എസ്സെൻസ് ഗ്ലോബലിന്റെ സംഘ്ബന്ധുത്വം; ഇതാ തെളിവുകൾ

ന്തുകൊണ്ടാണ് എസ്സെൻസ് ഗ്ലോബൽ സംഘപരിവാറിന്റെ മറ്റൊരു അനുബന്ധ സ്ഥാപനമാണെന്ന് പറയുന്നത് ? ഇത് കേവലമൊരു ആരോപണം മാത്രമല്ല. ഇന്ത്യയിലെ ഹിന്ദുത്വവാദികൾ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വവിരുദ്ധമായ ചെയ്തികളെ മറച്ചുപിടിക്കാൻ തികഞ്ഞ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുകയാണ് ഈ സംഘം ചെയ്യുന്നത്. സംഘപരിവാരത്തിന്റെയും ആർ.എസ്.എസിന്റെയും ആളുകൾക്കുവരെ ഷെയർചെയ്യാനും പങ്കെടുക്കാനും കഴിയുന്ന വേദിയാക്കി യുക്തിവാദത്തെ മാറ്റിത്തീർക്കുമ്പോൾ അതിന്റെ യുക്തിയെന്തെന്നു ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.

ഇവരുടെ പരിപാടിയുടെ ഭാഗമായി വെച്ചപോസ്റ്റിൽ മൂന്നു പരിപാടികളാണ് ഇസ്‌ലാം വിരുദ്ധമായി ചേർത്തിരിക്കുന്നത്. മതപരമായ എതിർപ്പുകൾ സംബന്ധിച്ചല്ല പറയുന്നത്. ഇന്ത്യയിൽ അതിശക്തമായി മനുഷ്യത്വ വിരുദ്ധമായിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വത്തിനെതിരെ എന്തേ ഒരുപരിപാടിപോലും ഇല്ലാത്തത്? യാദൃശ്ചികമാണോ?

അബ്ദുൽ ഖാദർ

മതപരമായ വിഷയത്തിൽ പോസ്റ്റിട്ട് വിദേശത്ത് ജയിലിൽക്കിടക്കുന്ന വ്യക്തിയാണ് അബ്ദുൽ ഖാദർ. ഇതേതരത്തിൽ ഇന്ത്യൻ ജയിലിൽകിടക്കുന്ന ആയിരക്കണക്കായ ആദിവാസികൾക്കും മുസ്ലീങ്ങൾക്കും മറ്റ് ആക്ടിവിസ്റ്റുകൾക്കും എന്തുകൊണ്ടാണ് ഈ ഐക്യദാർഢ്യം ഇല്ലാതെപോകുന്നത്? മതഭീകര കൊന്നെറിഞ്ഞ കൽബുർഗി, ധബോൽക്കർ, പൻസാരെ, ഗൗരി ലങ്കേഷ് എന്നിവരുടെ ഫോട്ടോകൾ എന്തുകൊണ്ട് "ലോകത്തിലെ ഏറ്റവും വലിയ യുക്തിവാദ പരിപാടി' "ഈ കേരളത്തിൽ മാത്രം' നടക്കുമ്പോൾ വേദിക്ക് പുറത്തെങ്കിലും സ്ഥാനം പിടിക്കാതിരുന്നത്?

""ജനാലക്കുള്ളിൽനിന്ന് തിരമാല പോലെ കട്ടിപ്പുക പുറത്തുവരുന്ന ദൃശ്യം കണ്ടാണ് അവൻ നിന്നത്. പുല്ലു മേഞ്ഞ, മണ്ണുകൊണ്ടുള്ള ഒരു കുടിലിന്റെ ജനാലയായിരുന്നു അത്. അതിനകത്ത് മരക്കാലിൽ ഒരു സ്ത്രീയുടെ കത്തുന്ന ശരീരം കെട്ടിയിട്ടിട്ടുണ്ടായിരുന്നു. ആ സ്ത്രീ നിന്നുകത്തുകയായിരുന്നു. പാദത്തിൽനിന്ന് തീ ആളി കത്തുന്നു. സാരി കത്തിപ്പടരുന്നു. അവരുടെ കണ്ണു തുറന്നു തന്നെയാണിരുന്നത്. പക്ഷേ, കനത്ത നിശ്ശബ്ദതയായിരുന്നു. അവരുടെ നിലവിളി പ്രാണനൊപ്പം നേരത്തേ നിലച്ചിരുന്നു. പക്ഷേ, ആ കണ്ണുകൾ അവനെ തറച്ചുനോക്കി. അവൻ തിരികെ വീട്ടിലേക്കോടി. ആ ഓർമയുടെ ഞെട്ടലോടെ പത്തു വയസ്സുകാരൻ ഗുഡ്ഡു പറഞ്ഞു.'' - മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ രേവതി ലോൾ എഴുതിയ ഗുജറാത്ത് വംശഹത്യ സംബന്ധിച്ചെഴുതിയ "വെറുപ്പിന്റെ ശരീരശാസ്ത്രം' എന്ന പുസ്തകത്തിൽ നിന്നാണീ വരികൾ.

രേവതി ലോൾ

അഞ്ചുമാസം ഗർഭിണിയായ ബിൽക്കീസ് ബാനുവിനെയാണ് ഹിന്ദുത്വവാദികൾ കൂട്ടബലാൽസംഗം ചെയ്തത്. അവരുടെ അഞ്ചു വയസ്സുള്ള മകളെ തട്ടിപ്പറിച്ച്, തല പാറക്കടിച്ച് കൊന്നു. അവരുടെ കുടുംബാംഗങ്ങളെ കൂട്ടമാനഭംഗം ചെയ്തു; കൂട്ടക്കൊല ചെയ്തു. കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഇവരെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത് ഈയിടെയാണല്ലോ. ഇരുപത് വീടുകളാണ് ബിൽകീസ് ബാനുവിന് ഈ ആർഷ ഭാരതത്തിൽ മാറിമാറിത്താമസിക്കേണ്ടിവന്നത്. കുറ്റവാളികളെ സ്വീകരിക്കാനും അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കാനും കൂട്ടുനിന്നു ഈ ഹിന്ദുത്വസർക്കാർ.

മധുരയിലെ ഫറൂക്കിനെ സഹായിച്ചപോലെ എന്തേ ബിൽകീസ് ബാനുവിന് വീടെടുക്കാൻ എസ്സൻസ് ഗ്ലോബലും അതിന്റെ നേതൃത്വവും തയാറാകാതിരുന്നത്? വാഹിദ് ശൈഖ് എന്ന അധ്യാപകനെ അറിയാമോ രവിചന്ദ്രന്, എസ്സൻസ് ഗ്ലോബലിന് ?

മുംബൈയിലെ ഒരു ലോക്കൽ ട്രെയിനിൽ സ്‌ഫോടനം നടന്നതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട പാവപ്പെട്ട ഈ ചെറുപ്പക്കാരനായ അധ്യാപകനെ പത്തുവർഷത്തിലധികമാണ് ഇവിടുത്തെ ഹിന്ദുത്വ ഭരണകൂടം ജയിലിലിട്ടത്. അതിക്രൂരമായ പീഡനങ്ങൾക്കാണ് ഇയാൾ വിധേയനായത്. കേസുവാദിച്ച ഷാഹിദ് ആസ്മി എന്ന പ്രഗൽഭനായ വക്കീലിനെ സംഘപരിവാരം വെടിവെച്ചുകൊന്നു. ഈ ഇന്ത്യയിലെ ഹിന്ദുത്വഭീകരവാദികൾ. അബ്ദുൽ വാഹിദ് ശൈഖിന്റെ ജീവിതം പറയുന്ന ബോളിവുഡ് സിനിമയാണ് "ഹിമോലിംഫ്'. അങ്ങേയറ്റം കുറ്റബോധത്തോടെയാണ് താൻ അയാളുടെ പുസ്തകം വായിച്ചതെന്ന് സംവിധായകൻ സുദർശൻ ഗമാരെ പറയുന്നുണ്ട്.

ഇക്കഴിഞ്ഞ ജൂലൈ രണ്ടാംവാരത്തിലാണ്, അഞ്ചു വർഷമായി യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിലടക്കപ്പെട്ട 121 ആദിവാസികളെ ഛത്തീസ്ഗഢിൽ നിന്നും മോചിപ്പിച്ചത്. 2017ൽ സി. ആർ.പി.എഫ് അംഗങ്ങൾക്കു നേരെ നടന്ന മാവോവാദി ആക്രമണത്തിൽ സഹായിച്ചുവെന്നതായിരുന്നു കുറ്റം. അഞ്ചു വർഷത്തിനു ശേഷം തെളിവില്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു.

ടീസ്റ്റ സെതൽവാദ്, ആർ.ബി. ശ്രീകുമാർ, സഞ്ജീവ് ഭട്ട്,

ഗുജറാത്ത് വംശഹത്യ കേസിൽ മോദിക്കും അമിത്ഷാക്കും പങ്കുണ്ടെന്ന് കോടതിയിൽ തെളിവുസഹിതം വാദിച്ച ടീസ്റ്റ സെറ്റൽവാദ്, ആർ.ബി. ശ്രീകുമാർ, എന്നിവർ അറസ്റ്റിലായത് കേസിൽ മോദിക്ക് ക്ലീൻചിറ്റ് നൽകിയ കോടതിവിധി വന്ന് മണിക്കൂറുകൾക്കകമായിരുന്നു, ആൾട്ട് ന്യൂസിന്റെ സ്ഥാപകാംഗം കൂടിയായ മുഹമ്മദ് സുബൈറിനെതിരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഒരേസമയം വാറണ്ടുകൾ പുറപ്പെടുവിക്കുകയാണ്.

മുഹമ്മദ് സുബൈർ

സഞ്ജീവ് ഭട്ട് അറസ്റ്റിലായതും ഗുജറാത്ത് കലാപം സംബന്ധിച്ച വിഷയങ്ങളിലാണ്. രൂപേഷ് കുമാർ സിങ് എന്ന സ്വതന്ത്ര മാധ്യമപ്രവർത്തകൻ മാവോവാദി ബന്ധം ആരോപിച്ച് ഝാർഖണ്ഡിൽ അറസ്റ്റിലായി. ഭീമ കൊറേഗാവ് കേസിൽ 16 പേരാണ് ജയിലിലടക്കപ്പെട്ടത്. മലയാളിയായ റോണ വിൽസൺ, ഹാനി ബാബു, സുരേന്ദ്ര ഗാഡ്‌ലിങ്, ഷോമ സെൻ, സുധീർ ധാവലെ, മഹേഷ് റൗത്, സുധ ഭരദ്വാജ്, വരവര റാവു, ആനന്ദ് തെൽതുംദെ തുടങ്ങി രാജ്യത്തെ പ്രമുഖ ചിന്തകരും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമാണ് തടവിലടക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണമുന്നയിച്ച് മലയാളി അധ്യാപകൻ ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തിട്ട് രണ്ടുവർഷംകഴിഞ്ഞിരിക്കുന്നു. ഇതേ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്റ്റാൻ സ്വാമി എന്ന വയോധികനായ പുരോഹിതൻ തടവറയിൽ ചികിത്സ കിട്ടാതെ മരിച്ചു.

ഫാ. സ്റ്റാൻ സ്വാമി

എന്തേ ഇവരുടെ ഫോട്ടോകൾ എസ്സൻസ് ഗ്ലോബൽ വിദഗ്ധർക്ക് കിട്ടാതെ പോയി? സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷനിൽ ജീവനക്കാരനായ അർഷി ഖുറേഷിയെ എൻ.ഐ.എ കസ്റ്റഡിയിൽ എടുത്തു. ഇയാളെ മുൻനിർത്തി സാക്കിർ നായികിനെയും വേട്ടയാടി. ആറ് വർഷങ്ങൾക്ക് ശേഷം NIA പ്രത്യേക കോടതി തെളിവില്ല എന്ന് പറഞ്ഞു ഖുറേഷിയെ വെറുതെ വിട്ടിരിക്കുന്നു.

ഭീമാകൊറെഗാവ് വ്യാജകേസിൽ ഹിന്ദുത്വ ഫാഷിസ്റ്റുകൾ ജയിലിലടച്ച, പ്രമുഖ മാധ്യമപ്രവർത്തകനും കശ്മീരിന്റെയും ആദിവാസികളുടെയും ശബ്ദവുമായ സഖാവ് ഗൗതം നവ്ലാഖ വൻകുടലിൽ കാൻസർ ബാധിതനായി കഴിയുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കബിൽ സിബൽ പറഞ്ഞത് ഈയിടെയാണ്. ബിനു വിജയനെന്ന മാധ്യമപ്രവർത്തകന്റെ വ്യാജ വാട്ട്‌സാപ്പ് സന്ദേശംവഴിയാണ് ഓർഗനൈസറിലെ ശ്രീദത്തൻ അയാൾക്കെതിരെ പരാതി നൽകുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് സിദ്ധിഖ് കാപ്പൻ ജയിലിലാകുന്നത്. എന്തേ സിദ്ധിഖ് കാപ്പൻ എസ്സൻസ് ഗ്ലോബലിന്റെ വേദിയിൽ സ്ഥാനം പിടിച്ചില്ല?

നോക്കിയായിൽ ഉന്നത ഐ.ടി. ജോലിയും അസൂയാവഹവുമായ ജീവിതം ഇട്ടെറിഞ്ഞാണ് മുഹമ്മദ് സുബൈർ എന്ന വ്യക്തി ഫാക്ട് ചെക്കിംഗുമായി സംഘപരിവാരത്തെ വേട്ടയാടിയത്. അയാളെ രാജ്യവ്യാപകമായി കേസുകൾ ചുമത്തി അകത്തിട്ടപ്പോൾ ഈ രവിചന്ദ്രനും ടീമും എന്തേ മിണ്ടിയില്ല?
സാമൂഹ്യപ്രവർത്തകനും ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തോൽവിക്കായി സമാജ് വാദി പാർട്ടിയെ പിന്താങ്ങിയെന്ന കുറ്റത്തിനുമാണ് ജാവേദ് മുഹമ്മദിന്റെ വീട് ബുൾഡോസർവെച്ച് തകർത്തത്. അയാളുടെ മകൾ അഫ്രീൻ ഫാത്തിമ ജെ.എൻ.യുവിലെ വിദ്യാർഥിയാണ്. പൗരത്വഭേദഗതിക്കെതിരായ സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നതാണ്.

പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതികരിച്ചതിനുതന്നെയാണ് സഹറാൻപൂരിലും കാൺപൂരിലും യോഗി സർക്കാർ വീടുകൾ തകർത്തത്. ഡൽഹിയിൽ മുസ്ലിങ്ങൾ പാർക്കുന്ന വീടുകൾ വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിച്ചത് ഏതുതരം ഭീകര പ്രവർത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു? ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാകെ ഇത്തരം ബുൾഡോസർ ഉരുണ്ടുകൊണ്ടിരിക്കുന്നു. ഇന്നലെയത് ലക്ഷദ്വീപിലും എത്തി. എന്തേ ഗ്ലോബൽ ബുൾഡോസർ രാഷ്ട്രീയം എന്ന് ലോകമാകെ പ്രസിദ്ധമായിട്ടും അത്തരമൊരു വിഷയത്തിൽ ഒരു ചർച്ചയോ പ്രഭാഷണമോ സമകാലിക ഇന്ത്യയിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ യുക്തിവാദ സമ്മേളനത്തിൽ ഇല്ലാതെ പോയി?

എഴുതിയാൽ തീരാത്തത്രയും പീഡനങ്ങളും കൊലപാതകങ്ങളുമാണ് ഇന്ത്യയിൽ സംഘ്പരിവാർ നേതൃത്വത്തിൽ അരങ്ങേറുന്നത്. അപ്പോൾ മുസ്ലീംങ്ങളും കമ്യൂണിസവും പ്രതിസ്ഥാനത്ത് വരുന്നത് എന്തുകൊണ്ടായിരിക്കാം?

Comments