ഇതാണോ നീതിയുടെ അവസാനം?
കൂട്ട ബലാത്സംഗത്തിനിരയായ, അതേ അക്രമസംഭവത്തിൽ മൂന്നു വയസ്സായ സ്വന്തം മകളെ അക്രമികൾ നിലത്തടിച്ചുകൊല്ലുന്നത് കാണേണ്ടിവന്ന, കുടുംബാംഗങ്ങളായ ഏഴു പേർ അവിടെവെച്ച് കൊല്ലപ്പെട്ട, ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർ എന്നെന്നേക്കുമായി എവിടെയെന്നറിയാതെപ്പോയ, ഒളിച്ചതും ഒതുങ്ങിയും കഴിയേണ്ടിവന്നോരു സ്ത്രീ തനിക്കുമേൽ അതിക്രൂരമായ ലൈംഗികാക്രമണം നടത്തിയ, തന്റെ മകളെയടക്കമുള്ളവരെ കൂട്ടക്കൊല നടത്തിയ 11 കുറ്റവാളികൾക്ക് ഗുജറാത്ത് സർക്കാർ ശിക്ഷാ ഇളവ് ചെയ്ത് മോചിപ്പിക്കുന്നതു കണ്ടപ്പോൾ ഈ രാജ്യത്തോട് ചോദിച്ചതിതാണ്; ഇങ്ങനെയാണോ നീതിയുടെ അവസാനം?
അനുദിനം മാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന, പ്രതീക്ഷാശൂന്യമായ ദാസ്യത്തിന്റെ തമോഗർത്തങ്ങളിലേക്ക് വലിച്ചിടപ്പെടുന്ന ഇന്ത്യയിലെ നീതിന്യായസംവിധാനത്തിന്റെ ആന്തരിക വൈരുധ്യങ്ങളുടെ സംഘർഷങ്ങളിൽ നിന്ന് നീതി അതിന്റെ പിടപ്പുകളിലൊന്നിൽ കുതറിത്തെറിച്ചുകൊണ്ട് ബിൽക്കിസ് ബാനോവിനോട് പറയുന്നു; അല്ല, അതായിരുന്നില്ല നീതി.
2002-ലെ ഗുജറാത്ത് മുസ്‍ലിം വംശഹത്യയുടെ നാളുകളിൽ നടന്ന ബലാത്സംഗവും കൊലപാതകവും അടക്കമുള്ള സംഭവത്തിലെ 11 പ്രതികൾക്കും ശിക്ഷായിളവ് നൽകിയ ഗുജറാത്ത് സംസ്ഥാന സർക്കാരിന്റെ നടപടിയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും ഉജ്ജ്വൽ ഭുയാനും അടങ്ങിയ ബഞ്ച് റദ്ദാക്കിയത്.
2002 മാർച്ച് 3-നാണ് ഗുജറാത്ത് കലാപത്തിൽ സംഘപരിവാറിന്റെ ഹിന്ദുത്വ ഭീകരവാദികൾ ബിൽക്കിസ് ബാനോവിനെ കൂട്ടബലാത്ക്കാരത്തിനിരയാക്കുകയും അവരുടെ മൂന്നു വയസായ കുട്ടിയെ ബാനോവിനുമുന്നിൽവെച്ച് കാലിൽ വാരിയെടുത്തു നിലത്തടിച്ചുകൊന്ന് ഒപ്പമുണ്ടായിരുന്ന മറ്റു മനുഷ്യരെയും കൊന്നൊടുക്കിയതും. ഗുജറാത്തിലാകെ നൂറുകണക്കിന് മുസ്‍ലിംകൾ കൊല്ലപ്പെട്ടു. നിരവധി സ്ത്രീകൾ ലൈംഗികാക്രമണങ്ങൾക്കിരകളായി. നരേന്ദ്ര മോദിയുടെ സംസ്ഥാന ഭരണകൂടം കലാപത്തിന് സമയവും സൗകര്യവും ഒരുക്കിക്കൊടുത്തതായി ആരോപണമുയർന്നു. സംസ്ഥാന ഭരണസംവിധാനം സംഘപരിവാറിന്റെ രാഷ്ട്രീയഭീകരതയുടെ കയ്യാളുകളായി. കലാപത്തിനുമുമ്പും പിമ്പുമായി മുസ്‍ലിംകൾക്കെതിരെ വർഗ്ഗീയവെറുപ്പ് തുപ്പുന്ന വിഷപ്രസംഗങ്ങളുമായി നരേന്ദ്ര മോദി നിറഞ്ഞുനിന്നു.
അത്യപൂർവം ആളുകൾക്കെതിരെമാത്രം കലാപത്തിന്റെ പേരിൽ കേസെടുത്തു. മിക്ക കേസുകളിലും പോലീസ് അന്വേഷണം വഴിപാടായി മാറി. ഈ പശ്ചാത്തലത്തിലാണ് ബിൽക്കിസ് ബാനോവിന്റെ കേസിലെ വിചാരണ ഗുജറാത്തിനു പുറത്തേക്ക്, മുംബൈയിലേക്ക് മാറ്റാൻ 2004-ൽ സുപ്രീം കോടതി തീരുമാനിച്ചത്. അതായത്,
വിചാരണയ്ക്കൊടുവിൽ 11 പേരെ വിചാരണക്കോടതി ബലാത്സംഗം, കൊലപാതകം എന്നിവയടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2017-ൽ ഹൈക്കോടതിയും തുടർന്ന് സുപ്രീംകോടതിയും വിചാരണാക്കോടതിയുടെ വിധി ശരിവെച്ചു.
ഇതിനിടയിൽ ഗുജറാത്ത് കലാപവും മുസ്‍ലിംകൾക്കെതിരായ കൂട്ടക്കൊലകളും നെഞ്ചളവു കൂട്ടിയ ഹിന്ദു ഹൃദയസമ്രാട്ടായി സംഘപരിവാറും ഇന്ത്യയിലെ കോർപ്പറേറ്റ് നേതൃത്വവും വമ്പൻ പ്രചാരണങ്ങളിലൂടെ കൊണ്ടുനടന്ന നരേന്ദ്ര ദാമോദർദാസ് മോദി എന്ന ഹിന്ദുത്വ ഫാഷിസ്റ്റ് ഇന്ത്യൻ പ്രധാനമന്ത്രിയായി. ഒന്നല്ല, രണ്ടാം തവണയും. മതേതര ഇന്ത്യയെന്ന ആശയം ഉടലൊഴിഞ്ഞ ജീവനെപ്പോലെ ഭൂതകാലത്തിന്റെ മുഷിഞ്ഞ കൂറകൾ തോറ്റുപോയൊരു യുദ്ധത്തിന്റെ പടനിലങ്ങളിലൊഴിച്ചിട്ട് അകന്നുപോയി. ബിൽക്കിസ് ബാനോവിനോപ്പം ഇന്ത്യയും നീതിയുടെ അവസാനത്തിലേക്ക് നടന്നടുത്തു.
ശിക്ഷിക്കപ്പെട്ടവരിൽ ഒരാളായ രാധേശ്യാം ഭഗവാൻ ദാസ് നൽകിയൊരു ഹർജിയിൽ, ക്രിമിനൽ നടപടി ചട്ടപ്രകാരം ബിൽക്കിസ് ബാനോ കേസിൽ ശിക്ഷിക്കപ്പെട്ടവർ നൽകിയ, ശിക്ഷ ഇളവ് ചെയ്യാനുള്ള (Remission) അപേക്ഷ പരിഗണിക്കാൻ സുപ്രീംകോടതി 2022 മെയിൽ ഗുജറാത്ത് സർക്കാരിന് നിർദ്ദേശം നൽകി. രണ്ടു ബി ജെ പി നിയമസഭാംഗങ്ങളും ബി ജെ പി നേതാക്കളും അടങ്ങുന്ന പരിശോധനാസമിതി, ബലാത്സംഗത്തിനും കൊലപാതകത്തിനും ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് 14 കൊല്ലം തടവിൽ കിടക്കുന്ന 11 പ്രതികളെയും സംസ്ഥാന സർക്കാരിന്റെ അധികാരമുപയോഗിച്ച് ശിക്ഷാ ഇളവ് നൽകി മോചിപ്പിച്ചു. 2022 ആഗസ്റ്റ് 15-ന് ബലാത്സംഗികളും, മൂന്നു വയസ്സുള്ളൊരു കുഞ്ഞിനെ കാലിൽ തൂക്കിയെടുത്ത് തല നിലത്തടിച്ചുകൊന്ന, കൂട്ടക്കൊല നടത്തിയ കൊലപാതകികളും സ്വതന്ത്രരായി. അവർ സംസ്‌കാരമുള്ള ബ്രാഹ്മണരാണെന്നും തെറ്റായി ശിക്ഷിക്കപ്പെട്ടവരാണെന്നും മോചനം അനുവദിച്ച സമിതിയിലെ ബി ജെ പി എം എൽ എയും കൂടി പറഞ്ഞതോടെ ബിൽക്കിസ് ബാനോവിനുള്ള നീതി നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ പൂർത്തിയായി.
ഹീനമായ കുറ്റകൃത്യങ്ങളേർപ്പെട്ടവർക്ക് ശിക്ഷാ ഇളവ് ചെയ്തു കൊടുക്കേണ്ടതില്ല എന്നത് സാമാന്യ മാനദണ്ഡമായി കണക്കാക്കുന്നതാണ്. എന്നാൽ മുസ്‍ലിംകളെ കൊല്ലുന്നതും മുസ്‍ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും നരേന്ദ്ര മോദിയുടെയും സംഘപരിവാറിന്റെയും ഭരണത്തിലുള്ള ഇന്ത്യയിൽ ഒട്ടും ഹീനമായ കുറ്റങ്ങളല്ല എന്നാണു തെളിയിക്കുന്നത്. അതുകൊണ്ടാണ് കുങ്കുമം ചാർത്തിയുമാരതിയുഴിഞ്ഞും വിശ്വഹിന്ദു പരിഷത്തുകാർ കുറ്റവാളികളെ ജയിലിനുപുറത്ത് സ്വീകരിച്ചത്. അതിനു തൊട്ടുപിന്നാലെ നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മോചിപ്പിക്കൽ ഒരു നേട്ടമായി അവതരിപ്പിക്കാൻ കഴിയുന്നത്ര മതവർഗീയതയുടെ വിഷം ഗുജറാത്തിൽ കലക്കിയിട്ടുണ്ടായിരുന്നു.
ശിക്ഷാ ഇളവിനുപുറകിലെ
രാഷ്ട്രീയം
ശിക്ഷാ ഇളവിനുള്ള അപേക്ഷ സാധാരണ മട്ടിൽ ഏതു തടവുകാരനും നൽകുന്ന അവകാശമാണ്. എന്നാൽ അതിലെടുക്കുന്ന തീരുമാനത്തിലാണ് കാര്യം. ദീർഘനാളുകളായി തടവിൽ കിടക്കുന്നവർക്ക് കുറ്റകൃത്യത്തിന്റെയും മോചിപ്പിക്കപ്പെട്ടാലുള്ള ഭവിഷ്യത്തുകളുടെയുമൊക്കെ നീതിയുക്തമായ വിലയിരുത്തലുകൾ നടത്തി ഇളവ നൽകണോ വേണ്ടേ എന്ന് തീരുമാനിക്കുന്ന സംവിധാനം ഉണ്ടാവേണ്ടതാണ്. എന്നാൽ അത് ഇത്തരത്തിലുള്ള വർഗീയ കൊലപാതകികളെയും ബലാത്സംഗികളെയും മോചിപ്പിക്കുകയും അതുവഴി ഹിന്ദുത്വ രാഷ്ട്രീയ ഭീകരതയുടെ ഹിംസാധികാരത്തിന്റെ സന്ദേശം നൽകുകയും ചെയ്യാനല്ല ഉപയോഗിക്കേണ്ടത്. ക്രിമിനൽ നടപടിക്രമ ചട്ടങ്ങൾ (CrPC) 432 (7) (b) പ്രകാരം ശിക്ഷായിളവ് സംബന്ധിച്ച തീരുമാനമെടുക്കേണ്ട അനുയോഗ്യമായ സർക്കാർ, കുറ്റവിചാരണ നടന്നത് ഏതു സംസ്ഥാനത്താണോ ആ സംസ്ഥാന സർക്കാരാണ് (ചില സന്ദർഭങ്ങളിൽ ഈ അധികാരം കേന്ദ്ര സർക്കാരിനുണ്ട്).
ഇതനുസരിച്ച് ബിൽക്കിസ് ബാനോ കേസിലെ വിചാരണ നടന്ന മഹാരാഷ്ട്രയിലെ സംസ്ഥാന സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ വിചാരണ മുംബൈയിലേക്ക് മാറ്റിയതാണെന്നും അതുകൊണ്ടുതന്നെ വിചാരണാനന്തര നടപടിക്രമങ്ങളിൽ യുക്തമായ സർക്കാർ, കുറ്റകൃത്യം നടന്നയിടത്തെ ഗുജറാത്ത് സംസ്ഥാന സർക്കാരാണെന്നും അന്നത്തെ വിധിയിൽസുപ്രീം കോടതി പറഞ്ഞു. ഇത് വാസ്തവത്തിൽ ശരിയായ വ്യാഖ്യാനമല്ല. UOI v. Sriharan കേസിൽ appropriate government വിചാരണ നടന്നയിടത്തെ സർക്കാരാണ് എന്ന് സുപ്രീം കോടതി തന്നെ കൂടുതൽ തെളിച്ചുപറഞ്ഞിട്ടുണ്ട്.
ശിക്ഷ വിധിച്ച കോടതിയുടെ / ന്യായാധിപന്റെ അഭിപ്രായവും ഇളവ് നൽകുമ്പോൾ പരിഗണിക്കണം. ഈ കേസിൽ ഇളവ് നല്കുന്നതിനെതിരായിരുന്നു ശിക്ഷിച്ച ന്യായാധിപന്റെ അഭിപ്രായം. കേസന്വേഷിച്ച ഏജൻസി സി ബി ഐ ആയതിനാൽ അത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ഇളവ് നൽകാനുള്ള പ്രക്രിയയിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം ആരായേണ്ടതുണ്ട്. സ്വാഭാവികമായും ഹിന്ദുത്വ ബലാത്സംഗികളെ മോചിപ്പിക്കുന്നതിന് അനുകൂലമായിരുന്നു ബി ജെ പിയുടെ കേന്ദ്ര സർക്കാർ.
നൂറുകണക്കിന് മനുഷ്യരാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ ജാമ്യം പോലും ലഭിക്കാതെ ഇന്ത്യയിലെ തടവറകളിൽ വർഷങ്ങൾ കഴിച്ചുകൂട്ടുന്നത്. വേണ്ട നിയമസഹായം പോലും ലഭിക്കാതെ ശിക്ഷിക്കപ്പെട്ട എത്രയോ മനുഷ്യർ ശിക്ഷായിളവുകൾക്കുള്ള ന്യായമായ അപേക്ഷകൾ പോലും പരിഗണിക്കപ്പെടാതെ തടവറകളിൽ കിടക്കുന്നു. അപ്പോഴാണ് ഭരണകൂടം അതിന്റെ വിവേചനാധികാരം തങ്ങളുടെ രാഷ്ട്രീയഗുണ്ടകൾക്കനുകൂലമായി ഉപയോഗിക്കുന്നത്.
ശിക്ഷയിൽ നൽകിയ ഇളവും മോചനവും റദ്ദാക്കണം എന്ന ആവശ്യം സുപ്രീംകോടതിയുടെ മുന്നിൽ വീണ്ടുമെത്തിയപ്പോളാണ്, അതിനിടയിൽ പലതവണ മോദി സർക്കാരിന്റെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ടകൾക്കും സമഗ്രാധിപത്യ ഭരണകൂട സംവിധാനത്തിനും അനുകൂലമായ നിലപാടെടുത്ത സുപ്രീംകോടതി, അതിനുള്ളിൽത്തന്നെ നടക്കുന്ന ഹിന്ദുത്വ ഭരണകൂട സഹയാത്രികരും ഉദാര മതേതര ജനാധിപത്യവാദികളും തമ്മിലുള്ള അന്തഃസംഘർഷത്തിന്റെ പ്രകടനമെന്നോണം, തോറ്റുകൊണ്ടിരിക്കുന്നു എന്ന് തോന്നുന്ന ഒരു യുദ്ധത്തിലെ ചെറിയതെങ്കിലും തെളിച്ചമുള്ളൊരു വിധി ബിൽക്കിസ് ബാനോ കേസിൽ നൽകിയത്. സംഘപരിവാർ, ഹിന്ദുത്വ ഭീകര ബലാത്സംഗികൾക്ക് നൽകിയ ശിക്ഷയിൽ ഇളവ് നൽകിയ നടപടി നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി, ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളോടും തടവറയിലേക്ക് മടങ്ങാൻ ഉത്തരവിട്ടു, സുപ്രീംകോടതി.
ശ്രീഹരൻ കേസിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് പുറപ്പെടുവിച്ച വിധിയിൽ വളരെ കൃത്യമായിത്തന്നെ ബിൽക്കിസ് ബാനോ കേസിൽ വന്ന സമാനമായ തർക്കത്തിനുള്ള ഉത്തരം നല്കിയിട്ടുണ്ടായിരുന്നു. കുറ്റകൃത്യം നടന്ന സംസ്ഥാനത്തല്ല വിചാരണ നടന്നതെങ്കിൽ വിചാരണ നടത്തി ശിക്ഷ വിധിച്ച കോടതിയുള്ള സംസ്ഥാനത്തെ സർക്കാരാണ് remission വിഷയത്തിലെ appropriate government എന്ന് ആ വിധിയിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബിൽക്കിസ് ബാനോ കേസിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ച് 2022 മെയ് 13-നു നൽകിയ വിധി നിലവിലെ നിയമവ്യവസ്ഥകളും കീഴ്വഴക്കങ്ങളും മനസിലാക്കാത്തതും ലംഘിച്ചതുമാണെന്നും അതുകൊണ്ടുതന്നെ ആ വിധി 'per incuriam' ആണെന്നും സുപ്രീം കോടതി വിധിയിൽ പറയുന്നു.
ഈ നിയമവിരുദ്ധ നാടകം നടത്തിയത് ബി ജെ പി ഭരിക്കുന്ന ഒരു സംസ്ഥാന സർക്കാരാണ് എന്നതും അത് ഭരണഘടനാപരമായി ഭരണം നടത്തേണ്ട ഒരുന സംവിധാനം വഴിയാണെന്നതും ഹിന്ദുത്വ രാഷ്ട്രീയം ഈ രാജ്യത്തെ ഭരണ സംവിധാനനഗലെ എങ്ങനെയൊക്കെയാണ് ഉപയോഗിക്കുന്നത് എന്നതിന്റെ കൂടി ഭയപ്പെടുത്തുന്ന ദൃഷ്ടാന്തമാണ്.
ഈ രാജ്യത്തിനുമുകളിൽ നീതിയുടെ ഏതെങ്കിലുമൊരു വിദൂരനക്ഷത്രം ഇനിയും ബാക്കിയുണ്ടോ എന്നായിരുന്നു ബിൽക്കിസ് ബനോവിനൊപ്പം ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂട ഭീകരതയുടെ വേട്ടക്കിരയായ അനേകായിരം മനുഷ്യർ ചോദിച്ചതും ചോദിച്ചുകൊണ്ടിരിക്കുന്നതും. ആ ചോദ്യങ്ങൾ ഇനിയും മുഴക്കാനുള്ള ഊർജ്ജമാണ് സുപ്രീംകോടതി വിധി. എന്നാൽ അതുകൊണ്ടായില്ല എന്ന് നമുക്കറിയാം. എത്രയോ ആഴത്തിൽ ഇന്ത്യയുടെ നീതിന്യായ സംവിധാനങ്ങളെയടക്കം വിഴുങ്ങിക്കൊണ്ടിരിക്കുകയാണ് ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയവും അതിന്റെ ഭരണകൂടാധികാരവും. ഇന്ത്യൻ റിപ്പബ്ലിക്കിൽ നീതിയുടെ ദുർഗ്ഗമമായ പാതകൾ ഒടുവിൽ അവസാനിക്കുന്നത് അനീതിയുടെ കോട്ടയ്ക്ക് മുന്നിലാണ്. എത്രയൊക്കെ ഉറക്കെപ്പറഞ്ഞാലും ദുരധികാരത്തിന്റെ കോട്ടമതിലുകളിൽ തട്ടിത്തെറിച്ച് നീതിക്കു വേണ്ടിയുള്ള പരാതികളും മുദ്രാവാക്യങ്ങളും അപേക്ഷകളും വിലാപങ്ങളും അനീതിയുടെ ആക്രോശഹുങ്കാരങ്ങൾക്കിടയിൽ പതിഞ്ഞലിഞ്ഞു പോവുകയാണ്. ഇങ്ങനെയാണോ ഈ നാട്ടിൽ നീതി അവസാനിക്കേണ്ടത് എന്ന ചോദ്യം അവസാനിക്കുന്നില്ല. അനീതി ഒരു സ്വാഭാവിക ജീവിതാവാസവ്യവസ്ഥയായി മാറുന്ന ഇന്ത്യയിൽ നീതി യാത്ര പറയാതെ മാഞ്ഞുപോകുന്ന വാക്കാകുന്നു. അതിന്റെ വിദൂരഛായ മാത്രമാണ് ഇടയ്ക്ക് നമുക്ക് മുന്നിൽ വരുന്ന ഇത്തരം വിധികൾ. നീതി ഒരു അപഭ്രംശവും അനീതി സ്വാഭാവികതയും ആയി മാറുകയാണ്.
ഭരണകൂടം എന്ന ഒന്നാം പ്രതി
ബിൽക്കിസ് ബാനോ കേസിലെ പ്രതികൾ വീണ്ടും തടവറയിലേക്ക് മടങ്ങുമ്പോൾ അത് ശിക്ഷിക്കപ്പെട്ട കാലത്തേക്കാളും എത്രയോ ആഴത്തിലും പരപ്പിലും ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം ഇന്ത്യയുടെ സാമൂഹ്യ, രാഷ്ട്രീയ ജീവിതത്തിലും അധികാരഘടനയിലും പിടിമുറുക്കിയ കാലമാണ്. അതുകൊണ്ടുതന്നെ സുപ്രീംകോടതിയുടെ ഇടപെടൽ നൽകുന്നത് ഇന്ത്യ നേരിടുന്ന വലിയ പ്രതിസന്ധിയുടെ ഭയാനകമായ അവസ്ഥയെക്കുറിച്ചുള്ള ഓർമപ്പെടുത്തലിനുള്ള അവസരം കൂടിയാണ്. ഗുജറാത്ത് വംശഹത്യ കുറച്ചു വ്യക്തികളുടെ കുറ്റവാസനയുടെ പ്രകടനമായിരുന്നില്ല, അത് ബലാത്സംഗികളും കൊലപാതകികളും കൊള്ളക്കാരും ആസൂത്രണം ചെയ്തു നടത്തിയ പരിപാടിയുമായിരുന്നില്ല. അത്, ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ സംഘടിത ആസൂത്രണത്തിന്റെ ഭാഗമായ മുസ്‍ലിം വംശഹത്യയുടെയും ആൾക്കൂട്ട ഹിംസയുടെയും രാഷ്ട്രീയാധികാരത്തിന്റെ പരസ്യമായ ഹിന്ദുത്വ ഹിംസയുടെയും നടപ്പാക്കലായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അധികാരപദ്ധതിയുടെ ഭാഗമായാണ് ഗുജറാത്തിൽ ബലാത്സംഗങ്ങളും കൂട്ടക്കൊലകളും നടന്നത്. അതുകൊണ്ടുതന്നെ ബിൽക്കിസ് ബാനോ കേസിലെ 11 കുറ്റവാളികൾ വീണ്ടും തടവറയിലേക്ക് മടങ്ങുമ്പോൾ, ഇന്ത്യയുടെ രാഷ്ട്രീയാധികാരത്തിൽ അവരെക്കൊണ്ട് അത് ചെയ്യിപ്പിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ നേതൃത്വം ഒന്നുകൂടി അമർന്നിരിക്കുന്നു. അതിന്റെ ഹിംസ സമാധാനമായി വ്യാഖ്യാനിക്കപ്പെടുന്നു.
ഗുജറാത്തിലെ ഹിന്ദുത്വ രാഷ്ട്രീയ ബലാത്സംഗികളുടെ പ്രത്യയശാശാസ്ത്രം അയോധ്യയിൽ ഇന്ത്യൻ മതേതരത്വത്തിന്റെയും ജനാധിപത്യ ഭരണഘടനയുടെ നിയമവാഴ്ചയുടെയും മുകളിൽ ഉദ്ധൃത്വധ്വജമായി പാറാൻ പോവുകയാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ കളിയെക്കുറിച്ച് തർക്കങ്ങൾ ഏതാണ്ടവസാനിക്കുകയും കളിനിയമങ്ങളെക്കുറിച്ചുള്ള ചില പരിഭവം പറച്ചിലുകൾ മാത്രമായി രാജ്യത്തെ പൊതുവ്യവഹാരങ്ങൾ മാറുകയുമാണ്. ബിൽക്കിസ് ബാനോവടക്കമുള്ള നൂറുകണക്കിന് മനുഷ്യർക്ക് നേരെ നടന്ന ആസൂത്രിതമായ വംശഹത്യയ്ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്ത അന്നത്തെ ഗുജറാത്ത് സർക്കാറിന്റെ മുഖ്യമന്ത്രി ഇന്നിപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ബിൽക്കിസ് ബനോ സംഭവത്തിലെ കുറ്റവാളികൾ, ആ സംഭവത്തിലാണ് കുറ്റകൃത്യം ചെയ്തതെങ്കിൽ അന്നത്തെ സംസ്ഥാന ഭരണകൂടവും അതിന് നേതൃത്വം നൽകിയ മോദിയും ഈ കുറ്റകൃത്യങ്ങൾക്കെല്ലാം ഉത്തരവാദികളാണ്. ആസൂത്രിത വംശഹത്യയുടെ ആദ്യ ദിവസങ്ങളിൽ സംസ്ഥാന ഭരണകൂട സംവിധാനത്തെ മുഴുവൻ നിഷ്‌ക്രിയമാക്കി ഹിന്ദുത്വ രാഷ്ട്രീയ സംഘങ്ങൾക്ക് ഹിംസയുടെ നരകസേനയാകാൻ അവസരം നൽകിയത് മോദിയുടെ സർക്കാരായിരുന്നു.
സംഘപരിവാറിന്റെ രാഷ്ട്രീയപദ്ധതിയുടെ നടത്തിപ്പുകാർ രാജ്യത്തിന്റെ രാഷ്ട്രീയാധികാരത്തിലെത്തുമ്പോൾ തടവിലേക്ക് മടങ്ങുന്ന 11 പേർ അവരെ സംബന്ധിച്ച് ചെറിയ കാര്യമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അജണ്ടകളെല്ലാം ഒന്നൊന്നായി നടപ്പാക്കുകയാണ്. അത് ബാബറി മസ്ജിദ് തകർക്കലും ജമ്മു കാശ്മീരിന്റെ വിഭജനവും പ്രത്യേക പദവി എടുത്തുകളയലും സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്കുമേലുള്ള കടന്നുകയറ്റവും രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയുടെയും അതിന്റെ ഭരണകൂടത്തിന്റെയും വെറും അനുബന്ധ സ്ഥാപനങ്ങളാക്കുന്നതും തുടങ്ങി ഇന്ത്യയുടെ സാമൂഹ്യ, രാഷ്ട്രീയ ശരീരത്തെ അതിന്റെ മതേതര, ജനാധിപത്യ സ്വഭാവത്തിൽ നിന്ന് സമൂലം മാറ്റിയെടുക്കുകയാണ്. അതുകൊണ്ടാണ് ഗുജറാത്ത് വംശഹത്യയിലെ യഥാർത്ഥ കുറ്റവാളി ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കുന്നത് നമുക്ക് സ്വാഭാവികമായി മാറിയത്.
അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് വംശഹത്യ എന്ന കുറ്റകൃത്യത്തിന്റെ പേരിൽ വിചാരണ നേരിടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ടയാളാണ് ആ വംശഹത്യയുടെ നാളുകളിൽഗുജറാത്ത് സർക്കാരിന്റെ തലവനായിരുന്ന നരേന്ദ്ര മോദി. Convention on the Prevention and Punishment of the Crime of Genocide-1948 (Genocide convention), അന്താരാഷ്ട്ര ക്രിമിനൽ കോടതി (International Criminal Court) -ക്ക് രൂപം കൊടുത്ത Rome Statute -1998 എന്നിവയെല്ലാം അനുസരിച്ച് വംശഹത്യയുടെയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെയും പേരിൽ വിചാരണ ചെയ്യപ്പെടേണ്ട കുറ്റവാളിയാണ് നരേന്ദ്ര മോദി. ആയിരക്കണക്കിന് കുട്ടികളടക്കമുള്ള നിരപരാധികളായ സാധാരണക്കാരെ കൊന്നുതള്ളുന്ന ഇസ്രായേൽ ഭരണകൂടവും അതിന്റെ തലവൻ ബെഞ്ചമിൻ നെതന്യാഹുവും എല്ലാ അന്താരാഷ്ട്രനിയമങ്ങൾക്കും മേലെയാണ് എന്നതുപോലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്താരാഷ്ട്ര, ആഭ്യന്തര നിയമങ്ങൾക്ക് മുകളിലാണ്. ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിക്ക് യാതൊരു പങ്കുമില്ലെന്നും ഒരുവിധത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും എഴുതിക്കൊടുത്ത പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന മുൻ സി ബി ഐ ഡയറക്ടർ ആർ. കെ. രാഘവനെ സൈപ്രസിലെ ഹൈക്കമ്മീഷണറാക്കിയാണ് നീതിയുടെ ഒരു വൃത്തം മോദി പൂരിപ്പിച്ചത്. ഗുജറാത്ത് കലാപത്തിൽ കുറ്റാരോപിതനായിരുന്ന അന്നത്തെ അലഹാബാദ് പോലീസ് കമ്മീഷണർ പി.സി. പാണ്ഡെ പിന്നീട് ഗുജറാത്ത് ഡി ജി പിയായി.
സംഘപരിവാറിന്റെ വംശഹത്യാ അജണ്ടകൾക്ക് എതിരെനിന്ന ഓരോരുത്തരെയും മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വിടാതെ പിന്തുടർന്നു പീഡിപ്പിച്ചു. ഗുജറാത്ത് ഡി ജി പിയായിരുന്ന ആർ.ബി. ശ്രീകുമാർ, ഐ പി എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് എന്നിവരെ ഭരണകൂടം തടവിലിട്ടു. വംശഹത്യയിൽ ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട മുൻ പാർലമെന്റ് അംഗം കൂടിയായിരുന്ന ഇഹ്സാൻ ജാഫ്രിയുടെ വിധവ സാക്കിയ ജഫ്രി നൽകിയ പുനരന്വേഷണ ഹർജി തള്ളി, നീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തിൽ ഒപ്പം നിന്ന ടീസ്റ്റ സെറ്റൽവാദിനെയും ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവർക്കെതിരെയും നിയമനടപടികളെടുക്കാൻ ജസ്റ്റിസ് ഖാൻവിൽക്കറിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് ഉത്തരവിട്ടു. സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും ഹീനമായ വിധികളിലൊന്നെഴുതിക്കൊണ്ട് നീതിക്കുവേണ്ടി ഇന്ത്യയുടെ പരമോന്നത കോടതിയിലെത്തുന്നവരെ ഭരണകൂടത്തിന് പിടിച്ചുകൊടുക്കുന്ന കേവലം ഏറാന്മൂളികളായി മാറാനുള്ള സുപ്രീംകോടതി എന്ന സംവിധാനത്തിനുള്ള അപാരമായ സാധ്യതയുടെ അപകടങ്ങൾ പിന്നീട് നിരവധി തവണ സുപ്രീം കോടതി പ്രകടിപ്പിച്ചു. Unlawful Activities (Prevention) Act ( UAPA), Prevention of Money Laundering Act എന്നിവയെ ഭരണകൂടത്തിനനുകൂലമായി ശക്തിപ്പെടുത്തി വ്യാഖ്യാനിച്ചുകൊടുത്തതടക്കം കേന്ദ്ര സർക്കാരിന്റെ വിശ്വസ്ത സ്ഥാപനമായി പ്രവർത്തിക്കാനുള്ള സുപ്രീംകോടതിയിലെ ഒരു വിഭാഗത്തിന്റെ സന്നദ്ധത ഇന്ത്യയുടെ തീവ്രവലതുപക്ഷ രാഷ്ട്രീയക്കാട്ടിന്റെ ജാതിയുടെ വേഗം സൂചിപ്പിക്കുന്നതായിരുന്നു.
ജമ്മു- കാശ്മീർ കേസിൽ ഒരു സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനും കേന്ദ്ര ഭരണപ്രദേശമായി തരം താഴ്ത്താനുമുള്ള കേന്ദ്ര സർക്കാർ തീരുമാനം ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്കെതിരാണെന്ന പ്രാഥമിക ന്യായം പോലും കാണാൻ കഴിയാതെ തങ്ങളുടെ ഭരണഘടനാ വ്യാഖ്യാനത്തിനുള്ള ചുമതലയിൽ നിന്നുപോലും ഒളിച്ചോടുകയും കേന്ദ്ര സർക്കാരിന്റെ താത്ക്കാലിക നിയമോദ്യാഗസ്ഥനായ സോളിസിറ്റർ ജനറലിന്റെ വാക്കാലുള്ള ഉറപ്പിൽ, ഒരു ഭരണഘടനാ തർക്കത്തിലെ നിർണായക ചോദ്യത്തിൽ നിന്ന് ലജ്ജാകരമായി പിൻവാങ്ങുകയും ചെയ്ത സുപ്രീം കോടതി പ്രതീക്ഷകളേക്കാളേറെ ആശങ്കകളാണ് നൽകുന്നത്. അത്തരമൊരു സാഹചര്യത്തിൽ ബിൽക്കിസ് ബാനോ കേസിലെ വിധി അതിനുള്ളിലെ സംഘർഷത്തിന്റെ ഗുണപരമായ സൂചനകളുടെ ഭാഗമാണ്.
ആത്യന്തികമായി ബിൽക്കിസ് ബാനോവിനും ഗുജറാത്ത് വംശഹത്യയിലെ ഇരകളായ ആയിരക്കണക്കിനായ മനുഷ്യർക്കും നീതികിട്ടുന്ന ദിവസമെന്നത്, ആ വംശഹത്യയുടെ ആസൂത്രകരും നടത്തിപ്പുകാരുമായ സംഘപരിവാർ ഇന്ത്യയുടെ രാഷ്ട്രീയാധികാരത്തിൽ നിന്നും പുറത്താവുകയും നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന ഫാഷിസ്റ്റ് കുറ്റവാളി വിചാരണ നേരിടുകയും ചെയ്യുമ്പോഴായിരിക്കും.