കഴിഞ്ഞ മാസം വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് അബ്ദുൾ നസീറിനെ ആന്ധ്ര പ്രദേശ് ഗവർണറാക്കി നിയമിച്ചുകൊണ്ട് ബി.ജെ.പി കേന്ദ്ര സർക്കാർ ഭരണഘടനാ കോടതിയെ എങ്ങനെയാണ് ഉള്ളിൽ നിന്നും തകർക്കുന്നത് എന്നതിലേക്ക് കൂടുതൽ അടുക്കുകയാണ് 2023 ജനുവരി 4- നു വിരമിച്ച ജസ്റ്റിസ് നസീറിനെ ഗവർണറാക്കുമ്പോൾ അയോധ്യ തർക്കത്തിൽ നൽകിയ സംഘപരിവാർ അനുകൂല വിധി അതിന്റെ മാനദണ്ഡമായിരിക്കാം എന്ന സന്ദേഹമുയർന്നാൽ കുറ്റം പറയാനാകില്ല.
തങ്ങൾക്കനുകൂലമായി നിൽക്കുന്നവരെ സംരക്ഷിക്കുകയും പരിഗണിക്കുകയും ചെയ്യുമെന്ന സന്ദേശം കേന്ദ്ര സർക്കാർ നൽകുന്നുണ്ട്. നേരത്തെ വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സദാശിവത്തെ കേരള ഗവർണറാക്കി മോദി സർക്കാർ നിയമിച്ചതും ഇത്തരത്തിലൊരു quid pro quo യുടെ ഭാഗമായിട്ടായിരുന്നു. തുൾസി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കൊലപാതക കേസിൽ അമിത് ഷാക്കെതിരായ രണ്ടാം FIR റദ്ദാക്കിയത് ജസ്റ്റിസ് സദാശിവമായിരുന്നു. സുപ്രീം കോടതി ജസ്റ്റിസ് പദവിയിലിരിക്കെ നരേന്ദ്ര മോദിയുടെ വാഴ്ത്തുപാട്ട് പാടിയ ജസ്റ്റിസ് അരുൺ മിശ്രയാണ് ഇപ്പോൾ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ. രാഷ്ട്രീയ പ്രാധാന്യമുള്ളതും കേന്ദ്ര സർക്കാരും ബി.ജെ.പിയും പ്രതിസന്ധിയിൽ വരുന്നതുമായ കേസുകളിൽ ജസ്റ്റിസ് മിശ്രയുടെ വിധികൾ മിക്കപ്പോഴും സർക്കാരിനും ബി.ജെ.പിക്കും അനുകൂലമായി വന്നിരുന്നത് യാദൃച്ഛികമായിരുന്നില്ല എന്നുവേണം കരുതാൻ. അദാനി കക്ഷിയായ കേസുകൾ ക്രമം മറികടന്ന് പരിഗണിക്കുകയും അദാനിക്ക് അനുകൂലമായ വിധി നൽകുകയും ചെയ്തതും ജസ്റ്റിസ് മിശ്രയാണ്. ഏഴു കേസുകളിൽ അദാനിക്കനുകൂലമായി മിശ്ര വിധി നൽകി. സഹാറ-ബിർള ഡയറി കോഴക്കേസിൽ കോഴ വാങ്ങിയെന്ന് ഡയറിയിൽ പേരുണ്ടായിരുന്ന നരേന്ദ്ര മോദിയെ രക്ഷിച്ച വിധിയും മിശ്രയുടേതായിരുന്നു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ കോടതി ജീവനക്കാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിട്ട രഞ്ജൻ ഗോഗോയ് തുടർന്നുള്ള തന്റെ ഔദ്യോഗിക കാലം മുഴുവൻ മോദി സർക്കാരിനുവേണ്ടി വിധികളെഴുതിയ ഗുമസ്തൻ മാത്രമായി മാറി. വിരമിച്ച ശേഷം അയാളെ രാജ്യസഭ അംഗമാക്കി ബി.ജെ.പി ഉപഹാരവും നൽകി.
സുപ്രീം കോടതി ന്യായാധിപന്മാർക്ക് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ ഏർപ്പെടുത്തുന്ന കേന്ദ്ര സർക്കാർ പദ്ധതികൾക്ക് ഏതാണ്ട് സ്വതന്ത്ര ഇന്ത്യയോളം പഴക്കമുണ്ട്. എന്നാൽ അതിന് ജുഡീഷ്യറിയെ മൊത്തമായി വിഴുങ്ങുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ചരിത്രസ്വഭാവം ഉണ്ടായിരുന്നില്ല എന്നത് വസ്തുതയാണ്.
പരമോന്നത ഭരണഘടനാ കോടതിയുമായും അതിന്റെ സ്വതന്ത്രാധികാരങ്ങളുമായുമുള്ള എക്സിക്യൂട്ടീവിന്റെ/സർക്കാരിന്റെ ഏറ്റുമുട്ടൽ അക്കാലങ്ങളിൽത്തന്നെ കോടതി വ്യവഹാരങ്ങൾക്ക് പുറത്തുള്ള നടപടികളിലേക്ക് കടക്കാനുള്ള സൂചനകളും നൽകി. റൊമേഷ് ഥാപ്പർ, ബ്രിജ് ഭൂഷൺ കേസുകളിൽ കേന്ദ്ര സർക്കാരിനെതിരായി ഭൂരിപക്ഷ വിധിയെഴുതിയത് ജസ്റ്റിസ് പതഞ്‌ജലി ശാസ്ത്രിയായിരുന്നു. ഏക വിയോജന വിധിയെഴുതിയത് ജസ്റ്റിസ് എസ്. ഫസൽ അലിയും. അടുത്ത ചീഫ് ജസ്റ്റിസിനെ നിയമിക്കേണ്ട ഘട്ടത്തിൽ പട്ടികയിൽ ഒന്നാമതുള്ള പതഞ്‌ജലി ശാസ്ത്രിയെ നിയമിക്കാൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു വിമുഖത പ്രകടിപ്പിച്ചു. ഇതേത്തുടർന്ന് ജസ്റ്റിസ് പതഞ്‌ജലി ശാസ്ത്രിയെ നിയമിച്ചില്ലെങ്കിൽ തങ്ങളൊന്നടങ്കം രാജിവെക്കുമെന്ന് മറ്റ് ന്യായാധിപന്മാർ സൂചന നൽകിയതോടെയാണ് ജസ്റ്റിസ് പതഞ്‌ജലി ശാസ്ത്രി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെട്ടത്. ന്യായാധിപ നിയമനത്തിൽ കേന്ദ്ര സർക്കാരിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനും കോടതിയുടെ സ്വതന്ത്ര സ്വഭാവത്തെ നിയന്ത്രിക്കാനുമുള്ള സംഘർഷങ്ങൾ അന്ന് മുതലേ ആരംഭിച്ചു.
വിയോജന വിധി പുറപ്പെടുവിച്ച ജസ്റ്റിസ് അലിയെ നെഹ്‌റു സർക്കാർ ഒഡിഷ ഗവർണറാക്കി, സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അധ്യക്ഷനാക്കി, പദ്മവിഭൂഷൺ നൽകി, അസം ഗവർണറാക്കി. സുപ്രീം കോടതി ന്യായാധിപ പദവി രാജിവെച്ചാണ് ജസ്റ്റിസ് അലി ഒഡിഷ ഗവർണറായി പോയത്.
ഭരണഘടനയുടെ സ്വാതന്ത്ര്യപ്രഖ്യാപനം എന്നുവിളിക്കാവുന്ന കേശവാനന്ദ വിധി വന്നതിനു തൊട്ടുപിറ്റേന്ന് ഇന്ദിരാഗാന്ധി സർക്കാർ 1973 ഏപ്രിൽ 25-നു പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമനം പ്രഖ്യാപിച്ചു. അടിസ്ഥാന ഘടന വിധിയെഴുതിയ ഏഴ് ഭൂരിപക്ഷ ന്യായാധിപന്മാരുടെ കൂട്ടത്തിലുള്ള ജസ്റ്റിസുമാരായ ജെ.എസ്. ഷെലാത്, എ.എൻ. ഗ്രോവർ, കെ.എസ്.ഹെഗ്‌ഡെ എന്നിവരെ മറികടന്നുകൊണ്ട് ന്യൂനപക്ഷ വിധിയെഴുതിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന ജസ്റ്റിസ് എ.എൻ.റേ-യെ ഇന്ദിരാഗാന്ധി സർക്കാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഒഴിവാക്കപ്പെട്ട മൂന്നു ജസ്റ്റിസുമാരും പിന്നീട് രാജിവെച്ചു.
എ.ഡി.എം. ജബൽപൂർ vs ശിവകാന്ത് ശുക്ല (1976) കേസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ അന്യായ തടങ്കലുകളടക്കം ചോദ്യം ചെയ്യാനുള്ള പൗരന്മാരുടെ എല്ലാ മൗലികാവകാശങ്ങളും ഭരണകൂടത്തിന് എങ്ങനെവേണമെങ്കിലും റദ്ദാക്കാമെന്നും അത് കോടതിയിൽ ചോദ്യം ചെയ്യാനാകില്ലെന്നുമുള്ള സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ജനാധിപത്യ വിരുദ്ധമായ വിധികളിലൊന്ന് സുപ്രീം കോടതി പുറപ്പെടുവിച്ചു. അടുത്ത ചീഫ് ജസ്റ്റിസിനെ നിയമിക്കേണ്ട ഘട്ടം വന്നപ്പോൾ എ ഡി എം ജബൽപൂർ കേസിൽ പൗരാവകാശങ്ങൾ സംരക്ഷിക്കുന്ന വിയോജന വിധി രേഖപ്പെടുത്തിയ ഏക ന്യായാധിപനായ എച്ച് ആർ ഖന്നയെ മറികടന്നുകൊണ്ട് പിറകിലുള്ള എം എച്ച് ബേഗിനെ ചീഫ് ജസ്റ്റിസായി നിയമിച്ചു. ഖന്ന രാജിവെച്ചു. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ ഏറ്റവും ധീരമായ വിയോജനവിധിയുടെ പേരിൽ, ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും ഓരോ നീതിന്യായ പോരാട്ടത്തിലും ജസ്റ്റിസ് ഖന്ന ഓർമ്മിക്കപ്പെടുന്നു.
1984 ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചു അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സുപ്രീം കോടതി ജസ്റ്റിസ് രംഗനാഥ് മിശ്ര കോൺഗ്രസ് പാർട്ടിക്കും കേന്ദ്ര സർക്കാരിനും അനുകൂലമായി റിപ്പോർട്ടുണ്ടാക്കി. ചീഫ് ജസ്റ്റിസായി വിരമിച്ചതിനു ശേഷം മിശ്ര മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി, കോൺഗ്രസിന്റെ രാജ്യസഭ അംഗമായി, ഭാഷ മത ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായി, SC/ST കമ്മീഷൻ അധ്യക്ഷനായി. കഴുത്തിൽ ടയറുകെട്ടി കത്തിച്ചുകൊല്ലപ്പെട്ട സിഖുകാരെ ആരോർക്കാൻ !
ഗുജറാത്ത് മുസ്‌ലിം വിരുദ്ധ വംശഹത്യയിൽ നരേന്ദ്ര മോദിക്ക് കുറ്റവിമുക്തി നൽകിയ പ്രത്യേക അന്വേഷണ സംഘം തലവൻ മുൻ സി.ബി.ഐ ഡയറക്ടർ രാഘവനെ മോദി സൈപ്രസിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാക്കിയത് മറ്റൊരു ഭാഗം.
ജുഡീഷ്യറിയുടെ ഭരണഘടനാപരമായ സ്വതന്ത്ര സ്വഭാവം രണ്ടുതരത്തിലാണ് വെല്ലുവിളികൾ നേരിടുന്നത്. ഒന്ന്, ന്യായാധിപന്മാരുടെ നിയമനമടക്കം തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള മോദി സർക്കാരിന്റെയും സംഘ്പരിവാറിന്റെയും നിരന്തരമായ ശ്രമങ്ങൾ. രണ്ട്, ജുഡീഷ്യറിക്കുള്ളിൽത്തന്നെ തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള വഴികൾ കണ്ടെത്തൽ. സദാശിവവും രഞ്ജൻ ഗോഗോയും അരുൺ മിശ്രയും ഏറ്റവുമൊടുവിൽ അബ്ദുൾ നസീറുമൊക്കെ ഇപ്പറഞ്ഞ രണ്ടാമത്തെ ഗണത്തിൽപ്പെട്ടവരാണ്. ഭരണഘടനാ കോടതിയുടെ ഉള്ളിൽ നിന്നും പുറത്തിറങ്ങിയപ്പോൾ പെരുമഴയിൽ നനഞ്ഞുപോയ നീലക്കുറുക്കന്മാർ. മോദി സർക്കാരിന്റെ ദർബാറിൽ അവർ അശ്ലീലമായ വിധേയത്തത്തോടെ കൂവുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു.