ബിനോയ് വിശ്വം

കേരളത്തിൽ,
ഞങ്ങൾ ഗ്യാരണ്ടിയാണ്,
കോൺഗ്രസോ?

അയോധ്യയിലെ രാമക്ഷേത്രത്തെ മുൻനിർത്തി, ലോക്സഭാ തെരഞ്ഞെടുപ്പിനുവേണ്ടി ബി.ജെ.പിയും ആർ.എസ്.എസും നടത്തുന്ന പൊളിറ്റിക്കൽ എഞ്ചിനീയറിങ്ങിന്റെ അപകടങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

മനില സി. മോഹൻ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാപനം, സ്വതന്ത്ര്യ മതേതര റിപ്പബ്ളിക് എന്ന ഇന്ത്യയുടെ ഭരണഘടനാ നിർവചനത്തെ, വ്യാഖ്യാനത്തെ ഇല്ലാതാക്കി എന്ന് പറയേണ്ടിവരും. സെക്യുലറായി നിൽക്കുന്ന മനുഷ്യർക്കു മുഴുവൻ നിരാശ തോന്നുന്ന ചരിത്ര സന്ദർഭം കൂടിയാണിത്. സംഘപരിവാർ ഇന്ത്യയെ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നാണ് കരുതുന്നത്? ഹിന്ദുത്വ പ്രത്യയശാസ്ത്രം എത്രത്തോളം വിനാശകരമായി ഇന്ത്യൻ സാമൂഹ്യ രാഷ്ട്രീയ ശരീരത്തിൽ പടർന്നിട്ടുണ്ട്?

ബിനോയ് വിശ്വം: ഇത് ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ഒരു യാത്രയുടെ നാഴികക്കല്ലാണ് എന്ന് അവർ പറഞ്ഞുകഴിഞ്ഞല്ലോ. ഇതുവരെ ഇതൊരു ഹിഡൻ അജണ്ടയായിരുന്നു, വലതുപക്ഷ രാഷ്ട്രീയത്തിന്റെ തള്ളിക്കയറ്റത്തിന്റെ ഈ ഘട്ടത്തിൽ എല്ലാ മറയും മാറ്റി അവർ പറഞ്ഞുകഴിഞ്ഞു, രാമരാഷ്ട്രനിർമിതിയിലേക്കുള്ള യാത്രയാണിത് എന്ന്.

1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്ത ദിവസം മുഴക്കിയ മുദ്രാവാക്യമാണിത്; ‘ഹം ഐസേ ബനാംയേംഗേ ഹിന്ദു രാഷ്ട്ര’. ഹിന്ദു രാഷ്ട്രത്തിന്റെ നിർമാണരീതിയാണ് അന്ന് അവർ വ്യക്തമാക്കിയത്. സഹോദരമതത്തിലെ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാകേന്ദ്രത്തിന്റെ അടിക്കല്ലുവരെ ഇളക്കിയെറിഞ്ഞാണ് ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നത്. അത് വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാൽ, മതേതര ഇന്ത്യക്കും നമ്മൾ പറയുന്ന മതേതരബോധത്തിനും ഈ ആപത്ത് വേണ്ടത്ര ഗൗരവത്തിൽ അന്ന് തിരിച്ചറിയാനായില്ല. ഇനിയും വൈകിയാൽ നമുക്ക് ജർമനിയുടെ പാഠങ്ങൾ വീണ്ടും കാണേണ്ടിവരും.

ജർമനിയിലെ നാസി കോൺസെൻട്രേഷൻ ക്യാമ്പിലെ തടവുകാർ

സംഘ്പരിവാർ ഫാഷിസത്തെക്കുറിച്ചുപറയുമ്പോൾ ജർമനിയിലെയും ഇറ്റലിയിലെയും ഫാഷിസത്തെ പലപ്പോഴും താരതമ്യപ്പെടുത്താറുണ്ട്. പക്ഷെ, അവിടങ്ങളിലേത് ഒരു ഷോർട്ട് ടേം പദ്ധതിയും ഇവിടുത്തേത് ഒരു ദീർഘകാല പദ്ധതിയുമാണ്. അതുകൊണ്ട്, അത്തരമൊരു താരതമ്യം, ഇവിടുത്തെ സാഹചര്യത്തെ കുറച്ചുകാണുന്നതായി തോന്നുന്നില്ലേ?

ജർമനിയിലെയും ഇറ്റലിയിലെയും ഫാഷിസങ്ങൾ ഷോർട്ട് ടേം ആയത്, അവക്കെതിരായ ശക്തികൾ അവയെ തകർക്കുന്നയിൽ വിജയിച്ചതുകൊണ്ടാണ്. അല്ലെങ്കിൽ മുസോളിനിയുടെതും ഹിറ്റ്ലറുടെതും ദീർഘകാല പദ്ധതികളായി മാറുമായിരുന്നു. അന്നത്തെ ലോകത്ത് സോവിയറ്റ് യൂണിയനും വേറൊരു സഖ്യവുമുണ്ടായിരുന്നു. അതുകൊണ്ട്, ആ പ്ലാനുകൾ ഷോർട്ട് ടേം ആയി മാറി. അങ്ങനെയൊരു ശക്തിയുണ്ടെങ്കിൽ ഇവിടെയും ഷോർട്ട് ടേം ആയിപ്പോകും.

അന്ന് അവർ മുഴക്കിയ മുദ്രാവാക്യം ഇന്ന് വീണ്ടും കേൾക്കുന്നുണ്ടല്ലോ; ‘കാശി, മഥുര ബാക്കി ഹേ’. കാശി ആരംഭിച്ചുകഴിഞ്ഞു. മഥുര തുടങ്ങും. അവരുടെ തിയറി പ്രകാരം, അമ്പലങ്ങൾ പൊളിച്ച് പണിതതായി അവർ കാണുന്ന 3000 പള്ളികളുണ്ട്. വിശ്വാസത്തിന്റെ പ്രശ്‌നമാണ്, അവിടെ തെളിവിൽ കാര്യമില്ല എന്നാണ് അവർ പറയുന്നത്. രാം ലല്ല സ്വയംഭൂവായി പൊന്തിവരികയാണ്, അതിന് തെളിവൊന്നുമില്ല. ത്രേതായുഗത്തിൽ എവിടെയാണ് ശ്രീരാമന്റെ അമ്മ ശ്രീരാമനെ പ്രസവിച്ചത്? ഇതാണോ ആ സ്ഥലം എന്നു ചോദിച്ചാൽ, വിശ്വാസമാണ്, തെളിവ് ചോദിക്കരുത് എന്നാണ് അവർ പറയുന്നത്. പിന്നെ ചർച്ചയില്ല.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ

ബൗദ്ധിക സംവാദത്തിന്റെയോ യുക്തിബോധത്തിന്റെയോ സാമാന്യബോധത്തിന്റെയോ എല്ലാ വാതിലും കൊട്ടിയടച്ച് അന്നേ ഫാഷിസത്തിന്റെ രീതിശാസ്ത്രവും പ്രവർത്തനരീതികളും തുടങ്ങിവച്ചതാണ്. അതിന്റെ ഒരു ഘട്ടം പൂർത്തിയായിരിക്കുകയാണിപ്പോൾ. ശരിക്കു പറഞ്ഞാൽജർമൻ ഫാഷിസത്തിന്റെ ഇന്ത്യൻ പതിപ്പാണിത്. ദേശ-കാല വ്യത്യാസത്തോടുകൂടി ഹിറ്റ്ലറുടെ പാഠങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയാണ്. നരേന്ദ്രമോദിയെ ശ്രദ്ധിച്ചാൽ, ഹിറ്റ്ലറുമായുള്ള സാമ്യം വ്യക്തമാകും. ആ രീതി, ശൈലി, ഞാൻ എന്ന പറച്ചിൽ, ഇതര ആശയങ്ങളോടുള്ള വിരോധം ഇതെല്ലാം മോദിയിലും കാണാം. ഹിറ്റലർ പ്രസംഗിച്ചിരുന്നത് പാവങ്ങളെക്കുറിച്ചും തൊഴിലില്ലായ്മയെപ്പറ്റിയും വിലക്കയറ്റത്തെക്കുറിച്ചുമാണ്. ഇതൊക്കെ പ്രസംഗിക്കാനുള്ള രാഷ്ട്രീയമായ വേദിയൊരുക്കിയത് അന്നത്തെ വലിയ ജർമൻ കുത്തകകളായിരുന്നു. മുതലാളിത്തത്തിന്റെ പ്രതിസന്ധിയിൽനിന്ന് വളർച്ച പ്രാപിക്കാൻ ശ്രമിച്ച ജർമൻ കുത്തകകളാണ് ഹിറ്റ്‌ലറെ ഉണ്ടാക്കിയെടുത്തത്. എന്തൊക്കെ അന്ന് അവിടെ ചെയ്തുവോ, അതെല്ലാം ഇന്ന് ഇവിടെയും ചെയ്യുകയാണ്. 'മെയിൻ കാഫും' 'ബഞ്ച് ഓഫ് തോട്ട്‌സും' തമ്മിലുള്ള സാദൃശ്യം നോക്കുക. അതും വ്യക്തമായി പഠിക്കണം. 'മെയിൻ കാംഫി'ൽ ഹിറ്റ്‌ലർ കൃത്യമായി പറഞ്ഞു; ജർമനിക്ക് ശത്രുക്കൾ മൂന്നു കൂട്ടരാണ് എന്ന്. ഒന്നാമത്തെ ശത്രു ജൂതർ. രണ്ട്, ക്രിസ്ത്യാനികൾ. മൂന്ന്, കമ്യൂണിസ്റ്റുകാർ. 'ബഞ്ച് ഓഫ് തോട്ട്‌സി'ൽ ഗോൾവാൾക്കർ പറഞ്ഞത്: ഒന്നാം ശത്രു മുസ്‌ലിംകൾ, രണ്ട്, ക്രിസ്ത്യാനികൾ, മൂന്ന്, കമ്യൂണിസ്റ്റുകാർ.

നരേന്ദ്ര മോദി, അഡോള്‍ഫ് ഹിറ്റ്ലര്‍

അതുകൊണ്ട് ജർമൻ ഫാഷിസത്തിന്റെ ഇന്ത്യൻ അനുകരണമാണ് ഹിന്ദു ഫാഷിസം. പേരിൽ മാത്രമേ, ഹിന്ദു മതവുമായി അതിന് സാമ്യമുള്ളൂ. അങ്ങനെ നോക്കിയാൽ ബി.ജെ.പിയും ആർ.എസ്.എസും ദേശീയമല്ല, വൈദേശികമാണ്. ഒരു വിദേശ ആശയത്തിന്റെ പുറത്താണ് ഇവ കെട്ടിപ്പടുക്കപ്പെട്ടത്. ജർമനിയിലേക്കു നോക്കൂ, വംശാഭിമാനം അതിന്റെ ഉത്തുംഗാവസ്ഥ പ്രാപിച്ച മാതൃകാഭൂമിയാണ് ജർമനി എന്നാണ് 'ബഞ്ച് ഓഫ് തോട്ട്‌സി'ൽ ഗോൾവാൾക്കർ ശക്തിപൂർവം പറഞ്ഞത്. ജർമനിയുടെ അനുഭവത്തിൽനിന്ന് ഹിന്ദുസ്ഥാന് വിലപ്പെട്ട പാഠങ്ങൾ പഠിക്കാനുണ്ട്. അത് എന്താണെന്നു വച്ചാൽ, വ്യത്യസ്ത സംസ്കാരങ്ങൾക്ക് ഒരുമിച്ച് ജീവിക്കൽ സാധ്യമല്ല. അന്നേ പറഞ്ഞതാണിത്. അതിനുള്ള അവസരം കിട്ടാൻ കാത്തിരിക്കുകയായിരുന്നു. അവരെ ചെറുക്കാൻ ഒട്ടും കാത്തിരിക്കാൻ പാടില്ല.

മതം, രാഷ്ട്രീയാധികാരം, മൂലധനാധികാരം എന്നിവയുടെ ആനുപാതിക സങ്കലനമാണ് സംഘപരിവാർ ഫോർമുല. ഇതിന് ഒരു ബദൽ ഫോർമുല എങ്ങനെ സാധ്യമാക്കാക്കാം എന്നാണ് കരുതുന്നത്. കാരണം, ഇടതുപക്ഷ പാർട്ടികളെ ഒഴിച്ചുനിർത്തിയാൽ മതത്തോടും അധികാരത്തോടും മൂലധനത്തോടും സന്ധി ചെയ്യുന്നവരാണ് ഇവിടുത്തെ ഫെഡറൽ രാഷ്ട്രീയ പാർട്ടികൾ.

ഫാഷിസത്തിൽ രണ്ട് പ്രധാന ചേരുവകളുണ്ട്. അതിന്റെ സാമ്പത്തികാടിത്തറ, മൂലധനത്തോടുള്ള അതിന്റെ വിധേയത്വം, ബിഗ് കാപ്പിറ്റൽ. ദാർശനികാടിത്തറ വംശമേധാവിത്തമാണ്. അത് ഹിറ്റ്ലർക്കുണ്ട്, മോദിക്കുമുണ്ട്.

ഗോൾവാൾക്കർ

മതത്തിൽ ഭൂരിപക്ഷത്തിനുള്ള വിശ്വാസം ഒരു യാഥാർഥ്യമാണ്. അതുകൊണ്ട് എല്ലാ മതവിശ്വാസികളും നമ്മുടെ മറുഭാഗത്ത് നിൽക്കേണ്ടവരല്ല. കാരണം, വിശ്വാസമാണത്. ആ വിശ്വാസങ്ങളെ മാനിച്ചുകൊണ്ട് നമ്മൾ അവരോടു പറയണം, വിശ്വാസം വഴിമാറ്റിക്കൊണ്ടുപോകുകയാണ്. ദൈവത്തിന്റെ പേരു പറഞ്ഞ് വിശാസികളെ തെറ്റായ വഴിക്കു നയിക്കുന്നു. അവർ നയിക്കുന്ന വഴി ദൈവത്തിന്റെ വഴിയല്ല. മോദി പറയുന്ന രാമൻ യഥാർഥ രാമനല്ല. ഇവർ ഈ പറയുന്ന രാമൻ ഗാന്ധിയുടെ രാമനാണോ ഗാന്ധിയെ കൊന്ന ഗോഡ്‌സേയുടെ രാമനാണോ? ഗാന്ധിയുടെ രാമൻ, വാത്മീകിയുടെ രാമനാണ്, ആ രാമൻ അധികാരം വെടിഞ്ഞ രാമനാണ്. ആ രാമൻ സർവസംഗപരിത്യാഗിയായി കാട്ടിൽ ജീവിക്കാൻ പോയ രാമനാണ്. ഇവർ പറയുന്ന രാമൻ അധികാരത്തിനുവേണ്ടി ആർത്തി പൂണ്ട രാമനാണ്. ‘എനിക്ക് ആ പള്ളി പൊളിച്ച് അതേ സ്ഥലത്ത് അമ്പലം പണിതേ തീരൂ’ എന്ന് കൽപ്പിക്കുന്ന വില്ലാളിവീരനാണ് ഇവരുടെ രാമൻ. നിഷ്‌കളങ്കമായ വിശ്വാസങ്ങളുടെ മേൽ വലിയ കളങ്കം ചാർത്താനുള്ള നീക്കത്തിലാണ് അധികാരക്കൊതി പൂണ്ട ഈ സ്ഥൂലരാമന്മാരുടെ ശക്തികൾ എന്ന് വിശ്വാസികളെ പറഞ്ഞു ബോധ്യപ്പെടുത്തണം.

ഇത് മതത്തിന്റെ കാര്യം. പൊളിറ്റിക്കൽ ഇക്കോണമിയുടെ കാര്യത്തിൽ, മൂലധനാധികാരത്തിനെതിരെ ഒരു ബദൽ എങ്ങനെയാണ് രൂപപ്പെടുത്തുക.

ഹിറ്റ്‌ലറുടെ ജർമനിയിലുണ്ടായിരുന്ന സാമ്പത്തിക അടിത്തറ നോക്കിയാൽ മതി. അവിടുത്തെ ഏറ്റവും വലിയ കുത്തകകളായിരുന്നു ഹിറ്റ്‌ലറുടെ പാർട്ടിയുടെ സാമ്പത്തികാടിത്തറ. അദ്ദേഹത്തിന്റെ നയങ്ങളുടെ ലക്ഷ്യം അവർക്കുവേണ്ടിയുള്ള സഹായങ്ങളായിരുന്നു. ഇവിടെ അദാനിയുമായുള്ള ബന്ധം നോക്കുക, ബിഗ് കാപ്പിറ്റലുമായുള്ള ബന്ധം എല്ലാ തലങ്ങളിലുമുണ്ട്.

ഇത് പറയാൻ മറ്റു രാഷ്ട്രീയപാർട്ടികൾക്ക് കഴിയുന്നില്ലല്ലോ.

കമ്യൂണിസ്റ്റുകാർക്ക് പറയാം, പറഞ്ഞിട്ടുണ്ട്, ഇനിയും പറയും. ഏറ്റവും അമ്പരപ്പിക്കുന്ന തകർച്ചയുണ്ടായത് മീഡിയക്കാണ്. ഇന്ത്യൻ മീഡിയയെ മുഴുവൻ അവർ കൗശലത്തോടെയാണ് കൈക്കലാക്കിയത്. അഭിപ്രായഭിന്നതയുള്ള ശക്തികളെയെല്ലാം അവർക്ക് പാട്ടിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. പോസ്റ്റ് ട്രൂത്ത് എന്താണ് എന്ന് ഇപ്പോൾ ഇന്ത്യക്കറിയാം. അവിടെ ഇല്ലാത്തത് സത്യം മാത്രമാണ്.

ലാലാ ലജ്പത് റായ്

എനിക്ക് ഓർമ വരുന്നത്, 1920 ഒക്‌ടോബർ 31 ആണ്. എ.ഐ.ടി.യു.സിയുടെ സ്ഥാപകദിനമാണന്ന്. അതിന്റെ അധ്യക്ഷ വേദിയിലുണ്ടായിരുന്നത് ലാലാ ലജ്പത് റായിയാണ്. അദ്ദേഹമാണ് എ.ഐ.ടി.യു.സിയുടെ ആദ്യ പ്രസിഡന്റ്. അന്നത്തെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത്: ലോകത്ത് രണ്ടുതരം സത്യങ്ങൾ ഉണ്ട് എന്നാണ്. ഒന്ന്, തൊഴിലാളി സത്യം. രണ്ട്, മുതലാളിയുടെ സത്യം. ഇതിൽ നമ്മുടെ സംഘടന നിൽക്കാൻ പോകുന്നത്, തൊഴിലാളി സത്യത്തിനുവേണ്ടിയാണ്. അദ്ദേഹം അന്ന് പറഞ്ഞത് എത്ര ശരിയാണ്. നമ്മുടെ മാധ്യമങ്ങൾ ഇപ്പോൾ ജനങ്ങളുടെ സത്യത്തെയല്ല പ്രതിനീധികരിക്കുന്നത്. ജനങ്ങളെ പിഴിയുന്ന, വഞ്ചിക്കുന്ന സത്യത്തോടൊപ്പമായിക്കഴിഞ്ഞു മാധ്യമങ്ങൾ.

ഒരു ദീർഘകാല പദ്ധതിയിലൂടെ, അതിവിദഗ്ധമായ സോഷ്യൽ എഞ്ചിനീയറിങ്ങിലൂടെയാണ് സംഘപരിവാർ ഭരണകൂടാധികാരവും സാമൂഹികാധികാരവും നേടിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ, അപ്പോഴും എൻ.ഡി.എയ്ക്ക് വോട്ടുചെയ്യാത്തവരാണ് 60 ശതമാനവും. ഇന്ത്യൻ ജനാധിപത്യത്തിൽ നമ്മുടെ പ്രതീക്ഷ എന്താണ്?

ഒരു കാലത്ത് 37 ശതമാനമായിരുന്നു ബി.ജെ.പിയുടെ ദേശീയ വോട്ട് വിഹിതം. ഇത്തവണ, അയോധ്യയിലെ രാമനെ കാണിച്ചാൽ തന്നെയും എത്രകണ്ട് കൂടും? അവിടെയാണ് 'ഇന്ത്യ' മുന്നണിക്കുമുന്നിലുള്ള വെല്ലുവിളി. അത് കാണുകതന്നെ വേണം. പരാജയപ്പെടുത്താനാകാത്തവരല്ല അവർ. ഇക്കാര്യത്തിൽ വ്യക്തമായ ഒരു പൊളിറ്റിക്കൽ റോൾ എടുത്തവരാണ് കമ്യൂണിസ്റ്റുകാർ. സി.പി.ഐയാണ്, ഒരു ബദലിനെക്കുറിച്ച് ആദ്യമായി പറഞ്ഞ പാർട്ടി. 2015-ൽ ഞങ്ങൾ പറഞ്ഞു, മുഖ്യശത്രു ഫാഷിസ്റ്റായ ആർ.എസ്.എസ് നയിക്കുന്ന മോദി സർക്കാറാണ് എന്ന്. അവരെ തോൽപ്പിക്കാൻ, വ്യക്തമായ ലക്ഷ്യത്തോടെയുള്ള അലയൻസ് വേണം. അത് സെക്യുലറും ഡെമോക്രാറ്റിക്കും ലെഫ്റ്റ് പ്ലാറ്റ്‌ഫോമുമായിരിക്കണം. സി.പി.എം പോലും അന്ന് ഇതിനെ അങ്ങനെ ഉൾക്കൊള്ളാൻ കൂട്ടാക്കിയില്ല. തിരക്കിട്ട ഒരു രാഷ്ട്രീയ തീരുമാനമെന്ന് അന്ന് അതിനെ വിശേഷിപ്പിച്ചു. എന്നാൽ, അങ്ങനെയല്ലായിരുന്നു, ഞങ്ങളായിരുന്നു ശരി. ഞങ്ങളുടെ പരിമിതി ഞങ്ങശ്‍ക്കറിയാം. ആശയങ്ങളുടെ രംഗത്തും ആശയങ്ങളെ രാഷ്ട്രീയ സംവാദങ്ങളാക്കി മാറ്റുന്നതിലും ഞങ്ങളുടെ പങ്ക് വലുതാണ്. ഇക്കാര്യത്തിൽ സി.പി.ഐയും സി.പി.എമ്മും ഒരുമിച്ചാണ്, ഞങ്ങൾ പങ്കാളികളാണ്.

‘അടുത്ത തെരഞ്ഞെടുപ്പിൽ തൂക്കു പാർലമെന്റ് വന്നു എന്നിരിക്കട്ടെ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറിയെന്നിരിക്കട്ടെ. ആ രാത്രി അദാനിയിറങ്ങും, കോടികളുമായി’

പാർലമെന്റിൽനിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട 146 എം.പിമാരിൽ 46 പേർ രാജ്യസഭാംഗങ്ങളാണ്. ഇവരിൽ 11 പേരുടെ സസ്‌പെൻഷൻ മൂന്നു മാസത്തേക്കാണ്. സി.പി.ഐക്ക് ആകെയുള്ള രണ്ട് എം.പിമാരും സസ്‌പെൻഷനിലാണ്, മൂന്നു മാസത്തേക്ക്. അഞ്ച് എം.പിമാരാണ് സി.പി.എമ്മിനുള്ളത്, അവരിൽ രണ്ടുപേരും സസ്‌പെൻഷനിലാണ്, മൂന്നു മാസത്തേക്ക്. ബി.ജെ.പിക്കും അവരുടെ സർക്കാറിനും നന്നായി അറിയാം, ഞങ്ങൾ ആരാണ് എന്ന്.

അടുത്ത തെരഞ്ഞെടുപ്പിൽ തൂക്കു പാർലമെന്റ് വന്നു എന്നിരിക്കട്ടെ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറിയെന്നിരിക്കട്ടെ. ആ രാത്രി അദാനിയിറങ്ങും, കോടികളുമായി, എം.പിമാരെ വിലയ്ക്കുവാങ്ങാൻ. ആ രാത്രി ഇ.ഡിയും ഐ.ബിയും സി.ബി.ഐയുമെല്ലാം വരും, ഓരോ എം.പിയുടെയും അടുത്ത്. അങ്ങനെവന്നാൽ, എത്ര കോൺഗ്രസുകാർ നിൽക്കും? ഞാനുറപ്പിച്ചുപറയുന്നു, ഒരു സി.പി.ഐക്കാരും സി.പി.എമ്മുകാരും പതറില്ല. ഇവിടെ 20 സീറ്റേയുള്ളൂ എങ്കിലും, കേരളത്തിന് വലിയ പങ്കുവഹിക്കാനുണ്ട്. ഞങ്ങൾ 20 പേരും ആ സഖ്യത്തിന്റെ രാഷ്ട്രീയത്തിൽ നിൽക്കും. അതാണ് ഞങ്ങളുടെ ഗ്യാരണ്ടി, ക്രെഡിബിലിറ്റി. എന്നാൽ, രണ്ടോ നാലോ കോൺഗ്രസുകാർ ജയിച്ചാൽ, നിർണായക സന്ദർഭത്തിൽ, ഈ നാലുപേരും 'ഇന്ത്യ' സഖ്യത്തിന്റെ രാഷ്ട്രീയത്തെ വിജയിപ്പിക്കാൻ ഒപ്പമുണ്ടാകുമെന്നതിന് ഒരു ഗ്യാരണ്ടിയുമില്ല.

Comments