അതിഷി മുഖ്യമന്ത്രിയാകുന്ന തിരക്കഥയിൽ സ്ത്രീവിമോചന രാഷ്ട്രീയമില്ല

അതിഷിയുടെ സ്ഥാനലബ്ധിയെ സ്ത്രീകളുടെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ കാഴ്ചപ്പാടിൽ നിന്നും നോക്കിയാൽ പ്രതീക്ഷാരഹിതമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഓരോ അടിയിലും അത് പ്രസരിപ്പിക്കുന്ന പുരുഷാധിപത്യ വിധേയത്വമാണ് ഒന്നാമത്തേത്. അത് കെജ്രിവാളിന്റെ നേതൃത്വത്തോടും പരമാധികാരത്തോടുമുള്ള വിധേയത്വ പ്രഖ്യാപനമാണ് എന്നത് അതിന്റെ ഒരു അടര് മാത്രമാണ്. കുടുംബം എന്ന, പുരുഷൻ പരമാധികാരിയായ സാമൂഹ്യസ്ഥാപനത്തിന്റെ മറ്റൊരു രൂപമായി ഈ രാഷ്ട്രീയാധികാര ഘടനയെ പരിവർത്തിപ്പിക്കുന്ന പ്രക്രിയയാണ് യാതൊരു മറയുമില്ലാതെ നടക്കുന്നത് - പ്രമോദ് പുഴങ്കര എഴുതുന്നു...

ൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന (Atishi Marlena) ചുമതലയേറ്റെടുക്കുമ്പോൾ അത് ഇന്ത്യയിലെ രാഷ്ട്രീയാധികാര മേഖലയിലെ സ്ത്രീകളുടെ രാഷ്ട്രീയസമരത്തിന്റെ ഏതു തരത്തിലുള്ള സൂചകമാണ് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇന്ത്യയിലെ രാഷ്ട്രീയചരിത്രത്തിൽ (Indian Politics) അത് വേറിട്ടുനിൽക്കുന്ന ഒരു രാഷ്ട്രീയ മുഹൂർത്തമാകുന്നുണ്ടോ എന്നതും നോക്കേണ്ടതുണ്ട്. സ്ത്രീവിമോചന രാഷ്ട്രീയത്തെ അതെത്രമാത്രം തൊട്ടുനിൽക്കുന്നു എന്നതും മുന്നോട്ടുകൊണ്ടുപോകുന്നു എന്നതും പ്രശ്നമാണ്. പൂർണ്ണമായും നിഷേധാത്മകല്ല ഇതിനൊക്കെയുള്ള ഉത്തരങ്ങളും അതിൽനിന്നും ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന രാഷ്ട്രീയസാധ്യതകളും എന്നുണ്ടെങ്കിലും അത് സാമ്പ്രദായിക പുരുഷാധിപത്യ രാഷ്ട്രീയധാരയോട് ലവലേശം കലഹിക്കാത്ത ഒരു പുരുഷാധികാര ഇടപാട് മാത്രമാണെന്നത് കാണാതിരിക്കാനാകില്ല.

സ്ത്രീകളുടെ രാഷ്ട്രീയാധികാരം എന്നത് ഇന്ത്യയിൽ മാത്രമല്ല ലോകത്തെല്ലായിടത്തും പുരുഷാധിപത്യ രാഷ്ട്രീയ, സാമൂഹ്യ വ്യവസ്ഥയോട് കലഹിക്കാതെ, സമരം ചെയ്യാതെ നേടാനാകുന്ന ഒന്നല്ല. സ്വാഭാവികമായ തരത്തിൽ, മറ്റേതെങ്കിലും രാഷ്ട്രീയ, സാമൂഹ്യ മാറ്റത്തിന്റെ ഭാഗമായി ഇല്ലാതാകുന്ന ഒന്നല്ല പുരുഷാധിപത്യ വ്യവസ്ഥ. അത് മറ്റെല്ലാ അധികാര വ്യവസ്ഥകളെയും പോലെ ആ വ്യവസ്ഥ അടിച്ചമർത്തുന്ന മനുഷ്യർ നടത്തുന്ന കലാപങ്ങളിലൂടെ മാത്രം ദുർബ്ബലമാവുകയും മാറുകയും ചെയ്യാനുള്ള ഘടനയിലുള്ളതാണ്. പുരുഷാധിപത്യ വ്യവസ്ഥയുടെ സാമൂഹ്യാധികാര ഘടനയുടെ ഉള്ളിനെ ദുർബ്ബലമാക്കുന്ന നിരവധി പോരാട്ടങ്ങൾ നടത്തിയതുകൊണ്ടാണ് സ്ത്രീകൾക്ക് അതിനുള്ളിൽ ഇന്നുകാണുന്ന പല തരത്തിലുള്ള മനുഷ്യാവകാശങ്ങളും അനുഭവിക്കാനാകുന്നത്. അത് രാഷ്ട്രീയാവകാശങ്ങളുടെ രൂപത്തിൽ മാത്രമല്ല, കേവലമായ മനുഷ്യാവകാശങ്ങൾ പോലും അങ്ങനെയാണ് ലഭിച്ചിട്ടുള്ളത്. രാഷ്ട്രീയാധികാരത്തിന്റെ മണ്ഡലത്തിൽ നടക്കുന്ന വിശാലമായ സമരങ്ങളുടെ ഭാഗമായുണ്ടാകുന്ന രാഷ്ട്രീയ, സാമൂഹ്യ മാറ്റങ്ങളുടെ ഗുണഫലങ്ങൾ സ്ത്രീകളുടെ ജീവിതാവസ്ഥയിൽ മാറ്റങ്ങളുണ്ടാക്കും എന്നത് വസ്തുതയാണ്. എന്നാലിതിൽ പുരുഷനും സ്ത്രീക്കും ലഭിക്കുന്ന നേട്ടങ്ങളിൽ വലിയ വ്യത്യാസമുണ്ടാവുകയും സ്ത്രീകൾ നാമമാത്രമായ അവകാശാധികാരങ്ങൾ മാത്രം ലഭിക്കുന്നവരാവുകയും ചെയ്യും എന്നതാണ് വസ്തുത. അതായത് നിലനിൽക്കുന്ന പുരുഷാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാനപരമായ എല്ലാ കുഴപ്പങ്ങളെയും അത് പിന്തുടരുകയും പരിപാലിക്കുകയും ചെയ്യും. നവോത്ഥാന കാലത്തെ സമരങ്ങളിലും കൊളോണിയൽ വിരുദ്ധ ദേശീയ വിമോചന സമരങ്ങളിലും നമുക്കിത് കാണാനാകും.

ഡൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന ചുമതലയേറ്റെടുക്കുമ്പോൾ അത് ഇന്ത്യയിലെ രാഷ്ട്രീയാധികാര മേഖലയിലെ സ്ത്രീകളുടെ രാഷ്ട്രീയസമരത്തിന്റെ ഏതു തരത്തിലുള്ള സൂചകമാണ് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ഡൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന ചുമതലയേറ്റെടുക്കുമ്പോൾ അത് ഇന്ത്യയിലെ രാഷ്ട്രീയാധികാര മേഖലയിലെ സ്ത്രീകളുടെ രാഷ്ട്രീയസമരത്തിന്റെ ഏതു തരത്തിലുള്ള സൂചകമാണ് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

പുരുഷന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന രാഷ്ട്രീയ സമരങ്ങൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും പേറുന്ന ദൗർബ്ബല്യം എന്നത് അത് സ്ത്രീകൾ അവരുടെ സ്ത്രീ എന്ന ജൈവികവും സാമൂഹ്യവുമായ അസ്തിത്വം കൊണ്ട് നേരിടുന്ന ബഹുമുഖങ്ങളായ ചൂഷണത്തിനെതിരായ പോരാട്ടത്തിന്റെ രൂപങ്ങൾ നിർണ്ണയിക്കുന്നതിൽ നിന്നും സ്ത്രീകളെ ഒഴിവാക്കുന്നു എന്നതാണ്. പുരുഷന്മാർ അവരുടെ രാഷ്ട്രീയ, സാമൂഹ്യ ബോധ്യങ്ങൾക്കനുസരിച്ച് പ്രദാനം ചെയ്യുന്ന ഒന്നായി സ്ത്രീകളുടെ അവകാശങ്ങളും അവർക്ക് ലഭിക്കേണ്ട നീതിയും രൂപപ്പെടുന്നു.

ഇത് പക്ഷെ സ്ത്രീകളുടെ കാര്യത്തിൽ മാത്രമല്ല ഉണ്ടാകുന്നത് എന്നതാണ് സ്ത്രീ വിമോചന രാഷ്ട്രീയത്തെ ഒരു ഏകാത്മക സ്വത്വമായി മാത്രം കാണാതിരിക്കേണ്ട മൂർത്തമായ അവസ്ഥയുണ്ടാക്കുന്നത്. വ്യവസ്ഥയുടെയും ഘടനയുടെയും അടിച്ചമർത്തലുകൾ നേരിടുന്ന, ചൂഷണത്തിന്റെ ഇരകളായ, വ്യവസ്ഥയുടെ നിലനിൽപ്പിന്റെ ആധാരമായ ചൂഷണത്തിൽ ബലം പ്രയോഗിച്ചുള്ളതും സൂക്ഷ്മമായ അധികാരബന്ധങ്ങളുടെ ആശയമേധാവിത്തത്തിലൂടെയും വിധേയരാക്കപ്പെട്ട ഏത് ജനവിഭാഗത്തിന്റെയും കാര്യത്തിൽ സമാന പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ചൂഷണക്രമത്തിന്റെയും അതിന്റെ രാഷ്ട്രീയ, സാമൂഹ്യാധികാരത്തിന്റെയും നേർക്ക് നടത്തുന്ന കലാപങ്ങളിൽ നേതൃത്വപരമായ പങ്കില്ലാത്ത ജനസമൂഹങ്ങൾക്ക് ലഭിക്കുന്ന അവകാശങ്ങളും അധികാരങ്ങളും ഒരിക്കലും അടിസ്ഥാനപരമായി ആ ചൂഷണക്രമത്തിന്റെ ഘടനയെ മാറ്റാത്തത് അതുകൊണ്ടാണ്.

രാഷ്ട്രീയാധികാരത്തിലെ ചെറിയ തോതിലുള്ള പങ്കാളിത്തം എന്നതുപോലും പുരുഷാധിപത്യ വ്യവസ്ഥിതിയിൽ സ്ത്രീകൾ നേരിടുന്ന ഭീകരമായ ചൂഷണത്തെ ഇല്ലാതാക്കുന്നില്ല. കാരണം അത് സാമൂഹ്യജീവിതത്തിന്റെ മണ്ഡലത്തിലുള്ള, രാഷ്ട്രീയാധികാരവ്യവസ്ഥയെ സാധ്യമാക്കുന്ന അധികാര ബന്ധങ്ങളെ തൊടുന്നതേയില്ല. കുടുംബം എന്ന, സ്ത്രീകളുടെ അടിമജീവിതത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ഘടനയെ അത് സ്പർശിക്കുന്നില്ല. എല്ലാ തരത്തിലുമുള്ള സമരങ്ങൾക്ക് ശേഷവും കുടുംബം എന്ന പുരുഷാധിപത്യ ഘടനയുടെ പൽച്ചക്രങ്ങൾക്കിടയിലേക്ക് മടങ്ങിയെത്തുന്ന സ്ത്രീയെ നിലനിർത്താൻ കഴിയുന്നു എന്നതാണ് പുരുഷാധിപത്യ വ്യവസ്ഥ ഉറപ്പാക്കുന്നത്.

ഇത്തരമൊരു കുടുംബത്തേയും അതിലെ ആണധികാരിയേയും വളരെ കൃത്യമായി എല്ലാ രാഷ്ട്രീയ, സാമൂഹ്യ ഘടനകളിലും പല രൂപത്തിലും പല തട്ടുകളിലും പുനരുത്പ്പാദിപ്പിക്കുകയോ പരാവർത്തനം ചെയ്യുകയോ ചെയ്യുന്നതോടെ പുരുഷാധികാര വ്യവസ്ഥ അതിന്റെ നൈരന്തര്യം ഉറപ്പാക്കുന്നു. ആം ആദ്മി പാർട്ടിയുടെ ഡൽഹി സർക്കാരിന്റെ മുഖ്യമന്ത്രിയായി അതിഷി ചുമതലയേൽക്കുമ്പോൾ ഇത്തരത്തിലുള്ള ഒരു നൈരന്തര്യത്തിന്റെ രൂപങ്ങൾ അതിന്റെ എല്ലാവിധ ബാഹ്യപ്രകടനങ്ങളും നടത്തുന്നുവെന്ന് കാണാം. അതിനുണ്ടാക്കാൻ കഴിയുമായിരുന്ന ചെറിയ തോതിലുള്ള സ്ത്രീ രാഷ്ട്രീയ പങ്കാളിത്തത്തിന്റെ രാഷ്ട്രീയചർച്ചയെപ്പോലും നിരാകരിക്കുന്ന തരത്തിൽ ഒരു പുരുഷാധികാര ബിംബത്തിന്റെ വിധേയച്ഛായയായി പ്രഖ്യാപിക്കുന്നതിന്റെ തിരക്ക് മാത്രമാണ് നമുക്കവിടെ കാണാനാവുക.

ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാൾ അഴിമതിയാരോപണത്തിന്റെ പേരിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുകയും തടവിലാവുകയും ചെയ്തു. നിരവധി മാസങ്ങൾക്ക് ശേഷം അയാൾക്ക് ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ചതിന് ശേഷം ജനങ്ങളുടെ തെരഞ്ഞെടുപ്പിൽ കുറ്റവിമുക്തനാക്കപ്പെടുക എന്നൊരു രാഷ്ട്രീയ നീക്കം നടത്തിക്കൊണ്ട് കെജ്രിവാൾ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ആ ഒഴിവിലേക്കാണ് അതിഷി മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്.

കെജ്രിവാളിനും ആം ആദ്മി പാർട്ടി നേതൃത്വത്തിനും എതിരായി കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ നടത്തുന്ന രാഷ്ട്രീയാക്രമണങ്ങളുടെ ഭാഗമാണ് പല അന്വേഷണങ്ങളും നടപടികളും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.
കെജ്രിവാളിനും ആം ആദ്മി പാർട്ടി നേതൃത്വത്തിനും എതിരായി കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ നടത്തുന്ന രാഷ്ട്രീയാക്രമണങ്ങളുടെ ഭാഗമാണ് പല അന്വേഷണങ്ങളും നടപടികളും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

കെജ്രിവാളിനും ആം ആദ്മി പാർട്ടി നേതൃത്വത്തിനും എതിരായി കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ നടത്തുന്ന രാഷ്ട്രീയാക്രമണങ്ങളുടെ ഭാഗമാണ് പല അന്വേഷണങ്ങളും നടപടികളും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ആപ് (AAP) സർക്കാരിനോ പാർട്ടിക്കോ വിശുദ്ധ പദവിയൊന്നും നൽകാൻ കാരണമില്ലെങ്കിലും ഇന്ത്യയിൽ പ്രതിപക്ഷ കക്ഷികൾക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന വേട്ടയുടെ ഭാഗമാണ് കെജ്രിവാളിനും ആപ് നേതൃത്വത്തിനുമെതിരായ നടപടികളും. മറ്റ് ഉത്തമലക്ഷ്യങ്ങളൊന്നും മോദി സർക്കാരിന്റെ നീക്കങ്ങളിലില്ല. എന്തായാലും ഇതിനെ രാഷ്ട്രീയമായൊരു ഏറ്റുമുട്ടലാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് കെജ്രിവാൾ സ്ഥാനമൊഴിയുകയും പരമാവധി 2025 ഫെബ്രുവരിക്ക് മുമ്പേ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ട് വീണ്ടും മുഖ്യമന്ത്രിയാകാനുമുള്ള പ്രഖ്യാപനം നടത്തിയത്. അതുകൊണ്ടുതന്നെ ഒരുതരത്തിൽ ഒരു നിഴൽ മുഖ്യമന്ത്രിയാണ് ആതിഷി.

എന്നാൽ അത് മാത്രമല്ല അതിഷിയുടെ സ്ഥാനലബ്ധിയെ സ്ത്രീകളുടെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ കാഴ്ചപ്പാടിൽ നിന്നും നോക്കിയാൽ പ്രതീക്ഷാരഹിതമാക്കുന്നത്. ഓരോ അടിയിലും അത് പ്രസരിപ്പിക്കുന്ന പുരുഷാധിപത്യ വിധേയത്വമാണ്. അത് കെജ്രിവാളിന്റെ നേതൃത്വത്തോടും പരമാധികാരത്തോടുമുള്ള വിധേയത്വ പ്രഖ്യാപനമാണ് എന്നത് അതിന്റെ ഒരു അടര് മാത്രമാണ്. കുടുംബം എന്ന, പുരുഷൻ പരമാധികാരിയായ സാമൂഹ്യസ്ഥാപനത്തിന്റെ മറ്റൊരു രൂപമായി ഈ രാഷ്ട്രീയാധികാര ഘടനയെ പരിവർത്തിപ്പിക്കുന്ന പ്രക്രിയയാണ് യാതൊരു മറയുമില്ലാതെ നടക്കുന്നത്. താൻ വെറുമൊരു താത്ക്കാലിക സംവിധാനം മാത്രമാണെന്നും കെജ്രിവാളാണ് ഇപ്പോഴും യഥാർത്ഥ മുഖ്യമന്ത്രിയെന്നും അതിഷി തന്നെ സംശയിക്കരുതെന്നും തന്റെ ഭരണാധികാര പദവി പുരുഷാധികാരിയെ ഒരുതരത്തിലും ആകുലനാക്കേണ്ട ഒന്നല്ലെന്നും ഉറപ്പിക്കാനായി പരസ്യമായി പ്രഖ്യാപിക്കുന്നു. കെജ്രിവാളാണ് തന്റെ ഗുരുവെന്നും തന്റെ നേട്ടങ്ങൾക്ക് താൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നുമൊക്കെ അതിഷി ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

ഒരു ആധുനിക ജനാധിപത്യ സമൂഹമെന്ന നിലയിലേക്ക് നമുക്ക് സഞ്ചരിക്കാനുള്ള പ്രകാശവർഷങ്ങളുടെ ദൂരത്തെയാണ് ഇതൊക്കെ കാണിക്കുന്നത്. ഒരു ജനാധിപത്യ രാഷ്ട്രീയ സമൂഹത്തിൽ ഇത്തരത്തിലൊരു രാജിയും അധികാരക്കൈമാറ്റവും ജനാധിപത്യ പ്രക്രിയയായാണ് നടക്കേണ്ടതും അവതരിപ്പിക്കേണ്ടതും. പകരം അതിനെ കുടുംബമെന്ന പുരുഷാധികാര സ്ഥാപനത്തിലെ ഒരിടപാടിന്റെ രൂപത്തിലേക്കാണ് മാറ്റുന്നത്. അതാകട്ടെ ആം ആദ്മി പാർട്ടിലോ കെജ്രിവാളിലോ മാത്രമായി ഒതുങ്ങുന്നൊരു കാര്യമല്ല. ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളിൽ എന്നും ഇതുണ്ട്. ഒപ്പം സ്ത്രീകളുടെ രാഷ്ട്രീയാധികാരം എല്ലായ്പ്പോഴും എങ്ങനെയാണ് ഒരു പുരുഷാധികാര ബിംബത്തിന്റെ ഏതെങ്കിലും തരത്തിലുള്ള മഹാഛായയിൽ നിന്നും മുക്തമാകാത്തതെന്നും ഇത് കാണിക്കുന്നു. മേധാവിയും ഗുരുവും വഴികാട്ടിയുമൊക്കെയായി പ്രത്യക്ഷപ്പെടുന്നൊരു പുരുഷാധികാര ബിംബമില്ലാതെ സ്ത്രീകൾക്ക് സ്വീകാര്യത പോലും ലഭിക്കുന്നില്ല മിക്കപ്പോഴും. അധികാരം താത്ക്കാലികമായി കൈമാറുമ്പോൾ അത് സുരക്ഷിതമായി കൈമാറാനും വേണ്ടപ്പോൾ, തിരിച്ചെടുക്കാനുമുള്ള പദ്ധതിയിൽ, പുരുഷാധികാര വ്യവസ്ഥയുടെ മൂല്യബോധങ്ങളിൽ വിധേയത്വവും വിശ്വസ്തതയും കൂടുതൽ ആവശ്യപ്പടുന്നത് സ്ത്രീകളിൽ നിന്നായതുകൊണ്ടുകൂടിയാണ് നേതാക്കളുടെ ഭാര്യമാർ മുതൽ അതിഷി വരെയുള്ളവർ ഇത്തരത്തിലുള്ള തിരക്കഥകളിൽ കൂട്ടിച്ചേർക്കപ്പെടുന്നത്.

ജയലളിത
ജയലളിത

ഇന്ത്യയിൽ രാഷ്ട്രീയാധികാരത്തിൽ എത്തുകയും രാഷ്ട്രീയ കക്ഷികളെ നയിക്കുകയും ചെയ്ത സ്ത്രീകളിലൊക്കെ ഇത്തരത്തിലുള്ള പുരുഷാധികാര ബിംബത്തിന്റെ സ്വീകാര്യതയുടെയും ആശീർവ്വാദത്തിന്റെയും സാമൂഹ്യസാധൂകരണം കാണാനാകും. ഒരു ഏകാധിപതിയുടെ സർവ്വലക്ഷണങ്ങളോടും കൂടി തമിഴ്നാട്ടിൽ മുഖ്യമന്ത്രിയും AIADMK എന്ന കക്ഷിയുടെ നേതാവുമായി വാണ ജയലളിതയുടെ രാഷ്ട്രീയാധികാരത്തിന്റെയും സാമൂഹ്യ സ്വീകാര്യതയുടെയും അടിത്തറയായി അവർ തന്നെ കൊണ്ടുനടക്കാൻ ശ്രമിച്ചത് മുൻ മുഖ്യമന്ത്രിയും AIADMK തലവനുമായ എം.ജി രാമചന്ദ്രന്റെ യഥാർത്ഥ പിൻഗാമി താനാണ് എന്നുള്ളതാണ്. എം ജിആറിന്റെ വ്യക്തിജീവിതത്തിലെ യഥാർത്ഥ പങ്കാളി താനാണെന്നും അത് ചലച്ചിത്രങ്ങളിൽ നിന്നും ജീവിതത്തിലേക്കും രാഷ്ട്രീയത്തിലേക്കും ഒരുപോലെ പരിവർത്തിക്കപ്പെടുന്നു എന്നും നിരന്തരമായി സ്ഥാപിച്ചെടുക്കുകയായിരുന്നു ജയലളിത ചെയ്തത്. അതിന്റെ മുകളിലാണ് ജയലളിത തന്റെ രാഷ്ട്രീയ സ്വീകാര്യതയും സാമൂഹ്യ സാധുതയും സൃഷ്ടിക്കാൻ ശ്രമിച്ചത്. ജയലളിതയെ തടയാനും എം.ജി.ആറിന്റെ ജനസ്വാധീനത്തെ ഉപയോഗപ്പെടുത്താനുമായി AIADMK-യുടെ പുരുഷ നേതൃത്വം വളരെ സ്വാഭാവികമായെന്ന മട്ടിൽ കൊണ്ടുവരാൻ ശ്രമിച്ചത് എം.ജി.ആറിന്റെ ഭാര്യയായിരുന്ന ജാനകിയെയാണ്. കുറച്ചുനാൾ മുഖ്യമന്ത്രിയായിരിക്കുക വരെയുണ്ടായി യാതൊരുവിധ രാഷ്ട്രീയ ജീവിതവുമില്ലാതിരുന്ന ജാനകി. സ്ത്രീകളുടെ രാഷ്ട്രീയാധികാരം ഒരു പുരുഷാധികാര വ്യവസ്ഥയിൽ എത്ര സൂക്ഷ്മമായാണ് പുരുഷന്മാർ സൃഷ്ടിക്കുന്ന ഒരു വിധേയ സംവിധാനമാകുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണത്. ജാനകി വിജയിക്കാതിരിക്കുകയും ജയലളിത വിജയിക്കുകയും ചെയ്തത് മറ്റ് പല കാരണങ്ങൾക്കൊപ്പം ഒരേ തരത്തിലുള്ള പുരുഷാധികാര സാമൂഹ്യ സാധുതയ്ക്ക് വേണ്ടിയുള്ള മത്സരത്തിലാണ്.

പുരുഷാധികാര ബിംബത്തിന്റെ ഒരു കൂട്ടിച്ചേർക്കലാണ് താനെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടു മാത്രമേ സ്ത്രീകൾക്ക് ഇത്തരത്തിലൊരു സ്വീകാര്യതയുണ്ടാകൂ. അതുകൊണ്ടാണ് ഭർത്താവായ രാഷ്ട്രീയ നേതാവ് മരിക്കുമ്പോഴോ സ്ഥാനമൊഴിയുമ്പോഴോ ഭാര്യ ആ സ്ഥാനത്തേക്ക് എത്തുന്നതും നേരെ തിരിച്ച് സംഭവിക്കാത്തതും. ലാലു പ്രസാദ് യാദവ് ജയിലിൽ പോകുമ്പോൾ റാബ്രി ദേവി ബിഹാർ മുഖ്യമന്ത്രിയാകുന്നത് ഇങ്ങനെയാണ്. മായാവതിയുടെ രാഷ്ട്രീയ പാരമ്പര്യമെന്നത് കാൻഷീ റാമിലൂടെ വരുന്നതായി മാറുന്നു. ഇന്ത്യയിലെ ദളിത് രാഷ്ട്രീയത്തിൽപ്പോലും പുരുഷാധികാര വ്യവസ്ഥയുടെ ചിഹ്നവ്യവസ്ഥകളും രീതിശാസ്ത്രവും മുറതെറ്റാതെ പാലിക്കപ്പെടുന്നത് സങ്കീർണ്ണമായ ഈ അധികാര രൂപത്തെയാണ് കാണിക്കുന്നത്. പുരുഷാധികാരത്തിന്റെ നൈരന്തര്യമാണ് താനെന്ന് ബോധ്യപ്പെടുത്തുകയാണ് സ്ത്രീയുടെ രാഷ്ട്രീയാധികാരത്തിലേക്കുള്ള വഴിയെന്ന് വരുന്നു. അതിഷി ഉറക്കെയുറക്കെ പറയുന്നതും അതാണ്. അതുകൊണ്ടുതന്നെ എന്തെങ്കിലും തരത്തിലുള്ള സ്ത്രീപക്ഷ രാഷ്ട്രീയ മുദ്രാവാക്യങ്ങളെ അത് പ്രതിധ്വനിപ്പിക്കുന്നില്ല. മാത്രവുമല്ല പ്രതീകാത്മകമായിപ്പോലും അത് പുരുഷാധിപത്യ വ്യവസ്ഥയേയും പുരുഷാധികാരികളുടെ രക്ഷാധികാരി/രക്ഷാകർതൃ ഭാവത്തെയും ഊട്ടിയുറപ്പിക്കുക കൂടി ചെയ്യുന്നു. പുരുഷാധികാരത്തിന്റെ വിധേയ നിഴലായി ഉറക്കെ നിലവിളിക്കുന്ന കേവലമായ അധികാരപദവി സ്ത്രീവിമോചന രാഷ്ട്രീയത്തെ പ്രത്യേകിച്ച് സഹായിക്കുന്നുമില്ല.

റാബ്രി ദേവി
റാബ്രി ദേവി

രാഷ്ട്രീയാധികാരത്തിന്റെ ഏതെങ്കിലുമൊരു തലത്തിലേക്ക് സ്ത്രീകൾ ഒരു വിഭാഗം എന്ന നിലയിൽ കടന്നുചെന്നതൊക്കെയും കടുത്ത സമരങ്ങളിലൂടെയാണ്. ഒരു ആശയം എന്ന നിലയിലും, പ്രകടമായ രാഷ്ട്രീയം എന്ന നിലയിലും സ്ത്രീവിമോചനവും അതിന്റെ രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഉയർത്തിയ സമരങ്ങളിലൂടെ മാത്രമാണ് സ്ത്രീകൾ അവരുടെ നിലയെ ഗുണപരമായി മുന്നോട്ടുകൊണ്ടുപോയിട്ടുള്ളത്. അതല്ലാത്തയിടത്തൊക്കെ കേവലമായ ഔദാര്യങ്ങളുടെ താത്ക്കാലിക അവസരങ്ങൾ മാത്രമായിരിക്കും അത് തുറന്നിടുക. ഇത് ചരിത്രത്തിലെമ്പാടും കാണാനാകും.

അഭ്യസ്തവിദ്യരും തൊഴിലെടുക്കുന്നവരും ആ നിലയിൽ മുതലാളിത്ത ഉൽപ്പാദന വ്യവസ്ഥയുടെ സമ്പത്ത് നിർമ്മാണത്തിൽ പങ്കാളികളാകുന്നവരുമായ സ്ത്രീകളെ മുതലാളിത്ത വ്യവസ്ഥയ്ക്ക് ആവശ്യമുണ്ട്. അതിനുവേണ്ട തരത്തിലുള്ള സാമാന്യമായ സാമൂഹ്യചലന സ്വാതന്ത്ര്യം സ്ത്രീകൾക്ക് അനുവദിക്കപ്പെടുകയും ചെയ്യും. എന്നാലിതിനെ രാഷ്ട്രീയാധികാരത്തിന്റെ തലത്തിലേക്ക് വളർത്താൻ യാതൊരുതരത്തിലും അനുവദിക്കില്ല. ഇന്ത്യയിലാകട്ടെ മുതലാളിത്ത ഉത്പാദന ബന്ധങ്ങൾ വികസിക്കുമ്പോഴും ഫ്യൂഡൽ സാമൂഹ്യഘടനയുടെ അതിശക്തമായ ഘടനാരൂപങ്ങളും അതിന്റെ മൂല്യാധികാരവും നിലനിൽക്കുന്നതുകൊണ്ട് ഈ പ്രക്രിയ രാഷ്ട്രീയാധികാരത്തിന്റെ ഏഴയലത്ത് സ്ത്രീകളെ അടുപ്പിക്കാതിരിക്കും. ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികളും ഭരണസംവിധാനവും സ്ത്രീകളുടെ പങ്കാളിത്തത്തിൽ ഏറെ പിന്നിലാകുന്നത് ഇതുകൊണ്ടുകൂടിയാണ്.

സാമാന്യമായി പുരോഗമന നയങ്ങൾ സ്വീകരിക്കുന്നു എന്നവകാശപ്പെടുന്ന ഇടതുപക്ഷ കക്ഷികൾ പലപ്പോഴും ബൂർഷ്വാ രാഷ്ട്രീയ കക്ഷികളേക്കാൾ ദുർഘടമായ സംഘടനാ പ്രാതിനിധ്യപ്രശ്നമാണ് സ്ത്രീകൾക്കായി ഒരുക്കുന്നത്.

നിയമ നിർമ്മാണസഭകളിലെ സ്ത്രീ പ്രാതിനിധ്യം കണക്കിലെടുത്താൽ ആഗോളതലത്തിൽ 185 രാജ്യങ്ങളിൽ 143 ആണ് ഇന്ത്യയുടെ സ്ഥാനം. ഇത് നിയമ നിർമ്മാണ സഭകളിലേക്ക് മാത്രമായല്ല ഉണ്ടാകുന്നത്. അത് സാമൂഹ്യാവസ്ഥയുടെ പ്രതിഫലനം കൂടിയാണ്. Global Gender Report (2022) അനുസരിച്ച് ലിംഗനീതിയുടെ അടിസ്ഥാനത്തിൽ 146 രാജ്യങ്ങൾക്കിടയിൽ 135-ആണ് ഇന്ത്യയുടെ സ്ഥാനം. രാഷ്ട്രീയാധികാരവും സമൂഹത്തിലെ ലിംഗനീതിയും തുല്യതയും അഭിന്നമായ സംഗതികളാണ്. ഇന്ത്യയിൽ ലോക്സഭയിൽ സ്ത്രീ പ്രാതിനിധ്യം വെറും 15.2%-മാണ്. രാജ്യസഭയിൽ ഇത് 13%-വും. രാജ്യത്തെ നിയമസഭകളിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശരാശരി വെറും 9%-മാണ്. ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകൾ രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ കേവലം 9.5%-മാണ്. ഇത് ഏതെങ്കിലുമൊരു രാഷ്ട്രീയകക്ഷി മാത്രം കൊണ്ടുനടക്കുന്ന സ്ത്രീവിരുദ്ധതയുടെ കാര്യമല്ല. എല്ലാ രാഷ്ട്രീയ കക്ഷികളും സ്വീകരിക്കുന്ന സ്ത്രീ വിരുദ്ധവും പുരുഷാധികാര കേന്ദ്രീകൃതവും അതുകൊണ്ടുതന്നെ ജനാധിപത്യ വിരുദ്ധവുമായ നയങ്ങളുടെ ഭാഗമാണ്. സാമാന്യമായി പുരോഗമന നയങ്ങൾ സ്വീകരിക്കുന്നു എന്നവകാശപ്പെടുന്ന ഇടതുപക്ഷ കക്ഷികൾ പലപ്പോഴും ബൂർഷ്വാ രാഷ്ട്രീയ കക്ഷികളേക്കാൾ ദുർഘടമായ സംഘടനാ പ്രാതിനിധ്യപ്രശ്നമാണ് സ്ത്രീകൾക്കായി ഒരുക്കുന്നത്. രാഷ്ട്രീയ കക്ഷികളിലെ സംഘടനാസമിതികളിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ഇടതുകക്ഷികൾ മറ്റേതൊരു രാഷ്ട്രീയ കക്ഷിയെയും പോലെ ആകുന്നത് അതുകൊണ്ടാണ്. സ്ത്രീ വിമോചന രാഷ്ട്രീയമെന്നത് എങ്ങനെയാണ് അടിച്ചമർത്തപ്പെടുന്ന മനുഷ്യരുടെ രാഷ്ട്രീയ സമരത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാകുന്നതെന്ന് തിരിച്ചറിയാനുള്ള മാർക്സിയൻ രാഷ്ട്രീയ വിവേകം അവർക്കിതുവരെയും ഉണ്ടായില്ല. പാരിസ്ഥിതിക രാഷ്ട്രീയത്തെപ്പോലെ 21-ആം നൂറ്റാണ്ടിലെ വർഗസമര രാഷ്ട്രീയത്തിന്റെ ഏറ്റവും നിർണ്ണായകമായൊരു പ്രമേയത്തെ ശത്രുപക്ഷത്ത് നിർത്തുന്ന വ്യാജ ഇടതുപക്ഷ മുഖ്യധാരയിൽ നിന്നും അതൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. ഇടതുപക്ഷ കക്ഷികളേക്കാൾ കൂടുതൽ സ്ഥാനാർത്ഥികളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നത് തൃണമൂൽ കോൺഗ്രസും ബിജു ജനതാദളും പോലുള്ള കക്ഷികളാണ് എന്നത് ഇതിനെ ഒന്നുകൂടി തെളിച്ചുകാട്ടുന്നു.

സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തിൽ നിലവിലുള്ള പങ്കാളിത്തം പുരുഷാധികാര വ്യവസ്ഥയെ ഒരുതരത്തിലും ചോദ്യം ചെയ്യാത്ത വിധേയരായ സ്ത്രീകളെക്കൊണ്ടാണ് നിറച്ചിരിക്കുക എന്നുകൂടി വ്യവസ്ഥ ഉറപ്പുവരുത്തും. അങ്ങനെയല്ലാത്ത സ്ത്രീകൾ വ്യക്തികൾ എന്ന നിലയിൽ അതിനുള്ളിലും ഉണ്ടെങ്കിലും അതിനെ ഒരു രാഷ്ട്രീയ പ്രമേയമായി വളർത്തിയെടുക്കാനുള്ള രാഷ്ട്രീയ സന്നദ്ധത എപ്പോൾ അവർ പ്രകടിപ്പിക്കുന്നുവോ അതോടെ അത്തരം സ്ത്രീകൾ കടുത്ത വെല്ലുവിളികൾ നേരിടാൻ തുടങ്ങും. സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം താരതമ്യേന സജീവമാണ് എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെട്ട കേരളീയ സമൂഹത്തിൽ നമ്മളിത് കാണുന്നുണ്ട്. പുരുഷാധികാര നേതൃത്വത്തിന്റെ വിധേയരാണ് തങ്ങളെന്ന് തെളിയിക്കാനുള്ള ഒരവസരവും പാഴാക്കാത്തവരാണ് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിലടക്കമുള്ള സ്ത്രീകൾ. ഇതവരിൽ അടിച്ചേല്പിക്കപ്പെട്ട ഗതികേടാണ് എന്നതിൽ സംശയമൊന്നുമില്ല. എന്നാൽ ആ സങ്കടത്തിനെ സ്വാഭാവികവത്ക്കരിക്കുന്ന രാഷ്ട്രീയപ്രവർത്തനം ഒരു തരത്തിലും സ്ത്രീവിമോചന രാഷ്ട്രീയത്തിന്റെ ഭാഗമല്ല.

 പുരുഷാധികാര നേതൃത്വത്തിന്റെ വിധേയരാണ് തങ്ങളെന്ന് തെളിയിക്കാനുള്ള ഒരവസരവും പാഴാക്കാത്തവരാണ് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിലടക്കമുള്ള സ്ത്രീകൾ. ഇതവരിൽ അടിച്ചേല്പിക്കപ്പെട്ട ഗതികേടാണ് എന്നതിൽ സംശയമൊന്നുമില്ല.
പുരുഷാധികാര നേതൃത്വത്തിന്റെ വിധേയരാണ് തങ്ങളെന്ന് തെളിയിക്കാനുള്ള ഒരവസരവും പാഴാക്കാത്തവരാണ് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിലടക്കമുള്ള സ്ത്രീകൾ. ഇതവരിൽ അടിച്ചേല്പിക്കപ്പെട്ട ഗതികേടാണ് എന്നതിൽ സംശയമൊന്നുമില്ല.

സമൂഹത്തിൽ നിലനിൽക്കുന്ന വർഗ്ഗവിഭജനത്തിന്റെ പല തലത്തിലുള്ള വേർതിരിവുകളും സവിശേഷതകളും സ്ത്രീകളെ ഒരു വിഭാഗമായെടുത്താലും നമുക്ക് കാണാനാകും. സ്ത്രീ വിമോചന രാഷ്ട്രീയത്തിന്റെ വർഗ്ഗസ്വഭാവം നിർണ്ണായകമാകുന്നത് അതുകൊണ്ടാണ്. ഒരു വിഭാഗമെന്ന നിലയിൽ പുരുഷാധികാര വ്യവസ്ഥയുടെ ചൂഷണങ്ങൾ അനുഭവിക്കുന്ന ഒരു പൊതുവിഭാഗമായി മുഴുവൻ സ്ത്രീകളേയും കണക്കാക്കാമെങ്കിലും അതിനുള്ളിൽ വർഗ്ഗവിഭജിത രാഷ്ട്രീയ, സാമൂഹ്യാധികാര വ്യവസ്ഥയുണ്ടാക്കുന്ന വേർതിരിവുകളുമുണ്ട്. അതിനെക്കൂടി കണക്കിലെടുക്കുകയും സ്ത്രീ വിമോചന രാഷ്ട്രീയത്തിന്റെ സമരങ്ങളിൽ അത്തരത്തിലൊരു പ്രാതിനിധ്യ സ്വഭാവം കൂടി കൊണ്ടുവരികകൂടി ചെയ്യേണ്ടതുണ്ട്. യു.എസ്.എ-യിൽ സ്ത്രീകളുടെയും കറുത്ത വർഗ്ഗക്കാരുടെയും സമ്മതിദാനാവകാശത്തിന് വേണ്ടിനടന്ന മുന്നേറ്റങ്ങളുടെ ചരിത്രം ഇതിന്റെ വലിയ ഉദാഹരണമാണ്. കറുത്ത വർഗ്ഗക്കാരുടെ സമ്മതിദാനാവകാശത്തിനു വേണ്ടിയുള്ള മുന്നേറ്റത്തിൽ പലപ്പോഴും അതിനുള്ളിലെ പുരുഷന്മാരുടെ അവകാശത്തിനാണ് ആദ്യം മുൻഗണന നൽകിയത്. സ്ത്രീകളുടെ സമ്മതിദാനാവകാശത്തിനായുള്ള സമരത്തിൽ നിന്നും പലപ്പോഴും കറുത്ത വർഗ്ഗക്കാരായ സ്ത്രീകൾ ഒഴിച്ചുനിർത്തപ്പെട്ടു. വലിയ സമരങ്ങളിലൂടെയാണ് ഇതിനെയെല്ലാം മറികടന്നത്. ഇന്ത്യയിൽ സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യം നോക്കിയാൽ ദളിതർക്കോ ആദിവാസികൾക്കോ സംവരണമില്ലാത്ത പൊതുവിടങ്ങളിൽ പ്രവേശിക്കുന്ന സ്ത്രീകളെല്ലാം സാമ്പത്തികവും സാമൂഹ്യവുമായി പൊതുവ്യവസ്ഥയുടെ മേൽത്തട്ടിലുള്ളവരാണ് എന്നുകാണാം. ദളിത്, ആദിവാസി പുരുഷന്മാരുടെ കാര്യത്തിലും ഇതങ്ങനെയാണ്. അതായത് സമൂഹത്തിലെ പുരുഷാധിപത്യ വ്യവസ്ഥയുടെ അധികാരഘടനയെ മാത്രമല്ല അതിന്റെ വർഗ്ഗവിഭജിതമായ സ്വഭാവത്തെയും സ്ത്രീകളുടെ രാഷ്ട്രീയ പ്രതിനിധ്യത്തിനുള്ളിലെ പങ്കാളിത്താനുപാതം വ്യക്തമാക്കിത്തരും. ഇതിനെക്കൂടി നേരിടാതെയും ഈ പ്രശ്നത്തെ സ്ത്രീ വിമോചന രാഷ്ട്രീയത്തിലെ സമരമുദ്രാവാക്യമാക്കാതെയും അതിന് മുന്നോട്ട് പോകാനാകില്ല.

പുരുഷാധിപത്യ വ്യവസ്ഥയ്ക്കും അതിന്റെ ചൂഷണത്തിനുമെതിരായ സമരങ്ങളും അതിന്റെ മുദ്രാവാക്യങ്ങളും ജനാധിപത്യ രാഷ്ട്രീയ സമരത്തിന്റെ ഭാഗമാക്കാതെയുള്ള സ്ത്രീകളുടെ രാഷ്ട്രീയാധികാരം പുരുഷാധികാര വ്യവസ്ഥയുടെ മാപ്പുസാക്ഷികളുടെ വിധേയരാഷ്ട്രീയം മാത്രമായിരിക്കും. അതിഷിയുടെ മുഖ്യമന്ത്രി പദവിയും അതിൽനിന്നും വ്യത്യസ്തമല്ല. സ്ത്രീകൾക്ക് നിയമനിർമ്മാണസഭകളിൽ ഭരണഘടനാനുസൃതമായി ആനുപാതിക പ്രാതിനിധ്യം നൽകുന്നത് ഇതിൽ നിന്നും വ്യത്യസ്തമാണ്. മേൽപ്പറഞ്ഞ വർഗ്ഗവിഭജിതമായ സമൂഹത്തിന്റെ അധികാരബന്ധങ്ങളെ അത്തരത്തിലുള്ള ആനുപാതിക പ്രാതിനിധ്യത്തിനുള്ളിലും പ്രശ്നവത്ക്കരിക്കേണ്ടതുണ്ടെങ്കിലും സാമാന്യമായി അത് രാഷ്ട്രീയ പങ്കാളിത്തത്തെയും പ്രാതിനിധ്യത്തെയും പുരുഷാധികാര വ്യവസ്ഥയുടെ ഔദാര്യം എന്ന നിലയിൽ നിന്നും സ്ത്രീകളുടെ അവകാശം എന്ന നിലയിലേക്ക് മാറ്റുന്നു. അത് സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തത്തെ ഒഴിച്ചുനിർത്താനാകാത്ത ഒന്നാക്കി മാറ്റുന്നു. അപ്പോഴും സാമൂഹ്യാധികാരത്തിന്റെയും സമൂഹത്തിലെ സൂക്ഷ്മാധികാര വ്യവഹാരങ്ങളുടെയും തലത്തിലുള്ള പുരുഷാധികാര അധീശത്വത്തെ ഇല്ലാതാക്കണമെങ്കിൽ രാഷ്ട്രീയാധികാരത്തോടൊപ്പം സാമൂഹ്യാധികാര ബന്ധങ്ങളിലുമുള്ള ഇരട്ടസമരം വിട്ടുവീഴ്ചയില്ലാതെ തുടരുകതന്നെ വേണം. കുടുംബം എന്ന പുരുഷാധികാര വ്യവസ്ഥയുടെ ഏറ്റവും വിശ്വസ്ത സ്ഥാപനത്തെ മുതൽ അതിന്റെ രാഷ്ട്രീയാധികാര ഘടനകളെവരെ നിരന്തരം ആക്രമിക്കുകയും ദുർബ്ബലമാക്കുകയും ചെയ്തുകൊണ്ട് മാത്രമേ ഇത് സാധ്യമാകൂ.

Comments