ബി. രാജീവൻ

ബാബറി മസ്​ജിദിൽനിന്ന്​ ബി.ജെ.പി
​‘മുന്നേറി’ക്കഴിഞ്ഞു, പ്രതിരോധമോ?

ആർ.എസ്.എസിനെ ഒരു വർഗീയശക്തി എന്ന നിലയ്ക്കുമാത്രം വിശകലനം ചെയ്താൽ ഇനി പിഴവുകൾ സംഭവിക്കും. ഗ്ലോബൽ കോർപറേറ്റ് കാപ്പിറ്റലിസത്തിന്റെ ഒരു രാഷ്ട്രീയരൂപമെന്ന നിലയ്​ക്ക്​ തിരിച്ചറിയാതെ, പഴയ തരത്തിലുള്ള സവർണ ഫാസിസമാണിത്​ എന്ന് ഇനി ലഘൂകരിക്കാൻ കഴിയില്ല.

കെ. കണ്ണൻ: അടുത്ത 40 വർഷം ഇന്ത്യയിൽ ‘ബി.ജെ.പി യുഗം’ ആയിരിക്കുമെന്ന്​ പ്രഖ്യാപിച്ചിരിക്കുകയാണ്​, ഹൈദരാബാദിൽ നടന്ന പാർട്ടി ദേശീയ എക്​സിക്യൂട്ടീവ്​. അതിനുവേണ്ടിയുള്ള ‘പ്ലാനു’കളും സംഘടന മുന്നോട്ടുവച്ചിട്ടുണ്ട്​. ബി.ജെ.പിയുടെ ‘കോൺഗ്രസ്​ മുക്ത ഭാരതം’ എന്ന മുദ്രാവാക്യം ‘പ്രതിപക്ഷ മുക്ത ഭാരതം’ എന്ന തലത്തിലേക്ക്​ വികസിപ്പിക്കാനും ഒരു ഹിന്ദു പാർട്ടി എന്ന പ്രതിച്​ഛായയിൽനിന്ന്​ മറ്റു സമുദായങ്ങളിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്ക്​ കടന്നുചെല്ലാനുമുള്ള തന്ത്രങ്ങളും പാർട്ടി ആവിഷ്​കരിക്കുന്നുണ്ട്. ബി.ജെ.പിയുടെയും ആർ.എസ്​.എസിന്റെയും ആത്മവിശ്വാസത്തിന്റെ അടിത്തറ എന്താണ്​?

ബി. രാജീവൻ: 2024 ലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബി.ജെ.പി ഈ പ്ലാനുകൾ ആവിഷ്‌കരിക്കുന്നത്. ആ തെരഞ്ഞെടുപ്പുകൂടി വിജയിച്ചുകഴിഞ്ഞാൽ പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല, അടുത്ത 40 വർഷം ഒരു ബി.ജെ.പി- ആർ.എസ്.എസ് വർഷമായിരിക്കും, ഇതിലൂടെ രാജ്യത്തെ ഒരു പൂർണ ഹിന്ദുരാഷ്ട്രമാക്കാൻ കഴിയും എന്നാണ്​ അവരുടെ പ്രതീക്ഷ. അവരുടെതന്നെ ഭാഷയിൽ പറഞ്ഞാൽ ‘രാജ്യത്തെ വിശ്വഗുരുവാക്കുക’. ഇത്തരമൊരു നിറഞ്ഞുതുളുമ്പുന്ന ആത്മവിശ്വാസം, ‘40 വർഷത്തെ ഭരണം’ പ്രഖ്യാപിച്ച അമിത്ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊക്കെ, ഈയിടെ ഹൈദരാബാദിൽ നടന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടിവിൽ വെളിപ്പെടുത്തിയിരുന്നു. 2014 മുതൽ വിജയിച്ചുകയറുന്ന അവരുടെ അനുഭവങ്ങളിൽ നിന്നാണ് ഈ ആത്മവിശ്വാസം ലഭിക്കുന്നത്. ‘കോൺഗ്രസ് മുക്തഭാരതം’ എന്നതിനെ ‘പ്രതിപക്ഷമുക്ത ഭാരത’മാക്കി കഴിഞ്ഞാൽ പിന്നെ, ഏകപാർട്ടി ഭരണം പോലെയാകുമല്ലോ, അപ്പോൾ ഭരണഘടന പോലും ഭേദഗതി ചെയ്യാൻ കഴിയുന്ന സ്ഥിതിയിലേക്ക് അവർ വരും. അത്തരത്തിൽ ഫാസിസത്തിന്റെ സമഗ്രാധിപത്യം രാജ്യത്ത് നടപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണവർ. ആ പ്രതീക്ഷയാണ് ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവിൽ പ്രകടമായത്.

ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ ഹൈദരാബാദിൽ നടന്ന ബി.ജെ.പി ദേശീയ നിർവാഹകസമതിയോഗത്തിൽ നിന്ന്

ബാബരി മസ്ജിദ് എന്ന വിഷയം മുന്നോട്ടുവച്ചാണല്ലോ ബി.ജെ.പി കഴിഞ്ഞ വിജയങ്ങളെല്ലാം നേടിയത്. ആർ.എസ്.എസ് എന്ന സംഘം, അടിസ്ഥാനപരമായി, ഹിന്ദുവികാരം ആളിക്കത്തിക്കുക എന്നൊരു അജണ്ട കൈവിടില്ല. മറുവശത്ത്, ന്യൂനപക്ഷങ്ങളെയും ദളിതരെയും പിന്നാക്കക്കാരെയും ഉൾപ്പെടുത്തി പാർട്ടിയെ വളർത്തണമെന്ന ബി.ജെ.പിയുടെ ആഹ്വാനം വോട്ടുകിട്ടാനുള്ള കപടതന്ത്രം മാത്രമാണ്. അതിനെ എങ്ങനെയാണ് കൗണ്ടർ ചെയ്യേണ്ടത് എന്നത് പരിശോധിക്കേണ്ടതുതന്നെയാണ്.

ബി.ജെ.പി എന്ന സംഘടനയുടെയും ഭരണകൂടത്തി​ന്റെ​യും ആത്മവിശ്വാസത്തിന്​ പ്രത്യയശാസ്​ത്ര അടിത്തറയും ടൂളുകളും നൽകുന്ന ആർ.എസ്​.എസി​നെ കൃത്യമായി വിലയിരുത്തുന്നതിൽ രാഷ്​ട്രീയമായ പിഴവ്​ സംഭവിക്കുന്നുണ്ട്​ എന്നു പറയേണ്ടിവരും.

ആർ.എസ്.എസ് എന്ന ശക്തി ഇന്ത്യ മുഴുവൻ ഒരു ‘ഡീപ്പ് സ്റ്റേറ്റാ'യി അതിന്റെ വേരുകളാഴ്ത്തിക്കഴിഞ്ഞു. കേരളത്തിൽ പോലുമുണ്ട് അത്, ഉപരിതലത്തിൽ കാണാനില്ലെന്നേയുള്ളൂ. അത്തരത്തിൽ, അവരുടെ വിജയത്തിന്റെ അടിത്തറ പാകിക്കഴിഞ്ഞു. 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ കൂടി ബി.ജെ.പി വിജയിക്കുകയാണെങ്കിൽ, ‘ഡീപ് സ്റ്റേറ്റി'ൽ നിന്ന് ആർ.എസ്.എസ് സ്‌റ്റേറ്റ് തന്നെയായി മാറുകയാണ് ചെയ്യുക. ഇത്തരത്തിലുള്ള വലിയൊരു ഫാസിസ്റ്റ് ശക്തിയാണ് ആർ.എസ്.എസ്. എന്നാൽ, ഇത്തരം കാര്യങ്ങളെക്കുറിച്ചും ആർ.എസ്.എസിനെതിരായ ചെറുത്തുനിൽപ്പുകളെക്കുറിച്ചുമുള്ള ബുദ്ധിജീവികളുടെ പരിശോധനകളും എഴുത്തുകളുമെല്ലാം അപര്യാപ്തമാണെന്നാണ് തോന്നുന്നത്. കാരണം, അവർ ആർ.എസ്.എസിനെ ഇപ്പോഴും ഒരു ഐഡിയോളജി മാത്രമായേ കാണുന്നുള്ളൂ. അതൊരു വലിയ പരിമിതിയാണ്. വാസ്തവത്തിൽ എന്തുകൊണ്ടാണ് ആർ.എസ്.എസ് ശക്തിപ്പെടുന്നത്? ഏതുതരത്തിലുള്ള രാഷ്ട്രീയ- സാമ്പത്തിക സ്ഥിതിയാലാണ് ആർ.എസ്.എസ് ശക്തിപ്പെടുന്നത് തുടങ്ങിയ കാര്യങ്ങൾ തിരിച്ചറിയേണ്ടതായിട്ടുണ്ട്. ആർ.എസ്.എസ് എന്നത് ഒരു ഫാസിസ്റ്റ് ശക്തിയാണ് എന്ന് നമ്മൾ പറയുന്നു. അതിനെതിരെ സെമിനാർ നടത്തുകയും പ്രസംഗിക്കുകയും എഴുതുകയുമൊക്കെ ചെയ്യുന്നുണ്ട്. പക്ഷെ, അവർക്കതൊന്നും ഏശുന്നതുതന്നെയില്ല. അതിന് പല കാരണങ്ങളുമുണ്ട്.

‘ഡീപ്​ സ്റ്റേറ്റു’കൾക്കുപുറകിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ കാപ്പിറ്റൽ, ഇപ്പോൾ ചൈനീസ് കാപ്പിറ്റൽ കൂടി ചേർന്നതാണ്. അത് പഴയതുപോലെ അമേരിക്കൽ കാപ്പിറ്റൽ അല്ല.

ആർ.എസ്​.എസിനെപ്പോലുള്ള ‘ഡീപ് സ്‌റ്റേറ്റി’നെ കൃത്യമായി നേരിടാൻ, അവയ്ക്കുപുറകിൽ പ്രവർത്തിക്കുന്ന സാമ്പത്തിക ശക്തികളെ കൂടി തിരിച്ചറിയേണ്ടതുണ്ട്​. മനസ്സിലാക്കേണ്ട ഒരു കാര്യം, സാമ്പത്തിക പശ്ചാത്തലമില്ലാതെ ഒരു ഫാസിസ്റ്റ് ഫോഴ്‌സുണ്ടാവില്ല എന്നതാണ്​. ക്ലാസിക്കൽ ഫാസിസം എങ്ങനെയാണ് രൂപപ്പെട്ടത്? ദേശീയ മൂലധനങ്ങളിൽനിന്ന് അക്കാലത്തെ മുതലാളിത്ത മൂലധനം ഒരു ഫൈനാൻസ് മൂലധനമായി ലോകത്ത് വ്യാപിക്കുകയും ആ ഫൈനാൻസ് മൂലധനത്തിന്റെ വളർച്ചക്ക് ജനാധിപത്യം എതിരായി തീരുകയും ചെയ്തപ്പോഴാണ് ക്ലാസിക്കൽ ഫാസിസം വരുന്നത്. കാരണം, ലിബറൽ ജനാധിപത്യത്തിന്റെ മുഖംമൂടി വലിച്ചെറിയാനുള്ള ശക്തി ക്യാപിറ്റൽ ആർജ്ജിക്കുന്നു. ഈ ഘട്ടത്തിലാണ് ഫാസിസം ഇത്തരമൊരു ശക്തിയായി മാറുന്നത്.

ബാബരി മസ്ജിദ് തകർക്കപ്പെട്ട ദിവസം രാവിലെ ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി രാമജന്മഭൂമി മൂവ്മെൻറ് പ്രവർത്തകരെ കാണുന്നു. / ഫോട്ടോ: പ്രവീൺ ജയിൻ/ ദി പ്രിൻറ്, ദി പയനിയർ.

ആഗോള മൂലധനത്തിന് ജനാധിപത്യം ആവശ്യമില്ല. മുമ്പ് ചില രാജ്യങ്ങളിൽ മാത്രമുണ്ടായിരുന്ന ഈ പ്രവണത ഇന്ന് ലോകമാകെ വ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ, പണ്ട് ഇറ്റലിയിലും ജർമനിയിലും ഒതുങ്ങിനിന്നിരുന്ന ഫാസിസം ഇപ്പോൾ ലോകമാകമാനം വ്യാപിച്ചുകഴിഞ്ഞു. അപ്പോൾ, ലോകം മുഴുവൻ, ജനാധിപത്യം ആവശ്യമില്ലാത്ത വിധത്തിൽ ആഗോള മൂലധനം അതിന്റെ തന്ത്രങ്ങൾ ആവിഷ്‌കരിച്ച് കഴിഞ്ഞിട്ടുണ്ട്. സ്വകാര്യവൽക്കരണമായും ഏകവിള കൃഷിയായും പട്ടാളത്തിലെ കരാർവൽക്കരണവുമായും ഇത് പിടികൂടിക്കഴിഞ്ഞു. അതിന്റെ യുക്തമായൊരു രാഷ്ട്രീയരൂപമായിട്ടാണ് ഇന്ന് ഫാസിസം പ്രവർത്തിക്കുന്നത്.

ബാബറി മസ്ജിദ് ആവർത്തിക്കേണ്ടതില്ലാത്ത ഒരു സാഹചര്യം ബി.ജെ.പിയെ സംബന്ധിച്ചുണ്ടാകും. ‘എല്ലാ പള്ളികളിലും ശിവലിംഗം തെരയേണ്ടതില്ല' എന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവന, അവർ തങ്ങളുടെ പ്ലാനുകളിൽ എത്രമാത്രം വിജയിച്ചുകഴിഞ്ഞിരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ്.

അതായത്​, ആർ.എസ്​.എസിനെ, ഒരു വർഗീയ ശക്തിയെന്ന നിലയ്ക്കുള്ള പരമ്പരാഗത വായനയിലേക്ക്​ ഇനി ചുരുക്കാനാകില്ല എന്നർഥം?

ആർ.എസ്.എസിനെ ഒരു വർഗീയശക്തി എന്ന നിലയ്ക്കുമാത്രം വിശകലനം ചെയ്താൽ ഇനി പിഴവുകൾ സംഭവിക്കും. ഗ്ലോബൽ കോർപറേറ്റ് കാപ്പിറ്റലിസത്തിന്റെ ഒരു രാഷ്ട്രീയരൂപമെന്ന നിലയ്​ക്ക്​ തിരിച്ചറിയാതെ, പഴയ തരത്തിലുള്ള സവർണ ഫാസിസമാണിത്​ എന്ന് ലഘൂകരിക്കാൻ കഴിയില്ല. അങ്ങനെ, പഴയത് എന്തെങ്കിലും തിരിച്ചുകൊണ്ടുവരാനുള്ള ആഗ്രഹമൊന്നുമല്ല ഇതിനുപിന്നിൽ. അത് വർത്തമാനലോകത്തെ കീഴടക്കാനുള്ള ഉപകരണമായിട്ടാണ് പ്രവർത്തിക്കുന്നത്. ‘ഡീപ് സ്റ്റേറ്റ്' എന്ന നിലയിൽനിന്ന് ഫാസിസം ഉപരിതലത്തിലേക്ക് വരുന്ന സമയത്ത് വാസ്തവത്തിൽ അത് ഗ്ലോബൽ ക്യാപിറ്റലിന്റെ ശക്തി സാക്ഷാൽക്കരിക്കുകയാണ് ചെയ്യുന്നത്. ഇത്തരം ‘ഡീപ്​ സ്റ്റേറ്റു’കൾക്കുപുറകിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ കാപ്പിറ്റൽ, ഇപ്പോൾ ചൈനീസ് കാപ്പിറ്റൽ കൂടി ചേർന്നതാണ്. അത് പഴയതുപോലെ അമേരിക്കൽ കാപ്പിറ്റൽ അല്ല. ശ്രീലങ്കയിലെ പ്രതിസന്ധി സൃഷ്ടിച്ചതിൽ ചൈനക്കാണ് പ്രധാന റോൾ. അതുപോലെ, ചൈന ആഫ്രിക്കൻ രാജ്യങ്ങളെയാകെ കീഴടക്കിക്കഴിഞ്ഞു. എവിടെ ദാരിദ്ര്യമുണ്ടോ, അവിടെ മൂലധനവുമായി ചെന്ന്​, അവിടത്തെ മാർക്കറ്റും വിഭവങ്ങളും ചൂഷണം ചെയ്യാനുള്ള മാർഗമാക്കി അതിനെ ചൈന മാറ്റും. ആഗോള മൂലധനം എന്നത് ഒരു പുതിയ സാമ്രാജ്യമാണ്. അതിനെ പെട്ടെന്ന് തോൽപ്പിക്കാൻ കഴിയില്ല, കാലമെടുക്കും ജനങ്ങൾക്ക് അതിനെ മറികടക്കാൻ. ഈയൊരു യാഥാർഥ്യവും അതിന്റെയൊരു ഇക്കണോമിക്- പൊളിറ്റിക്കൽ സൈഡും പരിശോധിക്കപ്പെടണം. ഇത്തരം യാഥാർഥ്യങ്ങൾ അവഗണിക്കാൻ പാടില്ല.

ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്കും പിന്നാക്കജാതികൾക്കും വലിയ രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടായിരുന്നു. അന്നത്തെ എല്ലാ സമരങ്ങളിലും അത് കാണാം. അടിയന്തരാവസ്ഥക്കെതിരായ സമരത്തിൽ ഈ വിഭാഗങ്ങളെ കാണാൻ കഴിയും

ആർ.എസ്​.എസ്​ വിപുലമാക്കിയെടുക്കുന്ന ‘പൊളിറ്റിക്കൽ ഹിന്ദു’ എന്ന ടേമിനകത്തേക്ക്​ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും മറ്റ് ന്യൂനപക്ഷ- ദലിത്​ വിഭാഗങ്ങളെയും സ്വാംശീകരിക്കുന്ന പ്രക്രിയ, ഗ്ലോബൽ കോർപറേറ്റ് കാപ്പിറ്റലിസത്തിന്റെ രാഷ്​ട്രീയരൂപമായി മാറിക്കൊണ്ടിരിക്കുന്ന ഒരു ശക്തിയെ സംബന്ധിച്ച്​ കൂടുതൽ എളുപ്പമായിരിക്കും.​

ശരിയാണ്. മറ്റു രാജ്യങ്ങളിലെ അവസ്ഥ നോക്കിയാലറിയാം, റിയക്ഷനറി ശക്തികൾ എല്ലായിടത്തും പ്രവർത്തിക്കുന്നുണ്ടല്ലോ, ഭരണകൂടങ്ങളെ സ്വാധീനിക്കുന്നുമുണ്ട്. ജനാധിപത്യമുക്തലോകം എന്നതാണ് ഇവയുടെ ലക്ഷ്യം. ബി.ജെ.പിയുടെ "കോൺഗ്രസ് മുക്ത ഭാരതം' എന്നതിലും ഈയൊരു ആശയം അടങ്ങിയിരിക്കുന്നുണ്ട്. ജനാധിപത്യത്തെ തള്ളിക്കളയുന്നതിലൂടെ ഗ്ലോബൽ ക്യാപിറ്റലിസത്തിന് വേണ്ടത് ഇത്തരത്തിലുള്ള റിയാക്ഷനറി ഉപകരണങ്ങളാണ്. ഇതാണ് ഇന്ത്യയിലും നടക്കുന്നത്. ഈയൊരു ക്യാപിറ്റൽ അജണ്ടയിലൂടെ "പൊളിറ്റിക്കൽ ഹിന്ദു' എന്ന ടേമിനകത്തേക്ക് മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും വർഗീയമായല്ലാതെ തന്നെ അടുപ്പിക്കാൻ ഇവർക്കാവും. അത്തരമൊരു പൊളിറ്റിക്കൽ ശേഷിയും അവർക്കുണ്ടായിത്തീരും. അതായത്, ബാബറി മസ്ജിദ് ആവർത്തിക്കേണ്ടതില്ലാത്ത ഒരു സാഹചര്യം അവരെ സംബന്ധിച്ചുണ്ടാകും. ‘എല്ലാ പള്ളികളിലും ശിവലിംഗം തെരയേണ്ടതില്ല' എന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവന, അവർ തങ്ങളുടെ പ്ലാനുകളിൽ എത്രമാത്രം വിജയിച്ചുകഴിഞ്ഞിരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെയും ദലിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പൊളിറ്റിക്കൽ വില്ലിനെ അത്രത്തോളം ആർ.എസ്.എസ് കാസ്‌ട്രേറ്റ് ചെയ്തിരിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. യു.പിയിലും ബീഹാറിലുമൊക്കെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ അതാണ് സംഭവിച്ചത്. ഇതിനുള്ള കാരണം, ചരിത്രത്തിൽ കൂടി അന്വേഷിക്കേണ്ടിവരും.

ലോക്ക്ഡൗണിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾ നടന്നുകൊണ്ട് നാട്ടിലേക്ക് പോകുന്നു. റായ്പൂരിൽ നിന്നൊരു ദൃശ്യം. / Photo :Sathya Praksh Pande, PARI

നെഹ്‌റുവിയൻ സർക്കാറിന്റെ നയങ്ങൾ ശക്തിപ്പെട്ടിരുന്ന കഴിഞ്ഞ ദശകങ്ങളിൽ, മണ്ഡൽ കമീഷന്റെ കാലം വരെ, ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്കും പിന്നാക്കജാതികൾക്കും വലിയ രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടായിരുന്നു. അന്നത്തെ എല്ലാ സമരങ്ങളിലും അത് കാണാം. അടിയന്തരാവസ്ഥക്കെതിരായ സമരത്തിൽ ഈ വിഭാഗങ്ങളെ കാണാൻ കഴിയും. അതിന്റെ തുടർച്ചയായിരുന്നുവല്ലോ മണ്ഡൽ സമരം. ജനസംഖ്യയുടെ മുക്കാൽ ഭാഗം വരുന്ന പിന്നാക്കജാതിക്കാരും ദലിതരും ന്യൂനപക്ഷങ്ങളുമെല്ലാം ഐക്യപ്പെട്ട സന്ദർഭങ്ങളായിരുന്നു അത്. കീഴാളരാഷ്ട്രീയത്തിന്റെ വിപ്ലവശക്തി മനസ്സിലാക്കാൻ ലിബറൽ രാഷ്ട്രീയത്തിനും ഇടതുപക്ഷത്തിനും കഴിഞ്ഞില്ല. ഈ ഐക്യം വലിയൊരു വിപത്തായി ആദ്യം മനസ്സിലാക്കിയത് ആർ.എസ്.എസാണ്. മണ്ഡൽ കമീഷന്റെ കാലത്ത് ഉയർന്നുവന്ന പിന്നാക്കജാതി മുന്നേറ്റവും അതിനോടനുബന്ധിച്ചുവന്ന കീഴാള രാഷ്ട്രീയവും മുന്നോട്ടുപോയാൽ ഇന്ത്യയിൽ തങ്ങൾക്ക് ഗതിയുണ്ടാകില്ല എന്നും ഇന്ത്യയിൽ യഥാർഥ ഇടതുപക്ഷം വരാൻ പോകുന്നുവെന്നും ആർ.എസ്.എസ് മനസ്സിലാക്കി. അതുകൊണ്ടാണ് ഉടൻ അവർ ബാബറി മസ്ജിദ് ‘മാർക്ക്’ ചെയ്യുകയും എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിൽ രഥയാത്ര എന്ന പുതിയ ഷോ ആരംഭിക്കുകയും ചെയ്യുന്നത്. രാമനെ ഒരു യോദ്ധാവിന്റെ മട്ടിലേക്കുകൊണ്ടുവന്ന് ആക്രമണോത്സുകവും ഹിംസാത്മകവുമായ രാഷ്ട്രീയം അവർ മുന്നോട്ടുവച്ചു. അതിന്റെ വളർച്ചയോടെയാണ് പിന്നാക്ക- ദലിത് രാഷ്ട്രീയം ശിഥിലമാകുന്നത്. ആ ഒരു ഗ്യാപിൽ, വളരെ തന്ത്രപൂർവം, അടിയന്തരാവസ്ഥക്കുശേഷം ഉയർന്നുവന്ന യഥാർഥ ജനാധിപത്യത്തിന്റെ ശക്തികളെ മുഴുവൻ അവർക്ക് അടിച്ചമർത്താൻ പറ്റി. അതാണ് അവരുടെ പൊളിറ്റിക്കൽ കാപ്പിറ്റൽ. അതുവച്ചുകൊണ്ടാണ് അവർ ഈ കളി മുഴുവൻ കളിക്കുന്നത്.

ദലിത്​- പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാതാക്കുകയെന്ന ലക്ഷ്യം കഴിഞ്ഞ പത്തുവർഷം കൊണ്ട് ബി.ജെ.പി നടപ്പാക്കി. ഇനി അവരെ ‘അബ്‌സോർബ്’ ചെയ്യുക എന്നതാണ്. ഈ പ്രക്രിയയെ തടഞ്ഞുകൊണ്ടുമാത്രമേ, ഇതിനെ ചെറുക്കാൻ കഴിയുകയുള്ളൂ.

ഈ പ്രക്രിയ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. അവർ ഭയപ്പെടുന്ന കീഴാള- പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളെ സ്വാംശീകരിക്കുന്നതിനുള്ള പരിപാടിയിലേക്കാണ് അവർ കടക്കുന്നത്. ആദ്യം ഈ വിഭാഗങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാതാക്കുകയെന്ന ലക്ഷ്യം കഴിഞ്ഞ പത്തുവർഷം കൊണ്ട് നടപ്പാക്കാൻ കഴിഞ്ഞു. ഇനി അവരെ ‘അബ്‌സോർബ്’ ചെയ്യുക എന്നതാണ്. ഈ പ്രക്രിയയെ തടഞ്ഞുകൊണ്ടുമാത്രമേ, ഇതിനെ ചെറുക്കാൻ കഴിയുകയുള്ളൂ. മറുവശത്ത്​, ഈ വിഭാഗങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു രാഷ്ട്രീയപാർട്ടിയും ഇന്ന് ഇന്ത്യയിലില്ല. പക്ഷെ, ഒരു ശക്തിയുണ്ട്, അത് ജനങ്ങളാണ്. അവരുടെ ശക്തി കുറച്ചുകാണാൻ കഴിയില്ല. കോവിഡ് കാലത്ത് നിനച്ചിരിക്കാതെ യാത്ര നിരോധിച്ചപ്പോൾ ആയിരക്കണക്കിന് മൈലുകൾ നടന്നുപോയ മനുഷ്യരാണ്. ഇത്തരം ഇച്ഛാശക്തി രാഷ്ട്രീയമായി പ്രകടിപ്പിക്കാൻ കഴിഞ്ഞാൽ അത് വലിയ ശക്തിയാകും. ഇതാണ് കർഷക സമരത്തിൽ കണ്ടത്.

ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവന, അവർ തങ്ങളുടെ പ്ലാനുകളിൽ എത്രമാത്രം വിജയിച്ചുകഴിഞ്ഞിരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ്.

ബി.ജെ.പി പറയുന്ന ‘വിശ്വഗുരു' എന്നത്, ചൈനയെ കടത്തിവെട്ടുന്ന ഒരു സാമ്രാജ്യത്വശക്തിയായി ഇന്ത്യയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ‘ഗ്ലോബൽ എംപറയറി’ന്റെ കാലത്തെ രാജ്യങ്ങളുടെ പരിവർത്തനമാണ് ഇതിലൂടെ കാണാൻ കഴിയുന്നത്. ആഗോള മൂലധനത്തിന്റെ ഒന്നാം സാമന്തൻ ആരാണ് എന്ന മത്സരമാണ് ചൈനയും അമേരിക്കയും ഇന്ത്യയും തമ്മിൽ നടക്കാൻ പോകുന്നത്. ഇങ്ങനെയുള്ള ഒരു ബാക്ക്ഗ്രൗണ്ടിലാണ് ഇന്ത്യൻ യാഥാർഥ്യങ്ങളെ കാണേണ്ടത്, ഒപ്പം, ജനങ്ങളുടെ ഇച്ഛാശക്തിയുടെ അജയ്യതയെയും കാണേണ്ടത്. ലോകചരിത്രം മുഴുവൻ, ചക്രവർത്തിമാരുടെ അജയ്യതയല്ലല്ലോ, ജനങ്ങളുടെ ഇച്ഛാശക്തിയുടെ അജയ്യതയല്ലേ കാണാൻ കഴിയുക. ഒന്നുമില്ലാത്ത അടിമകളുടെ അജയ്യതയിലൂടെയാണ് അടിമത്തങ്ങളെല്ലാം ഇല്ലാതായത്. അതുകൊണ്ടുതന്നെ പൊളിറ്റിക്കലായ ശുഭാപ്തിവിശ്വാസം വച്ചുപുലർത്തേണ്ടതുണ്ട്, ഒപ്പം, രാഷ്ട്രീയമായ പുതിയ മാർഗങ്ങൾ ഓപൺ ചെയ്യുകയും വേണം.

‘മിഷൻ ദക്ഷിണേന്ത്യ 2024’ എന്നൊരു പ്ലാൻ കൂടി ബി.ജെ.പി ദേശീയ എക്​സിക്യൂട്ടീവ്​ മുന്നോട്ടുവച്ചിട്ടുണ്ട്​. തെലങ്കാനയിൽനിന്ന്​ തുടങ്ങി കർണാടകം, തമിഴ്​നാട്​, കേരളം വരെയെത്തുന്ന ഒരു ‘പ്ലാൻ’ ആണിത്​. സ്​റ്റാലിന്റെ നേതൃത്വത്തിൽ തമിഴ്​നാട്ടിൽ അതിശക്തമായ പ്രതിരോധം, ഒരു രാഷ്​ട്രീയ ബദലിന്റെ രൂപത്തിൽ തന്നെ, ബി.ജെ.പി- ആർ.എസ്​.എസ്​ പൊളിറ്റിക്കൽ ഐഡിയോളജിക്കെതിരെ ശക്തിപ്പെടുത്തിയെടുക്കാൻ ശ്രമം നടക്കുന്നുണ്ട്​.

തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളുടെ ഒരു സവിശേഷത, ഇവിടങ്ങളിൽ സാമുദായിക രാഷ്ട്രീയത്തിന്റെ ഫോഴ്‌സ്​ ​പ്രബലമാണ്​ എന്നതാണ്​. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് ബലം പകരുന്നത് അതാണ്, കർണാടകത്തിൽ പോലും ഈയൊരു സാമുദായിക ശക്തിയുണ്ട്, അതിനെ ബി.ജെ.പിക്ക് കീഴടക്കാൻ കഴിയുന്നുവെന്നേയുള്ളൂ. ഇത്തരമൊരു സാഹചര്യത്തിൽ, പാശ്ചാത്യരീതിയിലുള്ള മതനിരപേക്ഷ കാഴ്ചപ്പാട്, ആർ.എസ്.എസിനെതിരെ വിലപ്പോകില്ല. കാരണം, സെക്യുലറിസം പറഞ്ഞിരുന്നവർ പോലും സെക്യുലറിസ്റ്റുകളായിരുന്നില്ല എന്നോർക്കണം. ഇലക്ഷനിലെ ഒരു മുദ്രാവാക്യം മാത്രമായിരുന്നു അത്. മതനിരപേക്ഷ നിലപാട്​ തള്ളിക്കളഞ്ഞ് ബി.ജെ.പി ജാതിയും മതവും പരസ്യമായി പറഞ്ഞാണ്​ വോട്ട്​ ചോദിക്കുന്നത്​. നെഹ്‌റുവിയൻ കാലം മുതൽ കോൺഗ്രസ് തുടങ്ങിവച്ചതാണിത്, ഇടതുപക്ഷം പോലും അത് ചെയ്യുന്നുണ്ട്. സമുദായങ്ങളുടെ ശക്തിയെ ഇവരൊന്നും പരസ്യമായി അംഗീകരിക്കുന്നില്ല, രഹസ്യമായി അതിനെ ചൂഷണം ചെയ്യും. ആർ.എസ്.എസ് ചെയ്യുന്നതിനേക്കാൾ മോശമായാണ് കമ്യൂണൽ പൊളിറ്റിക്കൽ ഫോഴ്‌സിനെ മറ്റു പാർട്ടികൾ ചൂഷണം ചെയ്യുന്നത്. ആർ.എസ്.എസ് പരസ്യമായി തന്നെ പറയുന്നുണ്ട്, ഈ ധൈര്യം മറ്റു സംഘടനകൾക്കൊന്നുമില്ല. എല്ലാ പാർട്ടികളും നടത്തിക്കൊണ്ടിരുന്ന ഈയൊരു കള്ളക്കളിയെ ആർ.എസ്.എസും ബി.ജെ.പിയും നേരിട്ട് ഏറ്റെടുക്കുകയായിരുന്നുവെന്നുമാത്രം.

ഒരു ഫാസിസ്റ്റ് ശക്തിയെന്ന നിലയ്ക്ക്, മനുഷ്യരെ ഭിന്നിപ്പിച്ച് അധികാരം നിലനിർത്താനുള്ള ഉപകരണമായാണ് സമുദായങ്ങളെയും മതങ്ങളെയും ബി.ജെ.പി കാണുന്നത്. നേരെമറിച്ച് ഇതിനെ വളരെ പോസിറ്റീവായി സമീപിക്കാൻ പറ്റും.

ഇന്ത്യൻ ജനതയുടെ നിലനിൽപ്പിനാധാരമായ സമുദായജീവിതമുണ്ടല്ലോ, സാമുദായികമായ സംഘടനാരൂപങ്ങൾ, ഇവക്കെല്ലാം വളരെ ആഴത്തിൽ വേരോട്ടമുണ്ട്. തമിഴ്‌നാട്ടിൽ കഴിഞ്ഞദിവസം എ.ഐ.ഡി.എം.കെ രണ്ട്​ വിഭാഗങ്ങളായി പിളർന്നല്ലോ, ഈ പിളർപ്പിനുപിന്നിലും രണ്ട് സമുദായങ്ങളാണുള്ളത്. സമുദായങ്ങളെയാണ് അവർ കൂട്ടുപിടിക്കുന്നത്, വേറെ മുദ്രാവാക്യങ്ങളൊന്നുമില്ല അവർക്ക്. 21ാം നൂറ്റാണ്ടിലും, സ്വാതന്ത്ര്യം നേടി 70 കൊല്ലം കഴിഞ്ഞിട്ടും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അടിയിൽ പ്രവർത്തിക്കുന്നത് സാമുദായികതയാണ് എന്നാണ് ഇത് കാണിക്കുന്നത്. പാശ്ചാത്യ സെക്യുലറിസം ഇന്ത്യയിൽ പരാജയപ്പെടുന്നത് അതുകൊണ്ടാണ്. നമ്മൾ എത്രയോ കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നു ഹിന്ദു- മുസ്‌ലിം ഐക്യം എന്ന്. എല്ലാ മതങ്ങളും ഒന്നാണ് എന്ന് പറയുമെങ്കിലും ഒരു മതക്കാരും അത് പ്രയോഗതലത്തിൽ സമ്മതിക്കില്ല.

സമുദായങ്ങളെയും അതുമായി ബന്ധപ്പെട്ട സംസ്‌കാരങ്ങളെയും എല്ലാവരും തമസ്‌കരിച്ചിരിക്കുകയാണ്. സാമുദായികമായ ജനങ്ങളുടെ കൂട്ടുകെട്ടിന്റെയും നിലനിൽപ്പിന്റെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനത്തിലാണ് സമൂഹം നിലനിൽക്കുന്നത്. നവോത്ഥാനകാലത്ത് ഇത്തരമൊരു പോസിറ്റീവ് സമീപനം പ്രകടമായിരുന്നു. ഗാന്ധി ഇത് കൃത്യമായി മനസ്സിലാക്കിയിരുന്നു. പരസ്യമായി മതം പറയുകയാണ് ഗാന്ധി ചെയ്തത്. എന്നാൽ, ഇത്രയും കാലം രഹസ്യമായി മതം പറഞ്ഞുകൊണ്ടിരിക്കുന്നവർ പുരോഗമനവാദികളാകുന്ന വിദ്യയാണ്​ ഇവിടെ സംഭവിക്കുന്നത്​. ഈയൊരു വൈരുധ്യം മറികടക്കുന്നതിലൂടെ മാത്രമേ ആർ.എസ്.എസിനെ തടഞ്ഞുനിർത്താൻ പറ്റുകയുള്ളൂ.

മനുഷ്യരെ വിഭജിക്കുന്നതിന് ബ്രിട്ടീഷുകാരുടെ കാലം മുതൽ രൂപപ്പെടുത്തിയെടുത്ത പുതിയ മതത്തെയോ പുതിയ ലിബറൽ ജാതിയെയോ ഉയർത്തിപ്പിടിക്കുക എന്നല്ല ഈ പറഞ്ഞതിനർഥം. ഹിന്ദു എന്നു പറഞ്ഞാൽ ബ്രിട്ടീഷുകാരുടെ കാലത്ത് കൊണ്ടുവന്ന ഓറിയന്റൽ ഹിന്ദുയിസമാണ്. ബ്രിട്ടീഷ് ഐഡിയോളജിയാണത്. പക്ഷെ, അതൊന്നും ഇവിടുത്തെ സാധാരണ ഹിന്ദുവിന്റെ വിശ്വാസങ്ങളിലില്ല. മനുസ്മൃതി പോലും പഴയ കാലത്ത് ചുരുങ്ങിയ ബ്രാഹ്മിൻ സംഘങ്ങളിൽ മാത്രം നിലനിന്നിരുന്ന ഒന്നാണ്. ഇന്ത്യയെ മുഴുവൻ ഹിന്ദുവൽക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്, ബ്രിട്ടീഷുകാരുടെ കാലശേഷം മനുസ്മൃതി മുഖ്യ ഹിന്ദുഗ്രന്ഥമായി വരുന്നത്.

മനുസ്മൃതി നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിൽ വി'ടുതലൈ സിരുതൈകൾ കച്ചി നടത്തുന്ന പ്രതിഷേധത്തിൽ നിന്ന് / Photo: Thirumavalavan, facebook

അതായത്​, സാമുദായികതയെ, ഫാസിസത്തിനെതിരായ ഒരു ഫോഴ്​സായി വികസിപ്പിക്കാൻ കഴിയുമെന്നോണോ?

ഒരു ഫാസിസ്റ്റ് ശക്തിയെന്ന നിലയ്ക്ക്, മനുഷ്യരെ ഭിന്നിപ്പിച്ച് അധികാരം നിലനിർത്താനുള്ള ഉപകരണമായാണ് സമുദായങ്ങളെയും മതങ്ങളെയും ബി.ജെ.പി കാണുന്നത്. നേരെമറിച്ച് ഇതിനെ വളരെ പോസിറ്റീവായി സമീപിക്കാൻ പറ്റും. സാമുദായികതയെയും മതപരതയെയും ഇന്ത്യൻ ജനതയെ ഐക്യപ്പെടുത്തുന്നതിനുള്ള ശക്തിയായി മാറ്റാൻ കഴിയും. സാമുദായികതയെ ഒരു സബാൾട്ടൻ നവോത്ഥാനത്തിന്റെ കാഴ്ചപ്പാടിൽ കാണണം, നാരായണഗുരുവും ഫൂലേയും ഗാന്ധിയും കണ്ടതുപോലെ. ജാതിസംഘടനകളുടെ നവോത്ഥാനമല്ല അത്. യഥാർഥത്തിൽ, ജാതി- മത സംഘടനകൾ നവോത്ഥാനത്തെ പിടിച്ചെടുക്കുകയാണ് ചെയ്തത്. ഈഴവരുടെ സംഘടന എന്നല്ല ശ്രീനാരായണഗുരു പറഞ്ഞത്. ഈഴവർ ഒരു സമുദായമാണ് എന്നാണ് പറഞ്ഞത്, ആ സമുദായം മനുഷ്യസമുദായത്തിന്റെ ഭാഗമാണ് എന്നും പറഞ്ഞു. കേരളത്തിലെ മുതലാളിമാരായിരുന്നുവല്ലോ എസ്.എൻ.ഡി.പി സ്ഥാപിച്ചത്. അവർ അതിനെ ഒരു ഈഴവസംഘടനയെന്ന നിലയ്ക്ക് നെഗറ്റീവായി സങ്കുചിതപ്പെടുത്തി. അങ്ങനെ ഇതെല്ലാം മനുഷ്യരെ വിഭജിക്കുന്ന നെഗറ്റീവ് സംഘടനകളായി മാറി. ഇന്ത്യ മുഴുവൻ അതാണ് സംഭവിച്ചത്. നാരായണഗുരുവും ഗാന്ധിയും അടക്കമുള്ളവരെ ഇവിടുത്തെ മുതലാളിവർഗവും ബൂർഷ്വാസിയും കവർന്നെടുത്തു. ഇന്ത്യയുടെ ഇത്തരം ശക്തികളെ കവർന്നെടുത്തതിൽ ബി.ജെ.പിക്കും വലിയ റോളുണ്ട്.

സാമുദായികതയെ പോസിറ്റീവായ ഒരു ഡവലപ്പിംഗ് തലത്തിലേക്ക് കൊണ്ടുവരണം. അന്ധവിശ്വാസങ്ങളെയും ജാതിമതിലുകളെയും തട്ടിമാറ്റി, മനുഷ്യനെ വികസിപ്പിക്കുന്ന ശക്തികളാക്കി ഇതിനെ മാറ്റണം. ജനങ്ങളിലുള്ള, ആത്മീയതയുടെയും ഇച്ഛാശക്തിയുടെയും തലത്തിലുള്ള അനാഥത്വത്തെയാണ് ആർ.എസ്.എസ് മുതലെടുക്കുന്നത്. പകരം അവരുടെ മുദ്രാവാക്യങ്ങൾ വക്കുകയാണ് ചെയ്യുന്നത്. തീർച്ചയായും, ഇന്ത്യയുടേതായ ഒരു സെക്യുലർ കോൺസെപ്റ്റ് സാധ്യമാണ്.

കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം ഒരു നെഗറ്റീവ് രാഷ്ട്രീയമായി മാറിയത്. അത് വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയമാണ് യഥാർഥത്തിൽ. ഇങ്ങനെയൊരു നെഗറ്റിവിറ്റി നിറഞ്ഞിരിക്കുന്നതുകൊണ്ടാണ് കേരളത്തിൽ ആർ.എസ്.എസിന്റെ നിഷേധാത്മകത ആവശ്യമില്ലാതായി വരുന്നത്. കേരളത്തിനുമാത്രമായി ഒരു സംഘ്പരിവാറിന്റെ ആവശ്യമില്ലല്ലോ.

കേരളത്തിൽ ബി.ജെ.പി രാഷ്​ട്രീയത്തിന്​ ഒരു മുഖ്യധാരാ സാന്നിധ്യമില്ലെങ്കിലും ആ രാഷ്​ട്രീയത്തിനും ഐഡിയോളജിക്കും ഷെയർ ചെയ്യാൻ കഴിയുന്നതോ അതുമായി ഒത്തുപോകാൻ കഴിയുന്നതോ ആയ ഒരു സോഷ്യോ- പൊളിറ്റിക്കൽ പ്ലാറ്റുഫോം അടിത്തട്ടിൽനിന്ന് പ്രകടമായി​ ഉയർന്നുവരുന്നുണ്ട്​. ഈയൊരു പ്രക്രിയയിൽ, കേരളത്തിലെ ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള വിമർശനങ്ങളെ എങ്ങനെ കാണുന്നു?​

കേരളത്തിലെ ഇടതുപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധതയെക്കുറിച്ച് ഉപരിപ്ലവമായി പലരും പറയുന്നുണ്ടല്ലോ. പലതരത്തിലും ബി.ജെ.പിയുമായി സഹവർത്തിക്കാൻ കഴിവുള്ള ഒരു ഫോഴ്‌സാണ് ഇവിടെ ഇടതുപക്ഷം എന്ന് ഉപരിതലത്തിൽ പറയാറുണ്ട്. എന്നാൽ, ഇക്കാര്യം കുറെക്കൂടി ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. പിണറായി വിജയനും നരേന്ദ്രമോദിയും തമ്മിലുള്ള ഒരു പാരസ്പര്യമായല്ല ഇതിനെ കാണേണ്ടത്. ബി.ജെ.പിയിലും ആർ.എസ്.എസിലുമുള്ളത് സമഗ്രാധിപത്യത്തിന്റേതായ ഒരു നെഗറ്റീവ് രാഷ്ട്രീയമാണ്. ആത്മീയമായും ഇച്ഛാശക്തിയുടെ മണ്ഡലത്തിലുമൊക്കെ ആളുകളെ നിർവീര്യമാക്കി അടിച്ചമർത്തുന്ന പ്രക്രിയയാണ് നടക്കുന്നത്. സ്വയം നിഷേധിക്കുന്ന, എല്ലാത്തിനോടും വിദ്വേഷം പുലർത്തുന്ന ഒരുതരം ആളുകളാക്കി മനുഷ്യരെ മാറ്റുന്ന ഈ നെഗറ്റീവ് രാഷ്ട്രീയപ്രക്രിയക്ക് പ്രത്യേകമായൊരു പേരില്ല, വാസ്തവത്തിൽ. അതിന് ഇന്ത്യയിൽ നാം ഇടുന്ന പേരാണ് ആർ.എസ്.എസ് എന്നത്. ഈ നെഗറ്റീവ് പൊളിറ്റിക്‌സ് ഇന്ത്യയിൽ പല രൂപങ്ങളിലും പ്രവർത്തിക്കുന്നതുപോലെ, കേരളത്തിലും പ്രവർത്തിക്കുന്നുണ്ട്. അത് ഏറ്റവും പ്രയോജനപ്പെടുത്തുന്നത് ഇടതുപക്ഷമാണ്.

കേരളത്തിൽ ആധിപത്യം പുലർത്തുന്ന രാഷ്ട്രീയം നെഗറ്റീവ് ആണ്. ഇവിടെ വളർന്നുവന്ന നവോത്ഥാനത്തെ പണക്കാരും കച്ചവടക്കാരും കരാറുകാരുമൊക്കെ പിടിച്ചെടുത്തതുപോലെ, പുരോഗമന പ്രസ്ഥാനങ്ങളെയും ഉപരിവർഗങ്ങളും ഉയർന്ന ഇടത്തരക്കാരും പിടിച്ചെടുത്തു. അവരുടെ പ്രതിനിധികളായിട്ടാണ് രാഷ്ട്രീയനേതാക്കന്മാർ പ്രവർത്തിക്കുന്നത്. പിണറായി വിജയനോ വി.ഡി. സതീശനോ അല്ല പ്രശ്‌നം, അവരെല്ലാം ഈ പറഞ്ഞ ക്ലാസിന്റെ ഉപകരണങ്ങളാണ്. ഇങ്ങനെയാണ് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം ഒരു നെഗറ്റീവ് രാഷ്ട്രീയമായി മാറിയത്. അത് വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയമാണ് യഥാർഥത്തിൽ. അത്തരമൊരു ‘സൈക്കി' (psyche) ആണ് അതിനകത്ത് വർക്ക് ചെയ്യുന്നത്. ഇത്തരം അമർഷങ്ങളും അസൂയകളും വിദ്വേഷങ്ങളും വെറുപ്പുകളുമൊക്കെ മുദ്രാവാക്യങ്ങളാക്കി മാറ്റുമ്പോൾ അതെല്ലാം പുരോഗമന മുദ്രാവാക്യങ്ങളായി തോന്നും.

ഇങ്ങനെയൊരു നെഗറ്റിവിറ്റി നിറഞ്ഞിരിക്കുന്നതുകൊണ്ടാണ് കേരളത്തിൽ ആർ.എസ്.എസിന്റെ നിഷേധാത്മകത ആവശ്യമില്ലാതായി വരുന്നത്. അല്ലാതെ തന്നെ കേരളത്തിൽ അതുണ്ട്. കേരളത്തിനുമാത്രമായി ഒരു സംഘ്പരിവാറിന്റെ ആവശ്യമില്ലല്ലോ. അത്തരത്തിൽ, വളരെ വിശാലമായി, ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു 'ഡീപ് സ്‌റ്റേറ്റി'ന്റെ പല മുഖങ്ങളായിട്ടാണ് ഇതിനെ കാണേണ്ടത്. ഈ നെഗറ്റീവ് പൊളിറ്റിക്‌സിൽനിന്ന് കരകയറണമെങ്കിൽ ഗാന്ധിയെയും അംബേദ്കറെയും നാരായണഗുരുവിനെയും പുതിയ രീതിയിൽ തിരിച്ചുകൊണ്ടുവരണം, അവരെ കവർന്നെടുത്തവരിൽനിന്ന്.

നെഗറ്റീവ് പൊളിറ്റിക്‌സ് ഇന്ത്യയിൽ പല രൂപങ്ങളിലും പ്രവർത്തിക്കുന്നതുപോലെ, കേരളത്തിലും പ്രവർത്തിക്കുന്നുണ്ട്. അത് ഏറ്റവും പ്രയോജനപ്പെടുത്തുന്നത് ഇടതുപക്ഷമാണ്

​കർഷക സമരം പോലെ, ഗ്രാസ്​ റൂട്ട്​ ലെവലിലുള്ളതും കീഴാളരുടേതുമായ സമരങ്ങൾ വികസിച്ചുവരാനുള്ള സാധ്യത എത്രത്തോളമാണ്​?

കീഴാള ജനതയും ചൂഷിത വിഭാഗങ്ങളും രാഷ്ട്രീയ ഇച്ഛാശക്തി വീണ്ടെടുക്കുന്ന തരത്തിലുള്ള പ്രക്രിയ ആരംഭിക്കേണ്ടതായിട്ടുണ്ട്. സ്ത്രീകളുടെ, ആദിവാസികളുടെ, ദലിതരുടെയെല്ലാം ഗ്രാസ് റൂട്ട് ലെവലിലുള്ള സമരങ്ങൾ ആരംഭിക്കേണ്ടതായിട്ടുണ്ട്. കാരണം, ആർ.എസ്.എസ് ഏറ്റവും ഭയപ്പെടുന്നത് സ്ത്രീകളെയും ദലിതരെയും ആദിവാസികളെയുമാണ്. അവരെ അബ്‌സോർബ് ചെയ്ത് നിർവീര്യമാക്കാൻ ശ്രമിക്കുന്നതും അതുകൊണ്ടാണ്. ഇത്തരം ശക്തികളെ വികസിപ്പിക്കാനുള്ള മാർഗങ്ങളാണ് ആരായേണ്ടത്. അതായത്, പരസ്പരം മുറിച്ചുകടക്കുന്ന ഒരു ഇന്റർസെക്ഷനൽ പൊളിറ്റിക്‌സ്. പഴയ രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാം ഇത്തരം വിഭാഗങ്ങളെ പോഷകസംഘടനകളാക്കി മാറ്റുകയാണ്​ ചെയ്​തത്​. ഇപ്പോൾ അങ്ങനെയല്ല, സംഘടനകൾ തന്നെ സ്വതന്ത്രമായി ഉയർന്നുവരികയാണ്. അവർ തമ്മിൽ പരസ്പരം ബന്ധപ്പെടുന്നു. അതിൽനിന്നുണ്ടാകുന്ന പവർ വളരെ ശക്തമായിരിക്കും.

കീഴാളവിഭാഗങ്ങളുടെ ഇച്ഛാശക്തി വീണ്ടെടുക്കുക എന്ന വലിയ കടമ നിർവഹിക്കാൻ ഇന്നത്തെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്ക് കഴിയില്ല. അവർക്ക് ജനങ്ങളുടെ മുന്നേറ്റത്തിന്റെ കൂടെനിൽക്കാനേ ഇനി കഴിയൂ.

സമീപ മാസങ്ങളിൽ, ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തിൽ വന്ന മാറ്റങ്ങളെ കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. എത്രയോ കാലമായി സ്വേച്ഛാധിപത്യം നടമാടിയിരുന്ന ആ രാജ്യങ്ങളിൽ പുതിയതരം ജനാധിപത്യത്തിന്റെ മുന്നേറ്റങ്ങളാണ് സംഭവിച്ചത്. അത് പാർട്ടികൾ നയിക്കുന്ന കേന്ദ്രീകൃത ജനാധിപത്യമായിരുന്നില്ല, അതിൽനിന്ന് പുറത്തുപോയ ജനങ്ങളുണ്ടാക്കിയ ജനാധിപത്യ കൂട്ടുകെട്ടുകളാണ്. Intersectional insurrection​ ആണത്. അതിൽ, പഴയ മാർക്‌സിസ്റ്റുകാരും ചേരുന്നുണ്ടെന്നേയുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ പ്രവണത ഫ്രാൻസിലും ദൃശ്യമായിട്ടുണ്ട്​. പോഷകസംഘടനകളെന്ന നിലവിട്ട് സ്വതന്ത്രമായ സിംഗുലാരിറ്റികളായി ഈ വിഭാഗങ്ങൾ വികസിക്കുമ്പോൾ അതിന്റെ ശക്തി വളരെ വലുതായിരിക്കും. നിലവിലുള്ള ദലിത് സംഘടനക്ക്​ പാർട്ടി പറയുന്നത് അനുസരിക്കേണ്ട സ്​ഥിതിയാണ്​. പോഷക- അടിമ സംഘടനകൾ എന്ന അസ്​തിത്വത്തിൽനിന്ന്​ ഇത്തരം മനുഷ്യസംഘടനകൾ സ്വതന്ത്രസംഘടനകളായി മാറുകയും അവ തമ്മിൽ സ്വയം സ്വതന്ത്രമായി ബന്ധപ്പെടുകയും ചെയ്യുമ്പോൾ രൂപപ്പെടുന്ന പ്രസ്ഥാനങ്ങളുണ്ടല്ലോ, അവയാണ് പ്രതീക്ഷ നൽകുന്നത്. കീഴാളവിഭാഗങ്ങളുടെ ഇച്ഛാശക്തി വീണ്ടെടുക്കുക എന്ന വലിയ കടമ നിർവഹിക്കാൻ ഇന്നത്തെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്ക് കഴിയില്ല. അവർക്ക് ജനങ്ങളുടെ മുന്നേറ്റത്തിന്റെ കൂടെനിൽക്കാനേ ഇനി കഴിയൂ. ഇത്തരമൊരു മാറ്റം ലോകരാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും വരും. ഉത്തരേന്ത്യയിൽ ഇത്തരം പ്രസ്ഥാനങ്ങൾ വരുന്നതായി കാണുന്നുണ്ട്.

കേന്ദ്രസർക്കാരിന്റെ കാർഷികനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന സമരത്തിൽ നിന്ന്

നേരത്തെ, കർഷക സമരത്തെക്കുറിച്ച്​ സൂചിപ്പിച്ചു. അതിനുശേഷവും രാജ്യം അത്തരം പ്രതി​ഷേധങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും പൊളിറ്റിക്കൽ പൊട്ടൻഷ്യൽ കാത്തുസൂക്ഷിക്കുന്നുണ്ട്​. അത്​, മുഖ്യധാരാ രാഷ്​ട്രീയ പാർട്ടികളിൽനിന്നല്ല, ആക്രമിക്കപ്പെടുകയും ഇരകളാക്കപ്പെടുകയും ​ചെയ്യുന്ന പൗരസമൂഹത്തിൽനിന്നുതന്നെയാണ്​. അത്തരം മുൻകൈകളായിരിക്കുമോ ഭാവിയിലെ പ്രതിരോധ സമരങ്ങളുടെ ഉള്ളടക്കം നിർണയിക്കുന്നത്​?

മേൽസൂചിപ്പിച്ച ​പ്രവണതകളുടെയെല്ലാം മറുവശത്തെക്കുറിച്ച്​ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. ഹിന്ദുത്വ രാഷ്ട്രനിർമാണത്തിൽ നാഴികക്കല്ലായിരുന്നുവല്ലോ പൗരത്വഭേദഗതി നിയമം. കോവിഡിന്റെ പാശ്ചാത്തലത്തിൽ അതിനെതിരായ സമരങ്ങൾ മുന്നോട്ടുപോയില്ലെങ്കിലും, ഇതേ കാലത്ത്​ഉയർന്നുവന്ന സമരങ്ങൾ പ്രതിരോധത്തിന്റെ മാതൃകകളായിരുന്നു. ഉദാഹരണത്തിന് കർഷക സമരം. ഒരു മാസത്തിനുള്ളിൽ പ്രതിഷേധക്കാർ പിരിഞ്ഞുപോകുമെന്നാണ് കേന്ദ്രം കരുതിയത്. എന്നാൽ, ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കലുമില്ലാത്തവിധത്തിൽ, ഒരു വർഷത്തിലേറെ നീണ്ടുനിന്ന ഒരു ‘ഒക്യുപൈ' സമരമായിരുന്നു അത്. സ്വാതന്ത്ര്യസമരക്കാലത്തുപോലും ഇത്തരമൊരു സമരം നടന്നിട്ടില്ല. ഒരു വർഷത്തിലേറെ കാലം ഒരു ജനത മുഴുവൻ തലസ്ഥാനനഗരി ഉപരോധിച്ച് നടത്തിയ സമരം. ഒടുവിൽ അവരുടെ ആവശ്യങ്ങൾക്കു മുന്നിൽ നരേന്ദ്രമോദി സർക്കാറിന് സമ്പൂർണമായി മുട്ടുമടക്കേണ്ടി വന്നു. ഈയൊരു യാഥാർഥ്യം നമ്മുടെ മുന്നിലുണ്ട്. ഇത്തരം യാഥാർഥ്യങ്ങൾക്കുനേരെ കണ്ണടച്ചുകൊണ്ടാണ്, ബി.ജെ.പി പുതിയ ‘പ്ലാനു'കൾ കൊണ്ടുവരുന്നത്.
‘അഗ്‌നിപഥ്' എന്ന പേരിൽ കൊണ്ടുവന്ന സൈന്യത്തിലുള്ള ഇടപെടൽ നോക്കുക. ഇന്ത്യൻ കർഷകസമൂഹത്തെ കരാർകൃഷിയിലേക്ക് മാറ്റുക എന്ന തന്ത്രം പോലെ തന്നെ സൈന്യത്തെയും ഒരു കരാർ പണിയാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് ഇതിനുപിന്നിൽ. സൈന്യത്തിന്റെ ആർ.എസ്.എസ് വൽക്കരണമാണ് അഗ്‌നിപഥിലൂടെ നടപ്പിലാക്കാൻ പോകുന്നത്. സൈന്യത്തിൽനിന്ന് പുറത്തുവന്നവരെ ആർ.എസ്.എസിലേക്ക് റിക്രൂട്ട് ചെയ്യും. പക്ഷേ, ആ നയത്തിനെതിരെയും എത്ര പെട്ടെന്നാണ് യുവാക്കളെ പ്രക്ഷോഭങ്ങൾ രൂപപ്പെട്ടത്. അക്രമാസക്തമായതിനാൽ, അതിന് അത്തരത്തിൽ മുന്നോട്ടുപോകാനായില്ല.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിലെ സമരപന്തലിൽ മുദ്രാവാക്യം വിളിക്കുന്ന സ്ത്രീകളും കുട്ടികളും

കർഷക സംഘടനകൾ ഈയിടെ വീണ്ടും യോഗം ചേർന്നിരുന്നു. സമരം പിൻവലിക്കാൻ നരേന്ദ്രമോദി സർക്കാർ നൽകിയ ഒരുറപ്പും പാലിച്ചിട്ടില്ല. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന കർഷക സമ്മേളനം, സൈന്യത്തിലെ കരാർവൽക്കരണം കൂടി ചർച്ച ചെയ്തു. പ്രതിഷേധിക്കുന്ന യുവജനങ്ങളെ കൂടി കർഷകൾ ഉൾക്കൊള്ളാൻ ശ്രമിക്കുകയാണ്. ‘ജയ് കിസാൻ ജയ് ജവാൻ' എന്ന, പഴയ മുദ്രാവാക്യം അവർ പുതിയ സാഹചര്യത്തിൽ ഏറ്റെടുക്കുകയാണ്. ഒറ്റയടിക്ക് ഇത്തരം പ്രതിഷേധങ്ങൾ വിജയിക്കില്ല എങ്കിലും, ഇത്തരം മൂവ്‌മെന്റുകൾ യാഥാർഥ്യമായി വരികയാണ് എന്നത് പ്രധാനമാണ്.

ഡൽഹിയിലൊക്കെ, അംബേദ്കറുടെയും ഗാന്ധിയുടെയും ഭഗത്‌സിങ്ങിന്റെയുമൊക്കെ ചിത്രങ്ങളുമേന്തി, പ്രകടനം നടത്താൻ പറ്റുന്ന തരത്തിലേക്ക് ഇത്തരം സമരങ്ങൾക്ക് മാറാൻ കഴിഞ്ഞിട്ടുണ്ട്.

ഫാസിസത്തിന്റെ ശക്തിയേക്കാൾ ജനങ്ങളുടെ ശക്തിയിലാണ് നമ്മൾ വിശ്വസിക്കേണ്ടത്. വലിയ സാമ്രാജ്യങ്ങൾ സ്ഥാപിച്ച ഫാസിസ്റ്റുകൾ തന്നെ എത്രകാലം നിലനിന്നു? അതുകൊണ്ട്, ബി.ജെ.പി പറയുന്ന നാൽപതുവർഷം എന്നതുകൊണ്ട്​, പേടിപ്പിക്കാം എന്നല്ലാതെ ഇന്ത്യൻ ജനത അതിന്​ സമ്മതിക്കില്ല. കർഷക സമര പ്രസ്ഥാനങ്ങൾ പോലെയുള്ള ബദൽ പ്രസ്ഥാനങ്ങൾ രൂപപ്പെട്ടുവരും. ലിബറലുകളോ കമ്യൂണിസ്റ്റുകളോ ബി.ജെ.പിയോ പ്രതീക്ഷിച്ചതല്ല, കർഷക സമരം പോലെ ഒരു വർഷം നീളുന്ന ഒരു occupy struggle ഉണ്ടാകുമെന്ന്. ഒരുതരത്തിലുമുള്ള അക്രമവുമില്ലാതെ, സിസ്റ്റമറ്റിക്കായി ജനങ്ങളുടെ ഇച്ഛാശക്തി മാത്രം ഉപയോഗിച്ചാണ് അത് നിലനിന്നത്. അത് എന്തുകൊണ്ട് സാധ്യമായി എന്ന്​ തിരിച്ചറിഞ്ഞാൽ, ബദൽ പ്രസ്​ഥാനങ്ങളുടെ ശേഷി മനസ്സിലാകും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നിന്ന്

ഏതുതരത്തിലുള്ള ജനകീയ ഇടപെടലാണ് ഇത്തരം സന്ദർഭങ്ങൾ അനിവാര്യമാക്കുന്നത്? അടിയന്തരാവസ്ഥക്കാലത്തുണ്ടായ ജനകീയ ഉണർവിനെക്കുറിച്ച് സൂചിപ്പിച്ചല്ലോ. അത്തരമൊരു മുന്നേറ്റം അതേപടി ആവർത്തിക്കുകയല്ല ഇപ്പോൾ ചെയ്യുക. ഇന്ദിരാഗാന്ധിയുടെ സമഗ്രാധിപത്യത്തിനെതിരെ അന്നുണ്ടായ മൂവ്‌മെന്റിന് ലിബറൽ രാഷ്ട്രീയത്തിന്റെ പിന്തുണയുണ്ടായിരുന്നു. ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യദാഹമൊക്കെ അതിനകത്ത് പ്രവർത്തിച്ചിരുന്നു. ആ തരത്തിൽ ഇപ്പോൾ അതിന് ആവർത്തിക്കാൻ കഴിയില്ല. അതേസമയം, വ്യത്യസ്ത തരത്തിൽ അത് ഉയർന്നുവരുന്നു എന്നതാണ് പുതിയ സമരങ്ങൾ കാണിച്ചുതരുന്നത്. സ്ത്രീകൾ മാത്രം നേതൃത്വം കൊടുത്ത് ഷഹീൻബാഗ് പോലൊരു സമരം അടിയന്തരാവസ്ഥക്കാലത്ത് നടക്കില്ല. ഡൽഹിയിലൊക്കെ, അംബേദ്കറുടെയും ഗാന്ധിയുടെയും ഭഗത്‌സിങ്ങിന്റെയുമൊക്കെ ചിത്രങ്ങളുമേന്തി, പ്രകടനം നടത്താൻ പറ്റുന്ന തരത്തിലേക്ക് ഇത്തരം സമരങ്ങൾക്ക് മാറാൻ കഴിഞ്ഞിട്ടുണ്ട്. സ്വത്വരാഷ്ട്രീയസമരങ്ങൾ എന്ന വിശേഷണം ഇപ്പോഴത്തെ സ്ത്രീ- ദലിത് വിമോചന പ്രസ്ഥാനങ്ങൾക്ക് ചേരില്ല. വാസ്തവത്തിൽ ഇതെല്ലാം രാഷ്ട്രീയ പ്രസ്ഥാനങ്ങളാണിന്ന്. സ്വത്വത്തിനുവേണ്ടി മാത്രമല്ല, മറ്റുള്ളവരുടെയും സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിക്കുമ്പോഴേ അവർക്കും സ്വാതന്ത്ര്യം കിട്ടുകയുള്ളൂ എന്ന തിരിച്ചറിവിൽ, സ്ത്രീകൾ പുരുഷന്മാരുടെ സ്വാതന്ത്ര്യത്തിനും ദലിതർ ആദിവാസികളുടെ സ്വാതന്ത്ര്യത്തിനും പിന്നാക്കക്കാർ മറ്റ് കീഴാളരുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയും പ്രവർത്തിക്കുന്നു. ഇന്റർസെക്ഷനലായ സ്വാതന്ത്ര്യപ്രസ്ഥാനങ്ങളുടെ കൂട്ടായ്മകൾ. അത്, ലിബറൽ രാഷ്ട്രീയക്കാർ പറയുന്നതുപോലുള്ള മുന്നണികളല്ല. മുന്നണികൾ എന്നു പറയുന്നത് മുന്നിൽനിന്ന് നേതാക്കന്മാരുണ്ടാക്കുന്ന കൂട്ടുകെട്ടുകളാണ്. ഇത് അണികളിൽനിന്നുള്ള സഹവർത്തിത്വമാണ്. പല സമരങ്ങളിലും ഇത് ദൃശ്യമാണ്.
ഫ്രാൻസിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ ഇടതുപക്ഷചായ്‌വുണ്ടല്ലോ, അതിനുപിന്നിൽ ഏതെങ്കിലും പാർട്ടിയുടെയോ നേതൃത്വത്തിന്റെയോ കൂട്ടുകെട്ടല്ല ഉള്ളത്, അടിയിൽനിന്നുള്ള ഇത്തരം പ്രസ്ഥാനങ്ങളുടെ സഹവർത്തിത്വമാണ്. ലാറ്റിനമേരിക്കയിലും അതുതന്നെയാണ് സംഭവിക്കുന്നത്. കറുത്തവരുടെയും സ്ത്രീകളുടെയുമൊക്കെ പ്രസ്ഥാനങ്ങളുടെ സഹവർത്തിത്വമാണ് കാണുന്നത്. പുതിയൊരു സ്വാതന്ത്ര്യസങ്കൽപം, വിമോചനസങ്കൽപം തന്നെ ഇവയിലൂടെ ഉയർന്നുവരുന്നുണ്ട്. അത്തരമൊരു വിമോചന സങ്കൽപ്പം ഇന്ത്യയിലും ഉയർന്നുവരും. അതിനുമുന്നിൽ ബി.ജെ.പിയുടെ നാൽപതുകൊല്ലത്തെ ഭരണസ്വപ്നങ്ങൾ ചിതറിപ്പോകും. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ബി. രാജീവൻ

അധ്യാപകൻ. സാഹിത്യ വിമർശനം, തത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, രാഷ്ട്രീയചിന്ത, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ മൗലികമായ അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുന്ന ചിന്തകൻ. അടിയന്തരാവസ്ഥക്കെതിരെ നിലപാടെടുത്തതിന് പൊലീസ് മർദ്ദനവും വീട്ടുതടങ്കലും നേരിട്ടു. ജനകീയ സാംസ്‌കാരികവേദിയുടെ കാലത്ത് അറസ്റ്റുചെയ്യപ്പെടുകയും ദീർഘകാലം കോളജ് അധ്യാപകജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. കീഴാള മാർക്‌സിസവും കീഴാള ജനാധിപത്യവും, പ്രളയാനന്തര മാനവികത, ജൈവ രാഷ്ട്രീയവും ജനസഞ്ചയവും, ഇന്ത്യയുടെ വീണ്ടെടുക്കൽ തുടങ്ങിയവ പ്രധാന കൃതികൾ.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments