കർപ്പൂരി താക്കൂറിനെയും തട്ടിയെടുക്കുന്ന മോദിയുടെ രാഷ്ട്രീയ തട്ടിപ്പ്

കർപ്പൂരി താക്കൂർ തന്റെ സംവരണനയം നടപ്പാക്കിയപ്പോൾ അതിനെ ഏറ്റവും ശക്തമായി എതിർത്തത് സംഘപരിവാറും ബി ജെ പിയുടെ അക്കാലരൂപമായ ഭാരതീയ ജനസംഘവുമായിരുന്നു എന്നത് ചരിത്രത്തെക്കുറിച്ചുള്ള മറവി ഒരലങ്കാരമായി കൊണ്ടുനടക്കുന്ന ജനതയെ ബാധിക്കില്ല എന്നും സംഘപരിവാറിനറിയാം. 

ന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം എക്കാലവും നേരിടുന്നൊരു പ്രശ്നം ഹിന്ദു മതത്തിലെ ജാതിവ്യവസ്ഥയെ, വർണാശ്രമധർമത്തെ  നിലനിർത്തിക്കൊണ്ട്, എങ്ങനെയാണ് വംശീയാടിസ്ഥാനത്തിലുള്ള ഹിന്ദു സ്വത്വവും വംശീയ ഹിന്ദുത്വ ദേശീയതയും ഉണ്ടാക്കിയെടുക്കുക എന്നതാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അക്കാര്യത്തിൽ അവർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് മണ്ഡൽകാല രാഷ്ട്രീയമെന്ന് വിളിക്കാവുന്ന, 1990-കളിൽ ശക്തമായി വികസിച്ച, ഇന്ത്യയിലെ പിന്നാക്ക വിഭാഗ ജാതികളുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയമുന്നേറ്റമായിരുന്നു. 1980-കളിൽ ആർ എസ് എസ് -സംഘപരിവാർ നേതൃത്വം രാമജന്മഭൂമി വിഷയം ഉയർത്തി രാജ്യവ്യാപകമായി, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ, ഹിംസാത്മകമായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുതിയൊരു ഘട്ടം തുടങ്ങിയ കാലത്താണ് പിന്നാക്ക ജാതി വിഭാഗങ്ങളുടെ രാഷ്ട്രീയ മുന്നേറ്റവുമുണ്ടായത്. അതോടെ വാസ്തവത്തിൽ തങ്ങൾ എക്കാലവും നേരിട്ട, ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ കടമ്പകളിലൊന്ന് അതിന്റെ രാഷ്ട്രീയമായ മൂർത്തരൂപത്തിൽ സംഘപരിവാറിന് മുന്നിലേക്കെത്തുകയായിരുന്നു. 

മണ്ഡല്‍ കമീഷൻ ശുപാർശകൾക്കെതിരായ പ്രക്ഷോഭം
മണ്ഡല്‍ കമീഷൻ ശുപാർശകൾക്കെതിരായ പ്രക്ഷോഭം

മണ്ഡലും കമണ്ഡലും തമ്മിലുള്ള അഥവാ ഇന്ത്യയിലെ പിന്നാക്ക ജാതി രാഷ്ട്രീയവും ഹിന്ദുത്വ രാഷ്ട്രീയവും തമ്മിലുള്ള സാമൂഹ്യ, രാഷ്ട്രീയാധികാര മല്പിടുത്തം 1990-ൽ നിന്ന് കാൽ നൂറ്റാണ്ടുകാലം പിന്നിട്ടപ്പോൾ കമണ്ഡലും കമലും നിയാമകമായ ആധിപത്യം നേടിക്കഴിഞ്ഞു. ഹിന്ദുത്വ രാഷ്ട്രീയം പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയമുന്നേറ്റത്തെ, അതിന്റെ രാഷ്ട്രീയസ്വഭാവത്തെ, നിർണായകമായി നിലവിലെങ്കിലും പരാജയപ്പെടുത്തുകയും ചെയ്തു.

പിന്നാക്ക ജാതി രാഷ്ട്രീയത്തിന്റെ ഹൃദയഭൂമി കൂടിയായ വടക്കേ ഇന്ത്യയുടെ പശുപ്രദേശങ്ങളിലെല്ലാം ബി ജെ പിയും സംഘപരിവാറും ഹിന്ദുത്വ രാഷ്ട്രീയത്തിന് തെരഞ്ഞെടുപ്പ് മണ്ഡലത്തിലും സാമൂഹ്യ മണ്ഡലങ്ങളിലും മേൽക്കൈ നേടിയെടുത്തു. ആ മേൽക്കൈ ചോദ്യം ചെയ്യപ്പെടുന്ന തരത്തിൽ ജാതി സെൻസസിനെ മുൻനിർത്തി പിന്നാക്ക ജാതി രാഷ്ട്രീയത്തിന്റെ മറ്റൊരു അലയുണ്ടാക്കാനുള്ള വടക്കേ ഇന്ത്യയിലെ പിന്നാക്ക വിഭാഗ രാഷ്ട്രീയകക്ഷികളുടെ ശ്രമം ചെറുക്കുകയാണ് ഇപ്പോൾ ബി ജെ പിയും സംഘപരിവാറും ചെയ്യുന്നത്. മുൻ ബിഹാർ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ്- പിന്നാക്ക വിഭാഗ രാഷ്ട്രീയ നേതാവുമായിരുന്ന കർപ്പൂരി താക്കൂറിന് ‘ഭാരത് രത്ന’ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഈ രാഷ്ട്രീയഅടവിന്റെ ഭാഗമാണ്.

ഹിന്ദുത്വ രാഷ്ട്രീയത്തെ രൂപപ്പെടുത്തുമ്പോൾ അത് കേവലം സവർണ ജാതിക്കാരുടെ മുന്നേറ്റമായി രൂപപ്പെട്ടാൽ അതിന് രാഷ്ട്രീയാധികാരത്തിലേക്കുള്ള വഴി ദുഷ്ക്കരം മാത്രമല്ല, അസാധ്യവുമാകുമെന്ന തിരിച്ചറിവ് വി.ഡി. സവർക്കർ മുതലുള്ള ഹിന്ദുത്വ ഫാഷിസ്റ്റുകൾക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ജാതിയുടെ അടിസ്ഥാനത്തിലല്ലാതെ വംശീയതയുടെ അടിസ്ഥാനത്തിലുള്ള ഒരു ഹിന്ദുരാഷ്ട്രമെന്ന രാഷ്ട്രീയാധികാരം ആശയമായി ഹിന്ദുത്വയെ അവതരിപ്പിക്കാൻ അവർ ശ്രമിച്ചു. ബ്രാഹ്മണ്യ, വർണാശ്രമ മൂല്യവ്യവസ്ഥ സാമൂഹ്യാധികാരത്തിന്റെ അതിസങ്കീർണമായ ഇന്ത്യൻ രൂപത്തിൽ നിലനിന്നുപോകും എന്നവർക്കറിയാമായിരുന്നതുകൊണ്ട് ഇത്തരത്തിലൊരു വംശീയ സ്വത്വമുള്ള ഹിന്ദുവിനെ ഉണ്ടാക്കലായിരിക്കും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള യാത്രയെ സാധ്യമാക്കുക എന്നും അവർ തിരിച്ചറിഞ്ഞു.

കർപ്പൂരി താക്കൂർ
കർപ്പൂരി താക്കൂർ

എങ്ങനെയാണ് ഇത്തരത്തിലൊരു ഹിന്ദുവിനെ സൃഷ്ടിക്കുക എന്നതിന്റെ ഭാഗമായി ആദ്യം വി.ഡി. സവർക്കറും  ബി.എസ്. മൂഞ്ഞേയും പിന്നീട് ഹെഗ്‌ഡെവാറും ഗോൾവാർക്കറുമടങ്ങുന്ന ഹിന്ദുത്വ രാഷ്ട്രീയ നേതാക്കളെല്ലാം നടത്തുന്ന ചർച്ചകൾ ബ്രാഹ്‌മണരും മറ്റ് സവർണ ഹിന്ദുക്കളും അവർക്കിടയിൽ  നടത്തുന്ന സംവാദങ്ങളാണ്. വേദാധിപത്യത്തിന്റെ ബ്രാഹ്മണ്യവാഴ്ചയെ വീണ്ടെടുക്കാൻ രണ്ടുതരം  വൈതരണികൾ തങ്ങൾക്കുമുന്നിലുള്ളതായി അവർ തിരിച്ചറിഞ്ഞു.

ഒന്ന്; ജാതിഘടന നൽകുന്ന സാമൂഹ്യാധികാരത്തിലൂടെ രാഷ്ട്രീയാധികാരത്തെ നിയന്ത്രിച്ചുനിർത്തിയിരുന്ന ശേഷി നഷ്ടമായി.
രണ്ട്; കൊളോണിയൽ ആധുനികതയുടെ വരവും കൊളോണിയൽ വിരുദ്ധ ദേശീയ സ്വാതന്ത്ര്യ സമരവും ഹിന്ദു സമൂഹത്തിന്റെ ജാതിക്കോട്ടകളെ പല രീതിയിലും ഉലയ്ക്കാൻ തുടങ്ങി. അതോടെ കർക്കശമായ ജാത്യാധികാരത്തിനുവേണ്ടിയുള്ള വാദം തങ്ങളെ വികസിച്ചുവരുന്ന ഈ പൊതുധാരയുടെ തരംഗങ്ങളെക്കൊണ്ട് പുറത്താക്കിക്കളയുമെന്ന് ഹിന്ദുത്വ ബ്രാഹ്മണ്യ രാഷ്ട്രീയം ശരിയായിത്തന്നെ തിരിച്ചറിഞ്ഞു. അതുകൊണ്ട് തുടക്കം മുതലേ ‘ഹിന്ദു’ എന്നാൽ ജാതിഭേദമെന്യേ ഒന്നിക്കാവുന്ന ഒരു വംശീയ രാഷ്ട്രീയ സ്വത്വമായി സിദ്ധാന്തിക്കാൻ സവർക്കർ ശ്രമിച്ചത്. മുസ്‍ലിംകളെ ശത്രുക്കളായും അപരവത്ക്കരിച്ചും സൃഷ്ടിച്ചെടുക്കുന്ന ഈ വംശീയ ഹിന്ദുത്വ രാഷ്ട്രീയത്തിൽ അതിന്റെ സൈനികരൂപത്തിന് ജാതിപ്പിരിവുകളിൽ ഉള്ളിലേക്ക് വളഞ്ഞുനിൽക്കുന്ന ഹിന്ദുസമൂഹം പാകമല്ലെന്ന് സവർക്കർക്ക് മനസ്സിലായിരുന്നു. അതുകൊണ്ടാണ് ബ്രാഹ്മണ്യ മൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്ന ഹിന്ദുത്വ രാഷ്ട്രീയപദ്ധതിയുടെ നടത്തിപ്പിന് പിന്നാക്ക വിഭാഗക്കാരും തൊട്ടുകൂടാത്തവരുമായ മനുഷ്യരെയടക്കം ഭടന്മാരായി വേണമെന്ന് അവർ നിശ്ചയിച്ചത്. 

വി.ഡി സവര്‍ക്കര്‍
വി.ഡി സവര്‍ക്കര്‍

ഇത്തരം ശ്രമങ്ങൾ അന്നത്തെ യാഥാസ്ഥിതിക ബ്രാഹ്‌മണ്യപക്ഷത്തെ മനസിലാക്കിക്കാനും സവർക്കറടക്കം  ശ്രമിച്ചു. 1925-ൽ  തൊട്ടുകൂടാത്തവരായ ജാതിക്കാർക്കുവേണ്ടി ഉണ്ടാക്കിയ ഗണേശോത്സവത്തിൽ ഭാംഗി സമുദായത്തിലെ ശിവു എന്ന ദലിതനെയാണ് സവർക്കറും കൂട്ടരും പൂജാരിയായി നിശ്ചയിച്ചത്.  എന്നാലിത് അത്ര എളുപ്പമുള്ള പണിയായിരുന്നില്ല. ഗാന്ധിയുടെയും ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും എതിർവശത്ത് നിന്നിരുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കുന്നതിന് വലിയ പരിമിതികളുണ്ടായിരുന്നു. ഹിന്ദു മതത്തിന്റെ സ്വഭാവംതന്നെ ജാതിവ്യവസ്ഥയാണെന്നും അതിനെ തകർക്കുകയാണ് വേണ്ടതെന്നുമുള്ള അംബേദ്ക്കറുടെ പക്ഷവും ഹിന്ദുമതത്തിനുള്ളിൽ നിന്നുകൊണ്ടുതന്നെ, വർണാശ്രമധർമത്തെ  തള്ളിപ്പറയാതെ, ജാതിവിവേചനങ്ങളെ നേരിടാൻ   കഴിയുമെന്ന ഗാന്ധിയുടെ പക്ഷവും പരസ്പരം ഏറ്റുമുട്ടിയിരുന്നെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സങ്കുചിത കുടിലതകൾക്കെതിരായിരുന്നു ഇരുപക്ഷവും. അതുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഈ ‘വിശാല ഹിന്ദു’ തട്ടിപ്പ് വേണ്ടത്ര ഫലപ്രദമായി മുന്നോട്ടുപോയില്ല. എന്നാൽ സംഘപരിവാറിന്റെ മറ്റ് രാഷ്ട്രീയപദ്ധതികളെപ്പോലെ അതും പരാജയങ്ങളുടെ മുറിവുകൾ നക്കിയുണക്കി അവസരങ്ങൾക്കായി ചരിത്രത്തിന്റെ പത്തായപ്പുരയിൽ പതുങ്ങിക്കിടന്നു. 

അയോധ്യയിൽ രാമജന്മഭൂമി സമരം കലാപത്തിന്റെ സ്വഭാവത്തിലേക്ക് കടന്നുകൊണ്ടിരിക്കെ നടത്തിയ (1989) ശിലാന്യാസത്തിൽ ആദ്യ ഇഷ്ടിക വെച്ചത് ദലിതനായ കാമേശ്വർ ചൗപാൽ ആയിരുന്നു എന്നത് അതുകൊണ്ടുതന്നെ ഒട്ടും യാദൃച്ഛികമായിരുന്നില്ല. 1981-ൽ തമിഴ്നാട്ടിലെ മീനാക്ഷിപുരത്ത് 800-ലേറെ ദലിതർ ഇസ്‌ലാമിലേക്ക് മതം മാറ്റം നടത്തിയപ്പോൾ സംഘപരിവാർ ഈ ജാതിപ്രശ്നത്തിന്റെ ആന്തരിക വൈരുധ്യങ്ങളും സംഘർഷങ്ങളും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാൽമാടമ്പിലെ മുള്ളാകുമെന്ന്  വീണ്ടും തിരിച്ചറിഞ്ഞു. ആര്യ സമാജവും സ്വാമി ശ്രദ്ധാനന്ദയുമൊക്കെ നടത്തിയ ശുദ്ധി പ്രസ്ഥാനത്തിന്റെ തുടർച്ച കൂടുതൽ രാഷ്ട്രീയമായ മാനങ്ങളോടെ സംഘപരിവാർ വീണ്ടും തുടങ്ങി. ഹിന്ദുമതത്തിലെ ജാതീയവ്യവസ്ഥയിലേക്ക് എങ്ങനെയാണ് ആളുകളെ ചേർക്കുക എന്നത് അതിന്റെ ഭീകരമായ സ്വഭാവത്തെ വെളിവാക്കിക്കൊണ്ടുള്ള പ്രശ്നമായി നിലനിന്നു. അതുകൊണ്ടാണ് ശുദ്ധിപ്രസ്ഥാനക്കാർക്ക് സവർക്കറുടെ കാലത്ത് ഹിന്ദു മതത്തിലേക്ക് ചേർക്കുന്നവർക്കായി നവ ഹിന്ദു ഗൗഡർ എന്നൊരു പുതിയ ജാതി സൃഷ്ടിക്കേണ്ടതായിവന്നത്. ജാതിക്കോട്ടയിലെ മറ്റൊരു ചുമരാകാതെ ഹിന്ദു മതത്തിനുള്ളിൽ നിലനിൽക്കാനാവില്ല. 

അയോധ്യയിൽ രാമജന്മഭൂമി സമരം കലാപത്തിന്റെ സ്വഭാവത്തിലേക്ക് കടന്നുകൊണ്ടിരിക്കെ നടത്തിയ (1989) ശിലാന്യാസത്തിൽ ആദ്യ ഇഷ്ടിക വെച്ചത് ദലിതനായ കാമേശ്വർ ചൗപാൽ ആയിരുന്നു എന്നത്  ഒട്ടും യാദൃച്ഛികമായിരുന്നില്ല
അയോധ്യയിൽ രാമജന്മഭൂമി സമരം കലാപത്തിന്റെ സ്വഭാവത്തിലേക്ക് കടന്നുകൊണ്ടിരിക്കെ നടത്തിയ (1989) ശിലാന്യാസത്തിൽ ആദ്യ ഇഷ്ടിക വെച്ചത് ദലിതനായ കാമേശ്വർ ചൗപാൽ ആയിരുന്നു എന്നത് ഒട്ടും യാദൃച്ഛികമായിരുന്നില്ല

ബ്രാഹ്മണ്യത്തിന്റെ മൂല്യവ്യവസ്ഥയെയും അതിന്റെ ആന്തരികാധികാരസത്തയേയും സ്വാംശീകരിച്ച് ഹിന്ദുത്വയുടെ രാഷ്ട്രീയ പദ്ധതിക്കുള്ളിലേക്ക് “തൊട്ടുകൂടാത്തവർ” അടക്കമുള്ള ഹിന്ദുക്കളെ ഭടന്മാരായി കയറ്റാമെന്ന് ഹിന്ദുത്വ രാഷ്ട്രീയ നേതൃത്വം തീരുമാനിക്കുന്നത് ജാതിവ്യവസ്ഥയെ നിലനിർത്തിക്കൊണ്ട് വിശാല വംശീയ ദേശീയതയുടെ ഹിന്ദുവിനെ സൃഷ്ടിക്കുന്ന പരിപാടിയുടെ ഭാഗമായാണ്. ഒരു സമൂഹം എന്ന നിലയിലുള്ള ബ്രാഹ്മണ്യ മേധാവിത്തത്തിലൂന്നിയ ഘടനയിൽ നിന്ന് ഹിന്ദു രാഷ്ട്രത്തിലേക്ക് കടക്കുമ്പോൾ വേണ്ടിവരുന്ന അനിവാര്യമായ മാറ്റമായിരുന്നു അത്. മഹാഭൂരിഭാഗം വരുന്ന ‘അവർണ’ ഹിന്ദുക്കളെ പുറത്തുനിർത്തുന്ന ബ്രാഹ്മണ്യ ശ്രേണീബദ്ധഘടനയെ ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ വംശീയ ഹിന്ദു രാഷ്ട്ര നിർമിതിക്കായി മാറ്റി. കല്യാൺ സിംഗ്, ഉമാ ഭാരതി, വിനയ് കത്യാർ, സാധ്വി ഋതാംബര എന്നിവരിൽനിന്നുതുടങ്ങി നരേന്ദ്ര മോദിയിൽ വരെ എത്തിനിൽക്കുന്ന വലിയൊരു വിഭാഗം ഹിംസാത്മക പിന്നാക്ക ജാതി ഹിന്ദുത്വ രാഷ്ട്രീയ നേതൃത്വം വടക്കേ ഇന്ത്യയിൽ പടർന്നു. ബ്രാഹ്മണ്യ ഹിന്ദു മതത്തിന്റെ എല്ലാ മൂല്യബോധങ്ങളെയും ഈ ഹിന്ദുത്വ ഫാഷിസ്റ്റുകൾ ആർഷഭാരതസംസ്ക്കാരമെന്ന പേരിലും ഹിന്ദുവിന്റെ അഭിമാനമെന്ന പേരിലും ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്തു. ചെറിയൊരു ഒത്തുതീർപ്പിന് തയ്യാറായതോടെ ബ്രാഹ്മണ്യ ജാതിമേൽക്കോയ്‌മ തങ്ങളുടെ സാമൂഹ്യ, രാഷ്ട്രീയ നില ഈ ഹിന്ദുരാഷ്ട്രത്തിലേക്കുള്ള യാത്രയിൽ ഭദ്രമാക്കി.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പിന്നാക്ക ജാതി വിഭാഗങ്ങളുടെ സാമൂഹ്യവും രാഷ്ട്രീയവുമായ അധികാര മണ്ഡലങ്ങളിലേക്കുള്ള യാത്ര അതീവ ദുഷ്ക്കരമായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ വിവിധ ധാരകളിലൊന്നും അത്തരത്തിലൊരു കാഴ്ച്ചപ്പാടിന് മേൽക്കൈ കിട്ടിയിരുന്നില്ല. ജാതിവിവേചനങ്ങൾക്കെതിരായ സമരങ്ങളും തൊട്ടുകൂടായ്മക്കെതിരായ സമരവുമൊക്കെ ഉണ്ടായെങ്കിലും അതിനെ സാമൂഹ്യ, രാഷ്ട്രീയാധികാരത്തിലേക്ക് പരിവർത്തിപ്പിക്കാനുള്ള രാഷ്ട്രീയ പരിപാടി ഇല്ലായിരുന്നു. കോൺഗ്രസിനെതിരായ പ്രതിപക്ഷത്ത് മുഖ്യ ശബ്ദമായിരുന്ന സോഷ്യലിസ്റ്റുകളാണ് 1950-കളിലും 60-കളിലുമായി രാം മനോഹർ ലോഹ്യയുടെ നേതൃത്വത്തിൽ ഇന്ത്യൻ സമൂഹത്തിൽ  പിന്നാക്ക ജാതിക്കാരുടേയും പൊതുവിൽ ജാതിഘടനയുടേയും കേന്ദ്രസ്ഥാനത്തെ പ്രശ്നവത്ക്കരിച്ചത്. സിവിൽ സർവ്വീസിൽ പിന്നാക്ക വിഭാഗങ്ങൾക്ക് 60% സംവരണം വേണമെന്ന പ്രമേയം 1959-ൽ സോഷ്യലിസ്റ്റ് പാർട്ടി അംഗീകരിക്കുകയുണ്ടായി. 

രാമക്ഷേത്ര ഉദ്ഘാടനസമയത്ത് ഉമാ ഭാരതിയും സാധ്വി ഋതാംബരയും അയോധ്യയില്‍
രാമക്ഷേത്ര ഉദ്ഘാടനസമയത്ത് ഉമാ ഭാരതിയും സാധ്വി ഋതാംബരയും അയോധ്യയില്‍

ബ്രിട്ടീഷുകാർ ഇന്ത്യക്കാരെ ഭരണസൗകര്യത്തിന്റെ ഭാഗമായി വർഗീകരിക്കുന്നതിന്റെ ഭാഗമായി 1870-കളിലാണ് ആദ്യമായി ‘പിന്നാക്ക വിഭാഗങ്ങൾ’ എന്ന് പ്രയോഗിക്കാൻ തുടങ്ങുന്നത്. ബ്രാഹ്മണ  വിഭാഗങ്ങൾക്കുപുറത്തുള്ള ശൂദ്രരേയും തൊട്ടുകൂടാത്തവരെയും  അവർ ഇതിൽ ഉൾപ്പെടുത്തിയിരുന്നു. 1925 ആയപ്പോൾ ഇതിൽ നിന്ന് ‘തൊട്ടുകൂടാത്തവരായ’ ദലിത വിഭാഗങ്ങളെ മാറ്റി “Castes other than depressed classes” എന്നൊരു വിഭാഗമാക്കി. സ്വാതന്ത്ര്യത്തിനുശേഷം ഈ വിഭാഗത്തെയാണ് Other Backward Classes  എന്ന് വിളിച്ചത്. 

1919-ൽ ബ്രിട്ടീഷുകാർ ഭരണപരിഷ്‌ക്കാരങ്ങളുടെ ഭാഗമായി ബോംബെ ലെജിസ്ലേറ്റീവ് കൗൺസിലിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട മറാത്തകൾക്ക് 7%-വും മദ്രാസ് കൗൺസിലിൽ ബ്രാഹ്മണരല്ലാത്ത വിഭാഗങ്ങൾക്ക് (ശൂദ്രരും തൊട്ടുകൂടാത്തവരും അടങ്ങുന്ന) 65-ൽ 28 സീറ്റും സംവരണം നൽകി. ഇതിനെത്തുടർന്ന് മദ്രാസ് കൗൺസിലിൽ ബ്രാഹ്മണേതര നേതൃത്വമുള്ള ജസ്റ്റിസ് പാർട്ടി 1920-ൽ അധികാരത്തിൽ വന്നു. 1921-ൽ ആ സർക്കാർ സർക്കാർ ജോലികളിൽ 48% സംവരണം ബ്രാഹ്മണേതര വിഭാഗങ്ങൾക്കായി ഏർപ്പെടുത്തുകയും ചെയ്‌തു. 

പിന്നാക്ക വിഭാഗങ്ങളുടെ, അതായത് മുഖ്യമായും  ഹിന്ദു സമൂഹത്തിനുള്ളിലെ പിന്നാക്ക ജാതിക്കാരുടെ പ്രശ്നങ്ങൾ സ്വതന്ത്ര ഇന്ത്യയിൽ മാറ്റിവെക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങൾ തങ്ങളുടെ പല തരത്തിലുള്ള രാഷ്ട്രീയ, സാമൂഹ്യാധികാരത്തിനുവേണ്ടിയുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ പിന്നാക്ക വിഭാഗങ്ങളുടെ ജാത്യാടിസ്ഥാനത്തിലുള്ള ഒരു മുന്നേറ്റം എന്ന നിലയിൽ എന്നത് എത്തിയിരുന്നില്ല. മറിച്ച് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള സമരം വിജയകരമായി നടന്നു. അതിനുള്ള പ്രധാന കാരണം, സ്വാതന്ത്ര്യ സമരത്തിനുശേഷം ഒരു ജനത എന്ന നിലയിൽ ഒന്നിച്ചുനിൽക്കുന്നതിന് ജാതിയേക്കാൾ മറ്റ് രാഷ്ട്രീയ മൂല്യങ്ങൾക്ക് അപ്പോഴും ജനങ്ങളുടെ രാഷ്ട്രീയ ഭാവനയെ പ്രചോദിപ്പിക്കാനുള്ള ശേഷിയുണ്ടായിരുന്നു. അഥവാ ഇന്ത്യക്കാർക്ക് മോഹഭംഗത്തിനുള്ള കടുത്ത നാളുകൾ കുറച്ചുകൂടി കഴിഞ്ഞാണ് വന്നത്.  

കല്യാൺ സിംഗ്, വിനയ് കത്യാർ
കല്യാൺ സിംഗ്, വിനയ് കത്യാർ

പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന്റെ ഭാഗമായി ഒന്നാം പിന്നാക്ക വിഭാഗ കമീഷൻ, കാക്ക കലേക്കർ കമീഷൻ, 1953-ൽ നിയമിക്കപ്പെട്ടു. പിന്നാക്ക വിഭാഗങ്ങളിൽ ജാതികളെയും വിഭാഗങ്ങളെയും ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങൾ പലതും ആ കമ്മീഷൻ നിശ്ചയിച്ചു. അന്ന് 2399 പിന്നാക്ക ജാതികളെയാണ് കലേക്കർ  കമ്മീഷൻ അടയാളപ്പെടുത്തിയത്. 1931-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ അത് ഇന്ത്യൻ ജനസംഖ്യയുടെ 32% വരുമായിരുന്നു. കാര്യമായ നടപടികളൊന്നും ഇതിനെത്തുടർന്ന് ഉണ്ടായില്ല. ലോഹ്യയടക്കമുള്ള സോഷ്യലിസ്റ്റുകൾ ജാതിപ്രശ്നത്തെ സവിശേഷമായി കൈകാര്യം ചെയ്യാനുള്ള വലിയ ശ്രമം നടത്തിയെങ്കിലും ഇന്ത്യയുടെ ഭരണവർഗം ബ്രാഹ്മണ്യ മൂല്യബോധത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും തലത്തിൽത്തന്നെയായിരുന്നു. എന്നാൽ കോൺഗ്രസിന്റെ മേധാവിത്തം 1960-കളുടെ അവസാനത്തോടെ ചോദ്യം ചെയ്യപ്പെടാൻ തുടങ്ങിയതോടെ പിന്നാക്ക ജാതിവിഭാഗങ്ങളുടെ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകൾ പരക്കാൻ തുടങ്ങി. ഈ പശ്ചാത്തലത്തിൽക്കൂടിയാണ് ബിഹാറിലെ ആദ്യ കോൺഗ്രസേതര സോഷ്യലിസ്റ്റ് മുഖ്യമന്ത്രിയായി കർപ്പൂരി താക്കൂർ അധികാരമേൽക്കുന്നത്. അതി പിന്നാക്ക ജാതിയിൽപ്പെട്ട (EBC) ക്ഷുരകവൃത്തി കുലത്തൊഴിലായ ‘നയി’ ജാതിക്കാരനായിരുന്നു കർപ്പൂരി താക്കൂർ. ആദ്യ ഊഴത്തിൽ ഒരു കൊല്ലം തികച്ച് മുഖ്യമന്ത്രിയായിരുന്നില്ല കർപ്പൂരി താക്കൂർ. അടിയന്തരാവസ്ഥക്കുശേഷമുള്ള തെരഞ്ഞെടുപ്പിൽ ജയിച്ച് മുഖ്യമന്ത്രിയായി കർപ്പൂരി താക്കൂർ (1977 ഡിസംബർ-1979 ഏപ്രിൽ). തന്റെ രണ്ടാം സർക്കാരിന്റെ കാലത്താണ് ‘കർപ്പൂരി താക്കൂർ ഫോർമുല’ എന്ന് പിന്നീട് ഏറെ ചർച്ച ചെയ്യപ്പെട്ട ജാതിസംവണം അദ്ദേഹം നടപ്പാക്കുന്നത്. ഇന്ത്യയിലെ സോഷ്യലിസ്റ്റ് -ലോഹ്യ രാഷ്ട്രീയത്തിന്റെ ചുവടുപിടിച്ചായിരുന്നു അത്. 

മുംഗേരിലാൽ കമീഷൻ റിപ്പോർട്ടിന്റെ (1977) അടിസ്ഥാനത്തിലാണ് ‘കർപ്പൂരി താക്കൂർ സംവരണ ഫോർമുല’ നടപ്പാക്കിയത്. പിന്നാക്ക ജാതികക്കാർക്കിടയിൽ നിന്ന് അതീവ പിന്നാക്ക ജാതിക്കാരെ (പിന്നാക്ക മുസ്‍ലിംകളെയും അതിൽ ഉൾപ്പെടുത്തിയിരുന്നു) മറ്റൊരു വിഭാഗമായി വേർതിരിച്ച നീക്കം ആദ്യമായുണ്ടായത് അന്നാണ്. ബിഹാറിൽ 128 പിന്നാക്ക സമുദായങ്ങളും 94 അതീവ പിന്നാക്ക സമുദായങ്ങളും ഉണ്ടെന്നായിരുന്നു കമീഷൻ രേഖപ്പെടുത്തിയത്. പട്ടിക ജാതിക്കാർക്കും പട്ടിക വർഗക്കാർക്കുമായി നൽകിയിരുന്ന സംവരണം പിന്നാക്ക വിഭാഗങ്ങൾക്ക് കൂടി നൽകാൻ കർപ്പൂരി താക്കൂർ വഴി തെളിച്ചു. ഇത് വാസ്തവത്തിൽ ഇന്ത്യയുടെ രാഷ്ട്രീയത്തിലും സാമൂഹ്യ മണ്ഡലത്തിലും ദൂരവ്യാപക മാറ്റങ്ങളുണ്ടാക്കാനുള്ള ഒരു നടപടിയായി മാറി. പിന്നാക്ക വിഭാഗങ്ങൾക്കായി 26% സംവരണം ഏർപ്പെടുത്തിയ ‘കർപ്പൂരി താക്കൂർ സംവരണ സമവാക്യ’ത്തിൽ പിന്നാക്ക വിഭാഗങ്ങൾ-12%, അതീവ പിന്നാക്ക സമുദായങ്ങൾ-8%, സ്ത്രീകൾ-3%, മുന്നാക്ക ജാതികളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ-3% എന്നിങ്ങനെയായിരുന്നു സംവരണ വിഭജനം.
മുന്നാക്ക ജാതികളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തിനായി ഇടതുകക്ഷികളടക്കം പിന്നീട് ഉയർത്തിയ ഒരു ന്യായം ഈ കർപ്പൂരി താക്കൂർ സമവാക്യമായിരുന്നു. മണ്ഡലാനന്തര ഇന്ത്യയിൽ മുന്നാക്ക സംവരണത്തിനുള്ള ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കുന്നത് സവർണ്ണ രാഷ്ട്രീയാധികാരമാണെന്നും അതിന് കർപ്പൂരി താക്കൂർ കാലവുമായി താരതമ്യമില്ലെന്നും മറ്റൊരു വശമാണ്. 

വി.പി സിങ്
വി.പി സിങ്

കോൺഗ്രസിന്റെ ആധിപത്യത്തിന് തിരിച്ചുവരവിന് കഴിയാത്തവിധത്തിൽ തകർച്ച സംഭവിച്ചതോടെ 1980-കളുടെ അവസാനത്തിൽ രാജ്യത്തെ ഫെഡറൽ- പ്രാദേശിക കക്ഷികൾക്കും പഴയ സോഷ്യലിസ്റ്റ് ഛായ നേർത്ത രീതിയിലുള്ള ജനതാദൾ- ലോക്ദൾ മിശ്രിത കക്ഷികൾക്കുമെല്ലാം സ്വാധീനമുണ്ടായിരുന്ന രാഷ്ട്രീയകാലം വന്നു. അതിനൊപ്പം കോൺഗ്രസിന്റെ തകർച്ചയുടെ സ്ഥാനത്തേക്ക് ഇന്ത്യയിലെ ബൂർഷ്വാസിയുടെയും സവർണ ജാതിയുടെയും താത്പര്യ സംരക്ഷകരായി കടന്നുവരാൻ സംഘപരിവാർ- ബി ജെ പി കടുത്ത ശ്രമങ്ങളായിരുന്നു നടത്തിയിരുന്നത്. തങ്ങളുടെ തീവ്ര വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹിംസാത്മകമായ മുഖം പ്രദർശിപ്പിക്കാൻ തുടങ്ങി. ഇന്ത്യയിലെ ജാതിരാഷ്ട്രീയ മുന്നേറ്റങ്ങളുടെ സാധ്യത കൃത്യമായി കണ്ട് ഹിന്ദുത്വ രാഷ്ട്രീയവ്യാപനത്തിന്റെ മറുമരുന്നെന്നോണം അന്നത്തെ പ്രധാനമന്ത്രി വി.പി.സിങ് 1990 ആഗസ്റ്റ് 7-ന് മണ്ഡൽ കമീഷൻ റിപ്പോർട്ട് പാർലമെന്റിൽ വെച്ചു. പിന്നാക്ക വിഭാഗങ്ങൾക്ക് 27% സംവരണം നൽകാൻ ശുപാർശ നൽകുന്നതായിരുന്നു റിപ്പോർട്ട്. 1979 ജനുവരി 1-നാണ് അന്നത്തെ ജനത സർക്കാർ പ്രധാനമന്ത്രി മൊറാർജി ദേശായി ബിന്ദേശ്വരി പ്രസാദ് മണ്ഡൽ എന്ന ബി.പി.മണ്ഡലിനെ രണ്ടാം പിന്നാക്ക കമീഷനായി നിയമിക്കുന്നത്. 1980 ഡിസംബർ 31-നു മണ്ഡൽ റിപ്പോർട്ട് സമർപ്പിച്ചപ്പോഴേക്കും ജനത സർക്കാർ വീണിരുന്നു. പിന്നീട് വന്ന കോൺഗ്രസ് സർക്കാരുകൾ മണ്ഡൽ കമ്മീഷൻ റിപ്പോർട് അട്ടത്തുവെച്ചു. പഴയ ജനത കക്ഷിക്കാർക്കും സോഷ്യലിസ്റ്റുകൾക്കും സ്വാധീനമുള്ള ദേശീയ മുന്നണി സർക്കാരാണ് മണ്ഡലിനെ പൊടിതട്ടിയടുത്തത്. 

രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ ഭാഗമായി അദ്വാനിയുടെ രഥയാത്ര അടുത്ത മാസം സെപ്റ്റംബർ 25-നു ആരംഭിച്ചത് യാദൃച്ഛികമായിരുന്നില്ല. ആദ്യ ഒന്ന് രണ്ടു വട്ടത്തിൽ തോറ്റെങ്കിലും മണ്ഡലും കമണ്ഡലും തമ്മിലുള്ള യുദ്ധത്തിന്റെ വലിയ കളിയിലെ വിജയത്തിനായി ഹിന്ദുത്വ രാഷ്ട്രീയം ഇറങ്ങിയതും അന്നായിരുന്നു. 

മണ്ഡൽ കമീഷൻ ശുപാർശ നടപ്പാക്കുന്നതിനെതിരെ ഉത്തരേന്ത്യയിൽ സംഘപരിവാറിന്റെ പിന്തുണയിൽ സവർണ ജാതിക്കാരുടെ വലിയ പ്രക്ഷോഭങ്ങൾ നടന്നു. ഡൽഹിയിൽ രാജീവ് ഗോസ്വാമിയെന്ന യുവാവ് ആത്മാഹുതിശ്രമം നടത്തി. (ശരീരത്തില്‍ 50 ശതമാനം പൊളളലേറ്റ ഗോസ്വാമി 2004-ലാണ് മരിച്ചത്). എന്നാൽ ഇന്ത്യൻ സമൂഹത്തിന്റെ ആന്തരികഘടനയിലെ അതിഭീകരമായ സാമൂഹ്യാനീതിയുടെ അസന്തുലിതാവസ്ഥക്ക് നേരെയുള്ള വലിയൊരു രാഷ്ട്രീയനീക്കത്തെ അട്ടിമറിക്കാനുള്ള തങ്ങളുടെ ശേഷിക്കുറവ് ഹിന്ദുത്വ രാഷ്ട്രീയ നേതൃത്വം അഥവാ ബ്രാഹ്മണ്യാധികാരവൃന്ദം തിരിച്ചറിഞ്ഞു. അടുത്ത കാൽ നൂറ്റാണ്ട് കാലം പിന്നീടവർ ശ്രമിച്ചതുമുഴുവൻ, ഈ പിന്നാക്ക ജാതി രാഷ്ട്രീയ മുന്നേറ്റങ്ങളെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കീഴിലേക്ക് കൊണ്ടുവരാനായിരുന്നു.

മണ്ഡൽ കമീഷൻ ശുപാർശ നടപ്പാക്കുന്നതിനെതിരെ ഉത്തരേന്ത്യയിൽ സംഘപരിവാറിന്റെ പിന്തുണയിൽ സവർണ ജാതിക്കാരുടെ വലിയ പ്രക്ഷോഭങ്ങൾ നടന്നു. ഡൽഹിയിൽ രാജീവ് ഗോസ്വാമിയെന്ന യുവാവ് ആത്മാഹുതിശ്രമം നടത്തി.
മണ്ഡൽ കമീഷൻ ശുപാർശ നടപ്പാക്കുന്നതിനെതിരെ ഉത്തരേന്ത്യയിൽ സംഘപരിവാറിന്റെ പിന്തുണയിൽ സവർണ ജാതിക്കാരുടെ വലിയ പ്രക്ഷോഭങ്ങൾ നടന്നു. ഡൽഹിയിൽ രാജീവ് ഗോസ്വാമിയെന്ന യുവാവ് ആത്മാഹുതിശ്രമം നടത്തി.

ഇതുതന്നെ ദലിത് മുന്നേറ്റങ്ങളുടെ കാര്യത്തിലും നടന്നു. രണ്ടും സാമാന്യത്തിലേറെ വലിയ വിജയം കണ്ടു. ബിഹാറിലും ഉത്തർപ്രദേശിലും അതീവ ശക്തമായിരുന്ന പിന്നാക്ക ജാതി രാഷ്ട്രീയ കക്ഷികളെ ദുർബ്ബലമാക്കാനും ചിലതിന്റെ തങ്ങളുടെ സഖ്യകക്ഷിയാക്കാനും പിന്നാക്ക, ദളിത് രാഷ്ട്രീയത്തിനുള്ള രാഷ്ട്രീയ വ്യവഹാര മേൽക്കൈ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദുർബ്ബലമാക്കാനും സംഘപരിവാറിന് കഴിഞ്ഞു. 2019-ൽ Centre for the Study  of  Developing  Societies (CSDS) നടത്തിയ വോട്ടെടുപ്പിന് ശേഷമുള്ള കണക്കെടുപ്പിൽ കാണുന്നത് ബി ജെ പിക്ക്  വോട്ടു ചെയ്യുന്ന പിന്നാക്ക വിഭാഗക്കാരുടെ ശതമാനത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഇരട്ടി വർധനവുണ്ടായി എന്നാണ്. 2009-ൽ അത് 22% ആയിരുന്നെങ്കിൽ 2019-ൽ അത് 44%-മായാണ് ഉയർന്നത്. 

പിന്നാക്ക ജാതികളിലെ പ്രബല സമുദായങ്ങളിലേക്ക് കേന്ദ്രീകരിച്ച സംവരണാനുകൂല്യങ്ങളിലും രാഷ്ട്രീയാധികാരത്തിലും ഇതര പിന്നാക്ക സമുദായങ്ങൾക്കുള്ള അതൃപ്തിയെ മുതലെടുത്തുകൊണ്ടു കൂടിയായിരുന്നു സംഘപരിവാർ ഇത് സാധ്യമാക്കിയത്. ഒപ്പം, ഹിന്ദുത്വ എന്ന രാഷ്ട്രീയാധികാര പദ്ധതി ഒരുതരത്തിലുള്ള വ്യാജമായ സാമൂഹ്യാധികാര ശേഷി ഇത്തരം സമുദായങ്ങൾക്ക് നൽകും എന്നൊരു തോന്നലും സംഘപരിവാറിന് സൃഷ്ടിക്കാനായി. മണ്ഡൽ രാഷ്ട്രീയത്തിന്റെയും സംവരണ രാഷ്ട്രീയത്തിന്റെയും സാധ്യതകൾ പരമാവധി ഉപയോഗിച്ച രാഷ്ട്രീയ ജനതാദൾ, സമാജ്‌വാദി പാർട്ടി തുടങ്ങിയ പിന്നാക്ക ജാതി കക്ഷികൾക്ക് പുതിയ മുന്നേറ്റത്തിനുള്ള നിലകളുണ്ടാക്കാൻ കഴിഞ്ഞില്ല. 

മണ്ഡൽ രാഷ്ട്രീയത്തിന്റെയും സംവരണ രാഷ്ട്രീയത്തിന്റെയും സാധ്യതകൾ പരമാവധി ഉപയോഗിച്ച രാഷ്ട്രീയ ജനതാദൾ, സമാജ്‌വാദി പാർട്ടി തുടങ്ങിയ പിന്നാക്ക ജാതി കക്ഷികൾക്ക് പുതിയ മുന്നേറ്റത്തിനുള്ള നിലകളുണ്ടാക്കാൻ കഴിഞ്ഞില്ല. 
മണ്ഡൽ രാഷ്ട്രീയത്തിന്റെയും സംവരണ രാഷ്ട്രീയത്തിന്റെയും സാധ്യതകൾ പരമാവധി ഉപയോഗിച്ച രാഷ്ട്രീയ ജനതാദൾ, സമാജ്‌വാദി പാർട്ടി തുടങ്ങിയ പിന്നാക്ക ജാതി കക്ഷികൾക്ക് പുതിയ മുന്നേറ്റത്തിനുള്ള നിലകളുണ്ടാക്കാൻ കഴിഞ്ഞില്ല. 

മണ്ഡൽ കാല രാഷ്ട്രീയം പിന്നാക്ക ജാതിക്കാരുടെ രാഷ്ട്രീയാധികാരം പങ്കാളിത്തത്തിൽ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. 1984-ൽ പാർലമെന്റിലെ ഒ.ബി.സി പ്രാതിനിധ്യം 11% ആയിരുന്നെങ്കിൽ 1996-ൽ അത് 25% ആയി. സവർണ ജാതിക്കാരുടെ പ്രാതിനിധ്യം ഇക്കാലയളവിൽ 47%-ത്തിൽ നിന്ന് 35%-മായി കുറഞ്ഞു. പിന്നാക്ക ജാതിക്കാരിലെ ‘യാദവ്’ പോലുള്ള  പ്രബല വിഭാഗങ്ങൾ ഇക്കാലയളവിൽ വലിയ പ്രാതിനിധ്യമുണ്ടാക്കി. ഇതിനെതിരെയുള്ള സാധ്യതകൂടിയാണ് സംഘപരിവാർ  ഉപയോഗിച്ചത്. യാദവ് എം. പിമാരുടെ എണ്ണം 2009-ൽ 29% ആയിരുന്നെങ്കിൽ അത് 2019-ൽ 16%-മായി ചുരുങ്ങി. എന്നാൽ പ്രബല ഒ.ബി.സി സമുദായങ്ങൾക്കുപുറത്തുള്ള പിന്നാക്ക ജാതിക്കാരുടെ പ്രാതിനിധ്യത്തിലൂന്നിയ ബി ജെ പി നീക്കം മൂലം അവരുടെ പ്രാതിനിധ്യം 23%-ത്തിൽ നിന്ന് 31%-മായി. അതായത് പിന്നാക്ക ജാതി രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ആന്തരിക ദൗർബ്ബല്യത്തെക്കൂടിയാണ് സംഘപരിവാർ മുതലെടുത്തത്. 

ഇതിനെ നേരിടുകയാണ് ജാതി സെൻസസിലൂടെയും അതി പിന്നാക്ക സമുദായങ്ങളെ പ്രത്യേകമായി പരിഗണിക്കുന്നതിലൂടെയും ജാതി കേന്ദ്രിത മുൻ സോഷ്യലിസ്റ്റ് പാരമ്പര്യത്തിൽ നിന്നുള്ള വടക്കേ ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികൾ ചെയ്യാൻ ശ്രമിക്കുന്നത്. ഒപ്പം അതിന്റെ തെരഞ്ഞെടുപ്പ് സാധ്യത മുന്നിൽക്കണ്ട് പിന്തുണ നൽകുന്ന കോൺഗ്രസും. ബിഹാറിൽ ജാതി സെൻസസ് നടത്തുകയും അതിന്റെ ആദ്യ ഭാഗം, ജനസംഖ്യയിലെ ജാതി തിരിച്ചുള്ള കണക്ക് പുറത്തുവിടുകയും ചെയ്ത് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനത ദൾ (യുനൈറ്റഡ്) -രാഷ്ട്രീയ ജനതാദൾ മഹാസഖ്യ സർക്കാർ നൽകുന്ന സന്ദേശം കർപ്പൂരി താക്കൂർ ദിശയിലാണ്. പിന്നാക്ക വിഭാഗങ്ങളെ മൊത്തമായി മാത്രം കാണാതെ അതിലെ അതി പിന്നാക്കക്കാരെ വേറെ അടയാളപ്പെടുത്തുന്ന ഈ രാഷ്ട്രീയപരിപാടി പിന്നാക്കക്കാരിൽത്തന്നെ പ്രബല സമുദായങ്ങളുണ്ടായി വരും എന്നും അതിന്റെ രാഷ്ട്രീയ-സാമൂഹ്യ ബലാബലങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും തിരിച്ചറിഞ്ഞതുകൊണ്ടു കൂടിയാണ്. 

ജാതിസെൻസസും ആനുപാതിക സംവരണവുമെന്ന പ്രതിപക്ഷ  അജണ്ട അട്ടിമറിക്കുകയാണ്, കർപ്പൂരി താക്കൂറിന് ഭാരതരത്‌നം നൽകുന്നതിലൂടെ ബി ജെ പി സർക്കാർ ലക്ഷ്യമിടുന്നത്.
ജാതിസെൻസസും ആനുപാതിക സംവരണവുമെന്ന പ്രതിപക്ഷ അജണ്ട അട്ടിമറിക്കുകയാണ്, കർപ്പൂരി താക്കൂറിന് ഭാരതരത്‌നം നൽകുന്നതിലൂടെ ബി ജെ പി സർക്കാർ ലക്ഷ്യമിടുന്നത്.

ബിഹാറിലെ ജാതി സെൻസസ് കണക്കുകളിൽ സവർണ, ബ്രാഹ്മണ വിഭാഗങ്ങളെ അസ്വസ്ഥരാക്കുന്നത് ജനസംഖ്യയിലെ പിന്നാക്ക ജാതിക്കാരുടെ ഉയർന്ന പങ്കാളിത്തവും ഉദ്യോഗങ്ങളിലും വിദ്യാഭ്യാസത്തിലുമടക്കമുള്ള  അവരുടെ താഴ്ന്ന രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക നിലയുടെ വിവരങ്ങളുമാണ്. ബിഹാർ ജാതിസർവ്വേ പറയുന്നത് അതി പിന്നാക്ക സമുദായങ്ങൾ-36.01% (112 ജാതികൾ), പിന്നാക്ക സമുദായങ്ങൾ -27.12% (30 ജാതികൾ), പട്ടിക ജാതിക്കാർ 19.65%, പട്ടിക വർഗക്കാർ 1.68% എന്നിങ്ങനെയാണ് ജനസംഖ്യയിലെ പങ്കാളിത്തം എന്നാണ്. അതായത് മൊത്തം പിന്നാക്ക സമുദായങ്ങൾ 63.13% വരും. ഈ കണക്കനുസരിച്ചു വേണം സംവരണം എന്ന പുതിയ ആവശ്യമുയർത്തിച്ചുകൊണ്ടാണ് രാജ്യത്താകെ ജാതി സെൻസസ് എന്ന ആവശ്യം പിന്നാക്ക ജാതി രാഷ്ട്രീയ കക്ഷികൾ മുന്നോട്ടുവെക്കുന്നത്. എന്നാൽ സ്വാഭാവികമായും മണ്ഡൽ കമീഷൻ ശുപാർശകൾ നടപ്പാക്കുന്നതിനെ എതിർത്ത സംഘപരിവാർ അതിനെ അംഗീകരിക്കുന്ന പ്രശ്‌നമില്ല. ഈ വെല്ലുവിളി മറികടക്കുന്നതിന് ജാതിസംവരണത്തിന് പുറത്തുള്ള വികസനത്തെക്കുറിച്ചും ഹിന്ദുത്വയെക്കുറിച്ചും സംഘപരിവാർ ആഖ്യാനങ്ങളുണ്ടാക്കുന്നു. പിന്നാക്ക ജാതി രാഷ്ട്രീയം അതിന്റെ ചരിത്രപരമായ സാധ്യതകളെ ധൂർത്തടിച്ചുകളഞ്ഞ ചരിത്രപശ്ചാത്തലത്തിൽ പഴയ ആവേശം അവർക്ക് തങ്ങളുടെ രാഷ്ട്രീയ നിലപാടുകളിലൂടെ ഉണ്ടാക്കാൻ കഴിയുന്നില്ല എന്നുമാണ് വസ്തുത. എങ്കിൽപ്പോലും സംഘപരിവാറിന്റെ വിശാൽ ഹിന്ദു എന്ന തട്ടിപ്പിലൂടെ പൊതിഞ്ഞുവെച്ച ബ്രാഹ്മണ്യ മൂല്യവ്യവസ്ഥയിൽ അധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ ഒരു അടിസ്ഥാന പ്രശ്നസാധ്യതയായി ഹിന്ദു മതത്തിനുള്ളിലെ ജാതിവിഭജനത്തിലെ കടുത്ത അനീതി നിലനിൽക്കുകയാണ്. അത് സംഘ്പരിവാറിനറിയാം. അതുകൊണ്ട് അക്കാര്യത്തിൽ ഒരു അപായസാധ്യതയുള്ള ചൂതാട്ടത്തിന് അവർ തയ്യാറല്ല. 

ഉത്തരേന്ത്യയിലെ പിന്നാക്ക ജാതി രാഷ്ട്രീയത്തെയും അത് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ജാതിസെൻസസും ആനുപാതിക സംവരണവുമെന്ന അജണ്ടയുമായി തങ്ങൾക്കെതിരെ ഉപയോഗിക്കാനുള്ള പ്രതിപക്ഷ രാഷ്ട്രീയനീക്കവും അട്ടിമറിക്കുന്നതിനാണ് കർപ്പൂരി താക്കൂറിന് ഭാരതരത്‌നം മരണാനന്തര ബഹുമതിയായി നൽകുന്നതിലൂടെ ബി ജെ പി ഒരു വലിയ നീക്കം നടത്തുന്നത്. അത് പ്രതീകാത്മകമാണ്. എന്നാൽ നിരവധി ഒ.ബി.സി നേതാക്കളെ മുന്നിൽനിർത്തുകയും രാഷ്ട്രീയാധികാരത്തിലേക്ക് ഒ.ബി.സി സാന്നിധ്യത്തെ തന്ത്രപരമായി ചേർത്തുവെക്കുകയും ചെയ്യുന്ന സംഘപരിവാർ വടക്കേ ഇന്ത്യയിലെ പശുപ്രദേശ രാഷ്ട്രീയത്തിൽ പിന്നാക്ക ജാതി രാഷ്ട്രീയ മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയും അവയെ വിഭജിക്കുകയും ചെയ്തു. എങ്ങനെയാണോ ബ്രാഹ്മണ്യ ഹിന്ദുത്വയുടെ ഛത്രഛായക്കുകീഴിൽ അതിനെ അംഗീകരിച്ചുകൊണ്ട് ‘വിശാല ഹിന്ദു’വിനെയും വംശീയ സ്വത്വമുള്ള ഹിന്ദുത്വ രാഷ്ട്രത്തെയും സംഘപരിവാർ ഉണ്ടാക്കിയെടുക്കുന്നത്, അതിലേക്ക് പിന്നാക്ക ജാതി രാഷ്ട്രീയത്തെ അവർ കീഴ്‌പ്പെടുത്തി. കർപ്പൂരി താക്കൂറിലൂടെ ബി ജെ പി പറയുന്നത് പിന്നാക്ക ജാതി രാഷ്ട്രീയത്തിന്റെയും അതി പിന്നാക്ക വിഭാഗങ്ങളുടെയും രാഷ്ട്രീയചരിത്രത്തെ തങ്ങൾ ഏറ്റെടുക്കുകയാണ് എന്നാണ്. വാസ്തവത്തിൽ അവരതിനെ മോഷ്ടിക്കുകയും അവസാനിപ്പിക്കുകയുമാണ്. കേവലമായ പ്രാതിനിധ്യമല്ല രാഷ്ട്രീയാധികാരം വഴിയുള്ള സാമൂഹ്യനീതിയും വിമോചനവുമെന്നത് ജനങ്ങളെ വിസ്മരിപ്പിക്കുകയാണ്. കർപ്പൂരി താക്കൂർ തന്റെ സംവരണനയം നടപ്പാക്കിയപ്പോൾ അതിനെ ഏറ്റവും ശക്തമായി എതിർത്തത് സംഘപരിവാറും ബി ജെ പിയുടെ അക്കാലരൂപമായ ഭാരതീയ ജനസംഘവുമായിരുന്നു എന്നത് ചരിത്രത്തെക്കുറിച്ചുള്ള മറവി ഒരലങ്കാരമായി കൊണ്ടുനടക്കുന്ന ജനതയെ ബാധിക്കില്ല എന്നും സംഘപരിവാറിനറിയാം. 

Comments