മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബദ്ലാപൂരിൽ നാല് വയസുള്ള രണ്ട് നഴ്സറി വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിനിടയാക്കി.ചൊവ്വാഴ്ച ബദ്ലാപൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തിയവർ ട്രെയിൻ ഉപരോധിച്ചു.
പത്ത് മണിക്കൂറോളം ട്രെയിൻ സർവീസുകൾ സ്തംഭിച്ചതായി റെയിൽവേ അറിയിച്ചു. 12 ട്രെയിനുകൾ വഴിതിരിച്ചു വിടുകയും 30 ലോക്കൽ ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുത്ത കണ്ടാലറിയുന്ന 500 ഓളം പേർക്കെതിരെ പോലീസ് കേസെടുക്കുകയും 66 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധം സംഘർഷിത്തിൽ കലാശിക്കുകയും റെയിൽവേസ്റ്റേഷനിലും മറ്റ് സ്ഥലങ്ങളിലുമായി നടന്ന പ്രതിഷേധങ്ങൾക്കിടെ 25 പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച മുതൽ പ്രദേശത്ത് സർക്കാർ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയിരിക്കുകയാണ്.
ആഗസ്റ്റ് 12, 13 തീയതികളിലാണ് സ്കൂളിലെ ശുചിമുറിയിൽ സ്കൂളിലെ ശുചീകരണ തൊഴിലാളി വിദ്യാർഥികളെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. മൂന്ന് ദിവസത്തിന് ശേഷം 16ന് ഈ കുട്ടികൾ വീട്ടുകാരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്ത് വരുന്നത്. പരാതിയെ തുടർന്ന് 17ന് സ്‌കൂളിലെ ശുചീകരണ തൊഴിലാളിയായ അക്ഷയ് ഷിൻഡെ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബെ ഹൈക്കോടതി സ്വമേധയ കേസെടുത്തിട്ടുണ്ട്. പോക്സോ നിയമപ്രകാരം സ്കൂളിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. കുറ്റകൃത്യം റിപ്പോർട്ട് ചെയ്യത്തതിന് സ്കൂളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കേസിൽ കക്ഷി ചേർക്കാൻ പോക്സോ നിയമ പ്രകാരം വ്യവസ്ഥയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആഗസ്റ്റ് 16 ന് പെൺകുട്ടികളുടെ മാതാപിതാക്കൾ കേസ് രജിസ്റ്റർ ചെയ്യാനായി പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ 11 മണിക്കൂർ കാത്തിരുന്ന ശേഷമാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.
കുട്ടികൾ നേരിട്ടത് ക്രൂരമായ ലൈംഗികാത്രികമമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കുട്ടികളെ രക്ഷിതാക്കൾ ആശുപത്രിയിൽ കൊണ്ടുപോവുകയും അവിടെ നിന്ന് കുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിക്കുകയുമായിരുന്നു.
അതേസമയം മകനെ കള്ള കേസിൽ കുടുക്കിയതാണെന്ന് കേസിൽ അറസ്റ്റിലായ അക്ഷയ് ഷിൻഡെയുടെ മാതാപിതാക്കൾ ആരോപിച്ചു. 24 വയസുകാരനായ പ്രതി അക്ഷയ് ഷിൻഡെ ആഗസ്റ്റ് ഒന്നിനാണ് ഈ സ്കൂളിലെ ശുചീകരണ തൊഴിലാളിയായി ജോലിയിൽ പ്രവേശിച്ചതെന്നാണ് റിപ്പോർട്ടുകൾ. കല്യാണിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയുടെ കസ്റ്റഡി കാലാവധി 26 വരെ നീട്ടിയിട്ടുണ്ട്.