അയോധ്യയിലെ രാമക്ഷേത്ര ശ്രീകോവിൽ ചോർന്നൊലിക്കുന്നെന്ന് മുഖ്യ പുരോഹിതൻ, വൻ അഴിമതിയെന്ന് കോൺഗ്രസ്

ക്ഷേത്രനിർമാണം പൂർത്തിയാകും മുമ്പായിരുന്നു, ഇലക്ഷൻ മുന്നിൽ കണ്ട് തിരക്കിട്ട് ഉദ്ഘാടനം നടത്തിയത്. നിർമാണം തീരും മുമ്പ്, ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ്, തിരക്കിട്ട് ഉദ്ഘാടനം നടത്തിയതിൽ അന്നുതന്നെ വിമർശനമുയർന്നിരുന്നു.

Think

യോധ്യയിലെ രാമക്ഷേത്ര ശ്രീകോവിലിന്റെ മേൽക്കൂരയ്ക്ക് ചോർച്ചയെന്ന് മുഖ്യ പുരോഹിതൻ. രാം ലല്ല വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലിന്റെ മേൽക്കൂര ആദ്യ മഴയിൽ തന്നെ ചോരാൻ തുടങ്ങിയെന്ന് മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. ‘എന്താണ് പ്രശ്‌നമെന്ന് കണ്ടെത്തണം. ക്ഷേത്രത്തിൽനിന്ന് വെള്ളം ഒഴുകിപ്പോകാൻ വഴിയില്ല. മഴ ശക്തി പ്രാപിച്ചാൽ ഭക്തർക്ക് ക്ഷേത്രത്തിനകത്ത് പ്രാർഥന നടത്താൻ ബുദ്ധിമുട്ടാണ്’, ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. കനത്ത മഴയെ തുടർന്ന് ക്ഷേത്രപരിസരത്തെ റോഡുകൾ തകർന്നതായി പി ടി ഐയും റിപ്പോർട്ട് ചെയ്യുന്നു.

ശനിയാഴ്ച അർധരാത്രി പെയ്ത കനത്ത മഴയിൽ, രാം ലല്ല പ്രതിമക്കുമുന്നിൽ മുഖ്യ പുരോഹിതൻ ഇരിക്കുന്ന സ്ഥലത്താണ് ചോർച്ചയുണ്ടായത്. 'വി.ഐ.പി ദർശന'ത്തിന് വിശ്വാസികൾ എത്തുന്ന സ്ഥലം കൂടിയാണിത്.
''രാജ്യത്തെ പ്രമുഖ എഞ്ചിനീയർമാരാണ് ക്ഷേത്രനിർമാണത്തിനുണ്ടായത്. എന്നിട്ടും മഴയിൽ ചോരുന്നത് അമ്പരപ്പിക്കുന്നതാണ്. എന്തുകൊണ്ടാണ് ലോകപ്രശസ്തമായ ഒരു ക്ഷേത്രത്തിന് ഈയൊരു അവസ്ഥയുണ്ടായി?’’- ആചാര്യ സത്യേന്ദ്ര ദാസ് ചോദിച്ചു.

ആചാര്യ സത്യേന്ദ്ര ദാസ്
ആചാര്യ സത്യേന്ദ്ര ദാസ്

കോടികൾ മുടക്കി പണിത രാമക്ഷേത്രത്തിന്റെ നിർമാണത്തിലെ ക്രമക്കേടിലേക്കാണ് മുഖ്യ പുരോഹിതന്റെ വെളിപ്പെടുത്തൽ വെളിച്ചം വീശുന്നത്. ക്ഷേത്രത്തിന്റെ മുൻവശത്തുനിന്ന് വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമില്ലെന്നും അദ്ദേഹം പറയുന്നു. ക്ഷേത്രത്തിനുസമീപമുള്ള രാംപഥ് റോഡിലും ശനിയാഴ്ചയിലെ മഴയിൽ കനത്ത വെള്ളക്കെട്ടുണ്ടായി. പ്രദേശത്തെ വീടുകളിലേക്കും വെള്ളം കയറി. ഈ പ്രദേശങ്ങളെല്ലാം ലക്ഷങ്ങൾ മുടക്കിയാണ് നവീകരണപ്രവർത്തനങ്ങൾ നടത്തിയിരുന്നത്.

മുഖ്യ പുരോഹിതന്റെ പരാതിയെ തുടർന്ന് ക്ഷേത്രനിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര ക്ഷേത്രത്തിലെത്തി ചോർച്ച അടയ്ക്കാൻ നിർദേശം നൽകി. ഒന്നാം നിലയുടെ നിർമാണം പുരോഗമിക്കുകയാണെന്നും ജൂലൈ അവസാനത്തോടെ തീരുമെന്നുമാണ് അദ്ദേഹം പറയുന്നത്. ഡിസംബറോടെ ക്ഷേത്രനിർമാണം പൂർണമാകുമെന്നും മിശ്ര പറഞ്ഞു.

1800 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച രാമക്ഷ്രത്രത്തിന്റെ പ്രതിഷ്ഠ ജനുവരി 22നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പേ, രാമക്ഷേത്ര നിർമാണം പൂർത്തിയാക്കി പ്രാണപ്രതിഷ്ഠ നടത്തിയത് വലിയ നേട്ടമായി ബി.ജെ.പി അവതരിപ്പിച്ചിരുന്നു. ക്ഷേത്രനിർമാണം പൂർത്തിയാകും മുമ്പായിരുന്നു, ഇലക്ഷൻ മുന്നിൽ കണ്ട് തിരക്കിട്ട് ഉദ്ഘാടനം നടത്തിയത്. നിർമാണം തീരും മുമ്പ്, ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ്, തിരക്കിട്ട് ഉദ്ഘാടനം നടത്തിയതിൽ അന്നുതന്നെ വിമർശനമുയർന്നിരുന്നു.

ആറുമാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അയോധ്യ ധാം റെയിൽവേ സ്റ്റേഷന്റെ മതിലും കഴിഞ്ഞദിവസം മഴയിൽ തകർന്നുവീണിട്ടുണ്ട്. 20 മീറ്റർ നീളത്തിലാണ് മതിൽ പൊളിഞ്ഞുവീണത്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി 240 കോടിയോളം രൂപ ചെലവിട്ടാണ് റെയിൽവേ സ്റ്റേഷൻ പുതുക്കി പണിതത്. 2023 ഡിസംബർ 30നാണ് പ്രധാനമന്ത്രി ഇത് ഉദ്ഘാടനം ചെയ്തത്.

അയോധ്യയിലേക്കുള്ള വിമാന സർവീസുകൾക്ക് പുറമെ ട്രെയിൻ, ബസ് സർവീസുകളും യാത്രക്കാരില്ലാത്തതിനാൽ വെട്ടിക്കുറച്ചിരിക്കുകയാണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ നഗരത്തിലേക്കുള്ള വിമാനങ്ങൾ, ട്രെയിനുകൾ, ബസ് സർവീസുകൾ എന്നിവയിൽ യാത്രക്കാരുടെ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്.

ക്ഷേത്രനിർമാണത്തിൽ ഭരണകക്ഷിയായ ബി.ജെ.പി അഴിമതി നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ വേണ്ടി മാത്രം തിരക്കിട്ട് രണ്ടാം കിട നിർമാണം നടത്തി ബി.ജെ.പി അയോധ്യയെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

അയോധ്യ നിർദ്ദയമായി കൊള്ളയടിക്കപ്പെട്ടെന്ന് എസ്.പി നേതാവ് ഐ.പി സിങ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. അഴിമതി തുടരുന്ന ബി.ജെ.പിക്കും സംഘ്പരിവാറിനും പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും ഐ.പി സിങ് ഓർമപ്പെടുത്തി.

Comments