അതിശക്തമായ സാമുദായിക ദ്രൂവീകരണം നടന്ന മഹാരാഷ്ട്രയിലെ ബീഡിൽ ബിജെപിക്ക് ജയം. എൻസിപി ശരദ് പവാർ വിഭാഗത്തിലെ ഭജ്രംഗ് സോനാവാനെ + 12592 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് ബിജെപി സ്ഥാനാർഥി പങ്കജ മുണ്ടെസീറ്റ് നിലനിർത്തിയത്.
മഹാരാഷ്ട്രയിൽ ബിജെപിയെ വളർത്തുന്നതിൽ വലിയ പങ്കുവഹിച്ച ഗോപിനാഥ് മുണ്ടെയുടെ സ്വന്തം തട്ടകമായ ബീഡിൽ ഇതുവരെ പാർട്ടിക്കു കാര്യമായ വെല്ലുവിളികളുണ്ടായിരുന്നില്ല. 2009 മുതൽ തുടർച്ചയായി രണ്ടുവട്ടം ബീഡിൽ നിന്ന് ലോക്‌സഭയിലെത്തിയ ഗോപിനാഥ് മുണ്ടെ 2014ൽ അപകടത്തിൽ മരിച്ചതിനു പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ മകൾ പ്രീതം മുണ്ടെ 6.96 ലക്ഷം വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അവരെ മാറ്റിയാണ് സഹോദരി പങ്കജ മുണ്ടെയെ ഇത്തവണ പരീക്ഷിച്ചത്.
ബിജെപിക്കെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്ന ബീഡിൽ മറാഠ വിഭാഗത്തിന്റെ പിന്തുണ കൂടി വരുന്നതോടെ ജയിച്ചു കയറാമെന്ന കണക്കു കൂട്ടലിലായിരുന്നു ഇന്ത്യ സഖ്യ സ്ഥാനാർത്ഥി, എൻ.സി.പി. ശരദ് പവാർ വിഭാഗത്തിലെ ഭജ്രംഗ് സോനാവാനെ. സോനാവാനെ മറാഠ സമുദായാംഗമാണ്. 20 ലക്ഷം വോട്ടർമാരുള്ള മണ്ഡലത്തിൽ 7 ലക്ഷമാണ് മറാഠകൾ. അതിലൂടെ ബിജെപിയുടെ ഭൂരിപക്ഷം കുറയ്ക്കാനായെങ്കിലും ജയിക്കാനായില്ല. മറാഠ വിഭാഗം സോനാവാെനയ്ക്കു പിന്നിൽ അണിനിരന്നതോടെ പങ്കജയ്ക്ക് അനുകൂലമായി ഒബിസി ധ്രുവീകരണമുണ്ടാവുകയായിരുന്നു.
ഒ.ബി.സി.ക്കെതിരേ മറാഠാ പോരാട്ടമായാണ് ബീഡിൽ ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. മുൻപില്ലാത്ത വിധം ഒബിസി വിഭാഗവും മറാഠകളും രണ്ടു ചേരികളിൽ അണിനിരന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട മണ്ഡലമായിരുന്നു ബീഡിലേത്.
തങ്ങളെ ഒബിസി ക്വോട്ടയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മറാഠകൾ 9 മാസം മുൻപ് സജീവമാക്കിയ പ്രക്ഷോഭത്തിനു പിന്നാലെയാണ് സാമുദായിക ചേരിതിരിവു ശക്തമായത്. പ്രക്ഷോഭവേളയിൽ വലിയ സംഘർഷങ്ങൾക്കു വേദിയായിരുന്നു ബീഡ്. പാർട്ടി ഓഫിസുകളും നേതാക്കളുടെ വീടുകളും വാഹനങ്ങളും അഗ്‌നിക്കിരയായി. അതിന്റെ പുകയായിരുന്നു ഈ തെരഞ്ഞെടുപ്പിലും കണ്ടത്.
പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജൻ അഘാഡിയുടെ അശോക് സുഖ്‌ദേ ഹിംഗെയും ഒ.ബി.സി. ബഹുജൻ പാർട്ടിയുടെ പ്രൊഫസർ യശ്വന്ത് ഗയേയും ഇതിനുപുറമേ സ്വതന്ത്രരും ചെറുതും വലുതുമായ പാർട്ടികളുടെ 69 സ്ഥാനാർഥികളായിരുന്നു ബീഡിൽ മത്സരരംഗത്തുണ്ടായിരുന്നത്. അശോക് സുഖ്‌ദേ ഹിംഗെയ്ക്ക് 39344 വോട്ട് ലഭിച്ചു.
കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും ജനദാദളും മാറി മാറി വിജയിച്ച മണ്ഡലമായിരുന്നു ബീഡ്.