ഇന്ത്യയെ വെട്ടുന്ന ഹിന്ദുത്വ ഭാരതം

India that is Bharat, shall be a Union of States.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ ഒന്നിൽ ഇന്ത്യ എന്ന പേരിനെയും ദേശത്തെയും നിർവ്വചിക്കുന്നത് ഇപ്രകാരമാണ്.

ഇന്ത്യ അതായത് ഭാരത് എന്നാണ് പറയുന്നത്. സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷം കഴിഞ്ഞു. സ്വതന്ത്ര മതേതര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യ, ഇന്ത്യ എന്ന് തന്നെ അന്താരാഷ്ട്ര തലത്തിലും ഇന്ത്യയ്ക്കകത്തും അറിഞ്ഞും പറഞ്ഞും എല്ലാത്തരം വിനിമയങ്ങളിലും സംശയങ്ങളില്ലാതെ ഉപയോഗിച്ചും പോന്നു.

ശേഷം ഇപ്പോൾ ഇന്ത്യ എന്ന് വേണ്ട ഭാരത് എന്ന് മാത്രമായി രാജ്യത്തിന്റെ പേര് മാറ്റാനുള്ള നീക്കം കേന്ദ്ര ഭരണകൂടം നടത്തുന്നു. ഹിന്ദുത്വ രാഷ്ട്ര പ്രഖ്യാപനം സ്വപ്നം കാണുന്ന, ഹിന്ദുത്വ ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ പ്രയോക്താക്കളും പ്രചാരകരുമായ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ സർസംഘ് ചാലക് മോഹൻ ഭഗവത് ഇനി മുതൽ ഇന്ത്യയെന്ന് വേണ്ടാ ഭാരത് എന്ന് ഉപയോഗിക്കണം എന്നുള്ള പ്രഖ്യാപനം നടത്തുന്നു.

അതേ ഹിന്ദുത്വ ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ ഭരണകൂട പ്രതിനിധികളായ നരേന്ദ്ര മോഡിയെന്ന പ്രധാനമന്തിയും അമിത് ഷായെന്ന ആഭ്യന്തരമന്ത്രിയും നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുന്നു. മുഖ്യ അജണ്ട India that is Bharat, എന്നതിൽ നിന്ന് Bharat എന്ന് മാത്രമാക്കി മാറ്റാനുള്ള ബില്ലവതരണമാണ് എന്ന് റിപ്പോർട്ടുകൾ വരുന്നു. പേരുമാറ്റം സംബന്ധിച്ച വാർത്തകളെ തള്ളിയെങ്കിലും പ്രത്യേക സമ്മേളനത്തിന്റെ അജണ്ട കേന്ദ്ര സർക്കാർ പുറത്ത് വിട്ടിട്ടുമില്ല.

മാധ്യമങ്ങളിൽ സംഘപരിവാർ വക്താക്കൾ ഭാരതം എന്ന പേര് ഉദ്ഭവിച്ചതിനെക്കുറിച്ചുള്ള പല പല പതിവ് കഥകൾ പറയുന്നു. മഹാഭാരതകഥയെ ചരിത്രമാക്കി അവതരിപ്പിക്കുന്നു. ഭാരതവർഷത്തിന്റെ ചക്രവർത്തി ഭരതനെക്കുറിച്ചുള്ള കഥകൾ, മിത്തുകൾ, വസ്തുകകളെന്ന മട്ടിൽ പറയുന്നു. ഇന്ത്യ എന്ന പേരും പേരിന്റെ ആശയവും വൈദേശികമാണെന്നു സമർത്ഥിക്കാൻ ശ്രമിക്കുന്നു. ചരിത്രവുമായി ഒരു ബന്ധവുമില്ലാത്ത കെട്ടുകഥകൾ ആധികാരികമായി പ്രചരിപ്പിക്കുന്നു. ഭരണഘടനാ രൂപവത്കരണ കാലത്തു നടന്ന സംവാദങ്ങളെ ഇന്ത്യയും ഭാരതവും തമ്മിലെ യുദ്ധമായി പ്രഖ്യാപിക്കുന്നു. ഹിന്ദുവിലാണ് ഹിന്ദുത്വ കഥകളിലാണ് കാവിയുടുത്ത് ചെങ്കോലു പിടിച്ച് ഭൂലോകം സ്പന്ദിക്കുന്നതെന്ന് കരുതുന്നു. പേരുമാറ്റത്തിന് ഭരണഘടന ഭേദഗതി ചെയ്യുന്നതിന്റെ സാങ്കേതികത എന്താണെന്ന് വിശദമായി ചർച്ച ചെയ്യുന്നു.

ഇന്ത്യൻ ചരിത്രത്തെ, ലോക ചരിത്രത്തെ, മനുഷ്യ ചരിത്രത്തെ, സംഘ്പരിവാറിന് വേണ്ട ഇടത്തു നിന്ന്, അവർക്ക് മാത്രം ഇഷ്ടവും സൗകര്യവുമുള്ള പോയന്റിൽ നിന്ന് വായിച്ച് തുടങ്ങുകയും അവർക്ക് മാത്രം ബോധ്യപ്പെടുന്ന വ്യാഖ്യാനങ്ങൾ നൽകി വളച്ചൊടിക്കുകയും ചെയ്യുന്നു. ആധുനിക ചരിത്രകാരന്മാരെ ശത്രുക്കളായി പ്രഖ്യാപിച്ച്, ചരിത്രത്തിലേയില്ലാത്ത, കഥാകൃത്തുക്കളുടെ കഥകളെ ചരിത്രമാക്കി അവതരിപ്പിക്കുന്നു.

ആ കഥകളുടെ, നിർമിതികളുടെ മേൽ ഒരു കഥയുമില്ലാത്ത, രാഷ്ട്രീയവുമില്ലാത്ത ആഖ്യാന വ്യാഖ്യാനങ്ങൾ നടത്താൻ ഒരു രാജ്യത്തെ പ്രേരിപ്പിക്കുക എന്നത്, പുരാണേതിഹാസങ്ങളിലെ കഥകളിലേക്കും കഥാ സന്ദർഭങ്ങളിലേക്കും വാരിക്കുഴി കുഴിച്ച് ഒരു ജനതയുടെ സമയോർജ്ജങ്ങളെ, രാഷ്ട്രീയ സാമ്പത്തിക വികസന ചർച്ചകളിലേക്ക് നയിക്കപ്പെടേണ്ട ചിന്തകളെ, തന്ത്രപൂർവ്വം വീഴിക്കുക എന്നത് സംഘപരിവാറിന്റെ എക്കാലത്തേയും രീതിയാണ്. അസംബന്ധ നാടകങ്ങളുടെ അവതരണങ്ങൾ.

എന്നാൽ ഇവിടെ അത് മാത്രമല്ല സംഭവിക്കുന്നത്. ദേശീയതയുടെ വാരിക്കുഴി കൂടി കൂടുതൽ ആഴത്തിൽ കുഴിച്ചു വെച്ചിട്ടുണ്ട്. ഭാരതമെന്ന് മാത്രം പറയുന്നത് എന്തിനാണ്?/ ഇന്ത്യയെ ഒഴിവാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം എന്താണ് ? എന്ന് ചോദിക്കുന്നത് ദേശദ്രോഹമാവുമോ ഭാരത മാതാവേ എന്നാണ് ഭൂരിപക്ഷവും കരുതുന്നത്. ഭാരതമെന്ന പേരു കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗമല്ലോ അതുകൊണ്ട് ഭാരതത്തോട് പ്രശ്നമില്ലല്ലോ ഇന്ത്യയോടും പ്രശ്നമില്ലല്ലോ എന്നാണ് ഒരു മാതിരിപ്പെട്ട രാഷ്ട്രീയക്കാരുടെയൊക്കെ നിലപാടില്ലാത്ത നിലപാട്. അതുകൊണ്ടാണ് ഭാരതമെന്നാലും ഇന്ത്യയെന്നാലും ഹിന്ദുസ്ഥാനെന്നാലും സ്നേഹമാണ് എന്ന് രാഹുൽ ഗാന്ധിക്ക് പറയേണ്ടി വരുന്നത്. എന്നാപ്പിന്നെ INDIA അലയൻസിന്റെ പേര് ഭാരത് എന്ന് മാറ്റട്ടേ അപ്പോൾ സർക്കാർ എന്തു ചെയ്യും എന്ന് നോക്കാലോ എന്ന് ശശി തരൂർ കോമഡി പൊളിറ്റിക്സ് പറയുന്നത്. ദേശീയതയുടെ വൈകാരികത വെച്ചുള്ള ഈ കളിയിലും സംഘപരിവാർ സ്ട്രാറ്റജി മേൽക്കൈ നേടുകയാണ്.

ഇന്ത്യയായാലും ഭാരതമായാലും ഒരു പോലെയല്ല. ഈ പേര് മാറ്റൽ ചർച്ച പോലും ഉണ്ടാക്കുന്നത്, ഹിന്ദുത്വ പ്രത്യയ ശാസ്ത്രം അതിന്റെ രൂപവത്കരണ കാലം മുതൽ വിഭാവനം ചെയ്ത ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിലേക്കുള്ള, ദീർഘയാത്രയുടെ ഭാഗമായാണ്.

പൂർണ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ചേരുവകളിൽ ഒന്ന് മാത്രമാണത്. റെയിൽവേ സ്റ്റേഷനുകൾക്കും നഗരങ്ങൾക്കും കാലാകാലങ്ങളായുണ്ടായിരുന്ന പേരുകൾ മാറ്റിയത്, അയോധ്യാ ക്ഷേത്രനിർമാണം, C. A. A, NRC നടപ്പാക്കാനാൻ ശ്രമിക്കുന്നത് , ഏകീകൃത സിവിൽ കോഡ് എന്ന ഭയപ്പെടുത്തൽ നടത്തുന്നത്, സർക്കാർ പരിപാടികൾ സന്യാസിമാരുടെയും ഹൈന്ദവ പ്രതീകങ്ങളുടേയും ഉത്സവമാക്കി മാറ്റുന്നത്, പ്രതീകങ്ങളിലൂടെ, ബിംബങ്ങളിലൂടെ, ചിഹ്നങ്ങളിലൂടെ ഭാവനയിലെ ഹിന്ദുരാഷ്ട്രത്തിന് ആശയത്തിൽ മാത്രല്ല അലങ്കാരങ്ങളിലും പൂർണത നൽകാനുള്ള പെപ്രാളമാണിത്. ഹിന്ദുവല്ലാത്ത സാംസ്കാരിക ചിഹ്നങ്ങളെ പൂർണമായി ഒഴിവാക്കലാണ് ലക്ഷ്യം. ചിരപുരാതന കാലം മുതൽ ഇന്ത്യ ഹിന്ദു രാഷ്ട്രമായിരുന്നു എന്ന പ്രതീതിയുണ്ടാക്കുകയാണ്. ബഹുസ്വരതയുടെ സാംസ്കാരിക പ്രതീകങ്ങളെ മുഴുവൻ മറച്ചോ തകർത്തോ കളയാനുള്ള ശ്രമങ്ങളാണ്. അത് ഗോൾവാർക്കറുടേയും സവർക്കറുടേയും സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള രഥയാത്രകളാണ്.

ഒപ്പം ഇത്തരം ചർച്ചകൾ നിരന്തരം ഉദ്പാദിപ്പിച്ച് കേന്ദ്ര ഭരണകൂടവും അദാനി യുൾപ്പെടെയുള്ള ഭീമൻ കോർപ്പറേറ്റുകളുമായുള്ള ബന്ധത്തിന്റേയും ഭാവനയ്ക്കുമപ്പുറമുള്ള അഴിമതി ചർച്ചകളിൽ നിന്നും, മുഖ്യധാരയുടെ വഴിതിതിരിച്ച് വിടലും.

പ്രതിപക്ഷ ഐക്യത്തിന്റെ INDIA യെന്ന പേരിനോടുള്ള അസഹിഷ്ണുതയാവാം ഒരു പക്ഷേ പേരുമാറ്റ ബില്ല് കൊണ്ടുവരാനുള്ള അടിയന്തിര പ്രകോപനം. പക്ഷേ ഈ മാറ്റം സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ മുഖ്യ അജണ്ടകളിൽ ഒന്നു തന്നെയാണ്. ഒറ്റ മതം, ഒറ്റ രാഷ്ട്രം, ഒറ്റ രാഷ്ടീയം, ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ സംസ്കാരം തുടങ്ങി ഏകശിലാത്മകമായ ഒരു ഹൈന്ദവ ക്ഷേത്ര സമാനമായി രാഷ്ടത്തെ പൊളിച്ചു പണിയാനാണ് സംഘപരിവാർ മെനക്കെടുന്നത്.

വൈവിധ്യങ്ങളുടേയും സാംസ്കാരിക വൈപുല്യങ്ങളുടേയും അടിത്തറയിൽ ഉണ്ടായിട്ടുള്ള ഇന്ത്യയെന്ന ആശയം ആ നിർമാണത്തിന് കല്ല് പൂജിക്കുകയില്ല എന്നാണ് ഇന്ത്യയുടെ രാഷ്ടീയ ചരിത്രം. പക്ഷേ ഒരു ഹിന്ദുത്വ ഭരണകൂടം നെറിയില്ലാത്ത, നീതിയില്ലാത്ത ഏത് യുദ്ധവും ചെയ്യുമെന്നാണ് അതിനാധാരമായ ഫാസിസ്റ് പ്രത്യയ ശാസ്ത്രത്തിന്റേയും ചരിത്രം.

Comments