണത്തിനായി വ്യക്തിപരമായ എതിർപ്പുകളുണ്ടെങ്കിൽ കൂടി, ക്യാബിനറ്റ് കൊണ്ടുവരുന്ന ബില്ലുകൾക്കു പിന്തുണ നൽകാൻ എം.പിമാർ ബാദ്ധ്യസ്ഥരായി. ഓരോ നിർണ്ണായക വോട്ടെടുപ്പും ഒരു ബില്ലിന്റെ ഗുണദോഷങ്ങളെക്കുറിച്ചുള്ള തീരുമാനം മാത്രമല്ല, മന്ത്രിസഭ അധികാരത്തിൽ തുടരണോ വേണ്ടയോ എന്ന ചോദ്യവുമായി ബന്ധപ്പെട്ട വിശ്വാസവോട്ടായി മാറി. ഇത്തരമൊരു സാഹചര്യത്തിൽ മന്ത്രിസഭയ്ക്കു പിന്തുണ ലഭിച്ചില്ലെങ്കിൽ, രാജിവയ്ക്കുമെന്നോ പാർലമെന്റ് പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നോ ഉള്ള പ്രതിസന്ധി വഴി ക്യാബിനറ്റ് സഭയിൽ അച്ചടക്കം ഉറപ്പാക്കാൻ തുടങ്ങി.

വിക്ടോറിയൻ ഇംഗ്ലണ്ടിലെ രാഷ്ട്രീയപാർട്ടികളുടെ വികാസത്തെക്കുറിച്ച് ഗാരി ഡബ്ല്യു. കോക്സ് (Gary W. Cox) എഴുതിയ The Efficient Secret: The Cabinet and the Development of Political Parties in Victorian England എന്ന പുസ്തകത്തിൽ പറയുന്നത്, എക്സിക്യൂട്ടീവിനും ലെജിസ്ലേറ്റീവിനും മേൽ ക്യാബിനറ്റിനു കൈവന്ന സവിശേഷാധികാരങ്ങളാണ് 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ പഴയ പാർട്ടി ചേരികളെ (factions) ഐക്യവും അച്ചടക്കവുമുള്ള രാഷ്ട്രീയപ്പാർട്ടികളാക്കി വികസിപ്പിച്ചതെന്നാണ്. അതിനാൽ രാജാവിന്റെ ഏകാധിപത്യസ്വഭാവമുള്ള അധികാരം ഇല്ലാതായപ്പോൾ അധികാരം വികേന്ദ്രീകരിക്കപ്പെട്ടില്ല; മറിച്ച് പാർലമെന്റിലെ ഭൂരിപക്ഷത്തെ നിയന്ത്രിക്കുന്ന ക്യാബിനറ്റിലൂടെ അത് പുതിയ രൂപത്തിൽ കേന്ദ്രീകരിക്കപ്പെട്ടു. ഈ പുതിയ അധികാരകേന്ദ്രീകരണം ക്യാബിനറ്റിൽ പ്രത്യക്ഷമാണെങ്കിലും യഥാർത്ഥത്തിൽ ക്യാബിനറ്റിനെയും പാർട്ടിനേതൃത്വത്തെയും ഒരൊറ്റ അധികാരകേന്ദ്രമായി പ്രവർത്തിക്കാൻ ഇടവരുത്തി. പാർലമെൻ്റ്- പാർട്ടി അധികാരകേന്ദ്രീകരണം പാർലമെൻ്റിൽ മാത്രമല്ല പുറത്തും പാർട്ടി വിധേയത്വം സൃഷ്ടിച്ചു. പുറത്തെ പാർട്ടിയുടെ ശക്തി അകത്തേക്കും അകത്തെ ക്യാബിനറ്റിൻ്റെ ശക്തി പുറത്തേക്കും പരസ്പരം ബലം പകർന്നു.

റോബർട്ട് വാൾപോള്‍ (Robert Walpole). ജോർജ്ജ് ഒന്നാമൻ്റെ ഭരണത്തിൽ (1714-1727), ഇംഗ്ലീഷ് രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടാൻ ഭാഷാപരമായ പരിമിതികളുണ്ടായിരുന്ന രാജാവിനെ ഒഴിവാക്കി റോബർട്ട് വാൾപോളിൻ്റെ നേതൃത്വത്തിൽ മന്ത്രിസഭ സ്വതന്ത്രമായി കൂടി തീരുമാനങ്ങളെടുക്കുന്ന രീതിക്ക് തുടക്കമിട്ടു.
റോബർട്ട് വാൾപോള്‍ (Robert Walpole). ജോർജ്ജ് ഒന്നാമൻ്റെ ഭരണത്തിൽ (1714-1727), ഇംഗ്ലീഷ് രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടാൻ ഭാഷാപരമായ പരിമിതികളുണ്ടായിരുന്ന രാജാവിനെ ഒഴിവാക്കി റോബർട്ട് വാൾപോളിൻ്റെ നേതൃത്വത്തിൽ മന്ത്രിസഭ സ്വതന്ത്രമായി കൂടി തീരുമാനങ്ങളെടുക്കുന്ന രീതിക്ക് തുടക്കമിട്ടു.

18-ാം നൂറ്റാണ്ടിൻ്റെ ഒടുവിൽ തന്നെ, ക്യാബിനറ്റ് ഭാവിയിൽ പാർട്ടിസംഘാടനത്തിൻ്റെ നേതൃത്വമാകാൻ ഇടവരുത്തുന്ന സാഹചര്യം ഉടലെടുക്കുന്നതു കാണാം. ബ്രിട്ടനെതിരെ അമേരിക്കൻ കോളനികൾ നടത്തിയ സ്വാതന്ത്ര്യസമരം (1775–1783) ബ്രിട്ടീഷ് പാർലമെന്ററി രാഷ്ട്രീയത്തെ മറ്റൊരു ഘട്ടത്തിലേക്ക് ഉയർത്തി. അമേരിക്കൻ യുദ്ധത്തിലെ പരാജയത്തെ തുടർന്ന് പ്രധാനമന്ത്രി ഫ്രെഡറിക് നോർത്തിന്റെ (1770–1782) മന്ത്രിസഭയ്ക്ക് പാർലമെന്റിന്റെ വിശ്വാസം നഷ്ടമായി. 1782-ൽ അദ്ദേഹത്തിൻ്റെ മന്ത്രിസഭ രാജിവച്ചത് ബ്രിട്ടീഷ് ഭരണഘടനാ ചരിത്രത്തിലെ നിർണായക സംഭവമായിരുന്നു. മന്ത്രിസഭയുടെ നിലനിൽപ്പ് ഇനി രാജാവിന്റെ വിശ്വാസത്തെക്കാൾ പാർലമെന്റിന്റെ വിശ്വാസത്തെ ആശ്രയിക്കണമെന്ന ഭരണഘടനാപരമായ കീഴ്‌വഴക്കം ഇതിലൂടെ ഉറപ്പിക്കപ്പെട്ടു. അതോടൊപ്പം സാമ്രാജ്യശക്തിയായി വളരുന്ന ബ്രിട്ടൻ്റെ അഭിമാനമായ കോളനികളെ കാത്തുസൂക്ഷിക്കാനും പിടിച്ചടക്കാനും വിപുലമാക്കാനും പറ്റാത്ത ക്യാബിനറ്റിന് അധികാരത്തിൽ തുടരാൻ അർഹതയില്ല എന്ന മുന്നറിയിപ്പായി ഫ്രെഡറിക് നോർത്തിൻ്റെ രാജിയെ കാണാൻ കഴിയും.

ഈ അവസരത്തിലാണ് നിലവിലുണ്ടായിരുന്ന രാഷ്ട്രീയചേരികൾ ക്രമേണ സംഘടിത രാഷ്ട്രീയ പാർട്ടികളായി രൂപാന്തരപ്പെടുകയും, പാർലമെന്ററി ഭരണത്തിന്റെ അനിവാര്യ സ്ഥാപനങ്ങളായി മാറുകയും ചെയ്തത്. പിന്നീട് പൊതു തെരഞ്ഞെടുപ്പുകൾ പ്രധാനമായും പാർലമെന്റിൽ ഭൂരിപക്ഷം നേടാനുള്ള പാർട്ടികൾ തമ്മിലുള്ള മത്സരമായി രൂപാന്തരപ്പെട്ടു. പൊതുതെരഞ്ഞെടുപ്പിന്റെ ലക്ഷ്യം പ്രതിനിധികളെ മാത്രം തിരഞ്ഞെടുക്കുക എന്നതിൽ നിന്ന് പാർലമെന്റിൽ ഭൂരിപക്ഷം നേടാൻ കഴിയുന്ന പാർട്ടിയെ തിരഞ്ഞെടുക്കുക എന്നതിലേക്ക് ക്രമേണ മാറി. പാർട്ടിനേതൃത്വം തന്നെ ക്യാബിനറ്റായി തീരുകയും എം.പി. മാരെ പാർട്ടി വഴി തങ്ങളുടെ നിയന്ത്രണത്തിൽ നിർത്തുകയും ചെയ്തു.

ക്യാബിനറ്റിൻ്റെ ഇംഗിതങ്ങളെ അനുസരിക്കാൻ പാർലമെന്റിൽ സ്ഥിരഭൂരിപക്ഷം നിലനിർത്തുന്ന രാഷ്ട്രീയ സംവിധാനം ഭരണകക്ഷിയെയും പ്രതിപക്ഷത്തെയും കൂടി സൃഷ്ടിച്ചു. 1830-കളിലും 1840-കളിലും ഭരണപക്ഷ- പ്രതിപക്ഷങ്ങൾ ബ്രിട്ടീഷ് പാർലമെന്ററി രാഷ്ട്രീയത്തിന്റെ സാധാരണ മാതൃകയായി രൂപപ്പെട്ടു; 1860-കളോടെ സർക്കാർ–പ്രതിപക്ഷവ്യവസ്ഥയും പാർട്ടിവിപ്പും ഭരണഘടനാപരമായ കീഴ്‌വഴക്കങ്ങളായി ഉറപ്പിക്കപ്പെട്ടു. ഇതോടെ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള സംഘടനകൾ മാത്രമല്ല, സർക്കാർ രൂപീകരണത്തിന്റെയും ഭരണത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിന്റെയും ഭരണഘടനാപരമായ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന സ്ഥാപനങ്ങളായും മാറി.

ക്യാബിനറ്റിൻ്റെ അധികാര കേന്ദ്രീകരണ വളർച്ചയും രാഷ്ട്രീയപ്പാർട്ടികളുടെ സ്ഥാപനവൽക്കരണവും തെരഞ്ഞെടുപ്പിൻ്റെ സാർവ്വത്രിക വോട്ടവകാശത്തിലേക്കുള്ള പരിവർത്തനവും ഏകകാലത്ത് സംഭവിക്കുന്നതായി കാണാം

ഗാരി കോക്സ് പറയുന്നത്, 19-ാം നൂറ്റാണ്ടിൻ്റെ മധ്യത്തിലെ പത്രമാധ്യമവളർച്ച പാർലമെൻ്റിലെ വാഗ്വാദങ്ങളെ ജനങ്ങളിലെത്തിച്ചപ്പോൾ, പക്ഷപാതപരമായ മാധ്യമറിപ്പോർട്ടിംഗ് വഴി ജനങ്ങൾ വ്യക്തിഗത സ്ഥാനാർത്ഥികളേക്കാൾ പാർട്ടികളോട് ആഭിമുഖ്യം കാട്ടിത്തുടങ്ങിയെന്നാണ്. ഒന്നാം ലോകയുദ്ധമായപ്പോഴേക്കും പാർലമെൻ്ററി ഡെമോക്രസി എങ്ങും പാർട്ടിയധിഷ്ഠിത ഡെമോക്രസിയായി സ്ഥിരപ്പെട്ടു കഴിഞ്ഞു.

ക്യാബിനറ്റിൻ്റെ അധികാര കേന്ദ്രീകരണ വളർച്ചയും രാഷ്ട്രീയപ്പാർട്ടികളുടെ സ്ഥാപനവൽക്കരണവും തെരഞ്ഞെടുപ്പിൻ്റെ സാർവ്വത്രിക വോട്ടവകാശത്തിലേക്കുള്ള പരിവർത്തനവും ഏകകാലത്ത് സംഭവിക്കുന്നതായി കാണാം. തെരഞ്ഞെടുക്കാനുള്ള അവകാശം സാർവ്വത്രികമായി മാറുന്നതിനോടൊപ്പം രാഷ്ട്രത്തെ സംബന്ധിച്ച് ദൈനംദിനവും ദൂരവ്യാപകവുമായ തീരുമാനങ്ങളെടുക്കാനുള്ള അധികാരം ക്യാബിനറ്റിലും കേന്ദ്രീകരിച്ചു. ക്യാബിനറ്റിൽ അധികാരം കേന്ദ്രീകരിച്ചു. എന്നാൽ പാർട്ടി നേതൃത്വത്തിലേക്ക് അധികാരം എത്തിച്ചേർന്നു എന്നു കൂടിയാണർത്ഥം. അതോടൊപ്പം ഭൂരിപക്ഷ ഭരണം സഭാംഗങ്ങളുടെ വ്യക്തിപരമായ വിവേചനാധികാരത്തെ ഇല്ലാതാക്കി, അവരെ പാർട്ടി വിപ്പിനു കീഴിലാക്കിയെങ്കിൽ, പാർലമെൻ്റിനു പുറത്ത് സമൂഹത്തിൽ വോട്ടർമാരുടെ വ്യക്തിപരമായ രാഷ്ട്രീയവിവേചനശേഷി അപ്രസക്തമാക്കപ്പെടുകയും അവർ പാർട്ടി നോക്കി വോട്ടുചെയ്യാൻ ശീലിക്കപ്പെടുകയും ചെയ്തു.

അങ്ങനെ, പ്രാതിനിധ്യ ജനായത്തത്തിന്റെ ചരിത്രപരമായ വികാസം അധികാരം രാജാവിൽ നിന്ന് ജനങ്ങളിലേക്കല്ല, രാജാവിൽനിന്ന് പാർലമെന്ററി ഭൂരിപക്ഷത്തെ നിയന്ത്രിക്കുന്ന പാർട്ടി നേതൃത്വത്തിലേക്കാണ് പുനഃസംഘടിപ്പിച്ചത്. ഇതാണ് ആധുനിക പാർട്ടി ആധിപത്യത്തിന്റെ സ്ഥാപനപരമായ അടിത്തറ.

ജനായത്ത ഭരണഘടനയും
പാർട്ടികളും

മധ്യകാലഘട്ടത്തിൽ അതാത് പ്രദേശങ്ങളെയും ഭരണകൂടത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനിലക്കാരായിരുന്നു പാർലമെൻ്റ് പ്രതിനിധികൾ. എന്നാൽ പാർലമെൻ്റ് എന്നത് ആഭ്യന്തര വിഷയങ്ങളേക്കാൾ രാജ്യാന്തര വിഷയങ്ങൾ ചർച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ആധുനിക കാലത്ത് കോളനിവാഴ്ചയോടെ പരിണമിക്കുന്നുണ്ട്. കാരണം ആഭ്യന്തരമായ ഉയർച്ചയും സുസ്ഥിതിയും സാമ്രാജ്യത്വ കോളനിവാഴ്ചയിൽ രാജ്യാന്തര ആധിപത്യവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. പ്രാദേശികതയെ അതിലംഘിക്കുന്ന ദേശീയമായ അസ്തിത്വം ഭാഷാസംസ്കാരാദികളുടെ ഏകീകരണത്തിലൂടെ ഓരോ യൂറോപ്യൻ സാമ്രാജ്യവും സ്വയം നിർമ്മിക്കുന്ന സന്ദർഭമാണിത്. അപ്പോൾ വിദേശനയങ്ങൾ ആഭ്യന്തര രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്നതായി മാറി.

വിദേശനയം ആഭ്യന്തര രാഷ്ട്രീയഘടനയിൽ അടിമുടി മാറ്റമുണ്ടാക്കുന്നതായി എന്നതിൻ്റെ തെളിവാണ് 1782- ൽ ഫ്രെഡറിക് നോർത്ത് മന്തിസഭയുടെ രാജി (ഫ്രെഡറിക് നോർത്ത് ഇന്ന് അറിയപ്പെടുന്നതും "അമേരിക്ക നഷ്ടപ്പെട്ട പ്രധാനമന്ത്രി" എന്നാണ്). അമേരിക്കയെ ചൊല്ലി, പാർലമെൻ്റ് അംഗങ്ങൾ അവരുടെ പ്രാദേശിക പ്രാതിനിധ്യത്തിൻ്റെ പരമ്പരാഗത ശൈലിക്ക് അതീതമായി ദേശീയതാൽപര്യത്തിൽ ഒരുമിച്ചു നിന്ന്, ക്യാബിനറ്റിൽ അവിശ്വാസപ്രമേയം കൊണ്ടുവന്നതിനാലാണ് നോർത്തിനു രാജിവെയ്ക്കേണ്ടിവന്നതും.

ഫ്രെഡറിക് നോർത്ത്. വിദേശനയം ആഭ്യന്തര രാഷ്ട്രീയഘടനയിൽ അടിമുടി മാറ്റമുണ്ടാക്കുന്നതായി എന്നതിൻ്റെ തെളിവാണ് 1782- ൽ ഫ്രെഡറിക് നോർത്ത് മന്തിസഭയുടെ രാജി (ഫ്രെഡറിക് നോർത്ത് ഇന്ന് അറിയപ്പെടുന്നതും "അമേരിക്ക നഷ്ടപ്പെട്ട പ്രധാനമന്ത്രി" എന്നാണ്).
ഫ്രെഡറിക് നോർത്ത്. വിദേശനയം ആഭ്യന്തര രാഷ്ട്രീയഘടനയിൽ അടിമുടി മാറ്റമുണ്ടാക്കുന്നതായി എന്നതിൻ്റെ തെളിവാണ് 1782- ൽ ഫ്രെഡറിക് നോർത്ത് മന്തിസഭയുടെ രാജി (ഫ്രെഡറിക് നോർത്ത് ഇന്ന് അറിയപ്പെടുന്നതും "അമേരിക്ക നഷ്ടപ്പെട്ട പ്രധാനമന്ത്രി" എന്നാണ്).

ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞനായ എഡ്മൺഡ് ബർക്ക് 1774- ൽ ബ്രിസ്റ്റോളിലെ സമ്മതിദായകരോട് നടത്തിയ പ്രസിദ്ധമായ പ്രസംഗത്തിൽ (Speech to the Electors of Bristol ) "Parliament is not a congress of ambassadors from different and hostile interests... Parliament is a deliberative assembly of one nation, with one interest, that of the whole" എന്നു പറയുന്നുണ്ട്. ഇതിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി പ്രാദേശിക താൽപര്യങ്ങളുടെ ഡെലിഗേറ്റ് എന്നതിൽ നിന്ന്, തൻ്റെ ഇച്ഛാനുസരണം രാഷ്ട്രത്തിനായി പ്രവർത്തിക്കാൻ സമ്മതിദായകർ വോട്ടെടുപ്പിലുടെ കൺസെൻ്റ് നൽകിയ അവരുടെ ഒരു ട്രസ്റ്റിയായി മാറുന്നതു കാണാം.

തെരഞ്ഞെടുക്കപ്പെട്ടയാൾ തെരഞ്ഞെടുക്കപ്പെടുന്നവരിൽനിന്ന് അവരുടെ ഒരു ട്രസ്റ്റിയായി ഉയർന്ന് സ്വേച്ഛാപ്രകാരം പ്രവർത്തിക്കാൻ ഏറെക്കുറെ സ്വാതന്ത്ര്യം നേടുന്ന ചരിത്രഘട്ടമാണിത്. ആധുനിക പ്രാതിനിധ്യ ജനായത്തത്തിൻ്റെ ഭരണഘടനാ നിർമ്മാതാക്കൾ തന്നെ ജനപ്രതിനിധിയെ ജനതാൽപര്യങ്ങളുടെ ഡെലിഗേറ്റ് എന്ന ചുമതലയിൽനിന്ന് ബോധപൂർവ്വം ഒഴിവാക്കുന്നതായി ബർണാഡ് മാനിൻ (Bernard Manin) ‘The Principles of Representative Government’ എന്ന പുസ്തകത്തിൽ കണ്ടെത്തുന്നു. ഫ്രഞ്ചു വിപ്ലവത്തിനുമുമ്പ് പാർലമെൻ്റായ എസ്റ്റേറ്റ് ജനറലിൽ എത്തുന്ന പ്രതിനിധികൾ പ്രാദേശിക ജനങ്ങളുടെ, എഴുതിത്തയാറാക്കപ്പെട്ട ആവശ്യങ്ങളുടെയും പരാതികളുടെയും സന്ദേശവാഹകരായിരുന്നു. എന്നാൽ, നിയമപരമായി പ്രാദേശികാവശ്യങ്ങളുടെ ഡലിഗേറ്റുകളല്ല പ്രതിനിധികൾ എന്ന് 1789- ലെ, വിപ്ലകാരികളുടെ അസംബ്ലി തീരുമാനമെടുത്തു. അവരെ രാഷ്ട്രത്തിൻ്റെ മൊത്തം പ്രതിനിധികളായി കണ്ടു.

ഫ്രഞ്ചുവിപ്ലവകാലത്ത്, തൊഴിലാളിവർഗ്ഗത്തിൽപെട്ട വിപ്ലവകാരികൾ (Sans-Culottes), ജനപ്രതിനികൾ ജനങ്ങളുടെ തുടർച്ചയായ നിയന്ത്രണത്തിലാകണമെന്നും, അവരെ ജനങ്ങൾക്ക് ഏതുസമയവും മാറ്റാൻ അധികാരം ഉണ്ടായിരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വിപ്ലവത്തിനുശേഷം നടപ്പിലാക്കപ്പെട്ടതാകട്ടെ പ്രതിനിധികൾ സ്വതന്ത്രമായി തീരുമാനമെടുക്കണം എന്ന അഭിപ്രായമാണ്. അതിനാൽ ബർണാഡ് മാനിൻ പറയുന്നത്, പ്രാതിനിധ്യഭരണമെന്നത് ശരിയായ ജനായത്തത്തിൻ്റെ വെള്ളം ചേർത്ത രൂപം മാത്രമല്ല എന്നും, അത് സാർവ്വത്രിക വോട്ടവകാശത്തിനുമേൽ ജനപ്രതിനിധിയുടെ സ്വയം തീരുമാനാവകാശത്തെയും (autonomy) സ്വാതന്ത്ര്യത്തെയും പ്രതിഷ്ഠിച്ചിരിക്കുന്നു എന്നുമാണ്.

ജനപ്രതിനിധി ജനകീയ ഇച്ഛയുടെ വാഹകനല്ല എന്നു നിർണ്ണയിക്കപ്പെടുകയും അയാൾ രാഷ്ട്രത്തിൻ്റെ മൊത്തം ഇച്ഛയെ പ്രതിഫലിപ്പിക്കണം എന്നും തീരുമാനിക്കപ്പെടുകയും ചെയ്തപ്പോൾ, അയാൾക്ക് രാഷ്ട്രീയമായ ചേരിതിരിവുണ്ടാകരുതെന്നും പാശ്ചാത്യ ഭരണഘടനാശില്പികൾ ആവശ്യപ്പെടുന്നുണ്ട്. അമേരിക്കൻ ഭരണഘടനയും (1787) ഫ്രഞ്ച് ഭരണഘടനയും (1791) രാഷ്ട്രീയപാർട്ടികളെ പരാമർശിക്കുന്നില്ല. രാഷ്ട്രീയ വിഭാഗീയത പ്രതിനിധികളുടെ സ്വതന്ത്ര വിവേചനബുദ്ധിയെ ദുർബ്ബലപ്പെടുത്തുമെന്നും രാഷ്ട്രത്തിന്റെ പൊതുതാൽപ്പര്യത്തിന് ഭീഷണിയാകുമെന്നും അമേരിക്കൻ ഭരണഘടനാശില്പികൾ കരുതിയിരുന്നു. അതുകൊണ്ടാണ് അവർ ഭരണഘടനയിൽ രാഷ്ട്രീയ പാർട്ടികൾക്ക് ഭരണഘടനാപരമായ യാതൊരു സ്ഥാനവും നൽകാതിരുന്നത്. അതുപോലെ ഫ്രഞ്ച് വിപ്ലവകാരികളും സംഘടിത രാഷ്ട്രീയ പാർട്ടികളെ സംശയത്തോടെയാണ് കണ്ടത്. പ്രതിനിധികൾ ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെയോ കൂട്ടായ്മയുടെയോ താൽപര്യങ്ങളല്ല, മറിച്ച് രാഷ്ട്രത്തിന്റെ പൊതുതാൽപ്പര്യത്തെയാണ് പ്രതിനിധാനം ചെയ്യേണ്ടതെന്നായിരുന്നു അവരുടെ നിലപാട്. അതിനാൽ സംഘടിത രാഷ്ട്രീയ ചേരിതിരിവുകൾ പ്രതിനിധികളെ പൊതുതാൽപ്പര്യത്തിൽ ഒന്നിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം.

ഫ്രഞ്ചു വിപ്ലവത്തിനുമുമ്പ് പാർലമെൻ്റായ എസ്റ്റേറ്റ് ജനറലിൽ എത്തുന്ന പ്രതിനിധികൾ പ്രാദേശിക ജനങ്ങളുടെ, എഴുതിത്തയാറാക്കപ്പെട്ട ആവശ്യങ്ങളുടെയും പരാതികളുടെയും സന്ദേശവാഹകരായിരുന്നു.
ഫ്രഞ്ചു വിപ്ലവത്തിനുമുമ്പ് പാർലമെൻ്റായ എസ്റ്റേറ്റ് ജനറലിൽ എത്തുന്ന പ്രതിനിധികൾ പ്രാദേശിക ജനങ്ങളുടെ, എഴുതിത്തയാറാക്കപ്പെട്ട ആവശ്യങ്ങളുടെയും പരാതികളുടെയും സന്ദേശവാഹകരായിരുന്നു.

ബ്രിട്ടീഷ് ഭരണഘടനാ പാരമ്പര്യത്തിലോ ഇന്ത്യൻ ഭരണഘടനയുടെ യഥാർത്ഥ രൂപത്തിലോ രാഷ്ട്രീയ പാർട്ടികൾക്ക് പ്രത്യേക ഭരണഘടനാപരമായ പദവി നൽകിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ 1985-ലെ 52-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് (പത്താം പട്ടിക) പാർട്ടി വിപ്പിനെയും കൂറുമാറ്റത്തെയും സംബന്ധിച്ച വ്യവസ്ഥകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയതുതന്നെ. അതായത്, രാഷ്ട്രീയപ്പാർട്ടികൾ ഭരണഘടന നേരിട്ട് സൃഷ്ടിച്ച ഭരണസ്ഥാപനങ്ങളല്ല. എന്നിരുന്നാലും ക്യാബിനറ്റിൽ സർവ്വാധികാരം സന്നിവേശിപ്പിച്ച പാർലമെന്ററി ഭരണത്തിന്റെ പ്രവർത്തന യുക്തിയിൽനിന്ന് ഉരുത്തിരിഞ്ഞ സ്ഥാപനങ്ങളെന്ന നിലയിൽ, സർക്കാർ രൂപീകരിക്കാനും സഭയിൽ ഭൂരിപക്ഷം നിലനിർത്താനും ഭരണതുടർച്ച ഉറപ്പാക്കാനും അവ അനിവാര്യമായ ഭരണഘടനാപരമായ പ്രവർത്തനങ്ങൾ നിർവഹിക്കുന്നവയായി പരിണമിച്ചു. ഭരണഘടന രാഷ്ട്രീയ പാർട്ടികളെ സൃഷ്ടിച്ചില്ല; പാർലമെന്ററി ഭരണത്തിന്റെ സ്ഥാപനപരമായ ആവശ്യകതയാണ് രാഷ്ട്രീയ പാർട്ടികളെ അനിവാര്യമാക്കിയിരിക്കുന്നത്.

അതായത്, ചരിത്രം മറ്റൊരു ദിശയിലേക്കാണ് നീങ്ങിയത്. ആധുനിക അധികാര കേന്ദ്രീകരണത്തിൻ്റെ പ്രായോഗിക ആവശ്യങ്ങൾ രാഷ്ട്രീയപ്പാർട്ടികളെ അനിവാര്യമായ സ്ഥാപനങ്ങളാക്കി മാറ്റി. പ്രതിനിധികൾക്ക് രാഷ്ട്രീയ ചേരിതിരിവ് പാടില്ല എന്നു ശഠിച്ച അമേരിക്കയിലും ഫ്രാൻസിലുമെല്ലാം ക്രമേണ രാഷ്ട്രതാൽപര്യങ്ങളുടെ നേരവകാശികളായി രാഷ്ട്രീയപ്പാർട്ടികൾ സജീവമായി. അങ്ങനെ ഭരണഘടനകൾ മുൻകൂട്ടി വിഭാവനം ചെയ്യാത്ത ഒരു സ്ഥാപനം, ഭരണഘടനാപ്രവർത്തനത്തിന്റെ കേന്ദ്രശക്തിയായി പരിണമിച്ചു. ജനപ്രതിനിധി ജനങ്ങളുടെ ആവശ്യങ്ങളുടെ പ്രതിനിധിയാകണമെന്നും, അതിനാൽ അവർ ജനങ്ങളുടെ അധീനതയിലാകണമെന്നും തീരുമാനിക്കുന്നതു കൈവിട്ട്, രാഷ്ട്ര താൽപര്യാർത്ഥം പ്രതിനിധികളെ ജനങ്ങളിൽനിന്ന് സ്വതന്ത്രരാക്കി, ജനങ്ങൾക്കുവേണ്ടി തീരുമാനങ്ങളെടുക്കാൻ സ്വയം അധികാരമുള്ളവരാക്കി മോചിപ്പിച്ചപ്പോൾ, അവരുടെ കൂട്ടായ്മയെന്ന നിലയിൽ രാഷ്ട്രതാൽപര്യത്തെ ക്യാബിനറ്റിൻ്റെ അധികാരത്തിലൂടെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്പാർട്ടികൾ രംഗത്തുവന്നു. തെരഞ്ഞെടുപ്പിലൂടെ ക്യാബിനറ്റ് അധികാരങ്ങൾ കരസ്ഥമാക്കാൻ, രാഷ്ട്രതാല്പര്യത്തിൻ്റെ യഥാർത്ഥ അവകാശി തങ്ങൾ മാത്രമാണെന്നു ഓരോ രാഷ്ട്രീയപ്പാർട്ടിയും അവരവരുടെ ഐഡിയോളജി വെച്ചു സ്ഥാപിച്ചു.

പ്രാദേശിക വ്യക്തിപ്രതിനിധാനത്തിന്റെ സ്ഥാനത്ത് ദേശീയപാർട്ടി പ്രാതിനിധ്യം ഉയർന്നുവന്നതാണ് ആധുനിക പാർട്ടി ജനായത്തത്തിന്റെ അടിസ്ഥാന സവിശേഷത. രാഷ്ട്രത്തിൻ്റെ പൊതുതാല്പര്യത്തിൻ്റെ പേരിൽ ജനങ്ങളിൽനിന്ന് സ്വതന്ത്രനായ പ്രതിനിധി തൻ്റെ രാഷ്ട്രതാൽപര്യം രാഷ്ട്രീയപ്പാർട്ടിയിലൂടെ പ്രകടിപ്പിക്കുന്നു. ജനങ്ങളിൽനിന്ന് അയാൾ സ്വതന്ത്രനാവുകയും രാഷ്ട്രീയപ്പാർട്ടിയിൽ സുരക്ഷിതനാവുകയും ചെയ്യുന്നു. പാർട്ടിയാകട്ടെ രാഷ്ട്രത്തെ പ്രതിനിധാനം ചെയ്യുന്ന അതീതശക്തിയായി നിലകൊള്ളുന്നു.

ഭരണകൂട സ്ഥാപനങ്ങളിലേക്കു കൂടി പ്രവേശിച്ച് കൂടുതൽ സ്വാധീനം ഉറപ്പാക്കി തുടർഭരണം സാധ്യമാക്കാൻ ഭരണപാർട്ടികൾ ശ്രമിക്കുന്നു. കാരണം, ക്യാബിനറ്റ് എന്നത് സ്വയമേവ സ്വേച്ഛാപരമായ അധികാരശക്തിയാണ്.

പ്രൊഫഷണൽ രാഷ്ട്രീയവർഗ്ഗം

സഭയിൽ ഭൂരിപക്ഷം ഉറപ്പാക്കി സർക്കാർ രൂപീകരിച്ച് ഭരണസ്ഥിരതയും തുടർച്ചയും ഉറപ്പാക്കുക എന്നത് പാർട്ടികളുടെ ചുമതലയാണിപ്പോൾ. ഈ സാഹചര്യത്തിൽ ഭരണകൂട സ്ഥാപനങ്ങളിലേക്കും കൂടി പ്രവേശിച്ച് കൂടുതൽ സ്വാധീനം ഉറപ്പാക്കി തുടർഭരണം സാധ്യമാക്കാൻ ഭരണപാർട്ടികൾ ശ്രമിക്കുന്നു. കാരണം, ക്യാബിനറ്റ് എന്നത് സ്വയമേവ സ്വേച്ഛാപരമായ അധികാരശക്തിയാണ്. ഇങ്ങനെയാണ് പാർട്ടിയും ഭരണകൂടവും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞ് പാർട്ടിരക്ഷാകർത്തൃത്വത്തിന്റെയും ഭരണകൂടത്തിലേക്കുള്ള പാർട്ടിവ്യാപനത്തിന്റെയും സ്ഥാപനപരമായ അധിനിവേശം രൂപപ്പെടുന്നത്. ഭരണകൂട സ്ഥാപനങ്ങൾ വശത്താക്കുക എന്നതിനപ്പുറം, പാർട്ടിആധിപത്യം അതിശക്തമാകുന്ന ചില സന്ദർഭങ്ങളിൽ, ഭരണകൂടത്തിൻ്റെ നിയമപരമായ അധികാര പ്രയോഗത്തിന് സമാന്തരമായി പാർട്ടിപ്രവർത്തകർ തന്നെ രംഗത്തിറങ്ങി, എതിരാളികളെ നേരിട്ടു പാർട്ടിയാധിപത്യത്തിൻ്റെ ‘ക്രമസമാധന’ത്തിലേക്കു കൊണ്ടുവരുന്നതും സംഭവിക്കാറുണ്ട്.

ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള പാർട്ടിഭരണങ്ങളിൽ, പോലീസ് മാതിരിയുള്ള ഭരണകൂട സ്ഥാപനങ്ങളുടെയും പാർട്ടിസംഘടനയുടെയും അതിർവരമ്പുകൾ കൂടുതൽ മാഞ്ഞുപോകുകയും, പാർട്ടി പ്രവർത്തകർ ഭരണകൂടത്തിന്റെ ഔപചാരിക അധികാരഘടനകൾക്ക് സമാന്തരമായോ അവയുമായി ഇഴചേർന്നോ പ്രവർത്തിക്കുന്ന പ്രവണതകൾ ശക്തിപ്പെടുകയും ചെയ്യുന്നു. അത്തരം സാഹചര്യങ്ങളിൽ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്ന പ്രധാന ശക്തിയായി പാർട്ടിസംഘടനയെ അനുഭവപ്പെടുന്നു. അതുവഴി പൗരസമൂഹം നിയമത്തിന്റെ ഭരണത്തേക്കാൾ പാർട്ടിശക്തിയുടെ സ്വാധീനത്തിൽ ജീവിക്കേണ്ട സാഹചര്യം രൂപപ്പെടുന്നു.

ഭരണകൂടത്തിൻ്റെ നിയമപരമായ അധികാര പ്രയോഗത്തിന് സമാന്തരമായി പാർട്ടിപ്രവർത്തകർ തന്നെ രംഗത്തിറങ്ങി, എതിരാളികളെ നേരിട്ടു പാർട്ടിയാധിപത്യത്തിൻ്റെ ‘ക്രമസമാധന’ത്തിലേക്കു കൊണ്ടുവരുന്നതും സംഭവിക്കാറുണ്ട്.
ഭരണകൂടത്തിൻ്റെ നിയമപരമായ അധികാര പ്രയോഗത്തിന് സമാന്തരമായി പാർട്ടിപ്രവർത്തകർ തന്നെ രംഗത്തിറങ്ങി, എതിരാളികളെ നേരിട്ടു പാർട്ടിയാധിപത്യത്തിൻ്റെ ‘ക്രമസമാധന’ത്തിലേക്കു കൊണ്ടുവരുന്നതും സംഭവിക്കാറുണ്ട്.

ഭൂരിപക്ഷനിർമ്മിതിയെ കേന്ദ്രമാക്കിയ പാർലമെന്ററി ജനായത്തം ചില സാഹചര്യങ്ങളിൽ ഫാഷിസ്റ്റ് പ്രവണതയുള്ള രാഷ്ട്രീയപ്പാർട്ടികളുടെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങളും സൃഷ്ടിക്കാം. ക്യാബിനറ്റിനുവേണ്ടി ഭൂരിപക്ഷം രൂപീകരിക്കുക എന്ന ലക്ഷ്യം രാഷ്ട്രീയ മത്സരത്തിന്റെ കേന്ദ്രമാകുമ്പോൾ, സമൂഹത്തിൽ നിലവിലുള്ള മത, വംശീയ, ഭാഷാ, സാംസ്കാരിക വേർതിരിവുകളെ രാഷ്ട്രീയമായി സമാഹരിച്ച് ഭൂരിപക്ഷം നിർമ്മിക്കാനുള്ള പ്രവണത ഉണ്ടാകുന്നു. അതിനാൽ നിരുപദ്രവകരമായ സാമൂഹിക യാഥാർത്ഥ്യങ്ങളെ ശത്രുതാപരമാക്കി, മൂർച്ചയുള്ള രാഷ്ട്രീയ തിരിച്ചറിയലുകളാക്കി മാറ്റുന്ന രാഷ്ട്രീയപ്പാർട്ടികൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. ഏത് സാമൂഹിക വിഭജനമാണോ ഭൂരിപക്ഷ നിർമ്മാണത്തിനും അധികാരലബ്ധിക്കും കൂടുതൽ സഹായകമാകുന്നത്, അതിനെ രാഷ്ട്രീയവൽക്കരിക്കാനുള്ള തിടുക്കം അത്രത്തോളം ശക്തമാകുന്നു. ഈയർത്ഥത്തിൽ പാർട്ടികളെ vote-maximizing entrepreneurs ആയി കാണാമെന്ന് ചില പൊളിറ്റിക്കൽ സോഷ്യോളജിസ്റ്റുകൾ പറയുന്നുണ്ട്.

ഇലക്ഷൻ, സ്ഥാനാർത്ഥി നിർണ്ണയം, പാർലമെന്റിൽ ഭൂരിപക്ഷം ഉറപ്പാക്കൽ, മന്ത്രിസഭാ രൂപീകരണം, നിയമനിർമ്മാണം, ഭരണനിർവഹണം എന്നിവയിലൂടെ രാഷ്ട്രീയപാർട്ടികൾ ഭരണസംവിധാനത്തിന്റെ നെടുംതൂണുകളായി മാറിയതോടെ രാഷ്ട്രീയം ഒരു സ്ഥിരം തൊഴിലായി രൂപാന്തരപ്പെട്ടു. ആദ്യകാല പ്രതിനിധികൾ ഭൂവുടമകളോ കച്ചവടക്കാരോ വക്കീലന്മാരോ ആയിരുന്നു; അവരുടെ പ്രധാന ഉപജീവനമാർഗ്ഗം രാഷ്ട്രീയത്തിനുപുറത്തായിരുന്നു. എന്നാൽ പാർട്ടി സംവിധാനത്തിന്റെ വികാസത്തോടെ മുഴുവൻ സമയവും രാഷ്ട്രീയ പ്രവർത്തനത്തിനായി സമർപ്പിക്കുന്ന ഒരു പുതിയ വിഭാഗം ഉയർന്നുവന്നു. പാരമ്പര്യമായി അധികാരം കൈവശം വച്ചിരുന്ന രാജകീയ- കുലീന പദവികളുടെ രാഷ്ട്രീയ കേന്ദ്രസ്ഥാനത്തെ ക്രമേണ തൊഴിൽ രാഷ്ട്രീയക്കാർ (professional politicians) കൈയടക്കി. അധികാരം പാരമ്പര്യമായി കൈമാറപ്പെടുന്ന ഒരു വർഗ്ഗത്തിന്റെ സ്ഥാനത്ത്, പാർട്ടിയെ അടിസ്ഥാനമാക്കി രാഷ്ട്രീയം ഉപജീവനമാർഗ്ഗമാക്കിയ ഒരു പുതിയ വർഗ്ഗം രൂപപ്പെട്ടു. ആധുനിക പ്രാതിനിധ്യ ജനായത്തത്തിന്റെ ഏറ്റവും വലിയ സാമൂഹിക സൃഷ്ടികളിലൊന്നാണ് ഈ പ്രൊഫഷണൽ രാഷ്ട്രീയവർഗ്ഗം.

പാർലമെന്റിൽ അധികാരത്തിനായി പാർട്ടികൾ പരസ്പരം മത്സരിക്കുന്നുണ്ടെങ്കിലും, പ്രൊഫഷണൽ രാഷ്ട്രീയവർഗ്ഗമെന്ന നിലയിൽ അവരുടെ ചില പൊതുതാൽപര്യങ്ങൾ നിലനിൽക്കാറുണ്ട്.

രാജഭരണത്തിൽ അധികാരം പാരമ്പര്യമായി രാജകുടുംബത്തിന്റെയും കുലീനവർഗ്ഗത്തിന്റെയും കൈകളിലായിരുന്നു. പാർലമെന്ററി ജനായത്തത്തിൽ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ ഭരണച്ചുമതല ഒരു പ്രൊഫഷണൽ രാഷ്ട്രീയ വർഗ്ഗത്തിന് കൈമാറുന്നു എന്നതാണ് അടിസ്ഥാന വ്യത്യാസം. അതിനാൽ പ്രൊഫഷണൽ രാഷ്ട്രീയവർഗ്ഗത്തെ നിലനിർത്തുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത് പാർട്ടികളുടെ അനിവാര്യ ചുമതലയാണ്. തെരഞ്ഞെടുക്കപ്പെടുന്ന പദവികളിലേക്കു മാത്രമല്ല, ഭരണകൂടത്തിന്റെ വിവിധ സ്ഥാപനങ്ങളിലേക്കും തങ്ങളോട് രാഷ്ട്രീയമായി അടുപ്പമുള്ളവരെ നിയമിക്കാനും സ്വാധീനം ഉറപ്പാക്കാനും പാർട്ടികൾ ശ്രമിക്കുന്നു. ഇങ്ങനെയാണ് രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് സംഘങ്ങളെന്ന നിലയിൽനിന്ന് പ്രൊഫഷണൽ രാഷ്ട്രീയവർഗ്ഗത്തെ സൃഷ്ടിക്കുകയും പുനരുത്പാദിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളായി പരിണമിക്കുന്നത്.

തെരഞ്ഞെടുപ്പുകളിൽ അധികാരം കൈമാറ്റപ്പെടുന്നത് പാർട്ടികൾക്കിടയിലാണെങ്കിലും, രാഷ്ട്രീയം തൊഴിൽമേഖലയാക്കിയ ഈ വർഗ്ഗം ദേശീയ, സംസ്ഥാന, തദ്ദേശ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങി ഭരണത്തിന്റെ വിവിധ തലങ്ങളിൽ തുടർച്ചയായി അധികാരസ്ഥാനങ്ങൾ കൈവശം വെയ്ക്കുന്നു. അതിനാൽ ഭരണമാറ്റം സംഭവിക്കുമ്പോഴും പ്രൊഫഷണൽ രാഷ്ട്രീയവർഗ്ഗത്തിന്റെ സ്ഥാപനപരമായ തുടർച്ച നിലനിൽക്കുന്നു. മാത്രമല്ല, പാർട്ടി മാറിയോ പുതിയ സഖ്യങ്ങൾ രൂപീകരിച്ചോ രാഷ്ട്രീയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുകൊണ്ടോ ഈ വർഗ്ഗം പലപ്പോഴും തങ്ങളുടെ ഭരണസാന്നിധ്യം നിലനിർത്തുകയും ചെയ്യുന്നു.

പാർലമെന്റിൽ അധികാരത്തിനായി പാർട്ടികൾ പരസ്പരം മത്സരിക്കുന്നുണ്ടെങ്കിലും, പ്രൊഫഷണൽ രാഷ്ട്രീയവർഗ്ഗമെന്ന നിലയിൽ അവരുടെ ചില പൊതുതാൽപര്യങ്ങൾ നിലനിൽക്കാറുണ്ട്. ഉദാഹരണമായി, ജനപ്രതിനിധികളുടെ ശമ്പളം, ആനുകൂല്യങ്ങൾ, സഭയുടെ പ്രത്യേകാവകാശങ്ങൾ, അല്ലെങ്കിൽ രാഷ്ട്രീയവർഗ്ഗത്തിന്റെ സ്വയംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിവിധ പാർട്ടികൾ തമ്മിൽ അഭിപ്രായസാമ്യം രൂപപ്പെടുന്ന സന്ദർഭങ്ങൾ കാണാം. അതുപോലെ, രാഷ്ട്രീയ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലോ ഭരണകൂട സ്ഥാപനങ്ങളുടെ അധികാരപരിധിയെ ബാധിക്കുന്ന വിഷയങ്ങളിലോ വിവിധ പാർട്ടികൾ തമ്മിൽ പരസ്പര ധാരണകൾ രൂപപ്പെടുന്ന സംഭവങ്ങളും അപൂർവമല്ല.

തെരഞ്ഞെടുപ്പുകളിൽ അധികാരം കൈമാറ്റപ്പെടുന്നത് പാർട്ടികൾക്കിടയിലാണെങ്കിലും, രാഷ്ട്രീയം തൊഴിൽമേഖലയാക്കിയ ഈ വർഗ്ഗം ദേശീയ, സംസ്ഥാന, തദ്ദേശ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങി ഭരണത്തിന്റെ വിവിധ തലങ്ങളിൽ തുടർച്ചയായി അധികാരസ്ഥാനങ്ങൾ കൈവശം വെയ്ക്കുന്നു.
തെരഞ്ഞെടുപ്പുകളിൽ അധികാരം കൈമാറ്റപ്പെടുന്നത് പാർട്ടികൾക്കിടയിലാണെങ്കിലും, രാഷ്ട്രീയം തൊഴിൽമേഖലയാക്കിയ ഈ വർഗ്ഗം ദേശീയ, സംസ്ഥാന, തദ്ദേശ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങി ഭരണത്തിന്റെ വിവിധ തലങ്ങളിൽ തുടർച്ചയായി അധികാരസ്ഥാനങ്ങൾ കൈവശം വെയ്ക്കുന്നു.

രാജഭരണവും പാർലമെന്ററി ജനായത്തവും തമ്മിലുള്ള മറ്റൊരു അടിസ്ഥാന വ്യത്യാസം അധികാര കൈമാറ്റത്തിന്റെ രീതിയിലാണ്. രാജഭരണത്തിൽ അധികാരം പാരമ്പര്യമായി ഒരേ രാജകുടുംബത്തിലോ കുലീനവർഗ്ഗത്തിലോ കേന്ദ്രീകരിച്ചിരുന്നെങ്കിൽ, പാർലമെന്ററി ജനായത്തത്തിൽ നിശ്ചിത കാലയളവുകളിൽ അധികാരം കൈമാറപ്പെടാനുള്ള സാധ്യത പ്രൊഫഷണൽ രാഷ്ട്രീയവർഗ്ഗത്തിനുള്ളിൽ തന്നെ സ്ഥാപനവൽക്കരിക്കപ്പെട്ടിരിക്കുന്നു. പ്രാതിനിധ്യ ജനായത്തത്തിൽ അധികാരമാറ്റം സാധാരണയായി നടക്കുന്നത് ഭരിക്കുന്നവർക്കും ജനങ്ങൾക്കും ഇടയിലല്ല; പ്രൊഫഷണൽ രാഷ്ട്രീയവർഗ്ഗത്തിലെ വിവിധ പാർട്ടികൾക്കും വിഭാഗങ്ങൾക്കും ഇടയിലാണ്.

നിലവിലെ ജനായത്തത്തിൽ പ്രൊഫഷണൽ രാഷ്ട്രീയ വർഗ്ഗത്തിൻ്റെ പുനരുത്പാദനം ശക്തമാണെന്നുള്ളതിനു മറ്റൊരു പ്രധാന സൂചനയാണ് കുടുംബരാഷ്ട്രീയത്തിന്റെ വ്യാപനം. ജനപിന്തുണ നേടിയ രാഷ്ട്രീയനേതാക്കൾ അവരുടെ രാഷ്ട്രീയ മൂലധനവും പാർട്ടി സ്വാധീനവും അടുത്ത തലമുറയിലേക്കോ അടുത്ത ബന്ധുക്കളിലേക്കോ കൈമാറാൻ ശ്രമിക്കുന്നത് പലപ്പോഴും കാണാം. രാജഭരണത്തിൽ ഭരണാധികാരം പാരമ്പര്യമായി രാജകുടുംബത്തിനുള്ളിൽ കൈമാറപ്പെട്ടിരുന്നെങ്കിൽ, പാർലമെന്ററി ജനായത്തത്തിൽ പാർട്ടി സംഘടനയുടെ നിയന്ത്രണവും രാഷ്ട്രീയ ശൃംഖലകളും കൈവശപ്പെടുത്തിക്കൊണ്ടാണ് കുടുംബങ്ങൾക്ക് ഭരണത്തിലേക്കുള്ള പ്രവേശനവും തുടർച്ചയും ഉറപ്പാക്കാൻ കഴിയുന്നത്. ഈ അർത്ഥത്തിൽ, അധികാരം നേരിട്ട് പാരമ്പര്യമായി കൈമാറപ്പെടുന്നില്ലെങ്കിലും, രാഷ്ട്രീയ മൂലധനവും പാർട്ടി സ്വാധീനവും പലപ്പോഴും കുടുംബങ്ങളിലൂടെ പുനരുത്പാദിപ്പിക്കപ്പെടുന്നു.

ആധുനിക ഭരണകൂടത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായി സാമൂഹ്യശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത് സ്ഥിരം സൈന്യവും സ്ഥിരം ബ്യൂറോക്രസിയും ഉൾക്കൊള്ളുന്ന ഭരണസംവിധാനമാണ്. അതുപോലെ, പാർലമെന്ററി ജനായത്തം എന്നത് സ്ഥിരം പ്രൊഫഷണൽ രാഷ്ട്രീയവർഗ്ഗത്തെ നിലനിർത്തുന്ന ഭരണകൂടസംവിധാനമാണെന്ന് പറയാം. തെരഞ്ഞെടുപ്പുകളിലൂടെ പാർട്ടികളും സർക്കാരുകളും മാറിമാറി വന്നാലും, രാഷ്ട്രീയം ഒരു സ്ഥിരം തൊഴിലായി സ്വീകരിച്ച ഈ വർഗ്ഗം ഭരണത്തിന്റെ വിവിധ തലങ്ങളിൽ തുടർച്ചയായി അവരുടെ സാന്നിധ്യം നിലനിർത്തുന്നു.

ആത്യന്തികമായി ഭൂരിപക്ഷ നിർമ്മിതിക്ക് ഉപകരിക്കുന്നതാണ് പാർട്ടിയുടെ രാഷ്ട്രീയ നിലപാടായി മാറുന്നത്. മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് അവയുടെ നയങ്ങളും സഖ്യങ്ങളും നിലപാടുകളും മാറാം.

തെരഞ്ഞെടുപ്പുകളിലൂടെ ജനങ്ങളുടെ അനുവാദവും അംഗീകാരവും, പാർലമെന്ററി ഭരണത്തിന്റെ പ്രവർത്തനയുക്തിയിലൂടെ ഭരണഘടനാപരമായ പ്രായോഗിക സ്ഥാനവും ഒരേസമയം നേടിയെടുക്കുന്ന ഈ പാർട്ടികളെ ജനങ്ങൾക്ക് നേരിട്ട് നിയന്ത്രിക്കുക എളുപ്പമല്ല. കാരണം ക്യാബിനറ്റിലെ കേന്ദ്രാധികാരം കൊണ്ട് നിയമനിർമ്മാണത്തിലും ഭരണഘടനാ ഭേദഗതികളിലും നിർണായക സ്വാധീനം ചെലുത്താൻ അവയ്ക്ക് കഴിയും.

ഉദാഹരണമായി, ഇന്ത്യയിൽ ടി. എൻ. ശേഷൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ അധികാരങ്ങൾ കൂടുതൽ കർശനമായി പ്രയോഗിക്കാൻ ശ്രമിച്ചപ്പോൾ, അദ്ദേഹത്തിന്റെ നടപടികൾ ശക്തമായ രാഷ്ട്രീയ എതിർപ്പിന് വിധേയമായി. പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷനെ മൂന്നംഗ സ്ഥാപനമാക്കിയതും ഈ തർക്കത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ഇത് സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളും സംഘടിത രാഷ്ട്രീയപ്പാർട്ടികളും തമ്മിലുള്ള സംഘർഷത്തിന്റെ ഒരു ശ്രദ്ധേയ ഉദാഹരണമാണ്. അതിനാൽ ഭരണത്തിന്റെ പ്രായോഗിക അധികാരകേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന രാഷ്ട്രീയപ്പാർട്ടികളുടെ ഭരണകൂടത്തിലേക്കുള്ള വ്യാപനത്തെ നിയമപരമായ നിയന്ത്രണങ്ങൾകൊണ്ട് മാത്രം തടയാൻ കഴിയില്ല.

ജനായത്തപ്രക്രിയയുടെ ക്ഷയവും രാഷ്ട്രീയപ്പാർട്ടികളുടെ അധികാരധൂർത്തും പരസ്പരം ശക്തിപ്പെടുത്തുന്ന ഒരു ദുഷ്ചക്രമാണ്. അധികാരധൂർത്ത് കൂടുന്തോറും ജനായത്തത്തിന്റെ ആരോഗ്യം ക്ഷയിക്കുന്നു; ജനായത്തത്തിന്റെ ആരോഗ്യം ക്ഷയിക്കുന്തോറും അധികാരധൂർത്തും വർധിക്കുന്നു. തെരഞ്ഞെടുപ്പിലൂടെ വോട്ടുകൾ സമാഹരിച്ച് പാർലമെന്റിൽ ഭൂരിപക്ഷം ഉറപ്പാക്കുക എന്ന ലക്ഷ്യത്തെ ചുറ്റിപ്പറ്റിയാണ് പാർട്ടി സംഘടനയും പ്രവർത്തനരീതിയും വികസിച്ചിരിക്കുന്നത്. അതിനാൽ മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് അവയുടെ നയങ്ങളും സഖ്യങ്ങളും നിലപാടുകളും മാറാം. ‘രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ല’ എന്നു പറയുന്നതിൻ്റെ അർത്ഥമിതാണ്. ആത്യന്തികമായി ഭൂരിപക്ഷ നിർമ്മിതിക്ക് ഉപകരിക്കുന്നതാണ് പാർട്ടിയുടെ രാഷ്ട്രീയ നിലപാടായി മാറുന്നത്.

അധികാരധൂർത്ത് കൂടുന്തോറും ജനായത്തത്തിന്റെ ആരോഗ്യം ക്ഷയിക്കുന്നു; ജനായത്തത്തിന്റെ ആരോഗ്യം ക്ഷയിക്കുന്തോറും അധികാരധൂർത്തും വർധിക്കുന്നു.
അധികാരധൂർത്ത് കൂടുന്തോറും ജനായത്തത്തിന്റെ ആരോഗ്യം ക്ഷയിക്കുന്നു; ജനായത്തത്തിന്റെ ആരോഗ്യം ക്ഷയിക്കുന്തോറും അധികാരധൂർത്തും വർധിക്കുന്നു.

ജനം വോട്ടു ചെയ്യുന്നു എന്നതൊഴിച്ചാൽ, തെരഞ്ഞെടുക്കപ്പെടുന്നവർ ഏറെക്കുറെ സാമ്പത്തികമോ സാമൂഹികമോ സാംസ്കാരികമോ ആയി മുൻതൂക്കമുള്ള വിഭാഗങ്ങളിൽ നിന്നുള്ളവരായിരിക്കും. കാരണം, വിജയസാധ്യതയും വിഭവസമാഹരണശേഷിയും രാഷ്ട്രീയ സ്വാധീനവും കൂടുതലുള്ളവരെയാണ് രാഷ്ട്രീയപ്പാർട്ടികൾ സാധാരണ സ്ഥാനാർത്ഥികളാക്കുന്നത്. അതിനാൽ പാർലമെന്ററി ജനായത്തത്തിലെ തെരഞ്ഞെടുപ്പ് പലപ്പോഴും വിവിധ രീതിയിൽ സാമൂഹികവും സാമ്പത്തികവുമായി മുൻതൂക്കമുള്ള വിഭാഗങ്ങൾ തമ്മിൽ ഭൂരിപക്ഷ വോട്ടിനുവേണ്ടിയുള്ള മത്സരമായി മാറുന്നു. ഈ പ്രക്രിയയിലൂടെ നിലവിലുള്ള പ്രിവിലേജുകൾ പുനരുത്പാദിപ്പിക്കപ്പെടുകയും പുതിയ പ്രിവിലേജുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. രാഷ്ട്രീയപ്പാർട്ടികളാണ് ഈ പ്രക്രിയയുടെ മുഖ്യസംഘാടകർ എന്നതിനാൽ, സാമൂഹിക പ്രിവിലേജുകൾ പാർട്ടി സംവിധാനത്തിലൂടെ രാഷ്ട്രീയ പ്രിവിലേജുകളായി രൂപാന്തരപ്പെടുന്നു.

അങ്ങനെ സാർവത്രിക വോട്ടവകാശം എല്ലാവർക്കും തുല്യമായ രാഷ്ട്രീയ അവകാശം നൽകുന്നുണ്ടെങ്കിലും, തെരഞ്ഞെടുപ്പ് പ്രക്രിയ പലപ്പോഴും നിലവിലുള്ള സാമൂഹിക അസമത്വങ്ങൾക്ക് ജനായത്തപരമായ നിയമസാധുത നൽകുകയും ചെയ്യുന്നു. ഇപ്രകാരം പാർലമെന്റ് ഒരു ഭാഗത്ത് ജനപ്രാതിനിധ്യത്തിന്റെ പ്രതീകമായി നിലകൊള്ളുമ്പോൾ, മറ്റൊരു ഭാഗത്ത് സാമൂഹികമായി മുൻതൂക്കമുള്ള വിഭാഗങ്ങളുടെ ആധിപത്യവും പ്രതിഫലിപ്പിക്കുന്നു.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രാഷ്ട്രീയപ്പാർട്ടികൾ നിർണായക ശക്തിയായതോടെ അവയുടെ സംഘടിത കരുത്തിന് പിന്നിൽ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ മൂലധനമുള്ള വിഭാഗങ്ങൾ ഭരണാധികാരം കൈയാളുന്ന പ്രധാന ശക്തിയായി മാറുന്നു. രാജാധിപത്യത്തിൽ പാരമ്പര്യ പദവിയും ഭൂവുടമസ്ഥതയും ഭരണവർഗ്ഗത്തെ നിർവ്വചിച്ചിരുന്നെങ്കിൽ, പ്രാതിനിധ്യ ജനായത്തത്തിൽ രാഷ്ട്രീയപ്പാർട്ടികളാണ് വിവിധ സാമൂഹിക പ്രിവിലേജുകളെ ഭരണാധികാരമായി പരിവർത്തനം ചെയ്യുന്ന പ്രധാന സ്ഥാപനങ്ങൾ. അതിനാൽ രാജാധിപത്യത്തിലെന്നപോലെ അല്ലെങ്കിലും, പ്രിവിലേജുള്ള വിഭാഗങ്ങൾ രാഷ്ട്രീയപ്പാർട്ടികളിലൂടെ ഭരണവർഗ്ഗമായി ഉയരുന്ന ഘടനാപരമായ സ്വഭാവം ഇവിടെ കാണാം.

പാർട്ടിആധിപത്യം ശക്തമാകുന്ന സാഹചര്യങ്ങളിൽ ഭരണകൂടത്തിൽനിന്ന് ജനങ്ങൾക്ക് നിയമപരമായി ലഭിക്കേണ്ട പല സേവനങ്ങളും അവകാശങ്ങളും പോലും പ്രായോഗികമായി പാർട്ടിശുപാർശയിലൂടെയോ പാർട്ടിസ്വാധീനത്തിലൂടെയോ മാത്രമേ ലഭിക്കുന്നുള്ളൂ എന്ന അനുഭവം രൂപപ്പെടാറുണ്ട്.

പാർലമെന്ററി ജനായത്തത്തിൽ ജനങ്ങൾക്കും ഭരണകൂടത്തിനുമിടയിൽ രാഷ്ട്രീയപ്പാർട്ടികൾ നിർണായക ഇടനില സ്ഥാപനങ്ങളായി നിലകൊള്ളുന്നു. പാർട്ടിആധിപത്യം ശക്തമാകുന്ന സാഹചര്യങ്ങളിൽ ഭരണകൂടത്തിൽനിന്ന് ജനങ്ങൾക്ക് നിയമപരമായി ലഭിക്കേണ്ട പല സേവനങ്ങളും അവകാശങ്ങളും പോലും പ്രായോഗികമായി പാർട്ടിശുപാർശയിലൂടെയോ പാർട്ടിസ്വാധീനത്തിലൂടെയോ മാത്രമേ ലഭിക്കുന്നുള്ളൂ എന്ന അനുഭവം രൂപപ്പെടാറുണ്ട്. അതുകൊണ്ടാണ് പോലീസ് സ്റ്റേഷനിൽ ചെല്ലണമെങ്കിൽ പാർട്ടിക്കാരെ കൂട്ടേണ്ടിവരുന്നത്. അതോടെ പൗരസമൂഹത്തിന്റെ ദൈനംദിന അനുഭവത്തിൽ പാർട്ടി തന്നെ ഭരണകൂടത്തിന്റെ ദൃശ്യമായ മുഖമായി മാറുന്നു. ഇത്തരമൊരു സാഹചര്യത്തിൽ പൗരരുടെ വിധേയത്വം നിയമഭരണത്തോടല്ല, മറിച്ച് പാർട്ടി ഘടനയോടും അതിന്റെ പ്രാദേശിക അധികാരകേന്ദ്രങ്ങളോടുമാണ് കേന്ദ്രീകരിക്കപ്പെടുന്നത്. രാജഭരണത്തിൽ ഭരണാധികാരിയുടെ പ്രീതിയും സംരക്ഷണവും തേടേണ്ടിവന്നതുപോലെ, പാർട്ടിആധിപത്യം ശക്തമായ സാഹചര്യങ്ങളിൽ ഭരണകൂടത്തിലേക്കുള്ള പ്രവേശനത്തിനും അവകാശങ്ങളുടെ പ്രായോഗിക ലഭ്യതയ്ക്കും പാർട്ടി നേതൃത്വത്തിന്റെ അനുഗ്രഹം തേടേണ്ട അവസ്ഥ പൗരർക്ക് അനുഭവപ്പെടാം. ഇപ്രകാരം പാർട്ടി ആധിപത്യം ശക്തമാകുമ്പോൾ തങ്ങൾ അവകാശങ്ങളുള്ള പൗരസമൂഹമാണെന്നു ജനങ്ങൾ തന്നെ മറക്കുകയും, അവർ പാർട്ടിയുടെ പ്രജകളോ സേവകരോ ആയി തരംതാഴ്ത്തപ്പെടുകയും ചെയ്യുന്നു.

നാം ഇന്ന് അനുഭവിക്കുന്ന പാർലമെന്ററി ജനായത്തം പ്രധാനമായും പാശ്ചാത്യ രാജ്യങ്ങൾ കോളനികൾ സ്ഥാപിച്ച് സാമ്രാജ്യങ്ങളായി വളർന്ന ചരിത്രഘട്ടത്തിൽ, അവിടുത്തെ ദേശരാഷ്ട്ര നിർമ്മാണത്തിന്റെയും പാർലമെന്ററി ഭരണത്തിന്റെ വികാസത്തിന്റെയും ഭാഗമായി രൂപം കൊണ്ട രാഷ്ട്രീയ സംവിധാനമാണ്. കോളനി സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക ചാലകശക്തികളായിരുന്ന വ്യാപാര-ധനിക വർഗ്ഗങ്ങളുടെ ഉയർച്ച ഈ സ്ഥാപനങ്ങളുടെ വികാസത്തെ ശക്തമായി സ്വാധീനിച്ചു. തെരഞ്ഞെടുപ്പ് സമ്പ്രദായം, പ്രാതിനിധ്യത്തിന്റെ സ്വഭാവം, പിന്നീട് വികസിച്ച പാർട്ടിസംവിധാനം എന്നിവ ഈ പുതിയ സാമൂഹ്യ- സാമ്പത്തിക ശക്തികൾക്ക് രാഷ്ട്രീയാധികാരം നേടാനും നിലനിർത്താനും അനുകൂലമായ സ്ഥാപനങ്ങളായി പരിണമിച്ചു. ഉദാഹരണമായി ഇന്ത്യയിൽ 2024- ലെ ലോക്സഭയിൽ ആകെ 543 പേരിൽ 504 പേരും, മില്യനയേഴ്സിൽ (8.5 കോടി രൂപയിലേറെ ആസ്തിയുള്ളവർ) നിന്നും വന്നവരാണ്. അതായത് ഇന്ത്യൻ ജനസംഖ്യയുടെ 0.31 ശതമാനം മാത്രം വരുന്ന മില്യനയേഴ്‌സ് കുടുംബങ്ങളിൽ നിന്നാണ് 93 ശതമാനം എം.പിമാരും വരുന്നത്.

പാർട്ടിആധിപത്യം ശക്തമായ സാഹചര്യങ്ങളിൽ ഭരണകൂടത്തിലേക്കുള്ള പ്രവേശനത്തിനും അവകാശങ്ങളുടെ പ്രായോഗിക ലഭ്യതയ്ക്കും പാർട്ടി നേതൃത്വത്തിന്റെ അനുഗ്രഹം തേടേണ്ട അവസ്ഥ പൗരർക്ക് അനുഭവപ്പെടാം.
പാർട്ടിആധിപത്യം ശക്തമായ സാഹചര്യങ്ങളിൽ ഭരണകൂടത്തിലേക്കുള്ള പ്രവേശനത്തിനും അവകാശങ്ങളുടെ പ്രായോഗിക ലഭ്യതയ്ക്കും പാർട്ടി നേതൃത്വത്തിന്റെ അനുഗ്രഹം തേടേണ്ട അവസ്ഥ പൗരർക്ക് അനുഭവപ്പെടാം.

അതിനാൽ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അകലം ഇല്ലാതാക്കുകയും, പ്രൊഫഷണൽ രാഷ്ട്രീയ വർഗ്ഗത്തിന് അന്ത്യം കുറിച്ച് ജനകീയ നിയന്ത്രണം കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യുന്ന ജനായത്ത ഘടനകളെക്കുറിച്ചുള്ള ആലോചന ഇന്ന് അനിവാര്യമാണ്. കാരണം, നിലവിലുള്ള പ്രതിനിധി- പാർലമെന്ററി ഘടനയിൽ അധികാരം നേടുന്ന രാഷ്ട്രീയപ്പാർട്ടികൾ ക്യാബിനറ്റിലെ അധികാര കേന്ദ്രീകരണം, ഭരണത്തിന്റെ തുടർച്ച, സഭയിൽ ഭൂരിപക്ഷം നിലനിർത്തൽ, ഭരണകൂട സ്ഥാപനങ്ങളിലെ സ്വാധീനം എന്നിവയുടെ സ്ഥാപനപരമായ ആവശ്യകതകളാൽ പാർട്ടി ആധിപത്യത്തിലേക്ക് നീങ്ങാനുള്ള ശക്തമായ പ്രവണത കാട്ടുന്നു.

(അവസാനിക്കുന്നില്ല)


Summary: Ashok Kumar V writes about political parties and democracy in a detailed study.


അശോകകുമാർ വി.

അധ്യാപകൻ. സാഹിത്യം, പരിസ്​ഥിതി, കൃഷി, ആരോഗ്യം എന്നീ വിഷയങ്ങളിൽ എഴുതുന്നു.

Comments