'ഭാരത് അരി' എന്ന രാഷ്ട്രീയ ദുർവിനിയോഗം

‘ഭാരത് അരി’ എന്ന ജനപ്രിയമാക്കപ്പെട്ട ബ്രാൻഡിനു പുറകിൽ അത്യന്തം ജനവിരുദ്ധമായ അജണ്ട പ്രവർത്തിക്കുന്നുണ്ട്. ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മറവിൽ നഗ്നമായ ഒരു രാഷ്ട്രീയ ദുർവിനിയോഗം മറച്ചുപിടിക്കുകയാണ് കേന്ദ്ര സർക്കാർ.

വിലക്കയറ്റം രാജ്യത്തെയാകെ ബാധിക്കുന്ന ഗുരുതര പ്രശ്‌നമായി, സമീപവർഷങ്ങളിൽ വളർന്നുകഴിഞ്ഞിട്ടുണ്ട്. അവശ്യസാധന വിലവർധന എല്ലാ സംസ്ഥാനങ്ങളെയും വേട്ടയാടുന്നു. 23 സംസ്ഥാനങ്ങളുടെ പട്ടികയിൽ 10 സംസ്ഥാനങ്ങളിലും ദേശീയതലത്തിൽ ജനുവരിയിലെ വിലക്കയറ്റ സൂചികയായ 5.1 ശതമാനത്തേക്കാൾ കൂടുതലാണ് വിലക്കയറ്റ നിരക്ക്.

ഒഡീഷയിൽ 7.55 ശതമാനവും തെലങ്കാനയിൽ 6.34 ശതമാനവും ഹരിയാനയിൽ 6.24 ശതമാനവും ഗുജറാത്തിൽ 6.21 ശതമാനവുമാണ് വിലക്കയറ്റം. അതേസമയം, ഉപഭോക്തൃ വിലസൂചികയിൽ ജനുവരിയിലെ കണക്കനുസരിച്ച് കേരളത്തിലെ വിലക്കയറ്റം 4.4 ശതമാനമാണ്, അതായത്, ദേശീയതലത്തിലേതിനേക്കാൾ കുറവ്. 2024 ജനുവരിയിൽ രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലക്കയറ്റം രേഖപ്പെടുത്തിയ മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് നാഷനൽ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോയുടെ കണക്ക് പറയുന്നു.

ധാന്യങ്ങളുടെ ചില്ലറ വിപണിവില 15 ശതമാനത്തോളം വർധിച്ച സാഹചര്യത്തിൽ അവ വില കുറച്ച് ജനങ്ങളിലേക്കെത്തിക്കാനെന്ന അവകാശവാദവുമായി കേന്ദ്ര സർക്കാർ പുതിയൊരു പദ്ധതിക്ക് രൂപം നൽകി. 'ഭാരത്' എന്ന ബ്രാൻഡ് നെയിമിൽ അരിയും ആട്ടയും കടലയും പരിപ്പും പഞ്ചസാരയും ഉള്ളിയും വിതരണം ചെയ്യുന്ന പദ്ധതി. ഇതനുസരിച്ച് ഭാരത് അരിയും ഭാരത് ആട്ടയും ഭാരത് പരിപ്പുമെല്ലാം പല സംസ്ഥാനങ്ങളിലും നേരിട്ടും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയുമാണ് വിതരണം ചെയ്യുന്നത്. ഭാരത് ബ്രാൻഡ് അരി, ഭാരത് ആട്ട, ഭാരത് പരിപ്പ് എന്നിവ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് വഴി ഓൺലൈനിലൂടെയും ഓർഡർ ചെയ്യാം. 24 മണിക്കൂറിനകാം സൗജന്യമായി ഇവ വീട്ടിലെത്തിക്കും.

ഓപൺ മാർക്കറ്റ് സെയിൽസ് സ്‌കീം വഴി ഫുഡ് കോർപറേഷനിൽനിന്ന് 24 രൂപയ്ക്ക് ലഭിക്കുന്ന അരിയാണ് നാഫെഡ്, നാഷനൽ കോ ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ, കേന്ദ്രീയ ഭണ്ഡാർ എന്നീ മൂന്ന് കേന്ദ്ര ഏജൻസികൾ വഴി ഭാരത് അരി എന്ന പേരിൽ വിതരണം ചെയ്യുന്നത്. എഫ്.സി.ഐ അഞ്ച് ലക്ഷം മെട്രിക് ടൺ അരിയാണ് ഈ മൂന്ന് ഏജൻസികൾക്കും കൂടി തുടക്കമെന്ന നിലയ്ക്ക് നൽകിയിരിക്കുന്നത്. 2.8 ലക്ഷം ടൺ ആട്ടയും മൂന്നു ലക്ഷം ടൺ തുവരപ്പരിപ്പും ആറു ലക്ഷം ടൺ ഗോതമ്പും ഭാരത് ബ്രാൻഡിൽ തുടക്കത്തിൽ വിതരണം ചെയ്യുന്നുണ്ട്.

കേരളത്തിന് കുറഞ്ഞ വിലയ്ക്ക് നൽകിയിരുന്ന അരി നിർത്തലാക്കിയാണ്, അത് ഭാരത് എന്ന ബാസ്‌ക്കറ്റിൽ നിറച്ച് കേന്ദ്രം കൊണ്ടുവരുന്നത്

കേരളത്തിൽ ഇപ്പോൾ ഭാരത് അരിയുടെ വിതരണമാണ് തുടങ്ങിവച്ചിരിക്കുന്നത്.

പൊതുവിപണിയിൽ കിലോയ്ക്ക് 45 രൂപ വിലയുള്ള അരി കേന്ദ്ര സർക്കാർ നേരിട്ട് അഞ്ച്, പത്ത് കിലോ പാക്കറ്റുകളിലാണ് വിതരണം ചെയ്യുന്നത്. കിലോയ്ക്ക് 29 രൂപയാണ് വില. കേരളത്തിൽ തൃശൂരും പാലക്കാട്ടുമായിരുന്നു വിൽപ്പന തുടങ്ങിവച്ചത്. മൊബൈൽ വാനുകളിലൂടെ ലിമിറ്റഡ് സ്‌റ്റോക്കാണ് വിതരണം ചെയ്തത്. പിന്നീട് മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. ഈ ആഴ്ച മുതൽ വലിയ ലോറികളിൽ ഭാരത് അരി വിതരണം വ്യാപിപ്പിക്കും.

ഭാരത് അരിയെ ജനപ്രിയമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്:

- പൊതുവിപണിയിലേതിനേക്കാൾ കുറഞ്ഞ വിലയാണ് ഭാരത് അരിയുടെ ഏറ്റവും ആകർഷണം.

- ഭാരത് അരി വാങ്ങാൻ റേഷൻ കാർഡ് അടക്കമുള്ള ഒരു രേഖകളും വേണ്ട.

- ഒരാൾക്ക് എത്ര അരി വേണമെങ്കിലും വാങ്ങാം.

അതുകൊണ്ടുതന്നെ, വിതരണം ചെയ്ത ഇടങ്ങളിലെല്ലാം ഭാരത് അരി അതിവേഗം വിറ്റുപോയി.

എന്നാൽ, ഈ ജനപ്രിയ അരിയുടെ പുറകിൽ അത്യന്തം ജനവിരുദ്ധമായ ഒരു അജണ്ട പ്രവർത്തിക്കുന്നുണ്ട്. ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മറവിൽ അത് കൗശലത്തോടെ മറച്ചുപിടിക്കുകയാണ് കേന്ദ്ര സർക്കാർ.

ദേശീയ ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് മഞ്ഞ, പിങ്ക് കാർഡുകൾക്കുമാത്രമാണ് കേന്ദ്രം ധാന്യം അനുവദിക്കുന്നത്. നീല, വെള്ള കാർഡുകാർക്ക് എഫ്.സി.ഐയിൽനിന്ന് കൂടിയ വിലയ്ക്കുവാങ്ങിയാണ് കേരളം അരി വിതരണം ചെയ്തിരുന്നത്. സംസ്ഥാനത്തെ റേഷൻ കടകളിലൂടെ നാലു രൂപയ്ക്ക് നീല കാർഡുകാർക്കും 10.90 രൂപക്ക് വെള്ള കാർഡുകാർക്കും സപ്ലൈകോയിലൂടെ 25 രൂപയ്ക്കും വിതരണം ചെയ്തിരുന്ന അരിയാണ് ഭാരത് ബ്രാൻഡിൽ 29 രൂപയ്ക്ക് നൽകുന്നത് എന്നാണ് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറയുന്നത്.

കേരളത്തിന് കുറഞ്ഞ വിലയ്ക്ക് നൽകിയിരുന്ന അരി നിർത്തലാക്കിയാണ്, അത് ഭാരത് എന്ന ബാസ്‌ക്കറ്റിൽ നിറച്ച് കേന്ദ്രം കൊണ്ടുവരുന്നത്. ഓപൺ മാർക്കറ്റ് സെയിൽസ് സ്‌കീം വഴി കേരളത്തിന് ലഭിച്ചിരുന്ന അരിയാണ് റേഷൻ കടകളിലൂടെയും സപ്ലൈകോ വഴി 25 രൂപക്കും വിതരണം ചെയ്തിരുന്നത്. എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ ഒരു സംസ്ഥാന സർക്കാറിനും ഏജൻസിക്കും ഈ അരി കേന്ദ്രം നൽകുന്നില്ല. ഭക്ഷ്യധാന്യ അളവ് ഉറപ്പുവരുത്താനെന്ന പേരിലാണ്, സർക്കാറിനോ സർക്കാർ ഏജൻസികൾക്കോ ഓപൺ സെയിൽ സ്‌കീം അനുസരിച്ച് എഫ്.സി.ഐയിൽനിന്ന് സംഭരണ വിലയ്ക്ക് അരിയും ഗോതമ്പും നൽകുന്നത് കേന്ദ്രം നിർത്തിയത്. പകരം, ഓപൺ മാർക്കറ്റ് സ്‌കീമിൽ സ്വകാര്യ ഏജൻസികൾക്കാണ് ഈ അരി നൽകുന്നത്.

2013-ൽ കേന്ദ്ര സർക്കാർ ഭക്ഷ്യഭദ്രതാനിയമം കൊണ്ടുവന്നതുമുതൽ 14.5 ലക്ഷം മെട്രിക് അരിയാണ് കേരളത്തിന് അനുവദിച്ചുവന്ന ക്വാട്ട. ഇത് ഇതുവരെ വർധിപ്പിച്ചിട്ടില്ല.

സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾക്കുമേലുള്ള ഒരു കടന്നുകയറ്റം കൂടി ഈ അരി നിർത്തലാക്കിയതിനുപുറകിലുണ്ട്. സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട ഈ അരിയും ഗോതമ്പുമാണ് 'ഭാരത്' എന്ന ബ്രാൻഡിൽ, വിലക്കുറവ് എന്ന വ്യാജത്തോടെ വിതരണം ചെയ്യുന്നത്.

ശക്തമായ പൊതുവിതരണ സമ്പ്രദായത്തിലൂടെ വിലക്കയറ്റം ഒരു പരിധിവരെ നിയന്ത്രിച്ചുനിർത്തുന്ന സംസ്ഥാനമാണ് കേരളം. 14,250 റേഷൻ കടകളും 95 ലക്ഷം റേഷൻ കാർഡുകളുമാണ് കേരളത്തിലുള്ളത്. ഇതിൽ മുൻഗണനാവിഭാഗം (എ.ഐ.വൈ, ബി.പി.എൽ) 41.65 ലക്ഷവും മുൻഗണനേതര വിഭാഗം-വെള്ള, നീല കാർഡുകൾ- 53.35 ലക്ഷവുമാണ്. വെള്ള, നില കാർഡുകൾ ഇല്ലാതാക്കുകയാണ് ഭാരത് അരി വിതരണത്തിന്റെ ലക്ഷ്യമെന്ന് റേഷൻ വ്യാപാരികൾ പറയുന്നു.

യഥാർഥത്തിൽ, അർഹരായവർക്ക് വിലക്കുറവിൽ അരി ലഭ്യമാക്കുകയായിരുന്നു കേന്ദ്ര സർക്കാറിന്റെ ലക്ഷ്യമെങ്കിൽ, ഭാരത് അരി റേഷൻ കടകളിലൂടെ വിതരണം ചെയ്യുകയായിരുന്നു വേണ്ടത്. അതിനുപകരം 'തെരഞ്ഞെടുത്ത' കേന്ദ്രങ്ങളിലൂടെയായിരുന്നു ഭാരത് അരി വിതരണത്തിന്റെ തുടക്കം.

എന്താണ് ഈ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം? കേരളത്തിൽ ഭാരത് അരി വിതരണം ചെയ്ത ആദ്യ കേന്ദ്രം തൃശൂർ ആയിരുന്നു എന്നത്, കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ മാനദണ്ഡം കാണിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 'രണ്ടും കൽപ്പിച്ച്' വിജയിക്കാൻ തെരഞ്ഞെടുത്ത മണ്ഡലമാണ് തൃശൂർ. പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയിലൂടെ തൃശൂരിനുവേണ്ടിയുള്ള ബി.ജെ.പി പ്ലാൻ അവതരിപ്പിച്ചു, സ്ത്രീശക്തിസംഗമം ആ പ്ലാൻ ആരെ ലക്ഷ്യം വക്കുന്നു എന്ന് കാണിച്ചുതന്നു, തൃശൂർ മണ്ഡലത്തിലെ വോട്ടർമാരിലെ 52 ശതമാനം സ്ത്രീകളെ മുന്നിൽക്കണ്ടുള്ള ആ പ്ലാനിന്റെ തുടർച്ചയാണ്, തൃശൂരിലെത്തിച്ച ഭാരത് അരി.

ഒരു സർക്കാർ പദ്ധതിയുടെ നഗ്‌നമായ രാഷ്ട്രീയ ദുർവിനിയോഗമാണ് ഭാരത് അരി എന്ന പ്ലാൻ. രാജ്യത്താകെ ഭാരത് അരി വിതരണം ചെയ്യുന്നത് ബി.ജെ.പിയുടെ നേതൃത്വത്തിലാണ്. ജമ്മു കാശ്മീരിൽ ബി.ജെ.പി ആസ്ഥാനത്തുനിന്നാണ് ഭാരത് അരിയുടെ വാനുകൾ ഫ്‌ളാഗ് ഓഫ് ചെയ്തത്. എല്ലാ സംസ്ഥാനങ്ങളിലും നരേന്ദ്രമോദിയുടെ പടമുള്ള ബാനർ കെട്ടിയ വാഹനത്തിലാണ് ഭാരത് അരി എത്തിക്കുന്നത്.

കഴിഞ്ഞദിവസം പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മണ്ഡലത്തിൽ ഭാരത് അരി വിതരണം ചെയ്തത് ബി.ജെ.പി ജില്ലാ സെക്രട്ടറി ബി. മനോജ് ആണ്. 10,000 കിലോ അരി വിതരണം ചെയ്യാൻ നേതൃത്വം നൽകിയത് ബി.ജെ.പി പ്രവർത്തകരും.

തൃശൂർ ജില്ലയിലെ മുല്ലശ്ശേരിയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന പാശ്ചാത്തലത്തിൽ ഭാരത് അരി വിതരണം ചെയ്യാനുള്ള നീക്കം, തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് തടഞ്ഞിരുന്നു.

ഭാരത് അരിക്കു പകരമായി, അതിനേക്കാൾ വിലക്കുറവിൽ കെ- റൈസ് വിതരണം ചെയ്യാൻ കേരള ഭക്ഷ്യ വകുപ്പ് തയാറെടുക്കുന്നുണ്ട്. നാഫെഡ് വിപണനകേന്ദ്രങ്ങളിലൂടെയാണ് ഭാരത് അരിയുടെ വിതരണമെങ്കിൽ പൊതുവിതരണ സമ്പ്രദായം വഴിയായിരിക്കും കെ- അരി വിതരണം ചെയ്യുക. കാർഡൊന്നിന് 10 കിലോ വീതമാണ് നൽകുക. ചമ്പാവ്, മട്ട തുടങ്ങിയ ഇനങ്ങളാണ് വിതരണം ചെയ്യുക. പരമാവധി കിലോയക്ക് 28 രൂപയായിരിക്കും. ഇതിനായി ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽനിന്നാണ് കേരളം അരി വാങ്ങുക.

ഭാരത് അരി, അടിസ്ഥാനപരമായി ഫെഡറൽ ഘടനക്കുനേരെയുള്ള ആക്രമണമാണെന്നുമാത്രമല്ല, പൊതുവിതരണസമ്പ്രദായം അടക്കം വിലക്കയറ്റത്തെ നേരിടുന്നതിനുള്ള സർക്കാർ ഇടപെടലുകളെയാകെ അട്ടിമറിക്കുന്ന ഒന്നാണ്. മാത്രമല്ല, പൊതുതെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തിൽ, വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന മനുഷ്യർക്ക് എറിഞ്ഞുകൊടുക്കുന്ന കാരുണ്യപ്രവൃത്തിയെന്ന മട്ടിലാണ് കേന്ദ്ര സർക്കാറും ബി.ജെ.പിയും ഈ പദ്ധതിയെ അവതരിപ്പിക്കുന്നത് എന്നിടത്താണ്, ഭാരത് അരി, രാഷ്ട്രീയ കൗശലമായി മാറുന്നത്. അത് അങ്ങനെത്തന്നെ തിരിച്ചറിയപ്പെടണം.

Comments