ഇനി അതിഷിയുടെ ദൽഹി

ഭരണത്തിൽ മാത്രമല്ല, സംഘടനാപ്രവർത്തനത്തിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ നയരൂപീകരണത്തിലുമെല്ലാം ഒരുപോലെ മികവ് തെളിയിച്ച നേതൃത്വമാണ് അതിഷിയുടേത്. എല്ലാ തരത്തിലും പാർട്ടിയുടെ പ്രതിബദ്ധയായ ആക്റ്റിവിസ്റ്റ്.

News Desk

തിഷി മർലേന സിങ്,
ഒരു ദശാബ്ദത്തിനുശേഷം ദല്‍ഹിക്ക് മറ്റൊരു വനിതാ മുഖ്യമന്ത്രി.

'മർലേന' എന്നത് മാർക്‌സിന്റെയും ലെനിന്റെയും ചുരുക്കപ്പദമാണ്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് അവർ പേരിലെ 'മർലേന' എടുത്തുമാറ്റി ‘അതിഷ് സിങ്’ ആയി മാറി.
ആം ആദ്മി പാർട്ടിയുടെ പ്രത്യയശാസ്ത്രദിശ നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സ്ത്രീനേതൃത്വം കൂടിയാണ് അതിഷി.

സുഷമ സ്വരാജിസുഷമ സ്വരാജിനും ശേഷമാണ് ഡൽഹിക്ക് മൂന്നാമതൊരു വനിതാ മുഖ്യമന്ത്രി. പശ്ചിമ ബംഗാളിലെ മമത ബാനർജി കഴിഞ്ഞാൽ ഇപ്പോൾ രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രി. ഇന്ത്യയിൽ ഇപ്പോഴുള്ള മുഖ്യമന്ത്രിമാരിൽ ചെറുപ്പം.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലായശേഷം, മുഖ്യമന്ത്രിയുടെ സ്ഥാനത്തല്ലെങ്കിലും സമാനമായ അധികാരപദവിയിലായിരുന്നു, അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്ത കൂടിയായ അതിഷി. ജയിലിയായിരുന്ന കെജ്രിവാൾ, മുഖ്യമ​ന്ത്രിയുടെ ചുമതലകൾ അനൗദ്യോഗികമായി ഏൽപ്പിച്ചത് അതിഷിയെയായിരുന്നു. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാന സർക്കാറിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്താൻ കെജ്‌രിവാൾ നാമനിർദേശം ചെയ്തത് അതിഷിയെയാണ്. എന്നാല്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന കെജ്‌രിവാളിന്റെ ഈ നിര്‍ദേശം തള്ളുകയും കൈലാഷ് ഗഹ്‌ലോട്ടിനെ നിയോഗിക്കുകയുമായിരുന്നു.
‘ദൽഹിക്ക് ഒരു മുഖ്യമന്ത്രിയേയുള്ളൂ എന്നും കെജ്രിവാളിന്റെ മാ
ർഗനിർദേശത്തിലായിരിക്കും പ്രവർത്തിക്കുക’ എന്നും അവർ കെജ്രിവാളിനോടുള്ള വിശ്വസ്തത തുറന്നു പറയുന്നുണ്ട്.

11 വകുപ്പുകളാണ് കെജ്‌രിവാറിന്റെ അസാന്നിധ്യത്തിൽ അവർ ഏറ്റെടുത്തിരുന്നത്. ഡൽഹി സർക്കാറിൽ ഏറ്റവുമധികം വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മന്ത്രിയും അതിഷിയാണ്.
ഭരണത്തിൽ മാത്രമല്ല, സംഘടനാപ്രവർത്തനത്തിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പാർട്ടിയുടെ രാഷ്ട്രീയ നയരൂപീകരണത്തിലുമെല്ലാം ഒരുപോലെ മികവ് തെളിയിച്ച നേതൃത്വമാണ് അതിഷിയുടേത്. എല്ലാ തരത്തിലും പാർട്ടിയുടെ പ്രതിബദ്ധയായ ആക്റ്റിവിസ്റ്റ്.

ആം ആദ്മി പാർട്ടിയുടെ പ്രത്യയശാസ്ത്രദിശ നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സ്ത്രീനേതൃത്വം കൂടിയാണ് അതിഷി.
ആം ആദ്മി പാർട്ടിയുടെ പ്രത്യയശാസ്ത്രദിശ നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സ്ത്രീനേതൃത്വം കൂടിയാണ് അതിഷി.

പാർട്ടിയുടെ പ്രധാന നേതാക്കളായ കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ജയിലായിരുന്നപ്പോൾ ആപ് സർക്കാറിന്റെ മുഖമായി അതിഷി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് അരവിന്ദ് കെജ്രിവാളിനെ നാടകീയമായി അറസ്റ്റ് ചെയ്ത​പ്പോഴാണ് അതിഷിയുടെ നേതൃത്വം ദേശീയശ്രദ്ധ പിടിച്ചുപറ്റിയത്. കെജ്‌രിവാളിന്റെ അറസ്റ്റിനെ ദേശീയ പ്രാധാന്യമുള്ള വിഷയമാക്കി മാറ്റുന്നതിൽ അതിഷിയുടെ കാമ്പയിനുകൾക്ക് പ്രധാന പങ്കുണ്ടായിരുന്നു. കേന്ദ്ര സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ കേവലം രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നതിനുപകരം, മദ്യനയക്കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാൾ അടക്കമുള്ള പാർട്ടി നേതാക്കൾക്കെതിരെ ചുമത്തിയ വകുപ്പുകളും ആരോപണങ്ങളും വ്യാജമാണെന്ന് തെളിയിക്കാൻ ഓരോ ദിവസവും നിരവധി വസ്തുതകളാണ് അവർ പുറത്തുകൊണ്ടുവന്നത്.

കെജ്‌രിവാളിന്റെ അറസ്റ്റിനെ ദേശീയ പ്രാധാന്യമുള്ള വിഷയമാക്കി മാറ്റുന്നതിൽ അതിഷിയുടെ കാമ്പയിനുകൾക്ക് പ്രധാന പങ്കുണ്ടായിരുന്നു.

ഇലക്ടറൽ ബോണ്ടിൽ ബി.ജെ.പി നടത്തിയ കോടികളുടെ അഴിമതിയും മദ്യനയക്കേസിലെ സാക്ഷിമൊഴിയും തമ്മിലുള്ള ‘അവിഹിത’ ഇടപാട് പുറത്തുകൊണ്ടുവന്നത് അതിഷി നേതൃത്വം നൽകിയ കാമ്പയിനാണ്. ശരത്ചന്ദ്ര റെഡ്ഢി എന്ന ഒരൊറ്റ സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റു ചെയ്തത് എന്നും റെഡ്ഢിയുടെ മൊഴിയാകട്ടെ തീർത്തും അവിശ്വസനീയവുമാണെന്നും അതിഷി തെളിവുകൾ സഹിതം വാദിച്ചു. 2022 നവംബർ ഒമ്പതിന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ താൻ ഒരിക്കലും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കണ്ടിട്ടില്ല എന്നാണ് ഇയാൾ മൊഴി നൽകിയത്. എന്നിട്ടും ഇ.ഡി ഇയാളെ അറസ്റ്റുചെയ്തു. മാസങ്ങളോളം ജയിലിൽ കഴിഞ്ഞശേഷം, അരവിന്ദ് കെജ്‌രിവാളിനെ കണ്ടു എന്ന് ഇയാൾ മൊഴി മാറ്റി. ഇതതേതുടർന്ന് ജാമ്യവും കിട്ടി, മാപ്പുസാക്ഷിയുമായി. ശരത്ചന്ദ്ര റെഡ്ഢിയുടെ കമ്പനിയായ അരബിന്ദോ ഫാർമ അഞ്ചു കോടി രൂപയുടെ ഇലഷ്ടറൽ ബോണ്ട് വാങ്ങിയതായി ഇലക്ഷൻ കമീഷൻ പുറത്തുവിട്ട രേഖകളിലുണ്ട്. ഈ ബോണ്ടുകൾ ബിജെ.പിക്കാണ് നൽകിയത്- അതിഷിയുടെ തുടർച്ചയായി നടത്തിയ ഈ വെളിപ്പെടുത്തലുകൾ പ്രതിപക്ഷ കാമ്പയിന്റെ ദിശ തന്നെ മാറ്റുന്നതായിരുന്നു. അങ്ങനെ, കെജ്‌രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധത്തിന്റെ നേതൃത്വം അതിഷി ഏറ്റെടുക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഭരണതലത്തിലും പാർട്ടിയുടെയും സർക്കാറിന്റെയും നയരൂപീകരണപ്രക്രിയയിലും അതിഷിയുടെ ഇടപെടലുകൾ ഒരേപോലെ നിർണായകമായിരുന്നു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഭരണതലത്തിലും പാർട്ടിയുടെയും സർക്കാറിന്റെയും നയരൂപീകരണപ്രക്രിയയിലും അതിഷിയുടെ ഇടപെടലുകൾ ഒരേപോലെ നിർണായകമായിരുന്നു.

കെജ്രിവാളിനെപ്പോലെ, ഇ.ഡിയുടെ കേസിനെ തുടർന്ന് അറസ്റ്റിലായ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ പങ്കാളി കൽപ്പനയെയും കെജ്രിവാളിന്റെ പങ്കാളി സുനിതയെയും ദൽഹിയിലെ ‘ഇന്ത്യ’ സഖ്യത്തിന്റെ കാമ്പയിന്റെ പ്രതിഷേധ മുഖങ്ങളായി അവതരിപ്പിച്ചതും അതിഷിയുടെ രാഷ്ട്രീയ നയതന്ത്രജ്ഞതയാണ്. സുനിതയും കൽപ്പനയും തമ്മിലുള്ള കൂടിക്കാഴ്ചയെ രാഷ്ട്രീയ പ്രഖ്യാപനമായി ആപ്പിന് മാറ്റാനായി.
ബി.ജെ.പി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന പ്രതിപക്ഷ വേട്ടക്കെതിരെ രാംലീലമൈതാനിയിൽ ‘ഇന്ത്യ’ സഖ്യം നടത്തിയ മഹാറാലിയിൽ സുനിതയെയും കൽപ്പനയെയും അവതരിപ്പിച്ചു, ഇ.ഡിയെ ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാറിന്റെ വേട്ടയുടെ ഇരകളെന്ന നിലയ്ക്ക്. അതിഷിയും കെജ്‌രിവാളിന്റെ പങ്കാളി സുനിതയുമായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് ദൽഹിയുടെ ശ്രദ്ധാകേന്ദ്രങ്ങൾ.

ദൽഹി സർവകലാശാല പ്രൊഫസർമാരായ വിജയ് കുമാർ സിങ്ങിന്റെയും ത്രിപ്ത വാഹിയുടെയും മകളായി, പഞ്ചാബി രജ്പുത്ത് കുടുംബത്തിൽ, 1981 ജൂൺ എട്ടിനാണ് അതിഷിയുടെ ജനനം.
സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിരുദത്തിന് (2001) ചരിത്രമാണ് പഠിച്ചത്. 2003-ൽ മാസ്‌റ്റേഴ്‌സ് ബിരുദം, ചീവനിങ് സ്‌കോളർഷിപ്പോടെ (Chevening scholarship), 2003-ൽ ഓക്‌സ്‌ഫോഡിൽനിന്ന്. അതിനുശേഷം എഡ്യുക്കേഷനൽ റിസർച്ചിൽ ഓക്‌സ്‌ഫോഡിൽനിന്നുതന്നെ 2005-ൽ രണ്ടാമത്തെ മാസ്‌റ്റേഴ്‌സും.

പഠനശേഷം, ഏഴു വർഷം മധ്യപ്രദേശിൽ ഭോപ്പാലിനുസമീപം ചെറിയ ഗ്രാമത്തിൽ ഓർഗാനിക് ഫാമിങിലേർപ്പെട്ടു. അക്കാലത്ത് അവർ ബന്ധപ്പെട്ട് പ്രവത്തിച്ചിരുന്ന സന്നദ്ധസംഘടനകൾ വഴിയാണ് പ്രശാന്ത് ഭൂഷണിലേക്കും പിന്നീട് ആം ആദ്മി പാർട്ടിയിലേക്കും എത്തിയത്. പാർട്ടിയുടെ രൂപീകരണസമയത്തുതന്നെ, 43-ാം വയസ്സിൽ ആപ്പിലെത്തിയ അവർ തുടർന്ന് പാർട്ടിയുടെ പ്രധാന നയരൂപീകരണങ്ങളിലെല്ലാം പങ്കാളിയായിരുന്നു. 2012-മുതല്‍ ആം ആദ്മി പാര്‍ട്ടിയിലും സര്‍ക്കാറിലും സംഘടനാപ്രവര്‍ത്തനങ്ങളുടെയും ഭരണനേതൃത്വത്തിലും അതിഷിയുടെ നിര്‍ണായക ഇടപെടലുകളുണ്ട്. 2015-ൽ ആം ആദ്മി പാർട്ടി നേതാവ് അലോക് അഗർവാൾ മധ്യപ്രദേശിലെ ഖാണ്ഡ്‌വയിൽ നേതൃത്വം നൽകിയ 'ജല സത്യഗ്രഹ'ത്തിൽ അവർ സജീവ പങ്കാളിയായിരുന്നു.

ആം ആദ്മി പാർട്ടിയുടെ നിർണായക തീരുമാനങ്ങളിൽ പങ്കാളിയായ അതിഷിയുടെ നേതൃത്വത്തിലാണ് 2013-ലെ നിയസഭാ തെരഞ്ഞെടുപ്പിൽ ആപ്പ് പ്രകടനപത്രിക തയാറാക്കിയത്.

ആം ആദ്മി പാർട്ടിയുടെ നിർണായക തീരുമാനങ്ങളിൽ പങ്കാളിയായ അതിഷിയുടെ നേതൃത്വത്തിലാണ് 2013-ലെ നിയസഭാ തെരഞ്ഞെടുപ്പിൽ ആപ്പ് പ്രകടനപത്രിക തയാറാക്കിയത്. തുടക്കത്തിൽ പാർട്ടിയുടെ വിദ്യാഭ്യാസ നയരൂപീകരണത്തിന്റെ ഉപദേശകയായിരുന്നു. ഒപ്പം, പാർട്ടി വക്താവും പൊളിറ്റിക്കൽ അഫയേഴ്‌സ് കമ്മറ്റി (PAC) അംഗവുമായി.

ദൽഹിയിലെ വിദ്യാഭ്യാസമേഖലയിൽ സമീപകാലത്തുണ്ടായ മാറ്റങ്ങളുടെ പ്രധാന ചാലകശക്തി അതിഷിയായിരുന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അഡ്വൈസർ എന്ന നിലയ്ക്ക് സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളുടെ ഘടന നവീകരിക്കുന്നതിൽ അതിഷി പ്രധാന പങ്കുവഹിച്ചു. സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്‌കൂൾ മാനേജുമെന്റ് കമ്മിറ്റികളുടെ രൂപീകരണം, സ്വകാര്യ സ്‌കൂളുകൾ ഫീസ് കുത്തനെ ഉയർത്തുന്നതിനെതിരായ നിയമനടപടികൾ തുടങ്ങിയ നിരവധി നീക്കങ്ങൾ അവർ നടത്തി. 2017-ൽ ദൽഹിയിലെ തന്നെ ഏറ്റവും വലിയ ഒരു പാരന്റ്- ടീച്ചർ യോഗത്തിന്റെ സംഘാടകയായി അവർ മാറി. 1041 സ്‌കൂളുകളാണ് ഇതിൽ പങ്കെടുത്തത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശക എന്ന നിലയ്ക്ക്, വിദ്യാർഥികളുടെ മാനസികവും വൈകാരികവുമായ വികാസത്തിന് ആവിഷ്കരിച്ച Entrepreneurship Mindset Curriculum', 'Happiness Curriculum' എന്നീ പദ്ധതികള്‍ ശ്രദ്ധ പിടിച്ചുപറ്റി.
പരിസ്ഥിതി പ്രശ്‌നങ്ങളിലും അവരുടെ ഇടപെടലുണ്ടായി. റിന്യുവബ്ൾ എനർജി, മലിനീകരണ നിയന്ത്രണം തുടങ്ങിയ മേഖലകളിൽ അവരുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.

‘ജനങ്ങളുടെ കോടതിയിൽ സത്യസന്ധനാണെന്ന് തെളിയിക്കുന്നതുവരെ’ സ്ഥാനത്തുനിന്ന് മാറിനിൽക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ് കെജ്‌രിവാൾ രാജിവച്ചത്.
‘ജനങ്ങളുടെ കോടതിയിൽ സത്യസന്ധനാണെന്ന് തെളിയിക്കുന്നതുവരെ’ സ്ഥാനത്തുനിന്ന് മാറിനിൽക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ് കെജ്‌രിവാൾ രാജിവച്ചത്.

കെജ്‌രിവാൾ മന്ത്രിസഭയിൽ ധനകാര്യം, പ്ലാനിങ്, പി. ഡബ്ല്യു.ഡി, ഊർജം, വിദ്യാഭ്യാസം, ടി.ടി.ഇ, സർവീസസ്, പബ്ലിക് റിലേഷൻ ആന്റ് വിജിലൻസ് വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.

ദൽഹിയിലെ കൽക്കാജി മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ്. 2023 മാർച്ച് ഒമ്പതിനുനടന്ന കാബിനറ്റ് പുനഃസംഘടനയിലാണ് അതിഷി വിദ്യാഭ്യാസ- സാംസ്‌കാരിക- ടൂറിസം വകുപ്പുകളുടെ മന്ത്രിയായത്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈസ്റ്റ് ഡൽഹിയിൽ സ്ഥാനാർഥിയായ അവർ ബി.ജെ.പിയുടെ ഗൗതം ഗംഭീറിനോടാണ്, 4.77 ലക്ഷം വോട്ടിന് പരാജയപ്പെട്ടത്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൽക്കാജി മണ്ഡലത്തിൽനിന്ന് 11,422 വോട്ടിന്റെ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടു.

എക്കാലവും ബി.ജെ.പിയുടെ ടാർഗറ്റ് കൂടിയായിരുന്നു അതിഷി. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈസ്റ്റ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായ അതിഷി മര്‍ലേനക്കെതിരെ, ഒരു മതത്തിന്റെ പേരുപയോഗിച്ച് ബി.ജെ.പി വര്‍ഗീയ കാമ്പയിന് തുടക്കമിട്ടപ്പോഴാണ് അവര്‍ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് 'മര്‍ലേന' എന്ന മിഡില്‍ നെയിം എടുത്തുമാറ്റിയത്: @AtishiMarlena എന്നത് @AtishiAAP എന്നാക്കി.

സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന നിയമസഭാംഗങ്ങളുടെ യോഗമാണ് അതിഷിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ദൽഹി മദ്യനയക്കേസിൽ അറസ്റ്റിലായിരുന്ന കെജ്‌രിവാൾ സപ്തംബർ 13നാണ് ജയിൽ മോചിതനായത്. ‘ജനങ്ങളുടെ കോടതിയിൽ സത്യസന്ധനാണെന്ന് തെളിയിക്കുന്നതുവരെ’ സ്ഥാനത്തുനിന്ന് മാറിനിൽക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ് കെജ്‌രിവാൾ രാജിവച്ചത്: ‘എനിക്ക് കോടതിയില്‍ നിന്ന് നീതി ലഭിച്ചു. എന്നാല്‍ ജനങ്ങളില്‍ നിന്നുള്ള നീതിയാണ് ഇനി ആവശ്യം. ജനങ്ങള്‍ വിധി പറയാതെ ഇനി ആ മുഖ്യമന്ത്രിക്കസേരയില്‍ തുടരില്ല' എന്നാണ് അപ്രതീക്ഷിത രാജി പ്രഖ്യാപിച്ച് കെജ്രിവാള്‍ പറഞ്ഞത്.

ദൽഹിയിൽ നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെടും. 2025 ഫെബ്രുവരിയിലാണ് ദൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. അത്, വരുന്ന നവംബറിൽ മഹാരാഷ്ട്ര, ജാർക്കണ്ഢ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കൊപ്പം നടത്തണമെന്നാണ് പാർട്ടിയുടെ ആവശ്യം.

Comments