ബിഹാർ; ഈ രാഷ്ട്രീയമാണ് ഇന്ത്യ മുഴുവൻ ജയിക്കേണ്ടത്

ബിഹാർ വിധി ഒരു ഇന്ത്യൻ തെരഞ്ഞെടുപ്പുവിധി തന്നെയായിരിക്കും; എന്തുകൊണ്ട്? ജീവിതം അസാധ്യമാക്കപ്പെട്ട കർഷകരും തൊഴിലാളികളും വിദ്യാർഥികളും യുവാക്കളും സ്ത്രീകളും കീഴാളരാക്കപ്പെട്ടവരുമെല്ലാം എങ്ങനെ വോട്ടുചെയ്തു എന്നതല്ല, അവരുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ജനാധിപത്യത്തിന് എത്ര പ്രാപ്തിയുണ്ട് എന്നതിലായിരിക്കും ഈ വിധി, ഒരു ഇന്ത്യൻ വിധിയായി മാറുന്നത്

രിക്കൽ കൂടി ബിഹാറിന്, ഇന്ത്യക്ക് ഇപ്പോൾ അനിവാര്യമായ, കൃത്യമായൊരു രാഷ്ട്രീയദിശ നിർണയിക്കാനാകുമോ? തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നേടുകയും അധികാരം കൈയാളുകയും ചെയ്യുന്ന കക്ഷിരാഷ്ട്രീയ സമവാക്യങ്ങളെക്കുറിച്ചല്ല പറയുന്നത്, ജനങ്ങൾക്കുവേണ്ട രാഷ്ട്രീയത്തിന്റെയും സമഗ്രാധിപത്യത്തിനെതിരായ ജനാധിപത്യ രാഷ്ട്രീയത്തിന്റെയും പുതിയ സഖ്യം സാധ്യമാണോ?, അതെ എന്ന് ബിഹാർ ശുഭസൂചന നൽകുന്നു.

എക്‌സിറ്റ്‌പോൾ പ്രവചനമനുസരിച്ച് ആർ.ജെ.ഡി- കോൺഗ്രസ്- ഇടതുപക്ഷ മഹാസഖ്യം അധികാരത്തിലേറിയാലും ഇല്ലെങ്കിലും ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ വന്നാലും ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിലൂടെ ബിഹാർ രാജ്യത്തിന് നൽകിയ രാഷ്ട്രീയപാഠങ്ങൾ പ്രസക്തമാണ്.

ഒന്ന്: ജാതി- സമുദായ വോട്ടുബാങ്കുകളെ തരാതരം ഒന്നിപ്പിച്ചും ഭിന്നിപ്പിച്ചും നടത്തുന്ന, അപ്രതിരോധ്യമെന്ന് കരുതിയിരുന്ന കാസ്റ്റ് വോട്ടിംഗിനെ, ചില ഇഷ്യൂകളിലൂന്നി ഒരു പരിധിവരെ രാഷ്ട്രീയവൽക്കാൻ കഴിഞ്ഞു. രണ്ട്: തീവ്ര വർഗീയത എന്ന എക്കാലത്തെയും മുഖ്യ ഇലക്ഷൻ അജണ്ട നിർവീര്യമാക്കപ്പെട്ടു. മൂന്ന്: വിദ്യാർഥികൾ, യുവാക്കൾ, സ്ത്രീകൾ തുടങ്ങി തികച്ചും സെക്യുലറായ ‘പുതുതലമുറ രാഷ്ട്രീയ സഖ്യം' സാധ്യമാക്കി.

ആൾക്കൂട്ടത്തിനുമുന്നിൽ, അവരുടെ പ്രശ്‌നങ്ങൾ തികഞ്ഞ രാഷ്ട്രീയബോധ്യത്തോടെ ഉന്നയിക്കപ്പെട്ട ഒരു കാമ്പയിൻ കൂടിയായിരുന്നു ഇത്തവണ ബിഹാറിലേത്. അതുകൊണ്ടുതന്നെ, കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിൽനിന്ന് തീർത്തും ഭിന്നമായിരുന്നു ഈ ഇലക്ഷൻ.

പോസ്റ്റ് മണ്ഡൽ, പോസ്റ്റ് ബാബറി മസ്ജിദ് തലമുറ

സ്വയവും ജനങ്ങളാലും പലവട്ടം തോൽപ്പിക്കപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ പുരോഗമനപരമായൊരു കാൽവെപ്പ് ഇത്തവണ ബിഹാർ സാധ്യമാക്കി. അവഗണിക്കാൻ കഴിയാത്തവിധം കഠിനമായിരുന്നതുകൊണ്ടുതന്നെ,
ആർ.ജെ.ഡിക്കും കോൺഗ്രസിനും ഇടതുപക്ഷ പാർട്ടികൾക്കും അടിസ്ഥാന ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുക്കേണ്ടിവന്നു. അവ, ഏത് സംസ്ഥാനത്തെയും ജനം നേരിടുന്ന പ്രശ്‌നങ്ങൾ തന്നെയായിരുന്നു. കർഷകനെയും തൊഴിലാളിയെയും വിദ്യാർഥിയെയുമെല്ലാം നേരിട്ട് ആക്രമിക്കുന്ന നരേന്ദ്രമോദിയുടെ ക്രോണി കാപ്പിറ്റലിസ്​റ്റ്​ ഭരണകൂടം സൃഷ്ടിച്ച ആഘാതത്തിന്റെ ഒരു ടെസ്റ്റ് ഡോസാകാൻ അവസരം ലഭിച്ചത് ബിഹാറിനാണെന്നുമാത്രം.

പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ നിതീഷ്- ബി.ജെ.പി സഖ്യത്തിന് ‘ഈസി വാക്കോവർ’ ഉറപ്പിച്ച സ്ഥാനത്ത് എക്‌സിറ്റ്‌പോളിൽ മഹാസഖ്യത്തിന് വിജയം വരെ പ്രവചിക്കുന്ന സാഹചര്യത്തിലെത്താൻ കഴിഞ്ഞത് ജനകീയ രാഷ്ട്രീയത്തിന്റെ ഋജുവായ സമവാക്യങ്ങളുപയോഗിച്ചാണ്. പോസ്റ്റ് മണ്ഡൽ, പോസ്റ്റ് ബാബറി മസ്ജിദ് തലമുറക്കുമുന്നിൽ സെക്യുലറിസത്തിന്റെയും സാമൂഹിക നീതിയുടെയും മുദ്രാവാക്യങ്ങൾ പുതിയ കാഴ്ചപ്പാടിൽ അവതരിപ്പിക്കപ്പെട്ടു.

തേജസ്വി യാദവ് തെരഞ്ഞെടുപ്പു റാലിയിൽ

ലാലു പ്രസാദ് യാദവ് വർഷങ്ങൾക്കുമുമ്പ് ഉയർത്തിയ ഈ മുദ്രാവാക്യങ്ങൾ 2020ലും അതേപടി ആവർത്തിക്കുന്നതിൽ കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ നേതാവ്, അദ്ദേഹത്തിന്റെ 31 കാരനായ മകൻ തേജസ്വി യാദവ് തന്നെയായിരുന്നു; ആർ.ജെ.ഡിയുടെയും മഹാസഖ്യത്തിന്റെയും പ്രധാന ഊർജസ്രോതസ്സ്.
അച്ഛന്റെ നിഴലിൽനിന്ന് സ്വതന്ത്രനായി തേജസ്വി, സാർവത്രികമായ സാമ്പത്തിക നീതിയുടെ രാഷ്ട്രീയമാണ് ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചത്.

ഭക്ഷ്യസുരക്ഷയുടെയും തൊഴിലിന്റെയും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയുമെല്ലാം പ്രയോഗങ്ങളെ വിശ്വസനീയമായും ജനകീയമായും വിളക്കിച്ചേർത്താണ് തേജസ്വി പഴയ മുദ്രാവാക്യങ്ങൾ കാലികമാക്കിയത്. ‘ഞാൻ കണ്ടുമുട്ടിയ പത്തിൽ ഒമ്പതുപേരും തൊഴിൽ രഹിതരാണ്' എന്ന് പറഞ്ഞ്​, തൊഴിലില്ലായ്മയെക്കുറിച്ചും കുടിയേറ്റ തൊഴിലാളികളെക്കുറിച്ചും സംസാരിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് തേജസ്വി ആവശ്യപ്പെട്ടു: ‘15 വർഷത്തെ നിതീഷിന്റെ ഭരണം വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ മേഖലകൾ തകർത്തു. രണ്ടു തലമുറകളുടെ വർത്തമാനത്തെയും ഭാവിയെയും നിതീഷ്​ നശിപ്പിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തിന് തൊഴിലില്ലായ്മയെക്കുറിച്ചും വ്യവസായത്തെക്കുറിച്ചും നിക്ഷേപത്തെക്കുറിച്ചും കുടിയേറ്റ തൊഴിലാളികളെക്കുറിച്ചും സംസാരിക്കാൻ കഴിയാത്തത്. ഇതേക്കുറിച്ചല്ലേ ഒരു മുഖ്യമന്ത്രി യഥാർഥത്തിൽ സംസാരിക്കേണ്ടത്?''.

മറ്റൊരു സംസ്ഥാനത്തും സമീപകാല തെരഞ്ഞെടുപ്പുകളിലൊന്നും ബിഹാറിലേതുപോലെ തൊഴിലില്ലായ്മ കേന്ദ്ര വിഷയമായി വന്നിട്ടില്ല. തൊഴിലില്ലായ്മ കുതിച്ചുയരുമ്പോൾ തന്നെ സംസ്ഥാനത്തെ നല്ലൊരു ഭാഗം സർക്കാർ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. പൊതുമേഖലയെ തകർക്കുകയും സ്വകാര്യമേഖലയെ തലോടുകയും ചെയ്യുന്ന നിയോ ലിബറൽ നയങ്ങളുടെ കൂടി പ്രത്യാഘാതമാണിത്.

സപ്തംബർ 19ന് ലോക്‌സഭയിൽ നൽകിയ ഒരു മറുപടിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്, രാജ്യത്ത് സർക്കാർ സ്‌കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്ന 10.6 ലക്ഷം അധ്യാപക തസ്തികകളിൽ 2.75 ലക്ഷവും ബിഹാറിലാണ് എന്നാണ്. 2018 ജനുവരി ഒന്നുവരെ സംസ്ഥാനത്ത് 50,000 പൊലീസ് തസ്തികകളാണ് ഒഴിഞ്ഞുകിടന്നിരുന്നത്.

പ്ലസ് ടു, ബിരുദം കഴിഞ്ഞ് പുറത്തുവരുന്നവരുടെ എണ്ണം സമീപവർഷങ്ങളിൽ സംസ്ഥാനത്ത് വർധിച്ചിട്ടുണ്ട്. ഇവരിൽ നല്ലൊരുപങ്കും പിന്നാക്ക, ദളിത് വിദ്യാർഥികളുമാണ്. ഇതാണ് തൊഴിലില്ലായ്മ രൂക്ഷമാക്കുന്നത്. 2000ൽ ഝാർഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ചപ്പോൾ ബിഹാറിന് നിരവധി വ്യവസായങ്ങളും ധാതുനിക്ഷേപ മേഖലകളും നഷ്ടമായി. അതുകൊണ്ടുതന്നെ, നിക്ഷേപകർ തിരിഞ്ഞുനോക്കാതായി.

വിദ്യാഭ്യാസം നേടുന്ന യുവാക്കൾക്ക് ആശ്രയം സേവനമേഖല മാത്രമായി. കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുവരവ് ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ അതിരൂക്ഷമാക്കി. തൊഴിലില്ലായ്മയുടെ അനുബന്ധ ആഘാതങ്ങളായ ദാരിദ്ര്യവൽക്കണവും പട്ടിണിയും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരമില്ലായ്മയും ഗ്രാമങ്ങളെ പിടിച്ചുലക്കുകയാണ്. കാർഷികമേഖലയുടെ തകർച്ച കൂടിയായപ്പോൾ ദുരന്തവൃത്തം പൂർത്തിയാകുന്നു.

യൗവനം തിരിച്ചുപിടിച്ച ആൾക്കൂട്ടങ്ങൾ

15 വർഷമായി മുഖ്യമന്ത്രിയായി തുടരുന്ന നിതീഷ് കുമാറിനെതിരായ ഭരണവിരുദ്ധ വികാരം മാത്രമല്ല, തേജസ്വി യാദവിനുമുന്നിലേക്ക് ആൾക്കൂട്ടത്തെ ഒഴുക്കിവിട്ടത്. യുവാക്കളുടെ തൊഴിലില്ലായ്മയെക്കുറിച്ചും അത് പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള സ്ഥാപനങ്ങളെക്കുറിച്ചും സംസാരിക്കുന്ന, യുവാവായ ഒരു രാഷ്ട്രീയനേതാവ് ബിഹാറിലെ യുവസമൂഹത്തെ സംബന്ധിച്ച് വലിയ ആവേശമായിരുന്നു. ദിവസം 15-19 റാലികളിൽ വരെ പറന്നുനടന്നാണ് (20 ദിവസത്തെ പ്രചാരണത്തിൽ 247 റാലികൾ) തേജസ്വി ആൾക്കൂട്ടത്തിന്റെ യൗവനം തിരിച്ചുപിടിച്ചത്. (സംസ്ഥാനത്തെ 7.18 കോടി വോട്ടർമാരിൽ 18-39 പ്രായക്കാർ 3.66 കോടിയാണ്.)

മഹാസഖ്യത്തിന്റെ തളരാത്ത ശബ്ദം 33 കാരൻ കനയ്യകുമാറിന്റേതായിരുന്നു. ‘ഞാനൊരു ലോ പ്രൊഫൈൽ പേഴ്‌സണാണ്' എന്ന സത്യസന്ധതയുടെ ഉപ്പുരസമുള്ള സാധാരണത്വം. രാഷ്ട്രീയത്തെ പ്രതീകവൽക്കരിക്കാത്ത, യാഥാർഥ്യങ്ങളെ യാഥാർഥ്യബോധത്തോടെ അവതരിപ്പിക്കുന്ന യുവാവ്. കേന്ദ്ര സർക്കാറിന്റെ നിയോ ലിബറൽ കൊള്ളക്കും വർഗീയ ഫാസിസത്തിനും എതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാട്. ദരിദ്രരെക്കുറിച്ചും പാർശ്വവൽക്കരിക്കപ്പെട്ടവരെക്കുറിച്ചും തൊഴിലാളികളെക്കുറിച്ചുമാണ് അദ്ദേഹം ജനങ്ങളോട് സംസാരിച്ചത്. പ്രചാരണത്തിന്റെ രാഷ്ട്രീയ അജണ്ട രൂപപ്പെടുത്തിയവരിൽ പ്രധാനി.

കനയ്യ കുമാർ ഇലക്ഷൻ റാലിയിൽ സംസാരിക്കുന്നു

സി.പി.ഐ(എം.എൽ)യുടെ പ്രധാന പ്രചാരകർ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, പി.ബി അംഗം കവിത കൃഷ്ണൻ, ‘ഐസ’ ദേശീയ പ്രസിഡന്റ് എൻ. സായ് ബാലാജി, രാജു യാദവ് എന്നിവരായിരുന്നു. സമരം ചെയ്യുന്ന വിദ്യാർഥികളുടെയും യുവാക്കളുടെയും കർഷകരുടെയും പ്രതിനിധാനങ്ങളാണ് ഇടതുപക്ഷ സ്ഥാനാർഥികളും പ്രചാരകരും എന്നത് എടുത്തുപറയേണ്ടതാണ്. കുടിയേറ്റ തൊഴിലാളികളുടെയും കർഷകരുടെയുമെല്ലാം നിത്യജീവിതത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന ഇവരുടെ സാന്നിധ്യം അടിസ്ഥാന വർഗ രാഷ്ട്രീയത്തിലൂന്നിയ ഒരു ഇലക്ഷൻ അജണ്ട സാധ്യമാക്കിയ ഒന്നാണ്. തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികളിൽ ഏറെയും യുവാക്കളായിരുന്നു. അവർ എങ്ങനെയാണ് സ്വീകരിക്കപ്പെട്ടത്, പുനരധിവസിപ്പിക്കപ്പെട്ടത് എന്നത് ഇടതുപക്ഷം വലിയ ചോദ്യമായി ഉന്നയിച്ചു.

ഇടതുപക്ഷം ഇത്തവണ 29 സീറ്റിലാണ് മൽസരിച്ചത്. 1995ൽ 38 സീറ്റ് നേടി ശക്തി തെളിയിക്കാൻ ഇടതുപാർട്ടികൾക്ക് (സി.പി.ഐ- 26, സി.പി.എം- 6, സി.പി.ഐ(എം.എൽ)- 6) കഴിഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞതവണ സി.പി.ഐ(എം.എൽ)യുടെ മൂന്നു സീറ്റിൽ ഒതുങ്ങി ഇടതുപ്രാതിനിധ്യം. ജനകീയപ്രശ്‌നങ്ങളിലൂന്നിയ തെരഞ്ഞെടുപ്പുരാഷ്ട്രീയം ഇത്തവണ ഇടതുപക്ഷത്തിന് സാധ്യത നൽകുന്നു.

യുവാക്കളുടെ വോട്ടിങ് ബ്ലോക്ക്; ഒരു അസാധ്യത

ഒരു തെരഞ്ഞെടുപ്പിലും യുവാക്കൾ ഒരു സ്വതന്ത്ര വോട്ടിങ് ബ്ലോക്കായി മാറാറില്ല. മാത്രമല്ല, ജാതിയും വർഗീയതയും പ്രധാന അജണ്ടയാക്കപ്പെടുമ്പോൾ, യുവാക്കളുടെ വോട്ട് അതിനൊപ്പം ഭിന്നിക്കും. എന്നാൽ, യുവാക്കളുടെ പ്രശ്‌നങ്ങളുന്നയിക്കപ്പെടുകയും അത് ഒരു മൊബിലൈസേഷന്റെ തലത്തിലേക്ക് വികസിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. അത്, ഇത്തവണ ബിഹാറിലുണ്ടായി എന്നത് ശ്രദ്ധിക്കേണ്ട സംഗതിയാണ്.

സ്ത്രീകളുടെയും യുവാക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചില പ്രവണതകളും ഇത്തവണ സംസ്ഥാനത്തുണ്ടായി. അതിലൊന്ന്, ‘പ്ലൂരൽസ്' എന്ന പാർട്ടിയുടെ ജനനമാണ്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കൽ സ്റ്റഡീസ് വിദ്യാർഥിയായിരുന്ന 28 കാരിയായ പുഷ്പം പ്രിയ ചൗധരിയാണ് കഴിഞ്ഞ മാർച്ച് എട്ടിന്, അന്താരാഷ്ട്ര വനിത ദിനത്തിൽ പാർട്ടി സ്ഥാപിച്ചത്. ജെ.ഡി(യു) നേതാവ് വിനോദ് ചൗധരിയുടെ മകളാണ് പുഷ്പം.

പുഷ്പം പ്രിയ ചൗധരി

80 ലക്ഷം തൊഴിലാണ് പാർട്ടിയുടെ വാഗ്ദാനം. അടുത്ത പത്തുവർഷത്തേക്കുള്ള വികസന മാസ്റ്റർ പ്ലാനും പാർട്ടി തയാറാക്കിയിട്ടുണ്ട്. മധുബനി ജില്ലയിലെ ബിസ്ഫി മണ്ഡലത്തിൽ മൽസരിക്കുന്ന പുഷ്പം തന്നെയാണ് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയും. 243 സീറ്റിലും മൽസരിക്കുന്ന പാർട്ടിയുടെ 50 ശതമാനം സ്ഥാനാർഥികളും സ്ത്രീകളാണ്. ഇവരിൽ ഏറെയും ഉന്നത വിദ്യാഭ്യാസവും തൊഴിലുമുള്ള ആക്റ്റിവിസ്റ്റുകളും അധ്യാപകരും ഡോക്ടർമാരുമൊക്കെയാണ്. 2030ഓടെ ബിഹാറിനെ യൂറോപ്പ് ആക്കുമെന്നാണ് പുഷ്പം പ്രിയയുടെ ഉറപ്പ്. ‘ബിഹാറി' എന്നാണ് സ്ഥാനാർഥികളെ വിശേഷിപ്പിക്കുന്നത്. ജനാധിപത്യത്തെക്കുറിച്ചും ജനപ്രതിനിധികളുടെ വിശ്വാസ്യതയെക്കുറിച്ചുമെല്ലാം പറയുന്നുണ്ടെങ്കിലും അരാഷ്ട്രീയവാദികളുടെ സംഘമാണിത് എന്ന വിമർശനവും ഉയരുന്നുണ്ട്.

ജാതി വോട്ടുബാങ്കിന്റെ രാഷ്ട്രീയവൽക്കണം

മറുപക്ഷത്ത്, ബി.ജെ.പിക്ക് കേന്ദ്ര സർക്കാറിന്റെയോ നിതീഷിന് സംസ്ഥാന സർക്കാറിന്റെയോ പറയത്തക്ക വികസന നടപടികളൊന്നും ഉന്നയിക്കാൻ കഴിയാത്തതിനാൽ, എൻ.ഡി.എ സഖ്യം പതിവുപോലെ ജാതി- സമുദായ വോട്ടുബാങ്കിനെയാണ് ആശ്രയിച്ചത്. നിതീഷ്, ലാലുപ്രസാദ് യാദവിന്റെ ‘ജംഗിൾ രാജി'നെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. മൂന്നാംഘട്ട പ്രചാരണത്തിന്റെ അവസാന ദിവസം പുർണിയ ജില്ലയിലെ ധംധ മണ്ഡലത്തിൽ നടന്ന റാലിയിൽ ഒരു ഇമോഷണൽ കാർഡും ഇറക്കി നിതീഷ്; ‘ഇന്ന് അവസാന ദിവസമാണ്. മറ്റന്നാളാണ് തെരഞ്ഞെടുപ്പ്. ഇത് എന്റെ അവസാന തെരഞ്ഞെടുപ്പാണ്...'.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കാശ്മീർ, രാമക്ഷേത്രം, പൗരത്വഭേദഗതി നിയമം, പുൽവാമ വിഷയങ്ങളല്ലാതെ ഒന്നും പറയാനുണ്ടായിരുന്നില്ല.

എൻ.ഡി.എ സഖ്യം കണക്കുകൂട്ടുന്ന ജാതി വോട്ടുബാങ്കിലും ഇത്തവണ ചില അടിയൊഴുക്കുകൾ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിതീഷ് കെട്ടിപ്പടുത്ത മഹാദളിത്, ഏറ്റവും പിന്നാക്കം നിൽക്കുന്ന (ഇ.ബി.സി) വിഭാഗങ്ങൾക്കിടയിൽ ഇത്തവണ പുനരാലോചനകളുണ്ടായി. കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പിലേതുപോലെ മഹാദളിത്- ഇ.ബി.സി വിഭാഗങ്ങൾ ഇത്തവണ നിതീഷിനൊപ്പമില്ല.

15 വർഷവും നിതീഷിനൊപ്പമായിരുന്നു സംസ്ഥാന ജനസംഖ്യയിൽ 30 ശതമാനത്തോളം വരുന്ന ഇ.ബി.സി (എക്‌സ്ട്രീമിലി ബാക്ക്‌വേഡ് കാസ്റ്റ്). ഒപ്പം, മുന്നാക്ക ജാതിവിഭാഗങ്ങളും നിതീഷിൽനിന്ന് അകന്നു. 1960കളിലും എഴുപതുകളിലും പിന്നാക്ക വിഭാഗം ഉയർത്തിയ ‘ഞങ്ങളുടെ വോട്ട് നിങ്ങളുടെ ഭരണം ഇനി നടപ്പില്ല' എന്ന മുദ്രാവാക്യം ഇപ്പോൾ മുന്നാക്ക വിഭാഗമാണ് നിതീഷിനെതിരെ ഉയർത്തുന്നത്.

1990കൾക്കുശേഷം പിന്നാക്കക്കാരുടെ രാഷ്ട്രീയ പ്രാതിനിധ്യം കൂടുകയും രാഷ്ട്രീയാധികാരം കൈവന്നിട്ടുണ്ടെങ്കിലും ഭരണകൂടം എന്നും മേലാളരുടേതായിരുന്നു. 1995 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിഹാറിൽ 44 ശതമാനം എം.എൽ.എമാരും ഒ.ബി.സിക്കാരായിരുന്നു, അതിൽ 26 ശതമാനം യാദവ വിഭാഗവും. 2000ൽ റബ്‌റി ദേവി മന്ത്രിസഭയിൽ 50 ശതമാനം മന്ത്രിമാരും ഒ.ബി.സിക്കാരായിരുന്നു. മേലാള വിഭാഗം 13 ശതമാനം മാത്രം. എന്നാൽ, ദളിത്​- ഒ.ബി.സി സാന്നിധ്യം പ്രാതിനിധ്യത്തിൽ മാത്രം ഒതുങ്ങി.

Indian Human Development Survey യിലെ ഒരു കണക്ക് നോക്കുക: സംസ്ഥാനത്ത് ബ്രാഹ്മണരുടെ ശരാശരി പ്രതിശീർഷ വരുമാനം 28,093 രൂപയാണ്. മറ്റ് മുന്നാക്കക്കാർക്ക് 20,655 രൂപ. കുശ്‌വാഹ, കുർമി വിഭാഗങ്ങളുടെ പ്രതിശീർഷ വരുമാനം 18,811- 17,835 രൂപ വീതം. യാദവ് വിഭാഗത്തിനാണ് ഒ.ബി.സിക്കാരിൽ ഏറ്റവും കുറവ്; 12,314 രൂപ. ബാക്കി ഒ.ബി.സിക്കാരുടേത് 12,617 രൂപയും.

സർക്കാർ ജോലികളിലും മറ്റും ഒ.ബി.സിക്കാർക്ക് ജോബ് ക്വാട്ട ലഭിച്ചിട്ടുണ്ടെങ്കിലും ബ്യൂറോക്രസി മേലാള നിയന്ത്രണത്തിലാണ്.
കീഴാളരെ വോട്ടുബാങ്കുകളാക്കി ‘സംരക്ഷിക്കുന്ന' കക്ഷിരാഷ്ട്രീയം, അവരെ പാർട്ടി താൽപര്യങ്ങളുടെ മാത്രം പ്രതിനിധാനങ്ങളിൽ തളച്ചിടാൻ സദാ ശ്രദ്ധിക്കാറുണ്ട്. അതിന്റെ ‘മാതൃക'കളാണ് ബിഹാറും യു.പിയും അടങ്ങുന്ന ഹിന്ദി ബെൽറ്റ്. ദളിത്- കീഴാള വിഭാഗങ്ങളുടെ രാഷ്ട്രീയവൽക്കരണത്തെ അസാധ്യമാക്കുന്ന മുഖ്യധാരാ രാഷ്ട്രീയം തന്നെയാണ് ആർ.ജെ.ഡിയുടെയും കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും. അതുകൊണ്ട്, ഈ വിഭാഗങ്ങളെ കൃത്യമായി ഉൾക്കൊള്ളുന്ന ഒരു അധികാര രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കാനാകില്ലെങ്കിലും അവകാശബോധത്തിലൂന്നിയുള്ള ഒരു വോട്ടിംഗിന് ഇവരെ പ്രാപ്തരാക്കാൻ ഉതകുന്ന പ്രചാരണം ഇത്തവണ ഇതേ പാർട്ടികൾ നടത്തിയെന്നത് ശുഭസൂചനയാണ്.

യോഗേന്ദ്ര യാദവ്

ശേഷപത്രം: പ്രമുഖ തെരഞ്ഞെടുപ്പ് നിരീക്ഷകൻ യോഗേന്ദ്ര യാദവ് പറയുന്നു: ബിഹാർ തെരഞ്ഞെടുപ്പ് എന്നെ ആവേശം കൊള്ളിക്കാത്തതിന് മൂന്നുകാരണങ്ങളുണ്ട്. ഒന്ന്; സമീപഭൂതകാലവുമായി താരതമ്യം ചെയ്താൽ, നമ്മുടെ ദേശീയ ജീവിതത്തിൽ ബീഹാർ അത്ര വലിയ വിഷയമല്ല. രണ്ട്; സംസ്ഥാന രാഷ്ട്രീയം ദേശീയ രാഷ്ട്രീയത്തെ സംബന്ധിച്ച് അത്ര പ്രധാനമല്ല. മൂന്ന്; തെരഞ്ഞെടുപ്പും വിജയങ്ങളും പരാജയങ്ങളും നമ്മുടെ ജനാധിപത്യത്തെ സംബന്ധിച്ച് അത്ര പ്രധാനപ്പെട്ട സംഗതികളല്ല.

ശരിയാണ്. പട്‌നയിൽ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. വിജയസൂചന കിട്ടിയാലുടൻ ആഘോഷത്തിനൊന്നും നിൽക്കാതെ നേരെ ഹോട്ടലിൽ ഒത്തുകൂടാനാണ് കോൺഗ്രസ് സ്ഥാനാർഥികൾക്ക് ലഭിച്ച നിർദേശം. തൂക്കുസഭയാണെങ്കിൽ ചാക്കിട്ടുപിടുത്തത്തിന്റെ ‘കർണാടക, മധ്യപ്രദേശ്, ഗോവ, മണിപ്പുർ തന്ത്രം' പയറ്റുകതന്നെ ചെയ്യും ബി.ജെ.പി. അതിനുള്ള ആളും ‘അർഥ'വും ഇപ്പോഴേ തയാറായിരിക്കും. ഏതു മുന്നണിയായാലും ‘മുഖ്യമന്ത്രി' എന്ന ഒരൊറ്റ അജണ്ട നിതീഷ്‌കുമാറും പയറ്റും.

അപ്പോൾ, യോഗേന്ദ്ര യാദവ് പറഞ്ഞത് ശരിയായി വരുന്നു- തെരഞ്ഞെടുപ്പുകൾക്കും വിജയത്തിനും തോൽവിക്കുമൊന്നും ജനാധിപത്യവുമായി ഒരു ബന്ധവുമില്ല. പക്ഷെ, ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ബലം, സാധ്യതകൾ അവശേഷിപ്പിക്കാനുള്ള അതിന്റെ ശേഷിയാണ്​. അത്തരം സാധ്യതകൾ ഏറ്റവും സാധ്യമായ ഒരു മണ്ണാണ്​ ബിഹാർ എന്ന്​ അതി​ന്റെ ഭൂതകാലം നമ്മോട്​ പറയുന്നു.

Comments