മോദി 2.0: അവസാനത്തിന്റെ ആരംഭം?

മോദി പ്രതിഭാസത്തിന്റെ ആവിർഭാവത്തിന് വഴിതെളിച്ച ഘടകങ്ങൾ, കോവിഡ്​ രണ്ടാം തരംഗത്തോടെ, ഒരോന്നായി പിന്നോട്ടടിക്കുകയാണ്​. അതിന്റെ വ്യക്തമായ രൂപഭാവങ്ങൾ എങ്ങനെയാവുമെന്ന തീർപ്പുകൾക്ക് വരുംദിനങ്ങളിലാവും കൂടുതൽ വ്യക്തത കൈവരിക.

‘ദേശായിയുടെ കാര്യം ഏകദേശായി'1 എന്ന സുപ്രസിദ്ധമായ തലക്കെട്ടിനെ ഓർമയിൽ വരുത്തുന്ന പരുവത്തിൽ ‘മോദി 2.0' എത്തിയെന്നു പറഞ്ഞാൽ അതിശയോക്തിയാണെന്ന് ഭക്തർ പരിതപിക്കും. ഒരു കാര്യം ഏതായാലും ഉറപ്പാണ്. കാര്യങ്ങൾ പന്തിയല്ലെന്ന തോന്നൽ വ്യാപകമായിരിക്കുന്നു. വായുമലിനീകരണത്തെ ഭേദിക്കുന്ന ശവഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞതോടെ വർഷങ്ങളായി ബോധപൂർവം സൃഷ്ടിച്ചെടുത്ത നുണകളും, വ്യാജസ്തുതികളും മറനീക്കി പുറത്തുവരുന്ന സ്ഥിതിയിലായി. എവിടെയാണ് പിഴച്ചതെന്ന ഉദ്വേഗം സ്ഥിരം സാക്ഷ്യംപറച്ചിലുകാരുടെ വാക്കിലും, നോക്കിലും അവിശ്വാസത്തിന്റെ മുദ്രകൾ ചാർത്തുന്നു. വ്യാജനിർമിതികൾ ഒരോന്നായി പുറത്തുവരുന്നത് ഭക്തരുടെ ആവേശം ചോർത്തിക്കളയുന്നുവെങ്കിലും നേതാവിനായുള്ള കൂട്ടപ്രാർത്ഥനകൾ തുടരുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല.

കാപട്യങ്ങളുടെ പുതിയ ചേരുവകൾ ഒരുക്കുന്നതിന്റെ തിരക്കിലായ പ്രൊപഗാൻഡ സംവിധാനം വർധിതവീര്യത്തോടെ തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണന്ന കാര്യത്തിലും ഉപേക്ഷ വിചാരിക്കേണ്ടതില്ല. എന്നാലും കോവിഡ് രണ്ടാം വരവിന്റെ പ്രഹരശേഷി നരേന്ദ്ര മോദിയുടെ രണ്ടാമൂഴത്തിന്റെ ബലതന്ത്രങ്ങളെ മറികടക്കുന്ന ശക്തിപ്രവാഹമായി രൂപാന്തരപ്പെടാനുള്ള സാധ്യതകൾ ഉരുത്തിരിയുന്നതിന്റെ ലക്ഷണം പ്രകടമാണ്. അതിന്റെ വ്യക്തമായ രൂപഭാവങ്ങൾ എങ്ങനെയാവുമെന്ന തീർപ്പുകൾക്ക് വരുംദിനങ്ങളിലാവും കൂടുതൽ വ്യക്തത കൈവരിക്കുക.

രാഷ്ട്രീയ ഹൈന്ദവികതയുടെ ജൈത്രയാത്ര

രാഷ്ട്രീയ ഹൈന്ദവികത നേരിടുന്ന ആന്തരികവും, ബാഹ്യവുമായ വൈരുദ്ധ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ലക്ഷണങ്ങളെ വിലയിരുത്തേണ്ടത്. മഹാമാരിയുടെ ആവിർഭാവത്തിന് മുമ്പു തന്നെ ബി.ജെ.പിയും സംഘപരിവാരവും പ്രതിനിധാനം ചെയ്യുന്ന ആക്രമണോത്സുകമായ ഹൈന്ദവ രാഷ്ട്രീയം ഒരു ദശാസന്ധിയിൽ എത്തിയതിന്റെ ലക്ഷണങ്ങൾ സുലഭമായിരുന്നു. സാമ്പത്തിക-രാഷ്ട്രീയ മേഖലകളിൽ അതിന്റെ സൂചന വ്യക്തമായിരുന്നു. ആക്രമണോത്സുക രാഷ്ട്രീയ ഹൈന്ദവികത പ്രതിനിധാനം ചെയ്യുന്ന ദല്ലാളദൗത്യം നേരിടുന്ന ആന്തരിക വൈരുദ്ധ്യങ്ങളെ പുറത്തുകൊണ്ടു വരുന്നതിൽ മഹാമാരി നിമിത്തമായെന്ന വീക്ഷണമാവും യാഥാർത്ഥ്യവുമായി കൂടുതൽ അടുത്തു നിൽക്കുക. ആഗോള മുതലാളിത്തം നേരിടുന്ന ഘടനാപരമായ പ്രതിസന്ധിയും, ഇന്ത്യയിലെ സാമ്പത്തിക മേഖല നേരിടുന്ന സവിശേഷമായ മുരടിപ്പും, ഹൈന്ദവ രാഷ്ട്രീയത്തിന്റെ സ്വാഭാവിക പരിമിതികളും, ദല്ലാള ദൗത്യത്തിനെതിരായ പുതിയ രൂപഭാവങ്ങളിലുള്ള രാഷ്ട്രീയ ചെറുത്തുനിൽപ്പുകളും മഹാമാരി വ്യാപിക്കുന്നതിന് മുമ്പു തന്നെ മൂർത്തമായ സ്വഭാവം കൈവരിച്ചിരുന്നു. രാഷ്ട്രീയ- സാമ്പത്തിക മേഖലയിലെ ചില സംഭവങ്ങളെ ഉദാഹരണമായി മുൻനിർത്തിയുള്ള വിചാരങ്ങൾ ഈ പ്രക്രിയയെ കൂടുതൽ വ്യക്തമായി മനസ്സിലാക്കുവാൻ സഹായിക്കുമെന്നു കരുതുന്നു.

പൗരത്വഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്‌
പൗരത്വഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്‌

2019-ലെ പൊതുതെരഞ്ഞെടുപ്പു ജയം പ്രദാനം ചെയ്ത ആത്മവിശ്വാസത്തിന്റെ ബലത്തിൽ ബി.ജെ.പി കാലങ്ങളായി താലോലിക്കുന്ന ചില അജൻഡകൾ ഒന്നിനുപുറകെ ഒന്നായി നടപ്പിലാക്കിയെന്നതാണ് മോദി ഭരണത്തിന്റെ രണ്ടാമൂഴത്തെ ഒന്നാംഘട്ടത്തിൽ നിന്നും വ്യത്യസ്തമാക്കുന്ന സുപ്രധാന ഘടകം. മുത്തലാക്ക് ചൊല്ലി വിവാഹം റദ്ദു ചെയ്യുന്ന സമ്പ്രദായം നിയമവിരുദ്ധമാക്കുന്ന നിയമനിർമാണമായിരുന്നു ഒന്നാമത്തെ നടപടി. സ്ത്രീ ശാക്തീകരണത്തിന്റെ വാചോടപങ്ങൾ മേമ്പൊടിയാക്കിയ ഈ നിയമം പാസ്സാക്കി ദിവസങ്ങൾക്കകം കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കി. കാശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കിയിരുന്ന 370-ാം വകുപ്പ് ഭേദഗതി ചെയ്യുക മാത്രമല്ല, ജമ്മു- കാശ്മീർ സംസ്ഥാനത്തെ മൂന്നായി വിഭജിക്കുകയും ചെയ്തു. 2019 ആഗസ്റ്റിൽ പ്രാബല്യത്തിൽ വന്ന ഈ തീരുമാനം സൃഷ്ടിച്ച ആശങ്കകൾ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന വേളയിലാണ് ബാബറി മസ്ജിദ്- അയോധ്യ വിഷയത്തിലെ സുപ്രീം കോടതി വിധി.

മസ്ജിദിനെതിരായ ആക്രമണം തെറ്റാണെങ്കിലും അമ്പലം പണിയുന്നത് ഒഴിച്ചുകൂടാനാവില്ലെന്നായിരുന്നു പരമോന്നത നീതീപീഠത്തിന്റെ വിധി. നവംബറിൽ പുറത്തുവന്ന കോടതി വിധിയുടെ തൊട്ടുപിന്നാലെ പൗരത്വ നിയമ ഭേദഗതിയും, ദേശീയ പൗരത്വ രജിസ്റ്ററും മോദി സർക്കാർ മുന്നോട്ടു വച്ചു.

ആക്രമണോത്സുകമായ രാഷ്ട്രീയ ഹൈന്ദവികതയുടെ പേറ്റൻറ്​ പതിഞ്ഞ ഈ വിഷയങ്ങൾ ദേശരാഷ്ട്രത്തിന്റെ പൊതുതാൽപ്പര്യമാണെന്നു വരുത്തി തീർക്കുന്നതിൽ ബദ്ധശ്രദ്ധാലുവായിരുന്നു പ്രൊപ്പഗാൻഡ സംവിധാനം. 2019 ജൂലൈ-ഡിസംബർ കാലയളവിൽ ഒന്നിനു പുറകെ ഒന്നായി നടപ്പിലാക്കിയ ഈ തീരുമാനങ്ങൾ രാഷ്ട്രീയ ഹൈന്ദവികതയുടെ ജൈത്രയാത്ര ഉച്ചസ്ഥായിയിൽ എത്തിയെന്ന പ്രതീതി ഉളവാക്കി. എന്നാൽ മോദി 2.0-യുടെ പ്രൊപ്പഗാൻഡ സംവിധാനത്തിന്റെ സമ്മതനിർമിതിയുടെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്ന നിലയിലായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം. ദേശവ്യാപകമായി ഭേദഗതിക്കെതിരെ ഉയർന്ന പ്രതിഷേധവും, പ്രക്ഷോഭവും രാഷ്ട്രീയ ഹൈന്ദവികതയുടെ അധീശത്വത്തിന് പൊതുസമ്മതിയുടെ പരിവേഷം നൽകാനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിച്ചുവെന്നു മാത്രമല്ല, സംഘപരിവാരത്തിനെതിരായ രാഷ്ട്രീയ ഭാവനകളുടെ പ്രയോഗത്തിന്റെ പുതിയ ആവിഷ്‌ക്കാരങ്ങൾ തേടുന്നതിനുള്ള സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്തു.

സംഭവിക്കാതെ പോയ ഹിന്ദു ധ്രുവീകരണം

ദൽഹിക്കടുത്ത ഷഹീൻബാഗ് അതിന്റെ ഉദാത്ത ചിഹ്നമായിരുന്നു. മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെ ചട്ടപ്പടി പ്രതിഷേധങ്ങൾക്കു പകരം ബഹുജനങ്ങൾ സ്വന്തം നിലയിൽ പ്രതിഷേധിക്കുന്ന രാഷ്ട്രീയാവിഷ്‌ക്കാരങ്ങൾ പ്രൊപ്പഗാൻഡ സംവിധാനത്തെ ആശയക്കുഴപ്പത്തിലാക്കി. ദൈനംദിന ജീവിതം തന്നെ സമരവേദിയാക്കുന്ന ആവിഷ്‌ക്കാരങ്ങളെ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ അധികാര സംവിധാനത്തിനും ധാരണയില്ലായിരുന്നു. ദേശവിരുദ്ധത, അർബൻ നക്സൽ എന്നെല്ലാമുള്ള പതിവ് മുദ്രകൾ വേണ്ടത്ര ഫലപ്രദമല്ലെന്നു തിരിച്ചറിഞ്ഞ രാഷ്ട്രീയ നേതൃത്വം ഒടുവിൽ തങ്ങൾക്ക് ചിരപരിചിതമായ മാർഗത്തിലേക്കു തിരിഞ്ഞു. കിഴക്കൻ ദൽഹിയിൽ നടത്തിയ ആസൂത്രിതമായ കലാപം അതിന്റെ നല്ല ദൃഷ്ടാന്തമായിരുന്നു. 2

2020ൽ ഡൽഹിയിലുണ്ടായ വർഗീയ കലാപത്തിൽ തകർക്കപ്പെട്ട കെട്ടിടങ്ങൾ
2020ൽ ഡൽഹിയിലുണ്ടായ വർഗീയ കലാപത്തിൽ തകർക്കപ്പെട്ട കെട്ടിടങ്ങൾ

രാഷ്ട്രീയത്തിന്റെ മണ്ഡലത്തിൽ അതിവേഗം അരങ്ങേറിയ ഈ സംഭവവികാസങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരിയുടെ വിഷയത്തിലേക്കു കടക്കുന്നതിനുമുമ്പ് മറ്റൊരു പ്രധാന കാര്യം സൂചിപ്പിക്കാനുണ്ട്. 2019-ൽ അധികാരത്തിൽ തിരിച്ചെത്തി ആറു മാസത്തിനുള്ളിൽ സംഘപരിവാരത്തിന്റെ പ്രധാനപ്പെട്ട നാല് അജൻഡകൾ മോദി സർക്കാർ സാക്ഷാത്ക്കരിച്ചുവെങ്കിലും തൽഫലമായി ബി.ജെ.പിക്ക് അനുകൂലമായ ഹിന്ദു ധ്രുവീകരണം രാജ്യത്ത് ഒരിടത്തും പ്രത്യക്ഷമായില്ല.

രാഷ്ട്രീയ ഹൈന്ദവികത കൊടിയടയാളങ്ങായി ഉയർത്തിപ്പിടിച്ച മുത്തലാക്ക് ബിൽ, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, അയോധ്യയിലെ ക്ഷേത്ര നിർമാണം, പൗരത്വ നിയമം തുടങ്ങിയവ സാക്ഷാത്ക്കരിച്ചിട്ടും ഹിന്ദു ധ്രുവീകരണം ഉണ്ടായില്ലെന്നു മാത്രമല്ല, അതിനുള്ള സാധ്യതകളും വിരളമാണെന്നായിരുന്നു പൊതുവായ സൂചനകൾ. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് ദേശവ്യാപകമായി ലഭിച്ച പിന്തുണ അക്കാര്യം വ്യക്തമാക്കുന്നതായിരുന്നു.

2020 നവംബറിൽ ബീഹാറിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് അതിന്റെ സൂചനയായിരുന്നു. രാഷ്ട്രീയ ഹൈന്ദവികതയുടെ ഒരു പരീക്ഷണ ലാബായ ഗംഗാതടത്തിലെ പ്രമുഖ സംസ്ഥാനങ്ങളിലൊന്നായ ബീഹാറിൽ ബി.ജെ.പിയും സഖ്യ കക്ഷിയും നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ 34 ശതമാനം വോട്ടു വിഹിതം ഹിന്ദു ധ്രുവീകരണത്തിന്റെ ലക്ഷണം തീർച്ചയായും പ്രകടമാക്കിയില്ല.

കോൺഗ്രസിനെ പോലെ ദീനം പിടിച്ച ഒരു കക്ഷി 70 സീറ്റുകളിൽ മത്സരിക്കുകയെന്ന സാഹസത്തിന് പകരം കുറച്ചുകൂടി യാഥാർത്ഥ്യ ബോധത്തോടെയുള്ള സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ബീഹാറിലെ തെരഞ്ഞെടുപ്പു ഫലം മറ്റൊന്നാകുമായിരുന്നു. കാശ്മീരും, അയോധ്യയുമടക്കമുള്ള വിഷയങ്ങളിലെ നടപടികൾ വിചാരിച്ച നേട്ടമുണ്ടാക്കിയില്ല. സംഘപരിവാരിന്റെ വിഷലിപ്ത ശേഖരത്തിൽ ഇനി ബാക്കിയാവുന്നത് ഏക സിവിൽ കോഡും, ഗോവധ നിരോധനവും, കാശി, മഥുര അമ്പലം കെട്ടലുകളും മാത്രമാണ്. കശ്മീരിനും, അയോധ്യക്കും കഴിയാതെ പോയത് ഏക സിവിൽ കോഡിനും, ഗോവധത്തിനും, കാശി, മഥുര അമ്പലങ്ങൾക്കും സാധ്യമാവുമോയെന്ന സന്ദേഹം സജീവമാവുന്നതിന്റെ പശ്ചാത്തലത്തിലാണ് കോവിഡ് വ്യാപകമായത്. അതിലേക്കു കടക്കുന്നതിന് മുമ്പ് സാമ്പത്തിക മേഖലയിലെ സംഭവവികാസങ്ങളും പരിശോധന അർഹിക്കുന്നു.

ലേഖനത്തിൻറെ പൂർണ്ണരൂപം വായിക്കാം
മോദി 2.0: അവസാനത്തിന്റെ ആരംഭം?
വെബ്സീൻ പാക്കറ്റ് 14


Summary: മോദി പ്രതിഭാസത്തിന്റെ ആവിർഭാവത്തിന് വഴിതെളിച്ച ഘടകങ്ങൾ, കോവിഡ്​ രണ്ടാം തരംഗത്തോടെ, ഒരോന്നായി പിന്നോട്ടടിക്കുകയാണ്​. അതിന്റെ വ്യക്തമായ രൂപഭാവങ്ങൾ എങ്ങനെയാവുമെന്ന തീർപ്പുകൾക്ക് വരുംദിനങ്ങളിലാവും കൂടുതൽ വ്യക്തത കൈവരിക.


Comments