മിഷ്ഠി കഴിച്ച്, സന്ദേശും രസഗുളയും വിതരണം ചെയ്ത് ബംഗാളിലെ ജനം ഇന്നലെ പറഞ്ഞിട്ടുണ്ടാവുക; "ജൊയ് ബാംഗ്ലാ, ജൊയ് ദീദീ'- എന്നായിരിക്കും. ഇടതുപക്ഷ സർക്കാരിലുള്ള വിശ്വാസവും പിണറായി വിജയന്റെ നേതൃപാടവവും കേരളത്തിൽ ഇടതിനെ തുണച്ചപ്പോൾ ബംഗാളിലും അതേ വികാരം തന്നെ പ്രവർത്തിച്ചു, മമതയുടെ കാര്യത്തിൽ. ഇടതിനും കോൺഗ്രസിനും അവിടെ ഓക്‌സിജൻ പോലും കിട്ടാത്ത സ്ഥിതിയായി ഫലം വന്നപ്പോൾ. ബംഗാളിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത അത്ര വർഗീയമായ ചേരിതിരിവും രാഷ്ട്രീയ വിഴുപ്പലക്കും സംഘർഷവും നടന്നു ഇത്തവണ.
മമതയെ ‘മമതാബീഗം’ എന്നും ‘വീൽചെയർ ദീദി രോഹിങ്ക്യകളുടെ ആന്റി’ എന്നുമെല്ലാം വിളിച്ചു പരിഹസിച്ചു ബി.ജെ.പി. നേതൃത്വം. നാക്കിന്റെ കാര്യത്തിൽ ബംഗാളിലെ പി.സി. ജോർജാണ് ബി.ജെ.പി. അധ്യക്ഷനായ ദിലീപ് ഘോഷ്. ഘോഷ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ബി.ജെ.പി. നേതൃത്വം വിലക്കിയില്ല. അതിന് കിട്ടിയ കയ്യടി ഗുണം ചെയ്യുമെന്ന് കരുതുകയും ചെയ്തു. സ്ത്രീവോട്ടുകളെ ഇത് അകറ്റി. വടക്കൻ ബംഗാളിലും തെക്കൻ മേഖലയിലും ഹിന്ദു പോളറൈസേഷൻ നടത്താനുള്ള ബി.ജെ.പി ശ്രമത്തിന് ചിലയിടത്ത് ഫലവുമുണ്ടായി. അതിനപ്പുറം സംസ്ഥാനത്താകെ അത് ക്ലച്ച് പിടിച്ചതുമില്ല. അമിത് ഷായുടെ തന്ത്രങ്ങളെ നേരിടാനും പലയിടത്തും അവരെ വേരോടെ പിഴുതെടുക്കാനും മമതയെ പോലൊരു സ്ട്രീറ്റ് ഫൈറ്റർക്ക് കഴിഞ്ഞു.
ബി.ജെ.പിയുടെ കുതിപ്പിനെ തടഞ്ഞത് മമതയുടെ ധീരമായ നീക്കമാണ്, അത് മോദി പാർട്ടി, റൈറ്റേഴ്‌സ് ബിൽഡിങ് വാഴാനെത്തിയത് അഞ്ചു കൊല്ലത്തേക്ക് കൂടി തടഞ്ഞിരിക്കുന്നു, എക്കാലവും അതിന് കഴിഞ്ഞെന്നുവരില്ലായെങ്കിലും. ബംഗാളിലെ കണക്കുകൾ സൂചിപ്പിക്കുന്നത് ബംഗാളിൽ ബി.ജെ.പി. വളരുന്നുണ്ട്, പരാജയപ്പെട്ടത് മോദി - അമിത് ഷാ തന്ത്രം മാത്രമാണ് എന്ന വിമർശനം അവരുടെ പാർട്ടിയിൽ നിന്നുതന്നെ ഉയർന്നുവെന്ന് വാർത്തകളുണ്ട്.
വളരെ തിരക്കിട്ടാണ് തെരഞ്ഞെടുപ്പിലെ രാഷ്ട്രീയതന്ത്രം തയ്യാറാക്കാൻ തന്നെ വിളിച്ചത് എന്നും പെട്ടെന്നാണ് തൃണമൂൽ ടീമിനൊപ്പം ചേർന്നത് എന്നും പക്ഷേ ഭരണം പിടിക്കാൻ മമതയും സംഘവുമെടുത്ത അധ്വാനം രാജ്യത്തെ കോൺഗ്രസ് കണ്ടുപഠിക്കേണ്ട വസ്തുതയാണെന്നും മമതയുടെ രാഷ്ട്രീയ ഉപദേശകനായ പ്രശാന്ത് കിഷോർ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
നൂറ് സീറ്റിൽ കൂടുതൽ ബി.ജെ.പി. ബംഗാളിൽ പിടിച്ചാൽ താനീ പണി എന്നന്നേക്കുമായി നിർത്തുമെന്ന് അദ്ദേഹം തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം നിൽക്കേ പറഞ്ഞിരുന്നു. ഏതായാലും പ്രശാന്ത് കിഷോറിന് ഇനിയും ഈ പണി ചെയ്യാനുള്ള കോപ്പ് ബംഗാൾ ഫലം നല്കുന്നുണ്ട്.
കോവിഡ് പ്രതിസന്ധിയിലും വർഗീയ ചേരിതിരിവിലും പെട്രോൾ വില വർധനയിലും കേന്ദ്രത്തെ ആക്രമിച്ച് ഒരു ശത്രുവിനെ ജനത്തിന് ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതിൽ മമത വിജയിച്ചു. ആകെ 23 ജില്ലകളിൽ 16 ഇടത്തെങ്കിലും തൃണമൂൽ മിന്നുന്ന മേധാവിത്വം പ്രകടമാക്കി. പലതരം അടവുകളിലൂടെ മമത അമിത് ഷായുടെ കുതന്ത്രങ്ങളെ നേരിട്ടു. ബി.ജെ.പിയെ വരത്തന്മാരായും മുസ്‌ലിം ന്യൂനപക്ഷത്തെ പൗരത്വ ബില്ലിന്റെ പേരിലുള്ള ആശങ്ക ബോധ്യപ്പെടുത്താനും അത് വോട്ടാക്കാനും തൃണമൂലിന് കഴിഞ്ഞു, ഒപ്പം പട്ടികജാതി- വർഗ മേഖലയിലെ പഴയ കോൺഗ്രസ് - കമ്യൂണിസ്റ്റ് വിശ്വാസം തൃണമൂലിലേക്ക് വഴിമാറുകയും ചെയ്തു.
ഏത് പ്രതിസന്ധിയിലും കൂടെ നില്ക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ മമത വിജയിച്ചു. പ്രാദേശിക ഘടകങ്ങൾ പലതും അവർക്ക് ബോണസ് വോട്ടായപ്പോൾ ചില മേഖലകളിലെ ഹിന്ദുധ്രുവീകരണം തൃണമൂലിനെ കുഴപ്പത്തിൽ ചാടിച്ചു. അതാണ് ബി.ജെ.പിയുടെ സീറ്റ് നില 80 ലേക്ക് എത്തിച്ചതും.
ബാങ്കുര, ബീർഭും, ജാർഗ്രാം, സൗത്ത് പർഗാനാസ്, ഹൂഗ്ലി, ഹൗറ മേഖലകളിലെ വോട്ട് ശരാശരി നോക്കിയാലിത് കാണാനാവും. തൃണമൂൽ ചേരിയിൽ നിന്ന് തന്നെ നേതാക്കളെ അടർത്തി ഭരണം പിടിക്കാനുള്ള നീക്കം ഫലിച്ചില്ലെങ്കിലും സീറ്റുനിലയിൽ വലിയ വർധനവ് വരുത്താൻ ബി.ജെ.പിയ്ക്കായി. അമിത് ഷായ്ക്ക് സന്തോഷിക്കാനുള്ള വകയും ബംഗാൾ നല്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ മൂന്ന് സീറ്റിൽ നിന്ന് 80 സീറ്റിലേക്കുള്ള വളർച്ച ചില്ലറ്റ കാര്യമല്ല. അവരുടെ പ്രതീക്ഷകൾ മുന്നോട്ടുതന്നെയാണ്. അതിന് തടയിടാനുള്ള വീറും വാശിയുമായി മമതയുണ്ട് മറുവശത്ത് എന്നുമാത്രം. മമതയുടെ രാഷ്ട്രീയവീര്യം കെടുകയോ നയത്തിന്റെ കാര്യത്തിൽ തൃണമൂലിന്റെ കാലാവസ്ഥ മാറുകയോ ചെയ്തല്ലാതെ ബംഗാളിൽ കാവി പടർത്തുന്ന പ്രക്രിയ പൂർത്തീകരിക്കുക എന്നത് എളുപ്പമാവില്ല ബി.ജെപിയ്ക്ക്.
കൗതുകരമായ നിരവധി സംഭവങ്ങളും അനുബന്ധങ്ങളും ഇത്തവണ ബംഗാളിൽ അരങ്ങേറി. ബംഗാളിലേക്കുള്ള അമിത് ഷായുടെ പാർട്ടിയുടെ വരവിനെ ബംഗാളിന്റെ പൊതുശീലമല്ലാത്ത ഭിന്നിപ്പിന്റെ രാഷ്ട്രീയം എന്ന് പറഞ്ഞാണ് മമതയും കൂട്ടരും നേരിട്ടത്. ‘ബൊഹിരാഗതോ’ എന്ന് ഷായെ വിളിച്ചതും അതുകൊണ്ടുതന്നെ. ഹിന്ദി സംസാരിക്കുന്നവരുടെ പാർട്ടിയായതിനാൽ വരത്തന്മാരുടെ പാർട്ടിയാണത് എന്നായിരുന്നു ബംഗാളികളോട് മമത പറഞ്ഞത്. ഭാഷയിലും സ്വ സംസ്‌കാരത്തിലും പുളകം കൊള്ളുന്ന ബംഗാളിയോട് ‘ബൊഹിരാഗതോ’കളെ പുറത്താക്കണമെന്നാണ് മമത പറഞ്ഞുകൊണ്ടിരുന്നത്.
ഇത് പ്രാദേശികവാദമാണെന്ന് ബി.ജെ.പിയും തിരിച്ചടിച്ചു. മതപരമായ ഭിന്നിപ്പിന് മറുപടി ബംഗാളി സ്വത്വവും പ്രാദേശികതയുമായി. ഒരുകാലത്ത് വലംകൈയ്യും ഇടംകൈയ്യുമായിരുന്ന ശുഭേന്ദു അധികാരിയെ പോലെയുള്ള നേതാക്കളെ അടർത്തിമാറ്റി ബി.ജെ.പി. തൃണമൂലിനെ ഞെട്ടിക്കുകയും അതൊരു തുടർ തന്ത്രമാക്കുകയും ചെയ്തു. മുകുൾ റോയ് പോയതുപോലെയായിരുന്നില്ല ശുഭേന്ദുവിന്റ പോക്ക്. മമതയുമായി നേരിട്ടുള്ള യുദ്ധത്തിന് തയ്യാറെടുത്തായിരുന്നു ആ പോക്ക്. ഏറ്റവും വലിയ അടുപ്പക്കാർ ശത്രുക്കളായാൽ പോർ മൂക്കുമെന്നതിന്റെ തെളിവായി പിന്നീടുള്ള സംഭവങ്ങൾ. വൈരാഗ്യം മൂത്തു ഇരുപക്ഷത്തും. മമതയ്ക്ക് അഭിമാനപ്രശ്‌നമായി ശുഭേന്ദുവിന്റെ നീക്കം. അതുകൊണ്ടാണ് ഭവാനിപുരിന്റെ സുരക്ഷിതത്വം പോലും വേണ്ടെന്ന് വെച്ച് മടയിൽ പോയി പുലിയെ നേരിടാനുള്ള ചങ്കൂറ്റം ആ സ്ത്രീ കാണിച്ചത്.
സൗത്ത് ബംഗാളിൽ തൃണമൂൽ വിട്ട ബി.ജെ.പി നേതാക്കളുടെ പ്രകടനം വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിൽ നോർത്ത് ബംഗാളിൽ അത് വലിയ ചലനമുണ്ടാക്കി എന്നാണ് ഫലം സൂചിപ്പിക്കുന്നത്. ആ നീക്കം തൃണമൂലിനേക്കാൾ ആഘാതമായത് കോൺഗ്രസിനും സി.പിഎമ്മിനുമാണ്. സിലിഗുരി മേഖലയിൽ അശോക് ഭട്ടാചാര്യയെ പോലൊരു തലയെടുപ്പുള്ള സി.പി.എം നേതാവിനെ വീഴ്ത്താനായത് ബി.ജെ.പിയിലേക്ക് കൂറുമാറിയ തൃണമൂൽ നേതാവിനാണ്. സൗരവ് ഗാംഗുലിയുമായി ഏറ്റവും അടുപ്പമുള്ള നേതാവാണ് ഭട്ടാചാര്യ. നോർത്ത് ബംഗാളിലെ ജനപ്രിയമുഖമായിരുന്നു.
കോൺഗ്രസിന്റെ ആ മേഖലയിലെ എക്കാലത്തെയും കരുത്തനായിരുന്ന മോഹിത് സെൻ ഗുപ്തയും ഇത്തവണ മൂക്കുംകുത്തി വീണു. 50 വർഷത്തെ വിജയ ചരിത്രങ്ങളാണ് ഈ മേഖലയിൽ പലയിടത്തും കടപുഴകിയത്. ഐഷി ഘോഷ് പരാജയം രുചിച്ച ജമുരിയ സി.പി.എമ്മിന്റെ കയ്യിൽ നിന്ന് ചരിത്രത്തിലാദ്യമായാണ് പോകുന്നത്. ഇതുപോലെ കഥ, ഡസൻ കണക്കിൻ മേഖലകൾക്ക് ഇത്തവണത്തെ ഫലത്തിൽ പറയാനാകും.
നോർത്ത് ഈസ്റ്റിന്റെ ഭാഗമായി ചേർന്നുകിടക്കുന്ന ഡാർജിലിങ് മേഖല ബി.ജെ.പിയെ തന്നെ തുണച്ചു. എന്നാൽ സംസ്ഥാനത്തെ പട്ടികജാതി-വർഗ മേഖലകൾ പക്ഷേ ഇത്തവണ തൃണമൂലിനെയാണ് കൂടുതലും സഹായിച്ചത്. സി.പി.എമ്മിനും കോൺഗ്രസിനും ഇതോടെ ഈ പ്രദേശങ്ങളിൽ വലിയ നഷ്ടമുണ്ടായി. ഒ.ബി.സി. വോട്ടുകൾ സംസ്ഥാനത്ത് പൊതുവിൽ ബി.ജെ.പിയെ സഹായിച്ചു. റാണാഘട്ട് പോലെയുള്ള ഇടങ്ങൾ ഉദാഹരണം.
മാഥുവ വിഭാഗം പൗരത്വബില്ലിനെ അനുകൂലിച്ച് രംഗത്തുവന്നതും അവരുടെ വോട്ടുകൾ കൺസോളിഡേറ്റ് ചെയ്തതും ബി.ജെ.പിയ്ക്ക് ഗുണമായി. അഞ്ചോളം ജില്ലകളിൽ ബി.ജെ.പിയെ നല്ല രീതിയിൽ സഹായിക്കാനായി ഇവർക്ക്. മൂർഷിബാദ്, മാൽഡ, ദിനാജ്പുർ- പഴയ കോട്ടകളിലെല്ലാം കോൺഗ്രസ് ഒന്നുമല്ലാതായി, മിഡ്‌നാപുരിലും ബാങ്കുരയിലും ബർദ്വാനിലും ആലിപുർദ്വാറിലുമടക്കം സി.പി.എമ്മും തകർന്നടിഞ്ഞു. ഇവിടത്തെ ന്യൂനപക്ഷ - പട്ടികജാതി വോട്ടുകൾ തൃണമൂലിനായി ഏകീകരിക്കപ്പെട്ടതായാണ് കണക്കുകളിൽ കാണുന്നത്.
മോദി വിരുദ്ധതയും ബംഗാൾ സ്വത്വം പറഞ്ഞുള്ള വോട്ട് പിടുത്തവും ഒപ്പം ഭരണപരമായ പല പദ്ധതികളും തൃണമൂലിന് ഗുണം ചെയ്തു. ഫോണിലൂടെ പരാതി പറയാനാകുന്ന ‘ദീദിക്കെ ബോലോ’ പോലെ ജനങ്ങളിൽ നിന്ന് പരാതി നേരിട്ട് കേട്ട് തീർപ്പാക്കുന്ന ദുവാരേ സർക്കാർ, ‘സ്വാസ്ഥ്യാ സാഥി’ പോലുള്ള പാവപ്പെട്ടവർക്കുള്ള മെഡിക്കൽ ഇൻഷൂറൻസ്, പെൺകുട്ടികൾക്ക് പഠിക്കാനുള്ള കന്യാധൻ സഹായനിധി, വിദ്യാർത്ഥിനികൾക്കായുള്ള സൈക്കിൾ വിതരണം തുടങ്ങിയ പല പദ്ധതികളും ക്ലിക്കായി.
തൃണമൂൽ നേതാക്കളുടെ കമീഷൻ രാജിനെയും ഗുണ്ടായിസത്തെ തടയാനും ‘ദീദിക്കെ ബോലോ’ പരിപാടി സഹായിച്ചുവെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കാനും അവർക്കായി. അഴിമതിയും കമീഷനും ഗുണ്ടായിസവും തൃണമൂലിന് ഒഴിവാക്കാനാവില്ലെങ്കിലും അതിലും വലിയ പ്രതിസന്ധിയാണ് വർഗീയ സംഘർഷവും ഭിന്നിപ്പുമെന്നും അതിനാണ് ബി.ജെ.പിയുടെ വരവെന്നും പറഞ്ഞ് വോട്ടർമാരെ ബോധ്യപ്പെടുത്താനുള്ള ശ്രമം നല്ലൊരു പരിധി വിജയിച്ചുവെന്ന് പറയേണ്ടിവരും.
മദ്രസകൾക്കും മൊല്ലമാർക്കും പെൻഷൻ, ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് എന്നിവ ഏർപ്പെടുത്തിയ മമത ദുർഗാ പൂജയ്ക്കും സർക്കാരിന്റെ ഫണ്ട് വിനിയോഗിച്ചു. ‘ജയ് ശ്രീറാം’ പറഞ്ഞ് വന്നിറങ്ങുന്ന ബി.ജെ.പി. നേതാക്കളോട് ‘ജയ് കാളി മാ’ എന്ന് തിരിച്ചുവിളിച്ച് നേരിട്ടു. ഹിന്ദുമന്ത്രങ്ങൾ ചൊല്ലേണ്ടിടത്ത് അത് ചൊല്ലി, ന്യൂനപക്ഷങ്ങളെ അവരുടെ രീതിയിൽ അഭിവാദ്യം ചെയ്തു. സകല തുറുപ്പുചീട്ടും മമത ഇറക്കിയെന്ന് പറയാം, പോരാത്തതിന് ബംഗാളിന്റെ സ്വത്വത്തെ ഓർമിപ്പിച്ച് ഇത്തവണ വോട്ട് പിടിച്ചു. ബംഗാളിന്റെ സംസ്‌കാരമറിയാത്തവരായി തന്നെ ബി.ജെ.പിയെ അവതരിപ്പിക്കാനായി അവർക്ക്. ടാഗോറിനെ കൂടെകൂട്ടി. ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണം ബി.ജെ.പിയ്‌ക്കെതിരെ ഉപയോഗിച്ചു. ബംഗാളി അറിയാത്തവരുടെ വരവായി ബി.ജെ.പിയുടെ വരവിനെ കണ്ടു.
എന്നിട്ടും ഏതാണ്ട് 50 ലക്ഷത്തിനു മുകളിൽ നോൺ- ബംഗാളി വോട്ടർമാരിലെ നല്ലൊരു ശതമാനവും തൃണമൂലിനെയാണ് പിന്തുണച്ചത്. അമിത് ഷാ അടക്കമുള്ളവരുടെ കേന്ദ്രാധികാരം ഉപയോഗിച്ചുള്ള ചില നീക്കങ്ങൾ വിമർശനമാക്കി മാറ്റുന്നതിൽ മമത വിജയിച്ചു. അതിനിടെയാണ് മമതയ്ക്ക് പരിക്ക് പറ്റുന്നതും ആക്രമണം നടന്നുവെന്ന് ആരോപിച്ച് വീൽചെയറിലെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും. ഒപ്പം ബി.ജെ.പിയുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളും ഇന്ധനവില വർധനവിനെതിരായ തൃണമൂലിന്റെ പ്രതിഷേധവും കോവിഡ് പ്രതിസന്ധിയും സ്ത്രീവോട്ടർമാരെയും മറ്റും മമതയുടെ കൂടെ നിർത്തി.
പക്ഷേ ഇങ്ങനെയെല്ലമായിട്ടും ശുഭേന്ദുവിന്റെ കോട്ടയിൽ, തൃണമൂലിന്റെ വളർച്ചയ്ക്ക് കൊടിനാട്ടിയ നന്ദിഗ്രാമിൽ തന്നെ മമതയ്ക്ക് പരാജയം രുചിക്കേണ്ടിയുംവന്നു. തൃണമൂലിന്റെ ആധികാരിക വിജയം അവരെ നന്ദിഗ്രാം പരാജയത്തിന്റെ വിഷമവൃത്തത്തിൽ നിന്ന് അകറ്റിയേക്കാം. രാഷ്ട്രീയമായി അതൊരു പ്രതിസന്ധിയല്ല. നന്ദിഗ്രാമിൽ മമത ജയിച്ചില്ലെങ്കിലും ആ വാശിയും വീറും നന്ദിഗ്രാമിനു പുറത്ത് തൃണമൂലിന് കൂടുതൽ തിളക്കത്തോടെ വിജയമുണ്ടാക്കിയെന്ന് പറയാം. മമതയ്ക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുക്കാനുള്ള സന്നദ്ധത അവരുടെ നേതാക്കൾ കാണിക്കും. ഖർദയിൽ തെരഞ്ഞെടുപ്പിന് മുന്നേ കോവിഡ് ബാധിച്ച മരിച്ച തൃണമൂൽ സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഇവിടെ ഉപതെരഞ്ഞെടുപ്പുണ്ടാകും.
പക്ഷേ നന്ദിഗ്രാമിൽ അടക്കം തെര. കമ്മീഷന്റെ ഇടപെടലുകൾക്കെതിരെ മമതയും പ്രശാന്ത് കിഷോറും വിമർശനം ഉന്നയിച്ചുകഴിഞ്ഞു. ബി.ജെ.പി. മെഷിനറിയായി കമീഷൻ മാറിയെന്നും നന്ദിഗ്രാമിലെ പരാജയം അതിന്റെ തെളിവാണെന്നും തൃണമൂൽ പറയുന്നു.
ഒരു കാര്യം വ്യക്തമാണ്. പൊളിറ്റിക്കൽ വോട്ടിങ് നല്ല രീതിയിൽ നടന്ന തെരഞ്ഞെടുപ്പാണിത്. ഓരോ പ്രദേശത്തെയും പോക്കറ്റുകളിലെ ജാതി-വോട്ട് സ്വാധീനിച്ചതിന്റെ കണക്കിലേക്ക് മാത്രം തല പൂഴ്ത്തുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയ മാധ്യമ വിശകലന രീതിയിൽ നിന്നുമാറി, പൊളിറ്റിക്കൽ വോട്ട് എന്ന ഫാക്ടറിനെ കൂടി പ്രസക്തമായി കണക്കിലെടുക്കേണ്ടതുണ്ട്. മമതാ ബീഗം എന്ന് എതിർപക്ഷം വിളിച്ച മമതയ്ക്ക് ഏതെണ്ടെല്ലാ മേഖലയിലും വോട്ടർമാരുടെ വിശ്വാസം നേടാനായി. കുറച്ചുകൂടി നിലവാരമുള്ള സ്‌ക്രിപ്റ്റ് അമിത് ഷായും മോദിയും ബംഗാളിൽ അവതരിപ്പിക്കേണ്ടിയിരുന്നുവെന്നും അവരുടെ പരാജയം മാത്രമാണ് ഇതെന്നുമുള്ള വിമർശനം വന്നുകഴിഞ്ഞു.
ഭരണവിരുദ്ധ തരംഗം ഉണ്ടാകാനിടയുണ്ടായിട്ടും ഇടതുപക്ഷം കേരളത്തിലും തൃണമൂൽ ബംഗാളിലും വലിയ വിജയം നേടി. അതിലൊരു രാഷ്ട്രീയമുണ്ട്. മറ്റ് ജാതി- മത സമവാക്യങ്ങളുടെ അന്തിച്ചർച്ചകൾക്കപ്പുറം അതിൽ ജനം കാണിച്ച പ്രതീക്ഷയും വിശ്വാസവും ഏറെ പ്രസക്തമാണ്. പ്രതിസന്ധികളിൽ അകപ്പെടുന്ന ജനം ചില പ്രസ്ഥാനങ്ങളോട് പ്രകടിപ്പിക്കുന്ന വിശ്വാസത്തെ പൊളിറ്റിക്കലാക്കി മാറ്റാനായി എന്നതിന്റെ കാഴ്ച്ചയാണത്. അതുകൊണ്ടാണ് രണ്ടിടത്തും ഭരണവിരുദ്ധതരംഗം ഏശാതെ പോയത്. ഏതായാലും സംഘപ്രസ്ഥാനത്തിന്റെ താത്വികാചാര്യനായ ശ്യാമപ്രസാദ് മുഖർജിയുടെ ജന്മനാട്ടിൽ കാവിക്കൊടി പാറിക്കാനുള്ള മോദി- അമിത് ഷാ ആഗ്രഹത്തിന് ഇനിയും കാത്തിരിക്കണമെന്നാണ് ബംഗാൾ ഫലം ബോധ്യപ്പെടുത്തുന്നത്.