പി.പി. ഷാനവാസ്

ബാക് ടു അയോദ്ധ്യ അഥവാ
രാമനും റഹീമും പിന്നെ ഞാനും

‘‘ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നെഹ്രുവിയൻ യുഗത്തിനെ ദുരന്തവും മോദിയുടെ കാലത്തിനെ പ്രഹസനവും എന്നു കൂട്ടിച്ചർക്കാമോ? അല്ലെങ്കിൽ രാമന്റെ ധർമനീതി ചെന്നകപ്പെട്ട ദുരന്തവും നവ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അപഹാസ്യതയും എന്നാകുമോ?’’ പി.പി. ഷാനവാസ് എഴുതുന്നു

ദൈവം പള്ളിയിൽ വസിക്കുന്നുവെങ്കിൽ
ശേഷം ലോകത്തിലെ കളിക്കളം ആരുടേതാണ്?
രാമൻ തീർത്ഥാടനസ്ഥലത്തെ വിഗ്രഹത്തിൽ ജീവിക്കുന്നുവെങ്കിൽ പുറത്തെ ലോകത്തെ കാലുഷ്യങ്ങളുടെ നിയന്താവ് ആരാണ്?
കിഴക്ക് ഹരിയുടെ വാസസ്ഥലമാണെന്ന് അവർ പറയുന്നു. പടിഞ്ഞാറ് അള്ളാഹുവിന്റെതെന്നും.

നിന്റെ ഹൃദയത്തിൽ അന്വേഷിക്കൂ.
നിങ്ങളുടെ സ്വന്തം ഹൃദയസ്ഥാനത്ത്.
അവിടെയാണ് കരീമും രാമനുമിരിക്കുന്നത്.

ജനിക്കുന്ന ഓരോ പുരുഷനും സ്ത്രീയും
നിന്റെ മൂർത്തീഭാവങ്ങളല്ലാതെ മറ്റൊന്നുമല്ല.
കബീർ അള്ളാഹുവിന്റെയും
രാമന്റെയും പുത്രനാണ്.
അവരാണ് അവന്റെ ഗുരുവും പീറും.
(കബീർ വാണി, പാഠ 69).

ബാബറി മസ്ജിദ് തകർത്തതിന്റെ ‘ദ ഹിന്ദു' റിപ്പോർട്ട്

സോവിയറ്റ് യൂണിയൻ എന്ന കമ്യൂണിസ്റ്റ് വിഗ്രഹം വീണുടഞ്ഞ വാർത്ത, മീഞ്ചന്തയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സിറ്റി ബസിൽ അജയ്ഘോഷിനോടൊത്ത് യാത്ര ചെയ്യുമ്പോൾ പ്രദീപം സായാഹ്ന പത്രത്തിൽ നിന്നാണറിഞ്ഞത്. പൊടുന്നനെ അവൻ ദലിതനും ഞാൻ മുസൽമാനുമായി. ഞങ്ങളുടെ കമ്യൂണിസ്റ്റ് കോമ്രേഡ്ഷിപ്പ് പുതിയ സഖ്യത്തിലമർന്നു.

പിന്നെ ‘മണ്ഡൽ കാലം’ വന്നു.
അനന്തരം ബാബറി മസ്ജിദ് തകർന്നപ്പോൾ ലേഖകൻ ഏഴാച്ചേരിയിൽ പ്രസ് അക്കാദമിയിലെ സതീർഥ്യൻ രാധാകൃഷ്ണന്റെ (ഇന്ന് മലയാള മനോരമയിൽ) വീട്ടിൽ ബന്ദിയാവുകയായിരുന്നു. പ്രസ് അക്കാദമിയിൽ നിന്ന് രാമപുരം കടന്നുള്ള ഏഴാച്ചേരിയിലെ രാധാകൃഷ്ണന്റെ വീട്ടിൽ പോയത് തിരുനക്കര ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ കാണാനുള്ള കമ്പം മൂത്തായിരുന്നു. ബന്ദുദിനങ്ങൾ കഴിഞ്ഞ് മടങ്ങി, കാക്കനാടെത്തുമ്പോൾ സി. വി. പാപ്പച്ചൻ സാറിന്റെ പത്രനിരൂപണത്തിൽ ദ ഹിന്ദു ഒഴിച്ച് എല്ലാ പത്രങ്ങളും മസ്ജിദ് വാർത്ത ശരിയായല്ല നൽകിയത് എന്ന ഖേദത്തിൽ തന്റെ കമ്യൂണിസ്റ്റ് ചായ്‌വ് പ്രകടിപ്പിച്ചപ്പോഴാണ് കാര്യം ഗൗരവമുള്ളതാണെന്നു തോന്നിയത്.

പണ്ട് ഇ എം എസ്, മ്യൂസിയമാക്കാൻ ആഹ്വാനം ചെയ്ത പള്ളിയല്ലേ, നാട്ടുകാർ തർക്കിക്കട്ടെ എന്ന മട്ടിലുള്ള നിസ്സംഗതയുടഞ്ഞത്, അന്ന് ദേശാഭിമാനിയിൽ അരിഷ്ടിച്ച് ജീവിതം നയിച്ച പത്രപ്രവർത്തകൻ പ്രമോദ് രാമൻ നൽകിയ ജാഗ്രതാ സൈറൺ കേട്ടാണ്. അവനും ഞാനും ഫാക്റ്റിലെ സി ഐ ടി യുക്കാർ സംഘടിപ്പിച്ച ടി. കെ. രാമചന്ദ്രന്റെ പ്രഭാഷണം കേൾക്കാൻ പോയപ്പോഴാണ്, ഇതൊരു സെക്യുലർ സമസ്യയാണെന്നുള്ള അറിവിലേക്കുണർന്നത്. അന്ന് ഇ പി ഡബ്ല്യുവിന്റെ വരിക്കാരനായിരുന്ന ലേഖകൻ, അതിലെ ഗവേഷണലേഖനങ്ങളിൽ തപ്പിത്തടഞ്ഞ് പതുക്കെപ്പതുക്കെ ഒരു യുഗസംക്രമണം നടക്കുന്നതായറിഞ്ഞു.

എൽ.കെ. അദ്വാനിയുടെ രഥയാത്ര

പിന്നെ പത്രപ്രവർത്തനകാലത്ത്, ദില്ലിയിൽ നിന്ന് കെ. എൻ. പണിക്കർ വന്നു നൽകിയ അഭിമുഖങ്ങൾ, ഇന്ദ്രപ്രസ്ഥത്തിൽ ഒരു പുതുരഥം പിച്ചവയ്ക്കാൻ തുടങ്ങിയതിന്റെ വാർത്തകൾ തന്നു. 'ചെങ്കോട്ടയിൽ ചെങ്കൊടി പാറിക്കാം' എന്ന സ്വപ്നത്തിൽ കാവി പടർന്നു. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി പുലരുന്നതു കാണാനുള്ള നോയ്മ്പെടുത്ത്, വേഴാമ്പലിനെ പോലെ ഫാഷിസത്തിന്റെ മഴ എന്നുവരും എന്നുവരും എന്നു കാത്തിരുന്നു. അതു പടിവാതിലിലോ പാചകപ്പുരയിലോ എന്നറിയാനുള്ള ജീവിതയാത്രയിൽ എവിടെയോ, അദ്വാനിയുടെ രഥയാത്ര ജന്മനാട് പിന്നിട്ടപ്പോൾ, മിഴികൂർപ്പിച്ചു നിന്ന എനിക്ക് അദ്ദേഹം കയ്യുയർത്തി സലാം തന്നു. എന്നെയും ഹിന്ദു രാഷ്ട്രത്തിലെടുക്കും എന്ന ഉറപ്പായിരുന്നോ അത്?

പരിവ്രാജകരുടെ നിറം രാഷ്ട്രനിർമാണത്തിന്റെ നിറമായി അർത്ഥമാറ്റങ്ങൾ കൈക്കൊണ്ടു. നിറങ്ങളും ചരിത്രപരമെന്ന മാർക്സിയൻ ബോധം രമണമഹർഷിയുടെ നിസ്സംഗതയുടെ പുലിത്തോലണിഞ്ഞു. 

ബി. ബി. ലാലും കെ. കെ. മുഹമ്മദും 1976-ൽ ബാബറി പള്ളി പരിശോധന നടത്തിയപ്പോൾ, പള്ളിത്തൂണുകൾ ക്ഷേത്രത്തിന്റെ പന്ത്രണ്ട് തൂണുകൾ ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നും, പിന്നീട് അടിത്തറ മാന്തി നോക്കിയപ്പോൾ ക്ഷേത്രപാതകങ്ങൾ തന്നെയാണ് പള്ളിയുടെ അടിത്തറയിടാൻ ഉപയോഗിച്ചതെന്നും കണ്ടെത്തിയിരുന്നു. ഇർഫാൻ ഹബീബും ദൗത്യസംഘവും വീണ്ടും കുഴിയെടുത്ത് കുറെക്കൂടി ആഴത്തിൽ പോയപ്പോൾ അവിടെ ബുദ്ധവിഹാരങ്ങളുടെ അവശിഷ്ടങ്ങളാണുള്ളതെന്നും കണ്ടെത്തുകയുണ്ടായി. ബാബറി മസ്ജിദിന് അല്പമകലെയുള്ള ഹനുമാൻ ഗാർഹ് സംബന്ധമായി ഹിന്ദുക്കളും മുസ്‍ലിംകളും തമ്മിൽ നേരത്തെ നിലനിന്ന ഒരു തർക്കത്തെ, ബാബറി മസ്ജിദ് നിൽക്കുന്നിടത്തേക്കു മാറ്റി പ്രതിഷ്ഠിച്ചതാണെന്ന കെ. എൻ. പണിക്കരുടെ ഗവേഷണലേഖനം, പ്രശ്നത്തിന്റെ രാഷ്ട്രീയ- പ്രത്യയശാസ്ത്ര ഉദ്ദേശ്യങ്ങളെ കൂടുതൽ  വെളിച്ചത്തുകൊണ്ടുവന്നു. എന്നാൽ, പുരാവസ്തു അന്വേഷണങ്ങൾ ഉണ്ടാക്കിയ കൗതുകം വലിച്ചുനീട്ടി ആത്മാന്വേഷണത്തിലെത്തിപ്പെട്ടപ്പോൾ, നാം കുഴിച്ചുകുഴിച്ചു ചെല്ലുന്ന ഇടം ഒരു ശൂന്യസ്ഥലമാണെന്നും, അന്വേഷിച്ചന്വേഷിച്ചു കണ്ടെത്തുന്ന ഇടത്ത് ഉണ്മയ്ക്കും അപ്പുറത്തുള്ള ഒരു അപ്രാപ്യതയാണ് നിലനിൽക്കുന്നതെന്നുമുള്ള അറിവിലേക്ക് നടന്നെത്തുമ്പോഴേക്കും, കാലം വീഞ്ഞുഭരണിയിൽ പഴകിപ്പുളിച്ചു വാസനിക്കാൻ തുടങ്ങിയിരുന്നു.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തലവനായിരുന്ന ബി.ബി ലാലിനൊപ്പം കെ.കെ മുഹമ്മദ്.1976-77 കാലഘട്ടത്തിൽ ബാബറി മസ്ജിദിൽ പര്യവേക്ഷണം നടത്തിയ ബി.ബി ലാലിന്റെ സംഘത്തിലെ അംഗമായിരുന്നു കെ.കെ മുഹമ്മദ്.

രാജ്യമാകെ പടർന്ന ഒരു ദുർഗന്ധമായി രാഷ്ട്രീയം മാറിപ്പോവുകയും, ആരാധനാസ്ഥലങ്ങളും വിശ്വാസവിശുദ്ധികളും ഹൈവേകൾ കൊണ്ടുപോവുകയും ചെയ്തിരുന്നു. അങ്ങനെ രാജ്യമുപേക്ഷിച്ചു പോയ രാമൻ, അധികാര കുത്തകയുടെ മൂർത്തിയായി അമ്പും വില്ലുമേന്തി ഹോർഡിങ്ങുകളിൽ നിറഞ്ഞു. സരയൂ നദിയിൽ മുങ്ങിമരിച്ച രാമധർമം സീതയുടെ ദുഃഖമായി ഭൂമി പിളർന്നു. രാഷ്ട്രീയത്തിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് ആശാൻ സീതാകാവ്യം രചിച്ചു. രാമന്റെ ദുഃഖം എന്ന എം. പി. വീരേന്ദ്രകുമാറിന്റെ പുസ്തകം പുസ്തകവിപണി കയ്യടക്കി.


"ജനന മരണ ഭയ ശോകവിദൂരം......
പരമപവിത്രീകൃത പാഷാണ്ടം"
എന്ന് പതിനെട്ടാം നൂറ്റാണ്ടിലെ മഹാനായ യോഗി സദാശിവ ബ്രഹ്മേന്ദ്ര സരസ്വതി രചിച്ച 'പിബരെ രാമരസം' ഒരു ദഹനൗഷധമാണ് എന്ന യോഗീജ്ഞാനം പകർന്ന നാഥ് യോഗികൾ രാഷ്ട്രീയത്തിന്റെ കാവിക്കുപ്പായമണിഞ്ഞു. പരിവ്രാജകരുടെ നിറം രാഷ്ട്രനിർമാണത്തിന്റെ നിറമായി അർത്ഥമാറ്റങ്ങൾ കൈക്കൊണ്ടു. നിറങ്ങളും ചരിത്രപരമെന്ന മാർക്സിയൻ ബോധം രമണമഹർഷിയുടെ നിസ്സംഗതയുടെ പുലിത്തോലണിഞ്ഞു.

രാജ്യമാകെ പടർന്ന ഒരു ദുർഗന്ധമായി രാഷ്ട്രീയം മാറിപ്പോവുകയും, ആരാധനാസ്ഥലങ്ങളും വിശ്വാസവിശുദ്ധികളും ഹൈവേകൾ കൊണ്ടുപോവുകയും ചെയ്തിരുന്നു. അങ്ങനെ രാജ്യമുപേക്ഷിച്ചു പോയ രാമൻ, അധികാര കുത്തകയുടെ മൂർത്തിയായി അമ്പും വില്ലുമേന്തി ഹോർഡിങ്ങുകളിൽ നിറഞ്ഞു.

1കോളിർഡ്ജ് പ്രകീർത്തിച്ച കുബ്ലാകാന്റെ സ്വപ്നാശ്വം മംഗോളിയൻ അതിക്രമണമായി പേർഷ്യയിലെയും തുർക്കിയിലെയും ഇസ്‍ലാമിക സാമ്രാജ്യങ്ങൾ തകർത്തു. അഫ്ഗാനിസ്ഥാനിൽ നിന്ന് റൂമിയുടെ കുടുംബത്തിന് തുർക്കിയിലെ കോനിയയിൽ കുടിയേറിയേണ്ടിവന്നു. മുസ്‍ലിംകളായി വേഷം മാറിയ തിമൂറുകൾ മുഗളന്മാരായി ഇന്ത്യയിലേക്കും പടയേറി. ബാബർ വന്ന് ഇൽതുമിഷിന്റെ സുൽത്താനേറ്റ് തകർത്തു. തുഗ്ലക്കിന്റെ തലസ്ഥാനം മാറ്റേണ്ടിവന്നു. അങ്ങനെ ചരിത്രത്തിൽ ഒരു ബുദ്ധിമാനായ വിഡ്ഢിരാജാവ് പിറന്നു. നിസാമുദ്ദീൻ ഔലിയയുടെ ശിഷ്യൻ നാസറുദ്ദീൻ ചിരാഗിന്റെ ശിഷ്യൻ ബന്ദാ നവാസിന് ഉത്തരദേശം ഉപേക്ഷിച്ച് ഡക്കാനിലേക്കു മടങ്ങേണ്ടി വന്നു. മുഗൾ ആധിപത്യത്തിനുകീഴിൽ ജീവവായു നഷ്ടപ്പെട്ട സൂഫികൾ കൂട്ടത്തോടെ ഡക്കാനിയിലേക്കു ചേക്കേറി. മൊറാദാബാദിലെ ആയിരം സൂഫികളുടെ ശവപ്പറമ്പ് സുൽത്താനേറ്റിൽ പുലർന്ന ചിഷ്തിയ സൂഫീ പ്രസ്ഥാനം ഇന്ത്യയിൽ നിഷ്ക്രമിച്ചതിന്റെ അവസാന സ്മാരകമായി മാറി.

പിളർന്ന ഭൂമിയുടെ കണ്ണീർ ഗർത്തങ്ങളിൽ നിന്ന്, 'ഹിന്ദു'വിന്റെ ഭൂതകാലം അഭിമാനത്തിന്റെയും നഷ്ടപ്രതാപത്തിന്റെയും പുതിയ പുരാവസ്തു രേഖകൾ കണ്ടെത്തി. അങ്ങനെ പാക്കിസ്ഥാനു തുല്യം ഒരു ഹിന്ദു ഇന്ത്യ എന്ന സ്വപ്നം പിറന്നു.

മുഗൾഭരണം ഇന്ത്യയെ ഒരു കേന്ദ്രീകൃത ഭരണ പ്രദേശമാക്കി. മൗര്യന്മാർക്കും ഗുപ്തന്മാർക്കും സുൽത്താനേറ്റിനും ശേഷം മുഗൾ ഭരണത്തിലുണ്ടായ ഏകീകൃത ഇന്ത്യ, ബ്രിട്ടീഷുകാരുടെ കാലത്ത് അതിന്റെ രാഷ്ട്രീയ ദേശീയതയിലേക്കു വളർന്നു. ദേശീയത 'ജനകീയ- ദേശീയത'യുടെ ഗ്രാംഷിയൻ അർത്ഥം കൈവരിച്ചത്, ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലൂടെ ഗാന്ധിയുടെ കൈ പിടിച്ചാണ്. 1920-കളിൽ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ ഗാന്ധിയുടെ മധ്യമാർഗ്ഗം രംഗപ്രവേശം ചെയ്തതോടൊപ്പം തന്നെ, ഇടത്- വലത് തീവ്ര പക്ഷങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയുടെയും ആർ എസ് എസിന്റെയും കൊടിയടയാളങ്ങളിൽ തലപൊക്കി. ഇടയിൽ പിറന്ന മുസ്‍ലിം ലീഗ് പാക്കിസ്ഥാനും കൊണ്ട് വാഗതിർത്തി പങ്കിട്ടു. ഇന്ത്യയുടെ കണ്ണായ ഭൂമികൾ കൈവെടിഞ്ഞപ്പോൾ, പിളർന്ന ഭൂമിയുടെ കണ്ണീർ ഗർത്തങ്ങളിൽ നിന്ന്, 'ഹിന്ദു'വിന്റെ ഭൂതകാലം അഭിമാനത്തിന്റെയും നഷ്ടപ്രതാപത്തിന്റെയും പുതിയ പുരാവസ്തു രേഖകൾ കണ്ടെത്തി. അങ്ങനെ പാക്കിസ്ഥാനു തുല്യം ഒരു ഹിന്ദു ഇന്ത്യ എന്ന സ്വപ്നം പിറന്നു. സ്വപ്നങ്ങൾ യാഥാർത്ഥ്യത്തിന്റെ മുമ്പേ പറക്കുന്ന പക്ഷിയായി. കൊറോണയെയും കൂസാതെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ നടന്നു. ഇപ്പോൾ ഇതാ തെരഞ്ഞെടുപ്പിന് ചൂടേറ്റാൻ വിഗ്രഹപ്രതിഷ്ഠ. അധിനിവേശങ്ങളോടുള്ള കണക്കുതീർപ്പോ ഇത്? അതോ പുതിയ അധിനിവേശങ്ങൾ ‘ലോറൻസ് ഓഫ് അറേബ്യ’യുടെ വേഷം ധരിച്ച് പശുപ്പുറത്തേറിയതോ?

കൊറോണയെ കൂസാതെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ നടന്നു. ഇപ്പോൾ ഇതാ തെരഞ്ഞെടുപ്പിന് ചൂടേറ്റാൻ വിഗ്രഹപ്രതിഷ്ഠ.

ബംഗാളിലെ കാളിഘട്ടിൽ നിന്നുള്ള ‘ഹിന്ദു ഇന്ത്യ’ക്കു വേണ്ടിയുള്ള ആഹ്വാനം, കാശിയിലും മഥുരയിലും അയോധ്യയിലും പഴയ കണക്കുകൾ തീർക്കാനായി പ്രാസ്ഥാനികരൂപം കൈക്കൊണ്ടു. കുട്ടികളുടെയും സ്ത്രീകളുടെയും ഹൃദയം കവരാൻ, യാദവനായ കൃഷ്ണനെ ബാലഗോകുലങ്ങളിലൂടെ ഉണർത്തിയപ്പോൾ, രാഷ്ട്രീയരാമനെ അയോധ്യയിൽ പ്രതിഷ്ഠിക്കുന്നതിലും കാശിയിലെ വിശ്വനാഥനെ കിണറിൽ നിന്ന് വീണ്ടെടുക്കാനും മഥുരയിൽ തൊട്ടുരുമ്മി നിൽക്കുന്ന അമ്പലവും പള്ളിയും വേർപിരിക്കാനും, അങ്ങനെ മുഗൾ ചെയ്തികളോടു കണക്കുതീർക്കാനും മുതിരുന്ന ഒരു പുത്തൻ രാജാധിപത്യത്തെ നമുക്ക് ഫാഷിസം എന്ന് വിളിക്കാനാവുമോ? ഒരുപക്ഷേ, ചരിത്രം നാം ആഗ്രഹിക്കുന്നിടത്തുനിന്നു തുടങ്ങാം എന്ന ആധുനികതയുടെ ജ്ഞാനോദയ ശുഭാപ്തി വിശ്വാസത്തിനേറ്റ തിരിച്ചടിയാണോ ഇതെല്ലാം? അതോ ചരിത്രത്തിന്റെ പ്രതികരണയന്ത്രം മധ്യ കാലത്തേക്കും പൗരാണികതയിലേക്കും നീണ്ടുനീണ്ടുപോയി, പ്രതികാര പ്രവണതകളായി ജനങ്ങളുടെ നെഞ്ചിൽ  കഠാര കയറ്റുകയോ? അപ്പോൾ ബുദ്ധനും ജൈനനും ദലിതനും ആദിവാസിക്കും ഏതു പ്രതികാരസ്ഥലികളാകും നാം അനുവദിക്കുക? നാടുകടത്തിയവരും പലായനം ചെയ്തവരും തിരിച്ചെത്തി ‘മക്കം ഫത്ഹ്’ നടത്തി ചരിത്രത്തെ കുഴമറിക്കുമോ? ‘പ്രതിഷ്ഠാപന കല’ കാലത്തിന്റെ പുരോവിതാനങ്ങൾ കൈക്കൊള്ളുമോ? പോസ്റ്റ് മോഡേൺ കലയും രാഷ്ട്രീയവും അതിർത്തികൾക്കും കാലഗണനകൾക്കും അപ്പുറത്തുള്ള സാമ്രാജ്യസ്ഥലികൾ പണിയുമോ?

ചരിത്രത്തിന്റെ പ്രതികരണയന്ത്രം മധ്യ കാലത്തേക്കും പൗരാണികതയിലേക്കും നീണ്ടുനീണ്ടുപോയി, പ്രതികാര പ്രവണതകളായി ജനങ്ങളുടെ നെഞ്ചിൽ  കഠാര കയറ്റുകയോ? അപ്പോൾ ബുദ്ധനും ജൈനനും ദലിതനും ആദിവാസിക്കും ഏതു പ്രതികാരസ്ഥലികളാകും നാം അനുവദിക്കുക?

ചരിത്രം പ്രതിഭാസ വിജ്ഞാനീയത്തിന് വഴിമാറുന്ന കാഴ്ചകൾ. ചരിത്രപുരുഷന്മാർ മിത്തുകളുടെ രഥത്തിലേറി വരുന്ന രാഷ്ട്രീയ പ്രതിഭാസങ്ങൾ. പുരാണകാലത്തു നടന്ന ആട്ടിയോടിക്കലുകളുടെയും ആക്രമണങ്ങളുടെയും വിപ്രവാസങ്ങളുടെയും കണക്കുതീർത്ത്, സയണിസം പിറവിയെടുത്ത പോലെ, ചരിത്രം ഒരു ഭൂതഗണമായി കാവടിയാട്ടം നടത്തി തിരിച്ചെത്തുമ്പോൾ, നാം നമ്മെ പുതുക്കിപ്പണിയാൻ ഒരുമ്പെടുന്നതിനുമുമ്പ്, പ്രതിരോധത്തിന്റെ കാൽസ്രായികളിൽ കയറി പൊയ്ക്കാൽ യുദ്ധം നടത്താതെ കണ്ട്, സ്വത്വനിർമിതിയുടെ അതിർത്തികളും ഉൾപ്രേക്ഷകളും വിപുലമാക്കി ഹൃദയവിശാലതയിലേക്ക് ഉണരുകയാണോ വേണ്ടത്?

‘സംഭവിച്ചതെല്ലാം നല്ലതിന്’ എന്ന ഗീതാവാക്യം നമുക്കു കൂട്ടായിരിക്കട്ടെ.

"ഹിന്ദുക്കൾ പറയുന്നു രാമൻ അവർക്ക് പ്രിയപ്പെട്ടവനെന്ന്. മുസ്‍ലിംകൾ പറയുന്നു അവരുടെ പ്രിയപ്പെട്ടവൻ റഹീമാണെന്ന്.
അവർ പടവെട്ടി പരസ്പരം കൊല ചെയ്യുന്നു. എന്നാൽ സംഗതികളുടെ രഹസ്യം ആരുമറിയുന്നില്ല."
(ബീജക്, ശബ്ദ നാല് ).

ആത്‍മാനുസാരിയായ മുൻ
നിരീക്ഷണങ്ങളിലെ ദുരന്തഛവിയെ, മാർക്സിന്റെ പ്രത്യാശാനിർഭരമായ ഭാഷയിലേക്കു പരാവർത്തനം ചെയ്യുകയാണെന്നിരിക്കട്ടെ. ലിബറലുകളിൽ നിന്ന് തീവ്ര വലതുപക്ഷക്കാരനായ ലൂയി ബോണാപ്പാർട്ട് ഭരണം കയ്യാളിയ ഒരു ഫ്രഞ്ച് അനുഭവത്തിനെ, വിക്ടർ ഹ്യൂഗോ പോലുള്ള അക്കാലത്തെ രാഷ്ട്രീയ നിരീക്ഷകർ പോലും വിശകലനം ചെയ്യാൻ കഴിയാതെ മിഴിച്ചുനിന്ന ഒരു രാഷ്ട്രീയസന്ധിയെ, മാർക്സ് തന്റെ അന്യാദൃശമായ കാവ്യശൈലിയിൽ, സവിശേഷമായ തന്റെ രീതിശാസ്ത്രത്തിന്റെ ദീർഘവീക്ഷണത്തിൽ നിന്നുകൊണ്ട്, സമചിത്തതയോടെ വിശകലനം ചെയ്യുന്നതു നോക്കുക:
"മൺമറഞ്ഞ എല്ലാ തലമുറകളുടെയും പാരമ്പര്യം ജീവിക്കുന്നവരുടെ തലച്ചോറിനെ ഒരു പേടിസ്വപ്നം പോലെ ഞെക്കി ഞെരുക്കുന്നു. ആളുകൾ അവരവരെയും ചുറ്റുപാടുമുള്ള വസ്തുക്കളെയും വിപ്ലവകരമായി മാറ്റിമറിക്കുന്നതിലും, മുമ്പൊരിക്കലും ഇല്ലാതിരുന്ന എന്തോ ഒന്ന് സൃഷ്ടിക്കുന്നതിലും വ്യാപൃതരാണെന്നു തോന്നുമ്പോഴാണ്, വിപ്ലവപ്രതിസന്ധിയുടെ അത്തരം കാലഘട്ടങ്ങളിലാണ്, അവർ ഉത്കണ്ഠയോടെ സഹായത്തിന് ഭൂതകാല പ്രേതങ്ങളെ ആവാഹിച്ചു വരുത്തുകയും, കാലപ്പഴക്കത്തിന്റെ മാന്യതയാർന്ന പ്രച്ഛന്നവേഷത്തിലും കടമെടുത്ത ഭാഷയിലും ലോക ചരിത്രത്തിന്റെ പുതിയ രംഗം അഭിനയിക്കാൻ വേണ്ടി
അവരിൽനിന്ന് പേരുകളും പോർവിളികളും വേഷങ്ങളും കടമെടുക്കുകയും ചെയ്യുന്നത്...."

ഗ്യാന്‍വാപി പള്ളിയും സമീപത്ത് സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രവും / Photo: India History, Facebook

മാർക്സ് തുടരുന്നു:
"പതിനെട്ടാം നൂറ്റാണ്ടിൽ നടന്നതുപോലുള്ള ബൂർഷ്വാ വിപ്ലവങ്ങൾ കൊടുങ്കാറ്റിന്റെ വേഗത്തിൽ വിജയത്തിൽ നിന്നും വിജയത്തിലേക്കു കുതിക്കുന്നു. അവയുടെ നാടകീയ ഫലങ്ങൾ പരസ്പരം അതിശയിക്കുന്നു. മനുഷ്യരും വസ്തുക്കളും പളപളപ്പാർന്ന വജ്രങ്ങളാൽ വിഭൂഷിതമാണെന്നു തോന്നിപ്പോകുന്നു. ആനന്ദനിർവൃതി ഓരോ ദിവസത്തിലും തുടിച്ചുനിൽക്കുന്നു. പക്ഷേ അവയ്ക്ക് ആയുസ്സ് കുറവാണ്. അവ വേഗം തന്നെ അവയുടെ മൂർധന്യത്തിലെത്തുന്നു. സമൂഹത്തിന് അതിന്റെ പ്രക്ഷുബ്ദ്ധ കാലത്തെ ഫലങ്ങൾ സമചിത്തതയോടെ ഉൾക്കൊള്ളാൻ കഴിയുന്നതിനുമുമ്പ് നീണ്ട കാലത്തേക്ക് ഒരുതരം മത്തുപിടിപ്പിച്ച ജാഡ്യത അതിനെ പിടികൂടുന്നു. നേരെമറിച്ച്, പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്നതു പോലുള്ള തൊഴിലാളിവർഗ്ഗ വിപ്ലവങ്ങൾ നിരന്തരം സ്വയംവിമർശനം നടത്തുകയും, തുടർച്ചയായി വഴിക്കു നിൽക്കുകയും, നിറവേറ്റി കഴിഞ്ഞെന്നു തോന്നിയത് ആദ്യമേ തുടങ്ങാൻ വേണ്ടി അതിലേക്ക് തിരിച്ചുവരികയും, അവയുടെ ആദ്യത്തെ ഉദ്ദേശ്യങ്ങളിലെ പോരായ്മകളെയും ദൗർബല്യങ്ങളെയും കുറവുകളെയും ദാക്ഷിണ്യമില്ലാതെ അടിമുടി അപലപിക്കുകയും ചെയ്യുന്നു. അവ തങ്ങളുടെ ശത്രുവിനെ തറപറ്റിക്കുന്നത് അവൻ ഭൂമിയിൽനിന്ന് പുതുശക്തിയാർജിച്ച് കൂടുതൽ ഭീമാകാരനായി അവരുടെ മുമ്പിൽ വീണ്ടും ഉയർന്നുവരാൻ വേണ്ടി മാത്രമാണോയെന്നു തോന്നിപ്പോകും. സ്വന്തം ലക്ഷ്യങ്ങളുടെ അവ്യക്തമായ സ്ഥൂലതയിൽ നിന്ന് അവ വീണ്ടും വീണ്ടും പിൻവാങ്ങുന്നു. അവസാനം പിൻവാങ്ങാൻ സാധ്യമല്ലാത്ത ഒരു സ്ഥിതി സംജാതമാകുന്നു. "ഇവിടെ ഇതാ പനിനീർപ്പൂ, ഇവിടെ നൃത്തം ചെയ്യുക" എന്നു സാഹചര്യങ്ങൾ തന്നെ വിളിച്ചു പറയുന്നു."

നാടുകടത്തിയവരും പലായനം ചെയ്തവരും തിരിച്ചെത്തി ‘മക്കം ഫത്ഹ്’ നടത്തി ചരിത്രത്തെ കുഴമറിക്കുമോ? ‘പ്രതിഷ്ഠാപന കല’ കാലത്തിന്റെ പുരോവിതാനങ്ങൾ കൈക്കൊള്ളുമോ?

തന്റെ വിശകലനം മാർക്സ് ഇങ്ങനെ ഉപസംഹരിക്കുന്നു:
"തന്റെ നിലയിൽ നിന്നുളവാകുന്ന പരസ്പര വിരുദ്ധങ്ങളായ ആവശ്യങ്ങളുടെ ഞെരുക്കം മൂലവും, അതേസമയം തന്നെ അപ്രതീക്ഷിതമായ പുതിയ പുതിയ നടപടികളിലൂടെ, നെപ്പോളിയന്റെ പകരക്കാരൻ എന്ന നിലയ്ക്ക് പൊതുജന ശ്രദ്ധയെ തന്നിലേക്ക് ആകർഷിക്കാൻ-അതായത് ചെറിയതോതിലുള്ള അധികാരകയ്യേറ്റം
ഓരോ ദിവസവും നടത്താൻ നിർബന്ധിതനായ ഒരു ജാലവിദ്യക്കാരന്റെ അവസ്ഥയിലായിരിക്കുന്നതുകൊണ്ടും, ബോണപ്പാർട്ട് ബൂർഷ്വാ സമ്പദ് വ്യവസ്ഥയെയാകെ അവതാളത്തിലാക്കുന്നു. 1848-ലെ വിപ്ലവത്തിന് അലംഘനീയമായി ത്തോന്നിയിരുന്ന സർവ്വതും ലംഘിക്കുന്നു. ചിലരെ വിപ്ലവത്തോടു സഹിഷ്ണുതയുള്ളവരും വേറെ ചിലരെ വിപ്ലവത്തോട് ആസക്തിയുള്ളവരുമാക്കുന്നു. ക്രമസമാധാനത്തിന്റെ പേരിൽ യഥാർത്ഥത്തിൽ അരാജകത്വം സൃഷ്ടിക്കുന്നു. അതേസമയം, ഭരണ യന്ത്രത്തിനാകെ, അതിന്റെ പരിവേഷം ഉരിഞ്ഞു മാറ്റുകയും അതിനെ അശുദ്ധമാക്കുകയും അതിനെ ഒരേസമയത്ത് ജുഗുപ്സാവഹവും അപഹാസ്യവുമാക്കിത്തീർക്കുകയും ചെയ്യുന്നു. ത്രേവ്സിലെ പുണ്യവസ്ത്ര പൂജയുടെ ഹാസ്യാനുകരണമെന്ന നിലയ്ക്ക്, അദ്ദേഹം പാരീസിൽ നെപ്പോളിയന്റെ ചക്രവർത്തിമേലങ്കിയുടെ പൂജ ഏർപ്പെടുത്തുന്നു. എന്നാൽ അവസാനം ചക്രവർത്തിയുടെ പട്ടാംബരം ലൂയി ബോണപ്പാർട്ടിന്റെ ചുമലിലാണു വീഴുന്നതെങ്കിൽ നെപ്പോളിയന്റെ വെങ്കലപ്രതിമ വൻഡോം സ്തംഭത്തിന്റെ മുകളിൽ നിന്ന് വീണു തകരും."
(കാറൽ മാർക്സ്, 1851, 1852,
ലൂയി ബോണപ്പാർട്ടിന്റെ ബ്രുമേയർ പതിനെട്ട്)

മഥുരയിലെ ഷാഹി ഈദ്ഗ്ഹ് പള്ളിയും കൃഷ്ണ ജന്മസ്ഥാന്‍ ക്ഷേത്രവും

മാർക്സ് പരാമർശിക്കുന്ന അപഹാസ്യതയും ജുഗുപ്സയും സമകാല ഇന്ത്യൻ രാഷ്ട്രീയത്തിനും ചേരുന്നതു തന്നെ. മാർക്സിന്റെ വർത്തമാനചരിത്ര വിശകലനത്തിന്റെ മാസ്റ്റർപീസായ ഈ കൃതി സമാരംഭിക്കും പോലെ, ‘‘ലോക ചരിത്രത്തിലെ വമ്പിച്ച പ്രാധാന്യമുള്ള എല്ലാ സംഭവങ്ങളും വ്യക്തികളും ഒരുതരത്തിൽ പറഞ്ഞാൽ രണ്ടു തവണ ഉണ്ടാവാറുണ്ടെന്ന് ഹെഗൽ എവിടെയോ ഒരിടത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദ്യത്തെ തവണ ദുരന്തമായും രണ്ടാമത്തെ തവണ പ്രഹസനമായും എന്നു കൂട്ടിച്ചേർക്കാൻ അദ്ദേഹം മറന്നുപോയി."

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നെഹ്രുവിയൻ യുഗത്തിനെ ദുരന്തവും മോദിയുടെ കാലത്തിനെ പ്രഹസനവും എന്നു കൂട്ടിച്ചർക്കാമോ? അല്ലെങ്കിൽ രാമന്റെ ധർമനീതി ചെന്നകപ്പെട്ട ദുരന്തവും നവ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അപഹാസ്യതയും എന്നാകുമോ? ഏതായാലും നമ്മുടെ ഫാഷിസ്റ്റു ഭയപ്പാടിന്റെ ധിഷണയ്ക്ക് മാർക്സിന്റെ ഈ ക്ലാസിക്, ഗ്രാംഷിക്കും ദിമിത്രോവിനും അൽത്യൂസർക്കും അഡോർണോവിനും മുമ്പ് വഴികാട്ടിയും കൈപ്പുസ്തകവുമാകാൻ പോന്നതത്രെ.
ശുഭം..

Comments