Photo: Rupashree Nanda / X

ജാമ്യാപേക്ഷ വൈകിപ്പിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; കെജ്രിവാളിന് ജാമ്യം നൽകവേ സുപ്രീം കോടതി

വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന തരത്തിലുള്ള കേസുകളിൽ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത് വൈകുന്നതിനെതിരെ സുപ്രീം കോടതി. അരവിന്ദ് കെജ്രിവാളിന് ജാമ്യം നൽകുന്ന ഘട്ടത്തിലാണ് കോടതിയുടെ പരാമർശം

News Desk

പരസ്പരം വിയോജിച്ച് കൊണ്ടാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ(Arvind Kejriwal) ജാമ്യാപേക്ഷ സുപ്രീം കോടതിയിലെ (Supreme Court) രണ്ടംഗ ബെഞ്ചിലെ ജഡ്ജിമാർ പരിഗണിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സൂര്യകാന്ത് കെജ്രിവാളിൻെറ സി.ബി.ഐ (CBI) അറസ്റ്റിനോട് യോജിച്ചപ്പോൾ ഉജ്ജൽ ഭൂയാൻ ജാമ്യാപേക്ഷ പരിഗണിക്കാൻ വൈകിയതിനെ രൂക്ഷമായി വിമർശിച്ചു. വ്യക്തിസ്വാതന്ത്ര്യം അപകടത്തിലായിരിക്കുന്ന ഇത്തരത്തിലുള്ള കേസുകളിൽ ബന്ധപ്പെട്ട ജാമ്യാപേക്ഷകൾ ഹൈക്കോടതിയിൽ നിന്ന് വിചാരണക്കോടതിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡൽഹി സർക്കാരിൻെറ മദ്യനയക്കേസിലാണ് കേജ്രിവാളിന് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേസ് രജിസ്റ്റർ ചെയ്ത് 22 മാസം കഴിഞ്ഞാണ് സി.ബി.ഐ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന് ഇടക്കാല ജാമ്യം നൽകാൻ ഡൽഹി ഹൈക്കോടതി ഒരു മാസത്തെ സമയമെടുത്തുവെന്നും കോടതി നിരീക്ഷിച്ചു. ജൂലായ് 5-ന് കെജ്രിവാളിന്റെ ഹർജിയിൽ ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ച കേസ് ജൂലൈ 17-നാണ് പരിഗണിച്ചതെന്ന് ജഡ്ജി തന്റെ പ്രത്യേക അഭിപ്രായത്തിൽ പറഞ്ഞു. കേസ് വീണ്ടും ജൂലായ് 29-ന് വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്തു, അവസാനം അത് വിധിക്കായി മാറ്റിവെച്ചു. ആഗസ്ത് അഞ്ചിന് വിധി പറയാൻ തീരുമാനിച്ച കേസിൽ ഹൈക്കോടതി വീണ്ടും ഏഴു ദിവസമെടുത്തുവെന്നും ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ പറഞ്ഞു.

ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് 2024 മാർച്ച് 21-നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്.
ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് 2024 മാർച്ച് 21-നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്.

ഇത്തരം കേസുകൾ ഹൈക്കോടതിയിൽ നേരിട്ടെത്തിയാൽ, കേസുകൾ വിചാരണക്കോടതികളിലേക്ക് തിരിച്ചയക്കണമെന്നും കാലതമാസം വരുത്താതെ കേസിന്റെ മെറിറ്റനുസരിച്ച് ഉടനടി തീർപ്പാക്കണമെന്നും ജസ്റ്റിസ് സൂര്യകാന്തും അഭിപ്രായപ്പെട്ടു. ജാമ്യം ഒരാളുടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ കേസ് പരിഗണിക്കുന്നത് വൈകിപ്പിക്കുന്നത് ശരിയല്ലെന്നാണ് ഉജ്ജൽ ഭൂയാൻ നിലപാടെടുത്തത്. വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകാതെ ഒരു ഹർജിക്കാരൻ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചാൽ, വിചാരണക്കോടതിയിലേക്ക് തന്നെ കേസ് വിടാൻ ഹൈക്കോടതി തയ്യാറാവണമെന്ന് സൂര്യകാന്ത് പറഞ്ഞു. കോടതികളിൽ വെച്ച് ജാമ്യാപേക്ഷ വൈകിപ്പിക്കുന്നത് ശരിയല്ലെന്നും ഹൈക്കോടതികൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.

ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ
ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ

ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് 2024 മാർച്ച് 21-നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലായിരുന്നു പ്രതിപക്ഷ കക്ഷിയായ ആം ആദ്മി പാർട്ടി നേതാവ് കൂടിയായകെജ്രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ബി.ജെ.പിയുടെയും കേന്ദ്രസർക്കാരിന്റെയും ഗൂഡാലോചനയുടെ ഭാഗമാണ് കെജ്രിവാളിന്റെ അറസ്റ്റെന്നായിരുന്നു എ.എ.പിയുടെ നിലപാട്. കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ് മോദി സർക്കാരെന്ന് കോൺഗ്രസ് അടക്കമുള്ള പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം വിമർശിച്ചിരുന്നു. ആം ആദ്മി പാർട്ടി കൺവീനർ എന്ന നിലയിലും ഡൽഹി മുഖ്യമന്ത്രി എന്ന നിലയിലും കെജ്രിവാള്‍ മദ്യനയരൂപീകരണത്തിൽ ഇടപെട്ടുവെന്നും അഴിമതി നടത്തിയെന്നുമാണ് ഇ.ഡി കുറ്റപത്രത്തിൽ പറയുന്നത്. കേസിൽ നേരത്തെയും കെജ്രിവാളിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പലതവണ തള്ളിയിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജാമ്യം നൽകിയിരുന്നു.

Comments