കെ. കണ്ണൻ: പരീക്ഷാക്രമക്കേടുകളുടെ ഉത്തരവാദിത്വമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്റോച്ച് ജനതാപാർട്ടി (CJP) ദൽഹിയിലെ ജന്തർ മന്തറിൽ നടത്തുന്ന സമരം ആഗോളശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. പൊലീസിനെയും സാമൂഹികവിരുദ്ധശക്തികളെയും ഉപയോഗിച്ച് വിദ്യാർത്ഥികളെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള ജനപ്രതിനിധികളെയും ആക്രമിച്ചു. സമരക്കാരെ ‘ദേശവിരുദ്ധരാക്കാൻ’ സകല തന്ത്രങ്ങളും സർക്കാർ പയറ്റുന്നു. എന്നാൽ, വിദ്യാർത്ഥികൾക്ക് സർക്കാറിനെ തങ്ങളുടെ മുന്നിൽ ചർച്ചക്കെത്തിക്കാനായി. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിആവശ്യത്തിൽ മറുപടി നൽകാൻ നാളെ വരെ സമയം ചോദിച്ചിരിക്കുകയാണ് സർക്കാർ. ഇതിനിടയിലും ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി പന്താടുന്ന പരീക്ഷാസംവിധാനവും അതിന്റെ സംരക്ഷകരായ ഭരണകൂടസംവിധാനവും സുരക്ഷിതരായി തുടരുന്നു. ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ യുവാക്കൾ നടത്തുന്ന സമരം എന്ന നിലയിൽനിന്ന് വേറിട്ട എന്തു രാഷ്ട്രീയപ്രാധാന്യമാണ് ജന്തർ മന്തറിലെ പ്രക്ഷോഭത്തിനുള്ളത്?
ബി. രാജീവൻ:
ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കുനേരെ നടന്ന ക്രൂരമായ പൊലീസ് അതിക്രമവും രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ നിലത്തിട്ട് വലിച്ചിഴച്ചതുമായ സംഭവങ്ങൾ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഒരു പുതിയ രാഷ്ട്രീയ വഴിത്തിരിവിന്റെ തുടക്കമായേക്കാം. വർഗീയതയുടെ മറവിൽ കോർപറേറ്റ് ദല്ലാൾഭരണം നടത്തുന്ന നരേന്ദ്രമോദിക്കും കൂട്ടർക്കും ഇന്ത്യൻ ജനതയെ പഴയപോലെ മയക്കിക്കിടത്തി ഇനി ഭരിക്കാനാകില്ല. ഇന്ത്യൻ ജനത ഉണരുകയാണ്. ഇന്ത്യൻ ഫാഷിസത്തിനെതിരായ യുദ്ധപ്രഖ്യാപനമായി, ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യസമരത്തിലേക്കുള്ള മുന്നേറ്റമായി ഈ പ്രക്ഷോഭത്തെ നമുക്കു കാണാം. നരേന്ദ്രമോദിയും കൂട്ടരും അതിനാൽ ഇന്ന് ഭയചകിതരാണ്. അതുകൊണ്ടുതന്നെ ഈ യുവജനസഞ്ചയപ്രക്ഷോഭത്തിൽ പ്രത്യക്ഷപ്പെടുന്ന പുതിയ ബദൽ ജനാധിപത്യരാഷ്ട്രീയത്തിന്റെ വിശ്വരൂപം എന്താണെന്ന് നാം കണ്ണുതുറന്ന് കാണേണ്ടിയിരിക്കുന്നു. അതിൽ നാം വൈകിയിരിക്കുന്നു, എങ്കിലും നമുക്ക് ആ വഴിക്ക് ചിന്തിക്കാം.
ഇന്ത്യൻ ഭരണകൂടത്തിനെതിരെ അണപൊട്ടിയൊഴുകുന്ന യുവജന മുന്നേറ്റത്തെ അവരുടെ നൈരാശ്യത്തിൽ മാത്രം ഒതുക്കി നിർത്താനോ അങ്ങനെ ലഘൂകരിച്ച് കാണാനോ ആവില്ല. ഇത്തരം നൈരാശ്യപ്രകടനങ്ങളിൽ തുടങ്ങി ലോകത്തെത്തന്നെ മാറ്റിമറിച്ച വിദ്യാർത്ഥി- യുവജന കലാപങ്ങളുടെ ചരിത്രം അതാണ് നമ്മെ ഓർമിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ അനുനിമിഷം ആയിരങ്ങൾ അണിചേരുന്ന ജന്തർ മന്തറിലെ യുവജനപ്രക്ഷോഭം ഇന്ത്യയുടെ തന്നെ ആഴമേറിയ നൈരാശ്യത്തിന്റെ പ്രകാശനമാണെന്നുവരാം. അതുകൊണ്ട് പ്രത്യയശാസ്ത്രശൂന്യമെന്നോ താൽക്കാലികം എന്നോ പലരും കരുതുന്ന ഈ രാഷ്ട്രീയപ്രതിഭാസത്തിന്റെ ഉണ്മയിലേക്കും പ്രസക്തിയിലേക്കും കടന്നുചെല്ലേണ്ടിയിരിക്കുന്നു.

ഈ രാഷ്ട്രീയ പ്രതിഭാസം വ്യക്തമായും, ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ ലോകമെമ്പാടും വിവിധ രൂപങ്ങളിൽ പരമാധികാര (Sovereignty) കേന്ദ്രിതമായ ആധുനിക രാഷ്ട്രീയത്തിന്റെ കോട്ടകൾക്കുപുറത്ത് ഉയർന്നുവന്ന ജനസഞ്ചയ ജനാധിപത്യ ബദൽ അധികാരത്തിന്റെ ഇന്ത്യൻ രൂപമാണെന്ന് പറയാം. മാത്രമല്ല ‘നേതൃരഹിതസമരം’ (Leaderless struggle) എന്നും ‘കുടിപാർപ്പ് സമരം’ (Occupy struggle) എന്നും പല പേരുകളിൽ ഔപചാരിക മാന്യ പൗരസമൂഹത്തെ മറികടന്ന് ഉയർന്ന ഈ ജനസഞ്ചയരാഷ്ട്രീയ പ്രക്ഷോഭരൂപം ഇന്ന് അതിരുകളില്ലാതെ ഭൂമിയിലൊന്നാകെ വ്യാപിക്കുന്ന ഡിജിറ്റൽ സംഘടനാരൂപത്തിലേക്ക് ചിറകുവിടർത്തുകയും ചെയ്തിരിക്കുന്നു. അതിലൂടെ ഭരണകൂടാത്മക (Statist) ‘രാഷ്ട്രീയഗണ’’ങ്ങളുടെ കമ്പിക്കൂടുകളിൽ അടഞ്ഞുകിടന്ന ജനാധിപത്യം ആ കൂടുകൾ തകർത്ത്, ഡിജിറ്റൽ ജനസഞ്ചയത്തിന്റെ (Digital Multitude) ആകാശത്തിലേക്ക് ഉയരുകയും ചെയ്തിരിക്കുന്നു.
പല രാഷ്ട്രീയക്കാർക്കും മാധ്യമപ്രവർത്തകർക്കും ബുദ്ധിജീവികൾക്കും ജന്തർ മന്തറിലെ സമരത്തിന്റെ രാഷ്ടീയം നിർവചിക്കാനായിട്ടില്ല. അതിന്റെ ഒരു കാരണം, വളരെ കാലമായി നമ്മൾ ജനാധിപത്യരാഷ്ടീയം എന്നു പറയുന്നത്, ലിബറൽ ജനാധിപത്യരാഷ്ട്രീയത്തെയാണ്.
ആ നിലയ്ക്ക്, ജനങ്ങൾ കൂട്ടമായി തെരുവിലിറങ്ങി പല സ്വേച്ഛാധിപതികളെയും അവരുടെ കൊട്ടാരങ്ങളിൽനിന്ന് ഒളിച്ചോടാൻ പ്രേരിപ്പിച്ച ജനസഞ്ചയപ്രക്ഷോഭങ്ങളുടെ ഏറ്റവും പുതിയ ഇന്ത്യൻ രൂപമാണ് യുവജനങ്ങളിലൂടെ ആളിപ്പടരുന്ന കോക്റോച്ച് ജനതാ’ വിപ്ലവം. അയൽരാജ്യമായ ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലും ജനങ്ങൾ കൂട്ടമായി നേരിട്ടിറങ്ങി ലിബറൽ ജനാധിപത്യത്തിന്റെ മറയിൽ വാണരുളിയ സ്വേച്ഛാധിപതികളെ ജീവനും കൊണ്ട് ഒളിച്ചുപായാനിടയാക്കിയത് അടുത്ത കാലത്ത് നാം കണ്ടതാണ്. അതിപ്പോൾ ഇന്ത്യയിലും വന്നിരിക്കുന്നു. ഇത് നിശ്ചയമായും ലിബറൽ ജനാധിപത്യത്തിന്റെ ഔപചാരിക അനുഷ്ഠാനങ്ങളിലൂടെ അധികാരത്തിലേക്കുയർന്ന്, ഇന്ന് നമ്മുടെ നാടുവാഴുന്ന സ്വേച്ഛാധിപതികളുടെ ഉള്ളിലും നിശ്ചയമായും തീ കോരിയിട്ടുകഴിഞ്ഞിരിക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ, ആഗോള കോർപ്പറേറ്റ് മുതലാളിത്തക്കമ്പോളത്തിൽ ഇന്ത്യയെ വില്പനയ്ക്ക് വെച്ചിരിക്കുന്ന നവ ഫാഷിസ്റ്റ് ദല്ലാൾ ഭരണത്തിനെതിരെ ഇന്ത്യയുടെ അടിത്തട്ടിൽനിന്ന് ഉയർന്നുവന്നുകൊണ്ടിരിക്കുന്ന കർഷക സമരമടക്കമുള്ള കീഴാളവർഗ്ഗ ബദൽ ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ മുഖമാണ് ഈ ജനകീയ പ്രക്ഷോഭം. ജനാധിപത്യാവകാശങ്ങൾക്കും ന്യൂനപക്ഷാവകാശങ്ങൾക്കും വേണ്ടി വിദ്യാർത്ഥികളും ദലിതരും കർഷകരും സ്ത്രീകളും കരാർ തൊഴിലാളികളും മറ്റും നയിച്ച ശക്തമായ സമരങ്ങളുടെ പുതിയ തുടർച്ചയും ഉയർച്ചയുമാണ് യുവാക്കളിലൂടെ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ഈ പുതിയ ഡിജിറ്റൽ ജനസഞ്ചയജനാധിപത്യ പ്രക്ഷോഭം. അങ്ങനെ നോക്കുമ്പോൾ പഴയ ഭരണകൂടാത്മക രാഷ്ട്രീയരൂപങ്ങളിൽ നിന്ന് ഭിന്നമായി ഡിജിറ്റൽ ജനസഞ്ചയ ബദൽ ജനാധിപത്യ രാഷ്ട്രീയത്തിലേക്ക് ഇന്ത്യൻ കീഴാള വർഗ്ഗ ജനകോടികളുടെ ചെറുത്തുനിൽപ്പ് സ്ഥാനം പകരുന്നതിന്റെ അടയാളവെളിച്ചമാണ് ഈ നൂതന പ്രക്ഷോഭത്തിൽ നാം കാണുന്നത്.

മധ്യവർഗ അഭിലാഷങ്ങൾക്ക് മുറിവേറ്റതിന്റെ വികാരപ്രകടനങ്ങളായി CJP സമരം വിമർശിക്കപ്പെടുന്നുണ്ട്. NEET അടക്കമുള്ള ഉന്നതവിദ്യാഭ്യാസമേഖലയിലെ പ്രവേശനപരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ ഉത്തരവാദിയെന്ന നിലയിൽ കേന്ദ്രവിദ്യാഭ്യാസമന്ത്രിയുടെ രാജി സമരത്തിന്റെ പ്രധാന ആവശ്യമാകുന്നത് ഈയൊരു മധ്യവർഗരാഷ്ട്രീയത്തിന്റെ പ്രകടനമാണെന്നാണ് വിമർശനം.
കോക്റോച്ച് ജനതാപാർട്ടിയുടെ (CJP) സമരം ഇന്നെത്തിനിൽക്കുന്ന രൂപം കണ്ടാൽ, അതിനെതിരായ വിമർശനങ്ങൾ അർഥശൂന്യമാണ് എന്ന് വ്യക്തമാകും. ഒരു വലിയ രാഷ്ട്രീയ പരിവർത്തനത്തിനുവേണ്ടിയുള്ള ഉത്സവമാണ് അവർ സംഘടിപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് ഇടപെടലോടെ ഈ സമരത്തിന്റെ മാനത്തിൽവന്ന പരിവർത്തനം എടുത്തുപറയേണ്ടതാണ്. വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും സാമൂഹികരംഗത്ത് പ്രവർത്തിക്കുന്നവരുടെയും സമ്പൂർണ പിന്തുണ അവർക്ക് കിട്ടിക്കൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ജന്തർ മന്തറിലേക്ക് വരുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും അവർക്കായി ഭക്ഷണപ്പൊതികൾ ഓർഡർ ചെയ്തുകൊടുക്കുന്നു. ഇതിനെ വെറും പിന്തുണ മാത്രമായി കാണേണ്ടതില്ല.
എന്നാൽ, പല രാഷ്ട്രീയക്കാർക്കും മാധ്യമപ്രവർത്തകർക്കും ബുദ്ധിജീവികൾക്കും ഈ സമരത്തിന്റെ രാഷ്ടീയം നിർവചിക്കാനായിട്ടില്ല. അതിന്റെ ഒരു കാരണം, വളരെ കാലമായി നമ്മൾ ജനാധിപത്യരാഷ്ടീയം എന്നു പറയുന്നത്, ലിബറൽ ജനാധിപത്യരാഷ്ട്രീയത്തെയാണ്. വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം നേടി രാഷ്ട്രീയപാർട്ടികൾക്ക് ജനങ്ങളുടെമേൽ അധികാരം സ്ഥാപിക്കാൻ അവസരം നൽകുന്ന സംവിധാനം മാത്രമാണത്. അതിനെ മറികടക്കാൻ ശ്രമിച്ച സോവിയറ്റ് മാർക്‌സിസമാകട്ടെ ഏകാധിപത്യത്തിലേക്ക് പോകുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള രാഷ്ട്രീയരൂപങ്ങൾ ശാശ്വതമാണെന്ന് കരുതുന്നവരുടെ വിമർശനങ്ങളാണിതെല്ലാം.
ജനാധിപത്യ പുനഃസ്ഥാപനത്തിനുവേണ്ടി ഇന്ത്യൻ ജനാധിപത്യത്തെ ഒരു ജനകീയ ബദൽ ജനാധിപത്യത്തിലേക്ക് വികസിപ്പിക്കാനും രാഷ്ട്രീയമായി ഏറ്റെടുക്കാനുമുള്ള കടമയും ശക്തിയും കോൺഗ്രസിനുണ്ട്. നിശ്ചയമായും പഴയ രാഷ്ട്രീയ ജീർണ്ണതയുടെ അവശിഷ്ടങ്ങളുടെ പിടിയിൽനിന്ന് ഇനിയും പൂർണമായും മുക്തമായി കഴിഞ്ഞിട്ടില്ലാത്ത കോൺഗ്രസിനെ സംബന്ധിച്ച് വിലപ്പെട്ടതാണ് ഈ സുവർണ്ണ സന്ദർഭം.
ടെക്നോളജിയിലും സമ്പദ്‍വ്യവസ്ഥയിലുമെല്ലാമുണ്ടായ മാറ്റങ്ങൾ മൂലം പഴയ തലമുറയും പുതിയ തലമുറയും തമ്മിൽ മുമ്പുണ്ടായിരുന്നതിനേക്കാൾ ഇന്ന് വലിയ വിടവുണ്ടായിട്ടുണ്ട്. ഭരണത്തിലിരിക്കുന്ന പഴയ രാഷ്ട്രീയക്കാരും അത് നയിക്കുന്ന വൃദ്ധസമൂഹവും അതിന്റെ പിന്തിരിപ്പൻ പ്രത്യയശാസ്ത്രവുമായി ഇന്നത്തെ യുവാക്കൾക്ക് പൊരുത്തപ്പെടാനാകുന്നില്ല. പുതിയ തലമുറ ജനാധിപത്യത്തിന്റെ പ്രശ്‌നങ്ങളെ വളരെ ആഴത്തിൽ സമീപിക്കുന്നവരാണ്. സി.ജെ.പി മാനിഫെസ്‌റ്റോയിൽ പരീക്ഷാപ്രശ്‌നം മുഖ്യമാണെങ്കിൽ പോലും ജനാധിപത്യസംവിധാനത്തിന്റെ പ്രതിസന്ധികളെയാണ് അവർ അഡ്രസ് ചെയ്യുന്നത്. ആ മാനിഫെസ്‌റ്റോ അടിമുടി പൊളിറ്റിക്കലാണ്. ആ അർഥത്തിൽ ഈ മാനിഫെസ്‌റ്റോ നരേന്ദ്രമോദിയുടെ രാഷ്ട്രീയത്തിന്റെ അധോലോകത്തെയാണ് തുറന്നുകാണിക്കുന്നത്. സി.ജെ.പി ഇന്ത്യൻ ജനാധിപത്യത്തെയാണ് ഏറ്റെടുത്തിരിക്കുന്നത്. അത് തിരിച്ചറിയാൻ ഈ വിമർശകർക്ക് കഴിയാത്തത് ഈ പ്രക്ഷോഭത്തിൻ്റെ ‘’പൊളിറ്റിക്കൽ കാറ്റഗറി’’ അവർക്ക് കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ്. അതുകൊണ്ടാണ് അതിനെ ജെൻസി കലാപമായി ചുരുക്കിക്കാണുന്നത്.
ജനാധിപത്യം ഒരു വികസ്വരശക്തിയാണ്. എന്നാൽ, അതൊരു static institution ആണ് എന്നാണ് പൊതുധാരണ. നിർമാണാത്മകമായ (Constitutive) വികസ്വരശക്തിയാണ് ജനാധിപത്യം. ഇങ്ങനെ ജനാധിപത്യത്തെ സമീപിച്ചാൽ മാത്രമേ ഇന്ന് ലോകത്ത് നിലനിൽക്കുന്ന ലിബറൽ ജനാധിപത്യത്തിന്റെയും സോവിയറ്റ് ജനാധിപത്യത്തിന്റെയുമൊക്കെ പ്രതിസന്ധിയെ മറികടക്കാൻ ലോകജനത നടത്തുന്ന രാഷ്ട്രീയപ്രവർത്തനങ്ങളെ മനസ്സിലാക്കാനാകൂ. കാരണം, അത്തരമൊരു ഒരു പുതിയ തലത്തിലേക്ക് ജനാധിപത്യം മാറുകയാണ്. എന്നു പറഞ്ഞാൽ, ഒരു ജനകീയ ബദൽ ജനാധിപത്യത്തിലേക്ക് ലോകം മാറുകയാണ്. ഈ മാറ്റം മനസ്സിലാക്കാതെ, നാച്വറൽ സൊസൈറ്റി, സിവിൽ സൊസൈറ്റി തുടങ്ങിയ പഴഞ്ചൻ കോൺസെപ്റ്റുകളിൽ കുടുങ്ങിക്കിടക്കുകയാണ്.

കോൺഗ്രസിന്റെ ഇടപെടൽ സി.ജെ.പി സമരത്തെ മറ്റൊരു തലത്തിലേക്ക്, വികസിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസിനെപ്പോലൊരു പരമ്പരാഗത മുഖ്യധാരാ പാർട്ടിയ്ക്ക് പുതിയ തലമുറയുടെ ഈ സമരത്തെ രാഷ്ട്രീയമായി പ്രതിനിധീകരിക്കാനാകുമോ?
യുവജനപ്രസ്ഥാനമായ സി.ജെ.പിയും സ്വാതന്ത്ര്യസമരപ്രസ്ഥാനമായ കോൺഗ്രസും തമ്മിൽ ഇപ്പോഴുണ്ടായിരിക്കുന്ന കൈകോർക്കൽ ഇന്ത്യയുടെ ഭാവിയിലേക്കുള്ള വഴിതുറക്കലാണ്. ജനാധിപത്യത്തിന്റെ പുതിയൊരു തലത്തിലേക്ക് ഇന്ത്യയെ നയിക്കാൻ അതിന് കഴിയും.
കോൺഗ്രസിൽ രണ്ടുതരം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.
മൂലധന ആഗോളവൽക്കരണത്തിന്റെ കാലത്ത്, പഴയ ദേശീയ മൂലധനം ഇല്ലാതായി, അപ്പോൾ അതിനെ പ്രതിനിധീകരിച്ചിരുന്ന രാഷ്ട്രീയപാർട്ടിയുടെ സ്ഥാനവും ഇല്ലാതാകും. പഴയ കോൺഗ്രസായിരുന്നു ഇന്ത്യൻ ബൂർഷ്വാസിയുടെ പാർട്ടി. ഇപ്പോൾ അതിന് അത്തരമൊരു വർഗ്ഗാടിത്തറയില്ല. ആ ശൂന്യതയിൽ ഇന്ത്യയിലെ കീഴാള വർഗങ്ങളാണ് പാർട്ടിയുടെ വർഗ്ഗാടിത്തറയായി മാറിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ്, രാഹുൽ ഗാന്ധി കോർപറേറ്റ് മുതലാളിത്തത്തിനെതിരായി സംസാരിക്കുന്നത്, മോദിയെ കോർപറേറ്റ് ഏജന്റായി വ്യാഖ്യാനിക്കുന്നത്. കാരണം, ഇന്നത്തെ ഇന്ത്യയിലെ മുതലാളിത്തം കോർപറേറ്റ് മുതലാളിത്തമാണ്. അതിനെതിരായി സമരം ചെയ്യാൻ കഴിവുള്ള പ്രസ്ഥാനം കോൺഗ്രസ് മാത്രമാണ്. ഇടതുപക്ഷമാണ് അത് ചെയ്യേണ്ടത്, എന്നാൽ അത് ഇന്ന് ദുർബലമാണ്. ഇടതുപക്ഷത്തെയും കൂട്ടിക്കൊണ്ട്, കോർപറേറ്റ് മുതലാളിത്തത്തിനെതിരായി, ഇന്ത്യൻ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്യാൻ കോൺഗ്രസിനുമാത്രമേ കഴിയൂ.
ആഗോള മൂലധന ഭീമശക്തികളുടെ കൈകളിൽ അനാഥമോ വിഫലമോ ആയിപ്പോയേക്കാവുന്ന യുവജനശക്തിയെ ആത്മാർത്ഥമായി ഏറ്റെടുക്കുകയും രാഷ്ട്രീയയുദ്ധത്തിൽ പ്രയോഗമാക്കി മാറ്റുകയും ചെയ്യേണ്ടിയിരിക്കുന്നു.
കോൺഗ്രസിന്റെ സ്വതന്ത്ര ഇന്ത്യയിലെ ചരിത്രം നമ്മൾ വിട്ടുകളയണം. കാരണം ഇന്ത്യൻ മുതലാളിമാരുടെ പാർട്ടിയായിരുന്നു അത്. അത് വിട്ടുകളഞ്ഞ്, സ്വാതന്ത്ര്യസമരകാലത്തെ സമരത്തുടർച്ച നേടിയെടുക്കാൻ ഇനിയും കോൺഗ്രസിന് കഴിയും. ആ പാശ്ചാത്തലത്തിലാണ് ഈ സമരത്തെ കോൺഗ്രസ് ഏറ്റെടുക്കണം എന്ന് ഞാൻ മുമ്പൊരു ലേഖനത്തിൽ പറഞ്ഞത്. കാരണം, ജനാധിപത്യ പുനഃസ്ഥാപനത്തിനുവേണ്ടി ഇന്ത്യൻ ജനാധിപത്യത്തെ ഒരു ജനകീയ ബദൽ ജനാധിപത്യത്തിലേക്ക് വികസിപ്പിക്കാനും രാഷ്ട്രീയമായി ഏറ്റെടുക്കാനുമുള്ള കടമയും ശക്തിയും കോൺഗ്രസിനുണ്ട്. ആഗോള മൂലധന ഭീമശക്തികളുടെ കൈകളിൽ അനാഥമോ വിഫലമോ ആയിപ്പോയേക്കാവുന്ന യുവജനശക്തിയെ ആത്മാർത്ഥമായി ഏറ്റെടുക്കുകയും രാഷ്ട്രീയയുദ്ധത്തിൽ പ്രയോഗമാക്കി മാറ്റുകയും ചെയ്യേണ്ടിയിരിക്കുന്നു. നിശ്ചയമായും പഴയ രാഷ്ട്രീയ ജീർണ്ണതയുടെ അവശിഷ്ടങ്ങളുടെ പിടിയിൽനിന്ന് ഇനിയും പൂർണമായും മുക്തമായി കഴിഞ്ഞിട്ടില്ലാത്ത കോൺഗ്രസിനെ സംബന്ധിച്ച് വിലപ്പെട്ടതാണ് ഈ സുവർണ്ണ സന്ദർഭം.
രാഷ്ട്രീയ ഭാവനാശൂന്യത കാരണം ശിഥിലമായി ക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ പാർട്ടികളുടെ ഐക്യത്തെ ഒരു മഹാശക്തിയാക്കി ഉണർത്താനാകും. അങ്ങനെ കോൺഗ്രസ്, ഗാന്ധി പറഞ്ഞതുപോലെ, ‘പാർലമെൻററി സ്വരാജി’ൽനിന്ന് ഇന്ത്യയെ ‘പൂർണ്ണ സ്വരാജി’ലേക്ക് നയിക്കുന്ന ഒരു പുതിയ വിപ്ലവശക്തിയായി പരിണമിക്കുകയും ചെയ്യും. ആ നിലയിലേക്ക് കോൺഗ്രസ് മാറിക്കഴിഞ്ഞു എന്നല്ല പറയുന്നത്. അങ്ങനെയൊരു തുറപ്പ് വന്നിട്ടുണ്ട്. ആ മാറ്റത്തിനുവേണ്ടിയുള്ള സമീപനം രാഹുൽഗാന്ധിയുടെ ഇടപെടലുകളിൽ കാണുന്നുണ്ട്.

ആഗോളീയമായി തന്നെ പല രീതിയിൽ ഭരണകൂട- അധികാര വ്യവസ്ഥകൾക്കെതിരായ ജനസഞ്ചയമുന്നേറ്റങ്ങൾ രൂപപ്പെടുന്നുണ്ട്. ഇവ പുതിയകാല രാഷ്ട്രീയത്തിൽ ഒരു വിമോചനശക്തിയായി രൂപപ്പെടുമെന്ന് പ്രതീക്ഷിക്കാവുന്ന സാഹചര്യം ഇപ്പോഴുണ്ടോ?
ജനസഞ്ചയം എന്ന ആശയത്തിന്റെ രാഷ്ട്രീയഗണം (Political Category) മനസ്സിലാകാത്തതിനാൽ, ആൾക്കൂട്ടം എന്നാണ് മാധ്യമപ്രവർത്തകരടക്കം പലരും ധരിക്കുന്നത്. Leaderless struggle എന്നു പറഞ്ഞാൽ ഒരുതരം അലമ്പാണ്, അനാർക്കിയാണ് എന്ന മട്ടിലാണ് വ്യാഖ്യാനം. എന്നാൽ, ജന്തർ മന്തറിൽ ചെന്നാലറിയാം, വളരെ ചിട്ടയോടെയാണ് സമരം മുന്നോട്ടുപോകുന്നത്. മനുഷ്യർ കൂടുതൽ സഹവർത്തിത്തത്തിലേക്കു വരുമ്പോൾ അച്ചടക്കം വർധിക്കുകയാണ് ചെയ്യുക. വ്യക്തിവാദികളായ ലിബറലുകൾക്ക് ഇതറിയില്ല. കാരണം അവർ പരസ്പരം ശത്രുതയിൽ ജീവിക്കുന്നവരാണ്. മനുഷ്യർ പരസ്പരം സ്‌നേഹിക്കുമ്പോൾ അച്ചടക്കവും ധൈര്യവും വർധിക്കും. രണ്ടുപേർ ഒത്തുചേരുമ്പോൾ ഒരാൾക്ക് രണ്ടുപേരുടെ ശക്തിയുണ്ടാകും. നൂറുപേർ ഒത്തുചേരുമ്പോൾ ഒരാൾക്ക് നൂറാളുകളുടെ ശക്തിയുണ്ടാകും. പതിനായിരങ്ങൾ ഒത്തുചേരുമ്പോൾ ഒരാൾ പതിനായിരങ്ങളുടെ ശക്തിയിലേക്കുയരും. ഇതാണ് ജനസഞ്ചയം എന്നു പറയുന്നത്. ഇത് കൃത്യമായി തിരിച്ചറിയാൻ മാധ്യമപ്രവർത്തകർക്കും അൽപ്പജ്ഞാനികളായ രാഷ്ട്രീയപ്രവർത്തകർക്കും കഴിയുന്നില്ല എന്നതാണ് ഇന്നത്തെ ദുരന്തം.
ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ സ്വേച്ഛാധിപതികളെ ജീവനും കയ്യിലേന്തി നെട്ടോട്ടമോടിക്കാനല്ലാതെ, ഭരണകൂട പരമാധികാര ക്രമത്തിനുപകരം ന്യൂനപക്ഷാത്മകമായ ബദൽ ജീവിതാധികാരതന്ത്രം ഉയർത്തിയെടുക്കാൻ ജനസഞ്ചയ ജനാധിപത്യ മുന്നേറ്റങ്ങൾക്ക് കഴിഞ്ഞിട്ടില്ല എന്നത് യാഥാർഥ്യമാണ്. അടിച്ചേൽപ്പിക്കപ്പെടുന്ന അതീത (Transcendent) പരമാധികാരത്തിന്റെ സ്ഥാനത്ത് അന്തഃസ്ഥിതമായ (Immanent) ജീവിത സ്വാധികാരത്തിന്റെ രാഷ്ട്രീയഘടനയും സ്ഥാപനങ്ങളും ഇനിയും രൂപപ്പെട്ടിട്ടില്ല എന്നർത്ഥം. ഈ ശൂന്യതയിൽ കടന്നുപ്രവർത്തിക്കുന്നതിലൂടെയാണ് പ്രതിലോമ ശക്തികൾ ഈ ജനസഞ്ചയ ജനാധിപത്യ മുന്നേറ്റങ്ങളെ തട്ടിയെടുക്കുകയോ അടിച്ചമർത്തുയോ പിൻനടത്തിക്കുകയോ ചെയ്യുന്നത്.
വിമോചന രാഷ്ട്രീയത്തിന്റെ പാറ്റകൾ പറന്നുയരുന്ന ഈ സന്ദർഭത്തിന്റെ രാഷ്ട്രീയ പ്രാധാന്യം ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ തിരിച്ചറിയുകയും ക്രിയാത്മകമായ ശക്തികളായി ഉയരുകയും ചെയ്യേണ്ടിയിരിക്കുന്നു.
എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായി ജനസഞ്ചയ ബദൽ ജനാധിപത്യ രാഷ്ട്രീയം ഈ ശൂന്യതയെ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിച്ചതിന്റെ ഒരുദാഹരണം നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയാണ്. അവിടെ എന്താണ് സംഭവിച്ചത്? രജപക്സെ ഗവൺമെൻറ് കോർപ്പറേറ്റ് മൂലധനക്കൊള്ളയ്ക്ക് ശ്രീലങ്കയെ ഒന്നാകെ തുറന്നുകൊടുത്തു. ഇതിന്റെ ഫലമായി ലോകോത്തര വിമാനത്താവളവും തുറമുഖവും നിലവിൽ വന്നെങ്കിലും ജനങ്ങൾ കൊടിയ ദാരിദ്ര്യത്തിലേക്കും നൈരാശ്യത്തിലേക്കും പതിച്ചു. ഭക്ഷണത്തിനും പെട്രോളിനും വെള്ളത്തിനും വേണ്ടി പോലും ജനങ്ങൾ ക്യൂ നിൽക്കേണ്ടിവന്നു. ക്യൂവിൽ നിന്നുതന്നെ നൂറു കണക്കിന് മനുഷ്യർ മരിച്ചു. ഈ സ്ഥിതിക്കെതിരെ വിദ്യാർഥികളും തൊഴിലാളികളും അടങ്ങുന്ന ജനവിഭാഗങ്ങൾ ആയിരക്കണക്കായി ഒത്തുചേർന്ന്, പട്ടാളം കാഴ്ചക്കാരായി നിൽക്കെ, രജപക്സെ കുടുംബവാഴ്ച അവസാനിപ്പിച്ച് ഒളിച്ചോടും വരെ, മാസങ്ങളോളം പൊതുസ്ഥലങ്ങളിൽ തമ്പടിച്ച് സമരം തുടർന്നു. അതിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ പാർലമെൻറിൽ കേവലം മൂന്നു സീറ്റിൽ ചുരുങ്ങിനിന്നിരുന്ന 27 പാർട്ടികളടങ്ങിയ എൻ. പി. പി സഖ്യത്തിന് നേതൃത്വം കൊടുത്ത മാർക്സിസ്റ്റ് -ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരുമുന, 159 സീറ്റിലേക്ക് ഒറ്റയടിക്ക് കുതിച്ചുയരുകയും ഭരണത്തിൽ വരികയും ചെയ്തു. ഈ കുതിപ്പിന് കാരണം ജനതാ വിമുക്തി പെരുമുനയുടെ വിപ്ലവരാഷ്ട്രീയതന്ത്രത്തിന്റെ വിജയമാണെന്ന് അവർ പോലും പറയില്ല. അവിടെ സംഭവിച്ചത്, രാജ്യം ഭരിക്കുന്ന ദുഷ്ട ശക്തികൾക്കെതിരെ ആളിക്കത്തിയ ജനവികാരത്തിന്റെ രാഷ്ട്രീയം തിരിച്ചറിയാനും ഏറ്റെടുക്കാനും മൂർത്തരൂപം നൽകാനുമുള്ള ധീരത അതിദുർബലമായിരുന്ന ജനതാ വിമുക്തി പെരുമന കാട്ടി എന്നതാണ്.

ഇതുപോലെ ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ നവലിബറൽ സമ്പദ് ക്രമത്തിന്റെയും രാഷ്ട്രീയത്തിന്റെയും ആദ്യ പരീക്ഷണശാലയായി അമേരിക്ക തെരഞ്ഞെടുത്ത ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പൊട്ടിത്തെറികൾക്ക് കാരണമായത് അവിടെ ഉയർന്നുവന്ന പുതിയ ജനസഞ്ചയ പ്രക്ഷോഭങ്ങളാണ്. അവിടെയെല്ലാം പരമ്പരാഗത ഇടതുപക്ഷ പാർട്ടികൾ അവരുടെ പഴയ വിപ്ലവതന്ത്രമന്ത്രങ്ങൾ കൈവിട്ട് ഈ പ്രക്ഷോഭങ്ങളിലൂടെ പുതിയ ജനാധിപത്യ പ്രസ്ഥാനങ്ങളായി ചിറകുവിരിക്കുകയാണുണ്ടായത്.
അതിനാൽ ഇന്ത്യൻ ജനതയ്ക്ക് കൈവന്നിരിക്കുന്ന ഈ അവസരം കൈവിട്ടുപോവുക എന്നത് വീണ്ടും അടിമത്തത്തിൽ പതിച്ചുകഴിഞ്ഞ ഇന്ത്യയുടെ വിമോചനസ്വപ്നങ്ങളെ സംബന്ധിച്ച് ഒരു വലിയ ദുരന്തമായിരിക്കും. പ്രത്യേകിച്ച് പഴയ ലിബറൽ ജനാധിപത്യത്തെ ആഗോള കോർപ്പറേറ്റ് വാഴ്ച അതിന്റെ ഫാഷിസ്റ്റ് ദല്ലാളന്മാരുടെ രക്ഷാകവചമായി മാറ്റിക്കഴിഞ്ഞ, പഴയ വിപ്ലവ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം കലഹരണപ്പെടുകയും മുതലാളിത്ത വികസന വിപ്ലവതന്ത്രത്തിലൂടെ പിന്നോട്ടടിക്കുകയും ചെയ്തുകഴിഞ്ഞ ഇക്കാലത്ത്. അതുകൊണ്ട് വിമോചന രാഷ്ട്രീയത്തിന്റെ പാറ്റകൾ പറന്നുയരുന്ന ഈ സന്ദർഭത്തിന്റെ രാഷ്ട്രീയ പ്രാധാന്യം ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ തിരിച്ചറിയുകയും ക്രിയാത്മകമായ ശക്തികളായി ഉയരുകയും ചെയ്യേണ്ടിയിരിക്കുന്നു. കോൺഗ്രസ് വിദ്യാർത്ഥികളുടെ സമരത്തോട് ഐക്യം പ്രഖ്യാപിക്കുന്നതിലൂടെ ഇന്ത്യൻ രാഷ്ട്രീയം ആ വഴിക്കാണ് നീങ്ങുന്നതെന്ന് കരുതാം.
