2024-നെ ഒരു പരീക്ഷണ വർഷമാക്കുന്നു
രാഹുലിന്റെ ഈ തോൽവി, മോദിയുടെ ഈ വിജയം

ഹിന്ദി ബെൽറ്റിൽ ബി.ജെ.പിയും സംഘ്പരിവാറും നടക്കുന്ന ഇലക്ഷൻ എഞ്ചിനീയറിംഗിന്റെ മെത്തഡോളജി ‘കനഗോലു’ തിയറി കൊണ്ട് ഗണിച്ചെടുക്കാൻ കഴിയുന്നതിലും അപ്പുറമാണ് എന്ന് നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം കോൺഗ്രസിനെ പഠിപ്പിക്കുന്നു.

2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിനും ഇനിയും രൂപപ്പെടേണ്ട പ്രതിപക്ഷ മുന്നണിക്കും ബഹുദൂരം സഞ്ചരിക്കേണ്ടിവരും എന്നതിന്റെ വ്യക്തമായ സൂചനയാണ് നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം. സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടിംഗ് പാറ്റേണിൽനിന്ന് വ്യത്യസ്തമാണ് എങ്കിലും, ദേശീയ തെരഞ്ഞെടുപ്പിന്റെ ഒരു പൊളിറ്റിക്കൽ ബാറ്റിൽ ഗ്രൗണ്ട് തന്നെയായിരുന്നു തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളും. കാരണം, 2024-ലും ഏറ്റുമുട്ടുന്നത് ഇതേ പാർട്ടികളാണ്. അഞ്ചു സംസ്ഥാനങ്ങളിലും നടന്ന കാമ്പയിനും വരാനിരിക്കുന്ന 'ഫൈനലി'ന്റെ ത്രഡിൽ പിടിച്ചാണ് ബി.ജെ.പിയും കോൺഗ്രസും ചിട്ടപ്പെടുത്തിയത് എന്നതും ശ്രദ്ധിക്കണം.

കോൺഗ്രസിന്റെ പ്രതീക്ഷ ഏറ്റവും ദയനീയമായി തകർന്നടിഞ്ഞ മധ്യപ്രദേശിൽ മാത്രമല്ല, രാജസ്ഥാനിലും ഛത്തീസ്ഗഡിലും നരേന്ദ്രമോദിയെ മുൻനിർത്തിയാണ് ബി.ജെ.പി മത്സരിച്ചത്. ആ താരനിർമിതി യഥാർഥത്തിൽ, 2024-ലേക്കുവേണ്ടി സൃഷ്ടിച്ചെടുത്തതുമാണ്.
'മധ്യപ്രദേശ് മോദിയുടെ ഹൃദയഭൂമിയാണ്, മധ്യപ്രദേശിന്റെ ഹൃദയം മോദിയാണ്' എന്ന സംസ്ഥാനത്തെ ഏറ്റവും പ്രധാന കാമ്പയിൻ മുദ്രാവാക്യം 2024-ലെ 'ഭാരത'ത്തിനുവേണ്ടി ചിട്ടപ്പെടുത്തിയ ഒന്നാണ്. അത് ഇനി മുഴങ്ങുക ദൽഹിയിലായിരിക്കും.
ഛത്തീസ്ഗഡിൽ ബി.ജെ.പി പ്രകടനപത്രികയുടെ ടൈറ്റിൽ ‘മോദിയുടെ ഗ്യാരണ്ടി’ എന്നായിരുന്നു.

സംഘ്പരിവാറിന്റെയും ആർ.എസ്.എസിന്റെയും യഥാർഥ രാഷ്ട്രീയ പരീക്ഷണശാലയായ മധ്യപ്രദേശിലെ വിജയവും രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും 'അട്ടിമറി'യും ദേശീയതലത്തിൽ ബി.ജെ.പിക്ക് സമ്മാനിക്കാൻ പോകുന്ന ആത്മവിശ്വാസം ചില്ലറയായിരിക്കുകയില്ല. തെലങ്കാന കൊണ്ടുമാത്രം കോൺഗ്രസിന് ആ ആത്മവിശ്വാസത്തെ മറികടക്കാനായെന്നുവരില്ല. കാരണം, രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോൺഗ്രസ് ബി.ജെ.പിയുമായി നേരിട്ടാണ് ഏറ്റുമുട്ടിയത്, മൂന്നിടത്തും ബി.ജെ.പി ജയിച്ചു. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ 83 ലോക്‌സഭാ സീറ്റുകളാണുള്ളത്. അതിൽ 65 എണ്ണവും മധ്യപ്രദേശിലും (29) ഛത്തീസ്ഗഢിലും (11) രാജസ്ഥാനിലുമാണ് (25) എന്നതും ശ്രദ്ധയർഹിക്കുന്നു.

ഈ 'സെമി ഫൈനൽ' യഥാർഥത്തിൽ എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ തോൽവിയാകുന്നത്?:
അദ്ദേഹത്തിന്റെ മുൻകൈയിൽ കോൺഗ്രസ് അവതരിപ്പിച്ച സാമൂഹികനീതിയുടെ രാഷ്ട്രീയം എന്ന മുദ്രാവാക്യത്തിന് വേണ്ടത്ര വിശ്വാസ്യത നേടിയെടുക്കാനായില്ല. ജാതിസെൻസസ് എന്ന അജണ്ടയിലൂടെ ഒ.ബി.സി രാഷ്ട്രീയവും സാമൂഹികക്ഷേമ പരിപാടികളിലൂടെ ആദിവാസി- ദലിത്- അധസ്ഥിത- കർഷക- തൊഴിലാളി പക്ഷ രാഷ്ട്രീയവും ചർച്ചയാക്കാൻ കോൺഗ്രസ് ശ്രമിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെയും പാർട്ടി പ്രകടനപത്രികകൾ ഈ പരിപാടികളുടെ ​പ്രയോഗരേഖകൾ കൂടിയായിരുന്നു.

ജാതിസെൻസസ് ബി.ജെ.പിയിൽ വലിയ അങ്കലാപ്പുണ്ടാക്കി. ബി.ജെ.പിയെ മാത്രമല്ല, കോൺഗ്രസിലെ തന്നെ ദേശീയ നേതാക്കളെയും ചില സംസ്ഥാന ഘടകങ്ങളെയും അത് അങ്കലാപ്പിലാക്കിയിരുന്നു. ദേശീയ- സംസ്ഥാന തലങ്ങളിൽ കോൺഗ്രസിൽനിന്ന് അകന്നുപോയ ഈ വിഭാഗങ്ങളെ ചേർത്തുപിടിക്കാനുള്ള മുദ്രാവാക്യമെന്ന നിലക്കുമാത്രമല്ല, ബി.ജെ.പി ഈ വിഭാഗങ്ങളെ മുൻനിർത്തി നടത്തുന്ന 'ഇൻക്ലൂസീവ് ഹിന്ദുത്വ' എന്ന അപകടകരമായ സെക്‌ടേറിയൻ പൊളിറ്റിക്‌സിന്റെ പാശ്ചാത്തലത്തിലും കോൺഗ്രസ് ഉയർത്തിയ സാമൂഹികനീതിയുടെ രാഷ്ട്രീയത്തിന് പ്രസക്തിയുണ്ടായിരുന്നു.

എന്നാൽ, കോൺഗ്രസിന്റെ സംഘടനാശരീരത്തിനും സംഘടനാമനസ്സിനും ഈയൊരു മുദ്രാവാക്യം എത്രത്തോളം ഏറ്റെടുക്കാനുള്ള പാകതയുണ്ട് എന്ന ചോദ്യം ബാക്കിയാകുന്നു, ഈ റിസൾട്ടുകൾ പരിശോധിക്കുമ്പോൾ. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ പിന്നാക്ക- ദലിത്- ആദിവാസി വിഭാഗങ്ങൾക്ക് സ്വധീനമുള്ള മേഖലകളിൽ കോൺഗ്രസിനുണ്ടായ വൻ തകർച്ച, ഈ പാകതക്കുറവിന്റെ ലക്ഷണമാണ്. പാർശ്വവൽകൃത ഹിന്ദു സമുദായങ്ങൾക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. ഇവിടെ, ബി.ജെ.പി അതിന്റെ ഒ.ബി.സി വോട്ടുബാങ്ക് സുരക്ഷിതമായി നിലനിർത്തി. കോൺഗ്രസിന്റെ ജാതിസെൻസസ് പ്രഖ്യാപനത്തിന് സംസ്ഥാനത്ത് ചെറിയ ചലനം പോലുമുണ്ടാക്കാനായില്ല.

രാഹു​ൽ ഗാന്ധി

കോൺഗ്രസിന്റെ സാമൂഹികനീതി രാഷ്ട്രീയം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ അജണ്ടയെ തന്നെ സ്വാധീനിച്ചിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തെയും വോട്ടുബാങ്കുകളുടെ വർഗീയമായ ധ്രുവീകരണത്തെയും മറികടക്കാൻ ഈയൊരു മുദ്രാവാക്യത്തിന് കഴിയുമെന്ന് ബി.ജെ.പി പോലും മനസ്സിലാക്കിയതിന്റെ ഫലമാണ്, മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലുമെല്ലാം ദുർബല വിഭാഗങ്ങൾക്കായി പ്രഖ്യാപിച്ച വലിയ ക്ഷേമ പരിപാടികൾ. ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും പ്രകടനപത്രികകൾ ഇത്തരം ക്ഷേമപരിപാടികൾ കൊണ്ട് പരസ്പരം മത്സരിക്കുകയായിരുന്നു. സ്ത്രീകളുടെയും കർഷകരുടെയും ആദിവാസികളുടെയുമെല്ലാം പക്കൽ നേരിട്ട് പണമെത്തുന്ന നിരവധി പദ്ധതികളാണ് ഇരു പാർട്ടികളും പ്രഖ്യാപിച്ചത്. അധികാരം നൽകുന്ന ഉറപ്പ് ബി.ജെ.പിക്ക് തുണയായി എന്നു പറയാം.

ഇന്ത്യൻ ജനതയുടെ ബഹുസ്വരതകളെ കണ്ടും അറിഞ്ഞും നടത്തിയ ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം കോൺഗ്രസിന് സഞ്ചരിക്കാനായിട്ടില്ല എന്നുകൂടി ഈ തെരഞ്ഞെടുപ്പു ഫലത്തിൽനിന്ന് വായിച്ചെടുക്കാം. മാത്രമല്ല, തെലങ്കാനയിൽ ആവർത്തിച്ച കോൺഗ്രസിന്റെ 'കർണാടക മോഡലി'നെ ദക്ഷിണേന്ത്യക്കപ്പുറം, ഹിന്ദി ബെൽറ്റിലേക്ക് വ്യാപിക്കാനാകാത്തത് കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഹിന്ദി ബെൽറ്റിൽ ബി.ജെ.പിയും സംഘ്പരിവാറും നടക്കുന്ന ഇലക്ഷൻ എഞ്ചിനീയറിംഗിന്റെ മെത്തഡോളജി ‘കനഗോലു’ തിയറി കൊണ്ട് ഗണിച്ചെടുക്കാൻ കഴിയുന്നതിലും അപ്പുറമാണ്.

ഭാരത് ജോഡോ യാത്ര

ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ഇനി ഏതാനും മാസങ്ങളേയുള്ളൂ. എന്നിട്ടും, ‘സെമി ഫൈനൽ’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ തെ​രഞ്ഞെടുപ്പിൽ 'ഇന്ത്യ' മുന്നണിയുമായി ബന്ധപ്പെട്ട ചർച്ച ഉയർന്നുവരാതിരിക്കാൻ, കോൺഗ്രസ് അതീവ ജാഗ്രത കാട്ടി. മാത്രമല്ല, സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് പങ്കിടലിൽ മധ്യപ്രദേശിൽ കോൺഗ്രസ് ഏകപക്ഷീയമായ നിലപാടെടുത്തത്, ബി.ജെ.പിക്കെതിരായി ഉയർന്നുവരേണ്ട യോജിച്ച പോരാട്ടത്തെക്കുറിച്ച് രാഷ്ട്രീയ അവിശ്വാസം സൃഷ്ടിച്ചു. ബി.ജെ.പിയാകട്ടെ 'ഇന്ത്യ' സഖ്യത്തിന്റെ അപ്രസക്തി ഉയർത്തിപ്പിടിച്ചു.

മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കോൺഗ്രസിന് സാധ്യതയുണ്ടെന്ന എക്‌സിറ്റ്‌പോൾ സൂചനകൾ വന്നതോടെ രാഹുൽ ഗാന്ധിയെ മുൻനിർത്തിയുള്ള ഒരാഘോഷത്തിനാണ് കോൺഗ്രസ് തയാറെടുപ്പു നടത്തിയിരുന്നത്. ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ കോൺഗ്രസിലും ദേശീയ രാഷ്ട്രീയത്തിൽ തന്നെയും സൃഷ്ടിച്ചെടുത്ത അജണ്ടാമാറ്റം ഒന്നുകൂടി സ്ഥിരികരിക്കപ്പെടുമെന്നായിരുന്നു പാർട്ടിയുടെ പ്രതീക്ഷ. അതുവഴി, 'ഇന്ത്യ' മുന്നണിയിൽ കോൺഗ്രസിന്റെ വിലപേശൽ ശേഷി ഉറപ്പിക്കാനുള്ള ഒരു ശ്രമവും. മാത്രമല്ല, അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പിനെ ഒരു ദേശീയ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തോടെയാണ് തുടക്കം മുതൽ കോൺഗ്രസ് നേരിട്ടത്. മുതിർന്ന ദേശീയ നേതാക്കളുടെ നേരിട്ടുള്ള നിരീക്ഷണം, സ്ഥാനാർഥിനിർണയത്തിലെ പ്രാദേശിക പാർട്ടി ഘടകങ്ങളുടെ സമ്മർദങ്ങളെ നേരിടാനുള്ള തന്ത്രങ്ങൾ, ജനങ്ങളുടെ പൾസ് അറിയാനുള്ള സർവേകൾ തുടങ്ങി ഒരു വർഷം മുമ്പ് തുടങ്ങിയ സന്നാഹങ്ങളോടെയാണ് കോൺഗ്രസ് ദേശീയ നേതൃത്വം അഞ്ച് സംസ്ഥാനങ്ങളിലുമിറങ്ങിയത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ അടിത്തറി ശക്തമാക്കി എന്ന് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞത്, പാർട്ടി നേതൃത്വത്തിനു പറ്റിയ ഒരു ധാരണാപ്പിശകായിരുന്നുവെന്ന് തെളിഞ്ഞു. പ്രത്യേകിച്ച്, രാജസ്ഥാനിൽ, പ്രാദേശിക പാർട്ടിഘടകത്തിലെ വൈരമാണ് കോൺഗ്രസിനെ തോൽപ്പിച്ചത് എന്ന കാര്യം കണക്കിലെടുത്താൽ.

കെ.സി. വേണുഗോപാൽ

മധ്യപ്രദേശ്: ജയിച്ചത്
ബി.ജെ.പി 'ക്ഷേമം'

ആകെ സീറ്റ്: 230.
കേവല ഭൂരിപക്ഷം: 116.

ജയിച്ച / ലീഡ് ചെയ്യുന്ന സീറ്റുകൾ:
ബി.ജെ.പി: 166.
കോൺഗ്രസ്: 63.
ബി.എസ്.പി: ഒന്ന്.

എക്‌സിറ്റ് പോളുകളിൽ 'ഇഞ്ചോടിഞ്ച്' എന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും കോൺഗ്രസ് തകർന്നടിഞ്ഞുവെന്നുതന്നെ പറയാം. 2018-ൽ കോൺഗ്രസിന് 114, ബി.ജെ.പിക്ക് 109 സീറ്റുകൾ വീതമാണുണ്ടായിരുന്നത്.

ജ്യോതിരാദിത്യ സിന്ധ്യയെ ചാക്കിട്ടുപിടിച്ച്, 2020ൽ ബി.ജെ.പി നടത്തിയ 'ഓപ്പറേഷൻ' വോട്ടർമാരുടെ ഓർമയിലുണ്ടാകും എന്നത് കോൺഗ്രസിന്റെ അമിതപ്രതീക്ഷയായിരുന്നു. തൂക്കുമന്ത്രിസഭയുണ്ടാകും എന്ന എക്‌സിറ്റ് പോൾ ഫലം വന്നപ്പോൾ മുൻമുഖ്യമന്ത്രി ദിഗ് വിജയ് സിങ് പറഞ്ഞത്, പാർട്ടിയിൽ ജ്യോതിരാദിത്യ സിന്ധ്യയെപ്പോലുള്ള 'ഒറ്റുകാർ' അവശേഷിക്കുന്നില്ല എന്നാണ്. ഒറ്റുകാരുടെ പിന്തുണ ആവശ്യമില്ലാത്തവിധം ബി.ജെ.പിക്ക് അധികാരത്തിലെത്താനായി.

ശിവ്‌രാജ് സിങ് ചൗഹാൻ

2003 മുതൽ സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയാണ്, 2018 ഡിസംബർ മുതൽ 2020 മാർച്ച് വരെയുള്ള 15 മാസം ഒഴിച്ചാൽ. സംസ്ഥാനം ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെ ഇത്തവണ പക്ഷെ, ബി.ജെ.പി പിൻസീറ്റിലേക്ക് ഒതുക്കി. യഥാർഥത്തിൽ നരേന്ദ്രമോദിക്കും അമിത് ഷാക്കും അവകാശപ്പെട്ട വിജയമാണിത്. 'മോദിയുടെ പ്രഭാവവും ഹിന്ദുത്വ ഐഡിയോളജിയും കൊണ്ടുമാത്രം ബി.ജെ.പിക്ക് വോട്ട് കിട്ടില്ല' എന്ന ഓർഗനൈസറുടെ എഡിറ്റോറിയലിനെ തിരുത്തേണ്ട ബാധ്യത കൂടി മോദിക്കും അമിത്ഷാക്കും ഉണ്ടായിരുന്നു.

വോട്ടിംഗിൽ കോൺഗ്രസിനെ തുണയ്ക്കുന്ന നിരവധി ഘടകങ്ങളുണ്ടായിരുന്നു: ഭരണവിരുദ്ധവികാരം, അഴിമതി, സ്ത്രീകൾക്കും അധസ്ഥിത വിഭാഗങ്ങൾക്കും എതിരായ അതിക്രമങ്ങൾ തുടങ്ങിയവ. ആദിവാസി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്.

കമൽനാഥിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി ഒരൊറ്റ ശരീരവും മനസ്സുമായാണ് കോൺഗ്രസ് പ്രവർത്തിച്ചത്. 'ബുൾഡോസർ മാമ' എന്ന് വിളിക്കപ്പെടുന്ന, തീവ്രനിലപാടുകാരനായ പ്രോ ഹിന്ദുത്വ നേതാവാണ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ എങ്കിലും ബി.ജെ.പി അദ്ദേഹത്തിലുള്ള അവിശ്വാസം പരസ്യമായി തന്നെ പ്രകടിപ്പിച്ചു. മൂന്നാമത്തെ സ്ഥാനാർഥി പട്ടികയിലാണ് ചൗഹാന് ഇടം കിട്ടിയത്. മോദി പങ്കെടുത്ത കാമ്പയിനുകളിൽ ചൗഹാന്റെ പേരു പോലും പരാമർശിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധയുണ്ടായി. മോദിയും അമിത് ഷായും സംസ്ഥാനത്തെ കാമ്പയിന്റെ സർവ നിയന്ത്രണവും ഏറ്റെടുത്തു. പാർട്ടിയുടെ ‘ജൻ ആശീർവാദ് യാത്ര’ക്ക് കേന്ദ്ര നേതാക്കൾ നേതൃത്വം നൽകി, ചൗഹാൻ പിൻസീറ്റിലായിരുന്നു. ഭരണവിരുദ്ധവികാരത്തെ മറികടക്കാൻ, ചൗഹാനുപകരം ഒരു പുതിയ മുഖമായിരിക്കും മുഖ്യമന്ത്രിയായി വരിക എന്ന പ്രതീതി പോലും ബി.ജെ.പി സൃഷ്ടിച്ചു. ഇതെല്ലാം അണികളിൽ ആശയക്കുഴപ്പമല്ല, ആത്മവിശ്വാസമാണുണ്ടാക്കിയത് എന്ന് റിസൾട്ട് തെളിയിച്ചു.

ആർ.എസ്.എസിന്റെ നേതൃത്വത്തിൽ ഗ്രാമതലങ്ങളിലടക്കം നടക്കുന്ന അതിതീവ്രമായ സംഘാടനപ്രവർത്തനങ്ങളാണ് ബി.ജെ.പിയുടെ വൻവിജയത്തിന്റെ കാരണങ്ങളിലൊന്ന്. സംസ്ഥാന ജനസംഖ്യയിൽ 21 ശതമാനം വരുന്ന ആദിവാസി വിഭാഗങ്ങൾക്കിടയിൽ സംഘ്പരിവാർ പ്രവർത്തനം അതിശക്തമാണ്. സംസ്ഥാന ജനസംഖ്യയിൽ 21 ശതമാനം ആദിവാസികളാണ്. 47 ആദിവാസി സംവരണ സീറ്റുണ്ട്. 2018ൽ ഇതിൽ 16 എണ്ണത്തിൽ മാത്രമാണ് ബി.ജെ.പി ജയിച്ചത്. കോൺഗ്രസ് 30ൽ. 17 ശതമാനം വരുന്ന പട്ടിക ജാതിക്കാർക്കായി 35 സീറ്റ് സംവരണമുണ്ട്. 2018ൽ ബി.ജെ.പി 18, കോൺഗ്രസ് 17 എസ്.സി സീറ്റിൽ വീതമാണ് ജയിച്ചത്. ഇത്തവണ ഈ മേഖലകളിൽ ബി.ജെ.പി ആധിപത്യം നേടി.

ബി.ജെ.പിയുടെ ശക്തമായ സംഘടനാ സംവിധാനം വഴി സാധ്യമായ ഹിന്ദുത്വ ധ്രുവീകരണം ഒരു പാശ്ചാത്തലമായി വർത്തിച്ചു. അതിനൊപ്പം, ക്ഷേമപദ്ധതികളുടെ മലവെള്ളപ്പാച്ചിൽ തന്നെ കേന്ദ്ര സർക്കാറിൽനിന്നുണ്ടായി. പ്രത്യേകിച്ച് സ്ത്രീകൾക്കുവേണ്ടി പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾ, കേന്ദ്ര മന്ത്രിമാരുടെ നിരന്തര ഇടപെടലുകൾ തുടങ്ങിയ ഘടകങ്ങളാണ് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്ന ഭരണവിരുദ്ധവികാരത്തെ നിർവീര്യമാക്കിയത്. 2018-ൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയതിലെ പ്രധാന ഘടകം കാർഷിക മേഖലയിലുണ്ടായിരുന്ന അതൃപ്തിയായിരുന്നു. അത്തരം ഘടകങ്ങൾ ബി.ജെ.പി ജാഗ്രതയോടെ നിരീക്ഷിച്ചിരുന്നു.

ബി.ജെ.പി ചിട്ടപ്പെടുത്തിയ അതേ പാതയിലായിരുന്നു കോൺഗ്രസും. കാമ്പയിനിൽ ‘ഹനുമാൻ സ്വാമി ഭക്ത’നായാണ് കമൽനാഥ് പ്രത്യക്ഷപ്പെട്ടത്. ഹിന്ദുത്വ മേമ്പൊടികൾ ആവശ്യത്തിന് കൈവശമുള്ള നേതാവാണ് കമൽനാഥ്. ക്ഷേമപദ്ധതികളുടെ കാര്യത്തിലും കോൺഗ്രസ് ബി.ജെ.പിയെ മിമിക് ചെയ്തു. എന്നാൽ, കൂടുതൽ വിശ്വാസ്യത, സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരം കൈയാളുന്ന ഒരു പാർട്ടിയുടെ വാഗ്ദാനത്തിലായിരുന്നുവെന്നുതോന്നുന്നു. നരേന്ദ്ര സിങ് തോമാർ, ഫാഗ്ഗൻ സിങ് കുലസ്‌തേ, പ്രഹ്‌ളാദ് പട്ടേൽ എന്നീ കേന്ദ്ര മന്ത്രിമാരുടെ ശക്തമായ സാന്നിധ്യം പാർട്ടി ഉറപ്പുകൾക്ക് പ്രാബല്യം നൽകി.

കമൽനാഥ്

മധ്യപ്രദേശിലെ 5.60 കോടി വോട്ടർമാരിൽ 2.7 കോടി സ്ത്രീകളാണ്. ഇവരെ മുന്നിൽ കണ്ടാണ് ബി.ജെ.പിയും കോൺഗ്രസും ഇത്തവണ പ്രകടനപത്രിക ഒരുക്കിയത്.
തെരഞ്ഞെടുപ്പിന് ആറും മാസം മുമ്പ് ചൗഹാൻ പ്രഖ്യാപിച്ച സ്ത്രീകളെ ലക്ഷ്യം വച്ചുള്ള ക്ഷേമ പദ്ധതി ജനപ്രീതിയാർജിച്ചു. 21- 60 വയസുള്ള, വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയാത്ത സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആദ്യ മൂന്നുമാസം 1000 രൂപ വീതവും പീന്നീട് 1250 രൂപ വീതവും നിക്ഷേപിക്കുന്നതാണ് പദ്ധതി. ഒരു വീട്ടിൽ ഒന്നിലധികം സ്ത്രീകൾക്കും ആനുകൂല്യം ലഭിക്കും.
രക്ഷാബന്ധൻ ദിനത്തിൽ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 250 രൂപ നിക്ഷേപിച്ച പദ്ധതിയുണ്ടായിരുന്നു. സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണവും പ്രഖ്യാപിച്ചു.

ബി.ജെ.പി പദ്ധതികളുടെ തനിയാവർത്തനമായിരുന്നു കോൺഗ്രസ് പ്രകടനപത്രിക: 500 രൂപക്ക് ഗ്യാസ് സിലിണ്ടർ, വിവാഹിതരും വിവാഹമോചിതരും ദരിദ്രരുമായ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് മാസം 1500 രൂപ, 100 യൂണിറ്റുവരെ സൗജന്യ വൈദ്യുതി, സ്‌കൂൾ വിദ്യാർഥികൾക്ക പ്രതിമാസ സ്‌റ്റൈപ്പന്റ് തുടങ്ങിയവയായിരുന്നു ഉറപ്പുകൾ.
ഇത്തവണ, 230 മണ്ഡലങ്ങളിൽ കോൺഗ്രസിന് 62 ഒ.ബി.സി സ്ഥാനാർഥികളാണുണ്ടായിരുന്നത്, ബി.ജെ.പിക്കാകട്ടെ, 71 പേരും.
ഒരു വശത്ത് ജാതി സെൻസസിലൂടെ ഒ.ബി.സി രാഷ്ട്രീയം പറയുന്ന പാർട്ടി, മറുവശത്ത് സവർണ പ്രീണനം നടത്തുന്ന അതിന്റെ നേതാവ് കമൽനാഥ്; സംസ്ഥാനത്ത് കോൺഗ്രസിന്റെ തകർച്ചയുടെ കാരണം മറ്റെവിടെയും തെരയേണ്ടതില്ല.

രാജസ്ഥാൻ: തകർന്നത്
ഗെഹ്‌ലോട്ട് സാമ്രാജ്യം

ആകെ സീറ്റ്: 199.
കേവല ഭൂരിപക്ഷം: 101

ജയിച്ച / ലീഡ് ചെയ്യുന്ന സീറ്റുകൾ:
ബി.ജെ.പി: 115.
കോൺഗ്രസ്: 69.
ബി.എസ്.പി: 2

2018-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ വോട്ടുവിഹിതത്തിലുണ്ടായിരുന്ന വ്യത്യാസം 0.05 ശതമാനം മാത്രമായിരുന്നു. കോൺഗ്രസിന് 100, ബി.ജെ.പിക്ക് 73 സീറ്റുവീതമാണ് കിട്ടിയത്.

1990 വരെ കോൺഗ്രസാണ് രാജസ്ഥാൻ ഭരിച്ചത്, 1977ൽ ഒഴികെ. 1993-ൽ അധികാരത്തിൽ വന്ന ബി.ജെ.പി അഞ്ചു വർഷം പൂർത്തിയാക്കി. പിന്നീട് സംസ്ഥാനത്ത് ഒരു പാർട്ടിയും രണ്ടുവട്ടം തുടർച്ചയായി ഭരിച്ചിട്ടില്ല. ഇത്തവണ ജയിച്ചിരുന്നുവെങ്കിൽ, 1998-നുശേഷം തുടർഭരണം നേടുന്ന ആദ്യ സർക്കാറാകുമായിരുന്നു അശോക് ഗഹ്‌ലോട്ടിന്റേത്. തന്റെ ജനപ്രീതിയിലുള്ള ഗഹ്‌ലോട്ടിന്റെ അമിതമായ ആത്മവിശ്വാസം പാർട്ടിക്കുതന്നെ തിരിച്ചടിയായി എന്നാണ് രാജസ്ഥാനിലെ തകർച്ച കാണിക്കുന്നത്. സ്വന്തക്കാരെ സദാ ചുറ്റും നിർത്തി സ്വന്തം പദവി സംരക്ഷിക്കാനുള്ള ഗെഹ്‌ലോട്ടിന്റെ സൂത്രമാണ് പൊളിഞ്ഞുപോയത്. ആ സാമ്രാജ്യത്തിലേക്ക് കേന്ദ്ര നേതൃത്വത്തിനുപോലും പ്രവേശനമുണ്ടായിരുന്നില്ല. പോപ്പുലറായ ഒരു മുഖ്യമന്ത്രിയും അൺ പോപ്പുലറായ എം.എൽ.എമാരും എന്നതായിരുന്നു രാജസ്ഥാനിലെ അവസ്ഥ.

സച്ചിൻ പൈലറ്റ്- ഗെഹ്‌ലോട്ട് വെടിനിർത്തൽ താഴെത്തട്ടിൽ എത്തിയില്ല എന്നു മാത്രമല്ല, തന്റെ പോരാട്ടവീര്യം അതിശക്തമായി നിലനിർത്താൻ, സച്ചിൻ ഓരോ ഘട്ടത്തിലും നന്നായി പ്രയത്നിക്കുകയും ചെയ്തു.

വസുന്ധര രാജെയാണ് സംസ്ഥാനത്ത് ബി.ജെ.പിയുടെ മുഖം എങ്കിലും അവരെ ഒതുക്കാൻ പാർട്ടി ദേശീയ നേതൃത്വം തന്നെ ശ്രമിച്ചിരുന്നു. കാരണം, വസുന്ധര രാജെ ഇപ്പോഴും പഴയ പോലൊരു രാഷ്ട്രീയ സാമ്രാജ്യത്തിലെ രാജ്ഞിയെന്ന നിലയ്ക്കാണ് കഴിയുന്നത്. അതിൽ ദേശീയ നേതൃത്വത്തിന് വലിയ റോളില്ല. തനിക്കൊപ്പമുള്ളവർക്ക് സീറ്റ് നിഷേധിച്ചപ്പോൾ അവരെ വിമതരായി മത്സരിപ്പിച്ച് വസുന്ധരെ ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ചു. ആ വിമതരിൽ പലരും ജയിക്കുകയും ചെയ്തു. ഏതായാലും അവരെ പൂർണമായി അവഗണിച്ച് സംസ്ഥാനത്ത് മറ്റൊരു മുഖ്യമന്ത്രിയെ 'വാഴിക്കുന്നത്' പാർട്ടിക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും. രാജകുടുംബാംഗം ദിയ കുമാരിയുടെ പേരും പാർട്ടി വൃത്തങ്ങളിൽ സജീവമാണ്. സിറ്റിങ് എം.എൽ.എയെ മാറ്റിയാണ് വിധാധർ മണ്ഡലത്തിൽനിന്ന് ഇവരെ മത്സരിപ്പിച്ചത്.

ഛത്തീസ്ഗഡ്:
ജയിച്ചത് ഇ.ഡിയോ?

ആകെ സീറ്റ്: 90.
കേവല ഭൂരിപക്ഷം: 46

ജയിച്ച / ലീഡ് ചെയ്യുന്ന സീറ്റുകൾ:
ബി.ജെ.പി: 56
കോൺഗ്രസ്: 34

2018-ൽ രമൺ സിങ്ങിന്റെ നേതൃത്വത്തിലുള്ള 15 വർഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ച് കോൺഗ്രസ് ജയിച്ചതിന്റെ പ്രധാന കാരണം, നെൽകർഷകരിലുണ്ടായ പ്രതിഷേധമാണ്. 90ൽ 68 സീറ്റ് നേടിയാണ് കോൺഗ്രസ് അന്ന് ജയിച്ചത്, ബി.ജെ.പിക്ക് 15 സീറ്റേ നേടാനായുള്ളൂ.

ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുന്നതിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ തെരഞ്ഞെടുപ്പിനുമുമ്പേ മത്സരം തുടങ്ങിയിരുന്നു. 1.75 ലക്ഷം കോടി രൂപ തന്റെ സർക്കാർ ക്ഷേമ പദ്ധതികൾക്കായി ചെലവഴിച്ചുവെന്ന് കാമ്പയിനിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അവകാപ്പെട്ടു. നെൽ കർഷകരുടെ വോട്ട് ഇത്തവണ ബി.ജെ.പി കൃത്യമായി കണക്കുകൂട്ടി. പ്രകടനപത്രികയിൽ നെല്ലിന്റെ സംഭരണത്തിലും വിപണനത്തലുമെല്ലാം വൻ ഉറപ്പുകളാണ് നൽകിയത്. ഒപ്പം വിവാഹിതകളായ സ്ത്രീകൾക്ക് ധനസഹായം, 500 രൂപയ്ക്ക് എൽ.പി.ജി സിലിണ്ടർ തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങളും. 64 മണ്ഡലങ്ങളിലും ജനവിധിയെ സ്വാധീനിക്കുന്നത് ഒ.ബി.സി- കാർഷിക വിഭാഗങ്ങളാണ്. 2018-ൽ ഈ മേഖല കോൺഗ്രസാണ് തൂത്തുവാരിയത്.

തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വ്യക്തമായ മുൻതൂക്കമുണ്ടായിരുന്ന കോൺഗ്രസിനെ നേരിടാൻ കേന്ദ്ര സർക്കാർ തന്നെയാണ് രംഗത്തിറങ്ങിയത്. ഭൂപേഷ് ബാഗേൽ സർക്കാറിനെതിരെ ഇ.ഡിയെ അണിനിരത്തി. കഴിഞ്ഞ ജനുവരി മുതൽ ഒക്‌ടോബർ വരെയുള്ള സമയത്ത് ബാഗേൽ സർക്കാറിലെ പ്രമുഖർക്കും കോൺഗ്രസ് നേതാക്കൾക്കും എതിരെ നിരന്തരം ഇ.ഡി നോട്ടീസുകൾ ഇറക്കിക്കൊണ്ടിരുന്നു. വോട്ടെടുപ്പിന് നാലു ദിവസം മുമ്പ്, ബാഗേൽ മഹാദേവ് ബെറ്റിങ് ആപ്പ് പ്രമോട്ടർമാരിൽനിന്ന് 508 കോടി രൂപ കൈപ്പറ്റിയതായി ഇ.ഡി ആരോപണമുന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഈ ആരോപണം ഏറ്റെടുത്തു. മഹാദേവ് ആപ്പിനെതിരെ കേസെടുത്തത് കോൺഗ്രസ് സർക്കാറാണെന്നും കമ്പനിയുടെ പ്രമോട്ടർമാരെ സംരക്ഷിക്കുന്നത് ബി.ജെ.പിയാണെന്നും കോൺഗ്രസ് തിരിച്ചടിച്ചെങ്കിലും ബി.ജെ.പി കാമ്പയിൻ നന്നായി പച്ച പിടിച്ചു.

2018-ൽ സുർഗുജ- ബസ്തർ ആദിവാസി മേഖലയിൽ കോൺഗ്രസിനായിരുന്നു ആധിപത്യം. എന്നാൽ, ആദിവാസി അവകാശങ്ങൾക്കെതിരായ കോർപറേറ്റ് കടന്നാക്രമണങ്ങൾക്ക് സർക്കാർ നൽകിയ ഒത്താശ കടുത്ത പ്രതിഷേധമാണ് മേഖലയിലുണ്ടാക്കിയത്.

തെലങ്കാന:
വികാരം വഴിമാറുന്നു

ആകെ സീറ്റ്: 119
കേവല ഭൂരിപക്ഷം: 60.

ജയിച്ച / ലീഡ് ചെയ്യുന്ന സീറ്റുകൾ:
കോൺഗ്രസ്: 64.
ബി.ആർ.എസ്: 39.
ബി.ജെ.പി: 9

കെ.സി.ആറിന്റെ പത്തു വർഷത്തെ ഭരണത്തുടർച്ചക്ക് അന്ത്യം. എക്‌സിറ്റ് പോളുകൾ ഉറപ്പിച്ചുപറയാൻ മടിച്ച ഒരു വിജയമാണ് തെലങ്കാന കോൺഗ്രസിന് ഉറപ്പോടെ കൈയിൽ വച്ചുകൊടുക്കുന്നത്.
2018-ൽ കോൺഗ്രസ് വെറും 19 സീറ്റിലാണ് ജയിച്ചത്. ആ എം.എൽ.എമാരിൽ ഏറെ പേരും ബി.ആർ.എസിലേക്ക് കാലുമാറുകയും ചെയ്തു. ആ ഒരു തരിശുഭൂമിയിൽനിന്നാണ് കോൺഗ്രസ് ഭരണത്തിലേക്ക് കയറുന്നത്. ബി.ജെ.പി നാലാം സ്ഥാനത്താണ്, എട്ടു സീറ്റിൽ മുന്നിട്ടുനിൽക്കുന്നു. അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം നാലു സീറ്റിൽ മുന്നിലാണ്. സി.പി.ഐ ഒരു സീറ്റിൽ മുന്നിലുണ്ട്.

തെലങ്കാന ഒരു വികാരമായിരുന്നു. സംസ്ഥാന രൂപീകരണം എന്ന ആ വികാരത്തിന്റെ അവകാശി എന്ന നിലയ്ക്കാണ് കെ. ചന്ദ്രശേഖര റാവു പത്തുവർഷവും അധികാരത്തിലിരുന്നത്. അഴിമതിയും കുടുംബവാഴ്ചയും സ്വേച്ഛാധിപത്യ നടപടികളുമെല്ലാം ഈ വികാരത്തിന്റെ പുറത്ത് ഒളിപ്പിച്ചുവക്കാൻ അദ്ദേഹത്തിനായി. സംസ്ഥാന രൂപീകരണശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 69 സീറ്റാണ് ടി.ആർ.എസ് നേടിയത്. 2018-ൽ 88 സീറ്റായി അതുയർത്താനായി. ഇതോടെ, കോൺഗ്രസിന്റെ പതനം പൂർത്തിയായി.

ചാരത്തിൽനിന്ന് കോൺഗ്രസിനെ വീണ്ടെടുത്തത്, രേവന്ത് റെഡ്ഢിയല്ലാതെ മറ്റാരുമല്ല. ബി.ആർ.എസിനും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനും എതിരായ കോൺഗ്രസ് പോരാട്ടത്തിന്റെ ദിശയും ഉള്ളടക്കവും ഈ 54 കാരൻേറതായിരുന്നു. കർണാടകയിൽ പാർട്ടി നേടിയ വൻ വിജയം ഒരു പാഠമായി തെലങ്കാനയിൽ അദ്ദേഹം അവതരിപ്പിച്ചു.

2021-ലാണ് രേവന്ത സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായത്. അത് പാർട്ടിയുടെ സമകാലിക ചരിത്രത്തിലെ ഏറ്റവും നിർണായക തീരുമാനം കൂടിയായിരുന്നു. തുടർന്ന് ബി.ആർ.എസ് സർക്കാറിനെതിരായ സമരങ്ങളുടെ നേതൃത്വം അദ്ദേഹം ഏറ്റെടുത്തു. സംസ്ഥാന രൂപീകരണത്തിനുശേഷം ഏതാണ്ട് ശൂന്യമായിപ്പോയ കോൺഗ്രസിന്റെ സംഘടനാശരീരത്തെ പുനരുജ്ജീവിപ്പിക്കാൻ തെരുവിൽ അണികളെ അണിനിരത്തിയുള്ള സമരപരമ്പരകൾക്ക് അദ്ദേഹം നേതൃത്വം നൽകി. സർക്കാർ അദ്ദേഹത്തെ ജയിലിലടച്ചാണ് പ്രതിഷേധങ്ങളെ നേരിട്ടത്. കെ.സി.ആർ എന്ന പ്രബലനായ നേതാവിനോട് നേരിട്ട് ഏറ്റുമുട്ടുക എന്നതായിരുന്നു രേവന്തിന്റെ തന്ത്രം. അതിനായി ഇത്തവണ കെ.സി.ആറിന്റ സ്വന്തം മണ്ഡലമായ കാമറെഡ്ഢിയിൽ മത്സരിക്കാനിറങ്ങി. രേവന്തിന്റെ ഈ നീക്കം സംസ്ഥാനത്തുടനീളം പാർട്ടി അണികളെ ആവേശഭരിതരാക്കി. കാമറെഡ്ഢിയിൽ രേവന്ത് മുന്നിട്ടുനിൽക്കുകയാണ്.

തുടക്കത്തിൽ ജയസാധ്യതയില്ലാതിരുന്ന കോൺഗ്രസിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് എത്തിക്കാൻ രേവന്തിനായി. 'ഭൂവുടമകളുടെ ഫ്യൂഡൽഭരണത്തിനെതിരെ ജനങ്ങളുടെ ഭരണത്തിന് വോട്ടു ചെയ്യൂ' എന്ന അദ്ദേഹത്തിന്റെ കാമ്പയിൻ ശ്രദ്ധേയമായിരുന്നു. കെ.സി.ആർ ക്ഷേമപദ്ധതികളായി പ്രഖ്യാപിച്ച പലതിന്റെയും യഥാർഥ ഗുണം ഉന്നതരിലേക്കാണ് എത്തുന്നത് എന്ന യാഥാർഥ്യം ഈ കാമ്പയിൻ തുറന്നുകാട്ടി. തെലങ്കാന സംസ്ഥാനത്തിന്റെ പിതൃത്വം കെ.സി.ആറിൽനിന്ന് അടർത്തിമാറ്റി സോണിയ ഗാന്ധിയെ അവകാശിയായി അവതരിപ്പിച്ചു. യു.പി.എ സർക്കാറിന്റെ കാലത്താണ് സംസ്ഥാന രൂപീകരണം നടന്നത് എന്ന വസ്തുത ഉറക്കെ പറഞ്ഞു. പ്രിയങ്ക ഗാന്ധിയെ കാമ്പയിനിൽ സജീവമായി പങ്കെടുപ്പിച്ചു.

ഒരുപക്ഷെ, കർണാടകയിലെ വിജയപാഠം സംഘടനാതലത്തിൽ വിജയകരമായി പരീക്ഷിക്കാൻ കഴിഞ്ഞതാണ് തെലങ്കാനയിലെ വിജയത്തിന് കാരണം. കെ.സി.ആർ തീർച്ചയായും വിജയിക്കാൻ സാധ്യതയുള്ള ഒരു മത്സരമാണ് കാഴ്ചവച്ചത്. എന്നാൽ, അണികളെ പൂർണമായും സജ്ജരാക്കിയും സംഘടനയെ പുനരുജ്ജീവിപ്പിച്ചും തെരുവിൽ ഭരണത്തിനെതിരെ പ്രതിഷേധപരമ്പര സൃഷ്ടിച്ചും ഇലക്ടറൽ ​ഡെമോക്രസിയുടെ സാധ്യതകൾ പരമാവധി പ്രയോഗത്തിൽ വരുത്തിയ ഒരു പാർട്ടിയെയാണ് തെലങ്കാന ഭരണമേൽപ്പിക്കുന്നത്.

ഇന്ത്യയിൽ ജാതിരാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്നാണ്, ഈ റിസൾട്ടുകളെ വിലയിരുത്തി അമിത് ഷാ നടത്തിയ ആദ്യ പ്രതികരണം. കുറച്ചുവർഷങ്ങൾക്കുമുമ്പായിരുന്നുവെങ്കിൽ അതിനെ വിരുദ്ധോക്തിയിലുള്ള ഒരു പരിഹാസച്ചിരിയാൽ നമുക്ക് നേരിടാമായിരുന്നു. എന്നാൽ, ഇന്ന് ആ പരാമർശം ആവാഹിക്കുന്ന രാഷ്ട്രീയധ്വനി കോൺഗ്രസിനുമാത്രമല്ല, സംസ്ഥാനങ്ങളിലെ ഓരോ പ്രാദേശിക പാർട്ടിയെ സംബന്ധിച്ചും വിലപ്പെട്ടതാണെന്നുവരുന്നു.

Comments