സാമ്പത്തികാവസ്ഥയിലും വിദ്യാഭ്യാസത്തിലും തൊഴിലിലുമുള്ള കടുത്ത അസമത്വത്തിന്റെ ഡാറ്റകളുമായി ബിഹാറിലെ ജാതിസെൻസസ് സർവേ റിപ്പോർട്ട്. 1931-നുശേഷം, രാജ്യത്ത് ആദ്യമായാണ് വിശദമായ ജാതിസെൻസസ് നടത്തി റിപ്പോർട്ട് സംസ്ഥാന നിയമസഭക്കുമുമ്പാകെ വക്കുന്നത്. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമില്ലായ്മ മാത്രമല്ല, മുന്നാക്ക ജാതി വിഭാഗങ്ങളുടെ അനർഹമായ ആധിപത്യവും തൊഴിൽ- വിദ്യാഭ്യാസ രംഗത്ത് പ്രകടമാണ്. ജനസംഖ്യയിലെ ഏറ്റവും ന്യൂനപക്ഷമുള്ള വിഭാഗം എല്ലാ മേഖലകളിലും മുൻകൈ നേടിയെടുത്തിരിക്കുന്നു.
രണ്ടു തവണയായി, 17 വർഷത്തിലേറെ കാലം മുഖ്യമന്ത്രിയായ, മുഖ്യമന്ത്രിയായി തുടരുന്ന നിതീഷ് കുമാറിനെ കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ് നീതിനിഷേധത്തിന്റെയും അതി ദാരിദ്ര്യത്തിന്റെയും കണക്കുകൾ.
സംവരണം
75 ശതമാനം?
ജാതിസെൻസസ് ഡേറ്റ മുൻനിർത്തി, ഒ.ബി.സിക്കാർക്കും പട്ടികജാതി- പട്ടിക വർഗക്കാർക്കും തൊഴിലിലും വിദ്യാഭ്യാസത്തിലും 65 ശതമാനം സംവരണം വേണമെന്ന ആവശ്യം മുഖ്യമന്ത്രി നിതീഷ്കുമാർ മുന്നോട്ടുവച്ചിട്ടുണ്ട്. പട്ടികജാതിക്കാർക്ക് 20 ശതമാനവും ഒ.ബി.സി- ഇ.ബി.സി വിഭാഗങ്ങൾക്ക് 43 ശതമാനം വീതവും പട്ടികവർഗക്കാർക്ക് രണ്ടു ശതമാനവും സംവരണം ലഭിക്കണം. നിലവിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാരുടെ 10 ശതമാനം കൂടിയാകുമ്പോൾ, നാലിലൊന്ന് സർക്കാർ ജോലിയും സീറ്റുകളും സംവരണ പരിധിയിലാകും, നിതീഷ് കുമാറിന്റെ നിർദേശം പ്രാവർത്തികമായാൽ. ഇപ്പോഴത്തെ നിയമസഭാ സമ്മേളനത്തിൽ ഇതിന് ബിൽ ഈയാഴ്ച തന്നെ അവതരിപ്പിക്കുമെന്നാണ് സൂചന. ഇപ്പോൾ എസ്.സി- എസ്.ടി- ഒ.ബി.സി സംവരണ പരിധി 50 ശതമാനമായാണ് സുപ്രീംകോടതി നിശ്ചയിച്ചിരിക്കുന്നത്.
പട്ടികവിഭാഗക്കാർ
അതി ദരിദ്രർ
സംസ്ഥാനത്ത് 2.97 കോടി കുടുംബങ്ങളാണുള്ളത്. ജനസംഖ്യ 13,07,25,310. അതിൽ 94 ലക്ഷത്തിനും- 34.13 ശതമാനം- പ്രതിമാസം 6000 രൂപയിൽ കുറവാണ് വരുമാനം. 29.61 ശതമാനം കുടുംബങ്ങൾക്കാണ് പ്രതിമാസം 6000-10,000 രൂപ വരുമാനമുള്ളത്. 63 ശതമാനത്തിലേറെ കുടുംബങ്ങളുടെ മാസവരുമാനം 10,000 രൂപ വരെയാണ്. അതായത്, ജനസംഖ്യയിൽ ഭൂരിഭാഗത്തിനും ദിവസം 500 രൂപ പോലും വരുമാനമില്ല. 4.47 ശതമാനം കുടുംബങ്ങൾക്കാണ് പ്രതിമാസം 50,000 രൂപയിലേറെ വരുമാനമുള്ളത്.
പട്ടികജാതി- പട്ടികവർഗക്കാരാണ് ഏറ്റവും ദാരിദ്ര്യമനുഭവിക്കുന്നത്. ജനസംഖ്യയിലെ 19.65 ശതമാനം വരുന്ന പട്ടിക ജാതിക്കാരിൽ 42.93 ശതമാനവും ദരിദ്രരാണ്. 1.68 ശതമാനമുള്ള പട്ടികവർഗക്കാരിൽ 42.7 ശതമാനവും ദരിദ്രരാണ്.
അതീവ പിന്നാക്ക- ഒ.ബി.സി വിഭാഗങ്ങളിൽ 33.16 ശതമാനവും അതീവ പിന്നാക്കക്കാരിൽ 33.58 ശതമാനവും ജനറൽ വിഭാഗത്തിൽ 25.09 ശതമാനവും ദാരിദ്ര്യരേഖക്കുതാഴെയാണ്.
ഒ.ബി.സിയിൽ യാദവരാണ് ഏറ്റവും ദരിദ്രർ. ജനസംഖ്യയിൽ 14.26 ശതമാനം വരുന്ന യാദവരിൽ മൂന്നിൽ ഒരാൾ ദരിദ്രരാണ്. കുശ്വാഹരിൽ 34.32 ശതമാനം ദരിദ്രരാണ്.
പട്ടികജാതിക്കാരിൽ മുഷാഹരാണ് ഏറ്റവും ദരിദ്രർ. 8,73,281 കുടുംബങ്ങളിൽ 54.56 ശതമാനവും ദാരിദ്ര്യരേഖക്കുതാഴെ.
എല്ലാ വിഭാഗങ്ങളും അതിവേഗം ദാരിദ്ര്യവൽക്കരിക്കപ്പെടുന്നുവെന്ന യാഥാർഥ്യം കൂടി ബിഹാറിലെ ജാതിസെൻസസ് ഡേറ്റ വെളിപ്പെടുത്തുന്നുണ്ട്.
ജനറൽ കാറ്റഗറിയിലെ മുന്നാക്ക വിഭാഗത്തിൽ ബ്രാഹ്മണർ, ഭൂമിഹാർ, രജ്പുത്, കായസ്ത എന്നിവരാണുള്ളത്. ഭൂവുടമകളും രാഷ്ട്രീയസ്വാധീനമുള്ളവരുമായ പ്രമുഖ ജാതി വിഭാഗമായ ഭൂമിഹാർ വിഭാഗത്തിലാണ്, ജനറൽ കാറ്റഗറിയിൽ ദാരിദ്ര്യം രൂക്ഷം. സംസ്ഥാന ജനസംഖ്യയിൽ 2.86 ശതമാനം വരുന്ന ഭൂമിഹാർ വിഭാഗത്തിൽ 8,38,447 കുടുംബങ്ങളുണ്ട്. ഇവരിൽ, 2,31,211 കുടുംബങ്ങളും- 27.58 ശതമാനം- ദാരിദ്ര്യരേഖക്കുതാഴെയാണ്. ബ്രാഹ്മണരാണ് ദാരിദ്ര്യത്തിൽ ഭുമിഹാറിനു പുറകിൽ. സംസ്ഥാന ജനസംഖ്യയിൽ 3.66 ശതമാനമാണ് ബ്രാഹ്മണർ. 10,76,563 ബ്രാഹ്മണ കുടുംബങ്ങളിൽ 2,72,576 കുടുംബങ്ങൾ- 25.32 ശതമാനം- ദാരിദ്ര്യരേഖക്കുതാഴെയാണ്. ജനറൽ വിഭാഗത്തിൽ രജ്പുത്ത് ആണ് ദാരിദ്ര്യത്തിൽ മൂന്നാമത്. സംസ്ഥാനത്ത് ആകെയുള്ള 9,53,447 രജ്പുത്ത് കുടുംബങ്ങളിൽ 2,37,412 കുടുംബങ്ങൾ- 24.89 ശതമാനം- ദാരിദ്ര്യരേഖക്കുതാഴെയാണ്. കായസ്ത വിഭാഗമാണ് ജനറൽ കാറ്റഗറിയിലെ ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിലുള്ളത്. 1.70.985 കായസ്ത കുടുംബങ്ങളിൽ 23,639 കുടുംബങ്ങളാണ്- 13.38 ശതമാനം- ദാരിദ്ര്യരേഖക്കുതാഴെയുള്ളത്.
മുസ്‍ലിം കുടുംബങ്ങളിൽ 17.26 ശതമാനത്തിന് പ്രതിമാസം 6000 രൂപയിൽ താഴെയാണ് വരുമാനം. മുസ്‍ലിംകളിലെ ഷേർഷാബാദിയ, ധുനിയ സമുദായങ്ങൾ അതീവ പിന്നാക്ക വിഭാഗത്തിലാണ്. ഇവരിൽ യഥാക്രമം 31.99, 31.42 ശതമാനം ദാരിദ്ര്യരേഖക്കുതാഴെയാണ്. മുസ്‍ലിംകളിൽ ഉയർന്ന ജാതി വിഭാഗമായ ശൈഖ് കുടുംബങ്ങളിൽ 25.84 ശതമാനവും പത്താൻ ജാതിക്കാരിൽ 22.20 ശതമാനവും സയീദുമാരിൽ 17.61 ശതമാനവും ദാരിദ്ര്യരേഖക്കുതാഴെയാണ്.
14 ശതമാനം കുടുംബങ്ങളും കുടിലുകളിലാണ് കഴിയുന്നത്.
2021-ലെ നിതി ആയോഗ് റിപ്പോർട്ടിൽ, ബിഹാറിനെ ഏറ്റവും ദാരിദ്ര്യമുള്ള സംസ്ഥാനങ്ങളിൽ ഒന്നായി രേഖപ്പെടുത്തിയിരുന്നു. 51.91 ശതമാനം ജനങ്ങളും ദരിദ്രരാണ് എന്നാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. മാസവരുമാനത്തെ അടിസ്ഥാനമാക്കിയാണ് ജാതിസെൻസസ് ദാരിദ്ര്യത്തിന്റെ തോത് നിശ്ചയിച്ചത് എന്നുമാത്രം. എല്ലാ വിഭാഗങ്ങളും അതിവേഗം ദാരിദ്ര്യവൽക്കരിക്കപ്പെടുന്നുവെന്ന യാഥാർഥ്യം കൂടി ജാതിസെൻസസ് ഡേറ്റ വെളിപ്പെടുത്തുന്നുണ്ട്.
ബിരുദധാരികൾ
ഏഴു ശതമാനം മാത്രം
വിദ്യാഭ്യാസത്തിലും തൊഴിലിലും ഇതേ അസമത്വം തുടരുന്നു. ജനസംഖ്യയിൽ 79.7 ശതമാനമാണ് സാക്ഷരതാ നിരക്ക്. സ്ത്രീകളാണ് സാക്ഷരതയിൽ മുന്നിൽ. 52 ശതമാനം പേരാണ് പത്താം ക്ലാസോ അതിൽ താഴെയോ വിദ്യാഭ്യാസമുള്ളവർ. ഏഴ് ശതമാനം മാത്രമേ ബിരുദധാരികളുള്ളൂ. ഒരു ശതമാനത്തിൽ താഴെയാണ് ബിരുദാനന്തര ബിരുദക്കാരുടെ എണ്ണം.
ഉയർന്ന ജാതിക്കാരിൽ 13.41 ശതമാനവും ബിരുദധാരികളാണ്. പിന്നാക്കക്കാരിൽ 6.77 ശതമാനത്തിനേ ബിരുദമുള്ളൂ, അതീവ പിന്നാക്കക്കാരിൽ 4.27 ശതമാനത്തിനും. പട്ടികജാതിക്കാരിൽ 3.05 ശതമാനത്തിനാണ് ബിരുദം.
22.67 ശതമാനം പേർ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ് വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 14.33 ശതമാനം ആറു മുതൽ എട്ടുവരെ ക്ലാസ് വിദ്യാഭ്യാസവും 9.19 ശതമാനം 11,12 ക്ലാസ് വിദ്യാഭ്യാസവും നേടിയിട്ടുണ്ട്.
13.07 കോടിയിൽ 20.47 ലക്ഷം പേർക്കാണ് സർക്കാർ ജോലിയുള്ളത്. ഇതിൽ 6.41 ലക്ഷവും, ജനസംഖ്യയിലെ ന്യൂനപക്ഷമായ ഉയർന്ന ജാതിക്കാരാണ്.
സർക്കാർ ജോലിയിൽ
മുന്നാക്ക ആധിപത്യം
13.07 കോടിയിൽ 20.47 ലക്ഷം പേർക്കാണ് സർക്കാർ ജോലിയുള്ളത്. ഇതിൽ 6.41 ലക്ഷവും, ജനസംഖ്യയിലെ ന്യൂനപക്ഷമായ ഉയർന്ന ജാതിക്കാരാണ്. 6.21 ലക്ഷം ഒ.ബി.സി, 4.61 ലക്ഷം അതീവ പിന്നാക്കക്കാർ, 2.91 ലക്ഷം പട്ടികജാതിക്കാർ, 30,164 പട്ടികവർഗക്കാർ എന്നിവർക്കാണ് സർക്കാർ ജോലിയുള്ളത്. ഒ.ബി.സിക്കാരിൽ 2,89,538 യാദവർക്ക് സർക്കാർ ജോലിയുണ്ട്. ആകെയുള്ള യാദവിൽ 1.55 ശതമാനം മാത്രമാണിത്. സംസ്ഥാനത്ത് ഏറ്റവും കൂടുതലുള്ള ജനവിഭാഗം യാദവരും അവരുടെ അവാന്തര വിഭാഗങ്ങളുമാണ്. യാദവ സമുദായക്കാരുടെ എണ്ണം 1,86,50,119 ആണ്, ജനസംഖ്യയുടെ 14.26 ശതമാനം. ഒ.ബി.സിയിലെ 3.11 ശതമാനം വരുന്ന കുർമികളിൽ 1,17,171 പേർക്കും 1,12,106 കുശ്വാഹകൾക്കും സർക്കാർ ജോലിയുണ്ട്. 112 ജാതി വിഭാഗങ്ങൾ അടങ്ങുന്ന അതീവ പിന്നാക്ക വിഭാഗക്കാരിൽ തേലി സമുദായത്തിനാണ് കൂടുതൽ സർക്കാർ ജോലി, 1.44 ശതമാനത്തിന്.
മുസ്‍ലിംകളിൽ ശൈഖ് സമുദായത്തിനും ജനറൽ വിഭാഗത്തിൽ കായസ്ത വിഭാഗത്തിനുമാണ് കൂടുതൽ സർക്കാർ ജോലി.
കുറഞ്ഞ കൂലിയും അതുമൂലമുണ്ടാകുന്ന തൊഴിൽ കുടിയേറ്റവും ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. 46 ലക്ഷം ബിഹാറുകാരാണ്- 1.22 ശതമാനം- മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നത്. 0.39 ശതമാനം പുറത്ത് പഠിക്കുന്നു. 13.74 ശതമാനം പിന്നാക്കക്കാരും 18.62 ശതമാനം അതീവ പിന്നാക്കക്കാരും 21.38 ശതമാനം പട്ടികജാതിക്കാരും 18.51 ശതമാനം പട്ടികവർഗക്കാരും തൊഴിലാളികളും മേസൻമാരുമായി പണിയെടുക്കുന്നു. ഉയർന്ന ജാതിക്കാരിൽ 11.44 ശതമാനമാണ് തൊഴിലാളികളായും മേസൻമാരുമായി പണിയെടുക്കുന്നത്.
കമ്പ്യൂട്ടർ ബ്രാഹ്മണർക്ക്,
വാഹനമില്ലാത്തവർ 95.49 ശതമാനം
ജനസംഖ്യയിൽ 2.109 കോടി പേർക്ക് ലാപ്ടോപ്പും കമ്പ്യൂട്ടറുകളുമുണ്ട്. ബ്രാഹ്മണർക്കാണ് ഏറ്റവും കൂടുതൽ ലാപ് ടോപ്പും കമ്പ്യൂട്ടറുകളുമുള്ളത്, 47,81,280 പേർക്ക്. ഇവരിൽ 3.73 ശതമാനത്തിന് ഇന്റർനെറ്റ് കണക്ഷനുണ്ട്. ഭൂമിഹാറുകളാണ് രണ്ടാം സ്ഥാനത്ത്; 37,50,886 പേർക്ക് ലാപ് ടോപ്പും കമ്പ്യൂട്ടറുകളുമുണ്ട്. ഇവരിൽ 4.29 ശതമാനത്തിന് ഇന്റർനെറ്റ് കണക്ഷനുണ്ട്.
ജനസംഖ്യയിലെ 95.49 ശതമാനത്തിനും വാഹനമില്ല. 3.8 ശതമാനത്തിന് ഇരുചക്രവാഹനങ്ങളും 0.44 ശതമാനത്തിന് നാലു ചക്ര വാഹനങ്ങളുമുണ്ട്. ജനസംഖ്യയിൽ 5,72,156 പേർക്കാണ് നാലു ചക്ര വാഹനമുള്ളത്. 49,62,000 പേർക്ക് ഇരുചക്രവാഹനങ്ങളും. സ്വന്തമായി ട്രാക്ടറുള്ളവരുടെ ശതമാനം 0.13 മാത്രം.
ജാതി സെൻസസ് അനുസരിച്ച് ബിഹാറിലെ ജനസംഖ്യയായ 13,07,25,310 പേരിൽ 81.99 ശതമാനം ഹിന്ദുക്കളും 17.70 ശതമാനം മുസ്‍ലിംകളുമാണ്. പിന്നാക്ക വിഭാഗക്കാർ 63.22 ശതമാനമാണ്. ഇതിൽ അതീവ പിന്നാക്കക്കാർ 36.10, മറ്റു പിന്നാക്ക വിഭാഗം 27.12, പട്ടികജാതിക്കാർ 19.65, പട്ടികവർഗക്കാർ 01.68 ശതമാനം വീതമാണ്.
ക്രിസ്ത്യാനികൾ 0.05, സിഖുകാർ 0.01, ബുദ്ധമതക്കാർ 0.08, മറ്റു മതവിശ്വാസികൾ 0.12 ശതമാനം വീതമുണ്ട്.
215 ജാതികളുണ്ട്. ജനസംഖ്യയുടെ 14.26 ശതമാനം യാദവരാണ്.
ദുഷാധ്, ധാരി, ധാരാഹി എന്നീ ദലിത് വിഭാഗങ്ങളാണ് ജനസംഖ്യയിൽ രണ്ടാമത്- 5.31 ശതമാനം, 69,43,000 പേർ. ഏറ്റവും അധഃസ്ഥിതരായ ചമാർ വിഭാഗക്കാർ ജനസംഖ്യയുടെ 5.2 ശതമാനമാണ്, ആകെ 55,06,113 പേർ. ഒ.ബി.സി വിഭാഗമായ കുശ്‍വ ജാതിയാണ് നാലാമത്തെ വലിയ ജാതി വിഭാഗം- ജനസംഖ്യയുടെ 4.21 ശതമാനം. ബ്രാഹ്മണർ ജനസംഖ്യയുടെ 3.6 ശതമാനമാണ്, ആകെ 47,81,280 പേർ. ബ്രാഹ്മണരിലെ തന്നെ ഉയർന്ന വിഭാഗമായ ഗോസ്വാമികളുടെ എണ്ണം 4,82,689. രജപുത്രർ 3.45 ശതമാനം- ആകെ 45,10,733 പേർ.
നിലവിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാരുടെ 10 ശതമാനം കൂടിയാകുമ്പോൾ, നാലിലൊന്ന് സർക്കാർ ജോലിയും സീറ്റുകളും സംവരണ പരിധിയിലാകും, നിതീഷ് കുമാറിന്റെ നിർദേശം പ്രാവർത്തികമായാൽ.
രാഷ്ട്രീയസൂത്രം?
ജാതിസെൻസസ് ഡാറ്റ, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഭരണത്തിനെതിരെയുള്ള വിമർശനം കൂടിയായി ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും, അതിനെ ജനസംഖ്യാനുപാതിക സംവരണക്കണക്ക് മുൻനിർത്തി നേരിടുകയാണ് അദ്ദേഹം. അതിനാണ്, 75 ശതമാനം സംവരണം എന്ന, ബി.ജെ.പിയെ കൂടി മുന്നിൽ കണ്ടുള്ള ഒരു ലക്ഷ്യം അവതരിപ്പിച്ചത്. 75 ശതമാനം സംവരണം എന്നത് സംസ്ഥാനത്തെ മുന്നാക്ക- സവർണ വിഭാഗങ്ങളുടെ കടുത്ത പ്രകോപനത്തിനിടയാക്കുമെന്നത് വ്യക്തമാണ്. അതേസമയം, വിദ്യാഭ്യാസത്തിലും തൊഴിലിലുമുള്ള വിവേചനം കൃത്യമായി രേഖപ്പെടുത്തുന്ന കണക്കുകൾ ബി.ജെ.പിക്ക് അവഗണിക്കാനും കഴിയില്ല. ബി.ജെ.പിയുടെ വോട്ടുബാങ്കായ അതീവ പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് നിതീഷ് നടപടികള്‍ പ്രഖ്യാപിക്കുന്നത്. ആര്‍.ജെ.ഡി, ജെ.ഡി-യു, കോണ്‍ഗ്രസ് സഖ്യത്തിന്, 113 ജാതി വിഭാഗങ്ങളുള്ള, ജനസംഖ്യയിൽ 36 ശതമാനം വരുന്ന അതീവ പിന്നാക്കക്കാരിലേക്ക് സ്വാധീനമുറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
243 അംഗ നിയമസഭയില്‍, 75 അംഗങ്ങളുള്ള ആര്‍.ജെ.ഡിയെ സഖ്യകക്ഷിയായി ഒതുക്കി, വെറും 43 എം.എല്‍.എമാര്‍ മാത്രം സ്വന്തമായുള്ള നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സസുഖം വാഴുന്നതിന്റെ രാഷ്ട്രീയസൂത്രം, ബി.ജെ.പിയെ പോലും അമ്പരപ്പിക്കുന്നതാണ്. ജനുവരിയിൽ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിലൂടെ ജാതിസെൻസസ് ഡാറ്റയെ മറികടക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് സംഘ്പരിവാർ.
സ്വാതന്ത്ര്യത്തിനുശേഷമുള്ള ബിഹാറിലെ കോണ്‍ഗ്രസ് ഭരണകാലം ബ്രാഹ്മണരും രജ്പുത്തും ഭൂമിഹാറും കായസ്തകളുമടങ്ങുന്ന ഉപരിവര്‍ഗങ്ങളുടേതായിരുന്നു. ന്യൂനപക്ഷമായ ഇവരാണ് 40 ശതമാനം ഭരണപ്രാതിനിധ്യവും കൈയടക്കിയിരുന്നത്.
മൂവ്മെന്റുകളെ അപ്രസക്തമാക്കിയ ഭരണകൂടങ്ങൾ
ജനകീയ രാഷ്ട്രീയത്തിന്റെയും സോഷ്യലിസ്റ്റ് മൂവ്മെന്റുകളുടെയും ഇടതുപക്ഷത്തിന്റെയും അധഃസ്ഥിതപക്ഷ ഉണർവുകളുടെയും മണ്ണായിരുന്ന ബിഹാറിലെ ഭരണകൂടങ്ങൾക്ക് അടിത്തട്ടിലെ മനുഷ്യരുടെ കാതലായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായിട്ടില്ലെന്ന വാസ്തവമാണ് ഈ സർവേ റിപ്പോർട്ട് കാണിക്കുന്നത്.
സ്വാതന്ത്ര്യത്തിനുശേഷമുള്ള കോണ്‍ഗ്രസ് ഭരണകാലം ബ്രാഹ്മണരും രജ്പുത്തും ഭൂമിഹാറും കായസ്തകളുമടങ്ങുന്ന ഉപരിവര്‍ഗങ്ങളുടേതായിരുന്നു. ന്യൂനപക്ഷമായ ഇവരാണ് 40 ശതമാനം ഭരണപ്രാതിനിധ്യവും കൈയടക്കിയിരുന്നത്. സോഷ്യലിസ്റ്റ് മൂവ്മെന്റുകളാണ് കോൺഗ്രസ് ഭരണകൂടങ്ങളുടെ അഴിമതിയെയും ഉപരിവർഗവിധേയത്വത്തെയും തുറന്നുകാട്ടി, പിന്നാക്ക വിഭാഗങ്ങളുടെയും കര്‍ഷക സമൂഹങ്ങളുടെയും രാഷ്ട്രീയം മുഖ്യധാരയിലെത്തിച്ചത്. എന്നാൽ, ആ മൂവ്മെന്റിന്റെ ഗുണഭോക്താക്കളായി സംസ്ഥാനം ഭരിച്ച പാർട്ടികൾക്കും നേതാക്കൾക്കും ആ രാഷ്ട്രീയം ഒരു പരിപാടിയാക്കി മാറ്റാൻ കഴിഞ്ഞില്ല എന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ജാതിസെൻസസ് റിപ്പോർട്ട്.
243 അംഗ നിയമസഭയില്‍, ജനസംഖ്യയില്‍ 10.6 ശതമാനം മാത്രമുള്ള ഭൂമിഹാര്‍, രജ്പുത്ത്, ബ്രാഹ്മണര്‍, കായസ്ത വിഭാഗങ്ങളില്‍നിന്ന് 64 എം.എല്‍.എമാരാണുള്ളത്. ഒ.ബി.സി- ഇ.ബി.സി വിഭാഗത്തില്‍നിന്ന് 46 പേരാണുള്ളത്. മുസ്‌ലിംകളില്‍നിന്ന് 19 എം.എല്‍.എമാരും ദലിത് വിഭാഗങ്ങളില്‍നിന്ന് 39 എം.എല്‍.എമാരുമുണ്ട്. സംസ്ഥാനത്തുനിന്നുള്ള 40 എം.പിമാരില്‍ ഏഴുപേര്‍ രജ്പുത്ത് വിഭാഗമാണ്. മൂന്നുപേര്‍ ഭൂമിഹാറും രണ്ടുപേര്‍ ബ്രാഹ്മണരും ഒന്നുവീതം കായസ്ത, കുറുമി വിഭാഗക്കാരുമാണ്. പട്ടികജാതിക്കാര്‍ ആറ്, അതീവ പിന്നാക്ക വിഭാഗക്കാര്‍ ഏഴ്, വൈശ്യ മൂന്ന്, യാദവ മൂന്ന് വീതം എം.പിമാരുണ്ട്.
തൊഴിലിലും വിദ്യാഭ്യാസത്തിലുമുള്ള ജനസംഖ്യാനുപാതിക പ്രതിനിധ്യം എന്ന ആവശ്യത്തോടൊപ്പം ഭരണ- അധികാര തലങ്ങളിലെ തുല്യ പ്രാതിനിധ്യത്തിനുവേണ്ടിയും ആവശ്യമുയരും. അതും ജാതിസെൻസസ് റിപ്പോർട്ടിന്റെ സ്വാധീനമായി മാറാം.