എന്തുകൊണ്ട്​ രാഹുൽ ഗാന്ധി ഒരു ശുഭാപ്​തി വിശ്വാസമാകുന്നു?

ഒരു രാജ്യം മുഴുവൻ അഹോരാത്രം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സംഘർഷത്തിന്റെയും ഭാഷയും വ്യാകരണവും മുഖമുദ്രയായി നശിച്ചുകൊണ്ടിരിക്കുമ്പോൾ, ഭരിക്കുന്ന സർക്കാർ എങ്ങനെയൊക്കെ പൗരന്മാരെ കൂടുതൽ പരസ്പരം പോരടിപ്പിക്കാൻ പറ്റുമെന്ന് പരീക്ഷിച്ചുകൊണ്ടേയിരിക്കുമ്പോൾ, ഒരു മനുഷ്യൻ പോസിറ്റിവായ ഊർജ്ജവും സ്‌നേഹത്തിന്റെയും സൗഭ്രാത്രത്തിന്റെയും ലളിതമനോഹരസന്ദേശവുമായി നാട് മുഴുവൻ നടന്നുതീർക്കുന്നത് ചരിത്രനിർണായകമാണ്

ഹുസ്വര ഭാരതത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം പകരുന്ന കഴിഞ്ഞ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട സംഗതി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയാണെന്ന്​ ഷാജഹാൻ മാടമ്പാട്ട്​. ‘‘വർഷങ്ങളോളം ആരിലും വലിയ മതിപ്പുളവാക്കാത്ത, പ്രായേണ ദുർബലനായ ഒരു രാഷ്ട്രീയനേതാവായിരുന്നു രാഹുൽ. 2022 ൽ സംഭവിച്ച ഏറ്റവും വലിയ രാഷ്ട്രീയസംഭവം അദ്ദേഹത്തിന്റെ രൂപാന്തരപ്രാപ്തിയാണ്.’’- ട്രൂ കോപ്പി വെബ്​സീനിൽ അദ്ദേഹം എഴുതുന്നു.

‘‘രാജ്യസ്‌നേഹികളായ ആരിലും ‘എല്ലാം കൈവിട്ടുപോയി’ എന്ന വേപഥു സൃഷ്ടിക്കാൻ മതിയായ ഒരവസ്ഥയാണ് ഇന്ത്യയിൽ. ഭീതിയാണ് രാജ്യത്തെ ചൂഴ്ന്നുനിൽക്കുന്ന പ്രബലവികാരമിന്ന്, വെറുപ്പും. ഗാന്ധിയുടെ നാട്ടിൽ ഗോഡ്‌സേയുടെ ആശയങ്ങളും വികാരങ്ങളുമാണിന്ന് അധീശത്വം പുലർത്തുന്നത്. ഇത്രയൊക്കെയായിട്ടും നാടിനെ ഈ പരുവത്തിലാക്കിയ മനുഷ്യൻ ജനപ്രിയനും ഹിന്ദുഹൃദയസാമ്രാട്ടുമായി തുടരുകയാണ്. പൗരന്മാർ കൂടുതൽ ദാരിദ്യത്തിലേക്ക് വീഴുന്നതും അംബാനിയുടെയും അദാനിയുടെയും സമ്പത്ത് രണ്ടും മൂന്നും ഇരട്ടിയായി വർഷാവർഷം വർധിക്കുന്നതുമൊന്നും വർഗീയാന്ധത ബാധിച്ച ജനസഞ്ചയത്തിന് ഒരു പുനശ്ചിന്തയ്ക്കും കാരണമാവുന്നില്ല. ജനങ്ങളെ പിരിച്ചുവിട്ട് പുതിയൊരു ജനതയെ തെരഞ്ഞെടുക്കുന്നതല്ലേ കൂടുതൽ മെച്ചമെന്ന ബർടോൾഡ് ബ്രെഹ്റ്റിന്റെ പഴയ ചോദ്യം നമ്മുടെ കാര്യത്തിൽ വളരെ പ്രസക്തമാകുന്നുണ്ടിന്ന്.’’

   രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി

‘‘മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം എളുപ്പത്തിൽ നന്നാക്കിയെടുക്കാൻ പറ്റാത്തത്ര ആഴത്തിൽ വേരോടിക്കഴിഞ്ഞിട്ടുണ്ട് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും. പരസ്പരം ഭയത്തോടെ നോക്കുന്ന സമുദായങ്ങൾ ഒരുമിച്ച് കഴിയുന്ന നഗരങ്ങളും ഗ്രാമങ്ങളുമാണ് നമ്മുടെ സമകാലിക യാഥാർഥ്യം. അത്രയേറെ വിഷം തീണ്ടിയ മനുഷ്യരാണ് പൊലീസിലും കോടതിയിലും മറ്റു സ്ഥാപനങ്ങളിലുമുള്ളത്. ഭരണം മാറിയാൽ പോലും മനോഭാവം മാറുക എളുപ്പമല്ല. അതിനായി ഒരു ഗാന്ധി വരുമെന്ന പ്രതീക്ഷയുമില്ല.’’

‘‘ഒരു രാജ്യം മുഴുവൻ അഹോരാത്രം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സംഘർഷത്തിന്റെയും ഭാഷയും വ്യാകരണവും മുഖമുദ്രയായി നശിച്ചുകൊണ്ടിരിക്കുമ്പോൾ, ഭരിക്കുന്ന സർക്കാർ എങ്ങനെയൊക്കെ പൗരന്മാരെ കൂടുതൽ പരസ്പരം പോരടിപ്പിക്കാൻ പറ്റുമെന്ന് പരീക്ഷിച്ചുകൊണ്ടേയിരിക്കുമ്പോൾ, ഒരു മനുഷ്യൻ പോസിറ്റിവായ ഊർജ്ജവും സ്‌നേഹത്തിന്റെയും സൗഭ്രാത്രത്തിന്റെയും ലളിതമനോഹരസന്ദേശവുമായി നാട് മുഴുവൻ നടന്നുതീർക്കുന്നത് ചരിത്രനിർണായകമാണ് - അതിന്റെ ഹ്രസ്വകാലഫലം എന്തായിരുന്നാലും. ‘വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ പീടിക തുറക്കാനാണ്' താൻ ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറയുന്നത് ആഴമുള്ള സാരാംശഗംഭീരമായ സന്ദേശമാണ്. സാധാരണകാലത്ത് വെറും വാചാലതയായും കെട്ട കാലത്ത് വലിയ തത്വസാഗരമായും വായിച്ചെടുക്കേണ്ട വാക്കുകളാണത്. ’’

‘‘മതിപ്പുളവാക്കാത്ത, ജനപ്രിയനല്ലാത്ത, ജനകീയനല്ലാത്ത രാഹുൽ ഗാന്ധി എല്ലാ അർത്ഥത്തിലും അത്ഭുതപ്പെടുത്തുന്ന, ആശയവ്യക്തതയും അസാമാന്യമായ ആശയവിനിമയപാടവവുമുള്ള ഒരു രാജ്യതന്ത്രജ്ഞനായി മാറുന്നതാണ് ഭാരത് ജോഡോ യാത്ര കാണിച്ച് തന്നത്. യാത്രയുടെ തുടക്കം മുതൽ അതിന്റെ ഗതിവിഗതികളേയും അതുളവാക്കിയ അനുകൂല- പ്രതികൂല പ്രതികരണങ്ങളെയും സൂക്ഷ്മമായി ശ്രദ്ധിച്ച ഒരാളാണ് ഇതെഴുതുന്നത്. കന്യാകുമാരിയിൽ യാത്ര ആരംഭിക്കുമ്പോൾ ഇതൊരു വലിയ സാമൂഹ്യ രാഷ്ട്രീയ സംഭവമായി മാറുമെന്ന് ആരും വിചാരിച്ചിരുന്നില്ല. പരാജയം ഉറപ്പുള്ള, സ്വയം പരിഹാസപാത്രമാക്കാനുള്ള രാഹുൽ ഗാന്ധിയുടെ ഏറ്റവും പുതിയ സാഹസമെന്നേ മിക്ക ആളുകളും കരുതിയുള്ളൂ. ഈ ലേഖകനും അങ്ങനെതന്നെ. പക്ഷെ നാടകീയമായ, എല്ലാ അശുഭപ്രവചനങ്ങളേയും അസത്യമാക്കുന്ന പരിവർത്തനമാണ് പതുക്കെ പതുക്കെ നാം കാണാൻ തുടങ്ങിയത്.’’

‘‘കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിതത്വങ്ങൾക്കപ്പുറത്തേക്ക് വളരുന്ന, ഒരു രാജ്യതന്ത്രജ്ഞന്റെ പക്വതയോടെയും വിവേകത്തോടെയും, അതോടൊപ്പം മൂർച്ചയുള്ള രാഷ്ട്രീയബോധ്യത്തോടെയും ജനങ്ങളോടും മാധ്യമങ്ങളോടും സംസാരിക്കുന്ന, അതുവരെ കോൺഗ്രസിൽ പലരും സ്വീകരിച്ചിരുന്ന മൃദുഹിന്ദുത്വനാട്യങ്ങളെ പൂർണമായും ഉപേക്ഷിച്ച് ഉള്ളത് ഉള്ളതുപോലെ പറയുന്ന, അപാരമായ ആത്മവിശ്വാസവും സ്വപ്രത്യയസ്ഥൈര്യവും പ്രദർശിപ്പിക്കുന്ന ഒരു പുതിയ രാഹുൽഗാന്ധിയുടെ ഉദയവും വികാസ പരിണാമവുമാണ് നാം കണ്ടത്. ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തിയപ്പോഴേക്കും ആർക്കും ‘പപ്പു’ എന്നു വിളിച്ച് കളിയാക്കാനാവാത്ത ഉന്നതമായ വ്യക്തിമേന്മയിലേക്ക് അദ്ദേഹം പരിവർത്തിച്ചിരുന്നു. അവഗണിക്കുകയോ പരിഹസിക്കുകയോ ചെയ്തിരുന്ന മടിത്തട്ട് മാധ്യമങ്ങൾ അദ്ദേഹത്തിന്റെ ഓരോ നീക്കവും മനസ്സില്ലാമനസ്സോടെയാണെങ്കിലും റിപ്പോർട്ടു ചെയ്യാൻ തുടങ്ങി. അതുവരെ കണ്ട ഭാവം നടിക്കാത്ത പല ചാനലുകളും യാത്ര ലൈവ് ആയിത്തന്നെ കൊടുക്കാൻ തുടങ്ങി. യാത്രയെയും രാഹുലിനെയും താറടിക്കാനുള്ള ബി.ജെ.പി കുതന്ത്രങ്ങളോരോന്നും മണിക്കൂറുകൾക്കുള്ളിൽ ത്തന്നെ പരാജയപ്പെട്ടു. ആക്രമണത്തിൽനിന്ന് അവർ പ്രതിരോധത്തിലേക്ക് പൊടുന്നനെ മാറാൻ തുടങ്ങി. യാത്ര കൊറോണ പടർത്തുമെന്ന ആരോഗ്യ മന്ത്രിയുടെ കത്ത് സർക്കാരിനെ പരിഹാസ്യമാക്കി. യാത്രയുടെ ജനപിന്തുണക്ക് കിട്ടിയ ഏറ്റവും വലിയ സാക്ഷ്യപത്രമായി ആ കത്ത് മാറി.’’

‘‘യാത്രയിലെ രാഹുലിന്റെ പ്രസംഗങ്ങളും പത്രസമ്മേളനങ്ങളും ഉള്ളടക്കത്തിന്റെ കാമ്പുകൊണ്ടും പ്രതിപാദനത്തിന്റെ മൂർച്ച കൊണ്ടും വേറിട്ടുനിന്നു. പലതരം വിവാദങ്ങളിലേക്ക് കൊണ്ടുപോകാൻ പത്രക്കാർ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം തന്റെ മൂന്ന് മർമവിഷയങ്ങളിൽ മാത്രം ഊന്നി - വെറുപ്പിന്റെ രാഷ്ട്രീയം, വിലക്കയറ്റം, തൊഴിലില്ലായ്മ. കൂടുതൽ അഭ്യാസം കാണിക്കാൻ വന്ന പത്രക്കാർക്ക് കണക്കിന് കൊടുക്കുകയും ചെയ്തു. എൻ.ഡി.ടി.വിയിലെ ഒരു റിപ്പോർട്ടർ കോൺഗ്രസ്സിലെ ആന്തരികപ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചപ്പോൾ രാഹുലിന്റെ മറുചോദ്യം ഇങ്ങനെ: ‘നിങ്ങൾക്ക് ഇപ്പോൾ പുതിയൊരു ഉടമസ്ഥനുണ്ടല്ലോ അല്ലേ.' അതും ചോദ്യവുമായി എന്ത് ബന്ധമെന്ന് അവർ പ്രതിഷേധിച്ചെങ്കിലും അവരുടെ വൈക്ലബ്യം വ്യക്തമായിരുന്നു. മാത്രവുമല്ല, മുഖ്യധാരാമടിത്തട്ട് മാധ്യമങ്ങൾക്കൊന്നും രാഹുൽ അഭിമുഖം കൊടുത്തില്ല. അതേസമയം, യൂട്യൂബേർസിനും മറ്റും നീണ്ട സംഭാഷണങ്ങൾ അനുവദിക്കുകയും ചെയ്തു. ഇതിന്റെ തന്ത്രജ്ഞത പ്രധാനമാണ്.’’

‘‘എന്താണ് രാഹുൽ ഗാന്ധിയുടെ രൂപാന്തരപ്രാപ്തിയുടെ ചേരുവകൾ?
ഒന്നാമതായി കോൺഗ്രസുമായി തനിക്കുള്ള ബന്ധം അദ്ദേഹം നേരിട്ട് പറഞ്ഞില്ലെങ്കിലും പുനർനിർവചിച്ചിരിക്കുന്നുവെന്നുവേണം കരുതാൻ. ഗാന്ധിജിക്ക് കോൺഗ്രസുമായുണ്ടായിരുന്ന ബന്ധത്തിന് സമാനമായ ഒരു സ്ഥിതിയിലേക്ക് അത് മാറിയിട്ടുണ്ട്. കോൺഗ്രസ്​ നേതൃത്വത്തിൽ മിക്കവരും തന്റെ ഉൽക്കണ്ഠകൾ പങ്കിടുന്നില്ലെന്നും അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾക്കപ്പുറം ഒന്നിനും വില കല്പിക്കുന്നില്ലെന്നും അദ്ദേഹത്തിന് നന്നായറിയാം. അതിനാൽ രാഹുൽ തന്റെ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നു. അതിനോട് താല്പര്യമുള്ളവർക്ക് കൂടെ വരാം, അല്ലാത്തവർക്ക് അവരുടെ വഴി. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളിലൊന്നും ഇടപെട്ട് കളയാൻ തനിക്ക് സമയമില്ല. അതിനേക്കാൾ എത്രയോ വലിയ ചരിത്രനിയോഗം തന്റെ മുന്നിലുണ്ട്. താനതുമായി മുന്നോട്ടുപോകുകയാണ്. ഇത് പല നിലയ്ക്കും ഒരു ദാർശനികമാറ്റം കൂടിയാണ്. തിരഞ്ഞെടുപ്പിൽ ജയിക്കുന്നതുകൊണ്ടുമാത്രം തകർന്നടിഞ്ഞ ഒരു രാഷ്ട്രശരീരത്തെ ആരോഗ്യത്തിലേക്ക് പുനരാനയിക്കാൻ കഴിയില്ലെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ട്. വേണ്ടത് മൗലികമായ മനോഭാവപരിവർത്തനമാണ്. അത് ജനങ്ങളോടുള്ള നേർക്കുനേരെയുള്ള സംഭാഷണത്തിലൂടെ മാത്രമേ സാധിക്കൂ. 3500 കിലോമീറ്റർ നടന്നുതീർക്കുകയെന്നത് ചെറിയ കാര്യമല്ല. അതിൽ ത്യാഗത്തിന്റെയും പ്രതിബദ്ധതയുടെയും ബൃഹത്തായ മാനങ്ങളുണ്ട്. സംഘടനാകാര്യങ്ങളിൽ ഗാന്ധിജിയോട് താരതമ്യം ചെയ്തതുപോലെ ഇക്കാര്യത്തിലും ഗാന്ധിമാതൃകയാണ് രാഹുലിന്റെ വഴികാട്ടി. തപസ്യ എന്ന വാക്ക് ആ നിലയ്ക്ക് വളരെ അർത്ഥപൂർണമാണ്.’’

‘‘ഇതെല്ലാം പറയുമ്പോൾ ഉയർന്നുവരുന്ന ഒരു ചോദ്യം, 2024 ലെ തിരഞ്ഞെടുപ്പിൽ ഭാരത് ജോഡോ യാത്രക്ക് എന്തെങ്കിലും സ്വാധീനം ചെലുത്താൻ കഴിയുമോ എന്നതാണ്. അതിനുള്ള ഉത്തരം നിഷേധാത്മകമാണ്. കോൺഗ്രസ്​ പോലൊരു പാർട്ടിയുടെ കഴിവുകേടുകളും ആന്തരികദൗർബല്യങ്ങളും ഇന്ത്യൻ പ്രതിപക്ഷത്തിന്റെ അന്തഃഛിദ്രതകളുമൊക്കെയായി ബന്ധപ്പെട്ട ഒരു ചോദ്യമാണത്. ഇന്ത്യയുടെ ബഹുസ്വര ജനാധിപത്യ സംസ്‌കാരത്തോടും ഭരണഘടനാ മൂല്യങ്ങളോടും മതമൈത്രീമര്യാദകളോടുമൊക്കെ കൂറു പുലർത്തുന്ന വൈവിധ്യമാർന്ന പൗരവിഭാഗങ്ങളിൽ പ്രതീക്ഷയും പോരാട്ടവീര്യവും സന്നിവേശിപ്പിക്കാൻ യാത്രക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ടുവെന്ന് വേപഥു കൊണ്ടവരിൽ ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന ശുഭാപ്തിവിശ്വാസം ഉദ്ദീപിപ്പിക്കാൻ അത് ഹേതുവായിട്ടുണ്ട്. വലിയ മാറ്റങ്ങൾ ഒരു പുലർക്കാലത്ത് പൊടുന്നനെ പൊട്ടിവീഴുന്നതല്ല. സമയമെടുത്തേ അത് സംഭവിക്കൂ. തുടക്കത്തിൽ പറഞ്ഞതുപോലെ ആശയും പ്രതീക്ഷയുമാണ്, നിരാശയും ഇരുട്ടിനോട് രാജിയാകലുമല്ല, ദീർഘദൃഷ്ടിയുള്ള യഥാർഥ രാഷ്ട്രീയത്തിന്റെ മർമവും കാമ്പും.’’

ഷാജഹാൻ മാടമ്പാട്ട്​ എഴുതുന്നു
രാഹുൽ ഗാന്ധിയുടെ രൂപാന്തരപ്രാപ്തി
ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 110
വായിക്കാം, കേൾക്കാം


Summary: ഒരു രാജ്യം മുഴുവൻ അഹോരാത്രം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സംഘർഷത്തിന്റെയും ഭാഷയും വ്യാകരണവും മുഖമുദ്രയായി നശിച്ചുകൊണ്ടിരിക്കുമ്പോൾ, ഭരിക്കുന്ന സർക്കാർ എങ്ങനെയൊക്കെ പൗരന്മാരെ കൂടുതൽ പരസ്പരം പോരടിപ്പിക്കാൻ പറ്റുമെന്ന് പരീക്ഷിച്ചുകൊണ്ടേയിരിക്കുമ്പോൾ, ഒരു മനുഷ്യൻ പോസിറ്റിവായ ഊർജ്ജവും സ്‌നേഹത്തിന്റെയും സൗഭ്രാത്രത്തിന്റെയും ലളിതമനോഹരസന്ദേശവുമായി നാട് മുഴുവൻ നടന്നുതീർക്കുന്നത് ചരിത്രനിർണായകമാണ്


ഷാജഹാൻ മാടമ്പാട്ട്​

സാംസ്​കാരിക വിമർശകൻ, കോളമിസ്​റ്റ്​. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ധിഷണയും വെളിപാടും, ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ, God is Neither a Khomeini nor a Mohan Bhagwat: Writings against Zealotryഎന്നിവ പ്രധാന കൃതികൾ

Comments