രാമക്ഷേത്രത്തിന്റെ തറക്കല്ലിടലും ആർ.എസ്.എസ് അടവുമാറ്റത്തിന്റെ പൊരുളും

ഹിന്ദുമതത്തിന്റെ ഔദ്യോഗിക ധർമഗുരുക്കന്മാരുടെ നിർദ്ദേശം അവഗണിച്ചാണ് കാശ്മീർ വിഭജനത്തിന് ഒരു വർഷം തികയുന്ന ആഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര ശിലാന്യാസത്തിന് തിയ്യതി കുറിച്ചത്. രാമക്ഷേത്ര ശിലാന്യാസത്തിനു പിന്നിലെ മതാചാര ലംഘനത്തിൽ പ്രകടമാവുന്ന കീഴാളവത്ക്കരണം എന്ന പ്രത്യക്ഷമായ അടവുമാറ്റം ഭരണകൂടത്തിന് എതിർനിൽക്കുന്ന ജനസഞ്ചയത്തിന്റെ സ്വാധികാരത്തെ ഹിന്ദുത്വരാഷ്ട്ര നിർമാണം എന്ന ആർ.എസ്.എസിന്റെ അടിസ്ഥാന തന്ത്രത്തിനു വിധേയമാക്കാനും ആ ശക്തിയുമായി സന്ധി ചെയ്യാനുമുള്ള ഒരു തുറന്ന ശ്രമമാണെന്ന് കരുതേണ്ടിയിരിക്കുന്നു

യോദ്ധ്യയിൽ ബാബരി മസ്ജിദ് തകർത്ത മണ്ണിൽ രാമക്ഷേത്ര നിർമാണത്തിന് ആർ.എസ്.എസ് നടത്തിയ ശിലാന്യാസം, ഭിന്ന ജീവിതധാരകളിലൂടെ ആയിരത്താണ്ടുകൾകൊണ്ട് രൂപപ്പെട്ട ഇന്ത്യയെ ഇന്ത്യയാക്കുന്ന അതിന്റെ മഹത്തായ ജനസഞ്ചയ സംസ്‌കാരത്തിനും പാരമ്പര്യത്തിനുമേറ്റ അതിഭീമമായ പ്രഹരമായിത്തന്നെ കരുതാം. കാരണം, ഈ സംഭവം ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചയിലെ പുതിയൊരു ചുവടുവെപ്പിന്റെ തുടക്കമായിത്തീരുന്നു. ഇന്ത്യൻ ജനതയുടെ മുഴുവൻ പ്രതിനിധി എന്ന നിലയിൽ ശിലാന്യാസ വേദിയിൽ നിന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിജയാഹ്ലാദം അലയടിക്കുന്ന ഉജ്ജ്വല പ്രഭാഷണം ഇതിന്റെ പ്രഖ്യാപനമാണ്.
അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ചതിലൂടെ ആർ.എസ്.എസ് കൈവരിച്ച വിജയത്തെ ഐതിഹാസികമായ സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യൻ ജനത നേടിയ വിജയത്തോടാണ് നരേന്ദ്രമോദി തുല്യപ്പെടുത്തിയത്. എന്നാൽ ബ്രിട്ടീഷുകാരെ തുരത്തുന്നതിനുള്ള സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യൻ ജനത നേടിയ വിജയത്തേക്കാൾ മഹത്തരമായ ഒരു വിജയമാണിതെന്ന് പരോക്ഷമായി പറയാനാണ് യഥാർത്ഥത്തിൽ നരേന്ദ്രമോദി ശ്രമിക്കുന്നത്. പല തലമുറകളുടെ നൂറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെ ഇന്ത്യൻ ജനത കൈവരിച്ച വിജയമെന്നാണ് ഇതിനെക്കുറിച്ചദ്ദേഹം പറയുന്നത്. ഈ പ്രസ്താവത്തിലെ വർഗീയ രാഷ്ട്രീയ വിവക്ഷ വ്യക്തമാണ്.

തകർക്കപ്പെട്ട  ബാബരി മസ്ജിദ്
തകർക്കപ്പെട്ട ബാബരി മസ്ജിദ്

ഇന്ത്യൻ ജനതയുടെ രാഷ്ട്രീയ വിജയം എന്നത് ക്രിസ്ത്യാനികളേയും മുസ്‌ലിംകളെയും പരാജയപ്പെടുത്തിക്കൊണ്ടുള്ള ഹിന്ദുക്കളുടെ വിജയം മാത്രമായി വെട്ടിച്ചുരുക്കുന്ന ഒരു ആധുനിക ഹിന്ദു രാഷ്ട്രവാദിയുടെ വാക്കുകളാണിവ.

രാഷ്ട്രീയ എതിരാളികൾ ഇല്ലാതാകുന്ന ആർ.എസ്​. എസ്

രാമക്ഷേത്ര ശിലാന്യാസത്തെ ഐതിഹാസിക നിമിഷം എന്ന് വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി ആ നിമിഷത്തെ, നീണ്ട കാത്തിരിപ്പിന്റെ അവസാനമാണെന്ന് കണ്ടെത്തുക കൂടി ചെയ്യുന്നു. എന്തിനുവേണ്ടിയുള്ള, ആരുടെ കാത്തിരിപ്പായിരുന്നു അത്? ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമെന്ന നിലയിൽ സ്വതന്ത്രമാകുമ്പോൾ മാത്രമേ തന്റെ ചിതാഭസ്മം ഗംഗയിൽ നിമജ്ജനം ചെയ്ത് തന്റെ ആത്മാവിനു ശാന്തി നൽകാവൂ എന്ന് പ്രതിജ്ഞയെടുത്ത

ആശങ്കപ്പെടുത്തുന്ന ഒരു വസ്തുത, ജനാധിപത്യത്തിനുവേണ്ടി വാചാലരാകുന്ന ഇന്ത്യൻ ലിബറൽ- ഇടത് രാഷ്ട്രീയ പ്രസ്ഥാന ഭേദങ്ങൾക്കും അവക്ക് താത്വികമായ പിൻബലം നൽകുന്ന ധൈഷണിക സമൂഹത്തിന് ഇനിയും ഈ തിരിച്ചറിവിന്റെ പൊരുൾ ഉൾക്കൊള്ളാനായിട്ടില്ല എന്നതാണ്

ഗോഡ്സെയുടെ ഗതികിട്ടാതലഞ്ഞ ആത്മാവിന്റെ കാത്തിരിപ്പായിരുന്നുവോ അത്. എന്നാൽ ഗോഡ്സെയുടെ ആത്മാവിന് മോക്ഷം കൊടുക്കാൻ പോന്ന ഈ ഹിന്ദുത്വരാഷ്ട്ര ശിലാന്യാസത്തെ മഹാത്മാഗാന്ധിയുടെ രാമരാജ്യത്തിന്റെ സാക്ഷാൽക്കാരത്തിനുള്ള തുടക്കം കുറിക്കലാണ് എന്നുകൂടി നരേന്ദ്രമോദി വിശേഷിപ്പിക്കുന്നു. ഇതിലൂടെ ഇന്ത്യയിലെ ലിബറൽ മുതലാളിത്ത രാഷ്ട്രീയക്കാരും ഇനിയും സ്റ്റാലിനിസത്തെ വിവിധ തീവ്രതകളിൽ പിന്തുടരുന്ന ഇടതുപക്ഷക്കാരും ഫലത്തിൽ പൂർണമായി അവഗണിച്ച ഗാന്ധിയെ അദ്ദേഹത്തിന്റെ ഘാതകരുടെ രാഷ്ട്രീയം അനായാസം സ്വാംശീകരിക്കാൻ ശ്രമിക്കുന്ന ഘോരമായ ഒരു ദുരന്ത സന്ദർഭത്തിനു നാം സാക്ഷിയാവുകയാണ് ചെയ്യുന്നത്.
ഇതുമാത്രമല്ല; ഇന്ത്യയുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും മൊത്തമായ അവകാശികൾ തങ്ങൾ മാത്രമാണെന്ന പൂർണബോദ്ധ്യത്തിൽ നിന്നാണ് ആർ.എസ്.എസ് അയോദ്ധ്യയിൽ പണിതുയർത്താൻ പോകുന്ന രാമക്ഷേത്രം ഭാരതീയ സംസ്‌കാരത്തിന്റെ ആധുനിക പ്രതീകമാണെന്ന അവകാശവാദം ഈ സന്ദർഭത്തിൽ നരേന്ദ്രമോദി ഉയർത്തുന്നത്. അതുപോലെ, ഇന്ത്യൻ ജനതയെന്നാൽ ഹിന്ദുരാഷ്ട്രത്തിലെ പൗരർ മാത്രമായിത്തീരുന്ന ഒരു ആസന്ന ഭാവി യാഥാർഥ്യത്തെ വിഭാവനം ചെയ്തുകൊണ്ടാണ് ആർ.എസ്.എസിന്റെ ശിലാന്യാസം ഇന്ത്യൻ ജനതയുടെ മുഴുവൻ മഹാസ്വപ്‌നത്തിന്റെ സാക്ഷാത്ക്കാരമാണെന്നും ഈ ഐതിഹാസിക നിമിഷത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും മനസ്സ് പ്രകാശഭരിതമായിരിക്കുന്നു എന്നും നരേന്ദ്രമോദി ആവേശഭരിതനായി പറയുന്നത്.
ഈ സന്ദർഭത്തിൽ, നരേന്ദ്രമോദിയുടെ വിജയാഹ്ലാദത്തിന് തിളക്കം കൂട്ടാൻ പോന്ന കോൺഗ്രസിന്റെ അവസ്ഥകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും പേരിൽ സംഘപരിവാറിന്റെ അജണ്ടകൾക്കെതിരെ ശബ്ദമുയർത്താൻ ശക്തിയുണ്ടായിരുന്ന ഒരേയൊരു അഖിലേന്ത്യാ രാഷ്ട്രീയ പ്രസ്ഥാനമായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വം പ്രധാനമന്ത്രി തന്നെ നേരിട്ട് നടത്തിയ രാമക്ഷേത്ര ശിലാന്യാസത്തോട് കൈക്കൊണ്ട അവ്യക്തത നിറഞ്ഞ അയഞ്ഞ സമീപനം എന്തിന്റെ സൂചനയാണ്? എന്തായാലും ഹിന്ദുത്വരാഷ്ട്ര നിർമാണം ലക്ഷ്യം വയ്ക്കുന്ന ആർ.എസ്.എസിനും കൂട്ടാളികൾക്കും ഇന്ത്യയിൽ പഴയ രാഷ്ട്രീയ എതിരാളികൾ ഇല്ലാതാകുന്നതിന്റെ ലക്ഷണങ്ങൾ ഇത് വ്യക്തമാക്കിത്തുടങ്ങിയിരിക്കുന്നു. ഇനി വരുന്ന തെരഞ്ഞെടുപ്പുകളിൽ ഇന്ത്യക്കാർക്ക് ബി.ജെ.പിയുടെ ഹിന്ദുത്വത്തിന് വോട്ടുചെയ്യണമോ കോൺഗ്രസിന്റെ ഹിന്ദുത്വത്തിന് വോട്ടുചെയ്യണമോ എന്ന് സംശയിക്കാൻ പോന്ന വിധം ഇന്ത്യയുടെ ലോകോത്തരമായ ജനാധിപത്യ-മതനിരപേക്ഷ രാഷട്രീയ ചക്രവാളം ചുരുങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കീഴാള ജനസഞ്ചയത്തെ മെരുക്കിയെടുക്കാൻ

ഇങ്ങനെ ഒട്ടനവധി അവകാശ വാദങ്ങളോടെ ആഘോഷപൂർവ്വം നിർവ്വഹിക്കപ്പെട്ട രാമക്ഷേത്ര ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു നിരീക്ഷണം ഈ സംഭവത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചരിത്രത്തിലെ പുതിയ വഴിത്തിരിവുമായി ബന്ധിപ്പിക്കുന്ന ഒന്നാണ് (The conservative Challenge to Hindutva- Sajjan Kumar -The Hindu, August 4 .2020 ). ശങ്കരാചാര്യർ അടക്കമുള്ള ഹിന്ദുമതത്തിന്റെ ഔദ്യോഗിക ധർമഗുരുക്കന്മാരുടെ നിർദ്ദേശം അവഗണിച്ചാണ് കാശ്മീർ വിഭജനത്തിന് ഒരു വർഷം തികയുന്ന ആഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര ശിലാന്യാസത്തിന് തിയ്യതി കുറിച്ചതെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് ഈ നിരീക്ഷണം. ജ്യോതിഷ പ്രകാരവും പരമ്പരാഗത മതാചാര പ്രകാരവും ആഗസ്റ്റ് 5 കറുത്ത പക്ഷത്തിലെ ദ്വിതീയ ആകയാൽ ക്ഷേത്ര ശിലാന്യാസത്തിന് നിഷിദ്ധമായ ദിവസമാണത്രേ. മതാചാര്യന്മാർ നിർദ്ദേശിക്കുന്ന പരമ്പരാഗത ആചാര വിധികളെ അവഗണിച്ചുള്ള ഈ ശിലാന്യാസത്തെ യാഥാസ്ഥിതിക സവർണ പൗരോഹിത്യത്തിന്റെ പിടിയിൽ നിന്ന് ആന്തരിക സംഘർഷങ്ങളെ അവഗണിച്ച് ആർ.എസ്.എസിനെ മോചിപ്പിച്ച് താഴേക്ക് കൊണ്ടുവരുന്നതിലൂടെ കീഴാളവത്ക്കരിക്കാനുള്ള ഒരു ചുവടു വയ്പ്പായാണ് ഈ നിരീക്ഷണം വിലയിരുത്തുന്നത്.
എന്നാൽ ബ്രാഹ്മണ കേന്ദ്രിതത്വം വിട്ട് ബഹുഭൂരിപക്ഷം വരുന്ന ദളിതരിലേക്കും മറ്റ് ശൂദ്ര പിന്നോക്കജാതികളിലേക്കും ഇറങ്ങിച്ചെന്നുകൊണ്ടുള്ള ആർ.എസ്.എസിന്റെ മുകളിൽ നിന്ന് താഴേക്കുള്ള ഈ കീഴാളവത്ക്കരണം

ഇന്ത്യൻ ദേശീയത എന്ന രാഷ്ട്രീയ സംഘമഹാഭാവന, യഥാർത്ഥത്തിൽ ആരുടെ ഭാവനയാണെന്ന് ആർ.എസ്.എസ് തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അതാണ് രാമക്ഷേത്ര ശിലാന്യാസത്തിന്റെ ആഘോഷങ്ങളിലും ആഹ്വാനങ്ങളിലും അടവ് മാറ്റത്തിലും തെളിഞ്ഞു വരുന്നത്

യഥാർത്ഥത്തിൽ തലതിരിഞ്ഞുള്ള പ്രക്രിയയാണ്. കാരണം, അത് താഴെയുള്ള കീഴാളരെ ശക്തിപ്പെടുത്തുന്നതിനു പകരം മുകളിലുള്ള ആർ.എസ്.എസിനെ ശക്തിപ്പെടുത്താൻ ഉള്ളതാണ്. കർഷകരും കൈവേലക്കാരും ദളിതരും ആദിവാസികളുമടക്കമുള്ള കീഴാള ജനസഞ്ചയങ്ങൾ സ്വന്തം ജീവിതാധികാരത്തിന്റെ സ്വച്ഛന്ദത (Autonomy) യെ മുൻനിർത്തി മേലാള ഭരണവർഗങ്ങൾക്കെതിരെ രാഷ്ട്രീയമായും സാംസ്‌കാരികവുമായും നടത്തിയ താഴെനിന്നുള്ള ചെറുത്തുനിൽപ്പുകൾ പൗരാണികകാലം മുതൽ ഇന്ത്യയുടെ ചരിത്രത്തിലുടനീളം കാണാൻ കഴിയും. എന്നാൽ ആർ.എസ്.എസ് നയിക്കുന്ന മുകളിൽ നിന്ന് താഴേക്കുള്ള ഈ കീഴാളവത്ക്കരണം കീഴാള ജനതയുടെ സാമൂദായിക സംഘജീവിതത്തിന്റെ ശക്തികളെ മതവർഗ്ഗീയതയായി പരിവർത്തിപ്പിക്കുന്നതിനും ദുഷിപ്പിക്കുന്നതിനുമുള്ള ഒരു നവഫാസിസ്റ്റ് ഭരണകൂട രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമാണ്.

എൽ.കെ അദ്വാനിയുടെ നേതൃത്വത്തിൽ നടന്ന രഥയാത്ര
എൽ.കെ അദ്വാനിയുടെ നേതൃത്വത്തിൽ നടന്ന രഥയാത്ര

ഇന്ത്യൻ ഭരണവർഗങ്ങൾക്കു വേണ്ടി കീഴാള ജനതയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള മുന്നേറ്റങ്ങളെ നിഷ്‌ക്രിയവും നിർവീര്യവുമാക്കുന്നതിനുള്ള ഈ പദ്ധതിക്ക് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ ആർ.എസ്.എസ് തുടക്കം കുറിച്ചു കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യൻ കീഴാള ജനതയുടെ മോചനത്തിലേക്ക് വഴിതുറക്കുന്ന ഒരു പുതിയ വ്യവഹാരത്തിന് തുടക്കം കുറിച്ചത് ജാതി സ്വത്വ വിമോചനത്തെ ഒരു രാഷ്ട്രീയ പ്രശ്‌നമായി ഉയർത്തിയെടുത്ത മണ്ഡൽ കമ്മീഷൻ റിപ്പോർട്ടാണ്. ആ വ്യവഹാരം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉയർത്തി വിട്ടേക്കാവുന്ന അടിത്തറയിളക്കുന്ന പ്രത്യാഘാതങ്ങളെ ഭയന്ന് അതിനെ വഴിതിരിച്ചു വിടുക എന്ന ലക്ഷ്യത്തോടെയാണ് ജനങ്ങളുടെ മത വികാരത്തിന് തീ കൊളുത്തുന്ന രാമജന്മ ഭൂമിയുടെ മോചനത്തിന്റെ പ്രശ്‌നം വികാര തീവ്രതയോടെ ഉയർത്തിയെടുക്കപ്പെട്ടത്. അതിനു വേണ്ടിയാണ് എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ പുരാതനമായ സോമനാഥ ക്ഷേത്രം മുതൽ അയോദ്ധ്യ വരെ നീളുന്ന ആവേശകരവും പൗരുഷോജ്ജ്വലവും സൈനികോൽസുകവുമായ രഥയാത്രക്ക് ആർ.എസ്.എസ് പദ്ധതിയിട്ടത്. ഇന്ത്യൻ ഭരണ വർഗങ്ങൾക്കു വേണ്ടി കീഴാള ജനതയുടെ മോചന തൃഷ്ണകളെ വഴിതിരിച്ചു വിടാൻ ശ്രമിച്ച ഈ ആർ.എസ്.എസ് പദ്ധതിയുടെ പൂർത്തീകരണമാണ് ഇപ്പോൾ നരേന്ദ്രമോദി രാമക്ഷേത്രത്തിന് തറക്കല്ലിടുമ്പോൾ സംഭവിക്കുന്നത്. അതിനാൽ ആർ.എസ്.എസിന്റെ കീഴാളവത്ക്കരണം വിമോചനത്തിലേക്കുള്ള മുന്നേറ്റങ്ങളിൽ നിന്ന് വഴിത്തിരിക്കപ്പെട്ട കീഴാള ജനസഞ്ചയത്തെ, മിഷേൽ ഫൂക്കോ പറഞ്ഞതുപോലെ വിമോചനമാണെന്നു വിശ്വസിച്ച് അടിമത്തം വരിക്കാൻ പാകത്തിൽ മെരുക്കിയെടുക്കാനുള്ള ശ്രമമാണ്.

വിധ്വംസക യന്ത്രത്തിന്റെ മുഴക്കം

എന്നാൽ യാഥാസ്ഥിതിക ഹിന്ദുത്വത്തെ പ്രതിനിധാനം ചെയ്യുന്ന ധർമ ഗുരുക്കന്മാർ അടക്കമുള്ള സംഘപരിവാർ നേതൃത്വവും മതഫാസിസത്തിന്റെ രാഷ്ട്രീയ വിജയത്തിന് പ്രാധാന്യം കൽപിക്കുന്ന നരേന്ദ്രമോദിയേയും അമിത് ഷായേയും പോലുള്ള നേതാക്കളും തമ്മിലുള്ള സംഘർഷത്തിനുപോലും ഇടയാക്കുന്ന ഈ അടവുമാറ്റത്തിന് കാരണമെന്ന് കരുതാവുന്ന മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഹിന്ദുത്വ രാഷ്ട്രീയം ഭരണമേറ്റെടുത്തതിനു ശേഷം ഇന്ത്യയിൽ ഉയർന്നു വന്നിരിക്കുന്ന പുതിയ രാഷ്ട്രീയ സമരങ്ങളുടേതാണ് ആ പശ്ചാത്തലം. പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും രക്ഷകരല്ലെന്നു

ഷഹീൻ ബാഗിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് വ്യാപിച്ച ഈ സമര രൂപത്തെ നിശ്ശബ്ദമാക്കാൻ കോവിഡിന്റെ മറവിൽ മാത്രമാണ് നരേന്ദ്രമോദിക്ക് സാധിച്ചത്

ബോധ്യമായ ഗ്രാമീണ കർഷകരും ദളിതരും കൈവേലക്കാരും ആദിവാസികളും സ്ത്രീകളും വിദ്യാർത്ഥികളും നടത്തുന്ന പ്രക്ഷോഭങ്ങളാണവ. ആ പ്രക്ഷോഭങ്ങളുടെ പുതിയ രാഷ്ട്രീയ ഉള്ളടക്കം മാധ്യമങ്ങളും ബുദ്ധിജീവികളും വേണ്ടവിധം തിരിച്ചറിയുന്നില്ലെങ്കിലും ആർ.എസ്​.എസ് നയിക്കുന്ന നവഫാസിസ്റ്റ് ഭരണകൂടം, ഴീൽ ദെലെസിന്റെ ഭാഷയിൽ പറഞ്ഞാൽ, അവയിൽ പ്രവർത്തിക്കുന്ന വിധ്വംസക യന്ത്ര (War Machine) ത്തിന്റെ മുഴക്കം തിരിച്ചറിയുന്നുണ്ട് എന്ന് കരുതേണ്ടിയിരിക്കുന്നു. ഈ പ്രക്ഷോഭങ്ങളിൽ ഏറിയ പങ്കും കോടിക്കണക്കായ ഗ്രാമീണ കർഷകരുടേയും ആദിവാസികളുടേയും മീൻപിടുത്തക്കാരുടേയും മറ്റും ആവാസവ്യവസ്ഥയെ തകർക്കുന്ന മോദി ഗവൺമെന്റിന്റെ നിഷ്‌കരുണമായ നവലിബറൽ മുതലാളിത്ത വികസന നയത്തിനെതിരേ ഉയർന്നവയായിരുന്നു. ഈ സമരങ്ങളുടെ രാഷ്ട്രീയം മറ്റൊരു തരത്തിൽ ഏറ്റെടുക്കുകയാണ് ഇന്ത്യയിലെമ്പാടുമുള്ള യൂണിവേഴ്‌സിറ്റികളിലേയും ഐ.ഐ.റ്റികളിലേയും കലാവിദ്യാലയങ്ങളിലേയും വിദ്യാർത്ഥികൾ ചെയ്തത്. ഈ പ്രക്ഷോഭങ്ങൾക്ക് സമാന്തരമായി പുരുഷാധിപത്യത്തിനെതിരേ സ്ത്രീകൾ സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വീടുവിട്ടു പുറത്തിറങ്ങിയ, ആയിരക്കണക്കായ സമരങ്ങൾ ഉയർന്നുവരികയുമുണ്ടായി. ഈ സമരപരമ്പരകളിൽ ഏറ്റവും ഒടുവിൽ കണ്ടത് നരേന്ദ്രമോദി ഗവണ്മെന്റ് ഹിന്ദുത്വ രാഷ്ട്ര സംസ്ഥാപനമെന്ന അതിന്റെ മുഖ്യ അജണ്ടയുടെ ആദ്യ ചുവടുവയ്പ്പെന്ന നിലയിൽ പുറത്തെടുത്ത പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ പട്ടികക്കുമെതിരെ, ജനങ്ങളുടെ ജനാധിപത്യാധികാരത്താൽ പ്രചോദിതമായി ഉയർന്നുവന്ന പ്രക്ഷോഭങ്ങളാണ്. വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികളും ബഹുജനങ്ങളും മുൻകൈയെടുത്ത ഈ പ്രക്ഷോഭങ്ങളെ ആർ.എസ്.എസ് ഗുണ്ടകളേയും പോലീസിനെയും ഉപയോഗിച്ച് അമർച്ച ചെയ്യാനാണ് മോദി സർക്കാർ ശ്രമിച്ചത്.
എന്നാൽ ദില്ലിയിൽ ഭീം ആദ്മി നയിച്ച പ്രക്ഷോഭങ്ങൾക്ക് അനുഭാവം പ്രകടിപ്പിച്ച് ഷഹീൻബാഗിൽ ആയിരക്കണക്കിന് സ്ത്രീകൾ ഒത്തുചേർന്നു തുടങ്ങിയ കുടിപാർപ്പു സത്യാഗ്രഹം (OCCUPY STRUGGLE), പഴയ രാഷ്ട്രീയക്കാർക്ക് പിടികിട്ടാൻ ബുദ്ധിമുട്ടുള്ള മുൻപറഞ്ഞ സമരങ്ങളുടെ രാഷ്ട്രീയത്തെ കൂടുതൽ ശക്തവും വ്യക്തവുമായി ഉയർത്തികാട്ടുകയാണ് ചെയ്തത്. സ്ത്രീകളും വയോധികരും കുട്ടികളുമടക്കം വീടുകളുടെ ഉള്ളിൽനിന്ന്, പഴയ രാഷ്ട്രീയത്തിന്റെ സ്വകാര്യ- പൊതുമണ്ഡല വിഭജനത്തെ തകർത്ത് നിശ്ചയദാർഢ്യത്തോടെ പൊതുസ്ഥലങ്ങൾ കയ്യടക്കുന്ന ഈ സമരത്തിന്റെ രാഷ്ട്രീയം ഫാസിസ്റ്റുകൾക്ക്, പിശാചിന് കുരിശെന്നപോലെ ചെറുക്കാൻ പ്രയാസമുള്ള ഒരു പ്രതിഭാസമാണ്. കാരണം ഫാസിസം പുരുഷ രാഷ്ട്രീയത്തിന്റെ, അതായത് മനുഷ്യശരീരങ്ങളെ വിഭജിച്ചു വിന്യസിക്കുന്ന ഭരണകൂട ജൈവാധികാരത്തിന്റെ പരകോടിയാണ്. സ്വകാര്യ- പൊതു മണ്ഡല വിഭജനത്തെ തട്ടിമാറ്റുന്ന, അങ്ങനെ സ്ത്രീ- പുരുഷ വൈപരീത്യത്തേയും മറികടന്നു പോകുന്ന രാഷ്ട്രീയത്തിന്റെ ഈ സ്‌ത്രൈണവത്ക്കരണം (Becoming woman of Politics) പുരുഷാധികാരത്തിന്റെ ദൃഢീകരണത്തെ അസാദ്ധ്യമാക്കുന്ന ഒരു പ്രക്രിയയാണ്. പൊലീസിന്റെ സഹായത്തോടെ ഷഹീൻ ബാഗിലെ കുടിപാർപ്പു സത്യാഗ്രഹം പിരിച്ചുവിടാൻ കപിൽ മിശ്ര എന്ന ബി.ജെ.പി നേതാവ് നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോഴാണ് അയാൾ ആയുധ ധാരികളായ ആർ.എസ്.എസ് ഗുണ്ടകളെ മുസ്‌ലിംകൾക്ക് നേരെ ഇളക്കി വിട്ട് ഡൽഹിയിൽ വർഗീയ കലാപത്തിന് ആഹ്വാനം നൽകിയത്. എന്നാൽ ഷഹീൻ ബാഗിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് വ്യാപിച്ച ഈ സമര രൂപത്തെ നിശ്ശബ്ദമാക്കാൻ കോവിഡിന്റെ മറവിൽ മാത്രമാണ് നരേന്ദ്രമോദിക്ക് സാധിച്ചത്. മാത്രമല്ല മേൽവിവരിച്ച പുതിയ രാഷ്ട്രീയ സമരങ്ങൾക്ക് നേതൃത്വം കൊടുത്തവരേയും പിന്തുണച്ചവരേയും കണ്ടെത്തി അറസ്റ്റുചെയ്ത് കരിനിയമങ്ങൾ ചുമത്തി തിടുക്കത്തിൽ ജയിലിൽ അടക്കാൻ നരേന്ദ്രമോദി സർക്കാർ കോവിഡിന്റെ അടിയന്തര അപവാദാവസ്ഥയെ (State of Exception) ആശ്രയിക്കുകയാണിപ്പോൾ ചെയ്യുന്നത്.

പേടി ജനാധിപത്യത്തെ, കീഴാള ജനതയെ

അതിനാൽ, ഇങ്ങനെ ഇന്ത്യയിൽ ഉയർന്നു വരാൻ തുടങ്ങുന്ന ഈ പുതിയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്തുകൊണ്ടു വേണം അയോദ്ധ്യയിൽ ആർ.എസ്.എസ് തറക്കല്ലിടുന്നതിനു പിന്നിലെ ആഘോഷത്തിന്റെയും കീഴാളവത്ക്കരണത്തിലേക്കുള്ള അടവുമാറ്റത്തിന്റെയും രാഷ്ട്രീയത്തെ വിലയിരുത്താൻ.
കാരണം, രാഷ്ട്രീയശക്തി ക്ഷയിച്ചു കൊണ്ടിരിക്കുകയും ബി.ജെ.പി യെ അനുകരിക്കുന്നതിലൂടെ അതിജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കോൺഗ്രസ്സോ നവ ഫാസിസ്റ്റ് രാഷ്ട്രീയത്തോട് കൃത്യമായ നിലപാട് കൈക്കൊള്ളാൻ കഴിയാത്ത സോഷ്യലിസ്റ്റുകളോ നാമമാത്രമായിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളോ ഇന്നത്തെ നിലക്ക് ആർ.എസ്.എസിന്റെ രാഷ്ട്രീയത്തിന് കാര്യമായ വെല്ലുവിളി ഉയർത്താൻ പോകുന്നില്ല എന്ന് അവർക്കറിയാം. എന്നാൽ അവർ ഇപ്പോഴും യഥാർത്ഥത്തിൽ ഭയക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തെയാണ്; അതായത്, ഇന്ത്യൻ

പുതിയ രാഷ്ട്രീയ സമരങ്ങൾക്ക് നേതൃത്വം കൊടുത്തവരേയും പിന്തുണച്ചവരേയും കണ്ടെത്തി അറസ്റ്റുചെയ്ത് ജയിലിൽ അടക്കാൻ നരേന്ദ്രമോദി സർക്കാർ കോവിഡിന്റെ അടിയന്തര അപവാദാവസ്ഥയെ ആശ്രയിക്കുകയാണിപ്പോൾ ചെയ്യുന്നത്

ജനാധിപത്യത്തിന്റെ യഥാർത്ഥ ഉള്ളടക്കമായി വർത്തിക്കുന്ന കോടിക്കണക്കായ ഇന്ത്യൻ കീഴാള ജനതയെയാണ്; മേലാള ഭരണകൂടാധികാരത്തിന് കീഴ്‌പ്പെട്ടു നിൽക്കുന്ന കീഴാള ജനകോടികളുടെ സ്വാധികാരത്തെയാണ്. നൂറ്റാണ്ടുകളോളം കൊടിയ അടിച്ചമർത്തലുകളും കൊള്ളകളും നടത്തി ചവിട്ടി മെതിച്ചിട്ടും ബ്രിട്ടീഷ് സാമ്രാജ്യത്തിന് പൂർണമായി കീഴ്‌പ്പെടുത്താൻ കഴിയാതിരുന്ന ഇന്ത്യൻ ജനതയുടെ, ചെറുത്തു നിൽക്കുകയും ഉയർത്തെഴുന്നേൽക്കുകയും ചെയ്ത ശക്തിയെത്തന്നെയാണ്, അവരിൽ ഭൂരിപക്ഷം പേരും ഹിന്ദുക്കളായിട്ടും, ആർ.എസ്.എസ് ഫാസിസം ഗൂഢമായ ഭയപ്പാടോടെസമീപിക്കുന്നത്. ഇതിനു കാരണം ഭരിക്കപ്പെടുന്ന ഇന്ത്യൻ കീഴാള ജനത സ്വാതന്ത്ര്യ സമരത്തിൽ മാത്രമല്ല അവരുടെ ചെറുത്തു നിൽപ്പിനുള്ള അധികാരത്തിന്റെ അസ്തിത്വം തെളിയിച്ചിട്ടുള്ളത്. ദേശീയ അടിയന്തിരാവസ്ഥയിലൂടെ ഇന്ത്യൻ ജനാധിപത്യത്തെ റദ്ദുചെയ്യാൻ ശ്രമിച്ച ഇന്ദിരാഗാന്ധിയെ താഴെ ഇറക്കിയപ്പോഴും 2004 ൽ തുടർ ഭരണത്തിന്റെ കാര്യത്തിൽ എതിരാളികൾക്ക് പോലും സംശയം ഇല്ലാതിരുന്ന , അടൽ ബിഹാരി വാജ്‌പേയ് നയിച്ച ബി.ജെ.പി ഗവണ്മെന്റിനെ തന്നെ പുറത്താക്കിയപ്പോഴും ഇന്ത്യയുടെ അടിത്തട്ടിൽ ജീവിക്കുന്ന, സ്വയം തിരിച്ചറിയാത്തവരെന്ന് ബുദ്ധിജീവികൾ വിധിക്കുന്ന, ഇന്ത്യൻ കീഴാള ജനസഞ്ചയം അവരുടെ രാഷ്ട്രീയശക്തി തെളിയിച്ചിട്ടുള്ളതാണ്. ഇത് ഫാസിസ്റ്റുകൾക്കാണ് ഏറ്റവും നന്നായി അറിയാവുന്നത്. കാരണം ഭരണകൂട പരമാധികാരത്തിന്റെ ഭീകര നഗ്‌നരൂപമായ ഫാസിസം ഏറ്റവും അധികം അടുത്തറിയുന്നത് അതിന്റെ യഥാർത്ഥ ശത്രുവിനെയാണ്; കീഴാളരുടെ ഉള്ളിലെ കീഴടക്കാൻ ആവാത്ത സ്വാതന്ത്ര്യത്തെയാണ്.
അതിനാൽ രാമക്ഷേത്ര ശിലാന്യാസത്തിനു പിന്നിലെ മതാചാര ലംഘനത്തിൽ പ്രകടമാവുന്ന കീഴാളവത്ക്കരണം എന്ന പ്രത്യക്ഷമായ അടവു (Tactics ) മാറ്റം ഭരണകൂടത്തിന് എതിർനിൽക്കുന്ന ഭരിക്കപ്പെടുന്ന ജനസഞ്ചയത്തിന്റെ സ്വാധികാരത്തെ ഹിന്ദുത്വരാഷ്ട്ര നിർമാണം എന്ന ആർ.എസ്.എസിന്റെ അടിസ്ഥാന തന്ത്ര (strategy)ത്തിനു വിധേയമാക്കാനും ആ ശക്തിയുമായി സന്ധി ചെയ്യാനുമുള്ള ഒരു തുറന്ന ശ്രമമാണെന്ന് കരുതേണ്ടിയിരിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇന്ത്യൻ ദേശീയത എന്ന രാഷ്ട്രീയ സംഘമഹാഭാവന, ബെനഡിക്ട് ആൻഡേർഴ്സണോട് പാർത്ഥ ചാറ്റർജി ചോദിച്ചതുപോലെ, യഥാർത്ഥത്തിൽ ആരുടെ ഭാവനയാണെന്ന് ആർ.എസ്.എസ് തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അതാണ് ഇപ്പോൾ നാം കണ്ട രാമക്ഷേത്ര ശിലാന്യാസത്തിന്റെ ആഘോഷങ്ങളിലും ആഹ്വാനങ്ങളിലും അടവ് മാറ്റത്തിലും തെളിഞ്ഞു വരുന്നത്.

എവിടെ ലിബറൽ- ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, ധൈഷണിക സമൂഹം?

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച് ആർ.എസ്.എസിന്റെ ഈ തിരിച്ചറിവും പ്രയോഗത്തിലുള്ള മുന്നേറ്റവും നിശ്ചയമായും വളരെയേറെ ആശങ്കപ്പെടുത്തുന്നതാണെന്നതിൽ സംശയമില്ല. എന്നാൽ അതിനേക്കാൾ ആശങ്കപ്പെടുത്തുന്ന ഒരു വസ്തുത, ജനാധിപത്യത്തിനുവേണ്ടി വാചാലരാകുന്ന ഇന്ത്യൻ ലിബറൽ- ഇടത് രാഷ്ട്രീയ പ്രസ്ഥാന ഭേദങ്ങൾക്കും അവക്ക്

ഭരണകൂട പരമാധികാരത്തിന്റെ ഭീകര നഗ്‌നരൂപമായ ഫാസിസം ഏറ്റവും അധികം അടുത്തറിയുന്നത് അതിന്റെ യഥാർത്ഥ ശത്രുവിനെയാണ്; കീഴാളരുടെ ഉള്ളിലെ കീഴടക്കാൻ ആവാത്ത സ്വാതന്ത്ര്യത്തെയാണ്

താത്വികമായ പിൻബലം നൽകുന്ന ധൈഷണിക സമൂഹത്തിന് ഇനിയും ഈ തിരിച്ചറിവിന്റെ പൊരുൾ ഉൾക്കൊള്ളാനായിട്ടില്ല എന്നതാണ്. അതിന് അവർ യൂറോപ്യൻ കൊളോണിയൽ വരേണ്യതയുടെ ആത്മഭാവനയിൽ നിന്ന് രൂപപ്പെട്ട പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ, ചരിത്രത്തേയും ശാസ്ത്രത്തേയും അധികാരത്തേയും ജനാധിപത്യത്തേയും വികസനത്തേയും മനുഷ്യത്വത്തേയും കുറിച്ചുള്ള പഠിച്ചുറപ്പിച്ച പാഠങ്ങളെ ആദ്യം മുതൽ അഴിച്ചഭ്യസി (Unlearn)ക്കേണ്ടിയിരിക്കുന്നു. അങ്ങനെ വിചാര മാതൃകയിൽ തന്നെ ഘടനാപരമായ ഒരു പരിവർത്തനം (Paradigm shift) അവരിൽ സംഭവിക്കേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ, മനുഷ്യർ അവരുടെ ജീവിതാധികാരത്തിന്റെ സ്വച്ഛന്ദതക്കും ശാക്തീകരണത്തിനും വേണ്ടി പൊരുതുന്ന, ഭയങ്ങളുടേയും പ്രതീക്ഷകളുടേയും തൃഷ്ണകളുടേയും സ്വപ്നങ്ങളുടേയും ഭാവാത്മകശക്തി (Affects)കളുടെ ലോകമായി അവർക്ക് രാഷ്ട്രീയത്തെ കണ്ടെത്താനാകൂ. ക്ഷയോന്മുഖമായ ഈ ഭാവാത്മക ശക്തികളുടെ ലോകമാണ് ഫാസിസത്തിന്റെ വൈറസുകളുടെ സമൃദ്ധമായ മേച്ചിൽപ്പുറം. അതിനാൽ ഇത്തരമൊരു ആത്മാർത്ഥമായ വീണ്ടു വിചാരത്തിന്, വളരെ വൈകിയാണെങ്കിലും തുടക്കം കുറിക്കാൻ ബാബറി മസ്ജിദിന്റെ മണ്ണിൽ രാമക്ഷേത്രം പണിയാൻ ആർ.എസ്.എസ് ആഘോഷപൂർവം നടത്തിയ തറക്കല്ലിടലിന്റെയും അടവ് മാറ്റത്തിന്റെയും സന്ദർഭം, ഏതു ജനാധിപത്യ വാദിയേയും ഉണർന്നുചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഈ തീവ്ര സന്ദർഭം, പ്രേരകമാകുമെന്ന് എന്ന് പ്രത്യാശിക്കാം.

Comments