പാർലമെന്റ് മന്ദിരം, 1926ൽ പകർത്തിയ ചിത്രം / photo: wikimedia commons

പുതിയ പാർലമെൻറ്​ മന്ദിരം: സമഗ്രാധികാരിയുടെ വാസ്​തുവിദ്യ

അയോധ്യയിലെ രാമക്ഷേത്രവും പുതുക്കി പണിയുന്ന പാർലമെന്റ് മന്ദിരവും എങ്ങനെയാണ് സമഗ്രാധിപത്യത്തിന്റെ പുത്തൻ നിർമിതികളായി മാറുന്നതെന്ന് വിശകലനം ചെയ്യപ്പെടുന്നു

Poetry might survive in a totalitarian age, and certain arts or half-arts, such as architecture, might even find tyranny beneficial, but the prose writer would have no choice between silence or death.George Orwell, The Prevention of Literature.

ന്ത്യയിൽ ബൃഹത്തായ രണ്ടു കെട്ടിട നിർമാണങ്ങൾക്ക് തുടക്കം കുറിച്ചത് കോവിഡിനെതുടർന്ന് പൊതുവിടങ്ങളിലെ മനുഷ്യരുടെ സംഘടിതമായ സാന്നിധ്യം നിരോധിക്കപ്പെട്ട സമയത്താണ്. ഈ സമയത്ത് സ്വീകരിക്കപ്പെട്ട വർക്ക് ഫ്രം ഹോം പോലുള്ള തൊഴിൽ പ്രവർത്തന രീതികൾ കാണിച്ചുതന്നത്, വൻ കെട്ടിട നിർമാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും വിനിയോഗിക്കുന്ന എല്ലാ തരത്തിലുമുള്ള വിഭവശേഷി വാസ്തവത്തിൽ പ്രയോജനരഹിതവും വിവേകരഹിതവും അർഥശൂന്യവുമാണെന്നാണ്. കെട്ടിട നിർമാണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനുമായി നടത്തുന്ന സ്ഥലമേറ്റെടുക്കൽ തുടങ്ങി കുടിയൊഴിപ്പിക്കൽ വരെയുള്ള ദൗത്യങ്ങൾ സൃഷ്ടിക്കുന്ന വിപര്യങ്ങൾ ഒരു വശത്ത്, മറുവശത്ത് ഭരണകൂടത്തിന് വരുന്ന വലിയ ചെലവുകൾ. വാസ്തവത്തിൽ ഇത്തരം വലിയ നിർമാണങ്ങളൊന്നുമില്ലാതെ കാര്യങ്ങൾ ഒരുവിധമെങ്കിലും സുഗമമായി നടത്തിക്കൊണ്ടുപോകാൻ മനുഷ്യർ ഇന്ന് അഭ്യസിച്ചിരിക്കുന്നു.

ഏതൊരു വാസ്തുവിദ്യ നിർമിതിയും തനിമയാർന്നവിധം രാഷ്ട്രീയ നിർമുക്ത പ്രവർത്തനങ്ങളല്ല. ആർ.എസ്.എസിന്റെയും നരേന്ദ്രമോദിയുടെയും സങ്കൽപത്തിലെ ‘നവ ഭാരത'ത്തിന്റെ സവിശേഷതകൾ അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും പാർലമെന്റ് മന്ദിരത്തിന്റെയും നിർമിതികളിൽ
വ്യക്തമായും ദൃശ്യപ്പെടുന്നു

വിർച്വൽ എന്നത് യാഥാർഥ്യമായി അനുഭവപ്പെടുന്ന സമയത്താണ് പടുകൂറ്റൻ നിർമാണ പദ്ധതികൾ എന്ന നിലയിൽ അയോധ്യയിൽ രാമക്ഷേത്രത്തിനും ഡൽഹിയിൽ സെൻട്രൽ വിസ്റ്റക്കും കല്ലിടുന്നത്. ഹിന്ദുത്വം വിഭാവനം ചെയ്യുന്ന പോലെ ഭാരതീയവും പൗരാണികവുമായ ആധ്യാത്മികതയുടെ പ്രതീകമായി ക്ഷേത്രവും രാഷ്ട്രീയാധികാരത്തിന്റെ പ്രതീകമായി പുതുക്കി പണിയുന്ന പാർലിമെന്റ് മന്ദിരവും ഉയരുകയായി. ഏതൊരു വാസ്തുവിദ്യാനിർമിതിയും തനിമയാർന്നവിധം രാഷ്ട്രീയ നിർമുക്ത പ്രവർത്തനങ്ങളല്ല. ആർ.എസ്.എസിന്റെയും നരേന്ദ്രമോദിയുടെയും സങ്കൽപത്തിലെ ‘നവ ഭാരത'ത്തിന്റെ സവിശേഷതകൾ രണ്ടു നിർമിതികളിലും വ്യക്തമായും ദൃശ്യപ്പെടുന്നു. ആരൊക്കെ എന്തൊക്കെ വിർച്വലിനെകുറിച്ചു വാഴ്ത്തിയാലും മൂർത്തമായ രാഷ്ട്രീയാധികാരം പ്രത്യക്ഷീകരിക്കാൻ വൻനിർമിതികൾ ആവശ്യമാണ്. സ്ഥലമേറ്റെടുത്തും ആവശ്യമെങ്കിൽ കുടിയൊഴിപ്പിച്ചും പാരിസ്ഥിതിക ഘടനയിൽ മാറ്റം വരുത്തിയുമാണ് സർക്കാർ വൻ കെട്ടിട നിർമാണം നിർവഹിക്കുന്നത്. അത്തരം മഹാനിർമിതികൾ അധികാരത്തിന്റെ വ്യവസ്ഥപ്പെടലിന് അനിവാര്യമാകുന്നു.

എന്തുകൊണ്ട് ‘സെൻട്രൽ വിസ്റ്റ' എന്ന പേര്?

മോദി സർക്കാർ നിർമിക്കാൻ പോകുന്ന സെൻട്രൽ വിസ്റ്റയുടെ കാര്യം നോക്കുക. നമുക്ക് പാർലമെന്റ് മന്ദിരമോ മന്ത്രാലയ ഭാവനങ്ങളോ ഇല്ലാഞ്ഞിട്ടല്ല. ഇനി അത് കാലപ്പഴക്കത്താൽ കേടുപാട് വന്നു താറുമാറായ അവസ്ഥയുമല്ല. പിന്നെയോ? ഇന്ത്യയിൽ പുതിയ അധികാരം സ്ഥാപിതമായിരിക്കുന്നു. എഴുപതു വർഷത്തോളം അധികാരത്തിലിരുന്ന കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അധികാര സങ്കൽപത്തിന് പകരമായി ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയം അധികാരത്തിൽ അവരോധിക്കപെട്ടിരിക്കുന്നു. രാഷ്ട്രത്തെയാകെ ബാധിക്കുന്ന ഘടനാപരമായ മാറ്റങ്ങളും കേന്ദ്രമന്ത്രിസഭ വരുത്തിയിരിക്കുന്നു. നെഹ്രുവിയൻ ഭൂതകാലത്തിൽ നിന്നുള്ള സമ്പൂർണ വിടുതലാണെന്ന് ഇതെന്ന് അവകാശപ്പെടുന്നു. അതിന്റെ ഭാഗമായി തന്നെയാണ് കെട്ടിട സമുച്ചയങ്ങളും അധികാര പ്രതീകങ്ങളും മാറ്റിനിർമിക്കപ്പെടുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് എഡ്വിൻ ലുട്യൻസിന്റെയും (ചിത്രത്തിൽ) ഹെർബെർട്ട് ബേക്കറുടേയും മേൽനോട്ടത്തിലാണ് ന്യൂ ഡൽഹി നിർമ്മിക്കപ്പെട്ടത്. രാഷ്ട്രപതി ഭവൻ, ഇന്ത്യ ഗേറ്റ് തുടങ്ങിയ നിർമ്മിതികൾ ലുട്യൻസിന്റെ സൃഷ്ടിയാണ്‌.

ലുട്യൻസ് സായ്പ് കൊളോണിയൽ തച്ചുശാസ്ത്രിയാണ്. പക്ഷെ ലുട്യൻസ് നിർമിതികളെ അറിഞ്ഞോ അറിയാതെയോ നെഹ്‌റുവിയൻ സംഗതികളുമായി മനസിലാക്കപ്പെടുന്നു. അത് അവാസ്തവമാണ്. പാർലമെന്റ് മന്ദിരം കൊളോണിയൽ നിർമിതിയായിരിക്കെ തന്നെ അത് ഉത്തര കൊളോണിയൽ അധികാരവുമായാണ് ചേർക്കപ്പെടുന്നത്. പുതുക്കിപ്പണിയുന്ന പാർലമെന്റ് മന്ദിരം ആ നിലയിൽ മറ്റൊരു അധികാര വ്യവസ്ഥയെയാണ് പ്രതീകവൽക്കരിക്കുന്നത്.

പക്ഷെ, സെൻട്രൽ വിസ്റ്റ എന്ന പേര് ചിലപ്പോൾ അത്ഭുതപ്പെടുത്തും. പാനോപ്റ്റികോൺ എന്നതുപോലെ ശബ്ദമുഴക്കമൊക്കെ ചിലപ്പോൾ തോന്നാമെങ്കിലും, സംഭവം അതല്ല. പുതുക്കിപ്പണിയുന്നത് ജനാധിപത്യത്തെ ജനതക്ക് അനുഭവപ്പെടുത്തുന്ന പാർലമെന്റ് മന്ദിരവും അനുബന്ധ ഓഫിസുകളുമാണ്. പക്ഷെ, എന്തുകൊണ്ട് സെൻട്രൽ വിസ്റ്റ എന്ന ആംഗലേയ നാമധേയം എന്നാരും ആലോചിച്ചു പോകും. രാജ്യസ്‌നേഹവും ഹിന്ദി ഭാഷ അഭിനിവേശവും ചേർത്ത് പ്രതീക്ഷിക്കേണ്ടിയിരുന്നത് ഒരു സ്വദേശി നാമധേയമായിരുന്നു. അതും ഭാരതീയ ഭാവത്തിൽ സംസ്‌കൃതം. പക്ഷെ, ലഭിച്ചതോ പനോപ്റ്റികോൺ പോലെ വിചിത്ര പേരും.

"ഒരു രാഷ്ട്രം ഒറ്റ ജനത' എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ സഫലീകരണത്തിൽ നിർണായകമാണ് പുതുതായി ഉയരാൻ പോകുന്ന ഈ അധികാരത്തിന്റെ കേന്ദ്രീകൃത ഘടന.

‘ഏക ഭാരത് ശ്രേഷ്ഠ ഭാരത്' - ‘ആത്മനിർഭർ ഭാരത്' എന്ന നരേന്ദ്രമോദിയുടെ രാഷ്ട്രത്തെക്കുറിച്ചുള്ള സങ്കൽപനത്തെ പ്രതീകവത്കരിക്കുന്നതാണ് പുതിയ പാർലിമെന്റ് കെട്ടിട സമുച്ചയമായ ‘സെൻട്രൽ വിസ്റ്റ'. അതിന്റെ നിർമാണത്തിന് സുപ്രീംകോടതി അംഗീകാരം നൽകുകയുണ്ടായി. മൂന്നംഗ ബെഞ്ചിൽ സെൻട്രൽ വിസ്റ്റ നിർമാണത്തിനനുകൂലമായി രണ്ടുപേരുടെ ഭൂരിപക്ഷ വിധിയും ജസ്റ്റിസ് സഞ്ജീവ് ഖന്ന വിയോജിച്ച് വേറെയൊരു വിധിയും നടത്തി. 64,500 ഏക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഈ പുതിയ പാർലമെന്റ് കെട്ടിട സമുച്ചയം, മാറുന്ന അധികാര ഘടനയുടെ വ്യവസ്ഥാപനം കൂടിയാകുന്നു. നിലവിലുള്ള ലുട്യൻസ് നിർമിത കൊളോണിയൽ ഹെറിറ്റേജ് കെട്ടിടങ്ങൾ പ്രതീകവൽക്കരിക്കുന്ന ആധുനിക രാഷ്ട്ര സങ്കൽപത്തെ പുനർനിർമിക്കുക എന്ന വ്യക്തമായ ലക്ഷ്യവും പുതിയ പാർലമെന്റ് കെട്ടിട നിർമാണത്തിൽ അന്തർഭവിച്ചിരിക്കുന്നു എന്നത് സ്വയം വെളിവാകുന്ന കാര്യമാണ്.

18ാം നൂറ്റാണ്ടിൽ സാമൂഹ്യ ശാസ്ത്രജ്ഞനായ ജെറേമി ബെന്തം ജയിലുകളുടെ നിർമാണത്തിനായി മുന്നോട്ടു വച്ച ആശയമാണ് പനാപ്റ്റികോൺ. നിരന്തരം വീക്ഷിക്കപ്പെടുന്നു എന്ന തോന്നൽ അന്തേവാസികളിൽ ഉണ്ടാക്കും എന്നതാണ് പ്രസ്തുത നിർമ്മാണ രീതിയുടെ പ്രത്യേകത. ബെന്തമിന്റെ ആശയത്തിന് വില്ലി റെവെലി നൽകിയ ചിത്രാവിഷ്‌കാരമാണ് മുകളിൽ / photo: wikimedia commons

നേരത്തെ സൂചിപ്പിച്ച പോലെ സെൻട്രൽ വിസ്റ്റ എന്നറിയപ്പെടുന്ന ഈ പാർലമെന്റ് അധികാര കെട്ടിട സമുച്ചയം നിലവിലുള്ള പേരുകൊണ്ട് പൊടുന്നനെ സൃഷ്ടിക്കുന്ന പ്രതീതി, പാനോപ്റ്റികോൺ പോലെ എന്തോ ഒന്നാണ്. ഒരു പക്ഷെ സെൻട്രൽ വിസ്റ്റ എന്നത് താൽക്കാലിക പ്രവർത്തന നാമധേയമായിരിക്കും. ഭാവിയിൽ, കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടന വേളയിൽ അനുയോജ്യവും "ഭാരതീയ'വുമായ നാമധേയം കണ്ടെത്തുമായിരിക്കും. കെട്ടിട സമുച്ചയത്തിന്റെ കല്ലിടൽ ചടങ്ങ് ഹിന്ദു ആചാര പ്രകാരം തന്നെ പ്രധാനമന്ത്രി നടത്തുകയുണ്ടായി. "ഒരു രാഷ്ട്രം ഒറ്റ ജനത' എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ സഫലീകരണത്തിൽ നിർണായകമാണ് പുതുതായി ഉയരാൻ പോകുന്ന ഈ അധികാരത്തിന്റെ കേന്ദ്രീകൃത ഘടന.

കെട്ടിട സമുച്ചയങ്ങളും അധികാരത്തെ പ്രത്യക്ഷീഭവിപ്പിക്കുന്ന പ്രതീക സമാനമായ നിർമിതികളും ചരിത്രപരമായ തന്നെ സമഗ്രാധികാരികളും സമഗ്രാധികാര വ്യവസ്ഥയും പരിപാലിച്ചു പോന്ന ഒരാശയമാണ്. നിരവധിയായ ദൃഷ്ടാന്തങ്ങളും ഉദാഹരണങ്ങളും ചരിത്രത്തിൽ നിന്ന് ഈ കാര്യത്തെക്കുറിച്ചു ലഭ്യമാണ്. ഈ പ്രതീക നിർമിതികളോടുള്ള അധികാരികളുടെ അനുഭാവത്തിൽ ചരിത്രത്തിന്റെ ഏതു കാലഘട്ടത്തിലായാലും സമാനതകൾ കണ്ടെത്താമെങ്കിലും ആധുനിക പൂർവ പ്രതീക നിർമിതികളെയും ആധുനികതയുടെ ഘട്ടത്തിലെ ഇത്തരം നിർമിതികളെയും വേർതിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്, വിശേഷിച്ച്, ഇരുപതാം നൂറ്റാണ്ടിലെ സമഗ്രാധികാരം കൈയ്യാളിയവർ ഏറ്റെടുത്തു നിർമിച്ച പ്രതീക സമുച്ചയങ്ങളെ പരിഗണിക്കുമ്പോൾ. എഡ്വിൻ ലുട്യൻസ് വിഭാവനം ചെയ്ത സെൻട്രൽ വിസ്റ്റ ഇന്ത്യ ഗേറ്റ് മുതൽ രാഷ്ട്രപതി ഭവൻ വരെ നീണ്ടു കിടക്കുന്നതാണ്. മന്ത്രാലയങ്ങൾ ഉൾപ്പെടെ സർക്കാർ കെട്ടിടങ്ങൾ മാത്രമല്ല പൊതു ഭവനങ്ങളായ നാഷണൽ ആർകൈവ്‌സ്, നാഷണൽ മ്യൂസിയം, നാഷണൽ വാർ മെമ്മോറിയൽ എന്നിവ വരെ ഉൾപ്പെടുന്നു.

നരേന്ദ്രമോദിയുടെ സൃഷ്ടി

സുപ്രീംകോടതി മുമ്പാകെ നൽകപ്പെട്ട ഹർജിയിൽ ഉന്നയിക്കപ്പെട്ട ഒരു പ്രധാന വാദം; പുതുക്കി പണിയുന്ന സെൻട്രൽ വിസ്റ്റ, പ്രധാന ഭവനങ്ങൾ സ്ഥിതി ചെയ്യുന്ന വിസ്തൃതിയിൽ മാറ്റങ്ങൾ വരുത്തുന്നതുകൊണ്ട് പാരിസ്ഥിതിക മാനദണ്ഡങ്ങളും മറ്റും കൃത്യമായി പാലിക്കണമെന്നാണ്, മാത്രമല്ല പബ്ലിക് ഹിയറിങ്ങും നടത്തണം. സെൻട്രൽ വിസ്റ്റ നിലവിലെ പാർലമെന്റ് മന്ദിരത്തിലെ ചരിത്ര പ്രാധാന്യമർഹിക്കുന്ന സെൻട്രൽ ഹാൾ മ്യൂസിയമാക്കി മാറ്റുമെന്നും, സെൻട്രൽ വിസ്റ്റ ഉയരാൻ പ്രദേശത്തുള്ള ദേശീയ മ്യൂസിയം മാറ്റുമെന്നും പറയുന്നു. എന്നുവെച്ചാൽ, അവിടെയുള്ള ചരിത്രപ്രധാനമായ മന്ദിരങ്ങളും ദേശീയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സുപ്രധാന കെട്ടിടങ്ങളും ഒന്നുകിൽ മ്യൂസിയമാക്കും, അല്ലെങ്കിൽ അവിടെ നിന്ന് നീക്കും എന്നർഥം.

നിർമിതി കലാപരമായ സൃഷ്ടിയാണ് എന്ന ധാരണയിലാകണം, നിർമാണങ്ങൾക്ക് ഓഥർഷിപ്പ് പ്രധാനമായിരുന്നു. ഹിറ്റ്‌ലറെ പോലുള്ള ഫ്യൂറർമാരും ഓഥർഷിപ്പിനെ പ്രധാനമായി കണ്ടിരുന്നു. ആൽബർട്ട് സ്പീറായിരുന്നു ഹിറ്റ്‌ലറുടെ പ്രധാന ആർക്കിടെക്ട്. പക്ഷെ സെൻട്രൽ വിസ്റ്റ എന്ന ബൃഹത്തായ പുതുക്കിപ്പണിയൽ സംരംഭമായി വിശദീകരിക്കപ്പെടുമ്പോഴും പ്രധാനമന്ത്രിയൊഴിച്ചു മറ്റൊരു വ്യക്തിയുടെ പേരും പരാമർശിക്കപ്പെടുന്നില്ല.

971 കോടി രൂപയാണ് സെൻട്രൽ വിസ്റ്റ നിർമാണത്തിന്റെ എസ്റ്റിമേറ്റ്. ടാറ്റ പ്രോജക്ടിനാണ് നിർമാണ ചുമതല. ഡിസൈൻ അഹമ്മദാബാദിലെ എച്ച്.സി.പി ഡിസൈൻ സ്ഥാപനത്തിനാണ്. ഇതൊരു പ്രത്യേകതയാണ്. നെഹ്റുവിന്റെ പ്രേരണയിലാണ് ലെ കോർബുസിയർ ചണ്ഡീഗഡ് നഗരത്തിന്റെ ഡിസൈൻ നിർവഹിച്ചത്. ആധുനിക ഭരണാധികാരികൾ അവരുടെ സങ്കൽപനങ്ങളെ പ്രതീകവൽക്കരിക്കുന്ന കെട്ടിട നിർമിതികൾക്കായി പ്രസിദ്ധ വാസ്തുശില്പികളെ കൊണ്ടുവന്നിരുന്നു. നിർമിതി കലാപരമായ സൃഷ്ടിയാണ് എന്ന ധാരണയിലാകണം നിർമാണങ്ങൾക്ക് ഓഥർഷിപ്പ് അവർക്ക് പ്രധാനമായിരുന്നു. അതിപ്പോൾ ഹിറ്റ്‌ലറെ പോലുള്ള ഫ്യൂറർമാരും ഓഥർഷിപ്പിനെ പ്രധാനമായി കണ്ടിരുന്നു. ആൽബർട്ട് സ്പീറായിരുന്നു ഹിറ്റ്‌ലറുടെ പ്രധാന ആർക്കിടെക്ട്. പക്ഷെ സെൻട്രൽ വിസ്റ്റ എന്ന ബൃഹത്തായ പുതുക്കിപ്പണിയൽ സംരംഭമായി വിശദീകരിക്കപ്പെടുമ്പോഴും പ്രധാനമന്ത്രിയൊഴിച്ചു മറ്റൊരു വ്യക്തിയുടെ പേരും പരാമർശിക്കപ്പെടുന്നില്ല.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരമായ ചണ്ഡീഗഡിന്റെ ആർകിടെക്റ്റായ ലെ കോർബുസിയർ ജവഹർലാൽ നെഹ്‌റുവിനൊപ്പം

കാലാതീതമായ നിർമിതി എന്ന നിലയിൽ വിഭാവനം ചെയ്യപ്പെടുന്ന ഈ ബൃഹത് സമുച്ചയം നരേന്ദ്രമോദിയുടെ സൃഷ്ടിയായി തന്നെയാണ് രേഖപ്പെടുത്തപ്പെടാൻ പോകുന്നത്.

അധികാരത്തിന്റെ ആത്മപ്രകാശനങ്ങൾ

വാസ്തുശില്പത്തെ കലാചരിത്രത്തിന്റെ ഭാഗമായി പഠിക്കപ്പെട്ടിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ വികാസവുമായി ബന്ധപ്പെടുത്തി ഉപയോഗ വസ്തുക്കളുടെയും നിർമാണ രീതികളുടെയും സവിശേഷതകളെക്കുറിച്ചുള്ള പഠനങ്ങളും ലഭ്യമാണ്, പ്രത്യേകിച്ചും എൻജിനീറിങ് മേഖലയിൽ നിന്നുള്ള പഠനങ്ങൾ ഈവിധമുള്ളതാണ്. സാമൂഹ്യശാസ്ത്രപരമായ അന്വേഷണങ്ങൾ അധികവും കേന്ദ്രീകരിച്ചിരിക്കുന്നത് ഗാർഹിക നിർമാണ മേഖലയെക്കുറിച്ചാണ്. തുച്ഛം പഠനങ്ങളാണ് ഈ മേഖലയിൽ തന്നെ ഇന്ത്യയെ മുൻനിർത്തി നടന്നിട്ടുള്ളത്. സമ്പത്തുൽപാദനം, നിർമാണാവശ്യത്തിനായുള്ള അടിസ്ഥാന വസ്തുക്കളുടെയും വിഭവങ്ങളുടെയും കണ്ടെത്തൽ, അതിന്റെ ട്രാൻസ്പോർട്ടേഷൻ രീതികൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ചരിത്രപരവും സാമൂഹ്യശാസ്ത്രപരവുമായ ഗവേഷണങ്ങൾ ഇനിയും നടക്കേണ്ടതായിട്ടുണ്ട്. വാസ്തുശില്പ കലയിലെ തനതു തദ്ദേശീയത എന്ന മിത്തിനെ പൊളിക്കാൻ ഇത്തരം അന്വേഷണങ്ങൾ സഹായകമാകും. സമ്പത്തുൽപാദനവും വിനിയോഗവുമായും ബന്ധപ്പെട്ട മനുഷ്യശേഷിയുടെ ഏകോപനവും അതിന്റെ വിനിയോഗത്തെക്കുറിച്ചുള്ള സവിശേഷ പഠനങ്ങളും ചരിത്രപരമായി സമൂഹം രൂപാന്തരപ്പെടുന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ച് പകരുന്നതായിരിക്കും. ഉദാഹരണത്തിന്, സമകാലിക കെട്ടിട നിർമാണത്തെക്കുറിച്ച് ചിന്തിച്ചാൽ, കൂലിക്കുറവുള്ള കുടിയേറ്റ തൊഴിലാളികളുടെ സാന്നിധ്യവും ഏകോപനവും വർത്തമാന നിർമാണ ഘടനയുടെ അനേക ഘടകങ്ങളെക്കുറിച്ചുള്ള സൂക്ഷ്മതല വിവരങ്ങൾ നൽകുന്നതാണ്. സാമൂഹ്യവ്യവസ്ഥയെക്കുറിച്ചും നഗരവൽക്കരണത്തെക്കുറിച്ചുമുള്ള അറിവുകളിലേക്ക് അത് നയിക്കും. അധികാര വ്യവസ്ഥയും വാസ്തുശില്പവും തമ്മിലുള്ള ഘടനാപരമായ ബന്ധം കെട്ടിടത്തിന്റെ രൂപഭാവങ്ങളിൽ നിന്ന് ദൃശ്യപ്പെടുന്നതാണെങ്കിലും അതിന്റെ നിർമാണത്തിന് ഹേതുവായ രാഷ്ട്രീയ സന്ദർഭം, അതിനായി നിയോഗിക്കപ്പെടുന്ന ആളും അർഥവും എന്നിവ ഭരണവ്യവസ്ഥയുടെ രാഷ്ട്രീയ ഉദ്ദേശ്യത്തെ മാത്രമല്ല കാണിച്ചുതരുന്നത്; അധികാരത്തിന്റെ ഇടനാഴികളിലും ഉള്ളറകളിലും നടക്കുന്ന ആലോചനകളെ പോലും പലപ്പോഴും വാസ്തു സൂക്ഷ്മമായി പകർത്തുകയും ചെയ്യുന്നുണ്ട്.

നിലവിലെ പാർലിമെന്റ് മന്ദിരം കൊളോണിയലിസം മുതൽ ഇന്ത്യൻ ഭരണകർത്താക്കളിലേക്കുള്ള അധികാര കൈമാറ്റത്തിന്റെയും പിന്നീടുള്ള ഭരണഘടനാ നിർമാണ സഭ മുതൽ ജനാധിപത്യത്തിന്റെ പരീക്ഷണ ഘട്ടങ്ങൾ വരെയുള്ളവയുടെയും ചരിത്രാഖ്യാനമായി നിലകൊള്ളും

സമഗ്രാധിപതികളെ പോലെ തന്നെ ജനാധിപത്യ രീതികൾ പിന്തുടരുന്ന ഭരണകർത്താക്കളും വാസ്തുശില്പ നിർമിതികളെ തങ്ങളുടെ അധികാരത്തിന്റെ ആത്മപ്രകാശനാവിഷ്‌ക്കാരമായി തന്നെയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. സമഗ്രാധിപതികൾ സ്വന്തം ഇച്ഛയെ ജനതയുടെ അഭിലാഷങ്ങളുടെ പൂർത്തീകരണമെന്ന നിലയിലാണ് ആവിഷ്‌കാരങ്ങൾ നടത്താറുള്ളതെന്നു മാത്രം. വംശത്തിന്റെയോ മതത്തിന്റെയോ തദ്ദേശീയതയോടെയോ പേരിൽ അംഗസംഖ്യ കണക്കാക്കി ഭൂരിപക്ഷാത്മകതയുടെ പ്രതീതിയിൽ അകപ്പെടുകയും അതിന്റെ പ്രതീതിവെട്ടത്തിൽ അഭിരമിക്കുകയും ചെയ്യുന്ന ജനത സമഗ്രാധിപത്യവുമായി താദാത്മ്യപ്പെടുകയും അവരുടെ തന്നെ ഇച്ഛകളാണ് ആവിഷ്‌ക്കരിക്കപ്പെടുന്നതെന്ന് ധരിക്കുകയും ചെയ്യുന്നു. ഈ ഇച്ഛയുടെയും അഭിലാഷങ്ങളുടെയും സ്തൂപങ്ങളും നിർമിതികളും മണ്ഡപങ്ങളും ചരിത്രാവശിഷ്ടങ്ങളെന്ന നിലയിൽ ഭൂമിയിൽ പതിഞ്ഞു കിടക്കുന്നു. വാസ്തവത്തിൽ, അത്തരത്തിൽ നോക്കുകയാണെങ്കിൽ, ഇത്തരം നിർമിതികൾ വർത്തമാനത്തേക്കാൾ ഭാവിയിലേക്ക് ചരിത്രാവശിഷ്ടമായി മാറാൻ നിർമിക്കപ്പെട്ടവയാണ്. ഇന്ത്യയുടെ മ്യൂസിയം ആകാൻ പോകുന്ന നിലവിലെ പാർലിമെന്റ് മന്ദിരം കൊളോണിയലിസം മുതൽ ഇന്ത്യൻ ഭരണകർത്താക്കളിലേക്കുള്ള അധികാര കൈമാറ്റത്തിന്റെയും പിന്നീടുള്ള ഭരണഘടനാ നിർമാണ സഭ മുതൽ ജനാധിപത്യത്തിന്റെ പരീക്ഷണ ഘട്ടങ്ങൾ വരെയുള്ളവയുടെയും ചരിത്രാഖ്യാനമായി നിലകൊള്ളും.

ആദ്യമായി പാർലമെന്റ് മന്ദിരത്തിൽ കോൺസ്റ്റിറ്റ്വന്റ് അസംബ്ലി ചേർന്നപ്പോൾ (1946). മുൻ നിരയിൽ ഇരിക്കുന്നവരിൽ ഇടത്തു നിന്ന് ഒന്നാമത് ഡോ: ബി. ആർ. അംബേദ്കർ, ബി. ജി. ഖേർ, സർദാർ പട്ടേൽ, കെ. എം. മുൻഷി / photo: wikimedia commons

ഈയിടെ പാസ്സായ കാർഷിക നിയമങ്ങൾ വരെ അതിന്റെ ഭാഗമാണ്. എന്നാൽ ആ ഇന്ത്യ പഴയതായിരിക്കുന്നു, നവജാത ഇന്ത്യയെക്കുറിച്ചുള്ള സങ്കൽപത്തിന്റെ വാസ്തുശിൽപമായി സെൻട്രൽ വിസ്റ്റ ഒരുങ്ങുന്നു എന്നാണ്. സ്ഥലമേറ്റെടുത്തും പഴയ കെട്ടിടങ്ങൾ മാറ്റി പണിതും പുതിയതൊന്ന് സൃഷ്ടിക്കുകയാണ്. എന്നാൽ കെട്ടിട സമുച്ചയത്തിന്റെ കർതൃത്വം പ്രധാനമന്ത്രിക്കാണ്. നിർമാണാനന്തരം അതിന്റെ പ്രദർശനപരത തീർച്ചയായും രാഷ്ട്രീയാടിസ്ഥാനത്തിലായിരിക്കും എന്ന് വ്യക്തമാണ്.

എഡിഫിസ് കോംപ്ലക്‌സ്

കെട്ടിട സമുച്ചയ നിർമാണം അധികാരത്തിന്റെ മനഃശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന എന്നാണ് ഡേയാൻ ഷുഡ്ജിക് പറയുന്നത്. The Edifice Complex: The architectures of Power എന്ന പുസ്തകത്തിൽ ചർച്ച ചെയ്യുന്നത് ഇക്കാര്യമാണ്. നിരവധി സന്ദർഭങ്ങളും സംഭവങ്ങളും ഉദാഹരിച്ചാണ് ഇത് അവതരിപ്പിക്കുന്നത്. ഷുഡ്ജിക്കിന്റെ നീരിക്ഷണത്തിൽ, ‘ഒരു ഭൂവിസ്തൃതിയിൽ കെട്ടിടം നിർമിക്കുന്നതും അധികാര പ്രയോഗം നടത്തുന്നതും തമ്മിൽ മനഃശാസ്ത്രപരമായ സാമ്യമുണ്ട്.

ഇച്ഛയുടെ അടിച്ചേൽപിക്കലാണ് രണ്ടിലും പൊതുവായി ഉള്ളത്. അധികാരി തന്റെ ലോകവീക്ഷണവും ഇച്ഛയും ഒരു നഗരവാരിധിയെ മുഴുവനും ചേർത്ത് അടക്കിപ്പിടിച്ച് അതിനെ പാവക്കൂട് എന്ന പോലെ പുനർനിർമിക്കുകയാണ്. ഇതിന്റെ പിറകിലെ വാസ്തുശിൽപ മാതൃക എന്നുപറയുന്നത് പൗരവ്യക്തികൾക്ക് യാതൊരു പ്രകാരത്തിലും പ്രാധാന്യം നൽകുന്നതല്ല. അതേസമയം, നിർമിക്കപ്പെട്ട ആ വാസ്തുശില്പം അധികാരത്തിനു വിധേയരാകാൻ തയ്യാറായവരുടെ ഈഗോയെ സംതൃപ്തിപ്പെടുത്തുന്നു. കാരണം അവർ അത് അവരുടെ അഭിലാഷമൂർത്തീകരണമായി അനുഭവിക്കുന്നു. ഷുഡ്ജിക് വ്യക്തമാക്കുന്നതുപോലെ; "കെട്ടിടമെന്നത് വ്യക്തിയുടെ ഈഗോട്ടിസത്തിന്റെ നിർവൃതി നിറഞ്ഞ പ്രകടനമാകുന്നു.' സമഗ്രാധികാരികൾ കെട്ടിടനിർമാണത്തിന്റെ ലംബമാനതയിൽ അഭിരമിക്കുകയും ഇബ്സന്റെ മാസ്റ്റർ ബിൽഡറിലെ പോലെ ഗോപുരാഗ്രം ലിബിഡോവിന്റെ പ്രതീകവൽക്കരണം എന്ന നിലയിൽ ഉന്മത്തമാക്കി ആഘോഷിക്കുകയും ചെയ്യുന്നു. അതിനെ ഷുഡ്ജിക് വിളിക്കുന്നത് എഡിഫിസ് കോംപ്ലക്‌സ് (Edifice Complex) എന്നാണ്.

സമഗ്രാധികാരികൾ കെട്ടിട നിർമാണത്തെ ഉപയോഗപ്പെടുന്നത് രാഷ്ട്രസമ്പത്ത് എന്ന നിലക്കും ജനതയുടെ വ്യക്തിഗത ഇച്ഛകളുടെ സഫലീകരണത്തിന്റെ ഭാഗമായി അതിനെ അവതരിപ്പിച്ചും ഭൂരിപക്ഷം ജനതയുടെ മാനസിക ഘടനയെ പരിവർത്തിപ്പിച്ചും, രാഷ്ട്രത്തെ ശൈശവൽക്കരിച്ചുമാണ് (Infantilize). രാഷ്ട്രവും ജനതയും താദാത്മ്യപ്പെട്ട ജനതയെ ശിശുവൽക്കരിക്കുകയും ചെയ്യുന്നു. സമഗ്രാധികാരികൾ ഇത് കൃത്യമായി ചെയ്തിരുന്നു. ജനതയുടെയും രാഷ്ട്രത്തിന്റെയും രക്ഷാകർതൃത്വം ഏറ്റെടുക്കുന്നതോടെയാണ് ശൈശവൽക്കരണ പ്രക്രിയ ആരംഭിക്കുന്നത്.

ആരെങ്കിലും ചിരപുരാതനകാലത്തെയും കൊളോണിയൽ വാഴ്ചയുടെ സമയത്തെയും മഹാസൗധങ്ങളെ കാണുമ്പോൾ അക്കാലത്തെ തൊഴിൽ അടിമകളെയും വസ്തുവിദഗ്ധരെയും ഓർക്കുന്നുണ്ടോ?

ജനതയുടെ ശൈശവൽക്കരണത്തെ പ്രതീകവല്കരിക്കുന്നതിൽ സ്തൂപങ്ങളും കെട്ടിട സമുച്ചയങ്ങളും മഹനിർമിതികളും പാവനമായ കർമമാണ് നിർവഹിക്കുന്നത്. മഹാനിർമിതി രാഷ്ട്രത്തിന്റെ പ്രതീതി തന്നെയാകുമ്പോൾ അതിനു വിധേയമായി നിർമിതികൾക്ക് മുമ്പിൽ അന്തം വിട്ട് അത്ഭുതംകൂറി നിൽക്കുക എന്നത് അതിന്റെ സ്വാഭാവികതയിൽ സംഭവിക്കുന്ന കാര്യമാണ്. രാഷ്ട്രനിർമിതിയുടെ പ്രതീതികൾ പകർത്തിവെച്ച ചരിത്രപുസ്തകങ്ങങ്ങളിലൂടെ, അതുമായി ബന്ധപ്പെട്ട വർണശബളമായ ലഘുലേഖ വർണനകളിലൂടെ, ജനപ്രിയമായ മാധ്യമ ആവിഷ്‌ക്കാരങ്ങളിലൂടെ രാഷ്ട്രത്തിന്റെ പരിലാളനകൾ ഏറ്റുവാങ്ങി അതൊരു സങ്കൽപാതീതമായ നിർമിതിയായി തീരുന്നു. ശിശുസഹജമായ കൗതുകത്തോടെ ജനത അത്ഭുതതോടെ അതിലേക്ക് ആകർഷിക്കപ്പെടുന്നു. ഒടുവിൽ (കലി) കാലത്തിന്റെ പ്രത്യക്ഷ അടയാളങ്ങൾ നഷ്ടപ്പെടുകയും അത് കാലാതീതമായ സ്വത്വരൂപം നേടുകയും ചെയ്യുന്നു. ആരെങ്കിലും ചിരപുരാതനകാലത്തെയും കൊളോണിയൽ വാഴ്ചയുടെ സമയത്തെയും മഹാസൗധങ്ങളെ കാണുമ്പോൾ അക്കാലത്തെ തൊഴിൽ അടിമകളെയും വാസ്തുവിദഗ്ധരെയും ഓർക്കുന്നുണ്ടോ?

നിർമിതിയിലേക്ക് ഒരു സിസ്റ്റത്തെ തന്നെ ആഗിരണം ചെയ്യുന്നു

‘എഡിഫിസ് കോംപ്ലക്‌സ്' എന്നതിലെ കോംപ്ലക്‌സിൽ പാശ്ചാത്യ മനഃശാസ്ത്ര വൈജ്ഞാനികത അഭിമുഖീകരിക്കുന്ന രോഗാതുരതയെക്കുറിച്ചുള്ള ഉള്ളടഞ്ഞുകഴിഞ്ഞ ചില വിചാരങ്ങൾ നിഹിതമാണ്. ഈ കോംപ്ലക്‌സ് വേവലാതി, ജനപ്രിയവും വ്യവസ്ഥാപിതവുമായ മനഃശാസ്ത്രത്തിന്റെ തുടർനിൽപിനല്ലാതെ മറ്റെന്തെങ്കിലും ഉൾകാഴ്ച്ച നൽകാൻ പ്രാപ്തമാണോ എന്നത് സംശയിക്കാവുന്ന ഒരു കാര്യമാണ്. കോംപ്ലക്‌സ് വെച്ച് പരിശോധിച്ചാൽ കെട്ടിടത്തിന്റെ നിർമാണോദ്ദേശ്യം സമഗ്രാധികാരികളായ എന്തെങ്കിലും വ്യക്തികളിലേക്ക് ചുരുക്കിയാൽ മാത്രമേ കോംപ്ലെക്‌സിനെ അനാവരണം ചെയ്യാൻ കഴിയൂ. ഹൈപ്പർ വ്യക്തിത്വങ്ങളായിരിക്കെ തന്നെ സമഗ്രാധികാരികൾ വ്യക്തിഗത ഇച്ഛയുടെ മാത്രം സംപൂർത്തീകരണത്തിന് തിരഞ്ഞെടുക്കപ്പെട്ടവരാകണമെന്നില്ല, പകരം, ഒരു സവിശേഷ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ അധീനതയുറപ്പിക്കാൻ നിയോഗിക്കപ്പെട്ടവരുമാകാം.

ഡേയാൻ ഷുഡ്ജിക് / photo: wikimedia commons

രണ്ടിന്റെയും സംയോജനമാണ് മിക്കവാറും സ്മാർട്ടായ സമഗ്രാധികാരികളെ സൃഷ്ടിക്കുന്നത്. വ്യക്തിഗത അധികാരഭ്രാന്തും പ്രത്യയശാസ്ത്ര ഇച്ഛയും സംയോജിപ്പിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യല്ല, എങ്കിലും എങ്ങനെയാണ് വലിയ മൂലധന ചെലവും മറ്റും വരുന്ന നിർമിതിയിലേക്ക് ഒരു സിസ്റ്റത്തെ തന്നെ ആഗിരണം ചെയ്യുന്നത് എന്ന് ശ്രദ്ധാപൂർവം നോക്കേണ്ടതുണ്ട്. രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി തന്നെയാണ് വാസ്തുശിൽപങ്ങൾ വിഭാവനം ചെയ്യപ്പെടുന്നത്. ആധുനിക രാഷ്ട്രം ഇത്തരം വൻനിർമിതികളെ സ്റ്റേറ്റ് ക്രാഫ്റ്റിന്റെ ഭാഗമായി കാണുന്നു. കെട്ടിട നിർമാണം മാത്രമല്ല, വൻ പദ്ധതികൾ സ്റ്റേറ്റിന്റെ അതിജീവനത്തിനാവശ്യമാണെന്ന് വരുന്നു. വലിയ തോതിലുള്ള അടിസ്ഥാനസൗകര്യ വികസനത്തിനും അതുമായി ബന്ധപ്പെട്ട പദ്ധതികൾക്കും ഊന്നൽ നൽകുന്നത് ഈയൊരു സവിശേഷ സമീപനത്തിന്റെ ഭാഗമാണ്. മൂലധന താൽപര്യങ്ങളും അതുമായി ബന്ധപ്പെടുന്ന വ്യവസ്ഥപിതമായ നീക്കുപോക്കുകളും വൻ നിർമിതികൾക്ക് ഒരു സമഗ്ര സ്വഭാവം നൽകുന്നു.

വെള്ളക്കാരന്റെ വംശാധിപത്യവും ഡൽഹി നിർമിതിയും

കൊളോണിയൽ വാസ്തുശിൽപിയായിരുന്ന ലുട്ട്യൻസിന്റെ നിർമിതികൾ ആദർശാത്മകമായ ഒന്നായി വിലയിരുത്തപ്പെടേണ്ട ആവശ്യമില്ല. ഇന്ത്യയെക്കുറിച്ച് എഡ്വേഡ് ലുട്ട്യൻസ് മേൽജാതി വീക്ഷണമാണ് നിലനിർത്തിയിരുന്നത് എന്ന് ഡേയാൻ ഷുഡ്ജിക് പറയുന്നു. ലുട്യൻസിന്റെ പരേതനായ ഭാര്യാപിതാവ് ലോർഡ് ലിറ്റൻ ബ്രിട്ടീഷ് വൈസ്രോയായിരുന്നു. ലുട്യൻസ് ഇന്ത്യക്കാരെ കുറിച്ച് വെള്ളക്കാരന്റെ വംശീയ കാഴ്ചപ്പാട് കൊണ്ടുനടന്നിരുന്ന വ്യക്തിയാണ്. ലുട്യൻസ് ഇംഗ്ലണ്ടിലെ സ്വഗൃഹത്തിലേക്ക് എഴുതിയ ഒരു കത്ത് ഷുഡ്ജിക് എഡിഫിസ് കോംപ്ലക്‌സ് എന്ന പുസ്തകത്തിൽ ഉദ്ധരിക്കുന്നുണ്ട്. ആ കത്തിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: ‘തദ്ദേശീയവാസികളുടെ താഴ്ന്നനിലവാരമുള്ള ബുദ്ധി പ്രശ്നമാകുന്നു. എനിക്ക് തോന്നുന്നില്ല ഇന്ത്യക്കാർക്കും പാശ്ചാത്യർക്കും പരസ്പരം വിവാഹം കഴിക്കാനാകുമെന്ന്. മിശ്ര വിവാഹം വൃത്തികേടും അപരിഷ്‌കൃതവുമാണ്. സാനിറ്ററി ഓഫിസ് വേണ്ടിവന്നേക്കും അത്തരത്തിലുള്ള ബന്ധത്തിൽ ഇടപെട്ടാൽ.' ലുട്യൻസിന്റെ സുഹൃത്തായ ബേക്കർ ടൈംസിൽ എഴുതിയതും ഷുഡ്ജിക് എടുത്തു പറയുന്നുണ്ട്. ബേക്കറിന്റെ കാഴ്ചപ്പാടിൽ ബ്രിട്ടീഷ് പരമാധികാരമാണ് ഓരോ കല്ലിലും തടഞ്ഞുകിടക്കേണ്ടത്.

കൊളോണിയൽ താൽപര്യങ്ങൾക്കനുസരിച്ച് ഡൽഹി പണിതൊരുക്കുന്ന വേളയിൽ നഗരപ്രാന്തങ്ങളെ വംശത്തിന്റെയും വർഗത്തിന്റെയും അടിസ്ഥാനത്തിൽ ക്രമപ്പെടുത്താനുള്ള പദ്ധതിയും ഇതിന്റെ കൂടെ നടന്നിരുന്നു

ഇത് സാക്ഷാത്കരിക്കാൻ റോമൻ മാതൃകയിലാണ് നിർമിതികൾ വേണ്ടത്. കാരണം അതാണ് സാർവലൗകികതയെ പ്രതിനിധാനം ചെയ്യുന്നത്. ഇളവ് എന്ന നിലയിൽ കിഴക്കിന്റെ വാസ്തുശിൽപ മാതൃകയിൽനിന്ന് ചില തുണ്ടുകൾ അവിടെയും ഇവിടെയും ചേർത്തുവെയ്ക്കുക എന്ന് മാത്രം. ഇതായിരുന്നു കൊളോണിയൽ വാസ്തുശിൽപം വിഭാവനം ചെയ്തിരുന്നത്. പാശ്ചാത്യ വാസ്തുശിൽപ മാതൃകകളെ ഏതളവിലും വെല്ലുന്ന ഉദാത്തമായ ബൃഹത് കെട്ടിട സമുച്ചയങ്ങളും കൊട്ടാരങ്ങളും അങ്കണങ്ങളും ദേവാലയങ്ങളും കിഴക്കിന്റെ അപൂർവതയായിരിന്നിട്ടുപോലും ലുട്യൻസിന്റെ വാസ്തുശില്പ സങ്കൽപം പാശ്ചാത്യതയിൽ തന്നെ പരിമിതപ്പെട്ടുപോയതാണ്. കൊളോസിയം രീതികളെക്കാൾ ബൃഹത്തായതും അനേക തലങ്ങളും കമാന ആകൃതികളും ഉള്ളതും പ്രകൃതിയോട് ചേർന്നുപോകുന്നതുമായ സമുച്ചയങ്ങൾ നിർമിക്കപ്പെട്ടുണ്ട് കൊളോണിയൽ പൂർവ കാലഘട്ടങ്ങളിൽ.

വംശം, തൊഴിൽപരമായ സ്ഥാനം, സാമൂഹ്യപദവി എന്നിവ പരിഗണിച്ച് വിവേചനത്തിന്റെ അടിസ്ഥാനത്തിലാണ് ലുട്യൻ നഗരപ്രാന്തങ്ങളെ രൂപപ്പെടുത്തിയത് എന്ന് ഡേയാൻ ഷുഡ്ജിക് പറയുന്നു. ജുമാ മസ്ജിദിൽ നിന്ന് പകർത്തിയ ഓൾഡ് ഡൽഹിയുടെ ചിത്രം / photo: wikimedia commons

കൊളോണിയൽ താൽപര്യങ്ങൾക്കനുസരിച്ച് ഡൽഹി പണിതൊരുക്കുന്ന വേളയിൽ നഗരപ്രാന്തങ്ങളെ വംശത്തിന്റെയും വർഗത്തിന്റെയും അടിസ്ഥാനത്തിൽ ക്രമപ്പെടുത്താനുള്ള പദ്ധതിയും ഇതിന്റെ കൂടെ നടന്നിരുന്നു. വംശം, തൊഴിൽപരമായ സ്ഥാനം, സാമൂഹ്യപദവി എന്നിവ പരിഗണിച്ചായിരുന്നു നഗരപ്രാന്തങ്ങളെ വിവേചനത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയത്. പുതിയ ഡൽഹി ബ്രിട്ടീഷ് കൊളോണിയൽ അധികാരത്തിന്റെയും, വെള്ളക്കാരന്റെ വംശാധിപത്യത്തിന്റെയും അടിസ്ഥാനത്തിൽ ആധുനിക പൂർവ ദൽഹിയിൽ നിന്ന് വ്യവഛേദിച്ച് പുനർനിർമിക്കുകയായിരുന്നു എഡ്വിൻ ലുട്യൻസിന്റെ ലക്ഷ്യം. ജനാധിപത്യത്തിനുള്ള ഇളവ് എന്ന നിലയിലാണ്, പാർലമെന്റ് മന്ദിരമായി പിന്നെ മാറിയ സാമ്രാജ്യത്വ കൗൺസിൽ നിർമിക്കപ്പെട്ടത്. ഷുഡ്ജിക് നീരിക്ഷിക്കുന്നതുപോലെ, സാമ്രാജ്യത്വത്തിന്റെ നിരവധിയായ പ്രതീകങ്ങളാൽ ആധുനിക ദൽഹിയെ വ്യവസ്ഥപ്പെടുത്താനായിരുന്നു കൊളോണിയൽ ഭരണ സംവിധാനത്തിന്റെ ശ്രമമത്രയും. എങ്കിലും നിർമാണം ഏതാണ്ട് പൂർത്തിയായി പതിനഞ്ചു വർഷത്തിനുള്ളിൽ സ്വതന്ത്ര ഇന്ത്യയുടെ അധികാര കേന്ദ്രമായി അത് മാറി, വൈകാതെ അത് പുതിയ അധികാരത്തിന്റെ ബിംബ വ്യവസ്ഥയായി പരിണമിക്കുകയും ചെയ്തു. നെഹ്രുവിന്റെ, ഇന്ദിരയുടെ പ്രധാനമായും കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സവിശേഷതകളാൽ മുദ്രിതമാണ് പാർലമെന്റിന്റെയും അനുബന്ധ ബ്ലോക്കുകളുടെയും നിർമിതി എന്ന് പൗരർക്ക് തോന്നുന്നതിൽ തെറ്റ് പറയാനാകില്ല.

സെക്യുലർ വിശുദ്ധീകരണം മിക്കവാറും നിർമിതികളെ പ്രത്യേക മണ്ഡലമാക്കുന്നു. മിക്കവാറും രാഷ്ട്രത്തിന്റെ വൻനിർമിതികളെല്ലാം ജനതയെ അകറ്റി നിർത്താനും അവർക്ക് ആദരവോടെ മാത്രം നോക്കിക്കാണാനുമുള്ളതാകുന്നു

സെൻട്രൽ വിസ്റ്റ പുതിയ അധികാരത്തിന്റെ പ്രതീകമായി തീരുകയാണ്. ദീർഘകാലത്തെ അധികാര വാഴ്ചയെ പ്രതീക്ഷിച്ചും മുൻനിർത്തിയുമാണ് ഈ കെട്ടിട സമുച്ചയം നിർമിക്കുന്നത്. പുതിയ പാർലിമെന്റ് മന്ദിരത്തിൽ എണ്ണൂറോളം പേർക്ക് ഇരിക്കാൻ സൗകര്യമുണ്ടാകും. പഴയ പാർലമെന്റ് മന്ദിരത്തെക്കാൾ വിശാലമായിരിക്കും. ഡേയൻ ഷുഡ്ജിക് നീരിക്ഷിക്കുന്നതുപോലെ ഒരു ഒപേറ വേദിയോ മ്യൂസിയമോ നിർമിക്കുന്നതിനേക്കാൾ പതിന്മടങ്ങ് ശ്രദ്ധയും കാര്യക്ഷമതയും വേണം പാർലമെന്റ് മന്ദിരം നിർമിക്കാൻ. അത് ബൃഹത്തായ രാഷ്ട്രീയാധികാരത്തിന്റെ നാടകവേദിയാണ്. അതിന്റെ അകത്തളം ഇടനാഴി, പ്രത്യേക ഓഫീസുകൾ, കമ്മിറ്റി മുറികൾ, മാധ്യമ പ്രവർത്തകർക്കുള്ള മുറികൾ, ലൈബ്രറി, ചേംബറുകൾ- ഇതെല്ലം ഉൾപ്പെടെ രാഷ്ട്രത്തിന്റെ ഭാഗധേയം തീരുമാനിക്കുന്ന അധികാരത്തിന്റെ സോപാനമായ ഒരിടം അതിബൃഹത്തായിരിക്കണം. അതിന്റെ രൂപഘടന അധികാര രാഷ്ട്രീയത്തെ സവിശേഷമാക്കുന്നു. ഭയഭക്തി ആദരവോടെ ജനത അതിനെ നോക്കിക്കാണണം, അതിൽനിന്ന് തങ്ങളുടെ അന്യത്വവും അതേസമയം തങ്ങളുടെ പ്രതിനിധാനവും രാഷ്ട്രജനത ഉൾക്കൊള്ളണം. അതുകൊണ്ട്, കെട്ടിടസമുച്ചയത്തിന്റെ ഗാംഭീര്യം അധികാര രാഷ്രീയത്തിന്റെ നേർകാഴ്ചയാണ്.

പുതുതായി പണികഴിപ്പിക്കാനിരിക്കുന്ന സെൻട്രൽ വിസ്റ്റയുടെ ഡിസൈൻ/ photo: HCP Designs

സ്ഥലത്തെ പ്രത്യക്ഷമാക്കിയും അതേസമയം, കാലത്തെ നിശ്ചലമാക്കിയും നിയന്ത്രണവിധേയമാക്കുന്നു വാസ്തുശിൽപ സൃഷ്ടികൾ. വൻകെട്ടിടങ്ങൾ ഒരിക്കലും വിനയത്തിന്റെ സ്വഭാവം പ്രകടിപ്പിക്കുന്നതല്ല. നിർമിതികൾ അനശ്വരത കാംക്ഷിക്കുന്നതുതന്നെ സ്ഥലത്തിൽ അത് സൃഷ്ടിക്കേണ്ട നിശ്ചല ഫ്‌ളോട്ടുകളുടെ കൊറിയോഗ്രാഫിക് പ്രദർശനത്തിലൂടെയാണ്. പ്രത്യക്ഷ അധികാരത്തിന്റെ പ്രതീകങ്ങളായ കെട്ടിട സമുച്ഛയങ്ങൾ മാത്രമല്ല, പണവും പ്രതാപവും ശക്തിയും വിളിച്ചോതുന്ന പടുകൂറ്റൻ ഭവനങ്ങളും സമാന നിർമിതികളുമൊക്കെ ചെയ്യുന്ന പ്രവൃത്തി ഇതുതന്നെയാണ്. പ്രയോഗികതയല്ല വാസ്തവത്തിൽ വാസ്തുശിൽപ നിർമാണത്തിന്റെ ഘടകം, തീർച്ചയായും സൗന്ദര്യമാണ്. സൗന്ദര്യം എന്നത് ഒരു നിക്ഷേപമാണ്. അത് വെറും കലാവിഷ്‌ക്കാരമല്ല. മൂലധനവും മനുഷ്യവിഭവശേഷിയും സമയത്തിന്റെ ഉപയോഗവും എല്ലാം ചേരുന്ന ഒരു പ്രക്രിയയാണത്. അധികാരവുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. വിഭവങ്ങൾ സ്വരൂപിക്കുന്നത് അധികാരത്തിന്റെ സ്വാധീനതകൊണ്ടാണ്. അതല്ലാതെ അത് സാധ്യമാവുകയില്ല. പക്ഷെ, പലപ്പോഴും കെട്ടിട സമുച്ചയങ്ങൾ - അത് പൊതുവായിക്കോട്ടെ, സ്വകാര്യമായിക്കോട്ടെ- അതിന്റെ സൗന്ദര്യപ്രതീതിയിൽ മറച്ചുവെയ്ക്കുന്നത് ഇതാണ്. വാസ്തുവിദ്യക്ക് അത് മറച്ചുപിടിക്കാൻ സാധിക്കുന്നത് അത് സവിശേഷമായ രീതിയിൽ ലോകത്തെ ഫ്രെയിം ചെയ്യുന്നു എന്നതുകൊണ്ടാണ്. ഓരോ നിർമിതിയും അതിനാസ്പദമായ ലോകത്തെയാണ് അനാവരണം ചെയ്യുന്നത്.

ഇതുപോലെത്തന്നെ, സെക്യുലർ സംസ്‌കാരത്തിൽ കെട്ടിട സമുച്ചങ്ങൾ നിയമത്തിന്റെ അടിസ്ഥാനത്തിൽ (പൊതു) ഇടങ്ങളെ തന്നെ വിശുദ്ധമാക്കി പ്രഖ്യാപിക്കുന്നു. വിശുദ്ധമാകുന്നതോടെ അത് ജനതയിൽ നിന്ന് അന്യാധീനപ്പെടുന്നു, പിന്നീട് ഭയത്തോടെയും ആദരവോടെയും മാത്രമാണ് ഇടങ്ങളെ സമീപിക്കാൻ പാടുളളൂ. സെക്യുലർ വിശുദ്ധീകരണം മിക്കവാറും നിർമിതികളെ പ്രത്യേക മണ്ഡലമാക്കുന്നു. മിക്കവാറും രാഷ്ട്രത്തിന്റെ വൻനിർമിതികളെല്ലാം ജനതയെ അകറ്റി നിർത്താനും അവർക്ക് ആദരവോടെ മാത്രം നോക്കിക്കാണാനുമുള്ളതാകുന്നു. ഷുഡ്ജിക് നീരിക്ഷിക്കുന്നതു പോലെ എല്ലാ വാസ്തുവിദ്യയുടെയും ഉത്ഭവം വിശുദ്ധമായ ഇടമെന്ന സങ്കൽപത്തിൽ നിന്നാണ്. "വാസ്തു' നോക്കുന്നതും ഗണിക്കുന്നതുമൊക്കെ ഈ അടിസ്ഥാന പ്രവണതയുടെ തുടർച്ചയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പൂജയോടെയാണ് സെൻട്രൽ വിസ്റ്റയുടേയും, രാമക്ഷേത്രത്തിൻറേയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് / photo: PMO twitter handle

ഏതായാലും പുത്തൻ നിർമിതികളുടെ അടിത്തറ മുതലുള്ള പണികൾ ആരംഭിച്ചിരിക്കുന്നത് പൂജാദികർമങ്ങളോടെയാണ്. അധികാര ഛന്ദസ്സ് വിടർത്തും കെട്ടിടത്തിന്റെ പുളകിത ഗാത്രത്തിൽ പ്രത്യക്ഷീഭവിച്ചിരിക്കുന്നത് അധികാരക്കളരിയിൽ അഭ്യസിച്ച് മെയ്‌വഴക്കമുണ്ടാക്കിയ ജർമൻ അധിപതിയുടെ വിരാട് രൂപം തന്നെ. നമോ നമിക്കാം, നമിക്കാതിരിക്കാം, അത് നിങ്ങളുടെ ഇഷ്ടം. പക്ഷെ കണ്ടില്ല എന്ന് നടിക്കാനാവില്ല.

ഡേയാൻ ഷുഡ്ജികിന്റെ The Edifice Complex; the Architecture of Power എന്ന പുസ്തകത്തിൽ നിന്ന് ചില ഭാഗങ്ങൾ:
‘‘കെട്ടിടം എന്ന് പറയുന്നത് നിവാസത്തിനായി ഉണ്ടാക്കിവെച്ച ഒരു പ്രായോഗിക സംവിധാനമോ ഭരണകൂടം നിർമിച്ചുവെച്ചിരിക്കുന്ന ആധുനികമായ അടിസ്ഥാന സൗകര്യമോ മാത്രമല്ല. പ്രായോഗികമായ ഒരാവശ്യത്തിന് നിർമിച്ചതാണെങ്കിലും, അത് മനുഷ്യമനസ്സിന്റെ ഏറ്റവും കരുത്താർന്നതും അസാധാരണവുമായ പ്രകടനമാകുന്നു. ഏറ്റവും വ്യക്തിഗത തലത്തിലും അതിനേക്കാളുപരി മറ്റു തലങ്ങളിലും അത് പ്രസക്തമാകുന്നു. എടുപ്പുകൾ വ്യക്തിഗത ഈഗോയെ ഒരു ഭൂവിസ്തൃതിയുടെയോ നാഗത്തിന്റെയോ രാഷ്ട്രത്തിന്റെ തന്നെയോ തലത്തിലേക്ക് ഉദ്ധതമാക്കുന്നു.

നിർമിച്ചവരുടെ അഭിലാഷം, ആർത്തി, അരക്ഷതിത്വം, പ്രചോദനം എന്നതിനെയൊക്കെ അത് ദൃശ്യപ്പെടുത്തുന്നു. എന്തുകൊണ്ടെന്നാൽ, അതിന് ഹേതുവായി അധികാരം കൈയാളുന്നവരുടെ പ്രകൃതം, തന്ത്രങ്ങൾ, ആശ്വാസങ്ങൾ, ആഘാതം എല്ലാത്തിനെയും അത് കൃത്യമായി തന്നെ പ്രതിഫലിപ്പിക്കുന്നു.
വാസ്തുവിദ്യക്ക് കഴിയുന്നതുപോലെ മറ്റൊരു സാംസ്‌കാരിക രൂപത്തിനും ഈ കൃത്യത ആവിഷ്‌കരിക്കാനാകില്ല. അത് സമഗ്രാധികാരിയുടെ ഉഛ്വാസ നിശ്വാസങ്ങളെ വിസ്തൃതമാക്കുകയും ജനതയെ ഒന്നടങ്കം അതിനു മുമ്പിലേക്ക് കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു. വാസ്തുശിൽപത്തിന്റെ സാംസ്‌കാരിക രൂപം ഏറ്റവും പ്രഥമവും ശക്തവുമായ ബഹുജന സംവേദന ഉപാധിയാണ്. അതുകൊണ്ടാണ് പല ഏകാധിപത്യ രാഷ്ട്രീയ വ്യവസ്ഥയിലും വാസ്തുവിദ്യ തഴച്ചുവളർന്നത്. ശക്തരായ അധിപന്മാർക്ക് തങ്ങളുടെ പ്രതാപത്തിന്റെ അടയാളമായി എടുപ്പുകളെ ഉദാഹരിക്കാൻ പ്രത്യേക താൽപര്യം തന്നെയുണ്ട്. അതിനു ചിന്താപരവും ഭൗതികവുമായ മാനങ്ങളുണ്ട്.

അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് പണി കഴിപ്പിക്കാനിരിക്കുന്ന രാമക്ഷേത്രത്തിൻറെ ഡിസൈൻ.

ഇരുപതാം നൂറ്റാണ്ടിൽ അധികാരത്തിൽ അവരോധിക്കപ്പെട്ട ഒരു സമഗ്രാധികാരി പോലും ഇതിൽ ഉപേക്ഷ കാണിച്ചിട്ടില്ല എന്നുമാത്രമല്ല, അതിയായ താൽപര്യം പ്രദർശിപ്പിച്ചിട്ടുമുണ്ട്. കെട്ടിട നിർമാണത്തെ പ്രചാരണായുധമായി അവർ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്- ഹിറ്റ്‌ലർ, മുസോളനി, സ്റ്റാലിൻ, മാവോ, കിം ഉൽ സുങ് തുടങ്ങിയവർ. ഹിറ്റ്‌ലറെ സംബന്ധിച്ച് വാസ്തുശിൽപം എന്നത് നാസി ഭരണകൂടത്തിന്റെ ആവിഷ്‌ക്കാരത്തിനായുള്ള ഉപാധി മാത്രമായിരുന്നില്ല. പകരം അയാളുടെ വാസ്തുവിദ്യാപരമായ അഭീഷ്ടങ്ങളെ ആവിഷ്‌ക്കരിക്കാനുള്ള ഉപാധിയായിരുന്നു നാസി അധികാരം.'' ▮


ദാമോദർ പ്രസാദ്

എജ്യുക്കേഷണൽ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. മലയാളത്തിലും ചിലപ്പോൾ ഇംഗ്ലീഷിലും എഴുതുന്നു.

Comments