ജാതി ഒരിക്കല്‍ കൂടി ദേശീയരാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കാന്‍ പോകുകയാണ്. ബീഹാറില്‍ നടന്ന ജാതി സെന്‍സസ് സാമൂഹിക നീതിയെക്കുറിച്ച് വലിയ ചോദ്യങ്ങളുയര്‍ത്തും. ഇന്ത്യ മുഴുവന്‍ ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം അടുത്ത പൊതുതെരഞ്ഞെടുപ്പിന്റെ മുഖ്യ കാമ്പയിനായി മാറിയാല്‍, അത് ജനസംഖ്യാനുപാതിക പ്രാതിനിധ്യം എന്ന അടിസ്ഥാന വിഭാഗങ്ങളുടെ അവകാശത്തിലേക്കുള്ള വലിയ കാല്‍വെപ്പുകൂടിയാകും.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പുറത്തുവിട്ട ജാതി സെന്‍സസ് കണക്കില്‍, സംസ്ഥാനത്ത് 63 ശതമാനവും ഒ.ബി.സിക്കാരാണ്. അവരില്‍ തന്നെ, 36 ശതമാനം വരുന്ന ഏറ്റവും പിന്നാക്ക വിഭാഗമാണ്, ബിഹാറിലെ ഏറ്റവും വലിയ സാമൂഹിക വിഭാഗം. പിന്നാക്ക ജാതിക്കാര്‍ 19.65 ശതമാനവും പിന്നാക്ക വര്‍ഗക്കാര്‍ 1.68 ശതമാനവും. സംവരണേതര വിഭാഗമായ അപ്പര്‍ കാസ്റ്റ് 15.52 ശതമാനം.
ബീഹാറിലെ കണക്ക് വെറും അക്കങ്ങള്‍ മാത്രമല്ല, സവര്‍ണ ന്യൂനപക്ഷം കൈയടക്കിവച്ചിരിക്കുന്ന അധികാരത്തിന്റെയും പദവികളുടെയും സമ്പത്തിന്റെയും കണക്കുകൂടിയാണ്. ദേശീയാടിസ്ഥാനത്തിലുള്ള ഇത്തരം പുറത്തുവന്നാല്‍, 90 വര്‍ഷം മുമ്പുള്ള ഡാറ്റയുടെ അടിസ്ഥാനത്തില്‍ തുടരുന്ന സംവരണവ്യവസ്ഥ പൊളിച്ചെഴുതേണ്ടിവരും. മികവ് നിലനിര്‍ത്താനെന്ന വ്യാജേന സംരക്ഷിക്കപ്പെട്ടിരിക്കുന്ന 50 ശതമാനം സംവരണപരിധി അപ്രസക്തമാകും. അധികാരവും വിഭവങ്ങളും നിഷേധിക്കപ്പെട്ടവര്‍ അവകാശമുന്നയിച്ചുതുടങ്ങും. അത് 15.52 ശതമാനത്തിന്റെ ആധിപത്യത്തെ ഇളക്കാന്‍ തുടങ്ങും.
ബി.ജെ.പിയെ മാത്രമല്ല, അപ്പര്‍ കാസ്റ്റും അവരുടെ താല്‍പര്യങ്ങളും നിയന്ത്രിക്കുന്ന എല്ലാ പാര്‍ട്ടി സംവിധാനങ്ങളെയും അവരുടെ നിലപാടുകളെയും സ്വാധീനിക്കാൻ പോന്ന പ്രകോപനമാണ് ജാതി സെൻസസിലൂടെ സാധ്യമാകുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്‌നം അസമത്വമാണ്. അത് ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ജാതിവ്യവസ്ഥയാണ് സമ്പത്തിന്റെ വിതരണവും തൊഴില്‍ വിഭജനവും വിഭവങ്ങളുടെ വിതരണവും നിശ്ചയിക്കുന്നത്. അതുകൊണ്ടാണ്, രാജ്യത്തെ മൊത്തം സമ്പത്തിന്റെ 62 ശതമാനവും അഞ്ചു ശതമാനത്തിന്റെ കൈയിലാകുന്നത്. ഏറ്റവും താഴെത്തട്ടിലുള്ള 50 ശതമാനം പേര്‍ക്ക് മൂന്നു ശതമാനം സമ്പത്ത് മാത്രമുള്ളത്. വരുമാനത്തിലും ഇതേ അസമത്വമുണ്ട്: ജനസംഖ്യയിലെ ഒരു ശതമാനത്തിന് കിട്ടുന്നത് മൊത്തം വരുമാനത്തിന്റെ 22 ശതമാനം മാത്രം. പത്തു ശതമാനത്തിന് വരുമാനത്തിന്റെ 57 ശതമാനവും കൈവശപ്പെടുത്താന്‍ കഴിയുന്നു.
ആകെയുള്ള ദേശീയ ആസ്തികളുടെ 41 ശതമാനവും 22. 28 ശതമാനം വരുന്ന അപ്പര്‍ കാസ്റ്റ് ഹിന്ദുക്കളുടെ കൈവശമാണ്. ഹിന്ദുക്കളിലെ ഒ.ബി.സികളുടെ കൈവശം 31 ശതമാനവും പട്ടികജാതിക്കാരുടെ കൈവശം 3.7 ശതമാനം മാത്രം.
രാജ്യത്തെ ജനസംഖ്യയുടെ ഏതാണ്ട് 70 ശതമാനം വരുന്ന ഒ.ബി.സി, ദലിത് വിഭാഗങ്ങള്‍ക്ക് ഉന്നത ജോലികളിലും അധികാര പദവികളിലുമുള്ള പ്രാതിനിധ്യം 30 ശതമാനം മാത്രം. ഗവ. സെക്രട്ടറിമാരില്‍ വെറും ഏഴു ശതമാനമാണ് ഒ.ബി.സി, ദലിത് വിഭാഗങ്ങള്‍.
2017-ല്‍ കേന്ദ്രം നിയോഗിച്ച ജസ്റ്റിസ് രോഹിണി കമീഷന്‍, ഒ.ബി.സിയിലെ ഉപ കാറ്റഗറികളുടെ പ്രാതിനിധ്യത്തിന്റെ കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2633 പിന്നാക്ക ജാതികളാണ് ഒ.ബി.സി സംവരണത്തിനുകീഴില്‍ വരുന്നത്. 1,30,000 കേന്ദ്ര സര്‍ക്കാര്‍ ജോലികളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന്റെയും ഒ.ബി.സി ക്വാട്ടയുടെ കണക്ക് പരിശോധിച്ചപ്പോള്‍ 97 ശതമാനം ജോലിയും അഡ്മിഷനും ലഭിക്കുന്നത് 25 ശതമാനം ഉപജാതി വിഭാഗങ്ങള്‍ക്കാണ്. അതായത്, ഒ.ബി.സി സംവരണത്തിന്റെ 50 ശതമാനം നേട്ടവും ഒരു ശതമാനത്തില്‍ താഴെ വരുന്ന വിഭാഗങ്ങള്‍ക്കാണ് ലഭിക്കുന്നത്. 983 ഒ.ബി.സി കമ്യൂണിറ്റികള്‍ക്ക് ജോലിയിലും അഡ്മിഷനുകളിലും പ്രാതിനിധ്യമേയില്ല.
60 ശതമാനം വരുന്ന ഒ.ബി.സിക്ക് 27 ശതമാനമാണ് സംവരണം. 15.52 ശതമാനമുള്ള മുന്നാക്ക ജാതികൾക്ക് പത്തു ശതമാനം സാമ്പത്തിക സംവരണമുണ്ട് എന്നും ഓര്‍ക്കുക.
ഒ.ബി.സിക്കും ദലിത് വിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായ അപ്‌വേഡ് മൊബിലിറ്റിയുണ്ടായിട്ടില്ല എന്നുമാത്രമല്ല, ഈ വിഭാഗങ്ങളലെ അതീവ പിന്നാക്ക വിഭാഗങ്ങളുടെ നില ഏറെ പരിതാപകരമാണ് എന്നും ഈ കണക്കുകള്‍ കാണിക്കുന്നു.
സാമൂഹികവും രാഷ്ട്രീയവുമായ പ്രാതിനിധ്യത്തിന്റെ കാര്യത്തിലുള്ള അനീതി കേരളത്തെ സംബന്ധിച്ചും പ്രസക്തമാണ്. സര്‍ക്കാറിന്റെ പണമുപയോഗിച്ച് പ്രബല സമുദായങ്ങള്‍ നടത്തുന്ന എയ്ഡഡ് സ്ഥാപനങ്ങള്‍ സുരക്ഷിതമാക്കിവച്ചിരിക്കുന്ന സവര്‍ണ- വരേണ്യ ജാതിക്കോട്ടകളുടെ ചിത്രം നമുക്കുമുന്നിലുണ്ട്. അധികാരത്തിലെ പ്രാതിനിധ്യ മോഡലിന് സംസ്ഥാന മന്ത്രിസഭയെ എടുത്താല്‍ മതി. ജനസംഖ്യയില്‍ 12.5 ശതമാനം വരുന്ന നായര്‍ വിഭാഗത്തിന്റെ പ്രാതിനിധ്യം 46 ശതമാനമാണ്. 16 സംവരണ മണ്ഡലങ്ങളില്‍ 14-ലും ജയിച്ചത് എല്‍.ഡി.എഫ് ആണെങ്കിലും ഒരു ദലിത് മന്ത്രി മാത്രം. ഈ അസമത്വ അനുപാതത്തെ സ്വഭാവികം എന്ന രീതിയില്‍ അംഗീകരിപ്പിക്കാന്‍ നമ്മുടെ സിസ്റ്റത്തിന് കഴിയുന്നു എന്നിടത്താണ് അപകടം.
എല്ലാ സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് എന്ന ആവശ്യം മുന്നോട്ടുവക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, 50 ശതമാനം സംവരണപരിധി നീക്കണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ മുന്നണിക്ക് ഈ ആവശ്യങ്ങള്‍ ഒറ്റക്കെട്ടായി ഉയര്‍ത്താനായാല്‍, അതായിരിക്കും ബി.ജെ.പി പയറ്റി വിജയിപ്പിച്ച 'ഇന്‍ക്ലൂസീവ് ഹിന്ദുത്വ' എന്ന രാഷ്ട്രീയതന്ത്രത്തെ നേരിടാനുള്ള ഏറ്റവും നല്ല വഴി. തൊണ്ണൂറുകളില്‍ എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ കമണ്ഡല്‍ രാഷ്ട്രീയത്തെ വി.പി. സിങ് മണ്ഡല്‍ രാഷ്ട്രീയം കൊണ്ട് നേരിട്ടതുപോലെ, തുല്യതയുടെയും സാമൂഹികനീതിയുടെയും രാഷ്ട്രീയം കൊണ്ടേ വലതുപക്ഷ വര്‍ഗീയ രാഷ്ട്രീയത്തെ നേരിടാനാകൂ.
'ഇന്‍ക്ലൂസീവ് ഹിന്ദുത്വ'യിലൂടെ അടിസ്ഥാനതല ജാതി എഞ്ചിനീയറിങ് ബി.ജെ.പി സമര്‍ഥമായി പ്രയോഗിച്ച് വിജയിപ്പിച്ചിട്ടുണ്ട്. മണ്ഡല്‍ രാഷ്ട്രീയം ഒ.ബി.സിയിലെ ചില ജാതിസമൂഹങ്ങള്‍ക്ക് ഗുണകരമായപ്പോള്‍, അവരിലെ തന്നെ പിന്നാക്കക്കാര്‍ അവഗണിക്കപ്പെട്ടു. ഇതിനെയാണ് 'ഇന്‍ക്ലൂസീവ് ഹിന്ദുത്വ'യിലൂടെ ആര്‍.എസ്.എസും ബി.ജെ.പിയും അഭിസംബോധന ചെയ്തത്. ഒ.ബി.സിയിലെ അതീവ പിന്നാക്ക വിഭാഗങ്ങളെയും ദലിത് വിഭാഗങ്ങളെയും കൂട്ടി സവര്‍ണന്യൂനപക്ഷ പ്ലാറ്റ്‌ഫോം വിപുലമാക്കി.
മണ്ഡല്‍ രാഷ്ട്രീയത്തിന്റെ തകര്‍ച്ചക്കുശേഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒ.ബി.സി മുഖമുണ്ടാക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞു. 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 22 ശതമാനം ഒ.ബി.സി വോട്ടാണ് ബി.ജെ.പിക്ക് കിട്ടിയതെങ്കില്‍ 2019-ല്‍ ഇത് 44 ശതമാനമായി ഉയര്‍ന്നു. ഇപ്പോള്‍, ബി.ജെ.പി എം.പിമാരില്‍ 29 ശതമാനം ഒ.ബി.സിക്കാരാണ്. കേന്ദ്രമന്ത്രിമാരില്‍ 29 പേരും. സംസ്ഥാനങ്ങളിലെ ബി.ജെ.പി എം.എല്‍.എമാരുടെ കണക്കെടുത്താല്‍ 27 ശതമാനം ഒ.ബി.സിക്കാരാണ്. എന്നാല്‍, ബി.ജെ.പിയുടെ ഒ.ബി.സി പൊളിറ്റിക്‌സ്, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹികാവസ്ഥയെ കൂടുതല്‍ പിന്നാക്കമാക്കുകയാണുണ്ടായത്. കാരണം, വോട്ടുബാങ്കിനപ്പുറത്തേക്കുള്ള പ്രാതിനിധ്യത്തിലേക്ക് ഒ.ബി.സിയെ ബി.ജെ.പി ഒരിക്കലും പരിഗണിച്ചിട്ടില്ല. പ്രതിപക്ഷത്തെ മറികടക്കാൻ പ്രഖ്യാപിച്ച 13,000 കോടി രൂപയുടെ വിശ്വകർമയോജന കൊണ്ട് തന്റെ ഒ.ബി.സി മുഖം മിനുക്കാനാകുമെന്ന് നരേന്ദ്രമോദി കരുതുന്നുണ്ടാകും. എന്നാൽ, ജാതിശ്രേണികളിൽ കുരുങ്ങിക്കിടക്കുന്ന തൊഴിൽബന്ധങ്ങളിൽനിന്ന് രക്ഷപ്പെടാൻ പിന്നാക്കജനത നഗരങ്ങളിലേക്ക് സ്വയം പറിച്ചുനട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്താണ്, ഗ്രാമങ്ങളിലെ ചാതുർവർണ്യ തൊഴിൽഘടന പുനരുജ്ജീവിപ്പിക്കാനുതകുന്ന വ്യാജപദ്ധതി കൊണ്ടുവരുന്നത്.
ജാതി സെന്‍സസ് സാമൂഹിക നീതിയിലധിഷ്ഠിതമായ പുതിയൊരു മൂവ്‌മെന്റിനുള്ള സാധ്യത തുറക്കും. യഥാര്‍ഥ കണക്ക് പുറത്തുവന്നാല്‍, ഒ.ബി.സി ക്വാട്ട 27 ശതമാനത്തില്‍നിന്ന് ഉയര്‍ത്താന്‍ ആവശ്യമുയരും. അതീവ പിന്നാക്കവിഭാഗക്കാര്‍ക്ക് അഡീഷനല്‍ ക്വാട്ടക്ക് ആവശ്യമുയരും. പ്രാദേശിക പാര്‍ട്ടികളുടെ സമ്മര്‍ദം ശക്തമാകും. ബി.ജെ.പിയുടെ സവര്‍ണ വോട്ടുബാങ്കിന്റെ വിലപേശല്‍ ശേഷി ഇടിയും. ഹിന്ദുത്വ രാഷ്ട്രീയത്തെ തന്നെ അത് ദുര്‍ബലമാക്കും.
അതേസമയം, നിതീഷ്കുമാർ, ജാതി സെൻസസിനെ, ബി.ജെ.പി പയറ്റുന്ന ഒ.ബി.സി രാഷ്ട്രീയം പോലെയാണ് കൈകാര്യം ചെയ്യാൻ പോകുന്നത് എങ്കിൽ, ആ കാപട്യം ബി.ജെ.പിയുടെ മൂന്നാമൂഴം സുഗമാക്കുകയാണ് ചെയ്യുക.
അതുകൊണ്ട്, ജാതി സെന്‍സസിന്റെ കണ്ടെത്തലുകളെ പ്രാതിനിധ്യത്തിന്റെ അവകാശത്തിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്നതാണ് ഇനിയുള്ള യഥാര്‍ഥ രാഷ്ട്രീയ പ്രക്രിയ. ഇന്ദിരാ വിരുദ്ധ പ്രക്ഷോഭത്തിനും മണ്ഡല്‍ രാഷ്ട്രീയത്തിനും മണ്ണൊരുക്കിയ ബീഹാര്‍ ജാതി സെന്‍സസിലൂടെ തുല്യ അവസരങ്ങള്‍ക്കുവേണ്ടി നടത്തിയ ഒരു ചുവട്, അനേക ചുവടുവെപ്പുകളായി വികസിക്കുക തന്നെവേണം.