ജാതി സെൻസസിലൂടെ പുറത്തുവന്ന വിവേചനത്തിന്റെ ഡാറ്റ, ഭരണവിരുദ്ധവികാരം, നിതീഷ് കുമാർ എന്ന സട കൊഴിഞ്ഞ സിംഹം, മുന്നണികളിലെ ഭിന്നത, തൊഴിലില്ലായ്മ, യുവാക്കളുടെ തൊഴിൽ പലായനം, സ്ത്രീകളുടെ പിന്നാക്കാവസ്ഥ, വോട്ടർപട്ടികയുടെ തീവ്ര പുനഃപരിശോധനയിലെ പാകപ്പിഴകൾ, രാഷ്ട്രീയജാഥകളായി ഒടുങ്ങിയ നിത്യജീവിതപ്രശ്നങ്ങൾ, പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി എന്ന ന്യൂജെൻ ഫാക്ടർ - എന്താണ് ബിഹാർ ജനവിധിയെ നിർണയിക്കുക?
ജാഥകൾ, ജാഥകൾ മാത്രം
കാമ്പയിന്റെ മുന്നോടിയായി സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ രണ്ട് യാത്രകൾ നടന്നു. രാഹുൽഗാന്ധിയുടെ വോട്ട് അധികാർ യാത്ര 25 ജില്ലകളിലെ 100-ലേറെ മണ്ഡലങ്ങളിലൂടെയായിരുന്നു. തേജസ്വി യാദവും വികാസ്ഷീൽ ഇൻസാൻ പാർട്ടി അധ്യക്ഷൻ മുകേഷ് സഹാനിയും ദീപാങ്കർ ഭട്ടാചാര്യയെപ്പോലുള്ള ഇടതുനേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. വൻ ജനക്കൂട്ടമാണ് രാഹുലിനെ കേൾക്കാനെത്തിയത്.
മഹാസഖ്യത്തിന്റെ അനൗദ്യോഗിക മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിന്റെ ബീഹാർ അധികാർ യാത്ര വോട്ടർ പട്ടിക തീവ്ര പുനഃപരിശോധനയ്ക്കൊപ്പം തൊഴിലില്ലായ്മ, വികസന പ്രശ്നങ്ങൾ എന്നിവയാണ് ഉന്നയിച്ചത്. തേജസ്വിയ്ക്കും യുവാക്കളുടെ വലിയ കൂട്ടങ്ങളെ കാഴ്ചക്കാരായി കിട്ടി.
തേജസ്വി യാദവിന്, നിതീഷിന്റെ ക്ഷേമരാഷ്ട്രീയ തന്ത്രങ്ങൾക്കുപകരം തൊഴിലില്ലായ്മയും വികസന മുരടിപ്പും തൊഴിൽ പലായനവും പോലുള്ള നീറുന്ന പ്രശ്നങ്ങൾക്ക് വ്യക്തമായൊരു രാഷ്ട്രീയപരിപാടി അവതരിപ്പിക്കാനുമായിട്ടില്ല.
ഇരു യാത്രകളിലും ഉന്നയിക്കപ്പെട്ടത് വോട്ടർ പട്ടികയുടെ തീവ്ര പുനഃപരിശോധനയിൽ നടന്ന ക്രമക്കേടുകളാണ്. അവ പൊളിറ്റിക്കൽ ആക്റ്റിവി്‌സ്റ്റ് യോഗേന്ദ്ര യാദവ് സുപ്രീംകോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണത്തിലുള്ള കുറവ്, ‘മിസ്സിങ് വോട്ടർ’മാരുടെ എണ്ണത്തിലുള്ള അൽഭുതകരമായ വർധന എന്നിവയാണ് യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടിയത്. വോട്ടർമാരായി രജിസ്റ്റർ ചെയ്യാത്ത പ്രായപൂർത്തിയായവരുടെ എണ്ണം വോട്ടർപട്ടികയുടെ തീവ്ര പുനഃപരിശോധനയിൽ 27 ലക്ഷത്തിൽനിന്ന് 81 ലക്ഷമായി ഉയർന്നു. ഈ മിസ്സിങ് വോട്ടർമാരിൽ സ്ത്രീകളാണ് കൂടുതൽ, 16 ലക്ഷത്തോളം. ആയിരം പുരുഷവോട്ടർമാർക്കുള്ള സ്ത്രീവോട്ടർമാരുടെ അനുപാതത്തിലും 900- നേക്കാൾ കുറവ് രേഖപ്പെടുത്തി, 2020-നുശേഷം ആദ്യമാണ് ഈ പ്രവണത. ഡ്യൂപ്ലിക്കേറ്റ് വോട്ടർമാരുടെ വർധന, ഒരു വീട്ടഡ്രസ്സിൽ തന്നെ കൂട്ടമായി വോട്ടർമാർ തുടങ്ങി മറ്റ് നിരവധി ക്രമക്കേടുകളും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, ഇതിനപ്പുറം ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ വിശ്വസനീയമാംവിധം ഏറ്റെടുക്കുന്നതിൽ രാഹുലും തേജസ്വി യാദവും പരാജയപ്പെട്ടു. മുദ്രാവാക്യങ്ങൾ മാത്രമായി അവശേഷിച്ചു, രണ്ടു ജാഥകളും. ഗ്രാമീണമേഖലയിലും അടിസ്ഥാന വിഭാഗങ്ങൾക്കിടയിലും സ്വാധീനം ചോർന്നുപോയ, തമ്മിലടിക്കുന്ന ഒരു പാർട്ടിയെയാണ് രാഹുൽ ബീഹാറിൽ പ്രതിനിധീകരിക്കുന്നത്.
തേജസ്വി യാദവിനാകട്ടെ, നിതീഷിന്റെ ക്ഷേമരാഷ്ട്രീയ തന്ത്രങ്ങൾക്കുപകരം തൊഴിലില്ലായ്മയും വികസന മുരടിപ്പും തൊഴിൽ പലായനവും പോലുള്ള നീറുന്ന പ്രശ്നങ്ങൾക്ക് വ്യക്തമായൊരു രാഷ്ട്രീയപരിപാടി അവതരിപ്പിക്കാനുമായിട്ടില്ല.

M-Y ഫോർമുല
സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത് രണ്ട് M-Y സഖ്യങ്ങളാണ്. വെൽഫെയർ പൊളിറ്റിക്‌സിലൂടെ നിതീഷ് കുമാർ രൂപപ്പെടുത്തിയെടുത്ത മഹിള- യുവ (M-Y) സഖ്യത്തിനെതിരെ മഹാസഖ്യത്തിന് മുന്നോട്ടുവെക്കാനുള്ളത് പരമ്പരാഗത മുസ്‌ലിം- യാദവ് (M-Y) ഫോർമുലയാണ്. ജാതി ഗ്രൂപ്പുകളേക്കാൾ ഇലക്ടറൽ പൊളിറ്റിക്‌സിൽ തങ്ങൾക്ക് ഗുണം ചെയ്യുക സ്ത്രീകളുടെയും യുവാക്കളുടെയും സഖ്യമാണ് എന്ന തിരിച്ചറിവിലാണ് നിതീഷ് കുമാറും എൻ.ഡി.എയും. 7.43 കോടി വോട്ടർമാരിൽ മൂന്നര കോടി സ്ത്രീകളും ഒന്നര കോടി യുവാക്കളുമാണുള്ളത്. പുതുതായി വോട്ട് ചെയ്യാനെത്തുന്ന 14 ലക്ഷം വോട്ടർമാരും എൻ.ഡി.എയുടെ ടാർഗറ്റാണ്. ആ നിലയ്ക്ക് കുറെക്കൂടി വിജയസാധ്യതയുള്ള ഇലക്ടറൽ ഫോർമുല നിതീഷിന്റേതാണെന്ന് പറയേണ്ടിവരും; ആർ.ജെ.ഡി- കോൺഗ്രസ് സഖ്യത്തിന്റെ M-Y ഫോർമുല പണ്ടേപ്പോലെ ഫലിക്കുമോ എന്നുറപ്പില്ലാത്ത സ്ഥിതിയിൽ പ്രത്യേകിച്ചും.
ബിഹാറിലെ തൊഴിലില്ലായ്മാനിരക്ക് 5.9 ശതമാനമാണ്, ദേശീയ ശരാശരിയായ 4.1 ശതമാനത്തേക്കാൾ കൂടുതൽ. 15- 29 പ്രായമുള്ളവരിൽ തൊഴിലില്ലായ്മ 20.1 ശതമാനവും. തൊഴിൽ തേടി സംസ്ഥാനത്തിനുപുറത്തേക്ക് പോകുന്ന യുവാക്കളുടെ എണ്ണം അനുദിനം കൂടിവരികയാണ്.
ഓർമയുണ്ടോ, എഴുപതുകൾ?
എഴുപതുകളിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങളാൽ തിളച്ചുമറിഞ്ഞിരുന്ന ബിഹാർ ഇപ്പോഴും ദേശീയ രാഷ്ട്രീയത്തിന്റെ ഓർമകളിലുണ്ട്. അടിയന്തരാവസ്ഥയ്ക്കുവരെ പ്രകോപനമായിത്തീർന്ന ജയപ്രകാശ് നാരായണന്റെ ആ മൂവ്‌മെന്റിലുണ്ടായിരുന്നത് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളും യുവാക്കളുമായിരുന്നു. ‘സമ്പൂർണ വിപ്ലവം' എന്ന ജെ.പിയുടെ മുദ്രാവാക്യം, സോഷ്യലിസ്റ്റ് പരിപാടിയുടെ പ്രായോഗിക സാധ്യതയാണ് മുന്നോട്ടുവച്ചത്.
അതേ പ്രശ്നങ്ങളും മൂവ്മെന്റിൽ പങ്കാളികളായ അതേ അടിസ്ഥാന പൗരസമൂഹത്തിന്റെ തുടർച്ചയും തന്നെയാണ് ഇപ്പോഴും ബീഹാറിലുള്ളത്. എഴുപതുകളിലെ മൂവ്മെന്റിന്റെ ഉൽപ്പന്നങ്ങളാണ് നിതീഷ്കുമാറും ലാലു പ്രസാദ് യാദവും. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളിലൂടെയാണ് നിതീഷ് കുമാർ എന്ന രാഷ്ട്രീയക്കാരൻ ഉദയം ചെയ്യുന്നത്. ആ മൂവ്മെന്റിലൂടെ തന്നെയാണ് നിതീഷും ലാലു പ്രസാദ് യാദവും ജ്യേഷ്ഠാനുജൻമാരെ പോലെ ബിഹാർ രാഷ്ട്രീയത്തിന്റെ പ്രധാന മുഖങ്ങളാകുന്നത്. 1967-69 കാലത്ത് പാറ്റ്ന യൂണിവേഴ്സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന ലാലു പ്രസാദ് യാദവിനെ 1974ൽ 'സമ്പൂർണ ക്രാന്തി'യുടെ കൺവീനറായി ജെ.പി നിയോഗിച്ചു. 'മൂത്ത ജ്യേഷ്ഠൻ' എന്നാണ് നിതീഷ്, അക്കാലത്ത് ലാലുവിനെ വിശേഷിപ്പിച്ചിരുന്നത്. ഇരുവരും തന്നെയാണ് ഇപ്പോഴും സംസ്ഥാന രാഷ്ട്രീയത്തെ ഭരിക്കുന്നത്. പക്ഷെ, അവരുടെ രാഷ്ട്രീയം മാറിപ്പോയി എന്നുമാത്രം.
സംസ്ഥാനത്തെ വോട്ടർമാരിൽ 22 ശതമാനവും 18- 29 പ്രായക്കാരാണ്; 1.63 കോടി. ആദ്യമായി വോട്ട് ചെയ്യുന്ന 14 ലക്ഷം പേർ ഇത്തവണ ബൂത്തുകളിലെത്തും. മുൻ മഹാസഖ്യ സർക്കാറിന്റെ ആദ്യ 17 മാസങ്ങളിൽ ലക്ഷക്കണക്കിന് തൊഴിലുകളാണ് നൽകിയത് എന്ന് തേജസ്വി യാദവ് പറയുന്നുണ്ട്. നിതീഷും തൊഴിലിനെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ, ഇലക്ഷൻ സമയത്ത്, യുവാക്കളുടെ വോട്ടുബാങ്ക് മുന്നിൽക്കണ്ടുള്ള അവകാശവാദങ്ങൾ മാത്രമാണിത്. ബിഹാറിലെ തൊഴിലില്ലായ്മാനിരക്ക് 5.9 ശതമാനമാണ്, ദേശീയ ശരാശരിയായ 4.1 ശതമാനത്തേക്കാൾ കൂടുതൽ (പിരിയോഡിക് ലേബർ ഫോഴ്സ് സർവേ, 2021-22). 15- 29 പ്രായമുള്ളവരിൽ തൊഴിലില്ലായ്മ 20.1 ശതമാനവും. തൊഴിൽ തേടി സംസ്ഥാനത്തിനുപുറത്തേക്ക് പോകുന്ന യുവാക്കളുടെ എണ്ണം അനുദിനം കൂടിവരികയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ജാഥകളല്ലാതെ, ഈ മനുഷ്യരെ അണിനിരത്തി, അവരുടെ അടിസ്ഥാന വിഷയങ്ങളിലൂന്നിയുള്ള ഒരു മൂവ്മെന്റും മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ അജണ്ടയിലില്ല. നിതീഷ്കുമാറിന് 20 വർഷം സസുഖം വാഴാൻ തക്ക ക്ഷേമരാഷ്ട്രീയ കാലാവസ്ഥയൊരുക്കിക്കൊടുക്കുന്നത് മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഈ വഞ്ചനയാണ്.
നിതിഷ് ഫാക്ടർ
രണ്ടു പതിറ്റാണ്ടായി മുഖ്യമന്ത്രി സ്ഥാനത്തുള്ള 74-കാരനായ നിതീഷിന്റെ അവസരവാദനയങ്ങൾ തുറന്നുകാട്ടാൻ കഴിയാത്ത പ്രതിപക്ഷമാണ് സംസ്ഥാനത്തുള്ളത്. അധികാരത്തിനുവേണ്ടി ഏതു മുന്നണിയിലും തരാതരം കളിക്കാനറിയുന്ന നിതീഷിന് വിശ്വാസ്യതാനഷ്ടമുണ്ട് എന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിമർശനം. ക്ഷേമപദ്ധതികളിലൂടെയുള്ള പ്രീണനനയത്തിൽ കവിഞ്ഞ് അടിസ്ഥാന വിഷയങ്ങൾ നിതീഷ് ഭരണത്തിൽ തീർത്തും അവഗണിക്കപ്പെട്ടു. അധികാരമുറപ്പിക്കാൻ മുന്നണികൾ മാറി രാഷ്ട്രീയ കസേരകളി നടത്തുന്ന നിതീഷിനെ 'പൽതുറാം' എന്നും വിശേഷിപ്പിക്കാറുണ്ട്.
നിതീഷിനെ മാറ്റി സ്വന്തം ഭരണം സ്ഥാപിക്കാൻ കിനാവു കണ്ടിരിക്കുന്ന ബി.ജെ.പിയാകട്ടെ, നിതീഷിനെ ചേർത്തുപിടിച്ച് നിലത്തടിക്കുക എന്ന സൂത്രമാണ് ഇത്തവണ പയറ്റുന്നത്. നിതീഷിന്റെ പ്രതിച്ഛായ മോശമായി എന്ന് മുന്നണിയുടെ അകത്തളങ്ങളിൽ കാമ്പയിൻ നടത്തിയും കഴിഞ്ഞ തവണ ജെ.ഡി-യുവിനെ പിടിച്ചുകെട്ടിയ ചിരാഗ് പാസ്വാന്റെ എൽ.ജെ.പി (രാംവിലാസ്) യ്ക്ക് 'ന്യായ'മായ പങ്ക് നൽകിയുമാണ് ബി.ജെ.പി ആദ്യ ജയം നേടിയത്. ഒരു എം.എൽ.എ മാത്രമുള്ള എൽ.ജെ.പിയ്ക്ക് ബി.ജെ.പി കനിഞ്ഞരുളിയത് 29 സീറ്റ്. നിതീഷിനെതിരായ സമ്മർദ്ദസീറ്റുകളായി ഇവ ഉപകാരപ്പെടുമെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ. 2020-ൽ എൻ.ഡി.എയുടെ ഭാഗമല്ലാതിരുന്നിട്ടും ലോക് ജനശക്തി പാർട്ടിയെ ഉപയോഗിച്ച് നിതീഷിനെ ഒതുക്കാനായി എങ്കിൽ, ഇത്തവണ സഖ്യകക്ഷിയായി മാറിയ ഇതേ പാർട്ടിയെ ഉപയോഗിച്ചുതന്നെ നിതീഷിനെ നേരിടുകയാണ് ബി.ജെ.പി.

ചുരുക്കത്തിൽ, കഴിഞ്ഞ തവണത്തെ പോലെ നിതീഷിനെ സംബന്ധിച്ച് മുഖ്യമന്ത്രിപദം ഇത്തവണ ഈസി ചോയ്സ് ആയിരിക്കുകയില്ല. നിതീഷ്‌കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ ബി.ജെ.പി ദേശീയ നേതൃത്വം തയ്യാറായിട്ടില്ല. നിതീഷ് തന്നെ മുഖ്യമന്ത്രി എന്ന് ജെ.ഡി-യു ആവർത്തിക്കുന്നതുതന്നെ ഒരുതരം ആത്മവിശ്വാസവുമില്ലാതെയാണ്. ''നിതീഷ് ഇപ്പോൾ മുഖ്യമന്ത്രിയാണ്, ഇലക്ഷനുശേഷവും മുഖ്യമന്ത്രിയായി തുടരും'' എന്ന് പാർട്ടി വക്താവ് നീരജ് കുമാർ പറയുമ്പോൾ, അമിത് ഷാ പറഞ്ഞതിങ്ങനെ: ''ഇലക്ഷനുശേഷം സഖ്യകക്ഷി നേതാക്കൾ ചേർന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും''. ഒരു പ്രചാരണയോഗത്തിൽ പോലും നിതീഷിന്റെ പേര് അടുത്ത മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പറയാതിരിക്കാൻ അമിത് ഷാ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. തെരഞ്ഞെടുപ്പിൽ ജയിക്കാൻ ബി.ജെ.പി മഹാരാഷ്ട്രയിൽ ശിവസേനക്കെതിരെ ഏക്‌നാഥ് ഷിൻഡേയെ ഉപയോഗിച്ച് നടത്തിയ വിഭജനതന്ത്രം തന്നെയാണ് ബിഹാറിലും ബി.ജെ.പി പയറ്റുന്നത്. ഇതിന്റെ ഭാഗമായി ആർ.എൽ.എം, ഹിന്ദുസ്ഥാൻ അവാം മോർച്ച തുടങ്ങിയ സഖ്യകക്ഷികളെയും നിതീഷിനെതിരെ തങ്ങളുടെ പക്ഷത്താക്കാൻ സീറ്റ് വിഭജനത്തിലൂടെ അമിത് ഷായ്ക്ക് നിഷ്പ്രയാസം കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നിതീഷിന്റെ കാര്യത്തിൽ ഒരുറപ്പുമില്ലാത്ത സ്ഥിതിയാണ്. നിതീഷിന്റെ അനാരോഗ്യം ചർച്ചയാക്കിയ ഇന്ത്യ മുന്നണിയുടെ കാമ്പയിൻ, ഫലത്തിൽ നിതീഷിനെ ഒഴിവാക്കാനുള്ള ബി.ജെ.പി തന്ത്രങ്ങൾക്കാണ് ശക്തി പകരുക എന്ന സൃഗാലസൂത്രവും അരങ്ങേറുന്നുണ്ട്.
എന്നാൽ, നിതീഷിനെ പൂർണമായും എഴുതിത്തള്ളാനാകുമോ?. പല മുന്നണികളുടെ വോട്ടിങ് സമവാക്യങ്ങളെ കൈവശപ്പെടുത്താൻ ശേഷിയുള്ള പൊളിറ്റിക്കൽ മാസ്റ്റർഷിപ്പ് ഇന്നും നിതീഷിനുണ്ട്, പൂർവസൂരികളായ ചന്ദ്രശേഖറും കർപ്പൂരി ഠാക്കൂറും ജോർജ്ജ് ഫെർണാണ്ടസുമെല്ലാം പയറ്റിക്കൊടുത്ത അതേ തന്ത്രങ്ങൾ. EBC വിഭാഗങ്ങൾക്കിടയിലും സ്ത്രീകൾക്കിടയിലും ക്ഷേമപദ്ധതികളിലൂടെ സ്വന്തം രാഷ്ട്രീയമണ്ഡലം രൂപപ്പെടുത്തിയിട്ടുണ്ട് നിതീഷ്. അതായത്, മുന്നണിയ്ക്കുള്ളിൽനിന്ന് ബി.ജെ.പിയെ നേർക്കുനേർ നേരിടാനുള്ള സീറ്റ് എണ്ണം തികയ്ക്കുക എന്നതായിരിക്കും നിതീഷിന്റെ ഇത്തവണത്തെ മത്സരസൂത്രം.
2025-ലെ തെരഞ്ഞെടുപ്പിൽ, 36 ശതമാനം വരുന്ന EBC വിഭാഗം നിർണായക ശക്തിയായിരുന്നു. ഇ.ബി.സി- സ്ത്രീ വോട്ടുബാങ്ക് നിലനിർത്താൻ 20 ക്ഷേമപദ്ധതികളാണ് കഴിഞ്ഞ മാസങ്ങളിൽ നിതീഷ് പ്രഖ്യാപിച്ചത്. സ്ത്രീകൾക്ക് 10,000 രൂപ വീതം നൽകുന്ന മുഖ്യമന്ത്രി മഹിള റോസ്ഗാർ യോജന, മോദി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ തുടർച്ചയായിരുന്നു. 2100 കോടി രൂപയാണ് സ്ത്രീകളുടെ അക്കൗണ്ടിൽ നേരിട്ട് എത്തിയത്. ത് എന്നത് ബി.ജെ.പി കാമ്പയിൻ ചെയ്യുന്നുമുണ്ട്. ഇതിനകം സംസ്ഥാനത്തെ 1.21 കോടി സ്ത്രീകൾക്കാണ് 10,000 രൂപ വീതം ലഭിച്ചത്.
പല മുന്നണികളുടെ വോട്ടിങ് സമവാക്യങ്ങളെ കൈവശപ്പെടുത്താൻ ശേഷിയുള്ള പൊളിറ്റിക്കൽ മാസ്റ്റർഷിപ്പ് ഇന്നും നിതീഷിനുണ്ട്, പൂർവസൂരികളായ ചന്ദ്രശേഖറും കർപ്പൂരി ഠാക്കൂറും ജോർജ്ജ് ഫെർണാണ്ടസുമെല്ലാം പയറ്റിക്കൊടുത്ത അതേ തന്ത്രങ്ങൾ.
ജാതി സെൻസസ്
നിതീഷ് കുമാറിന്റെയും തേജസ്വി യാദവിന്റെയും നേതൃത്വത്തിലുള്ള സഖ്യസർക്കാറാണ് 2023 ഒക്‌ടോബറിൽ ജാതിസെൻസസ് റിപ്പോർട്ട് പുറത്തുവിട്ടത്. വിവേചനവും പ്രാതിനിധ്യമില്ലായ്മയുമെല്ലാം വസ്തുതകളായി ജനങ്ങൾക്കുമുന്നിലുള്ളപ്പോൾ, ഇവ എങ്ങനെയാണ് ഇലക്ഷൻ പൊളിറ്റിക്‌സിൽ ഇടപെടുക എന്നത് പ്രധാന ചോദ്യമാണ്. ഒ.ബി.സി രാഷ്ട്രീയം ആരെ പിന്തുണയ്ക്കും?
ആർ.ജെ.ഡിയാണ് സംസ്ഥാനത്ത് ജാതി സെൻസസ് എന്ന ആവശ്യം ആദ്യം ഉയർത്തിയത്. പിന്നീടാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും ജാതി സെൻസസും ഒ.ബി.സി രാഷ്ട്രീയവും ദേശീയ രാഷ്ട്രീയത്തിൽ ചർച്ചാവിഷയമാക്കിയത്. അപ്പോഴെല്ലാം ഇക്കാര്യത്തിൽ നിശ്ശബ്ദത പുലർത്തുകയും ജാതി വിഭജനമുദ്രാവാക്യമാണിതെന്ന് ആരോപിക്കുകയും ചെയ്ത ബി.ജെ.പിയും എൻ.ഡി.എയും ഒടുവിൽ ജാതി സെൻസസിനെ അംഗീകരിക്കുന്നതിലെത്തി. അടുത്ത ദേശീയ സെൻസസിൽ ജാതി കണക്കെടുപ്പുകൂടി നടത്തുമെന്ന് തീരുമാനവും മോദി സർക്കാറിന് എടുക്കേണ്ടിവന്നു.
പരമ്പരാഗതമായി എൻ.ഡി.എയ്ക്ക് ബ്രാഹ്മണർ, രജ്പുത്, ഭൂമിഹാർ, കായസ്തർ തുടങ്ങിയ മുന്നാക്ക ജാതി വിഭാഗങ്ങൾ, യാദവേതര ഒ.ബി.സി, മഹാദലിത് എന്നിവരെ സ്വാധീനിക്കാനാകുന്നുണ്ട്. മുസ്‌ലിം- യാദവ വോട്ടുബാങ്കാണ് ആർ.ജെ.ഡിയുടെ ശക്തി. കോൺഗ്രസിന് മുന്നാക്കി ജാതി വിഭാഗങ്ങളിലും ഏതാനും ഒ.ബി.സി ഉപവിഭാഗങ്ങളിലും നഗരപ്രദേശത്തും നാമമാത്രമായ സാന്നിധ്യമുണ്ട്. അതേസമയം, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സാമൂഹിക നീതി, സംവരണം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയപ്പോൾ ആർ.ജെ.ഡി- കോൺഗ്രസ് സഖ്യത്തിന് പട്ടികജാതി വോട്ടുകൾ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു.

ജാതി സെൻസസ് അനുസരിച്ച്, ബിഹാറിൽ 13.43 കോടി ജനങ്ങളിൽ അതീവ പിന്നാക്ക വിഭാഗക്കാരുടെയും (extremely backwards classes- EBC) ഒ.ബി.സി വിഭാഗങ്ങളുടെയും ശതമാനം 63.13 ആണ്. 112 ഉപ ജാതികൾ ചേർന്ന EBC മാത്രം 36.01 ശതമാനം വരും. 30 ജാതിവിഭാഗങ്ങളാണ്, 27.12 ശതമാനം വരുന്ന ഒ.ബി.സിയിലുള്ളത്. പട്ടികജാതിക്കാർ 19.65 ശതമാനവും പട്ടിക വർഗക്കാർ 1.68 ശതമാനവുമാണ്. പട്ടികജാതിക്കാരിൽ 65 ശതമാനവും രവിദാസ്, പാസ്വാൻ, മുഷാഹർ സമുദായങ്ങളാണ്.
ഉയർന്ന ജാതിവിഭാഗങ്ങൾ 15.52 ശതമാനം.
EBC-യ്ക്കും ഒ.ബി.സിയ്ക്കും ആവശ്യത്തിന് പ്രാതിനിധ്യം ഭരണത്തിലും തൊഴിലിലും ഇല്ല എന്ന് സെൻസസ് ചൂണ്ടിക്കാട്ടുന്നു.
1970-കളിൽ മുഖ്യമന്ത്രിയായിരുന്ന കർപ്പൂരി ഠാക്കൂറാണ് ഒ.ബി.സി വിഭാഗത്തിനുള്ളിൽ EBC കാറ്റഗറിയുണ്ടാക്കിയത്. പിന്നീട് സോഷ്യലിസ്റ്റ് മൂവ്‌മെന്റുകൾക്ക് പിന്നാക്ക ജാതിരാഷ്ട്രീയത്തിന്റെ പ്രാതിനിധ്യം ഏറ്റെടുക്കാനായില്ല. മണ്ഡൽ കമീഷനുശേഷമുള്ള കലുഷിതകാലത്ത് ബി.ജെ.പി ഈ വിഭാഗങ്ങളെ സ്വന്തമാക്കാൻ തുടങ്ങി. ഇത്തവണ നിതീഷിനാണോ തേജസ്വി യാദവിനാണോ ജാതി സെൻസസിലൂടെ പുറത്തുവന്ന സമവാക്യങ്ങളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാകുക എന്നത് പ്രധാന ചോദ്യമാണ്. അന്നത്തെ നിതീഷ് ഇന്ന് എൻ.ഡി.എയിലാണ് എന്നതിനാൽ പ്രത്യേകിച്ചും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ യാദവേതര ഒ.ബി.സിയിലും ഇ.ബി.സിയിലും സ്വാധീനമുണ്ടാക്കുന്നതിൽ ബി.ജെ.പിക്കായിരുന്നു ജയം.
ആർ.ജെ.ഡി- കോൺഗ്രസ് സഖ്യമാകട്ടെ, ജാതി സെൻസസിനെ രാഷ്ട്രീയ പ്രമേയമാക്കുന്നതിൽ വിജയിച്ചുവെങ്കിലും അവിടെനിന്ന് മുന്നോട്ടുപോകാനായില്ല. നിതീഷിന്റെയും ബി.ജെ.പിയുടെയും സൂത്രവാക്യങ്ങളെ മറികടക്കുന്ന രാഷ്ട്രീയ പരിപാടി ഈ മുന്നണിയ്ക്കില്ല എന്നത് വലിയൊരു പരാജയമാണ്.
SC വോട്ട് ഫാക്ടർ
ജനസംഖ്യയിൽ 20 ശതമാനത്തോളം വരുന്ന പട്ടികജാതി വിഭാഗത്തിന്റെ വോട്ട് നിർണായകമാണ്. 80-ലേറെ മണ്ഡലങ്ങളിലാണ് പട്ടികജാതി വിഭാഗങ്ങൾ പരന്നുകിടക്കുന്നത്.
243-ൽ 38 എണ്ണമാണ് സംവരണസീറ്റുകൾ. 2010-ൽ ബി.ജെ.പി 38-ൽ 18 സീറ്റാണ് നേടിയത്. എന്നാൽ, 2015-ൽ സീറ്റുകളുടെ എണ്ണം അഞ്ചായി കുറഞ്ഞു. 2020-ൽ ഒമ്പത് സീറ്റിലാണ് ജയിച്ചത്. ജെ.ഡി-യു ആകട്ടെ, 19 (2010), 11 (2015), എട്ട് (2020) സംവരണ സീറ്റുകളിലാണ് ജയിച്ചത്.
2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പട്ടികജാതി വോട്ടിൽ 60 ശതമാനം എൻ.ഡി.എയ്ക്കും 40 ശതമാനം മഹാസഖ്യത്തിനുമാണ് ലഭിച്ചത്.
രവിദാസ്, പാസ്വാൻ എന്നിവരടങ്ങിയ വിശാല ദലിത് വിഭാഗവും മഹാ ദലിത് വിഭാഗവുമായി പട്ടികജാതി സമൂഹം വിഭജിക്കപ്പെട്ടിരിക്കുന്നതിനാൽ മുന്നണികൾക്ക് ഇവരെ ഭിന്നിപ്പിച്ച് ഭരിക്കാൻ സാധിക്കുന്നു. പട്ടികജാതി ജനസംഖ്യ 20 ശതമാനത്തിൽ കൂടുതലുള്ള 82 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ മഹാസഖ്യം 52 സീറ്റും എൻ.ഡി.എ 29 സീറ്റുമാണ് നേടിയത്.
പാസ്വാൻ വിഭാഗം ജനസംഖ്യയിൽ 10 ശതമാനത്തിലേറെയുള്ള 27 സീറ്റുകളിൽ കഴിഞ്ഞ തവണ 14 എണ്ണം മഹാസഖ്യവും 13 എണ്ണം എൻ.ഡി.എയുമാണ് നേടിയത്.
രവിദാസ് സമുദായത്തിന് 10 ശതമാനത്തിലേറെ ഭൂരിപക്ഷമുള്ള 29 സീറ്റുകളിൽ മഹാസഖ്യം 22 ഇടത്തും എൻ.ഡി.എ ആറിടത്തുമാണ് ജയിച്ചത്.
സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസിന്റെ (CSDS) ഡാറ്റ അനുസരിച്ച്, 2020-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടികജാതി വോട്ടർമാരിൽ 40 ശതമാനത്തോളം എൻ.ഡി.എയ്ക്കാണ് വോട്ട് ചെയ്തത്. 25 ശതമാനം മഹാസഖ്യത്തെ പിന്തുണച്ചു, 35 ശതമാനം മറ്റുള്ളവരെയും. 32 ശതമാനം പാസ്വാൻ സമുദായത്തെ പ്രതിനിധീകരിക്കുന്ന ലോക് ജനശക്തി പാർട്ടി തനിച്ച് മത്സരിച്ചത് എൻ.ഡി.എയുടെ പരമ്പരാഗത വോട്ട് ബാങ്കിനെ പിളർത്താൻ കാരണമായി. ഇതേതുടർന്നാണ് പട്ടികജാതി വോട്ടുകൾ ഭിന്നിച്ചത്. ചിരാഗ് പാസ്വാനും ജിതൻ റാം മാഞ്ചിയും ഒരുമിച്ചുനിന്നാൽ മഹാദലിത് വിഭാഗത്തിന്റെ വോട്ട് എൻ.ഡി.എയ്ക്ക് അനുകൂലമാക്കാവുന്ന സാഹചര്യമാണുള്ളത്.
ജാതി സെൻസസ് ഡാറ്റ അനുസരിച്ച് 43 ശതമാനം പട്ടികജാതി കുടുംബങ്ങളുടെയും പ്രതിമാസ വരുമാനം 6000 രൂപയിൽ താഴെയാണ്. സംസ്ഥാന ശരാശരി 34 ശതമാനമാണ്. 3.14 ശതമാനം പട്ടികജാതിക്കാർ മാത്രമാണ് ബിരുദധാരികൾ. സർക്കാർ ജോലികളിൽ 16 ശതമാനം സംവരണമുണ്ടായിട്ടും പ്രാതിനിധ്യം 1.13 ശതമാനം മാത്രം. സ്വകാര്യമേഖലയിലെ തൊഴിലാകട്ടെ, 0.51 ശതമാനവും.
പിന്നാക്ക- ദലിത് വിഭാഗങ്ങളുടെ ഇത്തരം അടിസ്ഥാന വിഷയങ്ങൾ അഭിസംബോധന ചെയ്യാനുള്ള നയപരമായ തീരുമാനങ്ങളെടുക്കുന്നതിൽ നിതീഷ് ഭരണകൂടം പൂർണ പരാജയമായിരുന്നു. പകരം, വെൽഫെയർ പൊളിറ്റിക്സിന്റെ സൂത്രവാക്യങ്ങൾ അതാതു ജാതി- സമുദായ വിഭാഗങ്ങൾക്ക് വിതരണം ചെയ്ത്, വോട്ടുബാങ്ക് സുരക്ഷിതമാക്കുകയാണ് ചെയ്തത്.
ആർ.ജെ.ഡി- കോൺഗ്രസ് സഖ്യമാകട്ടെ, ജാതി സെൻസസിനെ രാഷ്ട്രീയ പ്രമേയമാക്കുന്നതിൽ വിജയിച്ചുവെങ്കിലും അവിടെനിന്ന് മുന്നോട്ടുപോകാനായില്ല. നിതീഷിന്റെയും ബി.ജെ.പിയുടെയും സൂത്രവാക്യങ്ങളെ മറികടക്കുന്ന രാഷ്ട്രീയ പരിപാടി ഈ മുന്നണിയ്ക്കില്ല എന്നത് വലിയൊരു പരാജയമാണ്.

മുസ്ലിം ഫാക്ടർ
ഇലക്ടറൽ പൊളിറ്റിക്സിൽ പ്രാതിനിധ്യമില്ലായ്മ ഏറ്റവും രൂക്ഷമായി അനുഭവിക്കുന്നവരാണ് മുസ്‍ലിംകൾ. 87 സീറ്റുകളിലെ വിധി നിർണയിക്കാനാകുന്ന വിഭാഗമാണിവർ. സാമ്പത്തികമായും തൊഴിൽ അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങളിലും ഏറെ പിന്നാക്കക്കാരാണ് ഭൂരിപക്ഷവും. സെക്യുലർ രാഷ്ട്രീയത്തിന് അതിശക്തമായ പിന്തുണ നൽകുന്ന പൊളിറ്റിക്കൽ വോട്ടർ സമൂഹം കൂടിയാണ് മുസ്‍ലിംകൾ. അതുകൊണ്ടുതന്നെ, എൻ.ഡി.എ ഭരണനേതൃത്വത്തിന്റെ നിരന്തര അവഗണനയിലുമാണവർ.
സംസ്ഥാന ജനസംഖ്യയുടെ 17.7 ശതമാനമുണ്ടെങ്കിലും 10 ശതമാനത്തിലേറെ മുസ്ലിം എം.എൽ.എമാർ ഒരിക്കലുമുണ്ടായിട്ടില്ല. ഒരു മുസ്‍ലിം മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിച്ചിട്ടുള്ളത്, എഴുപതുകളിൽ ഭരണനേതൃത്വത്തിലെത്തിയ അബ്ദുൽ ഗഫൂർ, അതും വെറും രണ്ടു വർഷം.
പതിവുപോലെ ഇത്തവണയും പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പട്ടികയിൽ മുസ്‍ലിംകൾ തുച്ഛമാണ്. മഹാസഖ്യത്തിന്റെ പരമ്പരാഗത വോട്ടുബാങ്കു കൂടിയാണ് മുസ്‍ലിംകൾ. ആർ.ജെ.ഡിയുടെ 143 സ്ഥാനാർഥികളിൽ മുസ്‍ലിംകൾ 16 പേർ മാത്രം. കഴിഞ്ഞ തവണ ആർ.ജെ.ഡി നിർത്തിയ 17 പേരിൽ എട്ടു പേരാണ് ജയിച്ചത്.
101 സീറ്റുകളിൽ മത്സരിക്കുന്ന ജെ.ഡി-യുവിന് നാല് മുസ്‍ലിം സ്ഥാനാർഥികളാണുള്ളത്. 2020-ൽ പാർട്ടിയുടെ 11 മുസ്‍ലിം സ്ഥാനാർഥികളും തോറ്റു. ലോക് ജനശക്തി പാർട്ടിയ്ക്ക് ഒരു മുസ്‍ലിം സ്ഥാനാർഥിയുണ്ട്. ബി.ജെ.പിയിൽ ഒരാൾ പോലുമില്ല.
പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി 40 മുസ്‍ലിംകളെ സ്ഥാനാർഥികളാക്കിയിട്ടുണ്ട്. 2020-ൽ അഞ്ച് സീറ്റ് നേടിയ അസദ്ദുദ്ദീൻ ഒവൈസിയുടെ AIMIM-യും ഇത്തവണ നൂറിലേറെ സീറ്റുകളിൽ മത്സരിക്കുന്നു.

സ്ഥാനാർഥി തർക്കം,
സീറ്റ് വിഭജന തർക്കം
ഭരണ- പ്രതിപക്ഷ സഖ്യങ്ങൾ ഇപ്പോഴും കൊടും ആശയക്കുഴപ്പത്തിലാണ്. തേജസ്വി യാദവിനെ മുൻനിർത്തിയുള്ള മഹാസഖ്യത്തിലാണ് പ്രശ്നം രൂക്ഷം. കൃത്യമായ രാഷ്ട്രീയ പോരാട്ടത്തിനുള്ള വേദി തുറക്കാൻ മഹാസഖ്യത്തിന് കഴിഞ്ഞിട്ടില്ല. സ്ഥാനാർഥി തർക്കവും സീറ്റ് വിഭജനവുമാണ് സഖ്യത്തെ പ്രതിസന്ധിയിലാക്കുന്നത്.
എൻ.ഡി.എയിൽ ബി.ജെ.പിയും ജെ.ഡി-യുവും 101 സീറ്റുകളിൽ വീതമാണ് മത്സരിക്കുന്നത്. മറ്റു ഘടകകക്ഷികളായ ഉപേന്ദ്ര കുഷ്‌വാഹയുടെ രാഷ്ട്രീയ ലോക് മോർച്ച (RLM), കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ച (സെക്യുലർ) എന്നിവർക്ക് ആറു വീതം സീറ്റുണ്ട്.
പ്രധാന ഘടകകക്ഷികളായ ആർ.ജെ.ഡിയ്ക്കും കോൺഗ്രസിനും ഏറ്റവും പ്രാഥമികമായി പൂർത്തിയാക്കേണ്ട സ്ഥാനാർഥി നിർണയം, സീറ്റുധാരണ എന്നിവയുടെ കാര്യത്തിൽ ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല എന്നത്, പ്രായോഗിക രാഷ്ട്രീയത്തിന്റെ ദൈന്യത വെളിവാക്കുന്നു. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു, ഇതുവരെയും സീറ്റുധാരണയായിട്ടില്ല. ഏതാനും പ്രമുഖ സീറ്റുകളിൽ യോജിപ്പിലെത്തി എന്നതൊഴിച്ചാൽ കോൺഗ്രസും ആർ.ജെ.ഡിയും സീറ്റ് വിഭജനം പൂർത്തിയാക്കിയിട്ടില്ല. സഖ്യത്തിലെ പാർട്ടികൾ ഒറ്റയ്‌ക്കൊറ്റയ്ക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഒമ്പതു മണ്ഡലങ്ങളിൽ സഖ്യത്തിലെ പാർട്ടികൾ തമ്മിൽ 'സൗഹൃദ മത്സര'ത്തിലുമാണ്. ആറു സീറ്റിൽ കോൺഗ്രസും ആർ.ജെ.ഡിയും മൂന്നിടത്ത് കോൺഗ്രസും സി.പി.എയും തമ്മിൽ നേരിട്ട് മത്സരിക്കുന്നു.
സംസ്ഥാന ജനസംഖ്യയുടെ 17.7 ശതമാനമുണ്ടെങ്കിലും 10 ശതമാനത്തിലേറെ മുസ്ലിം എം.എൽ.എമാർ ഒരിക്കലുമുണ്ടായിട്ടില്ല. ഒരു മുസ്‍ലിം മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിച്ചിട്ടുള്ളത്, എഴുപതുകളിൽ ഭരണനേതൃത്വത്തിലെത്തിയ അബ്ദുൽ ഗഫൂർ, അതും വെറും രണ്ടു വർഷം.
രാഷ്ട്രീയ ജനതാദൾ 143 സ്ഥാനാർത്ഥികളുടെയും കോൺഗ്രസ് 61 സ്ഥാനാർഥികളുടെയും പട്ടികയാണ് പുറത്തിറക്കിയത്. സഖ്യത്തിന്റെ മുഖ്യമന്ത്രി മുഖം തേജസ്വി യാദവ് വൈശാലി ജില്ലയിലെ രഘോപുർ മണ്ഡലത്തിൽ പത്രിക നൽകി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും തേജസ്വി ഇവിടെനിന്നാണ് ജയിച്ചത്. 2020-ൽ 38,174 വോട്ടിനാണ് തേജസ്വി ബി.ജെ.പിയുടെ സതീഷ് കുമാർ യാദവിനെ തോൽപ്പിച്ചത്. മുമ്പ് പിതാവ് ലാലു പ്രസാദ് യാദവും അമ്മ റബ്‌റി ദേവിയും മുഖ്യമന്ത്രിപദത്തിലേക്ക് എത്തിയത് ഇവിടെ മത്സരിച്ച് ജയിച്ചതിനെതുടർന്നാണ്. അതേ തുടർച്ച തന്നെയാണ് തേജസ്വിയുടെയും ലക്ഷ്യം. രഘോപുരിൽ തേജസ്വിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ പിന്നീട് പിന്മാറുകയും ചഞ്ചൽ സിങ്ങിനെ സ്ഥാനാർഥിയാക്കുകയും ചെയ്തു.
കോൺഗ്രസിൽ പ്രാദേശിക തലത്തിൽ ഭിന്നത രൂക്ഷമാണ്. സംസ്ഥാന അധ്യക്ഷൻ രാജേഷ് റാം, സംസ്ഥാന ചുമതലയുള്ള കൃഷ്ണ അല്ലാവാരു, നിയമസഭാകക്ഷിനേതാവ് ശകീൽ അഹമ്മദ് ഖാൻ എന്നിവരുടെ നേതൃത്വത്തിനെതിരെ പലയിടത്തും കലാപക്കൊടിയുയരുന്നുണ്ട്. ടിക്കറ്റിന് മുതിർന്ന നേതാക്കൾ കൈക്കൂലി ആവശ്യപ്പെട്ടതായി കസ്ബ മണ്ഡലത്തിൽ ടിക്കറ്റ് നിഷേധിക്കപ്പെട്ട കോൺഗ്രസ് എം.എൽ.എ അഫാഖ് ആലം ആരോപിക്കുന്നു. മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ, മൂന്നു വർഷം തുടർച്ചയായി ഇവിടെനിന്ന് ജയിച്ചുവരുന്ന ആലം തുറന്ന കാമ്പയിൻ ആരംഭിച്ചുകഴിഞ്ഞു. 1990-നുശേഷം വോട്ടുവിഹിതം ക്രമമായി കുറഞ്ഞുവരുന്ന കോൺഗ്രസ് രാഹുലിന്റെ കാമ്പയിനോടെ ഊർജ്ജം വീണ്ടെടുത്തുതുടങ്ങിയ ഘട്ടത്തിലാണ് ഇത്തരം പ്രശ്നങ്ങൾ കീറാമുട്ടിയാകുന്നത്.

ആർ.ജെ.ഡി, കോൺഗ്രസ് എന്നിവ കൂടാതെ സി.പി.എം, സി.പി.ഐ, സി.പി.ഐ- എം.എൽ എന്നീ മൂന്ന് ഇടതുപാർട്ടികളും മുകേഷ് സാഹ്‌നിയുടെ വികാഷീൽ ഇൻഹാൻ പാർട്ടിയും കൂടി ചേർന്നതാണ് മഹാസഖ്യം. ഹേമന്ത് സോറന്റെ ജെ.എം.എമ്മുമായി കോൺഗ്രസ് ചർച്ച നടത്തിയെങ്കിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജെ.എം.എം.
2020-ൽ 243-ൽ 110 സീറ്റ് നേടി മഹാസഖ്യത്തിന് കരുത്ത് തെളിയിക്കാനായി. ആർ.ജെ.ഡിയായിരുന്നു വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് 19 സീറ്റിൽ ഒതുങ്ങി. ഇടതുപാർട്ടികൾ നേടിയ വിജയം ശ്രദ്ധേയമായിരുന്നു. സി.പി.ഐ- എം.എൽ ലിബറേഷൻ മത്സരിച്ച 19-ൽ 12 സീറ്റിലും ജയിച്ചു. മത്സരിക്കുകയും ജയിക്കുകയും ചെയ്ത സീറ്റുകളുടെ അനുപാതത്തിൽ ബി.ജെ.പിയുടെ സ്‌ട്രൈക്ക് റേറ്റ് 67.3 ശതമാനമായിരുന്നുവെങ്കിൽ സി.പി.ഐ- എല്ലിൻേറത് 63.2 ശതമാനമായിരുന്നു. സി.പി.ഐയും സി.പി.എമ്മും യഥാക്രമം ആറും നാലും സീറ്റാണ് നേടിയത്.
പ്രശാന്ത് കിഷോർ ഫാക്ടർ
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി (JSP) യാണ് പുതിയ ഫാക്ടർ. യുവാക്കളെയും വിദ്യാസമ്പന്നരായ വിഭാഗങ്ങളെയുമാണ് പാർട്ടി ലക്ഷ്യമിടുന്നത്. 243 സീറ്റുകളിലും മത്സരിക്കുന്നു, പ്രശാന്ത് കിഷോർ മത്സരിക്കുന്നില്ല. പിന്നാക്ക- ദലിത്- മുസ്‌ലിം വിഭാഗത്തിൽനിന്നും സവർണ ജാതി വിഭാഗങ്ങളിൽനിന്നുമെല്ലാം സ്ഥാനാർഥികളുണ്ട്. മുൻ ഐ.എ.എസ്- ഐ.പി.എസ് ഓഫീസർമാരടക്കമുള്ളവരും സ്ഥാനാർഥികളാണ്.
പരമ്പരാഗത ജാതി വോട്ട് ബാങ്ക് പൊളിച്ച് പുതിയ പ്ലാറ്റ്‌ഫോമുണ്ടാക്കാനാണ് പ്രശാന്ത് കിഷോറിന്റെ ശ്രമം. ഇരു മുന്നണികളുടെ നേതാക്കളെയും അവരുടെ ഭരണത്തെയും നിശിതമായി വിമർശിക്കുന്നുമുണ്ട്. ഒരേ അഴിമതി സംവിധാനത്തിന്റെ രണ്ട് മുഖങ്ങളാണ് എൻ.ഡി.എയും മഹാസഖ്യവും എന്നാണ് പ്രശാന്ത് കിഷോർ സമർഥിക്കാൻ ശ്രമിക്കുന്നത്: ‘‘ലാലു പ്രസാദ് യാദവ് 15 വർഷം സംസ്ഥാനം ഭരിച്ചു. നിതീഷ് കുമാർ 20 വർഷവും. എന്നിട്ടും ബീഹാറിൽനിന്ന് തൊഴിലിനുവേണ്ടി യുവാക്കൾ ദൽഹിക്കും ഹൈദരാബാദിലേക്കും മുംബൈയ്ക്കും ഹരിയാനയിലേക്കും പലായനം ചെയ്യുന്നു. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടില്ല. ഉയർന്ന നിരക്ഷരത. ജനം കഠിനാധ്വാനികളായിട്ടും ഫാക്ടറികളില്ല’’- ഇതാണ് കാമ്പയിന്റെ സ്വഭാവം. ‘നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിയ്ക്കായി വോട്ടു ചെയ്യൂ’ എന്നാണ് പാർട്ടി മുദ്രാവാക്യം.
കഴിഞ്ഞ വർഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ജെ.എസ്.പി മത്സരിച്ച സീറ്റുകളിൽ 5000 മുതൽ 37,000 വോട്ടുകൾ വരെയാണ് നേടിയത്. അതായത്, പാർട്ടിയ്ക്ക് വിജയത്തിലേക്കുള്ള ദൂരം ഏറെയാണ് എന്നർഥം. എന്നാൽ, 5-7 ശതമാനം വരെ വോട്ട് വിഹിതത്തിൽ മാറ്റം വന്നാൽ, അത് നിരവധി സീറ്റുകളിൽ ഫലത്തെ നിർണയിക്കുമെന്നാണ് കണക്കുകൂട്ടൽ.
നല്ല ഭരണം എന്ന മുദ്രാവാക്യവും തൊണ്ണൂറുകളിലെ സോഷ്യലിസ്റ്റ് ഐഡിയോളജിയും മുന്നോട്ടുവെക്കുന്ന പ്രശാന്ത് കിഷോർ, ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഏറെ നാളായി കാര്യമായ പ്രവർത്തനം നടത്തിവരികയാണ്. 665 ദിവസം കൊണ്ട് 235 ബ്ലോക്കുകളിലൂടെയും 2700-ഓളം ഗ്രാമങ്ങളിലൂടെയും നടത്തിയ പദയാത്ര അദ്ദേഹത്തിന് സംസ്ഥാനത്തുടനീളം ഒരു ദൃശ്യതയുണ്ടാക്കിക്കൊടുത്തിട്ടുണ്ട് എന്നത് വാസ്തവമാണ്. ജാതിസമവാക്യങ്ങൾക്കിടയിൽ പുരോഗമനപരമെന്ന് തോന്നിപ്പിക്കുന്ന ഇലക്ഷൻ മാനിഫെസ്റ്റോ പ്രശാന്ത് കിഷോറിന് അവതരിപ്പിക്കാനായിട്ടുണ്ട്. അവ, അടിസ്ഥാന ജനതയുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതുമാണ്. എന്നാൽ, സംസ്ഥാനത്ത് അതിശക്തമായി നിൽക്കുന്ന ജാതിരാഷ്ട്രീയത്തെ റീ കൺസ്ട്രക്റ്റ് ചെയ്യാൻ തക്ക ശേഷി ചുരുങ്ങിയ സമയം കൊണ്ട് ആർജ്ജിക്കാനാകില്ല എന്നതാണ് ദൗർബല്യം. കഴിഞ്ഞ വർഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ജെ.എസ്.പി മത്സരിച്ച സീറ്റുകളിൽ 5000 മുതൽ 37,000 വോട്ടുകൾ വരെയാണ് നേടിയത്. അതായത്, പാർട്ടിയ്ക്ക് വിജയത്തിലേക്കുള്ള ദൂരം ഏറെയാണ് എന്നർഥം. എന്നാൽ, 5-7 ശതമാനം വരെ വോട്ട് വിഹിതത്തിൽ മാറ്റം വന്നാൽ, അത് നിരവധി സീറ്റുകളിൽ ഫലത്തെ നിർണയിക്കുമെന്നാണ് കണക്കുകൂട്ടൽ.
എൻ.ഡി.എയുടെയും മഹാസഖ്യത്തിന്റെയും തന്ത്രജ്ഞനായിരുന്ന പ്രശാന്തിന് ഇരു മുന്നണികളുടെയും മനസ്സിലിരിപ്പ് നന്നായി അറിയാം എന്നതാണ് ഏക സാധ്യത. 243-ൽ 150 സീറ്റ് കിട്ടിയില്ലെങ്കിൽ അതൊരു പരാജയമാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ദൽഹിയിൽ സംഭവിച്ചതുപോലൊരു ആം ആദ്മി ഫാക്ടർ, പക്ഷെ, ബിഹാറിൽ പ്രതീക്ഷിക്കുന്നവർ തുച്ഛമാണ്.
അഖിലേന്ത്യ മജ്‌ലിസ്- ഇ- ഇത്തിഹാദുൽ മുസ്‌ലിമിൻ (AIMIM) ഗ്രാന്റ് ഡമോക്രാറ്റിക് അലയൻസ് (GDA) എന്ന പുതിയ മുന്നണി രൂപീകരിച്ചിട്ടുണ്ട്. ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടി, സ്വാമി പ്രസാദ് മൗര്യയുടെ അപ്‌ന ജനതാപാർട്ടി എന്നിവയാണ് സഖ്യത്തിൽ. 64 സീറ്റുകളിൽ ഈ സഖ്യം മത്സരിക്കുന്നു.

അറിയാം, നവംബർ 14-ന്
243 സീറ്റുകളിലേക്ക് നവംബർ ആറ്, 11 തീയതികളിൽ രണ്ട് ഘട്ടങ്ങളായാണ് ഇലക്ഷൻ. 14-നാണ് ഫലപ്രഖ്യാപനം.
2020-ൽ എൻ.ഡി.എ 125 എം.എൽ.എമാരുടെ പിന്തുണയോടെയാണ് അധികാരത്തിലേറിയത്. ജെ.ഡി- യു നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രിയായി.
75 സീറ്റ് നേടിയ ആർ.ജെ.ഡിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. രണ്ടാമത്, 74 സീറ്റുമായി ബി.ജെ.പി. ആർ.ജെ.ഡി 38.96 ശതമാനവും ബി.ജെ.പി 42.5 ശതമാനവും വോട്ടാണ് നേടിയത്. മാത്രമല്ല, ഏറ്റവും ഉയർന്ന മാർജിനിൽ കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയും ബി.ജെ.പിയായിരുന്നു. 15 ശതമാനത്തിലേറെ വോട്ടു നേടിയാണ് പാർട്ടി 19 സീറ്റിലും ജയിച്ചത്. ജെ.ഡി-യു 32.83 ശതമാനം വോട്ടും 43 സീറ്റും നേടി. 2015-ൽ 71 സീറ്റാണ് നിതീഷിന്റെ പാർട്ടിക്കുണ്ടായിരുന്നത്. എൻ.ഡി.എ സഖ്യകക്ഷിയായ എൽ.ജെ.പി ഒരു സീറ്റിൽ ഒതുങ്ങി.
കോൺഗ്രസ്- ആർ.ജെ.ഡി സഖ്യത്തിലെ സി.പി.എം- 2, സി.പി.ഐ- 2, സി.പി.ഐ- എം.എൽ ലിബറേഷൻ- 12 സീറ്റുകൾ വീതമാണ് നേടിയത്. കഴിഞ്ഞ തവണ 52 സീറ്റുകളിൽ ഭൂരിപക്ഷം 5000 വോട്ടിൽ താഴെയായിരുന്നു. കടുത്ത മത്സരം നടന്ന 52 സീറ്റിൽ ആർ.ജെ.ഡി 15 ഇടത്താണ്എ ജയിച്ചത്, കോൺഗ്രസ് ഒമ്പതിടത്തും. ഇടതുപാർട്ടികൾ ഓരോ സീറ്റിലും ജയിച്ചു. ജെ.ഡി-യു ഈ 52 സീറ്റിൽ 13 ഇടത്ത് ജയിച്ചു.
